Quantcast
MediaOne Logo

ഇസ്രായേലും രാഷ്ട്രീയക്കാരും ഉള്ളിടത്തോളം ലെബനാന്‍ ശാന്തമാവില്ല - അലി ഷഹരൂര്‍

രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തിലുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി അലി ഷഹരൂര്‍ രചിച്ച് സംവിധാനം ചെയ്ത പുതിയ നാടകമാണ് ഇറ്റ്‌ഫോക്കിനെത്തിയ 'ടോള്‍ഡ് ബൈ മൈ മദര്‍'. രണ്ട് അമ്മമാരുടെ കഥയാണ് നാടകം പറയുന്നത്. | Itfok2023

ഇസ്രായേലും രാഷ്ട്രീയക്കാരും ഉള്ളിടത്തോളം    ലെബനാന്‍ ശാന്തമാവില്ല - അലി ഷഹരൂര്‍
X

ലെബനീസ് സംവിധായകനും നടനും നര്‍ത്തകനുമാണ്. ലെബനീസ് സര്‍വകലാശാലയില്‍ നാടക പഠനം പൂര്‍ത്തിയാക്കിയശേഷം യൂറോപ്പിലെ നിരവധി നൃത്ത വിദ്യാലയങ്ങളില്‍ നിന്ന് നൃത്തം പഠിച്ചു. ഇതുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ നിരവധി ശില്‍പ്പശാലകളില്‍ പങ്കെടുത്തു. ലെബനന്‍ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ സമകാലീന നൃത്തം ചിട്ടപ്പെടുത്തുകയും നാടിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ ഡാന്‍സ് തിയറ്റര്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ലെബനാനിലെ പ്രശസ്ത നാടക കമ്പനിയായ സുക്കാക്ക് തിയറ്ററുമായി സഹകരിച്ച് നാടകങ്ങള്‍ ചെയ്യുന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തിലുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി അലി രചിച്ച് സംവിധാനം ചെയ്ത പുതിയ നാടകമാണ് ഇറ്റ്‌ഫോക്കിനെത്തിയ 'ടോള്‍ഡ് ബൈ മൈ മദര്‍'. രണ്ട് അമ്മമാരുടെ കഥയാണ് നാടകം പറഞ്ഞത്. ലെബനാനിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും കലാകാരന്മാരുടെ അവസ്ഥയും അലി പങ്കുവെക്കുന്നു.


ഇസ്രായേലിന്റെയും ലെബനാന്റെയും സമീപ രാജ്യമാണ് സിറിയ. സിറിയ കേന്ദ്രീകരിച്ച് ഇസ്രായേല്‍ രൂപവത്കരിച്ചതാണ് ഐ.എസ്.ഐ.എസ്. നിരവധി യുവാക്കളാണ് ഐഎസില്‍ എത്തി തങ്ങളുടെ ജീവിതം ഹോമിച്ചത്. ഇസ്രായേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മാരകമായ വൈറസാണ് അവര്‍.

ഞങ്ങള്‍ക്ക് രണ്ട് ശത്രുക്കളാണുള്ളത്- ഇസ്രായേലും രാജ്യത്തെ രാഷ്ട്രീയക്കാരും. രാജ്യം അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലെബനാന്‍ അനുഭവിക്കുന്നത്. ഒരു ഭാഗത്ത് ഇസ്രായേല്‍ ആക്രമണവും അധിനിവേശം തുടരുന്നു. എന്റെ ഗ്രാമം അടക്കം ഇപ്പോള്‍ അവര്‍ കയ്യേറി. ഇടക്കിടെ ബോംബാക്രമണവും നടത്തുന്നു.

മറുഭാഗത്ത്, രാഷ്ട്രീയക്കാരും സര്‍ക്കാരും ഞങ്ങളെ കൊല്ലുകയാണ്. 2020 ആഗസ്റ്റ് നാലിന് ബെയ്‌റൂത്ത് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. യാതൊരു സുരക്ഷയും ഒരുക്കാതെ ആറ് വര്‍ഷമായി തുറമുഖത്ത് വെച്ചിരുന്ന ടണ്‍കണക്കിന് അമോണിയം സള്‍ഫേറ്റാണ് പൊട്ടിത്തെറിച്ചത്. മൂന്ന് കുട്ടികള്‍ക്കടക്കം 218 പേരുടെ ജീവന്‍ പൊലിഞ്ഞു. 7,000 ഓളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. നഗരം പകുതിയോളം തകര്‍ന്നു. ഒരുപക്ഷേ, അതിനു പിന്നില്‍ ഇസ്രായേല്‍ ആയിരിക്കാം. പക്ഷേ, സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണ് വന്‍ ദുരന്തത്തില്‍ എത്തിച്ചത്. സംഭവം ഇന്നും ദുരൂഹമായി അവശേഷിക്കുകയാണ്.

പക്ഷേ, സര്‍ക്കാരിനോ, രാഷ്ട്രീയക്കാര്‍ക്കോ കൂസലില്ല. അവര്‍ മതത്തെ കൂട്ടുപിടിച്ചാണ് രക്ഷപ്പെടുന്നത്. രാഷ്ട്രീയത്തെക്കുറിച്ചോ, രാജ്യത്തിന്റെ സാമൂഹിക അവസ്ഥയെക്കുറിച്ചോ മതത്തെക്കുറിച്ചോ മിണ്ടരുതെന്നാണ് തിട്ടൂരം. കടുത്ത സെന്‍സറിംഗാണ്. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു അവതരണത്തിനും അനുമതി ലഭിക്കില്ല. പക്ഷേ, ഞാന്‍ സെന്‍സറിംഗിന് വഴങ്ങാറില്ല. എന്തു സംഭവിച്ചാലും പറയാനുള്ളത് ഞാന്‍ പറയും.

രാജ്യത്തിന്റെ പ്രതീക്ഷ ഇപ്പോള്‍ കലാകാരന്മാരിലാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മനംനൊന്ത് ഭൂരിഭാഗം കലാകാരന്മാരും രാജ്യം വിട്ടു. ഇപ്പോള്‍ കുറച്ച് കലാകാരന്മാരും ഏതാനും ഗ്രൂപ്പുകളും മാത്രമാണുള്ളത്. വളരെ സമ്പന്നമായ കലാ, സാംസ്‌കാരിക പാരമ്പര്യമാണ് ലെബനാന്റേത്. സംഗീതവും നൃത്തവും നാടകവും ഇഴചേര്‍ന്ന് കിടക്കുന്നു. ഏത് ആവിഷ്‌ക്കാരമായാലും ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അവര്‍ നേരത്തെ തന്നെ ടിക്കറ്റെടുക്കും. ഹാളുകള്‍ നിറയും. കലയിലാണ് ജനങ്ങള്‍ അഭയം തേടുന്നത്.


പക്ഷേ, രാജ്യം നേരിടുന്ന ഭീഷണിയും പ്രശ്‌നങ്ങളും ജനങ്ങളെ വലക്കുന്നു. ഇസ്രായേലും രാഷ്ട്രീയക്കാരും ഉള്ളിടത്തോളം ലെബനാന്‍ രക്ഷപ്പെടില്ല. പ്രശ്‌നങ്ങള്‍ തീര്‍ന്ന് നാട് ശാന്തിയുടെ തീരത്തണിയുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. നാടിന്റെ പ്രശ്‌നങ്ങള്‍ എന്റെ നാടകത്തിലൂടെയും നൃത്തത്തിലൂടെയും പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഞാന്‍. രണ്ടു അമ്മമാരുടെ കഥയാണ് 'ടോള്‍ഡ് ബൈ മൈ മദര്‍' പറയുന്നത്. അതില്‍ ഒരു അമ്മ എന്റെ അമ്മായി ഫാത്തിമ ഷെഹറൂര്‍ ആണ്. വലിയ കുടുംബമാണ് ഞങ്ങളുടെത്. ഈ നാടകത്തില്‍ എന്റെ കുടുംബാംഗം ലൈല ഷെഹറൂറാണ് ഒരു അമ്മയെ അവതരിപ്പിക്കുന്നത്. അവരുടെ മകന്‍ അബ്ബാസ് മൗലയുമുണ്ട്.

സുക്കാക്കില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ 10 കൊല്ലം മുമ്പ് ഞാന്‍ ഇറ്റ്‌ഫോക്കില്‍ വന്നിട്ടുണ്ട്. അന്ന് സുക്കാക്ക് തിയറ്ററിന്റെ നാടകമായിരുന്നു. സുക്കാക്ക് വിട്ട ശേഷമാണ് സ്വന്തമായി നാടകം ചെയ്യാന്‍ തുടങ്ങിയത്. എന്റൊപ്പം സ്ഥിരം അഭിനേതാക്കളോ മറ്റു അണിയറ പ്രവര്‍ത്തകരോ ഇല്ല. ആവശ്യാനുസരണം ഇവരെ വിളിക്കുകയാണ് ചെയ്യുന്നത്.


അലിയും കുടുംബാംഗങ്ങളായ ലൈലയും അബ്ബാസും മുരളി തിയറ്ററില്‍


TAGS :