Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 30 April 2023 11:56 AM GMT

അഴിമതിയാല്‍ മിഴിതുറന്ന AI ക്യാമറകള്‍

നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച് കെല്‍ട്രോണ്‍ തടിതപ്പാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട രേഖകള്‍ മാത്രമാണ് വൈബ്‌സൈറ്റിലുള്ളത്. എസ്.ആര്‍.ഐ.ടി കൈമാറിയ തുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകളോ പ്രസിദ്ധീകരിച്ചിട്ടില്ല.

AI കാമറ അഴിമതി
X

കേരളത്തിലെ റോഡ് അപകടങ്ങള്‍ കുറക്കാനും, യാത്രക്കാരില്‍ ഗതാഗത സംസ്‌കാരം സൃഷ്ടിക്കാനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത എ.ഐ ക്യാമറ പദ്ധതി ഇപ്പോള്‍ വലിയ ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്. നിരവധി ദുരൂഹതകള്‍ തന്നെ ഇപ്പോഴും മറനീക്കാതെ തന്നെ കിടക്കുകയാണ്. ഓരോ ദിവസവും വരുന്ന പുതിയ വിവരങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. പക്ഷെ, കൃത്യമായ ഒരു മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കുറേയധികം സംശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിരുന്നു. ഇത് വലിയൊരു അഴിമതിക്കാണ് കളമൊരുങ്ങുന്നത് എന്ന് അദ്ദേഹം അന്നേ പറഞ്ഞിരുന്നു. എന്നാല്‍, അന്ന് അത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയില്ല. പക്ഷെ, ഇപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ഈ വിഷയം ശക്തമായി ഏറ്റെടുക്കുകയാണ്.

രമേശ് ചെന്നിത്തല ഈ ഇടപാടിലെ കൂടുതല്‍ രേഖകള്‍ പുറത്തു വിട്ടിട്ടുണ്ട്. ആരോപണം ഉന്നയിച്ച ഇതിലെ ക്യാമറയും അനുബന്ധ സാമഗ്രികളും വാങ്ങാന്‍ എസ്.ആര്‍.ഐ.ടി ലൈറ്റ് മാസ്റ്റര്‍ കമ്പനിക്ക് നല്‍കിയ പര്‍ചെയ്‌സ് ഓര്‍ഡറും അതോടൊപ്പം ക്യാമറയുടെ സ്‌പെസിഫിക്കേഷന്‍ വിവരങ്ങളുമാണ് പുറത്തു വിട്ടത്.

നേരത്തെ തന്നെ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്ന ഒരു പദ്ധതി എങ്ങനെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു എന്നുള്ള വളരെ പ്രസക്തമായ ചോദ്യം ഇപ്പോഴും അവിടെയുണ്ട്, അതിനു ചില രേഖകള്‍ മുന്നോട്ട് വെച്ചു നിങ്ങള്‍ പരിശോധിച്ചോളൂ എന്ന മറുപടിയാണ് വ്യവസായ മന്ത്രി നല്‍കിയത്. എല്ലാം കെല്‍ട്രോണിനെ ചാരി രക്ഷപ്പെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്. രമേശ് ചെന്നിത്തല ഈ ഇടപാടിലെ കൂടുതല്‍ രേഖകള്‍ പുറത്തു വിട്ടിട്ടുണ്ട്. ആരോപണം ഉന്നയിച്ച ഇതിലെ ക്യാമറയും അനുബന്ധ സാമഗ്രികളും വാങ്ങാന്‍ എസ്.ആര്‍.ഐ.ടി ലൈറ്റ് മാസ്റ്റര്‍ കമ്പനിക്ക് നല്‍കിയ പര്‍ചെയ്‌സ് ഓര്‍ഡറും അതോടൊപ്പം ക്യാമറയുടെ സ്‌പെസിഫിക്കേഷന്‍ വിവരങ്ങളുമാണ് പുറത്തു വിട്ടത്. അതോടൊപ്പം തന്നെ പ്രസാഡിയോടെ കമ്പനി ഡയറക്ടര്‍ രാംജിത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത് എന്തിനാണ് എന്ന ചോദ്യം കൂടി രമേശ് ചെന്നിത്തല ചോദിക്കുന്നുണ്ട്.

അഴിമതിയുടെ രണ്ടാം എസ്.എന്‍.സി ലാവലിനാണ് ഈ ക്യാമറ ഇടപാട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കണ്ണൂരിലെ ചില കറക്ക് കമ്പനികള്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി കൊണ്ടുവന്ന പദ്ധതിയാണ് എന്നും പറയുന്നു. ഒപ്പം ടെണ്ടറില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് എസ്.ആര്‍.ഐടി കമ്പനികള്‍ക്ക് കരാര്‍ ലഭിക്കാനായി മാത്രം നടത്തിയ ആസൂത്രണമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നുണ്ട്. കരാര്‍ ഒപ്പുടുന്ന സമയത്ത് കെല്‍ട്രോണ്‍ എം.ഡിയായിരുന്ന ഹേമലത പിന്നീട് യു.എല്‍.സി.സി ടെക്‌നോളജീസിന്റെ വൈസ് പ്രെസിഡന്റായതും ദുരൂഹമാണെന്നും പ്രതിപക്ഷം പറയുന്നു. അങ്ങനെ നിരവധി സംശയങ്ങളും ആരോപണങ്ങളുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഏഴ് ചോദ്യങ്ങള്‍ സര്‍ക്കാരിനു മുന്നിലേക്ക് പ്രതിപക്ഷം വെക്കുന്നു. പക്ഷെ, ഇതുവരെയും അതിനു കൃത്യമായ മറുപടി പറയാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

'ഈ സംസ്ഥാനത്ത് സമീപകലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ഇത്, രണ്ടാം എസ്സെന്‍സി ലാവലിന്‍ എന്നാണ് യു.ഡി.ഫ് യോഗം ഇതിനെ വിലയിരുത്തിയത്. ഈ അഴിമതി ക്യാമറയെക്കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് യു.ഡി.ഫ് നേതൃത്വ യോഗം ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി മഹാ മൗനത്തിലമര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രിയെ കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചും കേരളത്തിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ആധികാരികമായി ആരോപണം ഉന്നയിച്ചിട്ടും മറുപടി പറയാതെ മഹാ മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി, പുറത്തുവരും വരാതിരിക്കാന്‍ പറ്റില്ല,' എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് വി.ഡി സതീശന്റെ പ്രതികരണം. ആദ്യമായിട്ടല്ല ഇത് ലാവലിന് തുല്യമായ അഴിമതിയാണ് എന്ന് സതീശന്‍ ആരോപണം ഉന്നയിക്കുന്നത്. ഈ വിവാദത്തിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹം പറയുന്ന കാര്യമാണിത്.

2018ലാണ് ആദ്യമായി പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ക്കാരിനു മുന്നിലേക്ക് ഇത്തരം പദ്ധതിയുമായി വരുന്നത്. വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ ഇല്ലാതാക്കാനും ഒരു മികച്ച റോഡ് സംസ്‌കാരം ഉണ്ടാക്കിയെടുക്കാനുമുള്ള ഒരു ബ്രിഹത് പദ്ധതിയായിട്ടാണ് കെല്‍ട്രോണ്‍ ഗതാഗത വകുപ്പിനെ സമീപിക്കുന്നത്. സേഫ് കേരള പദ്ധതി പ്രകാരം റോഡില്‍ ക്യാമറകള്‍ വച്ചുകൊണ്ട് യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കുകയും റോഡിലെ നിയമ ലംഘനങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്യുന്ന വലിയൊരു പദ്ധതിയായിരുന്നു ഇത്. 2020ല്‍ ഈ പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണും സര്‍ക്കാറും തമ്മില്‍ ധാരണയായി. ഇതിന്റെ ഭാഗമായി 232.25 കോടി രൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാന്‍ ധാരണയായായത്.


ഇതിന്റെ ടെണ്ടറിലേക്ക് കെല്‍ട്രോണ്‍ നാല് കമ്പനികളെ കൊണ്ടുവന്നു. ഇതിലും കുറെയധികം ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു കണ്‍സള്‍ട്ടിങ് ഏജന്‍സി മാത്രമായിരുന്ന കെല്‍ട്രോണ്‍ ഇതിലെ ഉപകരാറുകള്‍ എടുക്കുകയും കുറെയധികം കമ്പനികളെ കൊണ്ടുവരുകയും പിന്നീട് ഈ പദ്ധതിയുടെ എല്ലാമെല്ലാം ആയി കെല്‍ട്രോണ്‍ മാറുകയും ചെയ്തു. കെല്‍ട്രോണ്‍ തന്നെ അതിലൊരു കമ്പനിയായ എസ്.ആര്‍.ഐ.ടിക്ക് 165 കോടിയുടെ രൂപയുടെ കരാര്‍ കെല്‍ട്രോണുമായി ഉണ്ടാക്കുന്നചതാണ് പിന്നീട് കാണുന്നത്. ശേഷം അതില്‍ ഉപകരാര്‍ വഴി പ്രസാഡിയെ,ാ അല്‍ഹിന്ദ് പോലുള്ള കമ്പനികള്‍ വന്നു. അവര്‍ക്കൊക്കെ എസ്.ആര്‍.ഐ.ടി ഉപകരാറുകള്‍ കൊടുക്കുകയായിരുന്നു. ഈ വിവരങ്ങളൊന്നും ഇതിന്റെ വെബ്‌സൈറ്റിലോ പുറത്തുവന്ന രേഖകളിലോ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതിലൊക്കെ വലിയ ദുരൂഹത പ്രതിപക്ഷം അന്നുമുതല്‍ ആരോപിക്കുന്നുണ്ട്.

ഈ കരാര്‍ ഏര്‍പ്പാടുകളെല്ലാം കെല്‍ട്രോണില്‍ നടക്കുന്ന സമയത്ത് കെല്‍ട്രോണിന്റെ എം.ഡി ആയിരുന്ന ഹേമലത പിന്നീട് യു.എല്‍.സി.സി ടെക്‌നോളജീസിന്റെ വൈസ് പ്രെസിഡന്റായി മാറുകയാണ് ചെയ്തത്. ഇതെല്ലം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ചില ദുരൂഹതകളുണ്ട് എന്ന കാര്യം പറയുന്നു.

പ്രസഡിയോക്ക് കൊടുക്കാം എന്ന് തീരുമാനമായത് 75കോടി രൂപയാണ്. അല്‍ഹിന്ദ് എന്ന കമ്പനിക്ക് 76 കോടിരൂപയും. അല്‍ഹിന്ദ് പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയും അവര്‍ ഇതില്‍ കുറെയധികം സംശയം ഉന്നയിക്കുകയും ചെയ്തു. ഈ പദ്ധതിയില്‍ ഒരു സുതാര്യതയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഈ പദ്ധതിയില്‍ നിന്ന് ഒഴിഞ്ഞത്. അതിനു ശേഷം മൂന്ന് പുതിയ കമ്പനികള്‍ക്ക് കൂടി ഉപകരാര്‍ കൊടുത്തു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വൈധക്ത്യം ഇല്ല എന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ട കുറെ കമ്പനികള്‍ ഉപകരാറിലൂടെ ഇതിലേക്ക് വരുന്നു. ട്രോയിസ്, മീഡിട്രോണിക്‌സ്, ഇസെന്‍ഡ്രിക് തുടങ്ങിയ കമ്പനികള്‍ പലഘട്ടങ്ങളില്‍ ഇതിന്റെ ഭാഗമായി. ഇതില്‍ കെല്‍ട്രോണ്‍ കണ്‍സള്‍ട്ടിങ് ഏജന്‍സി മാത്രമായിരിക്കണമെന്ന തീരുമാനമെല്ലാമുണ്ടായിരുന്നു. എന്നാല്‍, അതൊക്കെ മറികടന്നുകൊണ്ടുള്ള ഈ പദ്ധതിയിലെ കെല്‍ട്രോണിന്റെ ഇടപെടല്‍ ധനവകുപ്പ് അന്ന് തന്നെ എതിര്‍ത്തിരുന്നു. പൊതുമേഖലാ സ്ഥാപനമാണെങ്കില്‍ പോലും ഇങ്ങനെ എല്ലാം ചെയ്യുന്നതിലെ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിര്‍ത്തു. പക്ഷെ, ഗതാഗത മന്ത്രി വളരെ വേഗത്തില്‍ തന്നെ അത് മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരുകയും മന്ത്രി സഭയുടെ അനുമതി നേടിയെടുക്കുകയും അങ്ങനെ കെല്‍ട്രോണിനൊരു പരമാധികാരം ലഭിക്കുകയുമായിരുന്നു. ഏപ്രില്‍ 12ലെ മന്ത്രി സഭായോഗമാണ് തത്വത്തില്‍ ഈ പദ്ധതിക്ക് അംഗീകാരം കൊടുക്കുന്നത്. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത പ്രകാരം ആ സമയത്തു തന്നെ ഈ പദ്ധതിയടക്കം വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. കമീഷന്‍ പറ്റാന്‍ വേണ്ടിയുള്ള ഒരു പദ്ധതിയായി ഇത് മാറുകയാണ്. നോക്കുകൂലി വാങ്ങുന്നു എന്നാണ് പരിഹാസ രൂപേണ പ്രതിപക്ഷ നേതാവ് ഇതിനെ പറ്റി പറയുന്നത്. കെല്‍ട്രോണിന് മാത്രം 67.25 കോടി രൂപയാണ് ഈ ഘട്ടത്തില്‍ കമീഷന്‍ ആയി വരുന്നത്, അത് എന്തിനൊക്കെ വിനിയോഗിക്കുന്നു എന്ന് കൂടി എം.ഡി പിന്നീട് പുറത്തു പറയുകയും ചെയ്യുന്നുണ്ട്. കെല്‍ട്രോണിന് 65.25 കോടി രൂപ കിട്ടുന്നു. എസ്.ആര്‍.ഐ.ടിക്ക് അതിന്റെ ആറ് ശതമാനമാണ് കമീഷന്‍ ഇനത്തില്‍ ലഭിക്കുന്നത്.

പ്രതിപക്ഷത്തിന്റെ ചോദ്യമുന സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട നേതാവുമായി ഈ ആളുകള്‍ക്ക് ബന്ധമുണ്ട് എന്നതിലേക്കൊക്കെ പോകുന്നു. അപ്പോള്‍ പ്രതിപക്ഷത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ അറിവോടു കൂടിതന്നെയാണ് വലിയൊരു അഴിമതി ഇതില്‍ നടന്നിട്ടുള്ളത് എന്നത് വെളിപ്പെടുക എന്നതിലേക്കാണ്. എന്നാല്‍, ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. ഉപകരാര്‍ കെല്‍ട്രോണ്‍ അറിഞ്ഞു തന്നെയാണോ എന്നതാണ് ഒന്നാമത്തെ ചോദ്യം. കെല്‍ട്രോണ്‍ പറയുന്നത് ഇതില്‍ തങ്ങള കണ്‍സള്‍ട്ടന്റ് ആയി മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നും അതിന്റെ ബാഗമായി ചില കമ്പനികള്‍ തെരെഞ്ഞെടുത്തു എന്നുമാണ്. പക്ഷെ, ഈ ഉപകരാറില്‍ പറയുന്ന കാര്യങ്ങളും മാനദണ്ഡങ്ങളും കെല്‍ട്രോണ്‍ അറിഞ്ഞു തന്നെയാണോ? കെല്‍ട്രോണ്‍ ആണോ ഇതില്‍ മറുപടി പറയേണ്ടത് എന്നത് ഒരു ചോദ്യമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാം കെല്‍ട്രോണിന്റെ തലയില്‍ വെച്ച് തലയൂരാനുള്ള ശ്രമം നടത്തുന്നുണ്ട് പക്ഷെ, കെല്‍ട്രോണ്‍ പറയുന്ന മറുപടി പൂര്‍ണാര്‍ഥത്തില്‍ ശരിയാകുന്നുമില്ല. ഉപകരാറാണെങ്കില്‍ കെല്‍ട്രോണ്‍ ഈ പദ്ധതി നടപ്പാക്കാത്തതെന്ത് എന്ന ചോദ്യത്തിന്നുത്തരം കെല്‍ട്രോണിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. ഒപ്പം ഭരണ രംഗത്തെ പ്രമുഖന്റെ ബന്ധു ഈ കരാറില്‍ ഇടപെട്ടു എന്നത് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിലസെ പ്രധാനപ്പെട്ട ഒന്നാണ്. ഉരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള ശ്രമം ഒക്കെ പ്രതിപക്ഷം നടത്തുന്നുണ്ട്.

പദ്ധതിയുടെ കരാര്‍ രേഖ പുറത്തു വരാത്തത് എന്തുകൊണ്ടാണ് എന്നതാണ് മറ്റൊരു ചോദ്യം. ഇതുമായി ബന്ധപ്പെട്ട കുറെയധികം രേഖകള്‍ ഇപ്പോഴും കാണാമറയത്തു തന്നെയാണ്. അതാണ് ഇതിലൊരു ദുരൂഹതയായി ഇപ്പോഴും നില്‍ക്കുന്നത്. എന്തായാലും സര്‍ക്കാരിന് ഇക്കാര്യത്തിലൊരു മറുപടി പറയാന്‍ കഴിയുന്നുണ്ടോ? ഈ പ്രതിസന്ധി/z എത്തരത്തിലാണ് സര്‍ക്കാരിന് മറികടക്കാന്‍ കഴിയുക എന്നത് നിര്‍മായകമാണ്. സര്‍ക്കാരിന്റെ മറുപടിയയായി കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞതില്‍ വൈരുധ്യങ്ങള്‍ പ്രകടമാണ്.

എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഉയര്‍ന്നത് കരാര്‍ ലഭിച്ച എസ്.ആര്‍.ഐ.ടി അത് ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഉപകരാര്‍ നല്‍കുകയും അതിന്മേല്‍ ചില ഇടപാടുകള്‍ നടത്തുകയും ചെയ്തു എന്ന ആരോപണങ്ങള്‍ ആയിരുന്നു എങ്കില്‍ ഇന്ന് പ്രതിപക്ഷം കുറെ കൂടി കടന്നു പോയി ഈ ടെണ്ടര്‍ പ്രക്രിയ ആകെ സംശയത്തിന്റെ നിഴലിലാണ് എന്ന രീതിയില്‍ ചോദ്യം ചെയ്യലിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത്, ഈ ടെണ്ടറില്‍ മൂന്നു കമ്പനികളാണ് പങ്കെടുത്തിരുന്നത്. അതായത്, ടെണ്ടറില്‍ പങ്കെടുക്കാനായി അപേക്ഷ സമര്‍പ്പിച്ചു ടെണ്ടറില്‍ പങ്കെടുക്കാന്‍ സാങ്കേതിക യോഗ്യത നേടിയതില്‍ ഒന്ന് എസ്.ആര്‍.ഐ.ടി ആയിരുന്നു. മറ്റൊന്ന് അക്ഷര എന്ന കമ്പനിയാണ്. മൂന്നാമത്തേത് അശോക എന്ന കമ്പനിയുമാണ്. പ്രതിപക്ഷം ഇപ്പോള്‍ ആരോപിക്കുന്നത് ഇത് തന്നെ എസ്.ആര്‍.ഐ.ടിക്ക് ടെണ്ടര്‍ നല്‍കാനായി അവരുമായി ബന്ധപ്പെട്ട ചിലരെയൊക്കെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു രീതിയാണ് ഈ ടെണ്ടറില്‍ ഉണ്ടായിരുന്നത് എന്നുള്ളതാണ്. അതില്‍ എസ്.ആര്‍.ഐ.ടിയുമായി ബന്ധമുള്ള കമ്പനിയാണ് അശോക എന്ന കമ്പനി.

പ്രതിപക്ഷം ഉന്നയിക്കുന്നത് ഇത് വലിയ അഴിമതിയാണെന്നും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ സെക്രട്ടറിയുടെ പരിശോധന അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. ജഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.

കെ. ഫോണുമായി ബന്ധപ്പെട്ട് എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയിരിക്കുന്ന കമ്പനിയാണ് അശോക. പ്രധാനപ്പെട്ട കാര്യം , ഇവര്‍ എ.ഐ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നുമല്ല അവര്‍ പാലങ്ങളും ഹൈവേകളും നിര്‍മിക്കുന്ന കമ്പനിയാണ് അവര്‍ക്കെങ്ങനെ സാങ്കേതിക യോഗ്യത ലഭിച്ചു എന്ന ചോദ്യമാണ് ഇന്ന് പ്രതിപക്ഷ നേതാവ് തന്നെ മുന്നോട്ട് വച്ചത്. മറ്റൊന്ന് അക്ഷര എന്ന കമ്പനി, ആ കമ്പനി 10വര്‍ഷത്തെ പ്രവര്‍ത്തി പരിചയം പോലുമില്ലാത്ത കമ്പനിയാണ്. അത്തരമൊരു കമ്പനി എങ്ങനെ സാങ്കേതികമായി ടെണ്ടറില്‍ യോഗ്യത നേടി. എസ്.ആര്‍.ഐ.ടിക്ക് തന്നെ ഈ ടെണ്ടര്‍ ലഭിക്കണമെന്നത് ഉന്നയിച്ചു കൊണ്ട് അതിനു വേണ്ടി സൃഷ്ടിക്കപ്പെട്ട ആസ്രൂത്രണത്തിന്റെ ഭാഗമായിരുന്നു കെല്‍ട്രോണിന്റെ ഈ ടെണ്ടര്‍ പ്രക്രിയ എന്ന കാര്യമാണ് പ്രതിപക്ഷം മുന്നോട്ട് വക്കുന്നത്. ഇതിനൊപ്പം തന്നെ ടെണ്ടറിന്റെ വ്യവസ്ഥകള്‍ എങ്ങനെയൊക്കെ ലംഘിച്ചു എന്ന വളരെ കൃത്യമായ ആരോപണങ്ങളിലേക്ക് പ്രതിപക്ഷം ഈ അവസരത്തില്‍ കടക്കുന്നുണ്ട്. ഇപ്പോള്‍, അതിനപ്പുറത്തേക്കാണ് പ്രതിപക്ഷം ഇതിനെ കൊണ്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ആളുകളാണ് ഇതിനൊക്കെ പിന്നില്‍ എന്നുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എല്ലാം ചെന്ന് വീഴുന്നത് ഒരേ പാത്രത്തിലേക്ക് എന്നാണ് പ്രതിപക്ഷ നേതാവ് സൂചിപ്പിക്കുന്നത്. ഒപ്പം സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കൂടി ഇതിനകത്ത് പ്രതി പട്ടികയില്‍ നിര്‍ത്താനുള്ള ശ്രമം കൂടി പ്രതിപക്ഷം നടത്തുന്നുണ്ട്.

മാത്രമല്ല ഈ കരാര്‍ ഏര്‍പ്പാടുകളെല്ലാം കെല്‍ട്രോണില്‍ നടക്കുന്ന സമയത്ത് കെല്‍ട്രോണിന്റെ എം.ഡി ആയിരുന്ന ഹേമലത പിന്നീട് യു.എല്‍.സി.സി ടെക്‌നോളജീസിന്റെ വൈസ് പ്രെസിഡന്റായി മാറുകയാണ് ചെയ്തത്. ഇതെല്ലം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ചില ദുരൂഹതകളുണ്ട് എന്ന കാര്യം പറയുന്നു. മറുവശത്തു രമേശ് ചെന്നിത്തല പര്‍ച്ചേയ്‌സ് രേഖകള്‍ പുറത്തു വിട്ടുകൊണ്ട് എസ്.ആര്‍.ഐ.ടി തന്നെ മുന്‍പ് നല്‍കിയിരുന്ന പര്‍ച്ചേയ്‌സ് ഓര്‍ഡറുകള്‍ നല്‍കികൊണ്ട് ഈ വില സ്ഥാപിക്കപ്പെട്ടതിനൊന്നും വരില്ല എന്ന കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നത് ഇത് വലിയ അഴിമതിയാണെന്നും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ സെക്രട്ടറിയുടെ പരിശോധന അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. ജഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. അതേസമയം, എ.ഐ ക്യാമറ ഇടപാടില്‍ എ.ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാര്‍ശ ചെയ്താല്‍ എ.ഐ കാമറ ഇടപാട് അടക്കം കെല്‍ട്രോണ്‍ ഇടനിലക്കാരായ വന്‍കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടും അടുത്തയാഴ്ച നല്‍കും. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ ഓരോ സാമ്പത്തിക വര്‍ഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാല്‍ എ.ഐ കാമറ ഇടപാട് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിനുമാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്.

നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച് കെല്‍ട്രോണ്‍ തടിതപ്പാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട രേഖകള്‍ മാത്രമാണ് വൈബ്‌സൈറ്റിലുള്ളത്. എസ്.ആര്‍.ഐ.ടി കൈമാറിയ തുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകളോ പ്രസിദ്ധീകരിച്ചിട്ടില്ല.


TAGS :