Quantcast
MediaOne Logo

കുറ്റ്യാടിയിലെ നെഹ്റുവും വയനാട്ടിലെ പ്രിയങ്കയും: പാകിസ്‍താൻ പതാകയാരോപണം കേരളത്തിൽ (1948 - 2024)

  • വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന്‍ ബന്ധപ്പെടുത്തുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ട്ടി സൂചനകള്‍ റാലിയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ വടക്കേ ഇന്ത്യയില്‍ ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ ചെറുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം
  • 2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -3

കുറ്റ്യാടിയിലെ നെഹ്റുവും വയനാട്ടിലെ പ്രിയങ്കയും: പാകിസ്‍താൻ പതാകയാരോപണം കേരളത്തിൽ (1948 - 2024)
X

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ പാകിസ്താന്‍ പതാക വീശിയെന്ന പ്രചാരണം ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാണ് (ദ വീക്ക്, 23 ഒക്ടോബര്‍ 2024). ലീഗിന്റെ പച്ചക്കൊടിയാണ് പാകിസ്താന്‍ പതാകയായി ചിത്രീകരിക്കുന്നത്. തീവ്രദേശീയവാദികളുടെ പച്ചപ്പതാക ഭയത്തിന് നീണ്ട ചരിത്രമുണ്ട്. മുസ്‍ലിം ചിഹ്നങ്ങളെ പാകിസ്താനുമായി സമീകരിക്കുക മാത്രമല്ല, അങ്ങോട്ട് നാടുകടത്തണമെന്ന ആവശ്യവും ഉയരാറുണ്ട്. ഇന്ത്യന്‍ മുസ്‍ലിംകളുടെ മാതൃരാജ്യം പാകിസ്താനാണെന്നാണ് വിദ്വേഷപ്രചാരകര്‍ പറയാന്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ക്ക് ചരിത്രത്തിലും വേരുകളുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മല്‍സരിച്ച രാഹുല്‍ ഗാന്ധിക്കെതിരേ സമാനമായ ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് റാലിയില്‍ ലീഗ് പതാക വീശിയതാണ് കാരണം (ന്യൂസ്18, ഏപ്രില്‍ 3, 2019). ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിച്ചെന്ന പ്രചാരവും വ്യാപകമായി. നടക്കുന്നത് നുണപ്രചാരണമാണെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് ഫേസ്ബുക്കിലൂടെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല(2019, ഏപ്രില്‍ 3). വയനാട്ടിലെ ഘോഷയാത്ര കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് മനസ്സിലാവില്ലെന്നായിരുന്നു നാഗ്പൂരിലെ തെരഞ്ഞെടുപ്പു റാലിയില്‍ അമിത് ഷാ പ്രസംഗിച്ചത് (ന്യൂസ്മിനിറ്റ്, ഏപ്രില്‍ 10, 2019). ഇതിനെതിരേ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല (ഇന്ത്യന്‍ എക്‌സ്പ്രസ്, മെയ്, 4, 2019). 2024ലെ ലോക്സഭാതിരഞ്ഞെടുപ്പിലാകട്ടെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പരിപാടിയില്‍ പച്ചക്കൊടി വീശിയില്ലെന്നായിരുന്നു പരിഹാസം.

കോൺഗ്രസിന്റെ സംശയങ്ങൾ

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന്‍ ബന്ധപ്പെടുത്തുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ട്ടി സൂചനകള്‍ റാലിയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ വടക്കേ ഇന്ത്യയില്‍ ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ ചെറുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. കഴിഞ്ഞ തവണയുണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തിയായിരിക്കണം ഇത്തരമൊരു തീരുമാനമെടുത്തത് (ഇത്തവണ മറ്റു പാര്‍ട്ടി കൊടികളും ഒഴിവാക്കിയിരുന്നു). കാരണം ഹിന്ദു ചിഹ്നങ്ങളെടുത്തണിഞ്ഞും രാമക്ഷേത്രനിര്‍മാണത്തിന്റെ വിശ്വാസ പൈതൃകം അവകാശപ്പെട്ടും രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ്സുകാരുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഇതും സംഭവിക്കുന്നത് (ദി വയർ, 16 ജനുവരി 2024).

റെഡ്ബോയ്സും പച്ച പതാകയും

റെഡ് ബോയ്‌സ് യു.എ.ഇയെന്ന ഒരു ഇടത് അനുകൂല ഫേസ്ബുക്ക് പേജില്‍ ഷാഫി പറമ്പിലിനെതിരേ ഒരു പോസ്റ്റുണ്ട്. 'ഇയാള്‍ മല്‍സരിക്കുന്നത് വകടരയിലാണോ അതോ പാകിസ്താനിലോ?' എന്ന കുറിപ്പോടെ ഷാഫിയുടെ ഒരു തിരഞ്ഞെടുപ്പ് റാലി ചിത്രമാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഷാഫിക്ക് ചുറ്റും പച്ചപ്പതാകകള്‍ വീശുന്നതും കാണാം. 2024 മാര്‍ച്ച് 11ന് പോസ്റ്റ് ചെ്‌യ്ത ഇതിന് 854 ലൈക്കും 676 കമന്റും 176 ഷെയറും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി അഡ്വ. സുനില്‍കുമാറാണ് പ്രഫൈല്‍ ചിത്രത്തിലുള്ളത്. കവര്‍ ഫോട്ടോയില്‍ പിണറായി വിജയനുമാണ്.

എം.കെ മുനീറിന്റെ പ്രതികരണം

ഏപ്രില്‍ 5ന് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ 'വടകരയില്‍ ഷാഫിയെ സ്വീകരിക്കാന്‍ ലീഗിന്റെ പതാക പിടിച്ചപ്പോള്‍ വടകര പാകിസ്താനില്‍ ആണോയെന്ന് ചോദിച്ചവര്‍ വയനാട്ടില്‍ ലീഗിന്റെ പതാക കാണാത്തതില്‍ വേവലാതിപ്പെടുന്നു' വെന്ന് മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ പരിഹസിച്ചിരുന്നു. ഇടതുപക്ഷത്തിന്റെയും സംഘപരിവാറിന്റെയും ചോദ്യങ്ങളൊന്നാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്(ഏപ്രില്‍ 5, 2024, മീഡിയ വണ്‍).

അമിത് ഷായുടെ പഴയ പ്രതികരണം

2019ലെ പൊതുതിരഞ്ഞെടുപ്പുകാലത്ത് ലീഗിന്റെ പച്ചക്കൊടിക്കെതിരേ ബി.ജെ.പി നേതാവ് അമിത് ഷായും രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ പരിപാടി കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. നാഗ്പൂരില്‍നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചത്. രാഹുലിന്റെ റാലിയിലെ പച്ചക്കൊടിയാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. (ന്യൂസ് മിനിറ്റ്, ഏപ്രില്‍ 10, 2019). ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പരാതി തള്ളി (ഇന്ത്യന്‍ എക്‌സ്പ്രസ്, മെയ്, 4, 2019)

ഇക്കൊല്ലം തുടര്‍റാലികളില്‍നിന്ന് പച്ചപ്പതാക ഒഴിവാക്കിയപ്പോള്‍ അത് ലീഗിനെ വിമര്‍ശിക്കാനുള്ള അവസരമായി എടുക്കുകയാണ് സി.പി.എം ചെയ്തത്. ആ സമയത്ത് ഇസ്‌ലാമോഫോബിയയുടെ സങ്കീര്‍ണതകളൊന്നും അവര്‍ പരിഗണിച്ചതേയില്ല. 'അന്ന് തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടിമടക്കുന്നു' എന്ന പേരില്‍ ഏപ്രില്‍ 8, 2019ന് ഒരു പരിഹാസക്കുറിപ്പും ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.

പേരാമ്പ്ര കോളജിലെ പച്ച പതാക

പതാകപ്രശ്‌നം വടകര മണ്ഡലത്തിൽ പഴക്കമുള്ള പ്രശ്നമാണ്. 2019 ആഗസ്തില്‍ കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ പതാക വീശിയെന്ന് ആരോപിച്ച് ഏഴ് പേരെ കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദുത്വര്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു കോളജ് അധികൃതരുടെ നടപടി. തൊട്ടുപിന്നാലെ 30 പേര്‍ക്കെതിരേ പേരാമ്പ്ര പോലിസ് കേസെടുത്തു. (വണ്‍ ഇന്ത്യ മലയാളം, ആഗസ്റ്റ് 31, 2019) ജന്മനാടിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭാഗമായ കോളജില്‍ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ഭാഗമായാണ് പതാകവീശല്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ എം.എസ്.എഫ് അവരുടെത്തന്നെ കൂറ്റൻ സംഘടനാപതാകയാണ് വീശിയത്. പാകിസ്താന്‍ പതാകയും എം.എസ്.എഫ് പതാകയും തമ്മില്‍ നിറംകൊണ്ടും ഘടനകൊണ്ടും ചില സമാനതകളുണ്ട്. പതാകകള്‍ തമ്മിലുള്ള സാമ്യം മുതലെടുത്ത് കുട്ടികള്‍ പാക്പതാക വീശിയെന്ന് ആരോപിക്കുകയായിരുന്നു. ഈ സംഭവം നടക്കുമ്പോഴും പിണറായി വിജയനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.

ഐ.എസ്സും സൗദിയും: വികസിക്കുന്ന പതാക പ്രശ്നം

2018 മാര്‍ച്ചില്‍ വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളജില്‍ യൂനിയന്‍ ഉദ്ഘാടനത്തിനെത്തിയ നടന്‍ സലിംകുമാറിനെ കറുത്ത വസ്ത്രം ധരിച്ചാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കറുത്ത വസ്ത്രം ഐ.എസ് ബന്ധത്തിന്റെ സൂചനയാണെന്ന് ചിലര്‍ ആരോപിച്ചു. 'കേരളത്തില്‍ ഐ.എസ്-അല്‍ ഖാഇദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത ഭീകരസംഘടനയുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടന'മെന്നായിരുന്നു ജനം ടിവി വാര്‍ത്ത(2018, ഡിസംബര്‍ 29). 2018 ഡിസംബര്‍ 31ലെ ഏഷ്യാനെറ്റ് പ്രൈംടൈം ചര്‍ച്ച ഇതായിരുന്നു. താനും കുട്ടികളുടെ അഭ്യര്‍ത്ഥനമാനിച്ച് കറുത്ത വസ്ത്രം ധരിച്ചിരുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത സലിംകുമാര്‍ വെളിപ്പെടുത്തുന്നതുവരെ പ്രചാരണം തുടര്‍ന്നു.

022ലെ ലോകകപ്പ് ഫുട്‍ബോള്‍ ഖത്തറില്‍ അരങ്ങേറിയ സമയത്ത് കേരളീയരുടെ ഫുട്‌ബോള്‍ഹരം ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. മലയാളികളായ അര്‍ജന്റീന, ബ്രസീല്‍ ആരാധകരെ ഫിഫയും പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമാനത്തോടെ പ്രതികരിച്ചു. വിവിധ രാഷ്ട്രങ്ങളുടെ കൊടിവീശിക്കൊണ്ട് ധാരാളം പ്രകടനങ്ങളാണ് ആ സമയത്ത് നടന്നത്.

എന്നാല്‍ ഇതേ രീതിയില്‍ കൊടിവീശിയ സൗദി ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരേ വ്യാപകമായ കുപ്രചരണം ഉയര്‍ന്നു. ആ രാജ്യത്തോടുള്ള തങ്ങളുടെ ആഭിമുഖ്യത്തിന്റെ കാരണം വ്യക്തമാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. 'അന്നം തരുന്ന നാടിനെ ഇടനെഞ്ചിലേറ്റി, സൗദി അറേബ്യയുടെ ഫ്‌ളക്‌സുമായി പ്രവാസികള്‍' (മീഡിയാ വണ്‍ 2022 നവംബര്‍ 14). അര്‍ജന്റീന, ബ്രസീല്‍ പതാകകളുണ്ടാക്കുന്ന പ്രതികരണമല്ല സോഷ്യല്‍ മീഡിയയില്‍ സൗദി പതാകയുണ്ടാക്കിയത്.

ദേശീയപതാകയും എന്‍.ഐ.എ പ്രതികളും

രാജ്യം കൊവിഡ് വ്യാപനത്തിലൂടെ കടന്നുപോകുന്ന സമയത്ത് തൃശൂരിലെ വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലില്‍ നിന്ന് ജയില്‍ അധികാരികള്‍ക്കെതിരേ ഒരു പരാതി ഉയര്‍ന്നു. 2020 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് ഉള്‍പ്പെടെയുള്ള യു.എ.പി.എ കേസിലെ ഏതാനും പ്രതികള്‍ക്കെതിരേ ഹൈസെക്യൂരിറ്റി ജയിലിലെ ഉദ്യോഗസ്ഥര്‍ അനാവശ്യമായി ശിക്ഷാനടപടികള്‍ സ്വീകരിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. തടവുകാര്‍ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ഇന്ത്യാ രാജ്യത്തെയും അപമാനിച്ചുവെന്നായിരുന്നു അധികാരികള്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസിലെ ആരോപണം. ശിക്ഷയുടെ ഭാഗമായി കിടക്ക, വീടുകളിലേക്ക് ഫോണ്‍ വിളിക്കുന്നതിനുള്ള അനുമതി തുടങ്ങി പലതും നിഷേധിച്ചു. ചില തടവുകാരെ മറ്റ് സെല്ലുകളിലേക്ക് മാറ്റി. (I-Day fete at Viyyur prison sparks row, NIA case accused moves court, 2020).

ഇതിനെതിരേ ഹൈ സെക്യൂരിറ്റി ജയിലിലെ തടവുകാരനായ അബ്ദുള്‍ റസാക്ക് കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതിയില്‍ പരാതി നല്‍കി. അതേ വര്‍ഷം സെപ്തംബര്‍ 9ാം തിയ്യതി കോടതി പരാതി ഫയലില്‍ സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിംതടവുകാരെയും അവരുടെ കുടുംബങ്ങളെയും ജയിലിലെ ഉദ്യോഗസ്ഥന്‍ ദേശീയവിരുദ്ധരെന്ന് ആക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. ഉദയകുമാര്‍ എന്ന ഒരു ഉദ്യോഗസ്ഥനെ പേരെടുത്തു പറഞ്ഞിരുന്നു. അബ്ദുള്‍ റസാക്ക് നല്‍കിയ വിശദീകരണമനുസരിച്ച് കൊവിഡ് കാലമായ 2020 ആഗസ്റ്റ് 15നായിരുന്നു സ്വാതന്ത്ര്യദിനപരിപാടികള്‍ അരങ്ങേറിയത്. അതോടനുബന്ധിച്ച് പതാക ഉയര്‍ത്തലും ദേശീയഗാനാലാപവും തീരുമാനിച്ചിരുന്നൈങ്കിലും കൊവിഡ് പ്രസരണഭീതിയില്‍ ചിലര്‍ പരിപാടിയില്‍ പങ്കെടുത്തില്ല. അങ്ങനെ പരിപാടിയില്‍ പങ്കെടുത്താതിരുന്ന ചിലര്‍ക്കെതിരേമാത്രം അധികാരികള്‍ ശിക്ഷാനടപടി സ്വീകരിച്ചു. സ്വാതന്ത്ര്യദിനപരിപാടികള്‍ നടക്കുമ്പോള്‍ പരിപാടി ബഹിഷ്‌കരിച്ചവര്‍ കൂകിവിളിച്ച് പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നും തടവുകാരുടെ ഈ നടപടി ദേശവിരുദ്ധമാണെന്നും ജയിലധികൃതര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ ആരോപിച്ചിരുന്നു. ജയിലിലെ അച്ചടക്കം ലംഘിച്ചുവെന്നാണ് മറ്റൊരു പ്രധാന ആരോപണം. എല്ലാ ആരോപണങ്ങളും തടവുകാര്‍ നിഷേധിച്ചു.

പരാതി ഗൗരവമായി പരിഗണിച്ച എന്‍.ഐ.എ കോടതി ജയിലിലെ സി.സി.ടി.വി ഫൂട്ടേജ് പരിശോധിച്ചു. ആരോപണവിധേയരായ തടവുകാരില്‍ പലരും തങ്ങളുടെ സെല്ലുകളില്‍ പുസ്തകം വായിച്ചിരിക്കുന്നതായാണ് കോടതി കണ്ടെത്തിയത്. അച്ചടക്കം ലംഘിക്കുന്നത് ശരിയല്ലെന്ന നിലപാടെടുത്ത കോടതി പക്ഷേ, ജയിലധികൃതരുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഭാവിയില്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും അറിയിച്ചു. (Crl. M.P No. 62/2020 In SC 2/2018 നിയ. എന്‍.ഐ.എ പ്രത്യേക കോടതിയുടെ 2020 നവംബര്‍ ആറാം തിയ്യതിയിലെ വിധി. ജഡ്ജ് അനില്‍ കെ ഭാസ്‌കര്‍)

കേരളത്തിലെ ആദ്യ പതാകവിവാദം? (1948)

മുസ്‍ലിംകളെ പതാകയുമായി കൂട്ടിക്കെട്ടി മനസ്സിലാക്കുന്ന രീതിക്ക് ഇന്ത്യന്‍ ദേശരാഷ്ട്രത്തോളം പഴക്കമുണ്ട്. മുസ്‍ലിംകളുടെ രാജ്യഭക്തി, ദേശസ്‌നേഹം, കൂറ് തുടങ്ങിയവയെ ചോദ്യം ചെയ്യാന്‍ ഇത് ഉപയോഗിക്കപ്പെട്ടു. പതാക മാത്രമല്ല, സ്വാതന്ത്ര്യസമ്പാദനവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെയും ഇതേ മട്ടിലാണ് ഉപയോഗപ്പെടുത്തിയത്.

ഇന്ത്യ സ്വതന്ത്രമായശേഷം കേരളത്തില്‍ ഉണ്ടായ ആദ്യ പതാകവിവാദമാണോയെന്ന് വ്യക്തമല്ലെങ്കിലും മാതൃഭൂമി റിപോര്‍ട്ട് ചെയ്ത ആദ്യ വിവാദം കോഴിക്കോട് കുറ്റ്യാടിയില്‍നിന്നാണ്. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തില്‍ മുസ്‌ലിംവിദ്യാര്‍ത്ഥികള്‍ ദേശീയപതാകയെ വന്ദിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇത് അനാദരവാണെന്നുമായിരുന്നു മാതൃഭൂമി റിപോര്‍ട്ട് ചെയ്തത്. കുറ്റ്യാടി പ്രദേശത്തുതന്നെ ഏതാനും മുസ്‍ലിംകള്‍ സ്വാതന്ത്ര്യദിന ബാഡ്ജിനെ അപമാനിച്ചുവെന്നും കോഴിക്കോട് നരിപ്പറ്റയില്‍ ഒരു മുസ്‌ലിം നെഹ്‌റുവിന്റെ ബാഡ്ജ് കുത്തിക്കീറിയെന്നുമുള്ള ആരോപണവുമുയര്‍ന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇതു സംബന്ധിച്ച് 'ലോകവും ലോകരും' എന്ന പംക്തിയില്‍ രൂക്ഷമായ ഒരു കുറിപ്പുതന്നെ എഴുതി പ്രസിദ്ധീകരിച്ചു. ഒരു ജനവിഭാഗമെന്ന നിലയില്‍ മുസ്‍ലിംകളുടെ പ്രത്യേകിച്ച് ലീഗിന്റെ ദേശക്കൂറിനെ ചോദ്യം ചെയ്യാവുന്ന സന്ദര്‍ഭമായാണ് മാതൃഭൂമി ഇതിനെ മനസ്സിലാക്കിയത്:

''...മലബാറിലെ ഒരു സ്‌കൂളിലെ മുസ്‌ലിം വിദ്യാത്ഥികള്‍ അന്നു ഇന്ത്യന്‍ ഡൊമീനിയന്‍ പതാകയെ വന്ദിയ്ക്കാന്‍ കൂട്ടാക്കിയില്ല. ഇതൊക്കെ എന്താണ് സൂചിപ്പിക്കുന്നത്? നമ്മുടെ പുതിയ രാഷ്ട്രത്തോടും നമ്മുടെ ആരാധ്യരായ ഭരണാധിപന്മാരോടും കൂറും ഭക്തിയുമില്ലാത്ത ആളുകള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടെന്നുതന്നെ. ഒരു രാജ്യത്തിന്റെ പതാക ആ രാജ്യത്തിന്റെ സര്‍വ്വ അഭിലാഷങ്ങളുടേയും സ്വതന്ത്രപദവിയുടെയും ചിഹ്നമാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ഒരു കക്ഷിയുടെയോ പതാക അല്ല. തങ്ങളുടെ കൊടിയെ സംരക്ഷിയ്ക്കുവാന്‍ ഓരോ രാഷ്ട്രവും നിണമൊഴുക്കുന്നു. എത്രയോ ലക്ഷം ദേശഭക്തന്മാരുടെ ആത്മബലിയുടെ ഫലമായി നമുക്കു ലഭിച്ചിട്ടുള്ള ഈ മഹാനിധിയുടെ നേരെ നമ്മുടെ ആളുകള്‍, അതുതന്നെ വിദ്യാര്‍ത്ഥികള്‍, കാണിക്കുന്ന അനാദരവ് കാണിയ്ക്കുന്നതിന്റെ അര്‍ത്ഥമെന്താണ്. പണ്ഡിറ്റ് നെഹ്രു ഇന്നു ഇന്ത്യയെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച കോണ്‍ഗ്രസ്സിന്റെ നേതാവല്ല, അദ്ദേഹം നമുക്കു സിദ്ധിച്ചിട്ടുള്ള പുതിയ പദവിയുടെ അടയാളമായി പരിശോഭിയ്ക്കുന്ന നമ്മുടെ ഭരണാധിപനാണ്. നെഹ്‌റുവിന്റെ പടം കീറി എന്നതിന്റെ അര്‍ത്ഥം നമ്മുടെ ഭരണാധിപന്റെ പടം കീറി അതിനെ അപമാനിച്ചു എന്നാണ്. ഇംഗ്ലണ്ടിലോ അമേരിക്കയിലോ റഷ്യയിലോ അതല്ല, നമ്മുടെ സഹോദര ഡൊമിനീയനായ പാകിസ്താനിലോ ഇത്തരം അനാദരവും നമുക്ക് കാണാന്‍ സാധിക്കുമോ?''(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1948 ആഗസ്റ്റ് 29, പേജ് 17, ലോകവും ലോകരും)

ചോറിവിടെ കൂറവിടെ (1948)

പില്‍ക്കാലത്ത് മുസ് ലിംകള്‍ക്കെതിരേ ഒരു വിദ്വേഷപ്രയോഗം തന്നെയായി മാറിയ 'ചോറിവിടെ കൂറവിടെ'യെന്ന പ്രയോഗവും ഇതേ കുറിപ്പിലാണ് നാം ആദ്യം കാണുന്നത്: ''... മറക്കണമെന്നും പൊറുക്കണമെന്നുമുള്ള പല്ലവി നാം എത്ര തന്നെ ആലോചിച്ചാലും തരക്കേടില്ല. സ്വന്തം നാടോടു കൂറില്ലാത്ത ആളുകള്‍ ഇനിയുമിടെയുണ്ടെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതിനു ഉത്തരവാദപ്പെട്ട ആളുകള്‍ ആരായാലും തരക്കേടില്ല, ചോറിങ്ങും കൂറ് വേറൊരിടത്തും എന്ന നയം അവര്‍ ഉപേക്ഷിയ്ക്കണം. തങ്ങള്‍ക്കു തന്നെയും രാജ്യത്തിന്നും അതായിരിയ്ക്കും ഗുണകരം. അടിക്കടി പുറപ്പെടുവിയ്ക്കുന്ന പ്രസ്താവനകളില്‍ മാത്രം ഇന്ത്യയോടു കൂറു കാണിയ്ക്കാന്‍ വെമ്പുന്ന ലീഗ് നേതാക്കന്മാര്‍ ഈ കാര്യത്തില്‍ അശ്രദ്ധാലുക്കളായിരിയ്ക്കുയില്ലെന്നു വിശ്വസിയ്ക്കുന്നു.''.

ആരോപണങ്ങള്‍ ശരിയായാലും തെറ്റായാലും മുസ്‍ലിംകള്‍ക്കെതിരേ സമാനമായ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ത്രിവര്‍ണപതാകയോട് വിയോജിപ്പ് പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റുകളോടും ആര്‍.എസ്.എസ് അടക്കമുള്ള ഫാഷിസ്റ്റ് തീവ്രദേശീയവാദ ശക്തികളോടുമുള്ള സമീപനം ഇത്ര രൂക്ഷമായിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ തലേന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ത്രിവര്‍ണപതാകയോട് ശക്തമായ ഇഷ്ടക്കുറവ് രേഖപ്പെടുത്തുന്നതായിരുന്നു. ത്രിവര്‍ണ പതാകയെ ഹിന്ദുക്കള്‍ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതല്ലെന്നും മൂന്ന് എന്ന വാക്ക് തന്നെ തിന്മയാണെന്നും മൂന്ന് നിറങ്ങളുള്ള ദേശീയപതാക മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും രാജ്യത്തിന് അപകടകരമാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി (History Shows How Patriotic the RSS Really Is, ദി വയര്‍, 2018, ഒക്ടോബര്‍ 7).

രണ്ട് നിയമസഭാ പ്രമേയങ്ങള്‍ (1970- 1971)

മുസ്‍ലിംകളുടെ ദേശക്കൂറിനെക്കുറിച്ച ചര്‍ച്ച പതാകയില്‍ ഒതുങ്ങിനിന്നില്ല. പല സന്ദര്‍ഭങ്ങളിലും അത് പുനരവതരിച്ചു. പാകിസ്താനുമായി ബന്ധപ്പെട്ട യുദ്ധം അതിര്‍ത്തിത്തര്‍ക്കം, നയതന്ത്രപ്രതിസന്ധി, ക്രിക്കറ്റ് കളി തുടങ്ങി എന്തും പ്രകോപനം സൃഷ്ടിച്ചു. അങ്ങനെയൊരു സന്ദര്‍ഭമായിരുന്നു 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധം.

1970 തുടക്കത്തില്‍ കേരള നിയമസഭയില്‍ ശ്രദ്ധേയമായ രണ്ട് പ്രമേയ ചര്‍ച്ചകള്‍ നടന്നു. 1971 ഇന്ത്യ-പാകിസ്താന്‍ യുദ്ധം നടക്കുന്ന സമയത്തായിരുന്നു ആദ്യത്തേത്. പാകിസ്താനെ വിമര്‍ശിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാന്‍ കേരളനിയമസഭയില്‍ സീറോ അവറില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയസുരക്ഷയും വിദേശനയവുമായി ബന്ധപ്പെട്ടതെന്ന കാരണം പറഞ്ഞ് സ്പീക്കര്‍ കെ.മൊയ്തീന്‍ കുട്ടി അവതരണാനുമതി നിഷേധിച്ചു. ഇതിനെതിരെ തനിനിറം എഡിറ്റര്‍ കൃഷ്ണന്‍ നായര്‍ മുഖപ്രസംഗം എഴുതി, 'സ്പീക്കറുടെ കൂറെവിടെ?' എന്ന ശീര്‍ഷകത്തില്‍. സ്പീക്കര്‍ ഒരു ദേശീയവിരുദ്ധനാണെന്നും അദ്ദേഹത്തെ തലമുണ്ഡനം ചെയ്ത് പട്ടിക്കോലം വരച്ച് പാകിസ്താനിലേക്കു നാടുകടത്തണമെന്നും ആഹ്വാനം ചെയ്യുന്ന ഒന്ന്. അന്നുതന്നെ പി.എന്‍ ചന്ദ്രസേനന്‍ ഇത് നിയമസഭയില്‍ ഉന്നയിച്ചു. സ്പീക്കറുടെ തീരുമാനങ്ങളെ ചോദ്യംചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ അവകാശ ലംഘന പ്രശ്നമായി ഉന്നയിക്കുന്നതിന് ഗോപിനാഥപിള്ള, ടി.എ. മജീദ് എന്നിവര്‍ സ്പീക്കറുടെ അനുമതിതേടി. സഭ കൂടുതല്‍ ചര്‍ച്ചക്കായി പ്രിവിലേജ് കമ്മിറ്റി രൂപീകരിച്ചു. കര്‍ശനമായി താക്കീത് ചെയ്യണമെന്നായിരുന്നു കമ്മിറ്റി ശുപാര്‍ശ. അതനുസരിച്ച് 1972 ഒക്ടോബര്‍ 31-ാം തീയതി കൃഷ്ണന്‍ നായരെ സഭയില്‍ വരുത്തി താക്കീത് ചെയ്തു (കലാനിലയം സംസാരിക്കുന്നു, സതീഷ് പാങ്ങോട്, കറന്റ് ബുക്‌സ്, ഏപ്രില്‍ 2015, പേജ് 91, നാലാം കേരള നിയമസഭയുടെ അഞ്ചാമത് റിപ്പോര്‍ട്ട്).

'മിസ' റദ്ദാക്കാന്‍ വേണ്ട നടപടി സ്വീകരണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വശ്യപ്പെടുന്ന ഒരു പ്രമേയം 1971 ജൂലൈ 16ാം തിയ്യതി ഇ ബാലാനന്ദന്‍ നിയസഭയില്‍ അവതരിപ്പിച്ചിരുന്നു. മിസ മുസ്‍ലിം സമൂഹത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതായി പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനീസ് ചാരനാണെന്ന് ആക്ഷേപിച്ച് താന്‍ ജയിലില്‍ കിടന്ന സമയത്ത് അവിടെ പാകിസ്താന്‍ ചാരന്മാരാണെന്ന് ആരോപിച്ചുകൊണ്ട് ജയിലില്‍ കിടന്നിരുന്ന മുസ്‍ലിംചെറുപ്പക്കാരെക്കുറിച്ചും അദ്ദേഹം പറഞ്ഞു(നിയമസഭാ റിപോര്‍ട്ട്).

ഇ.എം.എസിന്റെ കുമ്പസാരം

പാകിസ്താന്‍ പ്രശ്‌നത്തിലും മൊത്തത്തില്‍ ദേശീയതകളെക്കുറിച്ചും പൊതു കാഴ്ചപ്പാടിനു വിരുദ്ധമായി നിലപാട് എടുത്തതുവഴി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പഴികളെക്കുറിച്ച് ഇ.എം.എസ് 'മുസ്‍ലിംകള്‍, ക്രിസ്ത്യാനികള്‍, അവര്‍ണഹിന്ദുക്കള്‍' എന്ന കുറിപ്പില്‍ പരിതപിക്കുന്നുണ്ട്: റഷ്യന്‍ സാഹചര്യത്തില്‍ വികസിപ്പിച്ചെടുത്ത ധാരണ ഏഷ്യന്‍ സാഹചര്യത്തില്‍ അപര്യാപ്തമായിരുന്നു. ആ നിലപാടുകള്‍ പാര്‍ട്ടിയെ മുഖ്യധാരയില്‍നിന്ന് അകറ്റി. പാകിസ്താന്‍ വാദത്തിനുള്ളിലെ ലീഗിന്റെ താല്‍പര്യങ്ങളെ തുറന്നുകാണിക്കാനായില്ല. തങ്ങളുടെ നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും ഇപ്പോള്‍ അത് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതി. തിരുത്തിയിട്ടും അതിന്റെ പേരില്‍ ഒറ്റപ്പെടല്‍ തുടര്‍ന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു('കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഉദ്ഭവവും വളര്‍ച്ചയും', ഇ.എം.എസ് സമ്പൂര്‍ണകൃതികള്‍, സഞ്ചയിക 92, 1995, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, പേജ് 134).

അനുബന്ധം (1): ദേശീയഗാനം

പതാക പോലെ തന്നെ ദേശീയഗാനവുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങള്‍ മിക്കവാറും മതവുമായി ബന്ധപ്പെടുത്തികൂടിയാണ് പരിഗണിക്കുക പതിവ്. കേരളത്തില്‍ ഇത്തരമൊരു വിവാദം ആദ്യം ഉണ്ടാകുന്നത് 1985 ജൂലൈയിലാണ്. യഹോവയുടെ സാക്ഷികൾ വിഭാഗക്കാരനായ വി.ജെ ഇമാനുവലിന്റെ മക്കളായ ബിജോ, ബിനുമോള്‍, ബിന്ദു എന്നിവര്‍ കോട്ടയം കിടങ്ങൂര്‍ എന്‍.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ അവര്‍ എഴുന്നേറ്റുനില്‍ക്കുമെങ്കിലും ഏറ്റുചൊല്ലുക പതിവില്ല. അത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് അവര്‍ കരുതി.

പ്രാദേശികപത്രത്തില്‍ ഇത് വാര്‍ത്തയായി വന്നപ്പോള്‍ കോണ്‍ഗ്രസ് എസ് നേതാവ് വി.സി കബീര്‍ ഇക്കാര്യം നിയസഭയില്‍ ഉന്നയിച്ചു. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയും. സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചു. കുട്ടികള്‍ ദേശീയഗാനത്തെ അപമാനിച്ചില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ അന്നത്തെ വിദ്യാഭ്യാസ ഓഫിസര്‍ സമ്മതിച്ചില്ല. ദേശീയഗാനം ആലപിക്കുമെന്ന് എഴുതി നല്‍കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. കുട്ടികള്‍ തയ്യാറായില്ല. സ്‌കൂള്‍ അധികൃതരുടെ എതിര്‍പ്പിനെ മറികടന്ന് 1985 ജൂലൈ 25ന് ഈ മൂന്ന് കുട്ടികളടക്കം യഹോവാ സാക്ഷികളായ ഒമ്പത് പേരെ സ്‌കൂളില്‍നിന്ന് പുറത്താക്കി. സ്‌കൂള്‍ അധികൃതര്‍ നിസ്സഹായരായിരുന്നുവെന്നും സര്‍ക്കാര്‍ ഒന്നടങ്കം കുട്ടികള്‍ക്ക് എതിരായിരുന്നുവെന്നും പില്‍ക്കാലത്ത് വി.ജെ ഇമാനുവല്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്‍കിയ(ഡിസംബര്‍ 4, 2016) അഭിമുഖത്തില്‍ പറഞ്ഞു. 1986ല്‍ നിരവധി കടമ്പകള്‍ കടന്ന് കുട്ടികളെ തിരിച്ചെടുക്കാന്‍ സുപ്രിംകോടതി വിധിച്ചു.

2014: സൽമാനും ദേശീയഗാനവും

അടുത്ത ശ്രദ്ധേയമായ ഒരു സംഭവം ഏകദേശം 30 വര്‍ഷത്തിനുശേഷമാണ് നടന്നത്. 2014 ആഗസ്റ്റ് 18ന് തിരുവനന്തപുരം നിള തിയ്യറ്ററില്‍ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന സിനിമ കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിയായ സല്‍മാനും സുഹൃത്തുക്കളും. സിനിമക്കു മുമ്പ് ദേശീയഗാനം പ്ലേ ചെയ്തപ്പോള്‍ ഇവര്‍ എഴുന്നേറ്റ് നിന്നില്ലന്നു ആരോപണമുണ്ടായി. ഇത് തിയ്യറ്ററില്‍ ഉണ്ടായിരുന്ന, ഇവരുമായി മുന്‍പരിചയമുള്ള ചിലര്‍ പ്രശ്മാക്കി. സല്‍മാന്‍ കൂവിയെന്നും ആരോപണമുയര്‍ന്നു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പലരും ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിന്നിരുന്നില്ല. എന്നാല്‍ ദേശീയഗാനം കഴിഞ്ഞതിനുശേഷം ചിലര്‍ സല്‍മാനോട് വഴക്കുണ്ടാക്കി. അതിനുശേഷം ഇന്റര്‍വെല്‍ സമയത്തും വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ ഫലമാണ് സല്‍മാന്‍ ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ കൂകി എന്നുള്ള പരാതി. തിരുവനന്തപുരത്തെ അഭിനയ എന്ന തിയ്യേറ്റര്‍ ഗ്രൂപ്പിലെ രണ്ട് യുവാക്കള്‍ ഇവര്‍ക്കെതിരേ പോലിസില്‍ പരാതിപ്പെട്ടു. സല്‍മാന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും പരാതിക്കൊപ്പം ഹാജരാക്കി.

അടുത്ത ദിവസം തമ്പാനൂര്‍ സി.ഐ റഫീഖും സംഘവും സല്‍മാനെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തു. ദേശീയചിഹ്നങ്ങളെ അപമാനിക്കല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. മുസ്‍ലിം തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നാണ് നിരീശ്വരവാദിയായ തന്നോട് പോലിസ് ചോദിച്ചതെന്ന് പിന്നീട് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍(സെപ്തംബര്‍ 24, 2014) സല്‍മാന്‍ പറഞ്ഞു. ''എനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നൊന്നും ചോദിച്ചില്ല. ഇത് എന്നില്‍ കൗതുകമുണ്ടാക്കിയില്ല. കാരണം ഞാന്‍ 'സല്‍മാനാണ്' എന്നെനിക്കറിയാം''- സല്‍മാന്‍ തുടര്‍ന്നു. നീയെന്താ പാകിസ്താന്‍ ചാരനാണോയെന്നും പോലിസ് ചോദിച്ചത്രെ.

കൊലപാതകത്തേക്കാള്‍ ഗുരുതരമായ കുറ്റമാണ് സല്‍മാന്റേതെന്നാണ് കേസ് പരിഗണിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി നിരീക്ഷിച്ചത്. ആഗസ്ത് 15ന് സല്‍മാന്‍ ദേശരാഷ്ട്രവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു നിരീക്ഷണം കേസിന്റെ ഭാഗമായി പരാമര്‍ശിക്കപ്പെട്ടു. 1964ല്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ആദ്യ കിരണങ്ങള്‍ എന്ന സിനിമയിലെ 'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല' എന്ന ഗാനത്തിന് സല്‍മാന്‍ ഒരു പാരഡി നിര്‍മിച്ചിരുന്നു. അതും ദേശദ്രോഹമായി ചിത്രീകരിക്കപ്പെട്ടു.

സല്‍മാന്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ ബി.ആര്‍.പി ഭാസ്‌കറും പി.പി സത്യനും സജു കൊച്ചേരിയും ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ ദേശീയഗാനത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹമെന്ന് മുദ്രചാര്‍ത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ല എന്ന് വ്യക്തമാക്കുന്നതോടൊപ്പം പേരിലെ മുസ്‍ലിം ധ്വനിയാണ് സല്‍മാനെ ദേശദ്രോഹിയായി മുദ്രചാര്‍ത്താനുള്ള കാരണം എന്ന് വിലയിരുത്തുന്നുണ്ട് (സല്‍മാനെതിരെയുള്ള ദേശദ്രോഹ കേസ് നിലനില്‍ക്കുന്നതല്ല: ബി.ആര്‍.പി ഭാസ്‌കര്‍, ഡൂള്‍ ന്യൂസ്, ആഗസ്റ്റ് 28, 2014).

വിദ്യാര്‍ത്ഥിയായ സല്‍മാനെ പോലിസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്. വിലങ്ങണിയിച്ചാണ് അദ്ദേഹത്തെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചത്. സല്‍മാനൊപ്പം കേസില്‍ ഉള്‍പ്പെട്ട ഹരിഹര ശര്‍മക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും സല്‍മാന് ലഭിച്ചില്ല. സല്‍മാന്‍ ദേശവിരുദ്ധനാണെന്നും ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി കോടതി ആരോപിച്ചു.

സല്‍മാന്റെ കേസ് ആദ്യം പരിഗണിച്ചിരുന്ന അവധിക്കാല ജില്ലാ സെഷന്‍സ് ജഡ്ജി ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ നടത്തിയ പരാമര്‍ശം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ജഡ്ജിയായ താന്‍ ഒരു മുസ്‍ലിം നാമധാരിയാണെന്ന കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. ഇതേ കുറിച്ച് ബി.ആര്‍.പി ഭാസ്‌കര്‍ എഴുതിയത് ഇങ്ങനെയാണ്: സല്‍മാനെ അറസ്റ്റ് ചെയ്ത പൊലിസുദ്യോഗസ്ഥന്‍ മുസ്‍ലിം നാമധാരിയാണ്. സല്‍മാന് ജാമ്യം നിഷേധിച്ച അവധിക്കാല ജില്ലാ സെഷന്‍സ് ജഡ്ജി വാദം കേള്‍ക്കുന്നതിനിടയില്‍ സന്ദര്‍ഭം ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരഭിപ്രായപ്രകടനം നടത്തുകയുണ്ടായി. അദ്ദേഹവും മുസ്‍ലിം നാമധാരിയാണ്. ഈ പശ്ചാത്തലത്തില്‍ ഹിന്ദുത്വവാദികളില്‍ രാജ്യസ്നേഹവികാരം ആളിക്കത്തിക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് അവരുടെ പേരുകള്‍ ബാദ്ധ്യതയാകുന്നുണ്ടോ എന്നത് സൂക്ഷ്മപരിശോധന അര്‍ഹിക്കുന്നു.'' (ബി.ആര്‍.പി ഭാസ്‌കര്‍, സെപ്തംബര്‍ 18, 2014)

സല്‍മാനെ പിന്തുണക്കുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്നും സാമൂഹികമാധ്യമങ്ങളില്‍ ഇക്കാലത്ത് ചിലരെങ്കിലും എഴുതി. പാകിസ്താന്‍ ചാരന്‍, ദേശദ്രോഹം, മുസ്‍ലിം, രാജ്യസ്നേഹം തുടങ്ങിയ വാക്കുകളും ആശയങ്ങളും ഇക്കാലത്ത് വ്യാപകമായ തോതില്‍ സല്‍മാനുമായി ചേര്‍ത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ക്ക് ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായതുമില്ല. സല്‍മാന്റെ വിമതരാഷ്ട്രീയവുമായുള്ള ബന്ധവും പോലിസ് അന്വേഷണത്തിന്റെ ഭാഗമാക്കി.

അനുബന്ധം(2): ഭരണഘടനയോടുള്ള കൂറ്

2022 ജൂലൈ മാസത്തില്‍ പിണറായി മന്ത്രിസഭയിലെ സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വിവാദമായി. ഭരണഘടന ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പാകത്തിലാണ് അത് എഴുതിത്തയ്യാറാക്കിയിരിക്കുന്നതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണഘടനാവിമര്‍ശനം സമ്മിശ്രപ്രതികരണമുണ്ടാക്കി. ഭരണഘടന വിര്‍ശനാതീതമല്ലെന്നും സജി ചെറിയാന്റേത് ശരിയായ വിമര്‍ശനമാണെന്നും തുടങ്ങി വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ഒടുവില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. ഫാഷിസം ഭരണഘടനയെത്തന്നെ അപ്രസക്തമാക്കുന്ന സമയത്ത് മന്ത്രിയുടേത് ഭരണഘടനാവിമര്‍ശനമല്ല, വിദ്വേഷമാണെന്ന് ആക്ഷേപിക്കപ്പെട്ടു.

പക്ഷേ, എല്ലാ വിമര്‍ശനവും വ്യക്തിപരമായിരുന്നുവെന്നാണ് ശ്രദ്ധേയമായ കാര്യം. ഇതിന്റെ പേരില്‍ ദേശീയതയോടുള്ള സി.പി.എമ്മിന്റെ മനോഭാവം ചോദ്യം ചെയ്യപ്പെട്ടില്ല. ഭരണഘടനയോടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല വിമര്‍ശനം ശക്തമായി ഉയര്‍ന്നു വന്നില്ല. എന്നാല്‍ ഇതിനെതിരേ വിമര്‍ശനമുന്നയിച്ച മുസ്‍ലിം സമുദായ സംഘടനാപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പരിഹസിക്കപ്പെട്ടു. ഭരണഘടനാവാദികളായി മുസ്‍ലിംകള്‍ അവതരിച്ചിരിക്കുന്നുവെന്നായിരുന്നു പരിഹാസം.

മാധ്യമപ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇതേ കുറിച്ച ഇങ്ങനെ എഴുതി: 'ജനാധിപത്യവും മതനിരപേക്ഷതയും ശിര്‍ക്കായ, 'സിക്കുലറിസം' എന്ന മുദ്രാവാക്യം സംഘികള്‍ക്കൊപ്പം പങ്കുവയ്ക്കുന്ന ജമാഅത്തെ ഇസ്‍ലാമിയുടെ സംഘടനകളും സജി ചെറിയാനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതിലും വലിയ കോമഡി ഈ ആഴ്ചയില്‍ ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്ത കൊണ്ട് ഇന്നൊരു തമാസപ്പടം കാണാനുള്ള തീരുമാനം വേണ്ടെന്നുവച്ചു.'' തുടര്‍ന്നദ്ദേഹം താന്‍ പറഞ്ഞത് ജമാഅത്തെ ഇസ്ലാമി എന്നാണെന്നും മുസ്‍ലിം, ഇസ്‍ലാം എന്നല്ലെന്ന് അങ്ങനെയാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുമെന്നും എഴുതി. (ഹര്‍ഷന്‍ പൂപ്പരക്കാരന്‍, ജൂലൈ 5, 2022, ഫേസ്ബുക്ക് പോസ്റ്റ്).

ഇസ്‌ലാമോഫോബിയയും ദേശീയവാദത്തിന്റെ രാഷ്ട്രീയവും

ഇന്ത്യന്‍ ദേശീയതയും മതേതരത്വസങ്കല്‍പ്പവും സവർണ ഹൈന്ദവതയുമായി ചേര്‍ന്നാണ് വികസിച്ചുവന്നതെന്ന വിമർശന വീക്ഷണം പുതിയതല്ല. അതുകൊണ്ടുതന്നെ ഇതര ന്യൂനപക്ഷ മതസ്ഥരും കീഴ്ജാതിക്കാര്‍പോലും ദേശീയതയ്ക്കു പുറത്തുള്ളതോ അല്ലെങ്കിൽ അകം അപരരായോ കണക്കാക്കപ്പെടുന്നത്. ആ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ദേശീയയുടെ മാനക സാംസ്‌കാരികയുക്തിക്കുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ അധികശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. മുസ്‍ലിംകളാണെങ്കില്‍ അത് പിന്നെയും കൂടും. ഹിന്ദുത്വശക്തികള്‍ മാത്രമല്ല, മതേതര വിഭാഗങ്ങള്‍ക്കിടയിലും നിലവിലുള്ള ഇസ്‍ലാമോഫോബിയയുടെ അടിവേരുകള്‍ കിടക്കുന്നത് ഈ വ്യത്യസ്തമായ ദേശീയ സങ്കല്‍പ്പങ്ങള്‍ക്കുള്ളിലാണ്.

മുസ്‍ലിംകളുടെ കാര്യത്തില്‍ മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. മുസ്‍ലിംസമുദായത്തിന്റെ രാഷ്ട്രീയസംഘാടനമാണ് ഇന്ത്യയുടെ വിഭജനത്തിന് മൂലകാരണമെന്ന് വിവിധ ഇനം ദേശീയവാദികള്‍ കരുതുന്നു. വിഭജനത്തെ മുസ്‍ലിം സാമുദായിക - രാഷ്ട്രീയ സംഘാടനത്തിന്റെ ഭാഗമായി സംഭവിച്ച വലിയൊരു തിന്മയായും വിലയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുന്‍കാലങ്ങളിലെങ്കിലും കേവല മതതാല്‍പര്യങ്ങള്‍ക്കപ്പുറത്ത് മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തിൻ്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞത്. ദേശീയതയുടെ താൽപര്യങ്ങളെ വേറിട്ടു മനസ്സിലാക്കാൻ അവർക്കു കഴിഞ്ഞിരുന്നു.

എന്നാല്‍ ഏറേ താമസിയാതെ അവരും കേവല ദേശീയവാദികളുടെ നിലപാടിലേക്ക് മാറി. പാകിസ്താനിലേക്ക് പോകാനുള്ള ഹിന്ദുത്വരുടെ ആക്രോശവും പാകിസ്താന്‍ കൊടിവീശിയെന്ന ആരോപണവുമൊക്കെ ഏറെ സജീവമാകുന്ന പുതിയ ഇസ്‍ലാമോഫോബിയയുടെ സാഹചര്യമിതാണ്.

TAGS :