Quantcast
MediaOne Logo

ജുബൈര്‍ ടി.കെ

Published: 14 April 2023 12:35 PM GMT

'അംബവഡേകര്‍' അംബേദ്കറായത്

സ്‌കൂള്‍ പഠന കാലത്ത് കടുത്ത ജാതി വിവേചനമാണ് ഭീം അനുഭവിച്ചത്. ക്ലാസ്സ് മുറിയുടെ മൂലയില്‍ ചാക്ക് വിരിച്ചു കൊണ്ടായിരുന്നു പഠനം. ഭീമിന്റെ പുസ്തകങ്ങള്‍ അധ്യാപകര്‍ കൈ കൊണ്ട് തൊടാറില്ലായിരുന്നു. സ്‌കൂള്‍ പരിസരത്തെ ടാപ്പില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശം വരെ നിഷേധിക്കപ്പെട്ടു.

ഇന്ത്യന്‍ ജാതി വ്യവസ്ഥ
X

കൊറേഗാവില്‍ കാഷ്യറായി ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ കുഞ്ഞു ഭീമും ചേട്ടനും തീവണ്ടി കയറി ചെന്നു. മുന്‍കൂട്ടി വരവ് അറിയിച്ച് എഴുതിയ കത്ത് അച്ഛന്റെ കൈകളില്‍ എത്താത്തതിനാല്‍ മക്കളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. നേരം ഇരുട്ടി തുടങ്ങി അച്ഛനെയും കാത്ത് സ്റ്റേഷനില്‍ നിന്ന കുട്ടികളുടെ മനസ്സ് വേവലാതികളിലേക്ക് വഴുതി വീണു. നിസ്സഹായരെ പോലെ നില്‍ക്കുന്ന കുട്ടികളെ കണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ അവരുടെ അടുത്തേക്ക് എത്തിയപ്പോള്‍ കരുണയുടെ വെളിച്ചമായിരിക്കാം ആ മുഖത്ത് കുട്ടികള്‍ കണ്ടത്. ഏറെ വാത്സല്യത്തോടെ സംസാരിച്ച ഉദ്യോഗസ്ഥന്‍ കുട്ടികള്‍ മഹാര്‍ ജാതിയില്‍ പെട്ടതാണെന്ന് മനസിലാക്കിയപ്പോള്‍ സഹായിക്കാന്‍ വിമുഖത കാണിച്ചു. അയിത്ത ജാതിക്കാരായ കുട്ടികളെ കയറ്റാന്‍ കാളവണ്ടിയും നിര്‍ത്തിയില്ല. ദാഹമകറ്റാന്‍ വീടുകള്‍ കയറിയപ്പോള്‍ അവഗണന മാത്രമാണ് ലഭിച്ചത്. പല ഇടങ്ങളില്‍ നിന്നും അഴുക്ക് വെള്ളം വെച്ച് നീട്ടുകയും ചെയ്തു. എന്തുകൊണ്ടാണ് ഇവരെല്ലാം ഇങ്ങനെ പെരുമാറുന്നതെന്ന് മനസിലാക്കാന്‍ ഭീമിന് സാധിച്ചിരുന്നില്ല. ആ കുട്ടി വളരുന്നതിന് അനുസരിച്ച് ഇന്ത്യയിലെ ജാതി ചിന്തയും വളര്‍ന്നു കൊണ്ടേയിരുന്നു. ഭീം റാവു 'അംബവഡേകര്‍' എന്നായിരുന്നു സ്‌കൂള്‍ റെക്കോര്‍ഡുകളില്‍ ഭീം ന്റെ പേര്. പിന്നീടത് ഒരു അധ്യാപകന്‍ പരിഷ്‌ക്കരിച്ചു കൊണ്ട് ഭീം റാവു അംബേദ്കര്‍ എന്നാക്കുകയായിരുന്നു. സ്‌കൂള്‍ പഠന കാലത്ത് കടുത്ത ജാതി വിവേചനമാണ് ഭീം അനുഭവിച്ചത്. ക്ലാസ്സ് മുറിയുടെ ഒരു മൂലയില്‍ ചാക്ക് വിരിച്ചു കൊണ്ടായിരുന്നു പഠനം. ഭീമിന്റെ പുസ്തകങ്ങള്‍ അധ്യാപകര്‍ കൈ കൊണ്ട് തൊടാറില്ലായിരുന്നു. സ്‌കൂള്‍ പരിസരത്തെ ടാപ്പില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശം വരെ ആ വിദ്യാര്‍ഥിക്ക് നിഷേധിക്കപ്പെട്ടു.

ജാതീയതക്കെതിരെ

ജാതിവ്യവസ്ഥ കാരണം ജീവിതത്തില്‍ പറ്റി പിടിച്ച ദുരനുഭവങ്ങളുടെ മാറപ്പ് ഏന്തിയാണ് അംബേദ്കര്‍ 1913ല്‍ അമേരിക്കയിലേക്ക് ഉപരി പഠനത്തിനായി പോവുന്നത്. ദേശീയതയുടെ മുഖമായി അന്ന് കണ്ടിരുന്ന ലാലാ ലജ്പത് റായിയുടെ അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ പലപ്പോഴും അംബേദ്കറുമായിട്ടുള്ള കൂടിക്കാഴ്ച നടന്നു. ജാതീയതക്കെതിരെയുള്ള തന്റെ വിയോജിപ്പ് അംബേദ്കര്‍ ലജ്പത് റായിയുമായി പങ്കുവെച്ചു. കാസ്റ്റസ് ഇന്‍ ഇന്ത്യ, ദൈര്‍ മെക്കാനിസം ജെനസിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന ഉപന്യാസത്തിലൂടെ ഇന്ത്യയിലെ ജാതീയത ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഇന്ത്യയിലെ സംവരണ ചരിത്രത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത പേരാണ് ഡോ. ബി.ആര്‍ അംബേദ്കറുടേത്. ഗാന്ധി-അംബേദ്കര്‍ പുന പാക്റ്റ് നിലവില്‍ വന്നപ്പോള്‍ ദലിതരും-വിശ്വ ഹിന്ദുക്കളും തമ്മില്‍ വലിയ സംവാദങ്ങളുണ്ടായി. ഗുണം കൊണ്ടല്ല, ജന്മം കൊണ്ടാണ് സവര്‍ണ്ണര്‍ സാമൂഹിക ശക്തിയായി നിലകൊള്ളുന്നത് എന്ന് അംബേദ്കര്‍ പ്രസ്താവിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ എല്ലാം ഒന്നാണെന്നുള്ള മഹത്തായ മൂല്യം ഉള്‍കൊള്ളുന്ന ഗ്രന്ഥമാണ് ഇന്ത്യന്‍ ഭരണഘടന. അതിന് ജന്മം നല്‍കിയതും അംബേദ്കര്‍ തന്നെ. 1924 ജൂലൈ 20ന് പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രചാരണം നടത്താന്‍ വേണ്ടി ബഹിഷ്‌ക്രിത് ഹിതകാരിണി സഭ എന്ന സംഘടനക്ക് രൂപം കൊടുത്തു. 1927 ഡിസംബര്‍ 25 ന് ബ്രാഹ്മണാശയത്തെയും ജാതി വ്യവസ്ഥയെയും ഊട്ടി ഉറപ്പിക്കുന്ന മനുസ്മൃതി പരസ്യമായി കത്തിച്ചുകൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ധീരോജ്വല സമരത്തിന് അംബേദ്കര്‍ തുടക്കമിട്ടു.

ഗൗഡ വംശജനായ ജഡ്ജ് മഹാര്‍ ജാതിയില്‍ പെട്ട അംബേദ്കറുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കാന്‍ വിസമ്മതിച്ചത് അദ്ദേഹത്തിന്റെ മനസ്സിലെ കടുത്ത ജാതീയതയുടെ കൂരിരുട്ട് കാരണമായിരുന്നു.


ഗാന്ധിയും അംബേദ്കറും

മഹാത്മാവ് എന്ന് വിളിക്കാന്‍ മാത്രമുള്ള മാഹാത്മ്യം ഒന്നും ഗാന്ധിക്ക് ഇല്ല എന്ന് ഒട്ടും ഭയമില്ലാതെ അംബേദ്കര്‍ വിളിച്ചു പറഞ്ഞു. ജാതീയതയുടെ മേലുള്ള അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു ഇരുവര്‍ക്കുമിടയില്‍. രണ്ടാം വട്ടമേശ സമ്മേളന സമയത്ത് ഗാന്ധിയെ കണ്ടപ്പോള്‍ ഐ ഹാവ് നോ ഹോംലാന്‍ഡ് എന്ന് പറഞ്ഞത് കാലങ്ങളാല്‍ തന്റെ ജനത ജാതീയതയുടെ മേല്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ മേലുള്ള പ്രതിഷേധം അറിയിക്കാനാണ്. ജാതീയതയോട് ഗാന്ധി അനുകമ്പ കാണിച്ചു എന്നായിരുന്നു അംബേദ്കര്‍ വിശ്വസിച്ചത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേക മണ്ഡലത്തിനായി വാദിച്ച അംബേദ്കറെ എതിര്‍ത്ത ഗാന്ധിയുമായുണ്ടായ തര്‍ക്കത്തിന് വിരാമമായത് പൂന പാക്ടിലൂടെയാണ്.


കാവിവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍

കര്‍ണ്ണാടകയില്‍ റിപ്പബ്ലിക് ദിന പതാക ഉയര്‍ത്താന്‍ വന്ന സെഷന്‍സ് കോര്‍ട്ട് ജഡ്ജ് മല്ലിക അര്‍ജുന്‍ ഗൗഡ ഗാന്ധിയോടൊപ്പം അംബേദ്കറിന്റെ ചിത്രം കണ്ടതിന്റെ അടിസ്ഥാനത്തില്‍ പതാക ഉയര്‍ത്താന്‍ വിസ്സമ്മതിച്ചതും ഗാന്ധി അല്ലാതെ മറ്റൊരാളുടെയും ചിത്രം വെക്കാന്‍ പാടില്ല എന്ന ഹൈകോടതി നിര്‍ദേശത്തില്‍ കടിച്ചു തൂങ്ങി നിന്നതും ഏറെ പ്രതിഷേധത്തിന് ഇടയാക്കി. ഗൗഡ വംശജനായ ജഡ്ജ് മഹാര്‍ ജാതിയില്‍ പെട്ട അംബേദ്കറുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കാന്‍ വിസമ്മതിച്ചത് അദ്ദേഹത്തിന്റെ മനസ്സിലെ കടുത്ത ജാതീയതയുടെ കൂരിരുട്ട് കാരണമായിരുന്നു. ഇതിനെതിരെ ദലിത് സംഘടനകള്‍ രംഗത്ത് വരുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സമരക്കാരെ നേരിട്ട് കണ്ട് നിവേദനം ഏറ്റു വാങ്ങി. അതിലൂടെ ദലിത് വോട്ട് ലക്ഷ്യമിട്ടിറങ്ങുന്ന രാഷ്ട്രിയക്കാരെ പ്രത്യക്ഷമായിത്തുടങ്ങി. ബോധം ഇല്ലാതെയാണ് അംബേദ്കര്‍ ഭരണഘടന എഴുതിയതെന്ന് പ്രസംഗിച്ചു നടന്നവര്‍ ഇന്ന് അംബേദ്കറെ അവരുടെ ഗുരുക്കന്‍മാരുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കാഴ്ച.

അംബേദ്കര്‍ ഉയര്‍ത്തി കാണിച്ചത് ദലിത് രാഷ്ട്രീയം ആയിരുന്നില്ല; ആധുനിക ഇന്ത്യ എങ്ങിനെയാവണം എന്ന ആശയമായിരുന്നു. മുസ്‌ലിം വിരുദ്ധനാണ് അംബേദ്കര്‍ എന്ന് പറയുന്നവര്‍ മറന്ന് പൊവുന്ന ഒന്നുണ്ട് മുസ്‌ലിം ലീഗിന്റെ സീറ്റിലാണ് അംബേദ്കര്‍ ആദ്യമായി അസംബ്ലിയില്‍ എത്തിയത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടാനന്തര ഇന്ത്യയില്‍ പ്രതിനിധാനം ചെയ്ത സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ അംബേദ്കര്‍ രാഷ്ട്രീയത്തെ ഉയര്‍ത്തിക്കാട്ടി. ഇന്ന് ഹിന്ദുത്വവാദികളും അംബേദ്കറിനെ ദത്തെടുക്കുന്ന സ്ഥിതിയിലേക്കെത്തി. ഡെമോക്രസി റിയല്‍ ആവുക എന്ന് പ്രസ്താവിച്ച അംബേദ്കറെ ഹിന്ദുത്വ വാദികള്‍ തങ്ങളുടെയും കൂടി നേതാവാണെന്ന് പ്രഖ്യാപിക്കുന്നു. അംബേദ്കര്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി ആവാന്‍ തനിക്ക് പ്രയാസമായിരുന്നു എന്നാണ് നരേന്ദ്ര മോദി പ്രസംഗിച്ചത്. മെജോരിറ്റി കമ്മ്യൂണിറ്റിയുടെ മെജോരിറ്റി ഡെമോക്രസി ആയിരിക്കും ഇനി എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അവസ്ഥയാണ് നിലവില്‍ ഇന്ത്യയില്‍. അംബേദ്കര്‍ മുന്നോട്ട് വെച്ച എല്ലാ കമ്യൂണിറ്റികളുടെയും പ്രാതിനിധ്യ ജനാധിപത്യമാണ് (Representative Democracy) റിയല്‍ ഡെമോക്രസിയുടെ അടിത്തറ എന്നത് അവര്‍ മറന്നുപോകുകയോ അല്ലെങ്കില്‍ മറന്നതുപോലെ നടിക്കുകയോ ചെയുന്നു.


TAGS :