Quantcast
MediaOne Logo

സി.എ അബ്ദുല്‍ അഹദ്

Published: 5 Nov 2023 6:08 AM GMT

മാധ്യമങ്ങളെ, കേരളത്തില്‍ വിഷമൊഴുക്കുന്നതില്‍ നിങ്ങള്‍ കൂട്ടുപ്രതികളാണ്

മാധ്യമങ്ങളുടെ വിഷപ്രയോഗവും കവച്ചുവെച്ചു വേണം സാമുദായിക പാരസ്പര്യം നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ എന്നതാണ് കേരളത്തിന്റെ നിലവിലെ സാഹചര്യം.

കളമശ്ശേരി സ്‌ഫോടനം, ഡൊമിനിക് മാര്‍ട്ടിന്‍,
X

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി ഒക്ടോബര്‍ 29 കടന്നുപോയി. യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഭീകരമായ ബോംബ് സ്‌ഫോടനം നടന്നതറിഞ്ഞ പലരും തങ്ങളുടെ മനസ്സിലൂടെ കടന്നുപോയ ഭീതി നിറഞ്ഞ ചിന്തകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ പങ്കുവെച്ചു കണ്ടു. ഈ സംഭവത്തിന്റെ പിന്നിലാരെന്ന ജിജ്ഞാസ. സംഭവത്തിനു കാരണക്കാരന്‍ ഒരു മുസ്‌ലിം പേരുകാരനാകരുതേ എന്ന പ്രാര്‍ത്ഥന. ഇനി ഒരു മുസ്‌ലിം പെരുകാരനാണെങ്കില്‍ കേരളത്തില്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന ഉത്കണ്ഠ. ഇതൊക്കെയായിരുന്നു ഇവരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയ വിചാരങ്ങള്‍. ഇന്ത്യയിലെയും കേരളത്തിലേയും സാമൂഹിക സാഹചര്യങ്ങളെകുറിച്ച ബോധ്യവും കേരളത്തിന്റെ സൗഹാര്‍ദപൂര്‍ണമായ നിലനില്‍പിനെക്കുറിച്ചു സ്വപ്നങ്ങളുമുള്ള ഏതൊരു മലയാളിയെയും ഈ സമയത്തു അസ്വസ്ഥപ്പെടുത്തിയത് സമാനമായ വിചാരങ്ങള്‍ തന്നെയായിരിക്കും. കേരളത്തിന്റെ സാമുദായിക സഹവര്‍ത്തിത്വത്തിനു പരിക്കേല്‍പ്പിക്കാന്‍ നിരന്തരമായി ശ്രമങ്ങള്‍ നടത്തപ്പെടുന്നതിനിടയില്‍ ഉണ്ടായ ഈ സംഭവം വലിയൊരു പൊട്ടിത്തെറിയിലേക്കു നയിക്കുമോ എന്ന ആശങ്കയാണ് എല്ലാവരും പങ്കുവെച്ചുകൊണ്ടിരുന്നത്.

2009 ല്‍ മലയാളത്തിലെ രണ്ടു പ്രമുഖ പത്രങ്ങള്‍ പടച്ചുവിട്ട വ്യാജ വാര്‍ത്തയാണ് ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമാവുകയും മുസ്‌ലിം അപരവത്കരണത്തിന്ന ഉപയോഗിക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള ടൂള്‍ ആയി മാറുകയും ചെയ്ത 'ലൗ ജിഹാദ്' എന്ന വ്യാജ ആരോപണത്തിനു തുടക്കമായത്. ഇത് കേരളത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ട്ടിച്ച വിടവ് എളുപ്പം പരിഹരിക്കാനാവാത്തതും കേരളത്തിന്റെ സാമൂഹ്യ ധമനികളില്‍ കടത്തിവിട്ട വിഷാംശം ശുദ്ധീകരിക്കാനാവാത്തതുമാണ്.

സ്‌ഫോടനം നടന്നതിന് ശേഷം ഡൊമിനിക് മാര്‍ട്ടിന്‍ എന്ന വ്യക്തി കുറ്റമേറ്റ് മുന്നോട്ടുവരുന്നതുവരെയുള്ള കുറഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ നമ്മുടെ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ എന്തുചെയ്യുകയായിരുന്നു എന്ന് നിരീക്ഷിച്ചാല്‍ നമ്മുടെ മാധ്യമ മേഖലയെ അവേശിച്ചു കഴിഞ്ഞ ഇസ്‌ലാമോഫോബിയയും വാണിജ്യ താല്‍പര്യത്തിനായി മാധ്യമ ധാര്‍മികതയെ ചവറ്റു കൊട്ടയിലെറിയുന്ന സമീപനവും വെളിപ്പെടും. സാമുദായിക വിദ്വേഷത്തിന്റെ തീപ്പൊരി പടരാതെ നോക്കേണ്ട നിര്‍ണായക സമയത്തു തങ്ങളുടെ ഉത്തരവാദിത്തം മറന്ന് സമൂഹത്തിലേക്ക് വിഷം വമിപ്പിക്കുന്ന ചര്‍ച്ചകളും വിശകലനങ്ങളുമാണ് ഇവര്‍ നടത്തിക്കൊണ്ടിരുന്നത്. തരിമ്പും തെളിവില്ലാതെ ഫലസ്തീനെയും ഹമാസിനെയും ബന്ധപ്പെടുത്തി ഏതോ മുസ്‌ലിം ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണമെന്ന് നിശ്ചയിച്ചു ചര്‍ച്ച കൊഴുപ്പിക്കാന്‍ ഇടതുപക്ഷ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ള മാധ്യമ വിശാരദന്മാര്‍ക്കു പോലും ഒരു മടിയുമുണ്ടായില്ല.

നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു മുസ്‌ലിം പശ്ചാത്തലത്തിലേക്കു ചേര്‍ത്തുവെക്കാന്‍ തങ്ങളുടെ മുന്‍വിധിയും മൂന്നാം കിട സിനിമയിലേതുപോലുള്ള 'ക്രൈം സീന്‍ നിഗമനങ്ങളും' അടിസ്ഥാനമാക്കി ഒരു സമുദായത്തെ മുഴുവന്‍ പൊരിവെയിലത്തു നിര്‍ത്തിയവര്‍ക്കു പക്ഷെ ഡൊമിനിക് മാര്‍ട്ടിന്‍ എന്ന വ്യക്തി സ്വമേധയാ കുറ്റസമ്മതം നടത്തിയപ്പോള്‍ സന്ദേഹങ്ങളും മറുചോദ്യങ്ങളുമായി തങ്ങളുടെ ജേര്ണലിസ്റ്റു യുക്തി ഉണരാന്‍ തുടങ്ങി. ഞങ്ങളുടെ പ്രതി 'ഇങ്ങനെയല്ല' എന്ന നിരാശ നിറഞ്ഞ ഒരു ഭാവമാണ് നമ്മുടെ മിക്ക ന്യൂസ് റൂമുകളിലും പിന്നീട് പ്രകടമായത്. ഈ കുറഞ്ഞ മണിക്കൂര്‍ കൊണ്ടുതന്നെ സമൂഹത്തിലേക്ക് പല മാധ്യമങ്ങളും ധാരാളം വിഷം ഒഴുക്കിക്കഴിഞ്ഞിരുന്നു.

വിപണന യുക്തികള്‍ക്കു മാധ്യമ നൈതികത കിഴൊതുങ്ങുന്ന ഈ കാലത്തു ആദര്‍ശാത്മക സമീപനം പ്രതീക്ഷിക്കുന്നത് വെറുതെയാണ്. എങ്കിലും ഒരു സാമൂഹിക നവീകരണ പ്രവര്‍ത്തനം എന്ന നിലയില്‍ നിന്നുമാറി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ കള്ളിയിലേക്കു തങ്ങളുടെ ചെയ്തികള്‍ മാറിപ്പോകുന്നതിനെ കുറിച്ചുള്ള ജാഗ്രത കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതാണ്.

അപസര്‍പ്പക കഥകള്‍ മെനഞ്ഞു കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുംവിധം മലയാളത്തിലെ മാധ്യമങ്ങള്‍ പെരുമാറുന്നതിന്റെ ആദ്യത്തെ ഉദാഹരണമല്ല ഈ സംഭവം. 2009 ല്‍ മലയാളത്തിലെ രണ്ടു പ്രമുഖ പത്രങ്ങള്‍ പടച്ചുവിട്ട വ്യാജ വാര്‍ത്തയാണ് ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമാവുകയും മുസ്‌ലിം അപരവത്കരണത്തിന്ന ഉപയോഗിക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള ടൂള്‍ ആയി മാറുകയും ചെയ്ത 'ലൗ ജിഹാദ്' എന്ന വ്യാജ ആരോപണത്തിനു തുടക്കമായത്. ഇത് കേരളത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ട്ടിച്ച വിടവ് എളുപ്പം പരിഹരിക്കാനാവാത്തതും കേരളത്തിന്റെ സാമൂഹ്യ ധമനികളില്‍ കടത്തിവിട്ട വിഷാംശം ശുദ്ധീകരിക്കാനാവാത്തതുമാണ്.

മലയാള മാധ്യമങ്ങളില്‍ മുസ്‌ലിം വിരുദ്ധത ഒഴുകി ഒലിച്ച മറ്റൊരു വാര്‍ത്താ സന്ദര്‍ഭമായിരുന്നു 2014 മെയ് മാസത്തിലെ യതീം ഖാന വിവാദം. ഇതര സംസ്ഥാനങ്ങളിലെ പരമദരിദ്രരായ കുട്ടികളെ അറിവും അന്നവും നല്‍കാനായി കേരളത്തിലേക്ക് കൊണ്ടുവന്നതിനെ അതിന്റെ മനുഷികവശം പോലും പരിഗണിക്കാതെ തീവ്രവാദത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഉള്ളടക്കമുള്ള ഒരു വന്‍ വിവാദ വിഷയമാക്കി മാറ്റി. ഇതുവഴി കേരളത്തിലെ അനാഥാലയങ്ങള്‍ നിര്‍വഹിക്കുന്ന മാനുഷിക സേവനത്തെ സംശയ നിഴലിലാക്കുകയും മെച്ചപ്പെട്ട വിദ്യഭ്യാസവും ജീവിത സാഹചര്യങ്ങളും ലഭിക്കാനുള്ള ഈ കുട്ടികളുടെ അവസരം നിഷേധിക്കപ്പെടുകയും ചെയ്തു.

നിരവധിയായ ഇത്തരം സംഭവങ്ങളില്‍ സ്ഥാപിത താല്‍പര്യങ്ങളുള്ള ഏജന്‍സികള്‍ പടച്ചുവിടുന്ന കഥകളിലെ വസ്തുതകള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ അതിനു പകരം സാമുദായിക വിഭജനം ഉണ്ടാക്കുന്ന വിധത്തില്‍ തങ്ങളുടെ ഭാവനകള്‍ കൂടി ചേര്‍ത്ത് കൊഴുപ്പിച്ചു വിളമ്പുകയാണ് ചെയ്യുന്നത്. ഈവിധം മാധ്യമങ്ങള്‍ ആഘോഷമാക്കിയ കേസാണ് ഈയിടെ സുപ്രിം കോടതി തെളിവില്ലെന്ന് പറഞ്ഞു മുഴുവന്‍ കുറ്റാരോപിതരെയും വെറുതെവിട്ട 'പാനായിക്കുളം സിമി ക്യാമ്പ് കേസ്'. പതിറ്റാണ്ടുകളുടെ ദുരിതപര്‍വ്വം കടന്നു ഇത്തരം കേസുകളിലെ കുറ്റാരോപിതര്‍ നിരപാധിത്തം തെളിയിച്ചു പുറത്തു വരുമ്പോള്‍ തങ്ങള്‍ ഇവരുടെ ജീവിതങ്ങളുടെ മേല്‍ ഏല്‍പിച്ച ആഘാതത്തെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ക്കു ഒരു മനഃസ്താപവുമുണ്ടാവാറില്ല. ആഴ്ചകളോളം തങ്ങളുടെ പ്രൈം ടൈമിനെ സ്‌തോഭജനകമാക്കിയ ഈ വാര്‍ത്തയുടെ പരിണിതിയെ അപ്പാടെ അവഗണിച്ചു ഇരുട്ടില്‍ തള്ളും. അപ്പോഴും ഇവര്‍ തങ്ങളുടെ പേജുകളിലൂടെയും സ്‌ക്രീനിലൂടെയും സമൂഹത്തിലേക്ക് ഒഴുക്കിവിട്ട വിഷം അവിടത്തന്നെ യുണ്ടാകും. ഈ വിഷപ്രയോഗവും കവച്ചുവെച്ചു വേണം സാമുദായിക പാരസ്പര്യം നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ എന്നതാണ് കേരളത്തിന്റെ നിലവിലെ സാഹചര്യം.

സ്ത്രീവിരുദ്ധതയും ജാതീയമായ മുന്‍വിധികളും പോലെ നമ്മുടെ സമൂഹത്തെ അപ്പാടെ ഗ്രസിച്ചു കഴിഞ്ഞതാണ് ഇസ്‌ലാമോഫോബിയയും. ഇതിന്റെ പ്രതിഫലനം അതുപോലെ നമ്മുടെ ന്യൂസ്‌റൂമുകളിലും പ്രകടമാകുന്നു. മാറിയ രാഷ്ട്രീയ സാമൂഹ്യാവസ്ഥകളും വിപണന താല്‍പര്യങ്ങളും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സാമുദായിക പാരസ്പര്യത്തിലൂന്നിയ കേരളത്തിന്റെ മഹനീയ പാരമ്പര്യത്തിന് ക്ഷതം സംഭവിക്കുന്നു എന്നു ഭയപ്പെടുന്ന ഈ കാലത്തു തങ്ങള്‍ പടച്ചുവിട്ട അപസര്‍പ്പക കഥകള്‍ ഇതിനു കരണമായിട്ടുണ്ടോ എന്ന് ആത്മവിമര്‍ശനപരമായി പരിശോധിച്ചുനോക്കാന്‍ മലയാള മാധ്യമങ്ങള്‍ സന്നദ്ധമാവേണ്ടതാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന സങ്കല്‍പത്തില്‍നിന്നുമാറി അധികാരതാല്‍പര്യങ്ങളുടെ കുഴലൂത്തുകാരയി ദേശീയ തലത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ അപ്പാടെ മാറിപ്പോയിട്ടുണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ അല്‍പം വഴിമാറിയാണ് സഞ്ചരിക്കുന്നത്. വിപണന യുക്തികള്‍ക്കു മാധ്യമ നൈതികത കിഴൊതുങ്ങുന്ന ഈ കാലത്തു ഇത്തരം ആദര്‍ശാത്മക സമീപനം പ്രതീക്ഷിക്കുന്നത് വെറുതെയാണ്. എങ്കിലും ഒരു സാമൂഹിക നവീകരണ പ്രവര്‍ത്തനം എന്ന നിലയില്‍ നിന്നുമാറി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ കള്ളിയിലേക്കു തങ്ങളുടെ ചെയ്തികള്‍ മാറിപ്പോകുന്നതിനെ കുറിച്ചുള്ള ജാഗ്രത കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതാണ്.


TAGS :