ആദിവാസികളെ അറിയുന്നവര്‍ അവരുടെ എഴുത്തിനെ അറിയില്ലെന്നു പറയുന്നത് അറിവില്ലായ്മയാണ് - സണ്ണി എം. കപിക്കാട്
ലോകനവീകരണത്തിന് ദലിത്-ആദിവാസി സമൂഹത്തന്റെ എഴുത്തും ഭാവനയും എന്ന വിഷയത്തില്‍ വയനാട് ലിറ്ററേച്ചല്‍ ഫെസ്റ്റിവെലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട്. | എഴുത്ത്: മീനു മാത്യു
യൂറോപ്പിനെ കേന്ദ്രമാക്കുകയും ആ കേന്ദ്രത്തില്‍ നിന്നുള്ള അകലത്തെയും അതുമായുള്ള ബന്ധത്തെയും മനുഷ്യ നിര്‍വചനത്തിനു മാതൃകയാക്കുകയും ചെയ്യുന്ന രീതിശാസ്ത്രം നമ്മള്‍ കൈവെടിഞ്ഞാല്‍, നമുക്ക് ഓരോന്നിനെയും അതിന്റെ തന്നെ യുക്തിയില്‍ അളന്നെടുക്കുവാനും അതിന്റെ വീക്ഷണത്തെ സമീപിക്കുവാനും കഴിയും. ഈ അര്‍ഥത്തിലാണ് യഥാര്‍ഥത്തില്‍ മലയാള സാഹിത്യത്തില്‍ രൂപപ്പെട്ടിരിക്കുന്ന ദലിത് എഴുത്തിനെയും, ഇപ്പോള്‍ വളരെ ശക്തമായ മുന്നോട്ടു വന്നിരിക്കുന്ന ഗോത്ര രചനകളെയും പരിശോധിക്കേണ്ടത്. അടിസ്ഥാനപരമായി ഈ പിഴവിനെ മാറ്റി വച്ചില്ലായെങ്കില്‍, ദലിതെഴുത്തും ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള പുതിയ ഉണര്‍വുകളെയും ഒരു അനുബന്ധ ഘടകമായി മാത്രം മനസിലാക്കുന്ന പ്രവണത സജീവമാകും. അനുബന്ധ ഘടകമായി മനസിലാക്കുക എന്നാല്‍ അത് നമുക്ക് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യുന്നില്ല എന്നുകൂടിയാണ് അര്‍ഥം.
സുകുമാരന്‍ ചാലിഗദ്ധയുടെ പുസ്തകങ്ങളിലേയ്ക്ക് വലിയ പാണ്ഡ്യത്തമൊന്നുമില്ലാതെ തന്നെ നേരിട്ടിറങ്ങിയാല്‍ നമ്മള്‍ കാണുന്നതെന്താണ്. പാനൂരോ, വല്‍സലയോ, കെ.ജെ ബേബിയോ അടക്കമുള്ളവര്‍ ആദിവാസിയെ മനസിലാക്കിയതില്‍ നിന്നും തികച്ചും ഭിന്നമായുള്ള മനസിലാക്കലാണ് സുകുമാരന്‍ മുന്നോട്ടു വയ്ക്കുന്നത്.
മലയാളത്തിലെ ഗോത്ര എഴുത്തുകളെ അനുബന്ധമായാണു കണക്കാക്കുന്നതെങ്കില്‍, അത്തരം എഴുത്തുകള്‍ മലയാള സാഹിത്യത്തിന് പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല എന്നൊരു അര്‍ഥം കൂടി അതിനു കൈവരും. മറിച്ച് മലയാള സാഹിത്യത്തെയും അതിന്റെ സെന്‍സിബിലിറ്റിയെയും ലോക-മനുഷ്യ സങ്കല്‍പ്പത്തെയും ഗോത്ര-സ്ത്രീ-ട്രാന്‍സ് ജെന്‍ഡര്‍ എഴുത്തുകള്‍ സ്വാധീനിക്കുന്നുണ്ട് എന്നു കാണുമ്പോളാണ് കൂടുതല്‍ ജനാധിപത്യപരമായി നമുക്കവയെ സമീപിക്കുവാനും അവയുടെ യഥാര്‍ഥ സംഭാവന തിരിച്ചറിയാനും കഴിയുന്നത്.
1980-കളില്‍ തന്നെ മലയാള സാഹിത്യത്തില്‍ എഴുതി തുടങ്ങിയ പ്രഗല്‍ഭനാണ് സി. അയ്യപ്പന്‍. അദ്ദേഹത്തിന്റെ 'ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍' എന്ന പുസ്തകത്തിന്റെ മൗലികമായ ഒരു പ്രത്യേകത, മലയാള സാഹിത്യം അന്നുവരെ പാലിച്ചിരുന്ന നിയമങ്ങളെ പൂര്‍ണ്ണമായും ഉല്ലംഘിച്ചുകൊണ്ടുള്ള ഒരു ഭാവനാ ലോകം അദ്ധേഹം നിര്‍മിച്ചു എന്നതാണ്. ആ ഭാവനാലോകത്തില്‍ മുഖ്യമായും പരേതാത്മാക്കളും പ്രേതങ്ങളുമാണ് ഉള്ളത്. അത് യാദൃശ്ചികമായി സംഭവിക്കുന്ന ഒരു കാര്യമല്ല. മലയാള സാഹിത്യത്തിന്റെ ഭാവനാലോകത്തിനു വെളിയിലുള്ള ജീവിതങ്ങളാവിഷ്‌ക്കരിക്കുവാന്‍ തീര്‍ച്ചയായും ഒരു മറുഭ ഭാഷ കണ്ടെത്തേണ്ട ആവശ്യം സി. അയ്യപ്പനുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് അതിലെ കഥാപാത്രങ്ങള്‍ ജാതികളായും പ്രേതങ്ങളായും പരേതാത്മാക്കളായും വായനക്കാരനെ അഭീമുഖീകരിക്കുന്നത്. അതിനാല്‍ത്തന്നെ, മറ്റൊരു ലോകത്തെ, ജീവിതത്തെ, മറ്റൊരു മനുഷ്യ-പ്രണയ സങ്കല്‍പ്പങ്ങളെയൊക്കെ പല രൂപങ്ങളില്‍ ഉടച്ചു കളയുന്ന രീതികള്‍ സി. ആയ്യപ്പന്റെ രചനകളില്‍ കാണാന്‍ സാധിക്കുന്നത്.
എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഈ പുസ്തകം പരാമര്‍ശിക്കപ്പെടാതെ പതിറ്റാണ്ടുകള്‍ കിടന്നു. മലയാളത്തിലെ വലിയ നിരൂപകര്‍ പോലും ഇതൊരു പ്രധാന പുസ്തകമായി കണക്കാക്കിയില്ലെന്നത് യാദൃശ്ചികമല്ല. അതെന്തോ ജാതിയെക്കുറിച്ചും പ്രേതങ്ങളെക്കുറിച്ചും പറയുന്ന ഒരു പുസ്തകമായിട്ട് മാത്രം മനസിലാക്കിയതിന്റെ അപക്വത യധാര്‍ഥത്തില്‍ മുഖ്യധാരയ്ക്കാണ്.
മലയാള സാഹിത്യ ഭാവനകളെ വിപുലീകരിക്കുന്നതില്‍ ദലിതെഴുത്തുകള്‍ക്ക് വലിയ പങ്കുണ്ട്. മലയാളത്തിലെ തലയെടുപ്പുള്ള കവികളായ എസ്. ജോസഫ്, രേണുകുമാര്‍, കലേഷ് എന്നിവര്‍ ദലിത് പശ്ചാത്തലത്തില്‍ നിന്നും എഴുതുന്നവരാണ്. അവര്‍ മലയാള കവിതയുടെ ഭൂമിശാസ്ത്രത്തില്‍ തന്നെ വലിയ അട്ടിമറികള്‍ നടത്തിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എസ്. ജോസഫിന്റെ കവിതകളുടെ ഭൂമിശാസ്ത്രം സൂക്ഷ്മ രൂപത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഒരു നാട്ടുംപുറത്തിന്റെ നിരവധി സൂക്ഷ്മ ഘടകങ്ങളാല്‍ നിര്‍മ്മിതമാണവ. രേണുകുമാറിന്റെ കവിതകളാകട്ടെ സാധാരണ മനുഷ്യരുടെ സാധാരണ പരിസരങ്ങളിലെ അസാധരണത്വം ഒപ്പിയെടുക്കുന്നതില്‍ മികച്ചതാണ്. അത്തരത്തില്‍ മലയാള സാഹിത്യത്തെ നവീകരിക്കുന്നതില്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ട് ദലിതെഴുത്തുകള്‍.
അശോകന്‍ മറയൂരിന്റെ 'പുടവ', 'പച്ചവീട്' തുടങ്ങിയ കവിതകള്‍. വളരെ ലളിതമായി പറയുന്ന കവിതകളെങ്കിലും അവ തുടക്കത്തിലോ മധ്യത്തിലോ ഒടുക്കത്തിലോ കാട്ടിലേയ്ക്കു തുറക്കുന്ന വലിയ വാതായനങ്ങളുള്ളവയാണ്. മുഖ്യധാരയ്ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത വലിയൊരു ഭാവനാലോകം സുകുമാരന്റെയും അശോകന്‍ മറയൂരിന്റെയും കവിതകളില്‍ നമുക്ക് വായിക്കാന്‍ കഴിയും.
ഈ അടുത്തകാലത്ത് ശ്രദ്ധേയമായ ഗോത്ര രചനകളെയും വളരെ കാര്യമായി തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. സുകുമാരന്‍ ചാലിഗദ്ധയുടെ പുസ്തകങ്ങളിലേയ്ക്ക് വലിയ പാണ്ഡ്യത്തമൊന്നുമില്ലാതെ തന്നെ നേരിട്ടിറങ്ങിയാല്‍ നമ്മള്‍ കാണുന്നതെന്താണ്. പാനൂരോ, വല്‍സലയോ, കെ.ജെ ബേബിയോ അടക്കമുള്ളവര്‍ ആദിവാസിയെ മനസിലാക്കിയതില്‍ നിന്നും തികച്ചും ഭിന്നമായുള്ള മനസിലാക്കലാണ് സുകുമാരന്‍ മുന്നോട്ടു വയ്ക്കുന്നത്. സ്വന്തം പേരു പോലും തീരുമാനിക്കാന്‍ ഒരു ജനതയ്ക്കു കഴിയാത്തതില്‍ സുകുമാരന്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇംഗ്ലീഷെങ്ങനയാണ് മലയാളത്തെ കോളനിവത്കരണം ചെയ്തതെന്നു സിദ്ധാന്തം ചമച്ചവര്‍ക്കു പോലും മനസിലാകാത്ത വലിയൊരു ലോകമാണ് സുകുമാരന്റെ യാത്രാ വിവരണക്കുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്.
പ്രത്യക്ഷത്തില്‍ ആദിവാസികളുടെ ദാരിദ്ര്യവും ജീവിതതകര്‍ച്ചകളുമാണെന്ന് തോന്നാമെങ്കിലും അതിന്റെ അടിത്തട്ടില്‍ വിപുലീകരിക്കപ്പെടുന്ന ആത്മബോധത്തിന്റെ വലിയൊരു സമുദ്രമുണ്ട് എന്ന് കാണാന്‍ വലിയ വിഷമമില്ല. ഒരുപക്ഷെ വല്‍സലയിലോ, കെ.ജെ ബേബിയിലോ കാണാന്‍ കഴിയാത്ത വിധം അതിശക്തമായ ആത്മബോധത്തിന്റെ, ആവിഷ്‌ക്കാരത്തിന്റെ വലിയൊരു സമുദ്രം ഈ എഴുത്തിന്റെ അടിത്തട്ടില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.
ഈ അടുത്തകാലത്ത് എഴുതപ്പെട്ട അശോകന്‍ മറയൂരിന്റെ 'പുടവ', 'പച്ചവീട്' തുടങ്ങിയ കവിതകള്‍. വളരെ ലളിതമായി പറയുന്ന കവിതകളെങ്കിലും അവ തുടക്കത്തിലോ മധ്യത്തിലോ ഒടുക്കത്തിലോ കാട്ടിലേയ്ക്കു തുറക്കുന്ന വലിയ വാതായനങ്ങളുള്ളവയാണ്. മുഖ്യധാരയ്ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത വലിയൊരു ഭാവനാലോകം സുകുമാരന്റെയും അശോകന്‍ മറയൂരിന്റെയും കവിതകളില്‍ നമുക്ക് വായിക്കാന്‍ കഴിയും. ഇത് മലയാളിക്ക് തികച്ചും അപരിചിതമാണ്. അതിനെ അപരിചിതത്വം എന്നല്ല അറിവില്ലായ്മ എന്നാണ് പറയേണ്ടത്. എഴുപത് വര്‍ഷമായി ആദിവാസികളെ അറിയാവുന്ന എനിക്ക് അവരുടെ എഴുത്തിനെ അറിയില്ലെന്നു പറയുന്നത് എന്റെതന്നെ അറിവില്ലായ്മയുടെ, തകര്‍ച്ചയുടെ, തെറ്റിദ്ധാരണയുടെ വാക്കാണ്. എഴുതുന്ന ആളിന്റെ പ്രശ്‌നമല്ലത്.
സുകുമാരന്റെ കവിതകളില്‍ കാട് എപ്പോഴും ഒരാത്മാവായി സഞ്ചരിച്ചുകൊണ്ടേയിരിക്കും. കേരളത്തില്‍ ഇന്നു പ്രസിദ്ധരായിട്ടുള്ള ഗോത്ര കവികളില്‍ സ്വന്തം ഭാഷയില്‍ എഴുതുക എന്നു പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിലൂടെ മലയാളിയുമായി മുഖാമുഖം നില്‍ക്കുന്ന പുതിയൊരു ഭാവനാലോകം സൃഷ്ടിക്കുന്നു. അത് മലയാളസാഹിത്യം വളരെ തുറന്ന മനസോടുകൂടി വിനയപൂര്‍വ്വം സംവദിക്കേണ്ട ഒരിടമാണ്. അതല്ലാതെ അവര്‍ മലയാള സാഹിത്യത്തിനെന്തോ അനുബന്ധം സൃഷ്ടിക്കുകയാണെന്ന ബോധ്യം അപക്വമായ സമീപനമാണ്.
ധന്യ വേങ്ങച്ചേരി എഴുതിയ 'രാമായണം' എന്ന കവിതയില്‍ 'അവര്‍ രാമനെയും ലക്ഷമണനെയും സീതയെയുമൊക്കെ കുറിച്ച് പറയുന്നു, എനിക്കാകട്ടെ ഇവരെയൊന്നും അറിയില്ല' എന്നാണ് പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ പൊതുസമൂഹം വിളിക്കുന്ന രാമായണം മഹാഭാരതം തുടങ്ങിയവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുകയും സ്വന്തം ദൈവങ്ങളെ പൂജിക്കുകയും സ്വന്തം ഭാഷയും സ്വന്തം സംസ്‌ക്കാരവുമായി ജീവിക്കുന്ന ഒരു ജനതയുടെ വെളിപ്പെടുത്തലുകളാണ് ആ കവിത. അതോ രാമനോടുള്ള വെല്ലുവിളിയാണോ എന്നു എനിക്കറിയില്ല. ഈ അറിയത്തില്ലായ്ക തന്നെ വലിയൊരു സാംസ്‌ക്കാരിക ഉണര്‍വാണ്.
ഈ നിലക്ക് നിരവധി കവികള്‍ ഇന്നു രംഗപ്രവേശം ചെയ്തിട്ടുണ്ട്. മലയാള സാഹിത്യം കിതപ്പ് അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരുടെ എഴുത്തുകള്‍ മലയാളിയുടെ ഭാവനയെത്തന്നെ വലിയ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയും, മലയാള സാഹിത്യത്തിന്റെ സെന്‍സിബിലിറ്റിയെ മാറ്റിമറിക്കുകയും ചെയ്യും.
ആദിവാസികളുടെ ജീവിത പരിസരങ്ങള്‍ നമ്മുടെ തന്നെ ജീവിതപരിസരങ്ങളെ വേറൊരു നിലക്ക് നോക്കിക്കാണാന്‍ സഹായിക്കും. കാടിനെയും പൂക്കളെയും ഞണ്ടിനെയും പറവകളെയും മിന്നാമിനുങ്ങുകളെയുമൊക്കെ പുതിയ രീതിയില്‍ നോക്കികാണാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നവയാണ് ഗോത്ര കവിതകള്‍ എന്നു നാം മനസിലാക്കണം. ഇതൊരു അനുബന്ധമല്ല, മറിച്ച് നമുക്ക് മുന്‍പേ പറക്കുന്ന പക്ഷികളാണ്.