Quantcast
MediaOne Logo

ഡോ. ഡി. ധനസുമോദ്

Published: 15 Sep 2024 3:12 AM GMT

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ നിരീശ്വരവാദി

2017 നാണു സീതാറാം യെച്ചൂരി പാര്‍ലമെന്റില്‍ നിന്നും പടിയിറങ്ങുന്നത്. നിയമവും ചട്ടവും കാണാപ്പാഠം ആയിരുന്ന സീതാറാം മിക്കപ്പോഴും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ നിരീശ്വരവാദി
X

ഡല്‍ഹി എ.കെ.ജി ഭവനില്‍ നിന്നും അശോക റോഡിലെ പതിനാലാം നമ്പര്‍ വസതിയിലേക്കായിരുന്നു ആ വിലാപയാത്ര. ഈ യാത്രയെ വിലാപ യാത്രയെന്ന് വിളിക്കാമോ എന്ന് ഇപ്പോഴും സംശയമുണ്ട്. കാരണം, തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് യാത്രയില്‍ പങ്കെടുക്കുന്നവര്‍ കടന്നുപോയത്. ഇങ്ങനെയൊരു യാത്രയില്‍ പങ്കെടുക്കേണ്ടിവരുമെന്ന് ഒരിയ്ക്കലും കരുതിയില്ല. ജിപിഒയും പട്ടേല്‍ ചൗക്കും വലം വച്ചുള്ള യാത്രയില്‍, പൂമാല ചാര്‍ത്തിയ ആംബുലന്‍സില്‍ സീതാറാം യെച്ചൂരിയാണ്. യാത്രയില്‍ കൂടെ പങ്കെടുക്കുന്ന കാസര്‍ഗോഡുകാരായ രണ്ട് ചെറുപ്പക്കാരെ കുറിച്ചാണ് ആലോചിച്ചത്.

രജീഷും വിനീതും ഇന്നലെ അതിരാവിലെയാണ് എ.കെ.ജി ഭവനിലെത്തിയത്. മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുഷ്ടി ചുരുട്ടി ഒരു റെഡ് സല്യൂട്ട് നല്‍കണം എന്നാണ് ഇരുവര്‍ക്കും തോന്നിയത്. കടം വാങ്ങിയ തുകയ്ക്ക് ഫ്ളൈറ്റ് ടിക്കറ്റ് എടുത്ത് ഡല്‍ഹിക്ക് തിരിച്ചു. അര്‍ധരാത്രിയോടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തി. ഡല്‍ഹി നഗരത്തിലെ ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുക്കാനുള്ള പാങ്ങ് അവരുടെ പോക്കറ്റിനു ഉണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ കുത്തിയിരുന്നു നേരം വെളുപ്പിച്ചു, മെട്രോ ഓടിത്തുടങ്ങുന്ന സമയമായപ്പോള്‍ ആദ്യ മെട്രോ ട്രെയിനില്‍ കയറി അവര്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തി.


| രജീഷും വിനീതും ലേഖകനോടൊപ്പം

2017 നാണു സീതാറാം യെച്ചൂരി പാര്‍ലമെന്റില്‍ നിന്നും പടിയിറങ്ങുന്നത്. നിയമവും ചട്ടവും കാണാപ്പാഠം ആയിരുന്ന സീതാറാം മിക്കപ്പോഴും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഒരുവട്ടം കൂടി അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നെങ്കില്‍, ആ ടേം കൂടി പൂര്‍ത്തിയാക്കേണ്ട സമയമായി. എന്നിട്ട് പോലും യെച്ചൂരി സഭയില്‍ ഉണ്ടായിരുന്നെകില്‍ എന്നോര്‍ത്ത് പോയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗണപതി പൂജയ്ക്കായി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോയ സന്ദര്‍ഭത്തില്‍ അടക്കം. ഒരു നിവേദക സംഘത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിയെ കണ്ടപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂടെ നില്‍ക്കുന്നത് പോലും ഓര്‍ക്കാതെ സോണിയ ഗാന്ധി മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു 'സീതാറാം, വീ മിസ് യു'. കാസര്‍ഗോട്ടെ ചെറുപ്പക്കാര്‍ക്കും സോണിയ ഗാന്ധിക്കും മാത്രമല്ല, ഒരിക്കലെങ്കിലും കണ്ടിട്ടുള്ള, പ്രസംഗം കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും തോന്നുന്നത് ഇതേവികാരം.

പ്രതിപക്ഷം മെലിഞ്ഞു മെലിഞ്ഞു ഇപ്പോള്‍ ഒരു ബസില്‍ പോകാവുന്ന ആളെ ഉള്ളൂ എന്ന് മോദി പരിഹസിച്ചപ്പോള്‍, ഡല്‍ഹി നിയമസഭയിലെ മൂന്ന് ബിജെപിക്കാരെ ഓട്ടോയില്‍ കൊണ്ട് പോകാവുന്നതേയുള്ളു എന്ന് തത്സമയം കൗണ്ടര്‍ അടിക്കാന്‍ ഈ ആന്ധ്രക്കാരനെ കഴിയൂ.


യെച്ചൂരിക്ക് ഒരു പെട്ടി സിഗാറുമായി എയര്‍പോര്‍ട്ടിലെത്തിയ ക്യൂബന്‍ ഭരണാധികാരി ഫിദല്‍ കാസ്‌ട്രോയെക്കുറിച്ചു പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി ഓര്‍ത്തെടുത്തു. ജ്യോതിബസുവുമായി ഫിദലിനെ കാണാന്‍ എത്തിയ യെച്ചൂരി ഇടയ്ക്കിടെ ചര്‍ച്ചയ്ക്കിടയില്‍ നിന്നും പുറത്തേക്ക് പോകും. കാര്യം അന്വേഷിച്ചപ്പോഴാണ്, പുകവലിക്കാന്‍ പോവുകയാണെന്നും മനസിലായത്. ഇക്കാര്യം തിരിച്ചറിഞ്ഞതോടെയാണ് മടക്ക യാത്രയില്‍ എയര്‍പോര്‍ട്ടിലേക്ക് ഫിദല്‍ സിഗാറുമായി എത്തിയത്. ഒരു ചാംസ് സിഗരറ്റ് ഉണ്ടെങ്കില്‍ സീതാറാമില്‍ നിന്നും ഒരു വാര്‍ത്ത എടുക്കാമെന്നു ബംഗാളി പത്രക്കാരന്‍ പറഞ്ഞതോര്‍ക്കുന്നു. ഒരു സിഗരറ്റ് വലിച്ചു തീരുന്ന സമയത്തില്‍ ചില കാര്യങ്ങള്‍ ഉറപ്പിക്കാനാകും. വാര്‍ത്തയായി വരണം എന്ന് സീതാറാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പറയുന്നത് എന്നത് മറ്റൊരു കാര്യം.

പാര്‍ലമെന്റിന്റെ ഇടനാഴിയില്‍ വച്ചാണ് സീതാറാം യെച്ചൂരിയോട് ആദ്യമായി അടുത്ത് സംസാരിക്കുന്നത്. കേരളത്തില്‍ വിഭാഗീയത കത്തി നില്‍ക്കുന്ന സമയത്തും വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കേരളത്തില്‍ വിഎസിന്റെ ആളായിട്ടാണ് യെച്ചൂരി അന്ന് അറിയപ്പെട്ടിരുന്നത്. റിബല്‍ ആയി നില്‍ക്കുന്ന മനുഷ്യരോടുള്ള സ്‌നേഹമാണ് വി.എസിനു കിട്ടിയത്, അദ്ദേഹത്തെ പിന്തുണച്ച യെച്ചൂരിക്കും മലയാളികളുടെ സ്‌നേഹം പകര്‍ന്നു കിട്ടിയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.


തന്നെ അനുകരിക്കുന്ന പത്രക്കാരനെ വിളിച്ചു അടുത്തിരുത്തി ഒരിയ്ക്കല്‍ കൂടി എന്ന് പറഞ്ഞു. അനുകരണം കണ്ട് പൊട്ടി ചിരിക്കുന്ന സീതാറാം യെച്ചൂരിയെ കണ്ടാണ് അത്ഭുതപ്പെട്ടത്. പത്രക്കാരോട് ഇടഞ്ഞും വഴക്കിട്ടും ഗര്‍വിച്ചുമൊക്കെ പോകുന്ന സിപിഎം നേതാക്കളെ കാണുമ്പോള്‍ ഈ മനുഷ്യന്‍ എന്നും അതിശയന്‍ തന്നെയായിരുന്നു. ഫോണില്‍ വിളിച്ചാല്‍ സംസാരിക്കുന്ന, മെസേജുകള്‍ക്ക് കൃത്യമായി മറുപടി അയക്കുന്ന നേതാവ്. ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തിനു വേണ്ടി ജീവിതം മാറ്റിവച്ച ആ മനുഷ്യന്‍ മൃതദേഹവും നാടിന് നല്‍കിയാണ് വിടപറഞ്ഞത്.

2004 ലെ പൊതുതെരെഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുകയാണ്. രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ കണ്ടശേഷം സോണിയ ഗാന്ധി ആദ്യം വിളിക്കുന്നത് സീതാറാം യെച്ചൂരിയെയായിരുന്നു. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എല്ലാ പാര്‍ട്ടി നേതാക്കളെയും വിളിച്ച ശേഷം ആ യോഗത്തിലാണ്, പ്രധാനമന്ത്രി താനല്ലെന്നും ഡോ. മന്‍മോഹന്‍ സിങ് ആണെന്നും സോണിയ ഗാന്ധി പറയുന്നത്. പനിയുടെ ക്ഷീണം മറികടന്നു ചാടിയെഴുന്നേറ്റ് 'എന്താണ് അങ്ങ് പറയുന്നത്' എന്നാണ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ചോദിച്ചത്.


ഒന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് ദിവസമാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിറ്റിംഗ് മെമ്പര്‍ ഇ. അഹമ്മദ് മരിക്കുന്നത്. സിറ്റിംഗ് മെമ്പര്‍ അന്തരിച്ചാല്‍ ആ ദിവസം സഭ നിര്‍ത്തിവയ്ക്കണം എന്നാണ് ചട്ടം. ഇ. അഹമ്മദ് ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ്. മരണം പുറത്ത് പറയുന്നില്ല എന്ന് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. മാധ്യമ പ്രവര്‍ത്തകനായ പി.ടി തുഫൈല്‍ ആശുപത്രിയില്‍ നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഓടിയെത്തിയ ആദ്യ നേതാവ് സോണിയ ഗാന്ധിയായിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയും. 'കാള്‍ സീതാറാം' എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആദ്യ പ്രതികരണം. ഒരിക്കല്‍ പോലും കേന്ദ്രത്തില്‍ അധികാരത്തിന്റെ ഭാഗമാകാതിരുന്ന പാര്‍ട്ടിയുടെ നേതാവിനെ വിളിക്കാന്‍ പറയാന്‍ കാരണം, അവര്‍ക്ക് അത്രയേറെ യെച്ചൂരിയില്‍ വിശ്വാസമുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ കോണ്‍ഗ്രസിനോട് നിരന്തരം കലഹിക്കുകയാണല്ലോ എന്ന് എഐസിസി ജനറല്‍ സെക്രട്ടറിയോട് ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. അവരുടെ (സിപിഎമ്മിന്റെ) ജനറല്‍ സെക്രെട്ടറി കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭവം അറിഞ്ഞു സോണിയ ഗാന്ധി ആ നേതാവിനെ താക്കീത് ചെയ്തു. യെച്ചൂരിയുടെ പിന്തുണ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്കുള്ളത് ആണെന്നു സോണിയ ഗാന്ധിക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. പ്രത്യയ ശാസ്ത്രത്തില്‍ പൊതിഞ്ഞ നറു ചിരിയായിരുന്നു സീതാറാം.


| കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അന്തിമോപചാരം അര്‍പ്പിക്കുന്നു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ സീതാറാം യെച്ചൂരിയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന് അടിത്തറ പാകിയത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയായിരുന്നു. സിപിഎം പ്രതിനിധിയായി എത്തിയ സീതാറാം വാദിച്ചത് കര്‍ഷക - തൊഴിലാളി ക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു. പി. ചിദംബരത്തെ കൊണ്ട് സമ്മതിപ്പിച്ചു എടുക്കാന്‍ ദിവസങ്ങളെടുത്തു. 22 ദിവസം ചായയും ബിസ്‌കറ്റും കഴിച്ചു വയര്‍ കേടായി എന്നാണ് ചര്‍ച്ചയെക്കുറിച്ചു യെച്ചൂരിയുടെ പ്രതികരണം. എക്‌സൈസ് മന്ത്രി എം.ബി രാജേഷിനെയും ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെയും ഒരുമിച്ചു കണ്ടപ്പോള്‍ നടത്തിയ കമന്റ് പൊട്ടിച്ചിരിയിലാണ് അവസാനിച്ചത്. രാജേഷ് സര്‍ക്കാരിന് വേണ്ടി കാശുണ്ടാക്കുന്നു, ബാലഗോപാല്‍ അത് ചെലവാക്കി തീര്‍ക്കുന്നു.

യുഎസ്എസ്ആര്‍ തകര്‍ന്ന ശേഷം ചെന്നൈയില്‍ നടത്തിയ 1992 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് അവതരിപ്പിച്ചത് ചെറുപ്പക്കാരനായ സീതാറാം യെച്ചൂരിയായിരുന്നു. തകര്‍ന്നത് സോഷ്യലിസം അല്ല, ക്യാപിറ്റലിസ്റ്റ് നയങ്ങള്‍ കടക്കാന്‍ അനുവദിച്ച ഗോര്‍ബച്ചേവിന്റെ നയങ്ങള്‍ ആണെന്ന് കരടില്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് ദിശാബോധം നല്‍കാനായി യെച്ചൂരിയുടെ ഇടപെടല്‍ ഏറെ സഹായമായി.

ജമ്മു-കശ്മീര്‍ വെട്ടിമുറിച്ചു നേതാക്കളെ തടവിലാക്കിയ സമയം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ എല്ലാ നേതാക്കളെയും വിമാനത്താവളത്തില്‍ തടഞ്ഞപ്പോള്‍ മറ്റൊരു തന്ത്രം ഉപയോഗിച്ചാണ് യെച്ചൂരി കശ്മീരില്‍ എത്തിയത്. വീട്ടു തടങ്കലില്‍ ആയ സിപിഎം നേതാവ് തരിഗാമിയുടെ ആരോഗ്യം മോശമാണെന്നു അറിയുന്നു. നേരിട്ട് പോയി മനസിലാക്കാന്‍ അനുവദിക്കണം എന്ന ഹരജിയുമായി സുപ്രീംകോടതിയില്‍ എത്തി. കോടതി അനുമതിയോടെ കശ്മീരില്‍ എത്തിയ അദ്ദേഹം കശ്മീരിന്റെ അനാരോഗ്യം മനസിലാക്കി. വോട്ടിങ് മെഷീന്‍ ക്രമക്കേട് ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ ഹരജിക്കാരന്‍ ആയിട്ടാണ് സീതാറാം സുപ്രീംകോടതിയില്‍ എത്തിയത്.

രാജ്യസഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെക്യൂരിറ്റിക്കാരുടെയും തോട്ടക്കാരുടെയും ക്ഷേമത്തിന് എന്ത് ചെയ്തു എന്നാണ് യെച്ചൂരി ചോദിച്ചത്. എംപിമാര്‍ക്ക് തെറ്റുന്ന ഉദ്ധരണികള്‍ പോലും ചൂണ്ടിക്കാട്ടുന്ന , ലോകത്തിലെ ഏറ്റവും മികച്ച സ്റ്റെനോഗ്രാഫര്‍ ആണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉള്ളത് എന്ന് അഭിനന്ദിക്കുമ്പോള്‍ തന്നെ എല്ലാ ജോലികളും പുറംകരാറിന് നല്‍കുന്നതിനെ കൂടി വിമര്‍ശിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന് സീതാറാം യെച്ചൂരിയെ അനിവാര്യനാകുന്ന കാലത്താണ് വിടവാങ്ങല്‍. 'ഇന്‍ഡ്യ' എന്ന ആശയത്തെ ഏറ്റവും ആഴത്തില്‍ മനസിലാക്കിയ നേതാവ് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ അനുശോചന ട്വീറ്റ്. ഇന്ത്യയുടെ വൈവിധ്യത്തെയും ഭരണഘടനയെയും തിരിച്ചറിഞ്ഞു, അതിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ അവസാന ശ്വാസം വരെ നിലയുറപ്പിച്ച നേതാവ്. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ നിരീശ്വര വാദി. ഡിയര്‍ കോമ്രേഡ്, വി മിസ് യു.



TAGS :