അലബാമയിലെ തീയും ബ്രഹ്മപുരത്തെ പുകയും
വ്യാപ്തിയില്‍ അന്തരം ഉണ്ടെങ്കിലും ബ്രഹമപുരത്തിന് സമാനമായ സംഭവമാണ് അമേരിക്കയിലെ അലബാമയില്‍ നടന്നത്.
കുന്നോളം കുമിഞ്ഞു കൂടിയ മാലിന്യം അതിന്റെ ഏറ്റവും ഉയരത്തിലെത്തിയിട്ടും നടപടി ഇല്ലാത്തതിന്റെ ഫലമാണ് ബ്രഹ്മപുരവും കൊച്ചിയും നീറിപ്പുകയാന്‍ കാരണമായത്. കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായ ബ്രഹ്മപുരം ലാന്‍ഡ്ഫില്‍ കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നാണ് പറയപ്പെടുന്നതെങ്കിലും, ഇത് യഥാര്‍ഥത്തില്‍ ഒരു മാലിന്യ നിക്ഷേപ കേന്ദ്രമാണ്. പരിസ്ഥിതി മലിനീകരണം, തീപിടുത്തം, പൊതുജനാരോഗ്യത്തിന് ഭീഷണി, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയുടെ പ്രധാന ഉറവിടമായി മാറിയിരിക്കുന്നു ഈ പ്രദേശം.
കൊച്ചി നഗരത്തില്‍ പ്രതിദിനം 600 ടണ്ണില്‍ അധികം മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. അതില്‍ ഏകദേശം 100 ടണ്‍ മാലിന്യം ബ്രഹ്മപുരം ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ വെച്ച് വിഘടിപ്പിച്ച് ജൈവവളമായി മാറ്റുന്നു. യഥാര്‍ഥത്തില്‍ ഖരമാലിന്യ സംസ്‌കരണത്തിനായി 2008 ല്‍ ഉദ്ഘാടനം ചെയ്ത 'പ്ലാന്റ്' ഒടുവില്‍ മാലിന്യം നിക്ഷേപ കേന്ദ്രമായിമാറുകയായിരുന്നു. 40 ഏക്കര്‍ സ്ഥലത്ത് 5.5 ലക്ഷം ടണ്‍ മാലിന്യമാണ് വ്യാപിച്ചു കിടക്കുന്നത്.
2023 മാര്‍ച്ച് രണ്ടിനാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായത്. ഇതിനെത്തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ പുകയില്‍ മുങ്ങി. കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പുറകിലെ ചതുപ്പ് പ്രദേശത്താണ് തീ പടര്‍ന്നത്. കിലോമീറ്ററോളം തീ വ്യാപിച്ചു. ജനജീവിതം ദുസ്സഹമായി മാറി. തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴച്ചു മത്തി. മാര്‍ച്ച് ആറോടു കൂടി തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയുടെ അന്തരീക്ഷത്തില്‍ വിഷാംശമുള്ള മൂലകങ്ങള്‍ അതിവേഗം അപകടകരമായ നിലയിലേക്ക് വര്‍ധിച്ചു. തുടക്കത്തില്‍ തന്നെ മാലിന്യനീക്കത്തിന് ബദല്‍ സംവിധാനം ഒരുക്കേണ്ടതായിരുന്നു.
നിലവില്‍ കൊച്ചി കോര്‍പ്പറേഷനു പുറമെ കളമശേരി, ആലുവ, അങ്കമാലി, തൃക്കാക്കര, തൃപ്പൂണിത്തറ നഗരസഭകളും ചേരാനല്ലൂര്‍, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തുകളും മാലിന്യം തള്ളുന്നത് ബ്രഹ്മപുരത്താണ്. തീപിടുത്തം ഉണ്ടായി ഒരാഴ്ചക്കുള്ളില്‍ ആലപ്പുഴ കോട്ടയം ജില്ലകളിലേക്കും പുകപടര്‍ന്നു. കേരള ഹൈക്കോടതി ഇടപെട്ടു. കൊച്ചിയിലെ ജനങ്ങള്‍ ഗ്യാസ് ചേമ്പറില്‍ കുടുങ്ങിയിരിക്കുകയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തീപ്പിടിത്തം ഉണ്ടായതോടെ ബ്രഹ്മപുരത്തുള്ള മാലിന്യം നീക്കം നിലച്ചു. അതോടെ കൊച്ചി നഗരം മാലിന്യക്കൂമ്പാരമായി മാറി. 2023 മാര്‍ച്ച് 13ന് വൈകുന്നേരത്തോടെ തീ നിയന്ത്രണവിധേയമായി. എന്നാല്‍, പുറന്തള്ളുന്ന വിഷാംശം നഗരത്തെ വിഴുങ്ങുന്നത് തുടര്‍ന്നു. ഇത് ദൈനംദിന ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാക്കി.
അലബാമയില്‍ സംഭവിക്കുന്നത്
വ്യാപ്തിയില്‍ അന്തരം ഉണ്ടെങ്കിലും ബ്രഹമപുരത്തിന് സമാനമായ സംഭവമാണ് അമേരിക്കയിലെ അലബാമയില്‍ നടന്നത്. പ്രദേശത്തെ താമസക്കാരിയായ ക്രിസ്റ്റിഹാര്‍മന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: താങ്ക്‌സ്ഗിവിങ് ആഘോഷങ്ങളും അത്താഴവും കഴിഞ്ഞ് രാത്രി വൈകിയാണ് ഉറങ്ങാനായിപ്പോയത്. അപ്പോഴാണ് എന്തോ പുകയുന്ന മണം ശ്രദ്ധയില്‍ പെട്ടത്. വീടിനു തീ പിടിച്ചതാണോ എന്ന് ഭയന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ തൊട്ടടുത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും തീ ആളിക്കത്തുന്നതാണ് കണ്ടത്. പ്രദേശമാകെ പുക മൂടുകയും തീ ജ്വാല ഉയരത്തില്‍ പടര്‍ന്നുകയറുകയും മരങ്ങള്‍ക്ക് മുകളില്‍ വരെ തീ എത്തുകയും ചെയ്തിരുന്നു.
അലബാമ സ്‌റ്റേറ്റ് അധികാരികളും പ്രാദേശിക ഭരണകൂടവും അഗ്‌നിശമനസേനയും തീ അണയ്‌ക്കേണ്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നതിന്റെ തര്‍ക്കത്തില്‍ ആഴ്ചകളാണ് പാഴാക്കി കളഞ്ഞത്. ഒരുവശത്ത് തീ ആളിക്കത്തുന്നു, മറുവശത്ത് തര്‍ക്കം തുടരുന്നു. ഒടുവില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ആയിരക്കണക്കിന് ഡംസൈറ്റ് ഫയാറാണ് എല്ലാവര്‍ഷവും അമേരിക്കയില്‍ സംഭവിക്കുന്നത്. മരങ്ങളും ഇലകളും മാത്രം നിക്ഷേപിക്കേണ്ട സ്ഥലത്ത് പ്ലാസ്റ്റിക്, ഗൃഹോപകരണങ്ങള്‍, ടയറുകള്‍ ഇവയെല്ലാം ഒരുമിച്ചു കൂട്ടിയിട്ടതായി പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. വലിയ തീപിടുത്തത്തിനുള്ള എല്ലാവിധ സാഹചര്യങ്ങളും ഇവിടെയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മുഴുവന്‍ ഏജന്‍സികളും ഒരേപോലെ റിപ്പോര്‍ട്ടില്‍ എഴുതി. നവംബറില്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഈ തീ കെടുത്താന്‍ ഏകദേശം 30 ലക്ഷം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി മാസത്തിന്റെ അവസാനമെടുത്ത എയര്‍ സാമ്പിളില്‍ അന്തരീക്ഷത്തില്‍ അപകടകരമായ രീതിയില്‍ രാസവസ്തുക്കള്‍ ഉള്ളതായി കണ്ടെത്തി. പലരും വീടും നാടും ഉപേക്ഷിച്ച് പോയി. അവിടെ പിടിച്ചുനിന്നവര്‍ക്കാവട്ടെ വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, തലവേദന, കണ്ണെരിച്ചല്‍ എന്നിങ്ങനെയുള്ള അസുഖങ്ങളും പിടിപെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോയ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് അടിയന്തരാവസ്ഥ തന്നെ പ്രഖ്യാപിക്കേണ്ടതായി വന്നു. പല സ്ഥലങ്ങളിലും 100 അടിയിലേറെ താഴ്ച്ചയില്‍ മാലിന്യനിക്ഷേപം നടന്നിരുന്നു. പരിസ്ഥിതി സംരക്ഷണം ഏജന്‍സി ഇപ്പോള്‍ തീക്ക് മുകളില്‍ മണ്ണിട്ട് നികത്തുവാനുള്ള ശ്രമത്തിലാണ്.
പ്രദേശത്തെ ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് ദൂരെയുള്ള ഹോട്ടലുകളിലും വാടക വീടുകളിലും താമസം മാറി. എന്നാല്‍, ഒരു കുടുംബത്തിന് മാത്രം താമസം മാറാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് ഒരു വികലാംഗനായ കുട്ടിയുണ്ട്. അവനെയും കൊണ്ട് ദീര്‍ഘദൂരം പോവുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഓട്ടിസം ബാധിച്ച ഹാര്‍മന്റെ 13 വയസ്സുള്ള മകന് പുക വിശ്വസിച്ചതിന്റെ ദുരാനുഭവം ഏറ്റുവാങ്ങേണ്ടി വന്നു. തലവേദന, മൂക്കില്‍ നിന്നും രക്തസ്രാവം, മറ്റു വേദനാജനകമായ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെട്ടതിനോടൊപ്പം ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതിരോധശേഷി കുറഞ്ഞു എന്നും ഹാര്‍മന്‍ പറയുന്നു. ഡിസംബറിന്റെ അവസാനത്തെ വാര്‍ത്താക്കുറിപ്പില്‍ പുക കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വീടിനകത്തുതന്നെ ഇരിക്കാനും ഡോക്ടറോട് ഫോണില്‍ ബന്ധപ്പെടുവാനും എ. ഡി.ഇ.എം നിവാസികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ബ്രിഡ്ജ്ടണ്‍ ലാന്‍ഡ് ഫില്ലിന്റെ ചരിത്രം ശീതകാല യുദ്ധത്തില്‍ നിന്ന് തന്നെ തുടങ്ങണം. അനധികൃതമായി ന്യൂക്ലിയര്‍ മാലിന്യം നിക്ഷേപിച്ച ലാന്‍ഡ്ഫില്ലില്‍ 2010 ലാണ് ആദ്യമായി തീ കത്തുന്നതായി കണ്ടത്. അറ്റോണി ജനറല്‍ തുടങ്ങിവച്ച നിയമ യുദ്ധത്തിനോടുവില്‍ ഇതിന്റെ ഉടമസ്ഥര്‍ക്ക് ഏകദേശം 1.6 കോടി നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നു. ഇപ്പോള്‍ ഗവര്‍മെന്റിന്റെ സൂപ്പര്‍ ഫണ്ടില്‍ നിന്നും 200 കോടി ഉപയോഗിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി.
കാലിഫോര്‍ണിയിലെ ഈസ്റ്റ് സ്റ്റോക്ക് ടൗണിലെ ഫോര്‍വേഡ് ലാന്‍ഡ് ഫില്ലിലെ വില്ലന്‍ മീഥെയ്ന്‍ ആയിരുന്നു. 18 മാസത്തിനുള്ളില്‍ ഏഴ് തീപിടുത്തമുണ്ടായ ഈ ലാന്‍ഡ് ഫില്ലിന്റെ ഉടമസ്ഥര്‍ ഒടുവില്‍ 40 ലക്ഷം നല്‍കി അതില്‍ നിന്നും പിന്മാറി രക്ഷപ്പെടുകയായിരുന്നു. വീടുകളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിക്കാതെ എത്തുമ്പോള്‍ മീഥെയ്ന്‍ അന്തരീക്ഷമാകെ പടരുന്നു. വളരെ അപകടം പിടിച്ച ഈ വാതകം കാലാവസ്ഥ വ്യതിയാനത്തിനു പിന്നിലെ പ്രധാന കാരണം കൂടിയാണ്.
മാലിന്യങ്ങള്‍ തരം തിരിച്ചാല്‍ ഒരുപാട് പ്രയോജനമുണ്ട്. ഭക്ഷ്യവസ്തുക്കള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചാല്‍ ജൈവവളമായി മാറും. പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ്, പേപ്പര്‍ തുടങ്ങിയ അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചല്‍ റീസൈക്കിള്‍ ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും. അന്തരീക്ഷ മലിനീകരണവും അപകടവും കുറയും. അതുപോലെ പ്രാധാന്യമുള്ള മറ്റൊന്നാണ് B3 മാലിന്യം അഥവാ വിഷ മാലിന്യം. ബാറ്ററികള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയെല്ലാമാണ് B3 മാലിന്യത്തില്‍ ഉള്‍പ്പെടുന്നത്. ഇതുകൂടാതെ മെഡിക്കല്‍ മാലിന്യങ്ങളുമുണ്ട്. ഇതെല്ലാം കൂട്ടമായി കത്തിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശമില്ല.
വിശപ്പുകയില്‍ ഇനിയും എത്ര നാള്‍?
മാലിന്യത്തെ പറ്റിയും അതിന്റെ സംസ്‌കരണത്തെ പറ്റിയും ഗൗരവമായ ചിന്തകളും തീരുമാനങ്ങളും എടുക്കേണ്ടത് അത്യാവശ്യമാണ്. മാലിന്യം നമ്മുടെ വഴിമുടക്കരുത്. വിഷപ്പുകയില്‍ ശ്വാസം മുട്ടി ജീവിക്കുക എന്നത് അസാധ്യമാണ്. ഉത്തരവാദിത്തം ആര്‍ക്കാണെന്ന് പരസ്പരം പഴിചാരാതെ മാലിന്യത്തെ ജീവിതം ദുഷ്‌കരമാക്കുന്ന ഒന്നായി കണ്ടേമതിയാകൂ.