സീതിസാഹിബിന്റെ ലോകവും സമകാലിക ഇന്ത്യയും
മതം, മാതൃരാജ്യം എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേര്‍ത്തുവെച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെയും രാജ്യത്തിന്റെയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങള്‍ക്ക് രൂപം നല്‍കിയ ധിഷണാശാലിയായ നേതാവാണ് കെ.എം സീതി സാഹിബ്.
മുസ്‌ലിംകള്‍ ഒരു ആഗോള മത സമൂഹമാണെന്നതും അതേസമയം അവരുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ അതാത് നാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും എല്ലാവര്‍ക്കും ഒരു വലിയ തിരിച്ചറിവാകേണ്ടതുണ്ട്. ഇതര ജനവിഭാഗങ്ങളിലേയും മുസ്‌ലിംകളില്‍ തന്നെയും പലര്‍ക്കും അനിവാര്യമായും ഉണ്ടാകേണ്ട ഇത്തരമൊരു വീക്ഷണത്തിന്റെ അഭാവമാണ് പലപ്പോഴും പല അസ്വാരസ്യങ്ങള്‍ക്കും കാരണമാകാറുള്ളത്. മുസ്‌ലിം സമൂഹത്തിന്റെ ഈ വ്യാപ്തിയും അതുണ്ടാക്കുന്ന പരിമിതികളും ശരിയായ ബോധ്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സ്വാഭാവികമായും സമൂഹം മുന്നോട്ട് വരേണ്ടത് പ്രശ്‌ന സങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ്. ജനാധിപത്യ ഇന്ത്യയില്‍ ഈ വസ്തുത ആദ്യം തിരിച്ചറിഞ്ഞ നേതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നതാണ് കെ.എം സീതി സാഹിബിന്റെ പ്രത്യേകത. മതം, മാതൃരാജ്യം എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേര്‍ത്തുവെച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെയും രാജ്യത്തിന്റെയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങള്‍ക്ക് രൂപം നല്‍കിയ ധിഷണാശാലിയായ നേതാവാണ് കെ.എം സീതി സാഹിബ്.
നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹാര ജീവിതവും മൗലികമെന്നത് മുസ്‌ലിംകളുടെ വിശ്വാസ ജീവിതവുമാണ്. ഇവ ഇന്ത്യന്‍ മുസ്‌ലിംകളുടെ മുന്നോട്ടുള്ള വഴികളിലെ ഒഴിച്ചു കൂടാനാവത്ത ഘടകങ്ങളാണെന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു.
ഇന്ത്യയുടെ ഐക്യവും അധീശാധികരവും അവിച്ഛിന്നതയും സംരക്ഷിക്കാന്‍ ഏതൊരു ഇന്ത്യക്കാരനെയും പോലെ പ്രതിജ്ഞാബദ്ധമാണ് ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ മുസ്‌ലിമെന്നും മുസ്‌ലിംകളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനാണ് തന്റെ കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലകൊള്ളുന്നതെന്നും സീതി സാഹിബ് പ്രഖ്യാപിച്ചു. നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹാര ജീവിതവും മൗലികമെന്നത് മുസ്‌ലിംകളുടെ വിശ്വാസ ജീവിതവുമാണ്. ഇവ ഇന്ത്യന്‍ മുസ്‌ലിംകളുടെ മുന്നോട്ടുള്ള വഴികളിലെ ഒഴിച്ചു കൂടാനാവത്ത ഘടകങ്ങളാണെന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഇവ രണ്ടും ഒരുപോലെ വെല്ലുവിളികള്‍ നേരിടുകയാണ്.
20 കോടി വരുന്ന രാജ്യത്തെ മഹാന്യൂനപക്ഷത്തെ ശത്രു പക്ഷത്ത് നിര്‍ത്തിയാണ് സംഘ്പരിവാര്‍ ശക്തികള്‍ രാഷ്ട്രീയ ഇന്ധനത്തിന് കോപ്പുകള്‍ കൂട്ടുന്നത്. അസംഘടിതരെങ്കിലും മുസ്‌ലിംകള്‍ അവര്‍ക്ക് ഒരു പൊളിറ്റിക്കല്‍ ബ്ലോക്കാണ്. മുസ്‌ലിംകളുടെ വിശ്വാസ ജീവിതത്തിലെ ബാഹ്യമായ എല്ലാ ഏര്‍പ്പാടുകളും സംഘടിതവും രാഷ്ട്രീയവുമാണെന്ന് അവര്‍ കണക്കാക്കുന്നു. സെമിറ്റിക് മതങ്ങളോടുള്ള ഈ സ്ഥായിയായ വിരോധം മുസ്‌ലിംകളുടെ നേര്‍ക്കാണ് ഒന്നാമതായി സംഘ് ശക്തികള്‍ ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ ജനിച്ച വിദേശികള്‍ എന്നതാണ് സംഘ്പരിവാറിന് മുസ്‌ലിംകളോടുള്ള പൊതുമനോഭാവം.
ഹിന്ദുത്വ ധാരയിലല്ലാത്ത എല്ലാ വിശ്വാസങ്ങളും അവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ സ്വകാര്യമായി കൊണ്ടു നടക്കേണ്ട ഒന്നാണ്. പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയിലും കൂട്ടം ചേര്‍ന്നുള്ള നമസ്‌കാരങ്ങളിലും ഈദ്ഗാഹുകളിലും താടിയിലും തലപ്പാവിലും ഹിജാബിലും വസ്ത്രധാരണത്തിലുമെല്ലാം അവര്‍ ഇങ്ങനെ രാഷ്ട്രീയം കണ്ടെത്തുകയും സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് അവയെ മുന്‍നിര്‍ത്തുകയും ചെയ്യുന്നു. ദൈവ വിശ്വാസത്തിന്റെ പൂര്‍ണ്ണതയും അകക്കാമ്പും ഇത്തരം ബാഹ്യരൂപങ്ങള്‍ കൂടി ചേര്‍ന്നതാണന്ന് അവര്‍ ബോധപൂര്‍വമോ അല്ലാതെയോ തിരിച്ചറിയുന്നില്ല.
ഇന്ത്യയില്‍ ജീവിക്കുന്നതിന് ഇത്തരം വിശ്വാസ രൂപങ്ങളെയും സ്വന്തം സാംസ്‌കാരിക സ്വത്വത്തെ തന്നെയും മുസ്‌ലിംകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന് ആര് ആവശ്യപ്പെട്ടാലും അതവര്‍ക്ക് സാധ്യമല്ല എന്നാണ് ഉത്തരം. എങ്ങിനെയെങ്കിലും ജീവിക്കാന്‍ വേണ്ടി കളഞ്ഞിട്ടു പോകാനുള്ളതല്ല മുസ്‌ലിംകള്‍ക്ക് വിശ്വാസ ജീവിതം എന്നതാണ് കാര്യം. മതജീവിതത്തിനു വേണ്ടി മാതൃരാജ്യത്തെ വിട്ടേച്ച് പോകാനും മുസ്‌ലിംകള്‍ക്ക് തത്തുല്യം അവകാശമില്ലെന്നതും മറ്റൊരു വസ്തുതയാണെന്ന് തിരിച്ചറിയണം.
'രാജ്യത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നാമതായി ഇന്ത്യക്കാരനാണെന്നും മതത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നാമതായി മുസ്‌ലിമാണെന്നും'മൗലാന മുഹമ്മദലി പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെ. സീതി സാഹിബിന്റെ ചിന്തയിലും വീക്ഷണത്തിലും മുഹമ്മദലിയുടെ ഈ സ്വാധീനം ഉടനീളം ഉണ്ടായിരുന്നു.
കെ.എം സീതി സാഹിബിന്റെ പൊതുജീവിതത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ മഹാനായ മൗലാന മുഹമ്മദലിക്ക് വലിയ സ്ഥാനമുണ്ട്. അദ്ദേഹം എഴുതിയ മുഹമ്മദലിയുടെ ജീവചരിത്രം ഇതിന് ഉദാഹരണമാണ്. ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് മൗലാനാ മുഹമ്മദലിയുടെ ഒരു വിവക്ഷയുണ്ട്. ഖിലാഫത്ത് പ്രക്ഷോഭ കാലത്തെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആഖ്യാനം ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും മനസ്സിരുത്തി വിലയിരുത്തണം.
മുഹമ്മദലി പറയുന്നു: ഇന്ത്യയിലെ മുസ്‌ലിംകള്‍ ഒരേ വലുപ്പമുള്ള സമാനമായ രണ്ടു വൃത്തങ്ങളില്‍ (Two circles of equal size) നിന്ന് വരുന്നവരാണ്. ഒന്നിന് വലിപ്പക്കൂടതലോ മറ്റേ ഒന്നിന് കുറവോ ഇല്ല. ഒന്നിനകത്ത് എഴുതി വെച്ചിരിക്കുന്നത് ഇസ്‌ലാം എന്നാണ്. മറ്റേതില്‍ ഇന്ത്യ എന്നും. ഒന്നില്ലാതെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മറ്റൊന്നില്ല എന്നതാണ് യാഥാര്‍ഥ്യം.! 'രാജ്യത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നാമതായി ഇന്ത്യക്കാരനാണെന്നും മതത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒന്നാമതായി മുസ്‌ലിമാണെന്നും'മൗലാന മുഹമ്മദലി പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെ. സീതി സാഹിബിന്റെ ചിന്തയിലും വീക്ഷണത്തിലും മുഹമ്മദലിയുടെ ഈ സ്വാധീനം ഉടനീളം ഉണ്ടായിരുന്നു.
ഇന്ത്യക്കാരനായ ഒരു മുസ്‌ലിമിന് ഇന്ത്യയില്ലാതെ ഒരു ഇസ്‌ലാമില്ല; ഇസ്‌ലാമില്ലാതെ ഒരു ഇന്ത്യയുമില്ല. ഇന്ത്യയില്‍ ജീവിക്കുന്നതിന് മുസ്‌ലിമിന് അവന്റെ വിശ്വാസരുപങ്ങള്‍ കളയുക സാധ്യമല്ല എന്നത് പോലെ തന്നെ മതജീവിതത്തിനായി രാജ്യത്തെ ഉപേക്ഷിച്ച് പോകാനും നിര്‍വാഹമില്ല. രാജ്യവും അവന്റെ വിശ്വാസ ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന് നില്‍ക്കുന്നു. വിശ്വാസികള്‍ ആത്യന്തിക നേട്ടമായി കരുതുന്നത് സ്വര്‍ഗ ലബ്ദിയാണ്. സ്വര്‍ഗം ലഭിക്കാനായി ഇവിടെ നിന്ന് സിറിയയിലും അഫ്ഗാനിസ്ഥാനിലും പോയി യുദ്ധം ചെയ്യുന്നത് ഇസ്‌ലാമിക വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്നതല്ല, ഇസ്‌ലാമിക വിരുദ്ധവുമാണ്. മനുഷ്യരെ ബഹുസ്വരതയില്‍ പരീക്ഷിക്കാനാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നതെന്ന് ഇങ്ങനെയുള്ളവര്‍ മനസ്സിലാക്കത്തതാണ് കാരണം. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ ഏക സമുദായമാക്കാമായിരുന്നു.
മരുഭൂമി കേന്ദ്രീകൃതമായ മുസ്‌ലിം ലോകത്ത് ജീവിച്ച മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ മരുഭൂമിക്ക് പുറത്ത് ജീവിച്ചിട്ടുള്ളതായി കാണാം. ഇന്തോനേഷ്യയിലെ ജാവ മുതല്‍ മംഗലാപുരം വരെയുള്ള തീരപ്രദേശത്തെ വലിയൊരു മുസ്‌ലിം ലോകം രൂപപ്പെട്ടു വന്നത് ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതലാണ്. 'മണ്‍സൂണ്‍ ഇസ്‌ലാം'എന്ന് പേരിട്ട് വിളിക്കുന്ന ഈ ലോകത്ത് മരുഭൂമിയില്‍ ജീവിച്ചതിനേക്കാള്‍ മുസ്‌ലിംകള്‍ ജീവിച്ചിട്ടുണ്ട്. ബഹുസ്വരതയിലും വിവിധ സമൂഹങ്ങളുടെ പാരസ്പര്യത്തിലും ഇസ്‌ലാമിക ജീവിതം മുന്നോട്ട് നയിച്ച അവരില്‍ സ്വര്‍ഗാവകാശികളുണ്ടെന്നതില്‍ മറുവാദത്തിന് പ്രസക്തിയില്ല. ഇതിനിടയിലെ ഇന്ത്യ മുസ്‌ലിംകളുടെ സ്വര്‍ഗ യാത്രയിലെ ഒന്നാന്തരം ഇടം തന്നെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലം മുതലേ ഇന്ത്യയില്‍ ഇസ്‌ലാമുണ്ട്. അതിന് മുമ്പില്ലാത്തത് മുസ്‌ലിംകളുടെ കുറ്റമല്ല. ലോകത്തെവിടേയും ഇല്ല. പ്രവാചക ശൃംഖലകള്‍ കാണാമെങ്കിലും മുഹമ്മദ് നബിയിലൂടെ അവതീര്‍ണ്ണമായ ഇസ്‌ലാം മുമ്പെങ്ങുമില്ല.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് എക്കാലത്തേക്കും ദിശാബോധം പകര്‍ന്നു നല്‍കിയ കെ.എം സീതി സാഹിബ് പറഞ്ഞു വെച്ചത് ഇങ്ങിനെയാണ്: 'ഇന്ത്യ ജീവിച്ചാല്‍ മാത്രമേ ഇന്ത്യയിലെ മുസ്‌ലിംകള്‍ ജീവിക്കു. ഇന്ത്യയുടെ നിലനില്‍പാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനില്‍പ്'. ഈ വാക്കുകളുടെ എത്രത്തോളം എതിര്‍ദിശയിലാണ് നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്നത് മുസ്‌ലിംകളെ മാത്രമല്ല ഭയപ്പെടുത്തേണ്ടത്. ജനാധിപത്യ മതേതര ഇന്ത്യ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സര്‍വ്വര്‍ക്കും ഒരു മുന്നറിവായിരിക്കണമത്.
അസംഘടിതരായ മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി ഒരു കൂട്ടര്‍ ഭരണകൂട നേതൃത്വത്തില്‍ മുന്നേറ്റം തുടരുമ്പോള്‍ ഒപ്പം നിന്ന് ജനാധിപത്യ പ്രതിരോധം തീര്‍ക്കേണ്ടവര്‍ നിസംഗരായിരിക്കെ രാജ്യവും വ്യവസ്ഥിതിയും സംരക്ഷിക്കുക എന്ന വലിയ ദൗത്യ നിര്‍വ്വഹണത്തിനായെങ്കിലും മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നതാണ് സീതി സാഹിബിന്റെ വര്‍ത്തമാന വായന നല്‍കുന്ന വലിയൊരു പാഠം.
(മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)