Quantcast
MediaOne Logo

ഉമ അഭിലാഷ്

Published: 5 Jan 2024 2:41 PM GMT

സീതയാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീകളുടെ കാലം - ഉമ അഭിലാഷ്

ജാതി കൊണ്ട് വീണ്ടും വീണ്ടും ആഴത്തില്‍ മനുഷ്യന്‍ വേര്‍തിരിക്കപ്പെടും. പുരുഷന്‍ തട്ടിക്കൊണ്ടു പോയാല്‍, അവളുടെ സമ്മതമില്ലാതെ ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്ന ജീവിതമേ ഇന്നും സ്ത്രീകള്‍ക്കുള്ളൂവെന്നത് നിയമമായി മാറും. രാമരാജ്യം വിഭാവനം ചെയ്യുന്നതെന്ത്?

രാമരാജ്യത്തെ സീതായനങ്ങള്‍, രാമരാജ്യം, രാമന്‍, അയോധ്യ ക്ഷേത്രം,
X

രാമരാജ്യം വരാന്‍ പോകുന്നുവത്രേ. അതിന്റെ തയ്യാറെടുപ്പുകള്‍ ആണ് എങ്ങും. ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരും രാമന്റെ തന്നെ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഉത്തര്‍ പ്രദേശില്‍ റോഷ്ണി എന്ന് പേരായ ഒരു മുസ്‌ലിം സ്ത്രീയെ പൊലീസ് വെടിവെച്ച് കൊന്നത്. മകന്‍ അബ്ദുല്‍ റഹ്മാന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിയുതിര്‍ത്തത്. അവര്‍ തല്‍ക്ഷണം മരിച്ചു. ഗോവധ കേസില്‍ ആണ് അറസ്റ്റ് ചെയ്യാന്‍ പൊലീസ് വന്നതെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ വളരെ കുറച്ച് മെയിന്‍സ്ട്രീം മീഡിയയേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് പോലും ചെയ്തിട്ടുള്ളൂ എന്ന് കാണാം. ഇരുപതോളം പൊലീസുകാരാണ് സ്ഥലത്ത് റെയ്‌ഡെന്നും പറഞ്ഞ് എത്തിയത്. റോഷ്ണിയുടെ മകളുടെ കല്യാണം അടുത്ത ദിവസം നടക്കാനിരിക്കുകയായിരുന്നു. അതില്‍ പങ്കുചേരാന്‍ നാട്ടില്‍ വന്നതായിരുന്നു പൊലീസ് അറസ്റ്റ് ചെയ്യാന്‍ വന്ന റോഷ്ണിയുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍. എന്ത് പറഞ്ഞാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നാട്ടുകാര്‍ പ്രതിഷേധിച്ചു. കുടുംബവും. റോഷ്ണിയെ വെടിവെച്ച് കൊന്നപ്പോള്‍ നാട്ടുകാര്‍ പൊലീസിനെ വളഞ്ഞു. അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. തോക്കുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ പ്രയാസമില്ലല്ലോ. അതിന് ശേഷം അവിടെ കലാപം നടക്കാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞ് ആ പ്രദേശം ഇതേ പൊലീസ് പൂട്ടി. ആര്‍ക്കും അകത്തേയ്ക്കും പുറത്തേയ്ക്കും പോകാന്‍ പാടില്ല

താഴ്ന്ന ജാതിയിലെന്നു പറയുന്നവര്‍ ഉള്ളില്‍ കടന്നാല്‍ ക്ഷേത്രം അശുദ്ധമാവുമെന്ന് തന്ത്രിമാരും പൂജാരിമാരും മാത്രമല്ല സവര്‍ണഭക്തരും വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. തങ്ങള്‍ മാറി നില്‍ക്കേണ്ടവരാണെന്നു സ്വയം വിശ്വസിച്ച അവര്‍ണരും ഉണ്ടായിരുന്നു. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ ഇപ്പോള്‍ കാണുന്ന കോലാഹലങ്ങളും കലാപങ്ങളും കൃത്യമായ അജണ്ടയോടു കൂടിയതാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള ഖുബ്ബപൂര്‍ ഗ്രാമത്തിലെ നേഹ സ്‌കൂള്‍ എന്ന സ്വകാര്യ വിദ്യാലയത്തിലാണ് അവിടുത്തെ അധ്യാപിക അല്‍തമാഷ് എന്ന ഒരു മുസ്‌ലിം കുട്ടിയെ നിര്‍ത്തി ഹിന്ദുക്കുട്ടികളോട് വന്ന് അവന്റെ മുഖത്തടിക്കാന്‍ പറയുന്നത്. ഈ മുസ്‌ലിം കുട്ടികളെല്ലാം എവിടെക്കെങ്കിലും കടന്നുപോവാന്‍ ആട്ടുന്നു. ഇത് ചെയ്യേണ്ടത് തന്റെ കടമയാണെന്നും എല്ലാ മുസ്‌ലിം കുട്ടികളെയും ഞാന്‍ തല്ലുന്നുണ്ടെന്നും അധ്യാപിക അഭിമാനത്തോടെ പറയുന്നു. ഹിന്ദുക്കുട്ടികള്‍ ഓരോരുത്തരായി വന്ന് കവിളില്‍ ആവുംവിധം ആഞ്ഞടിക്കുന്നു. അടി കൊള്ളുന്ന ആ കുട്ടി കരഞ്ഞുകരഞ്ഞ് നില്‍ക്കുന്നതു കണ്ട് നമ്മള്‍ പൊള്ളി പൊടിഞ്ഞു പോകുന്നു.

മധ്യപ്രദേശില്‍, മെന്റലി ഡിസേബിള്‍ഡ് ആയ, 65 വയസ്സുള്ള ഭന്‍വര്‍ലാല്‍ ജെയിനെ മുസ്‌ലിം ആണോ എന്ന് ചോദിച്ച് തല്ലിക്കൊന്നു. ആര്? സ്ഥലത്തെ ബി.ജെ.പി കോര്‍പറേറ്ററുടെ ഭര്‍ത്താവ് ദിനേശ് കുശ്വാഹ. നീ മുസ്‌ലിമല്ലേ, ആധാര്‍ കാര്‍ഡ് കാണിക്ക് എന്നും പറഞ്ഞാണ് ഭന്‍വര്‍ലാലിനെ തല്ലിക്കൊന്നത്.

തുണിയില്ലാതെ പീഡിപ്പിക്കപ്പെട്ട് റോഡിലൂടെ നടന്ന, കൊലചെയ്യപ്പെട്ട മണിപ്പൂരിലെ സ്ത്രീകള്‍ കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയ 75 വര്‍ഷത്തിന് ശേഷവും ഭൂമിയും വസ്ത്രവും കിടപ്പാടവും തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെട്ടിട്ടില്ലാത്ത ഒരു ഒരു രാജ്യത്ത് കോടികള്‍ പ്രതിമകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വേണ്ടി ചിലവാക്കുന്നു ഭരണകൂടം. ഈ ഇന്ത്യയില്‍ ആണ് നമ്മള്‍ ജീവിക്കേണ്ടത്. ഈ ഇന്ത്യ ആണത്രേ രാമരാജ്യം.

ഇനി ഇവര്‍ അവകാശപ്പെടുന്ന ആചാരങ്ങളിലേക്ക് നോക്കി കഴിഞ്ഞാല്‍ ഈ പറയുന്ന ആചാരങ്ങള്‍ ഇവരുടെ സൗകര്യത്തിനനുസരിച്ച് എത്രമാത്രം മാറ്റപ്പെട്ടിട്ടുണ്ട് എന്ന് കാണാം.

കാലങ്ങളായി നിലനിന്നുപോരുന്ന ആചാരങ്ങള്‍ ലംഘിച്ചുകൂടാ എന്ന് ഇപ്പോഴാണ് ഏറ്റവും അധികം ഉച്ചത്തില്‍ കേട്ടുതുടങ്ങിയതെന്നാണ്. എന്നാല്‍, ഈ വാദങ്ങള്‍ എത്രമാത്രം തെറ്റിദ്ധാരണ പരത്തുന്നതും സമൂഹത്തെ പിന്നോട്ടടിക്കുന്നതുമാണ് എന്ന് യുക്തിയോടെ ചിന്തിച്ചാല്‍ മനസ്സിലാകും.

സ്ത്രീകള്‍ക്ക് പരിപാവനതയും ബഹുമാന്യതയും നല്‍കിയിരുന്ന ഒരു കാലമായിരുന്നു പൗരാണിക ഇന്ത്യയെന്ന് പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നും പാലിച്ചുപോരുന്ന ആചാരങ്ങളില്‍ നിന്ന് പുരാതന ഇന്ത്യയും ആധുനിക ഇന്ത്യയും സ്ത്രീകള്‍ക്ക് നല്‍കിയ ബഹുമാനവും തുല്യതയും എന്താണെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഏതൊരു കാലത്തും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഒരുകാലത്തും മാറ്റമുണ്ടാകരുതെന്ന് ഉറപ്പിച്ച് ഉണ്ടാക്കിവെച്ച ആചാരങ്ങളാണ് ഇന്നും ഇന്ത്യന്‍ സ്ത്രീകളെ നിയന്ത്രിക്കുന്നത്.

ഇന്ന് ആചാരസംരക്ഷകര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വാദങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് നോക്കാം. മുമ്പ് സോമയാഗത്തില്‍ ആയിരക്കണക്കിന് പശുക്കളെ ബലി നല്‍കാറുണ്ട്. ഇന്ന് പശു മാതാവാണെന്ന് പറയാനും ഗോഹത്യ ചെയ്യുന്നവരെ തല്ലിക്കൊല്ലാനും ആളുകളുണ്ട്. പണ്ട് നരബലിയോടുകൂടിയ യജ്ഞങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ നരബലിയോ മൃഗബലിയോ യജ്ഞാചരണത്തില്‍ ഉള്‍പ്പെടുന്നില്ല. മനുഷ്യരുടെ തലവെട്ടി ചോരയൊഴുക്കി ആത്മദൈവത്തെ തൃപ്തിപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് തലവെട്ടുന്നതിനു പകരം നാളികേരമുടച്ചാല്‍ മതിയെന്ന പ്രതീകാത്മകമായ ആചാരം ഉണ്ടായി. അടുത്തകാലം വരെ കേരളത്തിലെ പല ദേവീക്ഷേത്രങ്ങളിലും ആടുകളെയും കോഴികളെയും അറുത്തു ചോരകൊടുത്ത് ദേവിയെ പ്രീതിപ്പെടുത്തുന്ന ആചാരമുണ്ടായിരുന്നു. ബലികള്‍ നിരോധിക്കപ്പെട്ടതോടെ ചോരയ്ക്കു പകരം നൂറും മഞ്ഞളും കലക്കിയുണ്ടാക്കുന്ന കുരുതികൊണ്ട് ദേവീപ്രീതി നേടാമെന്ന് പുരോഹിതര്‍ നിശ്ചയിച്ചു. മട ഉറയ്ക്കാന്‍ മനുഷ്യനെ ചെളിയില്‍ ചവിട്ടി താഴ്ത്തിയാല്‍ മതിയെന്ന് കരുതിയിരുന്നു. താഴ്ന്ന ജാതിയിലെന്നു പറയുന്നവര്‍ ഉള്ളില്‍ കടന്നാല്‍ ക്ഷേത്രം അശുദ്ധമാവുമെന്ന് തന്ത്രിമാരും പൂജാരിമാരും മാത്രമല്ല സവര്‍ണഭക്തരും വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. തങ്ങള്‍ മാറി നില്‍ക്കേണ്ടവരാണെന്നു സ്വയം വിശ്വസിച്ച അവര്‍ണരും ഉണ്ടായിരുന്നു. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ ഇപ്പോള്‍ കാണുന്ന കോലാഹലങ്ങളും കലാപങ്ങളും കൃത്യമായ അജണ്ടയോടു കൂടിയതാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ.

രാമായണം മഹത്തായ ഒരു കൃതിയാണ്. പക്ഷെ, ആണ്‍കോയ്മ ഒന്നുകൂടി ഉറപ്പിക്കാന്‍ എല്ലാ കാലത്തും രാമായണം ഉയര്‍ത്തിപ്പിടിക്കപ്പെടുന്നുണ്ട്. രാമരാജ്യം വരണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന കാലത്താണ് നമ്മളിപ്പോള്‍. എന്നാല്‍, രാമരാജ്യം ആവശ്യപ്പെടുന്നവര്‍ ഇതുകൂടി ഓര്‍ക്കണം. അതിനു ശേഷം സംഭവിക്കാന്‍ പോകുന്നതെന്തെന്നാല്‍, ഉയര്‍ന്നതെന്നു വിശ്വസിക്കപ്പെടുന്ന ജാതിയില്‍ ജനിക്കാത്തത് കൊണ്ട് മാത്രം വേദമറിയുന്ന ബാലനെ കൊന്നുകളഞ്ഞ രാമന്‍ പൂജിക്കപ്പെടും. അതിന്റെ മറ്റുവശങ്ങള്‍ ആയ ദലിത്-സ്ത്രീ അക്രമങ്ങള്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങും. സ്വന്തം ഇടത്തെ കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും തുടങ്ങിയ സ്ത്രീകള്‍ വീണ്ടും സീതയാകാന്‍ നിര്‍ബന്ധിക്കപ്പെടും. അനുസരിക്കാത്തവര്‍ ആസിഡോ പെട്രോളോ നേരിടേണ്ടിവരും.

ജാതികൊണ്ട് വീണ്ടും വീണ്ടും ആഴത്തില്‍ മനുഷ്യന്‍ വേര്‍തിരിക്കപ്പെടും. പുരുഷന്‍ തട്ടിക്കൊണ്ടു പോയാല്‍, അവളുടെ സമ്മതമില്ലാതെ ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്ന ജീവിതമേ ഇന്നും സ്ത്രീകള്‍ക്കുള്ളൂവെന്നത് നിയമമായി മാറും. രാമന് ഒപ്പമെന്നാല്‍ സ്ത്രീകള്‍ക്കെതിരെ എന്നതാണ് സത്യമെന്ന് മനുഷ്യര്‍ മറന്നുപോകും. സമൂഹത്തിനും വ്യവസ്ഥിതിക്കും ഇപ്പോഴും കുടുംബത്തിന്റെയും നാടിന്റെയും മാനമിരിക്കുന്നത് സ്ത്രീകളുടെ അരക്കെട്ടില്‍ തന്നെയാണല്ലോ. അതുകൊണ്ടു തന്നെ ലിംഗം കൊണ്ടല്ലാതെ തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയുന്ന തലമുറ ഒരിക്കലും ഉണ്ടാകാതെ വരും.

സ്ത്രീകള്‍ക്ക് പരിപാവനതയും ബഹുമാന്യതയും നല്‍കിയിരുന്ന ഒരു കാലമായിരുന്നു പൗരാണിക ഇന്ത്യയെന്ന് പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നും പാലിച്ചുപോരുന്ന ആചാരങ്ങളില്‍ നിന്ന് പുരാതന ഇന്ത്യയും ആധുനിക ഇന്ത്യയും സ്ത്രീകള്‍ക്ക് നല്‍കിയ ബഹുമാനവും തുല്യതയും എന്താണെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഏതൊരു കാലത്തും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഒരുകാലത്തും മാറ്റമുണ്ടാകരുതെന്ന് ഉറപ്പിച്ച് ഉണ്ടാക്കിവെച്ച ആചാരങ്ങളാണ് ഇന്നും ഇന്ത്യന്‍ സ്ത്രീകളെ നിയന്ത്രിക്കുന്നത്.

രാമായണം ഭാരതത്തിന് എടുത്തുപറയാന്‍ കഴിയുന്ന ഒരു ഇതിഹാസമാണെന്നതില്‍ എനിക്ക് തര്‍ക്കമില്ല. രാമനും സീതയും ജനിച്ചിരുന്നോയെന്നതും എന്റെ തര്‍ക്കവിഷയമല്ല. എന്നാല്‍, അന്നിന്റെ ഈ കഥാപാത്രങ്ങള്‍ ഇന്നിന്റെ മനുഷ്യരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും ബുദ്ധിമുട്ടിലാക്കുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. രാമരാജ്യം സങ്കല്‍പ രാജ്യമാണെന്ന് മനസ്സിലാക്കുന്ന ഒരു ജനതയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.



TAGS :