താരാരാധനയിലും ദിവ്യത്വത്തിലും ഇവരെ കൂടി പങ്കാളികളാക്കൂ
പോസ്റ്റിലേക്ക് ഗോളടിച്ച് കയറ്റുന്നവരെ മാത്രം കേരളത്തിലെ ഫുട്ബാള്‍ കമ്പക്കാര്‍ ആരാധിക്കുന്നു. സ്വന്തം ടീമിന്റെ മികച്ചൊരു പ്രതിരോധ നിരക്കാരന്റെ പേര് പോലും അറിയാത്ത എത്രയോ ടീം ഫാനുകള്‍ കേരളത്തിലുണ്ടാകും.
അത്രയൊന്നും യുക്തിപൂര്‍വമല്ലാത്ത രണ്ട് ചോദ്യങ്ങള്‍: ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാള്‍ മത്സരം എന്നല്ല, ഏത് ഫുട്ബോള്‍ മത്സരത്തിലെയും ഒരു ടീമിന്റെയും മുന്നേറ്റ നിരയിലെ ഒരു കളിക്കാരനും ഒരു ഗോളും സ്‌കോര്‍ ചെയ്തില്ല എന്ന് സങ്കല്‍പിക്കുക. എന്ത് സംഭവിക്കും? മത്സരം സമനിലയില്‍ അവസാനിക്കും. ഇനി, എതിരാളി മുന്നേറ്റക്കാരുടെ ആക്രമണങ്ങളെ ടീമിലെ പ്രതിരോധ നിര ഫലപ്രദമായി തടഞ്ഞില്ലെന്നും സങ്കല്‍പിക്കുക. എന്തായിരിക്കും സംഭവിക്കുക? മത്സരത്തില്‍ ടീം പരാജയപ്പെടും. ഇനി ആലോചിക്കൂ... കളിയുടെ വിധിനിര്‍ണയത്തില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ പങ്കാളിത്തമുണ്ടെന്ന്?
1986 ല്‍ മറഡോണയ്ക്ക് പാസ് നല്‍കിയതാരായിരുന്നു (മറഡോണ മിഡ്ഫീല്‍ഡറായിരുന്നു എന്നത് ആശ്വസിക്കാം). പെലെയും മറഡോണയും ഈ പേരറിയാത്തവരോട് എത്രമേല്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍, 1990ല്‍ സെമിഫൈനലില്‍ കനീജിയയുടെ തലയില്‍ തട്ടിയോ ഇല്ലേ എന്ന് സംശയിക്കാവുന്ന സമനില ഗോള്‍, ഇറ്റലിയുടെ വല കുലുക്കിയപ്പോള്‍ ആ മുന്നേറ്റം നിര്‍മിച്ചെടുത്തത് മറഡോണയാണ് എന്ന് പറയാനാണ് ആരാധകര്‍ക്കിഷ്ടം.
ഫുട്ബോള്‍ ഒരു ടീം ഗൈമാണെന്ന് അറിയാത്തവരോ അംഗീകരിക്കാത്തവരോ ഉണ്ടാവില്ല. അതേസമയം കേരളത്തിന്റെ തെരുവുകളിലുയര്‍ന്ന കട്ടൗട്ടുകള്‍ കാണുക. ബ്രസീലിന്റെ നെയ്മര്‍, അര്‍ജന്റീനയുടെ മെസി, പോര്‍ച്ചുഗീസിന്റെ റൊണാള്‍ഡോ, ഫ്രാന്‍സിന്റെ എംബാപ്പെ, ... ഫാനുകള്‍ കറങ്ങുന്നത് ഈ താരങ്ങള്‍ക്ക് ചുറ്റുമാണ്. ഈ ദൈവങ്ങള്‍ക്ക് മാത്രമാണ് കളിയുടെ വിധികര്‍തൃത്വമെന്നാണ് കട്ടൗട്ടുകള്‍ വിളിച്ചു പറയുന്നത്. കേരളത്തിന്റെ ബാല്യവും കൗമാരവുമണിയുന്ന ജഴ്സി ടീ ഷര്‍ട്ടുകളിലും ഇവരുടെ പേരുകളും നമ്പറുകളും മാത്രം. ടീമിന്റെ മൊത്തം പടം വെച്ചാലും ഇവരുടെ എന്‍ലാര്‍ജ് ചെയ്ത ചിത്രങ്ങള്‍ അവരെ കവിഞ്ഞ് നില്‍ക്കുന്നുണ്ടാവും.
പോസ്റ്റിലേക്ക് ഗോളടിച്ച് കയറ്റുന്നവരെ മാത്രം കേരളത്തിലെ ഫുട്ബാള്‍ കമ്പക്കാര്‍ ആരാധിക്കുന്നു. സ്വന്തം ടീമിന്റെ മികച്ചൊരു പ്രതിരോധ നിരക്കാരന്റെ പേര് പോലും അറിയാത്ത എത്രയോ ടീം ഫാനുകള്‍ കേരളത്തിലുണ്ടാകും. ഇപ്പോള്‍ മാത്രമല്ല, മുമ്പും ഇതുതന്നെയാണ് സ്ഥിതി. അല്ലെങ്കില്‍ പറയട്ടെ, പെലെയ്ക്ക് പന്തെത്തിച്ചുകൊടുത്ത മിഡ്ഫീല്‍ഡര്‍/മാര്‍ ആരെല്ലാമായിരുന്നു. 1986 ല്‍ മറഡോണയ്ക്ക് പാസ് നല്‍കിയതാരായിരുന്നു (മറഡോണ മിഡ്ഫീല്‍ഡറായിരുന്നു എന്നത് ആശ്വസിക്കാം). പെലെയും മറഡോണയും ഈ പേരറിയാത്തവരോട് എത്രമേല്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍, 1990ല്‍ സെമിഫൈനലില്‍ കനീജിയയുടെ തലയില്‍ തട്ടിയോ ഇല്ലേ എന്ന് സംശയിക്കാവുന്ന സമനില ഗോള്‍, ഇറ്റലിയുടെ വല കുലുക്കിയപ്പോള്‍ ആ മുന്നേറ്റം നിര്‍മിച്ചെടുത്തത് മറഡോണയാണ് എന്ന് പറയാനാണ് ആരാധകര്‍ക്കിഷ്ടം.
പന്ത് പോസ്റ്റിലേക്കെത്തിക്കുന്നതിലും മനോഹരമായി ഫിനീഷ് ചെയ്യുന്നതിലും സ്ട്രൈക്ക്രര്‍മാരെ അംഗീകിരച്ചേ മതിയാവൂ. അക്കാരണത്താല്‍ അവരെ ദൈവപദവിയിലേക്കുയര്‍ത്തുമ്പോഴും ശ്യൂനതയില്‍ നിന്നുതിര്‍ന്നു വീഴുന്ന പന്തല്ല, അവര്‍ പോസ്റ്റിലേക്ക് അടിച്ച് കയറ്റുന്നത്. അവരിലേക്ക് പന്തെത്തിക്കുന്ന, ആക്രമണ മുന നിര്‍ണയിക്കുന്നതുവരെ പന്തടക്കം കാണിക്കുന്ന മധ്യനിരയുടെ വിയര്‍പ്പിനോടും അവരുടെ കളിയിലെ സര്‍ഗാത്മകതയോടും കേരളത്തിലെ കാണികള്‍ക്ക് ഒരാരാധനയുമില്ലേ?
ഇനി, പ്രതിരോധ നിരയെ കുറിച്ചാലോചിച്ച് നോക്കുക. ആക്രമിച്ചു വരുന്ന എതിര്‍ ടീമിന്റെ പടയോട്ടത്തെ തടയിടാന്‍, ഒരു പന്തും തങ്ങളുടെ പോസ്റ്റിലേക്ക് വരാതിരിക്കാന്‍ ജാഗ്രതയോടെ നിലകൊള്ളുന്നവര്‍. അവരിലൊരാളുടെ വീഴ്ചയും സമയം തെറ്റിയ വീഴ്ചയും, ദീര്‍ഘവീക്ഷണമില്ലായ്മയും മതി സ്വന്തം ടീം വീണുപോവാന്‍. മുന്നേറ്റക്കാരന്റെ ഒരു ഷോട്ട് ലക്ഷ്യം തെറ്റുമ്പോള്‍, മുന്നേറ്റം തടയപ്പെടുമ്പോള്‍ നിങ്ങള്‍ തലയില്‍ കൈവെച്ചു പോകുന്നു. അപ്പോള്‍ നിങ്ങള്‍ അയാളുടെ ആരാധകനാണ്. കനത്ത പ്രതിരോധ നിരയില്‍ തട്ടി ലോകോത്തര സ്ട്രൈക്കര്‍മാരുടെ പടയോട്ടം ചിതറുന്നതില്‍, വീണ്ടും വീണ്ടും അവര്‍ വിയര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആസ്വാദനം കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ആ പ്രതിരോധനിരയില്‍ നിന്നൊരാളെ പോലും നിങ്ങള്‍ ദൈവമാക്കി ആരാധിക്കാത്തതെന്ത്? അവര്‍ക്ക് താരപദവി നല്‍കാത്തതെന്ത്? അവരെ കളിയാസ്വാദനത്തിന്റെ കാഴ്ചക്ക് അപ്രാപ്യമായ ചിന്നഗ്രഹങ്ങളായി എങ്ങനെ കരുതാനാവുന്നു.
സ്ട്രൈക്കര്‍മാരേക്കാള്‍, മധ്യനിരയേക്കാള്‍ ടീം തോല്‍ക്കാതിരിക്കാന്‍ സ്വന്തം വ്യക്തിത്വത്തെ ലോകത്തിന് മുന്നില്‍ വലിച്ചെറിയുന്നവരാണ് ഡിഫന്റര്‍മാര്‍. മനുഷ്യനെന്ന നിലക്കുള്ള മൂല്യബോധം പോലും നഷ്ടപ്പെടുത്തുന്നു എന്നാക്ഷേപം ഏറ്റുവാങ്ങുന്നവരാണവര്‍. ലോകകപ്പ് പിറന്നതിന് ശേഷമുള്ള സ്റ്റാറ്റിസ്റ്റിക്സ് പരിശോധിക്കൂ. ഏറ്റവും കൂടുതല്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കണ്ടിട്ടുള്ളത് പ്രതിരോധ നിരയിലുള്ളവരാണ്. ചുവപ്പ് കാര്‍ഡ് കണ്ടാലും പെനാല്‍ട്ടിക്ക് വഴങ്ങിയാലും ശരി വരുന്ന പന്ത് പോസ്റ്റിലേക്കെത്തരുത് എന്നതാണവരുടെ തത്വസംഹിത. അവരുടെ മുന്നില്‍ ടീം മാത്രമേയുള്ളൂ; അവരില്ല. മികച്ച പ്രതിരോധം തീര്‍ത്താലും കോച്ചും സാങ്കേതിക വിദഗ്ധരുമല്ലാതെ ആരും അവരെ അഭിനന്ദിക്കണമെന്നില്ല. ആരാധക കൂട്ടം ആ വഴിക്ക് വന്നു നോക്കുകയേയില്ല. ഗോളടിക്കുന്നവര്‍ക്കങ്ങനെയല്ല, ടീമിനൊപ്പം സ്വന്തം കിരീടത്തില്‍ സ്വകാര്യമായി ഒരു തൂവല്‍കൂടി അവര്‍ സ്ഥാപിക്കുന്നുണ്ട്.
ആന്ദ്രേ എസ്‌കോബാര്‍. കൊളമ്പിയന്‍ ടീമിലെ ജന്റില്‍മാന്‍ എന്നറിയപ്പെട്ട ആ ഇരുപത്തിനാലുകാരന്‍, രണ്ടാം നമ്പര്‍ ജഴ്സിക്കാരന്‍, 1994 ജൂലൈ 2 ന് അയാള്‍ വെടിയേറ്റു മരിക്കുന്നു. ഡിഫന്‍സില്‍ കളിക്കുന്നവന്റെ ത്യാഗത്തേയും സമര്‍ദത്തെയും മനസ്സിലാക്കാത്ത, മുന്നേറ്റക്കാരന്റെ ഗോള്‍ പിറവി മാത്രം മനസില്‍ കാണുന്ന ആരോ ഒരാള്‍ അയാളുടെ ജീവനെടുത്തു. അമേരിക്കയുടെ മിഡ്ഫീല്‍ഡര്‍ ജോണ്‍ ഹക്സിന്റെ ക്രോസിനെ തടയിടാനുള്ള അയാളുടെ ശ്രമം പന്തിനെ സ്വന്തം വലയിലെത്തിക്കുകയായിരുന്നു. അതിനൊരു ഡിഫന്റര്‍ കൊടുത്ത വിലയാണ് സ്വന്തം ജീവന്‍.
ഇനി തിരിച്ചൊന്നാലോചിച്ചു നോക്കൂ. എതിര്‍ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ നിയോഗിക്കപ്പെട്ടൊരു ഫോര്‍വേഡ്, വേണ്ടത്ര ക്ലിയര്‍ ചെയ്യാതെ പോസ്റ്റിന് പുറത്തേക്ക് അടിച്ച് തുലച്ചാല്‍ തലയില്‍ കൈ വെച്ച് ഒരു ശീല്‍ക്കാരത്തോടെ നമ്മുടെ പ്രതികരണം അവസാനിക്കും. ആരാധകരെ മുന്നില്‍ വെച്ച് ആലോചിച്ചാല്‍ എത്ര സുരക്ഷിത സ്ഥാനത്താണ് ഒരു സ്ട്രൈക്കര്‍ പന്തുതട്ടുന്നത്.
ഖത്തര്‍ ലോകകപ്പിലേക്ക് തന്നെ തിരിച്ചു വരാം. ഒരു നിലയ്ക്കും ഫിനീഷിങ്ങിന്റെ കാര്യത്തില്‍ ഫോമിലേക്കുയരാത്ത മുന്നേറ്റ നിരയായിരുന്നു ക്രൊയേഷ്യയുടെത്. ആ ടീമിനെ സെമിഫൈനല്‍ വരെ എത്തിച്ചത് ഡിഫന്‍സ് നിരയായിരുന്നു. ഗോള്‍ മുഖത്ത് നിരന്തരം അപകടം മണത്തപ്പോഴും സംയമനം കൈവിടാതെ, അച്ചടക്കത്തോടെ പ്രതിരോധിച്ച് നിന്നു. ഡിഫന്‍സിലായത് കൊണ്ട് മാത്രമാണ് ലുക്കോ മോഡ്രിക്കിനും ഇവാന്‍ പെരിസിക്കിനുമൊപ്പം ജുറാനോവിക്കും ലവറിനുമൊന്നും ഓര്‍ക്കപ്പെടാത്തത്. അര്‍ജന്റീന - സൗദി മല്‍സരം എടുക്കുക. നിരന്തരമായി അര്‍ജന്റീനന്‍ മുന്നേറ്റത്തെ ഓഫ് സൈഡില്‍ കുരുക്കിയിട്ടത് പ്രതിരോധ തന്ത്രമല്ലാതെ മറ്റെന്താണ്?
ബ്രസീലിന്റെ തിയോഗോ സില്‍വ. മുപ്പത്തിയെട്ടുകാരന്‍. ഈ ലോകകപ്പില്‍ കളിച്ച 32 ടീമുകളുടെയും ഗോള്‍ പോസ്റ്റുകളോട് ചോദിക്കുക. ടാര്‍ജറ്റില്‍ തൊടുത്ത ഏറ്റവും കുറഞ്ഞ ഷോട്ടുകള്‍ വന്ന ഗോള്‍ പോസ്റ്റ് ബ്രസീലിന്റെതാണെന്ന് അവ ഏകസ്വരത്തില്‍ വല കുലുക്കി സമ്മതിക്കും. ഇത്രയും മനോഹരമായി അടുത്ത ചലനം മുന്‍കൂട്ടി കാണുന്ന, പുതിയ കളി സൃഷ്ടിക്കുന്നതിനായി പന്ത് പാസ് ചെയ്യുന്ന പ്രതരോധക്കാരന്‍ ഈ ലോകകപ്പില്‍ തന്നെ ഇല്ലെന്നു പറയാം. 2014 ലോകകപ്പ് സെമിഫൈനലില്‍ 7-1 ന് ജര്‍മനിക്ക് ബ്രസീല്‍ കീഴടങ്ങിയപ്പോള്‍ അതുവരെ ടീമിനെയെത്തിച്ച തിയോഗോ സില്‍വ കളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്ന് ആത്മഗതം ചെയ്തവര്‍ ധാരാളം. പക്ഷെ, ഏതെങ്കിലും തെരുവില്‍ ഏതെങ്കിലും ഫാന്‍ ബോര്‍ഡുകളില്‍ എന്‍ലാര്‍ജ് ചെയ്ത് സില്‍വയെ കണ്ടുവോ?
ആരാധകര്‍ കുറച്ചുകൂടി യുക്തിഭദ്രമായി തങ്ങളുടെ ദൈവങ്ങളെയും താരങ്ങളെയും കണ്ടെത്തണമെന്ന് ചുരുക്കം. ഫുട്ബാള്‍ പിച്ചിനകത്ത് കളി സൃഷ്ടിക്കുന്നതില്‍, പന്തിനെ പരിപാലിക്കുന്നതില്‍, കൈവശം വെക്കുന്നവരില്‍ പ്രതിരോധക്കാരുമുള്ളതിനാല്‍ കളിയുടെ വിധി നിര്‍ണയത്തില്‍ അവര്‍ക്കും പങ്കാളിത്തം നല്‍കണം.