Quantcast
MediaOne Logo

കെ. സന്തോഷ് കുമാര്‍

Published: 9 July 2023 4:29 AM GMT

ഏകീകൃത സിവില്‍ കോഡും ഡോ. അംബേദ്കറും

ഒരു പൊതു ശത്രുവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടു മാത്രമേ ആയിരത്തിലധികം ജാതികളായി വിഘടിച്ചു കിടക്കുന്ന 'ഹിന്ദുക്കളെ' ഏകീകരിക്കാന്‍ കഴിയൂ എന്ന് ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും നന്നായി അറിയാം. അതുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് ബാധിക്കുന്നത് ആദിവാസികളെയും ഇതര മതന്യൂനപക്ഷങ്ങളെയും വംശീയ വിഭാഗങ്ങളെയും കൂടി ആയിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ഇതൊരു മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യ-അവകാശ പ്രശ്നമായി മോദിയും കേന്ദ്ര സര്‍ക്കാരും ഹിന്ദുത്വ ശക്തികളും അവതരിപ്പിക്കുന്നത്. (ഒന്നാം ഭാഗം)

എന്താണ് ഏക സിവില്‍കോഡ്
X

ഇന്ത്യയിലെ വിവിധ ജാതി-മത-ഗോത്ര സമുദായങ്ങളുടെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വില്‍പത്രം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സിവില്‍ നിയമങ്ങളെ (Personal Law) ഏകീകരിക്കുന്ന ഏകീകൃത സിവില്‍ കോഡ് (Uniform Civil Code - UUC) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു 22-ാമത് ലോ കമീഷന്‍ 2023 ജൂണ്‍ 14 നു പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും വിവിധ മത-ജാതി സംഘടനകളില്‍ നിന്നും വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നും ഈ വിഷയത്തില്‍ അഭിപ്രായം അറിയുന്നതിന് ജൂലൈ 15 വരെ സമയം അനുവദിക്കയും ചെയ്തു. 2014 ല്‍ അധികാരത്തില്‍ കയറിയ മോദി സര്‍ക്കാരിന്റെ മുഖ്യ പരിഗണനയില്‍ ഉണ്ടായിരുന്ന വിഷയമാണ് ഏകീകൃത സിവില്‍ കോഡ്. മോദി സര്‍ക്കാര്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുച്ചുവെങ്കിലും 21-ാമത് ലോ കമീഷന്‍ 2018 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച 'Reforms of Family Law' എന്ന 185 പേജ് വരുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ഏകീകൃത സിവില്‍ കോഡ് എന്ന ആവശ്യത്തെ നിരാകരിക്കുകയാണ് ചെയ്തത്. കമീഷന്‍ വ്യക്തമായി പറഞ്ഞത്, 'This Commission has therefore dealt with laws that are discriminatory rather than providing a uniform civil code which is neither necessary nor desirable at this stage. Most countries are now moving towards recognition of difference, and the mere existence of difference does not imply discrimination, but is indicative of a robust democracy'. 'ഈ ഘട്ടത്തില്‍ ആവശ്യമോ അഭികാമ്യമോ അല്ല' എന്ന് മാത്രമല്ല വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നത് വിവേചനമല്ലെന്നും അത് സുശക്തമായ ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞത്. എല്ലാ മത-ജാതി സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളില്‍ വിവാഹത്തിലും വിവാഹമോചനത്തിലും ഒരേപോലെ പാലിക്കപ്പെടേണ്ട ചില നിര്‍ദേശങ്ങളാണ് കമീഷന്‍ മുന്നോട്ട് വെച്ചത്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിലനില്‍ക്കുന്ന ബഹുസ്വര ഇന്ത്യയില്‍, നൂറുകണക്കിന് വ്യക്തി നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍, ഒരു ഏകീകൃത സിവില്‍ നിയമത്തിനു ഒരുതരത്തിലും പാകപ്പെടാത്ത ഇന്ത്യയില്‍ ഒരൊറ്റ സിവില്‍ നിയമം അടിച്ചേല്‍പ്പിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തില്‍ ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം നിഗമനത്തില്‍ കമീഷന് എത്തിച്ചേരാന്‍ കഴിയൂ.


ഹിന്ദുരാഷ്ട്രവും മുസ്ലിം അപരവത്കരണവും

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്നതിനു ഏതാനും മാസങ്ങള്‍ മുന്‍പ് 'ഒരു രാജ്യം ഒരു നിയമം' എന്നു പറഞ്ഞു ബി.ജെ.പി. സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഒന്ന്, സാമൂഹ്യ-മത ധ്രുവീകരണത്തിലൂടെ മുസ്ലിം അപരവത്കരണം നടത്തി അധികാരം നിലനിര്‍ത്തുക. രണ്ടു, ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ ഭാഗമായി ഇന്ത്യയെ ഏകാത്മകമാക്കല്‍. മൂന്ന്, ബി.ജെ.പി. കേന്ദ്ര സര്‍ക്കാരിനെതിരായി ശക്തിപ്പെടുന്ന പ്രതിപക്ഷ ഐക്യത്തെ ഇല്ലാതാക്കുക. നാല്, കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുന്ന മണിപ്പൂര്‍ വംശീയ കലാപത്തില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുക.

മുസ്‌ലിം സ്ത്രീകള്‍ സമുദായത്തിനുള്ളില്‍ ഭീകരമായ വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവരുടെ സ്വാതന്ത്ര്യത്തിനും അവകാശം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് യു.യു.സി നടപ്പാക്കുന്നത് എന്നൊരു പൊതു ചിത്രമാണ് ഹിന്ദുത്വ ശക്തികള്‍ പുറത്തു വിടുന്നത്. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലെയും 'പുരോഗമന' പക്ഷത്ത് നില്‍ക്കുന്ന പലരും ചിന്തിക്കുന്നത് ഇങ്ങനെതന്നെയാണ്.

ഏകീകൃത സിവില്‍ കോഡ് വിഷയത്തെ ഒരു മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കുന്നിടത്താണ് ഹിന്ദുത്വ ശക്തികളുടെ കുടിലതന്ത്രം നിലനില്‍ക്കുന്നത്. മത-ജാതി ധ്രുവീകരണത്തിലൂടെ അധികാരം പിടിക്കുക എന്ന തന്ത്രമാണ് ബി.ജെ.പിയും ആര്‍.എസ്.എസും എക്കാലത്തും നടപ്പാക്കിയിട്ടുള്ളത്. 'ഹിന്ദു-മുസ്‌ലിം കലാപത്തിന്റെ സമയത്തല്ലാതെ ഒരു ജാതിയ്ക്ക് അന്യ ജാതികളുമായി ബന്ധമുണ്ടെന്ന തോന്നലുപോലും ഇല്ലായിരുന്നു' എന്ന് ഡോ. അംബേദ്കര്‍ Annihilation of Caste' ല്‍ പറയുന്നുണ്ട്. ആഭ്യന്തര സംഘര്‍ഷകാലത്തും ഒരു പൊതു ശത്രുവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടും മാത്രമേ ആയിരത്തിലധികം ജാതികളായി വിഘടിച്ചു കിടക്കുന്ന 'ഹിന്ദുക്കളെ' ഏകീകരിക്കാന്‍ കഴിയൂ എന്ന് ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും നന്നായി അറിയാം. അതുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് ബാധിക്കുന്നത് ആദിവാസികളെയും ഇതര മതന്യൂനപക്ഷങ്ങളെയും വംശീയ വിഭാഗങ്ങളെയും കൂടി ആയിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ഇതൊരു മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യ-അവകാശ പ്രശ്നമായി മോദിയും കേന്ദ്ര സര്‍ക്കാരും ഹിന്ദുത്വ ശക്തികളും അവതരിപ്പിക്കുന്നത്.


മധ്യപ്രദേശിലെ ഭോപ്പാലില്‍ ജൂണ്‍ 27 നു ബി.ജെ.പി. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞത് 'സ്വന്തം ലാഭത്തിനു വേണ്ടി തങ്ങളെ ഇളക്കി വിടുന്നവരെ മുസ്ലിംകള്‍ മനസ്സിലാക്കണം. ഞങ്ങള്‍ ഭരണഘടനയ്ക്ക് അകത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനും നടപ്പാക്കാനും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതു കൊണ്ടുവരും. സമൂഹനീതിയുടെ പേരില്‍ വോട്ടു തേടുന്നവര്‍ ഗ്രാമങ്ങളോടും ദരിദ്രവിഭാഗങ്ങളോടും വലിയ അനീതിയാണ് ചെയ്തിട്ടുള്ളത്'. ഏകീകൃത സിവില്‍ കോഡ് വിഷയം വരുന്ന ഘട്ടത്തിലൊക്കെ തന്നെ മോദിയും അമിത് ഷായും കേന്ദ്രസര്‍ക്കാരും ഇതിനെ മുസ്‌ലിം മതപ്രശനമായാണ് അവതരിപ്പിക്കുന്നത്. അവര്‍ പറയാതെ പറയുന്നൊരു കാര്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തടസ്സം നില്‍ക്കുന്നത് മുസ്‌ലിംകള്‍ ആണെന്നും ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യവുമാണെന്നാണ്. മുസ്‌ലിം സ്ത്രീകള്‍ സമുദായത്തിനുള്ളില്‍ ഭീകരമായ വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവരുടെ സ്വാതന്ത്ര്യത്തിനും അവകാശം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് യു.യു.സി നടപ്പാക്കുന്നത് എന്നൊരു പൊതു ചിത്രമാണ് ഹിന്ദുത്വ ശക്തികള്‍ പുറത്തു വിടുന്നത്. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലെയും 'പുരോഗമന' പക്ഷത്ത് നില്‍ക്കുന്ന പലരും ചിന്തിക്കുന്നത് ഇങ്ങനെതന്നെയാണ്.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനു ശേഷം മുസ്‌ലിം സമുദായത്തിലെ വിവാഹം, വിവാഹ മോചനം, ദത്ത് എന്നിവയ്ക്ക് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ ബാധകമാണെന്ന് വിവിധ കോടതി വിധികളിലൂടെ പുറത്ത് വന്നിട്ടുള്ളതാണ്. മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നു എന്ന് പറയപ്പെടുന്ന പിന്തുടര്‍ച്ചാവകാശം, സ്വത്തവകാശം, ബഹുഭാര്യാത്വം തുടങ്ങിയവയ്ക്ക് ഏകീകൃത സിവില്‍ നിയമം ഇല്ലാതെ തന്നെ പരിഷ്‌ക്കരിക്കാന്‍ കഴിയുന്നതാണ്. അത്തരം യാതൊരു ആവശ്യങ്ങളും ഉന്നയിക്കാതെ ഏകീകൃത സിവില്‍ കോഡ് എന്ന ഒറ്റ ആവശ്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരുന്നതിലാണ് ദുരൂഹത ഇരിക്കുന്നത്. മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കാന്‍ എന്ത് തന്ത്രമാണോ ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും പുറത്തെടുത്തത്, അതുതന്നെയാണ് ഏകീകൃത സിവില്‍ കോഡ് വിഷയത്തിലും പുറത്തെടുക്കുന്നത്. സംവരണത്തെ ഇല്ലാതാക്കാനും ഭരണഘടന പൊളിക്കാനും നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ കഴിയാത്തത് കൊണ്ട് സംവരണ മാനദണ്ഡമായ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ സ്ഥാനത്തു ദാരിദ്ര്യത്തെ പുനര്‍പ്രതിഷ്ഠിക്കുകയാണ് അവര്‍ ചെയ്തത്. 'ദരിദ്രര്‍ ആയവര്‍ക്ക് സംവരണം കൊടുക്കുന്നത് എതിര്‍ക്കുന്നത് എന്തിനു ?' എന്നൊരു പൊതുവികാരം ഇന്ത്യയിലാകമാനം അതിലൂടെ സൃഷിടിക്കപ്പെട്ടു. അങ്ങനെ സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് ഇരട്ടിയിലധികം പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും സാമൂഹ്യ പിന്നാക്കാവസ്ഥ ഇല്ലാതിരുന്നിട്ടും മുന്നോക്ക സമുദായ സംവരണത്തിലൂടെ സംവരണം ഉറപ്പിക്കപ്പെട്ടു. സംഭവിക്കപ്പെട്ടത് സാമൂഹിക പിന്നാക്കാവസ്ഥയുടെ സ്ഥാനത്തു 'സാമ്പത്തികം' മാനദണ്ഡമായി വരികയും ഭരണഘടനയുടെ അടിസ്ഥാന തത്വം തന്നെ പൊളിയുകയും ചെയ്തു. ഭരണഘടനാ ഭേദഗതിലൂടെ സാമ്പത്തിക മാനദണ്ഡം നിലവില്‍ വന്നതുകൊണ്ട് ഇനി എപ്പോള്‍ വേണമെങ്കിലും സാമുദായിക സംവരണം ഇല്ലാതാകാം.

ആദിമ നിവാസികളെ 'ആദിവാസികള്‍' എന്ന് വിളിക്കപ്പെടുന്നതിലൂടെ നെടുകെ പിളരുന്നത് ആര്‍ഷഭാരത സങ്കല്പനം ആണെന്ന് അറിയാവുന്നത് കൊണ്ടാണ് ആര്‍.എസ്.എസ്. ആദിവാസികളെ 'വനവാസികള്‍' എന്ന് വിളിക്കുന്നത്. ആദിവാസികള്‍ എല്ലാം വനവാസികളല്ല. എന്നുമാത്രമല്ല, വനവാസികളായ മറ്റ് വിഭാഗങ്ങള്‍ കൂടിയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും ആദിവാസികളെ വനവാസികള്‍ എന്നേ ആര്‍.എസ്.എസ് നാമകരണം ചെയ്യൂ, അത്ര സൂക്ഷ്മതയിലാണ് അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.

മുന്നോക്ക സമുദായ സംവരണത്തിന് 'ദാരിദ്രം' ആയിരുന്നു കുറുക്കു വഴിയെങ്കില്‍ ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തില്‍ അത് 'സ്ത്രീ സ്വാതന്ത്ര്യ'വും 'സ്ത്രീ അവകാശ'വുമായി മാറുന്നു. കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ മുസ്ലിം സ്ത്രീകളെ രക്ഷിക്കാനുള്ള 'ഏകമാര്‍ഗമായി' മാറുന്നു. ഈ വാദം മുന്നോട്ട് വെക്കുന്നതിലൂടെ ഏകീകൃത സിവില്‍ കോഡിനായി ഒരു പൊതുസമ്മതി ഉണ്ടാക്കിയെടുക്കാന്‍ കഴിയും. യു.യു.സി നടപ്പാകുന്നതോട് കൂടി തത്വത്തില്‍ സംഭവിക്കുക ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ശക്തികളുടെയും കണ്ണിലെ കരടായി നിലനില്‍ക്കുന്ന, ഭരണഘടനയില്‍ ഏത് മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കുമാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന, മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക പുരോഗതി ഭരണഘടനാ പരിരക്ഷയിലൂടെ ഉറപ്പിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ 25, 26 ചോദ്യം ചെയ്യപ്പെടും. മൗലിക അവകാശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിനെ റദ്ദു ചെയ്തുകൊണ്ടാണ് മുസ്‌ലിംകള്‍ക്ക് എതിരായ അതിക്രമങ്ങളും നടപടികളും ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഏകീകൃത സിവില്‍ കോഡ് ഏതെല്ലാം തരത്തിലാണ് മൗലിക അവകാശങ്ങളുടെ ലംഘനമായി മാറുന്നതെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ഏകീകൃത സിവില്‍ കോഡില്‍ നിന്ന് ആദിവാസികളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കുമെന്ന് നാഗാലാന്റ് സര്‍ക്കാരിന് അമിത് ഷാ ഉറപ്പു നല്‍കിയതായി ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏകീകൃത സിവില്‍ കോഡിലൂടെ ഹിന്ദുത്വ ശക്തികള്‍ മുസ്‌ലിംകളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇതില്‍ നിന്ന് സുവ്യക്തമാണ്. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വമായി മാത്രം നിലനില്‍ക്കുന്ന, നിര്‍ബന്ധപൂര്‍വം ചെയ്യണ്ടാത്ത, കോടതികളിലൂടെ നടപ്പിലാക്കാന്‍ കഴിയാത്ത ആര്‍ട്ടിക്കല്‍ 44 ല്‍ പറയുന്ന 'യൂണിഫോം സിവില്‍ കോഡ്' നിയമമാക്കപ്പെടുന്നതോട് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ജീവിക്കുന്ന ഓരോ പൗരനും ബാധകമായ ഒന്നായി തീരും. മുസ്‌ലിമിന് ഇന്ത്യന്‍ ഭരണാഘടന ഉറപ്പു നല്‍കുന്ന മതസാമുദായിക ജീവിതത്തിനു ഇത് വെല്ലുവിളിയാകും എന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക ഏകാത്മകമാക്കല്‍

1949 ന്റെ തുടക്കത്തില്‍ റ്റി.ആര്‍.വി. ശാസ്ത്രി എഴുതി ഉണ്ടാക്കുകയും ഏപ്രിലില്‍ ഗോള്‍വാള്‍ക്കര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കുകയും ചെയ്ത ആര്‍.എസ്.എസിന്റെ ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുന്നിടത്ത് പറയുന്നത് 'സംഘടിതവും തികഞ്ഞ അച്ചടക്കമുള്ള ഏകാംഗീകൃതമായ ഒരു ജീവിതം കെട്ടിപ്പടുക്കുക', 'ഹിന്ദുക്കള്‍ക്കിടയിലെ വിഭാഗീയതയുടെയും വിശ്വാസത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വൈവിധ്യങ്ങളില്‍ നിന്നും രാഷ്ട്രീയവും സാമ്പത്തികവും ഭാഷാപരവും പ്രാദേശികവുമായ ഛിദ്രവാസനകളെ ഉന്മൂലനം ചെയ്യുക'[1] എന്നാണ്. ആര്‍.എസ്എ.സിനും ബി.ജെ.പിക്കും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഹിന്ദുമതത്തിനുള്ളിലെയും വിവിധ ജാതികളിലും ഗോത്രങ്ങളിലും നിലനില്‍ക്കുന്ന സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഇല്ലാതാക്കി ഹിന്ദുവത്കരണം നടപ്പാക്കി എടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ 'സംഘടിതവും തികഞ്ഞ അച്ചടക്കമുള്ള ഏകാംഗീകൃതമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍' അവര്‍ക്ക് സാധിക്കൂ. ഈ സാംസ്‌കാരിക ഏകാത്മകമാക്കലാണ് ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറ. എന്നാല്‍, ഈ സാംസ്‌കാരിക ഏകാത്മകമാക്കലിന് ജൈവികമായി തടസ്സം നില്‍ക്കുന്നതും ആര്‍ഷ ഭാരത സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നതും ആദിവാസികളുടെയും ദലിതരുടെയും സാംസ്‌കാരിക വൈവിധ്യങ്ങളും ആചാര വിശ്വാസങ്ങളും ജീവിതങ്ങളുമാണ്. അതുകൊണ്ട് ആണ് സേവാഭാരതി, വനവാസി കല്യാണ്‍ തുടങ്ങിയ വിവിധ സംഘടനകളിലൂടെ ആദിവാസി-ദലിത് ജനതയെ ഹിന്ദുത്വവത്കരണത്തിനു വിധേയരാക്കാന്‍ ശ്രമിക്കുന്നത്. ആദിമ നിവാസികളെ 'ആദിവാസികള്‍' എന്ന് വിളിക്കപ്പെടുന്നതിലൂടെ നെടുകെ പിളരുന്നത് ആര്‍ഷഭാരത സങ്കല്പനം ആണെന്ന് അറിയാവുന്നത് കൊണ്ടാണ് ആര്‍.എസ്.എസ്. ആദിവാസികളെ 'വനവാസികള്‍' എന്ന് വിളിക്കുന്നത്. ആദിവാസികള്‍ എല്ലാം വനവാസികളല്ല. എന്നുമാത്രമല്ല, വനവാസികളായ മറ്റ് വിഭാഗങ്ങള്‍ കൂടിയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും ആദിവാസികളെ വനവാസികള്‍ എന്നേ ആര്‍.എസ്.എസ് നാമകരണം ചെയ്യൂ, അത്ര സൂക്ഷ്മതയിലാണ് അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.


ആദിവാസികള്‍ക്ക് ഭരണഘടന ആര്‍ട്ടിക്കിള്‍ 244 ഷെഡ്യൂള്‍ 5,6 മുഖേന സ്വയംഭരണാവകാശവും പ്രത്യേക ഭരണ പദവികളും അനുവദിച്ചു നല്‍കുകയും വനാവകാശം 'അംഗീകരിച്ചു' നല്‍കുന്നുമുണ്ട്. ആദിവാസികളുടെ തനത് ആവാസവ്യവസ്ഥയുടെ നിലനില്‍പ്, പാരമ്പര്യങ്ങളെയും ആചാര വിശ്വാസങ്ങളെയും കാത്തുസംരക്ഷിക്കുക, വിഭവങ്ങളുടെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും ഗോത്ര പൈതൃകങ്ങളുടെയും സംരക്ഷണം എന്നിവയ്ക്കെല്ലാം വേണ്ടിയാണ് ഈ അവകാശങ്ങള്‍ അംഗീകരിച്ചു നല്‍കിയിരിക്കുന്നത്. ആദിവാസികള്‍ക്ക് ഇതെല്ലാം സര്‍ക്കാരുകള്‍ നല്‍കുന്ന ഔദാര്യങ്ങളല്ല. ആദിവാസികള്‍ പാരമ്പര്യമായി അനുഭവിക്കുന്ന അവകാശത്തെ 'അംഗീകരിക്കുക' മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഈ തനത് വിശ്വാസ-ഗോത്ര പാരമ്പര്യങ്ങളെയെല്ലാമാണ് ഏകീകൃത സിവില്‍ കോഡിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നടപ്പാക്കപ്പെട്ട ഏകീകൃത നിയമത്തിന്റെ ദുരന്തം പേറുന്നവര്‍ കൂടിയാണ് ആദിവാസികള്‍. 18 വയസ്സ് കഴിയാത്ത കുട്ടികളുമായി വിവാഹ-ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. ഏറെ പുരോഗമനപരമായ ഈ നിയമത്തിന്റെ ദുരന്തം അനുഭവിക്കുന്നവര്‍ ഏറിയ പങ്കും ആദിവാസികള്‍ ആണ്. പെണ്‍കുട്ടികള്‍ ഋതുമതിയായതിനു ശേഷം പാരമ്പര്യവിശ്വാസ പ്രകാരവും ഗോത്രാചാരപ്രകാരവും വിവാഹിതര്‍ ആകുന്ന രീതിയാണ് ആദിവാസികള്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ വിവാഹിതരായ നൂറുകണക്കിന് ആദിവാസി യുവാക്കളാണിന്നു വിവിധ ജയിലുകളില്‍ കഴിയുന്നത്. പല ആദിവാസി ഗോത്രങ്ങള്‍ക്കും പോക്‌സോ പോലൊരു നിയമം തന്നെ ഉള്ളതായി അറിയില്ല. ഗോത്രാചാരപ്രകാരം വിവാഹം കഴിച്ച തങ്ങളെ എന്തിനു ജയിലില്‍ പിടിച്ചിട്ടിരിക്കുന്നു എന്നാണു പല യുവാക്കളുടെയും ചോദ്യം. ഒരു നിയമം നടപ്പാക്കാന്‍ ആ സമൂഹം പാകപ്പെട്ടോ എന്നുള്ളത് ഒരു ആധുനിക ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്ത പൂര്‍ണ്ണമായ ചിന്ത ആയിരിക്കണം. ലോകത്ത് ഏറ്റവുമധികം ആദിവാസികള്‍ ജീവിക്കുന്ന ഇന്ത്യയില്‍, ഇന്ത്യ ജനസംഖ്യയുടെ ഒന്‍പത് ശതമാനത്തോളം വരുന്ന ആദിവാസികളുടെ ഭരണഘടനാ പരിരക്ഷകള്‍ ഏകീകൃത സിവില്‍ കോഡിലൂടെ നഷ്ടപ്പെടുമെങ്കില്‍ ബി.ജെ.പി. കേന്ദ്ര സര്‍ക്കാരിനും ഇന്ത്യയ്ക്കും വലിയ വില അതിനായി നല്‍കേണ്ടി വരും.


ബഹുസ്വര ഇന്ത്യയില്‍ തിടുക്കപ്പെട്ട് നടപ്പാക്കേണ്ടുന്ന ഒന്നല്ല ഏകീകൃത സിവില്‍ കോഡ്. ഭരണഘടനാ അസംബ്ലിയില്‍ ഇത് പലപ്രാവശ്യം ചര്‍ച്ച ചെയ്തിട്ടുമുള്ളതാണ്. ബി.ജെ.പി മുന്‍പെന്നത്തേക്കാളും രാഷ്ട്രീയമായി പ്രതിരോധത്തിലാണ്. ഈ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനുള്ള ഏകവഴി വീണ്ടും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി ബി.ജെ.പിയെ എങ്ങനെയും പരാജപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പാട്‌നയില്‍ 17 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാസഖ്യത്തിനു തുടക്കം കുറിച്ചത് ജൂണ്‍ 24 നു ആണ്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോഴാണ് മോദി ഭോപ്പാല്‍ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് വിഷയത്തെ എടുത്തിട്ട് രാഷ്ട്രീയമായി കത്തിക്കുന്നത്. പ്രതിപക്ഷത്തു ആശയക്കുഴപ്പം ഉണ്ടാക്കുക, രാഷ്ട്രീയ സഖ്യം തകര്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നു വ്യക്തം. ഇതിനെതിരെ വലിയ തോതില്‍ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയരുമ്പോള്‍ പ്രധാനമന്ത്രി മോദിയും ഹിന്ദുത്വ ശക്തികളും പറയുന്ന പ്രധാന വാദങ്ങള്‍, തങ്ങള്‍ ഭരണഘടന നടപ്പാക്കാനാണ് ശ്രമിക്കുന്നത്, സ്ത്രീ സ്വാതന്ത്ര്യത്തിനായാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്നതാണ്. ഇതിനായി അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് ഡോ. ബി.ആര്‍ അംബേദ്കറെയാണ്. സാമൂഹിക നീതിക്കായി ഒരു ജീവിതകാലം മുഴുവന്‍ പോരാടിയ ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിഫോം സിവില്‍ കോഡ് രാജ്യത്ത് വേണമെന്ന് പറഞ്ഞതും നിര്‍ദേശക തത്വത്തില്‍ ഉള്‍പ്പെടുത്തിയതും രാജ്യത്തിന്റെ കെട്ടുറപ്പിനും സാമൂഹിക നീതിക്കും വേണ്ടിയാണ് എന്ന് ദുര്‍വ്യാഖ്യാനം ചെയ്തു സ്ഥാപിച്ചെടുക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡോ. അംബേദ്കറുടെ പേരില്‍ വലിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്.

References :-

1 . Religious Dimensions of Indian Nationalism, Shamsul Islam

(തുടരും)

ഏകീകൃത സിവില്‍ കോഡും അംബേദ്കറും, സിവില്‍ കോഡിനെ അംബേദ്കര്‍ എന്തുകൊണ്ട് അംഗീകരിച്ചു? - രണ്ടാം ഭാഗത്തില്‍ വായിക്കാം.

TAGS :