Quantcast
MediaOne Logo

ശ്യാം സോര്‍ബ

Published: 5 Jan 2024 6:03 AM GMT

നാരിശക്തി വന്ദന്‍ - ഇന്ത്യയെ കാണാത്ത മോദി പ്രസംഗം

മണിപ്പൂരില്‍ തെരുവിലൂടെ നഗ്‌നയാക്കി സ്ത്രീകളെ നടത്തി ലോകത്തിന് മുന്നില്‍ രാജ്യത്തെ തല കുനിപ്പിച്ച നാടാണ് നമ്മുടേത്. എന്തേ അതൊന്നും മോദിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടാതെ പോയി?

നാരിശക്തി വന്ദന്‍ - ഇന്ത്യയെ കാണാത്ത മോദി പ്രസംഗം
X

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സ്ത്രീജനങ്ങളെ സാക്ഷി നിര്‍ത്തിപ്രധാനമന്ത്രി കാണാപാഠം പഠിച്ചു വെച്ച മലയാളം പറഞ്ഞുകൊണ്ട് ഇങ്ങനെ തുടങ്ങി - 'കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ'... ഹാ കേള്‍ക്കാന്‍ ഒരു ഇമ്പം ഒക്കെ ഉണ്ട്, അതുപോലെ കയ്യടികളും. വേലുനാച്ചിയാറിനെയും സാവിത്രി ഭായ് ഫുലെയെയും അവരുടെ ഓര്‍മദിനത്തില്‍ ആദരിച്ചുകൊണ്ട് കൊണ്ട് തുടങ്ങിയ പ്രസംഗത്തില്‍ പഠിച്ചു വെച്ച എല്ലാ പേരുകളും ക്രമം തെറ്റാതെ പറഞ്ഞു പോയിട്ടുണ്ട് മോദി. കുട്ടിമാളു അമ്മയുടെയും അക്കമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും ധീരതയെ പഠിച്ചുവെച്ച് പറഞ്ഞിട്ടുണ്ട്. നഞ്ചിയമ്മയെയും പി.ടി ഉഷയെയും അഞ്ചു ബോബി ജോര്‍ജിനെയും മറക്കാതെ ഓര്‍ത്തെടുത്തു പറഞ്ഞിട്ടുണ്ട്. ഇത്രയും പേരുകള്‍ കൃത്യമായി എഴുതി പഠിപ്പിച്ചു വിട്ട തിരക്കഥാകൃത്തിന് മാത്രം അഭിനന്ദനങ്ങള്‍. മനോഹരമായ ആദരിക്കലുകള്‍. ഇന്ത്യന്‍ എന്ന നിലയില്‍, കേരളീയന്‍ എന്ന നിലയില്‍ അഭിമാനമുണ്ട് ഇത്രയും ധീര വനിതകള്‍, നാടിന്റെ യശസ്സ് ഉയര്‍ത്തിയ വനിതകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതില്‍. അങ്ങിനെയിരിക്കെ, പ്രിയപ്പെട്ട മോദി താങ്കള്‍ മനഃപൂര്‍വം മറന്ന ചില പേരുകള്‍ ഓര്‍മിപ്പിക്കട്ടെ?

സാക്ഷി മാലിക്, സരിത മോര്‍, സംഗീത ഫോഗട്ട് ഇങ്ങനെ പോകും ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നില്‍ മെഡല്‍ ഉയര്‍ത്തി ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ലോകത്തിന്റെ നെറുകയില്‍ പാറിച്ച ഇന്ത്യയുടെ ധീര വനിതകളുടെ പട്ടിക. മോദി സര്‍ക്കാരിന്റെ നെറികേടിനു നേരെ കണ്ണീര്‍ ഒഴുക്കി, സ്വപ്നം കണ്ട്, പരിശീലനം നേടി പിടിച്ചെടുത്ത മെഡലുകള്‍ ഉപേക്ഷിച്ചു, രാജ്യം ആദരവോടെ ഒരു കാലത്ത് നല്‍കിയ പുരസ്‌കാരങ്ങള്‍ ഉപേക്ഷിച്ച ഇന്ത്യന്‍ വനിതകള്‍. എന്തെ അവരുടെ പേരുകള്‍ ഉച്ചരിക്കാതിരുന്നത്?


'സ്ത്രീകളുടെ ശക്തിയാണ് ഒരു നാടിനെ വികസിതമാക്കുന്നതില്‍ ഏറ്റവും ഉറപ്പുള്ളത് '. ഹാ മനോഹരമായ വാക്യങ്ങള്‍, പക്ഷെ എന്തെ ഈ സ്ത്രീകളുടെ കരുത്ത് ഇന്ത്യ മഹാരാജ്യത്തിന് ആവശ്യമില്ലാതെ പോയോ? മറുപടി ഉണ്ടോ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്? സ്ത്രീസുരക്ഷയ്ക്ക്, സ്ത്രീകള്‍ക്ക് വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ നാരി ശക്തി വന്ദന്‍ നിയമം കൊണ്ട് വന്നു പോലും!; നല്ലത്. പക്ഷെ, എന്തുകൊണ്ടാണ് ആദരണീയനായ പ്രധാനമന്ത്രി ഈ നാരികള്‍ക്ക് ആ നിയമപ്രകാരമുള്ള സുരക്ഷ ഒരുക്കാത്തത്?

മോദി സര്‍ക്കാരിനെ സംബന്ധിച്ചു ഇന്ത്യയില്‍ നാല് ജാതി ആണത്രേ, ആ ജാതികള്‍ക്ക് വേണ്ടി ആണത്രേ ഈ സര്‍ക്കാര്‍ നിലകൊള്ളുന്നത്. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരാണ് ആ നാലു കൂട്ടര്‍. കൊള്ളാം, ഗംഭീര പട്ടിക തന്നെ. എങ്കില്‍ ചില കാര്യങ്ങള്‍ ചോദിക്കട്ടെ? 2017 ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 0.1% കൂടിയ Hunger rate, 2018 ല്‍ 1.3% കൂടി, 2019 ല്‍ അത് 1.7% കൂടി. 83.8% ആണ് ഇന്ത്യയുടെ poverty rate. താങ്കളുടെ പട്ടികയിലെ ആദ്യ ജാതിക്കാര്‍ക്ക് വേണ്ടി ഇതാണോ ചെയ്തത്? അതോ അമേരിക്കന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നപ്പോള്‍ കെട്ടിയടച്ച ഇന്ത്യയിലെ ചേരി പ്രദേശങ്ങള്‍ ആണോ നിങ്ങളുടെ വികസനം? മറ്റൊന്ന് യുവാക്കള്‍, റെക്കോര്‍ഡ് സംഖ്യയില്‍ ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്യുന്ന യുവാക്കളെ തന്നെ ആണോ ഉദ്ദേശിച്ചത്? മറ്റൊന്ന് കര്‍ഷകര്‍, പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2018-20 കാലത്ത് ആത്മഹത്യ ചെയ്ത 17,000 കര്‍ഷകര്‍ ആണോ? നിലനില്‍പ്പിനു വേണ്ടി ഡല്‍ഹിയില്‍ രാപകല്‍ സമരം ചെയ്ത കര്‍ഷകര്‍ ആണോ? ഇതില്‍ ഏതാണ് നടത്തി എന്ന് പറയുന്ന വികസനം?

അവസാന ജാതി സ്ത്രീകള്‍ ആണ്, അവര്‍ക്ക് വേണ്ടി ആണ് നാടിന്റെ സകല വികസനവും എന്ന് ഒരു അടിവരയിട്ട വാക്ക്. അതിലും ഉണ്ട് കണക്കുകള്‍ പറയാന്‍, 80% സ്ത്രീകളും Public harassment നേരിടുന്നു എന്ന് കണക്കുകള്‍ പുറത്ത് വിട്ട നാടാണ് നമ്മുടേത്. മണിപ്പൂരില്‍ തെരുവിലൂടെ നഗ്‌നയാക്കി സ്ത്രീകളെ നടത്തി ലോകത്തിന് മുന്നില്‍ രാജ്യത്തെ തല കുനിപ്പിച്ച നാടാണ് നമ്മുടേത്. എന്തുകൊണ്ട് ഈ സര്‍ക്കാര്‍ ഇതൊന്നും വികസനത്തില്‍ ഉള്‍പ്പെടുത്താതെ പോയി?

യുക്രൈന്‍, ഫസല്തീന്‍, സുഡാന്‍, ഇറാഖ് എന്നിങ്ങനെ ലോകത്ത് കലാപങ്ങള്‍ നടക്കുന്ന ഓരോ ഇടങ്ങളും അക്കമിട്ട് പറയുമ്പോള്‍ എന്തെ ഇന്ത്യയിലെ മണിപ്പൂര്‍ താങ്കളുടെ കണക്കില്‍ പെടാതെ പോയി? മേല്‍പറഞ്ഞ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഒരുക്കിയത് ബി.ജെ.പി സര്‍ക്കാര്‍ ആണെന്ന് അഭിമാനത്തോടെ താങ്കള്‍ പറയുമ്പോഴും ഇന്ത്യയിലെ കലാപങ്ങളില്‍ നരകിച്ചവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഈ സംവിധാനങ്ങള്‍ പോരായിരുന്നോ?

മോദിയുടെ ഗ്യാരണ്ടി എന്ന് ചുരുങ്ങിയത് 10 തവണ എങ്കിലും പറഞ്ഞുകൊണ്ടിരുന്നല്ലോ, എന്ത് ഗ്യാരണ്ടിയെ പറ്റി ആണ് ഈ പറയുന്നത്? നാരിശക്തി വന്ദന്‍ ശക്തി പ്രാപിക്കണം എങ്കില്‍ അത് ഇന്ത്യയിലെ ഓരോ സ്ത്രീകള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കികൊണ്ട് വേണം. കണ്ണടച്ചു വെടിവെച്ചത് കൊണ്ട് കേള്‍ക്കുന്നവര്‍ എല്ലാവരും കയ്യടിക്കും എന്ന് കരുതരുത്.

TAGS :