ChatGPT: യുദ്ധം മുറുകുമ്പോള്‍
വിവരങ്ങള്‍ ശേഖരിക്കുന്ന ഉപയോക്താക്കളിലേക്ക് ഹാനികരമായ നിര്‍ദേശങ്ങളോ പക്ഷപാതപരമായ ഉള്ളടക്കമോ നല്‍കിയേക്കാം എന്നത് ChatGPTയുടെ പ്രധാന പരിമിതിയാണ്.
ലോകത്തെ എറ്റവും വലിയ ഐ.ടി കമ്പനി ആയിരുന്നിട്ടു കൂടി മൈക്രോസോഫ്റ്റിന് ഓണ്‍ലൈന്‍ ലോകത്ത് വലിയ സ്ഥാനമുണ്ടായിരുന്നില്ല. Bing എന്ന അവരുടെ സെര്‍ച്ച് എഞ്ചിനെ കുറിച്ച് പലര്‍ക്കും അറിയുക പോലുമില്ല. 2023 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ഗ്ലോബല്‍ സെര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റ് ഷെയറില്‍ ഗൂഗിളിന് 92.9% ശതമാനം ആണുള്ളത്. ബിംഗിന് 3.03 % ശതമാനവും യാഹൂവിന് 1.2 % ശതമാനവും ആണുള്ളത്.
ക്ലബ് ഹൗസ് വന്നപ്പോള്‍ വാട്‌സാപ്പിന്റെ ചരമം പ്രവചിച്ച അതേ മാധ്യമങ്ങള്‍ ഗൂഗിളിന്റെ കഥ കഴിഞ്ഞെന്നും ഇനി ചാറ്റ് ജി.പി.ടി യുഗം ആണെന്നും വാര്‍ത്തകള്‍ എഴുതിയപ്പോള്‍, ChatGPT യെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് പലരും ചോദിച്ചു. മൈക്രോസോഫ്റ്റിന് നിക്ഷേപമുള്ള OpenAI യുടെ ChatGPT ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് വെല്ലുവിളിയാകുമോ? എന്നാണ് പലരുടെയും സംശയം.
ഒരു സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ കൃത്യമായ ഓണ്‍ലൈന്‍ ഉപഭോക്തൃ പെരുമാറ്റങ്ങള്‍ (Online User Psychology) പഠിക്കേണ്ടതുണ്ട്. ഒപ്പം ചാറ്റ് ജി.പി.ടി ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കള്‍ (Target Audience) ആരെല്ലാമാണെന്ന് കൂടി മനസിലാക്കണം. അനലറ്റിക്‌സ് ഡാറ്റകള്‍ ചേര്‍ത്തുവെക്കുകയും വേണം. എന്നതു കൊണ്ട് തന്നെ പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. ആദ്യം രണ്ടു പ്ലാറ്റ്ഫോമുകളുടെയും പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് മനസിലാക്കാം..
എന്താണ് ChatGPT?
ChatGPT (Chat Generative Pre-trained Transformer) ഒരു സെര്‍ച്ച് എഞ്ചിന്റെയും കണ്ടന്റ്റൈറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെയും സേവനങ്ങള്‍ ഒരേസമയം നല്‍കുന്ന മുന്‍കൂട്ടി പരിശീലിപ്പിച്ച ചാറ്റ് ഉല്‍പാദിപ്പിക്കുന്ന ഒരു ഉപകരണമാണ്. ചാറ്റുകളില്‍ ശരാശരിയിലധികം കൃത്യത കൈവരിക്കുന്നു എന്നതും പെട്ടെന്ന് ഉത്തരം ലഭിക്കേണ്ട ഉപഭോക്താക്കള്‍ കൂടുതലായി ആശ്രയിക്കുന്നു എന്നതും പ്രത്യേകതയാണ്. ഉപഭോക്താക്കള്‍ക്ക് തിരുത്തലുകള്‍ക്ക് അവസരം നല്‍കുന്നത് നിലവാരമില്ലാത്ത ഉള്ളടക്കങ്ങള്‍ക്ക് വഴിവെക്കുമെങ്കിലും സുതാര്യത ആണ്. കണ്ടന്റ് റൈറ്റിംഗ് സേവനങ്ങള്‍ കൂടി നല്‍കുന്നതിനാല്‍ ഒരു നിശ്ചിത ഉപഭോക്താക്കള്‍ എന്നുമുണ്ടാകും. ബിസിനസ്, ഓഫീസ് ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കപ്പെടും. വിദ്യാര്‍ഥികള്‍, മത്സര പരീക്ഷാ പഠിതാക്കള്‍ തുടങ്ങിയവര്‍ കൂടുതലായി ആശ്രയിക്കും.
മുന്‍കൂട്ടി ഉപകരണത്തിന് പരിശീലിപ്പിച്ച ഒരു വിഷയം മാത്രമേ ചാറ്റുകള്‍ക്കുള്ള മറുപടി ആയി ലഭിക്കുകയുള്ളൂ എന്നതു തന്നെയാണ് ഏറ്റവും വലിയ പരിമിതി. നിശ്ചിത തീയ്യതി വരെയുള്ള ഡാറ്റകള്‍ മാത്രം പരിശീലിപ്പിച്ചിട്ടുള്ളതിനാല്‍ (നിലവില്‍ 2021 വരെ) പുതിയ വിവരങ്ങള്‍ ലഭ്യമല്ല. പൂര്‍ണ്ണമായും വളര്‍ന്നിട്ടില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മനുഷ്യന്റെ കൗശല ബുദ്ധിയോടെയുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പരാജയപ്പെടുകയോ മുന്‍വിധി പ്രകടമാക്കുകയോ ചെയ്യും. വിവരങ്ങള്‍ ശേഖരിക്കുന്ന ഉപയോക്താക്കളിലേക്ക് ഹാനികരമായ നിര്‍ദേശങ്ങളോ പക്ഷപാതപരമായ ഉള്ളടക്കമോ നല്‍കിയേക്കും.
മുന്‍കൂട്ടി പരിശീലിപ്പിച്ച ഒരുത്തരം അതേപടി വിശ്വസിക്കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന ഒരൊറ്റ അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനം കൂടിയാണിത്. പേയ്മെന്റ് നല്‍കി ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉപയോക്താക്കള്‍ കുറയുന്നത് സ്വാഭാവികമായിരിക്കും.
എന്താണ് Google സെര്‍ച്ച് എഞ്ചിന്‍.?
അന്വേഷണങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഉതകുന്ന ഒരു കൂട്ടം വെബ് ഉറവിടങ്ങള്‍ (Web Source) ഫലങ്ങളായി നല്‍കുന്ന തിരയല്‍ മെഷീന്‍ (Search Engine) ആണ് ഗൂഗിളിന്റേത്. പൊതുവായി ആളുകള്‍ തിരയുന്ന ചില വിഷയങ്ങള്‍ക്ക് ഗൂഗിള്‍ തന്നെ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ടെക്സ്റ്റ് കണ്ടന്റുകളും ഇമേജുകളും വീഡിയോകളും ഉള്‍പ്പെടുന്നു.
ഒരുകൂട്ടം വെബ് ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഏറെക്കുറേ ശരിയായ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ തിരയുന്ന ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു എന്നതും എപ്പോഴും ഓണ്‍ലൈന്‍ ആയതിനാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ തന്നെ ലഭ്യമാണെന്നതും പ്രത്യേകതയാണ്. മുന്‍കൂട്ടി പരിശീലനം നല്‍കാത്തതിനാല്‍ ഏറെക്കുറെ സുതാര്യമായ റിസള്‍ട്ടുകള്‍ ലഭിക്കും. സൗജന്യ സേവനമായതിനാല്‍ ഉപയോക്താക്കള്‍ സ്വാഭാവികമായി നിലനില്‍ക്കുകയും ചെയ്യും.
തിരയല്‍ ഫലങ്ങളില്‍ കൃത്യത ഉറപ്പുവരുത്താന്‍ ആവില്ല എന്നതും പെട്ടെന്ന് ഉത്തരം ലഭിക്കേണ്ട ഉപഭോക്താക്കള്‍ക്ക് അനുയോജ്യമല്ല എന്നതുമാണ് വലിയ പരിമിതികള്‍. പൂര്‍ണ്ണമായും വളര്‍ന്നിട്ടില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാലും കീവേഡുകള്‍ കൃത്യമാവേണ്ടതിനാലും സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ സങ്കീര്‍ണ്ണമാണ്. Pay per Click (PPC) വഴി പെയ്ഡ് റിസള്‍ട്ടുകള്‍ നല്‍കുകയും ചെയ്യുന്നു. തിരയലുകളില്‍ വെബ്‌സൈറ്റുകളുടെ ഫലം സാധാരണയായി മെച്ചപ്പെടാന്‍ (Organic Result) ആറു മാസം വരെ സമയമെടുക്കുകയും ചെയ്യും.
ചുരുക്കത്തില്‍, പരമാവധി സുതാര്യമായ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മുന്‍വിധികളോടെയും ഹാനികരമായും പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഒരു പ്ലാറ്റ്ഫോമിലേക്ക് ഉപഭോക്താക്കള്‍ എങ്ങനെ മാറിവരുമെന്നും നിലനില്‍ക്കുമെന്നും ചിന്തിക്കേണ്ടതാണ്. തുടക്കത്തിലെ ട്രെന്‍ഡ് എപ്പോഴും നിലനില്‍ക്കണമെന്നില്ല എന്ന കാര്യം ക്ലബ് ഹൗസിന്റെയും സിഗ്നലിന്റെയും ചരിത്രം നോക്കിയാലറിയാം. കണ്ടന്റ് റൈറ്റിംഗ് സേവനങ്ങള്‍ കൂടി നല്‍കുന്നതിനാല്‍ ഒരു നിശ്ചിത ഉപഭോക്താക്കള്‍ എന്നുമുണ്ടാകാം.. ബിസിനസ്, ഓഫീസ് ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കപ്പെടാം.. ഇതു ഗൂഗിളിനേക്കാള്‍ തിരിച്ചടിയാകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു കണ്ടന്റ് റൈറ്റിംഗ് ആപ്ലിക്കേഷനുകള്‍ക്കാണ്.
എന്നിരുന്നാലും ഗൂഗിളിനെ മറിച്ചിടാന്‍ മൈക്രോസോഫ്റ്റിനും ഓപ്പണ്‍ എ.ഐയ്ക്കും ആകില്ല എന്നുപറയനാകില്ല. ഓണ്‍ലൈന്‍ ലോകത്ത് എന്തുകൊണ്ട് ഗൂഗിള്‍ അപ്രമാദിത്തം തുടരുന്നു എന്നു ചോദിച്ചാല്‍ ഉത്തരം വളരെ പഠനാര്‍ഹമാണ്.
ഒരു സെര്‍ച്ച് എഞ്ചിന്‍ ആയതു കൊണ്ടോ വീഡിയോ, ഇമേജ് ഫലങ്ങള്‍ ഒരുമിച്ച് ലഭിക്കുന്നതായതു കൊണ്ടോ മാത്രമല്ല, ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പെരുമാറ്റങ്ങളെ ഏറ്റവും നന്നായി വിശകലനം ചെയ്യുന്നതു കൊണ്ടും ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് കൂടി അവസരം നല്‍കുന്നതു കൊണ്ടുമാണ് ഗൂഗിള്‍ അപ്രമാദിത്തം തുടരുന്നത്. ഒപ്പം, ഗൂഗിളിന്റെയും അനുബന്ധ ആപ്ലിക്കേഷനുകളുടെയും യൂസര്‍ എക്‌സ്പിരീയന്‍സുകള്‍ ലോകോത്തരവും ലളിതവുമാണ്. പ്രത്യക്ഷത്തില്‍ ഉപഭോക്താവിന് മനസിലാകാത്ത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഫീച്ചറുകളും കൃത്യമായ സമയങ്ങളില്‍ അവതരിപ്പിച്ചു കൊണ്ടുമാണ് ഗൂഗിളും അനുബന്ധ ആപ്ലിക്കേഷനുകളും നിലനില്‍ക്കുന്നത്.