അല്‍ഷിഫാ ആശുപത്രിയും ജാലിയന്‍വാലാബാഗും നല്‍കുന്ന പാഠം
ജാലിയന്‍ വാലാ ബാഗ് ബ്രിട്ടീഷ് രാജിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു എന്നത് പോലെ സയണിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടു തകര്‍ത്ത അല്‍ഷിഫ ആശുപത്രി സയണിസ്റ്റ് അധിനിവേശത്തിന്റെ അന്ത്യത്തിന്റെ ആരംഭവും കൂടിയായിരിക്കും. അതാണ് ചരിത്രം ഇതുവരെ നല്‍കുന്ന പാഠം.
വാക്കുകള്‍ നമ്മെ എവിടേക്കും കൊണ്ട് പോകും. അതിനാലാണ് നമ്മുടെ ഉണ്മ ഭാഷയിലാണെന്ന് ഹൈഡഗര്‍ പറഞ്ഞത്. സാമൂഹികമായ അസ്തിത്വവും പെരുമാറ്റവും ഭാഷയിലൂടെ രൂപപ്പെടുന്നതാണ്. ഒരു വാക്കും വെറുതെ ഉച്ചരിക്കപ്പെടുന്നില്ല. നീച ജാതി, താണ ജാതി എന്നൊന്നും സ്വയം ആരും വിശേഷിപ്പിക്കുകയില്ലല്ലോ. ഓരോ സംബോധനകളും നാമകരണങ്ങളും നിര്‍വഹിക്കുന്ന ദൗത്യം നമ്മള്‍ തിരിച്ചറിയുകയും ആവശ്യത്തിന് പ്രതിരോധിക്കുകയും വേണം. വാക്കുകള്‍ വ്യക്തികളെ മാത്രമല്ല സമുദായങ്ങളെയും വ്രണപ്പെടുത്തും. വാസ്തവത്തില്‍ നമ്മുടെ ബുദ്ധിശക്തി എത്രമാത്രം അത്ഭുതാവാഹമാണ്. എന്തെല്ലാമാണ് മനുഷ്യര്‍ അനുദിനം കണ്ടുപിടിക്കുന്നത്. എന്നിട്ടും നമ്മള്‍ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളില്‍ വിന്യസിക്കപ്പെടുന്ന വ്യാജ ചിഹ്നങ്ങള്‍ മാത്രം എന്തുകൊണ്ട് തിരിച്ചറിയുന്നില്ല. ഹിറ്റ്‌ലറുടെ വംശീയ ഉന്‍മൂലനത്തിന് ശേഷം അവശേഷിച്ചവരും രക്ഷപ്പെട്ടവരും പാരീസിലേക്ക് തിരിച്ചു വരുന്നത് കണ്ടപ്പോള്‍ ഫ്രഞ്ച് ദാര്‍ശനികനായ സാര്‍തൃന് അവരോടു ശരാശരി പൗരന്‍ വെച്ചു പുലര്‍ത്തിയ വെറുപ്പിനെക്കുറിച്ച് പഠിക്കണമെന്ന് തോന്നി. ലോക സാഹചര്യം കലുഷമായ 1945 ലായിരുന്നു അത്. ഒരു ഗവേഷണത്തിനൊന്നും സമയം അനുവദിച്ചില്ല. എങ്കിലും സുഹൃത്തുക്കളും കുടുംബക്കാരും വിദ്യാര്‍ഥികളും ആയിട്ടുള്ള നൂറോളം ആളുകളോട് സാര്‍ട്രേ സംസാരിച്ച് എഴുതിയതാണ് ആന്റി സമറ്റിസം ആന്‍ഡ് ജ്യു. (Anti-Semetism and Jew). വെളുത്ത വംശജരായ വെള്ളക്കോളര്‍ തൊഴിലാളികള്‍ (white, white collar labourer) ആണ് ജൂത വിരോധം പ്രകടിപ്പിച്ചതെന്ന് സാര്‍ട്രേ അതില്‍ പായുന്നു. പാരീസില്‍ എന്തുകൊണ്ട് ജൂതരായ മനുഷ്യര്‍ ഒഴിഞ്ഞു പോയി, അഥവാ ഓടിപ്പോയി എന്നായിരുന്നു സാര്‍ത്രേ അന്വേഷിച്ചത്. ഒരു ശരാശാരി വെള്ളക്കാരായ മധ്യവര്‍ഗം ജൂത വിരോധം പ്രകടിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ അവകാശം സ്വന്തമാക്കുകയായിരുന്നു എന്നാണ് സാര്‍ത്രേ അതില്‍ പറയുന്നതു. ഇന്ന് വാസ്തവത്തില്‍ ഇന്ത്യയില്‍ മുസ്‌ലിമിനെ അപരനാക്കുന്നതിലൂടെ ഇന്ത്യ സ്വന്തമാക്കുന്നതു പോലെ കരുതുകയോ വിശ്വസിക്കുകയോ ചെയ്യുന്ന മധ്യവര്‍ഗത്തെ കാണാന്‍ കഴിയും.
ബ്രിട്ടീഷ് പട്ടാളം മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു പിടിച്ച് കൊണ്ടുപോയ 101 പേരെ കോയമ്പത്തൂരിലേക്ക് പോകുന്ന ചരക്ക് വണ്ടിയുടെ വായുകടക്കാത്ത വാഗണില്‍ അടച്ചുപൂട്ടി കൊലചെയ്ത ക്രൂരതയെ ട്രാജഡി എന്ന ഒറ്റ വാക്കുകൊണ്ട് നിസ്സാരവത്കരിക്കാനും കുറ്റവാളികളെ കാണാതിരിക്കാനും കുറ്റവിമുക്തരാക്കാനും സാധിക്കുന്നു. ചുരുക്കത്തില്‍ ഭാഷയെ മര്‍ദന ഉപകരണമാക്കി അധിനിവേശങ്ങള്‍ ശാശ്വതമാക്കുന്നു എന്നതിനാല്‍ നമ്മുടെ സാംസ്‌കാരികമായ ഇടപെടലുകള്‍ സൂക്ഷ്മമായ വിമര്‍ശനങ്ങളില്‍ കൂടി കേന്ദ്രീകരിക്കേണ്ടതുണ്ട്.
അമേരിക്കന്‍ ഭരണകൂടത്തെയും സയണിസത്തിന്റെ അധിനിവേശത്തെയും പിന്തുണക്കുന്നതിലൂടെ ലോകത്തിന്റെ തന്നെ അവകാശികള്‍ ആയി മാറുന്ന മധ്യവര്‍ഗവും ടെക്‌നോക്രാറ്റുകളും ആണ് ഇപ്പോള്‍ നമുക്ക് ചുറ്റും. ഒരു ജനതയെ ഒന്നിച്ചു ചോരയില്‍ മുക്കി കൊല്ലുന്നതോ, പിഞ്ചു കുട്ടികളുടെ നിലവിളിയോ അമ്മമാരുടെ രോദനമോ അവരെ അസ്വസ്ഥമാക്കുന്നില്ല. ഒരു കോര്‍പ്പറേറ്റ് മരുന്ന് കമ്പനി മരുന്ന് വില്‍ക്കുന്നത് ലാഭത്തിന് വേണ്ടി മാത്രമാണു. അതില്‍ കവിഞ്ഞു അതിന്റെ പാര്‍ശ്വഫലങ്ങള്‍ കമ്പനിയെയോ അതിന്റെ യുക്തിയെയോ ബാധിക്കാറില്ല. അതേ പോലെയാണ് അപര വിദ്വേഷ യുക്തി പ്രവര്‍ത്തിക്കുന്നത്. ഇവിടെ വെള്ളകോളര്‍ തൊഴിലാളിയെന്ന് സാര്‍ത്രേ പറഞ്ഞത് അദ്ദേഹത്തിന് ചുറ്റുമുള്ളവരെ നോക്കിയാണ്. അവരോടാണ് അദ്ദേഹം സംവദിച്ചത്. അവര്‍ ബന്ധുക്കളും സ്വന്തക്കാരുമാണ്. തൊഴിലെടുത്തു ജീവിക്കുന്നവരാണെങ്കിലും അവര്‍ സമ്പന്നരാണ്. കോഴിക്കോട്ടെ ഒരു മലയാളം അധ്യാപക കൂട്ടായ്മ മന്ദിയുടെ വ്യാകരണം ചര്‍ച്ച ചെയ്തത് ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. ചമ്മന്തിയുടെ വ്യാകരണം ഇന്ന് വരെ ചര്‍ച്ച ചെയ്യാത്തവര്‍ പെട്ടെന്നു മന്ദിയുടെ വ്യാകരണത്തിലേക്ക് കടന്നു എന്നതിന് അപര വിരോധം എന്നല്ലാതെ മറ്റ് ഉത്തരങ്ങള്‍ ഒന്നും കിട്ടില്ല. വാസ്തവത്തില്‍ അവരില്‍ പലരും സെക്കുലര്‍ ജീവിതം നയിക്കുന്നവരും ആയിരിക്കും. എങ്കിലും അവര്‍ക്ക് ഹീനമായതോ താണതായോ തോന്നുന്ന ഒരു അപരത്വം വേണം. അത് അവര്‍ക്ക് മൗനമായി നല്‍കുന്ന ആധികാരികതയും അധീശത്വവും ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. അത് കൊണ്ടാണ് ഒരു വിഭാഗത്തെ മോശമാക്കുന്നതിലൂടെ/അധമ സ്ഥാനത്ത് നിര്‍ത്തുന്നതിലൂടെ ഒരു രാഷ്ട്രത്തെ അവരങ്ങു ''എടുക്കുകയാണെന്ന്'' സാര്‍ത്രേ പറഞ്ഞത്.
പറഞ്ഞു തുടങ്ങിയത് ഭാഷയെ കുറിച്ചാണല്ലോ. ഇപ്പോള്‍ യുദ്ധം നടക്കുന്നു എന്നും, യുദ്ധം നിര്‍ത്തണമെന്നും സമാധാന പ്രേമികള്‍ നിരന്തരം പറയുന്നത് ആഹ്ലാദകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. കേള്‍ക്കുമ്പോള്‍ എത്ര സുന്ദരം, എന്തുമാത്രം നന്മയും അനുകമ്പയും അവര്‍ പ്രകടിപ്പിക്കുന്നു. എങ്കിലും ഒന്നാലോചിച്ചാല്‍ എവിടെയാണ് യുദ്ധം നടക്കുന്നതു. ഏത് സൈന്യങ്ങള്‍ തമ്മിലാണ് യുദ്ധം, എവിവിടെയാണ് രണ്ടു സൈന്യങ്ങളും നിലയുറപ്പിച്ചത്. ദീര്‍ഘകാലം ബ്രിട്ടീഷ് അധിനിവേശത്തില്‍ കഴിഞ്ഞ ഇന്ത്യ ബ്രിട്ടനോടു യുദ്ധം ചെയ്‌തോ? യുദ്ധം എന്നാല്‍ രണ്ടു സൈന്യങ്ങള്‍ തമ്മിലാണ് നടക്കുക. ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തെ പ്രതിരോധിക്കുക മാത്രമാണു ചെയ്തത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തികളും, ഗ്രൂപ്പുകളും, സംഘടനകളും ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ എതിര്‍ത്തു. ചിലര്‍, കല്ലെറിഞ്ഞു, മറ്റുചിലര്‍ ബോംബെറിഞ്ഞു, വേറെ ചിലര്‍ ഉപ്പു കുറുക്കി, നിസ്സഹകരണവും, നിയമലംഘനവും നടത്തി.
ഇന്ത്യയിലെ ബ്രിട്ടീഷ് രാജിന് അന്ത്യം കുറിക്കുന്നതിലേക്ക് ജാലിയന്‍ വാലാബാഗു കാരണമായിട്ടുണ്ടെന്നും പഠനങ്ങള്‍ വന്നിട്ടുണ്ട്. മാത്രമല്ല, നിരായുധരും നിരപരാധികളും കൊലചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാര്‍ ഒരു പാഠം പഠിക്കും എന്നത് മാത്രായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍. നിയമപരമായാണ് ജനറല്‍ ഡയര്‍ പെരുമാറിയാതെന്നും ബ്രിട്ടന്‍ വിലയിരുത്തി. വംശഹത്യകള്‍ ആരുടെ നിയമം എന്ന ചോദ്യമാണ് അന്ന് അമൃത്‌സറിലും ഇന്ന് ഗാസയിലും ഉയരുന്ന നിലവിളികളിലും പ്രതിരോധങ്ങളിലും ഉയര്‍ത്തുന്നത്.
വെള്ളക്കാര്‍ നമ്മെ ദീര്‍ഘകാലം കീഴടക്കി, കൊന്നു തള്ളിയും ജയിലിലടച്ചും അവരുടെ ആക്രമണങ്ങള്‍ തുടര്‍ന്നു. ഇങ്ങ് ഇന്ത്യയുടെ തെക്കേ അറ്റത്ത് തിരൂരില്‍ ട്രെയിനില്‍ അടച്ചു പൂട്ടി മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊന്നു. അതിനെ നമ്മള്‍ വാഗണ്‍ ട്രജഡി എന്നു വിളിച്ചും, പഠിച്ചും, പഠിപ്പിച്ചും വെറുമൊരു അപകടമാക്കി മാറ്റി. അപകടം എന്നും ദുരന്തം എന്നും ഒരു സംഭവത്തെ അടയാളപ്പെടുത്തുമ്പോള്‍ അതൊരു കാരണമില്ലാത്ത അഥവാ, ബോധപൂര്‍വമല്ലാത്ത സംഭവമായി മാറുകയാണ്. വായു കടക്കാത്ത ചരക്ക് കൊണ്ട് പോകുന്ന അറകളില്‍ മനുഷ്യരെ കുത്തി നിറച്ചു നാസികള്‍ ചെയ്തത് പോലെ മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊന്നത് ട്രാജഡി ആയിരുന്നില്ല, കൂട്ട കശാപ്പു ആയിരുന്നു. വാഗണ്‍ മസ്സാക്കര്‍ (Wagon massacre) എന്നു പറയാന്‍ വെള്ളക്കാര്‍ക്ക് അറിയാഞ്ഞിട്ടായിരുന്നില്ല. കൊലപാതകം എന്നതിന് പകരം അപകടം, ദുരന്തം എന്നെല്ലാം നാമകരണം ചെയ്യുന്നത് അബദ്ധമൊ, അച്ചടിപ്പിശകൊ അല്ല. മനുഷ്യസമൂഹം പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും പ്രത്യയ ശാസ്ത്രത്തിനകത്താണു. പ്രത്യയ ശാസ്ത്രം ഭാഷയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ദലിതന് ദാരൂട്ടി എന്നു പേര് നല്‍കുന്നതിന്റെ കാരണം കുബേരന്‍ നമ്പൂതിരി സരസ്വതീവിജയത്തില്‍ വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് പട്ടാളം മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു പിടിച്ച് കൊണ്ടുപോയ 101 പേരെ കോയമ്പത്തൂരിലേക്ക് പോകുന്ന ചരക്ക് വണ്ടിയുടെ വായുകടക്കാത്ത വാഗണില്‍ അടച്ചുപൂട്ടി കൊലചെയ്ത ക്രൂരതയെ വാക്കുകള്‍ കൊണ്ട് നിസ്സാരവത്കരിക്കാനും കുറ്റവാളികളെ കാണാതിരിക്കാനും കുറ്റവിമുക്തരാക്കാനും സാധിക്കുന്നു. ചുരുക്കത്തില്‍ ഭാഷയെ മര്‍ദന ഉപകരണമാക്കി അധിനിവേശങ്ങള്‍ ശാശ്വതമാക്കുന്നു എന്നതിനാല്‍ നമ്മുടെ സാംസ്‌കാരികമായ ഇടപെടലുകള്‍ സൂക്ഷ്മമായ വിമര്‍ശനങ്ങളില്‍ കൂടി കേന്ദ്രീകരിക്കേണ്ടതുണ്ട്.
പത്തു വര്‍ഷം ജയിലിലിരുന്ന നെഹ്രു വിനെ നമ്മള്‍ ഇന്ന് മാറ്റിവെച്ചു. ഭഗത് സിങ്ങിനെയും രാജഗുരുവിനെയും സുഖ്‌ദേവിനെയും പുതിയ തലമുറ പൊതുവില്‍ കേട്ടിരിക്കില്ല. മലബാറില്‍ എന്നും കുറച്ചുപേര്‍ ഉണര്‍ന്നിരിക്കുന്നതിനാലും സിനിമാക്കാര്‍ക്ക് പ്രമേയമാക്കേണ്ടത് കൊണ്ടും വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ ഇപ്പോള്‍ കുറച്ചു പേര്‍ര്‍ക്ക് അറിയാമെന്ന് കരുതുന്നു. മറവിയും മാച്ചുകളയലും അധിനിവേശ പ്രത്യയശാസ്ത്രത്തിന് അനിവാര്യമാണ്. അതിനാല്‍ ഓര്‍മപ്പെടുത്തലും യാഥാര്‍ഥ്യം അനാവരണം ചെയ്തു കൊണ്ടിരിക്കലും വിമോചന പ്രവര്‍ത്തനങ്ങളുടെ അനിവാര്യ ഭാഗമാണ്.
പണ്ഡിതനും മൗലീകമായ അപഗ്രഥനങ്ങള്‍ കൊണ്ട് ലോകത്തെ ത്രസിപ്പിച്ച എഡ്വര്‍ഡ് സെയ്ദ് (Edward Said) ഗാസയില്‍ നിന്നും ഒരു കല്ലെടുത്ത് ഇസ്രായേലിന് നേരെ എറിഞ്ഞതും ഇവിടെ ഓര്‍ക്കാവുന്നതാണ്. ആ കല്ല് ഒരു പ്രതീകം മാത്രമാണെന്ന് അത് കണ്ടു നില്‍ക്കുന്നവര്‍ക്കെല്ലാം അറിയാം. എങ്കിലും സയണിസ്റ്റ് ഭീകരതയില്‍ അമറുന്ന ഒരു ജനതയോട് ഐക്യപ്പെടാന്‍ സ്വന്തം എഴുത്തുകള്‍ മാത്രം പോരെന്ന് അദ്ദേഹത്തിന് തോന്നിയല്ലോ. അതിനാല്‍ കൊന്നു തീര്‍ക്കാമെന്നത് വെറുമൊരു വ്യാമോഹമാണ്.
ജാലിയന്‍ വാലാ ബാഗില്‍ 1919-ല്‍ ബ്രിട്ടീഷ്പട്ടാളം ഒരു സൈന്യത്തോടും യുദ്ധം ചെയ്യുകയായിരുന്നില്ല. മൈതാനിയില്‍ ഒത്തു കൂടിയ ജനത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. അമൃത്സറില്‍ ഉത്സവത്തിന് വന്ന മനുഷ്യരും അവിടെ ഉണ്ടായിരുന്നു. മൈതാനിയില്‍ നിന്നു പുറത്തു പോകാന്‍ പോലും അനുവദിക്കാതെയാണ് തിങ്ങിക്കൂടിയ മനുഷ്യര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 1650 റൗണ്ട് വെടി വെപ്പുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിന് ആളുകള്‍ക്ക് വെടിയേറ്റത് അവര്‍ യുദ്ധം ചെയ്തതു കൊണ്ടല്ല. അവരുടെ കൈകള്‍ ശൂന്യവും മനസ്സ് പ്രക്ഷുബ്ദവുമായിരുന്നു. രേഖപ്പെട്ടതും രേഖപ്പെടാത്തതുമായ ആയിരക്കണക്കിന് നരഹത്യയും പീഡനവും ചൂഷണവും ബ്രിട്ടീഷുകാരില്‍ നിന്നും അധിനിവേശ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പ്രാദേശികമായി ജാതി അടിമത്തത്തില്‍ ബഹുജനങ്ങള്‍ പീഡിതരായി ജീവിക്കുന്ന സാഹചര്യമാണ് വെള്ളക്കാര്‍ക്ക് ദീര്‍ഘകാലം ഇവിടെ തുണയായത്. തലമുറകളായി അനുഭവിക്കുന്ന ജാതി അടിമത്തത്തെയും അധിനിവേശത്തെയും വേര്‍തിരിക്കാന്‍ കഴിയാത്ത വിധത്തില്‍ പൈശാചികമായ സാമൂഹിക വ്യവസ്ഥ അന്ന് ഇവിടെ നില നിന്നിരുന്നു. ജാലിയന്‍വാല ബാഗില്‍ 1919 ഏപ്രില്‍ 19ന് നടന്ന കൂട്ടക്കൊല അന്ന് തുടങ്ങിയതോ അന്ന് അവസാനിച്ചതോ ആയിരുന്നില്ല. ഏപ്രില്‍ പത്തിന് പൊലീസ് വെടിവെപ്പിലും തുടര്‍ന്നുണ്ടായ മരണത്തിലും പ്രതിഷേധിച്ചു ജനങ്ങള്‍ നാലു ദിവസമായി ഹര്‍ത്താല്‍ നടത്തുകയായിരുന്നു. ജനറല്‍ ഡയര്‍ പ്രതിഷേധ ഹര്‍ത്താലില്‍ അസ്വസ്ഥനായിരുന്നു. മൂന്നു ഭാഗത്തും വീടുകളും ഒരു ഭാഗത്ത് മതിലുമുള്ള ഉപയോഗിക്കാതെ കിടന്ന ഒരു ഒഴിഞ്ഞ മൈതാനമായിരുന്നു. അവിടെ തടിച്ചുകൂടിയ ജനങ്ങളില്‍ 379 പേര്‍ മരിക്കുകയും ആയിരക്കണക്കിന് മനുഷ്യര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇന്ത്യയിലെ ബ്രിട്ടീഷ് രാജിന് അന്ത്യം കുറിക്കുന്നതിലേക്ക് ജാലിയന്‍ വാലാബാഗു കാരണമായിട്ടുണ്ടെന്നും പഠനങ്ങള്‍ വന്നിട്ടുണ്ട്. മാത്രമല്ല, നിരായുധരും നിരപരാധികളും കൊലചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാര്‍ ഒരു പാഠം പഠിക്കും എന്നത് മാത്രായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍. നിയമപരമായാണ് ജനറല്‍ ഡയര്‍ പെരുമാറിയാതെന്നും ബ്രിട്ടന്‍ വിലയിരുത്തി. വംശഹത്യകള്‍ ആരുടെ നിയമം എന്ന ചോദ്യമാണ് അന്ന് അമൃത്‌സറിലും ഇന്ന് ഗാസയിലും ഉയരുന്ന നിലവിളികളിലും പ്രതിരോധങ്ങളിലും ഉയര്‍ത്തുന്നത്.
ജാലിയന്‍ വാലാബാഗില്‍ നിന്നും രക്ഷപ്പെട്ട ഡെന്റല്‍ സര്‍ജന്‍ അദ്ദേഹത്തിന്റെ മകനെ കണ്ട കാഴ്ച ചരിത്രത്തിലെ കണ്ണീരില്‍ കുതിര്‍ന്ന അധ്യായമാണ്. ഇന്ന് ഗാസയിലെ നിലവിളിക്കാന്‍ കഴിയാതെ ഇങ്കുബേറ്ററില്‍ മരിച്ചുപോയ കുഞ്ഞുങ്ങളുടെ ഉറ്റവരുടെ രോദനം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. ജാലിയന്‍ വാലാ ബാഗില്‍ ഭയം കൊണ്ട് ഒളിച്ചിരുന്ന ഡോ. മണി രാം വെടിയൊച്ചകള്‍ നിലച്ച ശേഷമാണ് കളിക്കാന്‍ പോയ മകനെ ഓര്‍ത്തത്. ഡോക്ടറും ബന്ധുക്കളും മകനെ അന്വേഷിച്ച് ഓടിയെത്തിയപ്പോള്‍ അവന്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന ആള്‍ക്കൂട്ടത്തിലെ മറ്റൊരു ജീവനില്ലാത്ത ശരീരമാണെന്ന് തിരിച്ചറിയുകയായിരുന്നു. കളിക്കാന്‍ പോയ കുട്ടിയാണോ, കുളിക്കാന്‍ പോയ കുട്ടിയാണോ എന്നൊന്നും നോക്കിയല്ല അധിനിവേശ ശക്തികള്‍ വെടിയുതിര്‍ക്കുന്നത്. അമൃത്സറില്‍ മൈതാനിയിലാണ് അവര്‍ വെടിവെച്ചതെങ്കില്‍ ഇന്ന് ഗാസയില്‍ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും മുകളില്‍ ബോംബുകളും മിസൈലുകളുമാണ് പതിക്കുന്നതു. ഒക്ടോബറിലോ, ഈ വര്‍ഷമോ തുടങ്ങിയതുമല്ല ഈ നരഹത്യ. ഫലസ്തീനെ കോളനിയാക്കിയ സാമ്രാജ്യത്വ സയണിസ്റ്റ് സഖ്യം നിരന്തരം 1948 മുതലെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഉന്‍മൂലന നയമാണ് നടപ്പാക്കുന്നത്.
റെയിച്ചല്‍ കോറിയെ ഒന്നു ഓര്‍ത്തെടുക്കണം. 2003 ലായിരുന്നു ആ ഇരുപത്തിമൂന്നുകാരിയെ ഇസ്രായേല്‍ പൊളിച്ച് നീക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ ബുള്‍ഡോസര്‍ കയറ്റി കൊലചെയ്തതു. കൊറിയുടെ ഓര്‍മയ്ക്ക് എല്ലാ വര്‍ഷവും ഫലസ്തീനില്‍ സ്‌പോര്‍ട്ട്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കാറുണ്ട്. ഫലസ്തീനികള്‍ക്ക് കോറി (Rachel Corrie) പ്രതിരോധത്തിന്റെ ചിഹ്നവും രക്തസാക്ഷിയുമാണ്. നമ്മള്‍ ഇന്ത്യക്കാര്‍ സ്വാതന്ത്യ പോരാട്ടങ്ങളെ ഒരേ ഒരു ഗാന്ധിജിയിലേക്ക് ചുരുക്കിയെങ്കിലും യാഥാര്‍ഥ്യം മറഞ്ഞു കിടക്കുന്ന ഇതുപോലുള്ള നിരവധി രക്തസാക്ഷികളെ കൂടി ഉള്‍കൊള്ളുന്നതാണ്. വെറുതെയല്ല പണ്ഡിതനായ രാഷ്ട്രീയ നേതാവായ ശശി തരൂരിന് ഇസ്രയേലി അധിനിവേശമോ, ഫലസ്തീന്റെ പ്രതിരോധമോ കാണാന്‍ കഴിയാത്തത്. എന്തുകൊണ്ട് തരൂരിന് ഇസ്രായേലി അധിനിവേശത്തെ കാണാന്‍ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നമ്മള്‍ ചിന്തിക്കാനും കാണാനും കാണാതിരിക്കാനും കണ്ടീഷന്‍ ചെയ്യപ്പെട്ടവരായി മാറിയിരിക്കയാണ്. സേഫ് സോണില്‍ കളിക്കുകയെന്നും പറയാം. ലോക കമ്പോളത്തില്‍ ചരക്ക് വില്‍ക്കുന്ന ഒരു മുതലാളിയെ പോലെയാണ് ഇന്ന് മിക്ക രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രാറ്റുകളും പെരുമാറുന്നത്. അവര്‍ക്ക് സ്വയം കമ്പോള മൂല്യം കുറയാതെ സൂക്ഷിക്കണം. പൊതു സമൂഹത്തില്‍ നാസികാലം ഉല്‍പാദിപ്പിച്ചതും സാര്‍ത്രേ ഫ്രാന്‍സില്‍ അഭിമുഖീകരിച്ചതുമായ മധ്യവര്‍ഗ മനുഷ്യരെപ്പോലെ ഇന്ന് നമ്മള്‍ അപരനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു സ്വയം വിഢികളായി ജീവിക്കുന്നു. സ്വയം വിഢിയാവാതിരിക്കാനാണ് വെടിവെപ്പിന് ഉത്തരവ് നല്‍കിയതെന്ന് ജനറല്‍ ഡയര്‍ പറഞ്ഞതായി രേഖപ്പെട്ടിട്ടുണ്ട്. ഭരണകര്‍ത്താക്കള്‍ക്കും അവരുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന സേവകര്‍ക്കും വിഢികളാവുക എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുക എന്നാണ്. ജാലിയന്‍വാലാ ബാഗിലെ ജനക്കൂട്ടത്തെ വെറുതെ വിട്ടാല്‍ നാളെ അവര്‍ വീണ്ടും അവിടെ ഒത്തുകൂടുകയില്ലേ എന്നും ജനറല്‍ ഡയാര്‍ ചോദിച്ചിട്ടുണ്ട്. ഉദ്ധം സിംഗ് സാഹസികമായി ലണ്ടനിലേക്ക് കടന്നതിലും ഡയറെ വെടിവെച്ചുകൊന്നതിലും അത്ഭുതപ്പെടേണ്ടതില്ല. അമൃത്‌സറിലെ നരഹത്യക്ക് സാക്ഷ്യം വഹിച്ച ഉദ്ദം സിങ്ങിനെപ്പോലെ അല്‍ഷിഫ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഘാതകരെ കണ്ടുനില്‍ക്കുന്ന മനുഷ്യര്‍ നാളെ എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന് കണക്കുകൂട്ടന്‍ കഴിയില്ല. പണ്ഡിതനും മൗലീകമായ അപഗ്രഥനങ്ങള്‍ കൊണ്ട് ലോകത്തെ ത്രസിപ്പിച്ച എഡ്വര്‍ഡ് സെയ്ദ് (Edward Said) ഗാസയില്‍ നിന്നും ഒരു കല്ലെടുത്ത് ഇസ്രായേലിന് നേരെ എറിഞ്ഞതും ഇവിടെ ഓര്‍ക്കാവുന്നതാണ്. ആ കല്ല് ഒരു പ്രതീകം മാത്രമാണെന്ന് അത് കണ്ടു നില്‍ക്കുന്നവര്‍ക്കെല്ലാം അറിയാം. എങ്കിലും സയണിസ്റ്റ് ഭീകരതയില്‍ അമറുന്ന ഒരു ജനതയോട് ഐക്യപ്പെടാന്‍ സ്വന്തം എഴുത്തുകള്‍ മാത്രം പോരെന്ന് അദ്ദേഹത്തിന് തോന്നിയല്ലോ. അതിനാല്‍ കൊന്നു തീര്‍ക്കാമെന്നത് വെറുമൊരു വ്യാമോഹമാണ്.
ഇപ്പോള്‍ നെതന്യാഹുവിന്റെ തീവ്ര സയണിസ്റ്റ് ഭരണകൂടവും അതിനെ പിന്തുണക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങളും കരുതുന്ന പോലെ പിഞ്ചു കുഞ്ഞുങ്ങളെ ഉന്മൂലനം ചെയ്യുന്നതിലൂടെയും ആശുപത്രികളും വിദ്യാലയങ്ങളും തകര്‍ക്കുന്നതിലൂടെയും ഫലസ്തീന്റെ സ്വതന്ത്ര പരാധികാരം എക്കാലത്തേക്കും റദ്ദു ചെയ്യാന്‍ കഴിയില്ല. ജാലിയന്‍ വാലാ ബാഗ് ബ്രിട്ടീഷ് രാജിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു എന്നത് പോലെ സയണിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടു തകര്‍ത്ത അല്‍ഷിഫ ആശുപത്രി സയണിസ്റ്റ് അധിനിവേശത്തിന്റെ അന്ത്യത്തിന്റെ ആരംഭവും കൂടിയായിരിക്കും. അതാണ് ചരിത്രം ഇതുവരെ നല്‍കുന്ന പാഠം.