Quantcast
MediaOne Logo

സജീദ് ഖാലിദ്

Published: 24 July 2024 8:05 AM GMT

സാമൂഹ്യനീതിയും ഫെഡറലിസവും ഇല്ലാതായ ബജറ്റ്

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യാതൊരു പരിഗണനയും ബജറ്റില്‍ നല്‍കിയിട്ടില്ല. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ മോദി ഗ്യാരണ്ടി എന്നാണ് ബി.ജെ.പി പ്രയോഗിച്ചത്. ഗ്യാരണ്ടിയോ വാറണ്ടിയോ ഇല്ലാത്ത പ്രഖ്യാപനം മാത്രമായി അത്.

സാമൂഹ്യനീതിയും ഫെഡറലിസവും ഇല്ലാതായ ബജറ്റ്
X

മൂന്നാമതും അധികാരത്തിലെത്തിയ മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുമ്പോള്‍ അപ്രതീക്ഷിതമോ അതിശയകരമായതോ ഒന്നും അതിലുണ്ടാകില്ല എന്നുറപ്പായിരുന്നു. ബജറ്റ് തീര്‍ച്ചയായും രാഷ്ട്രീയ ഡോക്യുമെന്റാണ്. ധനവിനിയോഗത്തിന്റേയോ ധനസമാഹരണത്തിന്റേയോ അക്കങ്ങളുടെ പട്ടികയല്ലല്ലോ. എന്‍.ഡി.എ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ലക്ഷണമൊത്ത ബജറ്റ് തന്നെയാണ് നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ഏഴാമത് ബജറ്റ്.

ഇന്ത്യ പോലെ അവികസിത പ്രദേശങ്ങളും ദരിദ്ര ജനങ്ങളും അസന്തുലിതത്വങ്ങളും നിറഞ്ഞ ഒരിടത്ത് സര്‍ക്കാരിന്റെ ബജറ്റിന്റെ പ്രഥമ പരിഗണന ജനക്ഷേമവും സാമൂഹ്യനീതിയും ആയിരിക്കണം. ആ വശത്ത് നിന്ന് പരിഗണിച്ചാല്‍ സമ്പൂര്‍ണ്ണ ജനവിരുദ്ധ ബജറ്റാണ് 2024 ജൂലൈ 23 ന് അവതരിപ്പിക്കപ്പെട്ട ബജറ്റ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇനിയും അധികാരത്തില്‍ വരും എന്ന ആത്മവിശ്വാസത്തില്‍ തന്നെ ജനക്ഷേമ പദ്ധതികള്‍ക്ക് കാര്യമായ പരിഗണന ബജറ്റില്‍ നല്‍കിയിരുന്നില്ല.

രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2024 മെയില്‍ 4.75% ആയിരുന്നു. ജൂണില്‍ അത് 5.08% ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഉപഭോക്തൃ വില സൂചികയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഭക്ഷ്യ സാധനങ്ങളുടെ വില സൂചികയാണ്. 45.86% ആണ് മൊത്തം ഉപഭോക്തൃ നിരക്കില്‍ ഭക്ഷ്യ സാധനങ്ങള്‍ക്കായി ചിലവാകുന്നത്. അതിനാല്‍ തന്നെ പണപ്പെരുപ്പ നിരക്ക് ഉയരുന്നു എന്നതിനര്‍ഥം വലിയ തോതില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു എന്നാണ്.

തുടര്‍ച്ചയായി ഏഴു ബജറ്റുകള്‍ അവതിരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറി എന്ന പ്രത്യേകതമാത്രമാണ് ഈ ബജറ്റിന് മുമ്പ് അവതരിപ്പിക്കപ്പെട്ട ആറ് ബജറ്റുകളില്‍ നിന്ന് ആകെ വ്യത്യാസമുള്ളത്. രാഷ്ട്രീയത്തിലും നിലപാടിലും അധികാര കേന്ദ്രീകരണം, ന്യൂനപക്ഷ വിരുദ്ധത, ഫെഡറല്‍ വിരുദ്ധത, സാമൂഹ്യനീതി നിഷേധം എന്നിവയെല്ലാം മുന്‍ ബജറ്റുകളിലെപ്പോലെ ആവര്‍ത്തനം തന്നെ.

വരുമാനം കുറഞ്ഞ ജനങ്ങളുടെ എണ്ണം കൂടുതലാണ് എന്നതിനാലാണ് ഭക്ഷ്യ വിഭവങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഭഷ്യവിലപ്പെരുപ്പം ഇരട്ടിയായതായി സര്‍ക്കാരിന്റെ ബജറ്റിന് മുന്നോടിയായ സാമ്പത്തിക സര്‍വ്വേ പറയുന്നുണ്ട്. ഈ വിലക്കയറ്റം തടയാന്‍ ബജറ്റില്‍ ഒരു നടപടിയും കാണുന്നില്ല. ബജറ്റ് പ്രസംഗം പരിശോധിച്ചാല്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും മൊബൈല്‍ ഫോണിനും വിലകുറയും എന്നതാണ് ബജറ്റിലുള്ളത്. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നിനുള്ള എക്‌സൈസ് തീരുവ ഒഴിവാക്കി എന്നത് ആശ്വാസകരവുമാണ്. പക്ഷേ, രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ആശ്വാസത്തിന് ഇത് മാത്രം മതിയാകില്ലല്ലോ.

ഈ ബജറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ ബജറ്റാണ്. ബിഹാറിലെയും ആന്ധ്രയിലെയും പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ആന്ധ്രയും ബിഹാറും പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളാക്കി മാറ്റണമെന്നാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ആവശ്യപ്പെട്ടത്. എന്നാല്‍, അതുണ്ടായില്ലെങ്കിലും ഇരുസംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പൂര്‍വോദയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സമഗ്രവികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെങ്കിലും അതില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സിംഹഭാഗവും ആന്ധ്രയിലും ബിഹാറിലുമാണ്. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. ബിഹാറില്‍ ആറ് എക്‌സ്പ്രസ് ഹൈവേകള്‍; ഹൈവേകള്‍ക്ക് മാത്രം 26,000 കോടി രൂപ. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് 11,500 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയൊക്കെ ഇതില്‍ പെടും.

പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയതില്‍, നിരന്തരമായ പ്രളയങ്ങളും ഉരുള്‍ പൊട്ടലുകളും ഉണ്ടാകുന്ന കേരളത്തെ ബജറ്റില്‍ ഒഴിവാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് ആദ്യമായി ലോക്‌സഭാ അംഗത്തിനെ നല്‍കിയതുകൊണ്ട് അദ്ദേഹത്തിന്റെ വാചോടാപം കേള്‍ക്കാമെന്നല്ലാതെ സംസ്ഥാന താല്‍പര്യത്തിന് കഴഞ്ചും ഉപകാരമില്ല എന്നത് വ്യക്തമാണ്.

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യാതൊരു പരിഗണനയും ബജറ്റില്‍ നല്‍കിയിട്ടില്ല. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ മോദി ഗ്യാരണ്ടി എന്നാണ് ബി.ജെ.പി പ്രയോഗിച്ചത്. ഗ്യാരണ്ടിയോ വാറണ്ടിയോ ഇല്ലാത്ത പ്രഖ്യാപനം മാത്രമായി അത്. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, ഉയര്‍ന്ന ജി.എസ.്ടി വിഹിതം, റബ്ബറിന് കുറഞ്ഞത് 250 രൂപയെങ്കിലും താങ്ങുവില, എയിംസ്, നിലമ്പൂര്‍-നഞ്ചന്‍കോഡ് പാത തുടങ്ങി നിരവധി ആവശ്യങ്ങളുണ്ടായിരുന്നത് ഒന്നും പരിഗണിക്കപ്പെട്ടില്ല.

പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയതില്‍, നിരന്തരമായി പ്രളയവും ഉരുള്‍ പൊട്ടലും ഉണ്ടാകുന്ന കേരളത്തെ ബജറ്റില്‍ ഒഴിവാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് ആദ്യമായി ലോക്‌സഭാ അംഗത്തിനെ നല്‍കിയതുകൊണ്ട് അദ്ദേഹത്തിന്റെ വാചോടാപം കേള്‍ക്കാമെന്നല്ലാതെ സംസ്ഥാന താല്‍പര്യത്തിന് കഴഞ്ചും ഉപകാരമില്ല എന്ന് വ്യക്തമാണ്.

ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളോട് സന്തുലിതവും സാമൂഹ്യ നീതിപരവുമായ സമീപനം സ്വീകരിക്കണം എന്ന തത്വം കാറ്റില്‍ പറത്തി പക്ഷപാതപരമായ രാഷ്ട്രീയ സമീപനമാണ് ബജറ്റിലുള്ളത്. ഫെഡറലിസത്തിന്റെ നിലനില്‍പിനായി ഇനിയും ഏറെ പൊരുതാന്‍ ഇന്‍ഡ്യാ മുന്നണിയും മറ്റ് ഇതര പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറാകണം എന്നും ഈ നിലപാടുകള്‍ നമ്മോട് പറയുന്നുണ്ട്.

പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവ മാത്രമാണ്. ആദായ നികുതി ദായകരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തിയത് ശമ്പളവും പെന്‍ഷനും വാങ്ങുന്ന ഇടത്തരക്കാര്‍ക്ക് നേരിയ ആശ്വാസമാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒരു ലക്ഷം രൂപയെങ്കിലുമാക്കണം എന്നായിരുന്നു പൊതുവായ ആവശ്യം. 1961 മുതല്‍ നിലനില്‍ക്കുന്ന നികുതി ഘടന പരിഷ്‌കരിക്കും എന്ന ബജറ്റ് നിര്‍ദേശം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, എന്ത് നിര്‍ദേശമായിരിക്കും ഉണ്ടാകുക എന്ന ആശങ്കയുമുണ്ട്. സ്റ്റാര്‍ട്ടപ്പ് വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എല്ലാത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കിയത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസമാണ്. അതേസമയം ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ മുല്യം പെരുപ്പിച്ച് കാട്ടി നിക്ഷേപം നടത്തി കള്ളപ്പണം വെളുപ്പിക്കാന്‍ ഇത് വഴിയൊരുക്കുമോ എന്നത് കാണേണ്ടിവരും.

ഒരു കോടി യുവാക്കള്‍ക്കായി ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള പണം വകയിരുത്തുന്നതിന് പകരം കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് നല്‍കും എന്ന വിചിത്രമായ നിര്‍ദേശമാണ് ബജറ്റിലുള്ളത്. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, ചെറുകിട ഇടത്തരം വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങള്‍ ഇവയൊന്നും ബജറ്റ് മുഖവിലയ്‌ക്കെടുക്കുന്നില്ല.

ജെന്‍ഡര്‍ ബജറ്റിന് തുക വര്‍ധിപ്പിച്ചെങ്കിലും മൊത്തം ബജറ്റിന്റെ 6.5 ശതമാനം മാത്രമാണ് ജെന്‍ഡര്‍ ബജറ്റിന് മാറ്റി വെച്ചത്. ആരോഗ്യപരമായ ജെന്‍ഡര്‍ ബജറ്റിന് 12 ശതമാനം തുകയെങ്കിലും മാറ്റിവെയ്ക്കണം. പട്ടികജാതി വിഭാഗങ്ങള്‍, ആദിവാസികള്‍, മത ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പുരോഗതിക്കായി പ്രത്യേകമായ പുതിയ പദ്ധതികളൊന്നുമില്ല.

തുടര്‍ച്ചയായി ഏഴു ബജറ്റുകള്‍ അവതിരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറി എന്ന പ്രത്യേകതമാത്രമാണ് ഈ ബജറ്റിന് മുമ്പ് അവതരിപ്പിക്കപ്പെട്ട ആറ് ബജറ്റുകളില്‍ നിന്ന് ആകെ വ്യത്യാസമുള്ളത്. രാഷ്ട്രീയത്തിലും നിലപാടിലും അധികാര കേന്ദ്രീകരണം, ന്യൂനപക്ഷ വിരുദ്ധത, ഫെഡറല്‍ വിരുദ്ധത, സാമൂഹ്യനീതി നിഷേധം എന്നിവയെല്ലാം മുന്‍ ബജറ്റുകളിലെപ്പോലെ ആവര്‍ത്തനം തന്നെ.


TAGS :