ഉമര്‍ ഖാലിദിന്റെ മോചനവും സ്വാഭാവിക നീതിയെ ആക്രമിക്കുന്ന ഡല്‍ഹി പൊലീസും
ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കാന്‍ വേഗത്തിലുള്ള ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സുപ്രീം കോടതി ഉള്ള രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് വര്‍ഷവും ഏഴു മാസവും കഴിഞ്ഞിട്ടും രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകനായ ഉമര്‍ ഖാലിദ് ജാമ്യമോ വിചാരണയോ കൂടാതെ തടവിലാക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പ്രോസിക്യൂഷനും കോടതിയും ചില മാധ്യമങ്ങളും ഉമര്‍ ഖാലിദിനോട് കാണിക്കുന്നത് അനീതിയുടെ ആവര്‍ത്തനമെന്ന് ലേഖകന്‍.
2020 ഫെബ്രുവരിയില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാതെ വിവിധ ഭീകരവകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷക്കെതിരെ ഡല്‍ഹി പൊലീസ് നീതിനിഷേധത്തിന്റെ സംഘ്പരിവാര്‍ കര്‍സേവയാണ് ഹൈക്കോടതിയില്‍ നടത്തിയത്. യാതൊരു അടിസ്ഥാന തെളിവുമില്ലാതെ 1967ലെ ആയുധം കൈവശംവെക്കല്‍ വകുപ്പ്, യു.എ.പി.എ, കലാപശ്രമം, കൊലപാതകം (സെക്ഷന്‍. 302 ഐ.പി.സി), വധശ്രമം (സെക്ഷന്‍. 307 ഐ.പി.സി), രാജ്യദ്രോഹം (സെക്ഷന്‍ 124 എ ഐ.പി.സി), വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കല്‍ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജാര്‍ഖണ്ഡ് ആദിവാസി ഗോത്ര ചരിത്രത്തില്‍ ഗവേഷണം നടത്തിയ ഉമര്‍ ഖാലിദിനെതിരെ ഭരണകൂടം ചുമത്തിയത്.
2020 സെപ്റ്റംബര്‍ 13 രാത്രി ലോധി കോളനിയിലെയും ഡല്‍ഹി പൊലീസിന്റെയും പ്രത്യേക സെല്ലിന്റെ ഓഫീസില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉമര്‍ ഖാലിദ് എന്ന ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വരുന്നത്. ചില അഭിനേതാക്കള്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, സെലിബ്രിറ്റികള്‍ എന്നിവരുമായി ഉമര്‍ ഖാലിദ് ബന്ധപ്പെട്ടിരുന്നതായും ഡല്‍ഹി പൊലീസിനെ വിമര്‍ശിക്കുന്ന ചില ന്യൂസ് പോര്‍ട്ടലുകളില്‍ നിന്ന് ചില ലിങ്കുകള്‍ ഇവര്‍ക്കൊക്കെ അയച്ചതായും ഉമര്‍ ഖാലിദിന്റെ മൊബൈല്‍ ഫോണ്‍ ഡാറ്റ വെളിപ്പെടുത്തിക്കൊണ്ടാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കാനായി ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചത്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സംഘ്പരിവാറിന്റെ ഏകാധിപത്യത്തിലെ പ്രജാപദവിയിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയായിരുന്നു അദ്ധേഹം. പൊലീസിനെ വിമര്‍ശിക്കാന്‍ പാടില്ല, സാമൂഹത്തിലെ ഉന്നത വ്യക്തികളുമായി ബന്ധം പാടില്ല എന്നിങ്ങനെയുള്ള ജനാധിപത്യത്തെ കുത്തിമലര്‍ത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കോടതിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് യാതൊരു സങ്കോചവുമില്ലാതായിരിക്കുന്നു.
ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കാന്‍ വേഗത്തിലുള്ള ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സുപ്രീം കോടതി ഉള്ള രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് വര്‍ഷവും ഏഴു മാസവും കഴിഞ്ഞിട്ടും രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകനായ ഉമര്‍ ഖാലിദ് ജാമ്യമോ വിചാരണയോ കൂടാതെ തടവിലാക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഏഴ് മാസത്തിനിടെ 10 തവണ ലിസ്റ്റ് ചെയ്തിട്ടും വാദം കേള്‍ക്കാതെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ രാജ്യത്തെ പരമോന്നത കോടതിയിലെ വിവിധ ജഡ്ജിമാര്‍ക്കിടയില്‍ നിശ്ചലമായി കിടന്നു.
ജാമ്യം നിഷേധിക്കത്തക്ക വിധത്തില്‍ ഉമര്‍ ഖാലിദ് ബന്ധപ്പെട്ട ഈ വ്യക്തികള്‍ ആരൊക്കെയാണെന്നു കൂടി അറിയുമ്പോഴാണ് ജനാധിപത്യവിരുദ്ധതയുടെ നിഷിദ്ധ മുള്‍വേലി കെട്ടിത്തിരിക്കുന്നതും, സംഘ്പരിവാര്‍ ഭരണകൂടവും, അതിന്റെ പൊലീസും, സാമാന്യ ബുദ്ധിയുടെ ഭയാശങ്കകളും, ജനാധിപത്യം കീഴ്‌മേല്‍ മറിക്കപ്പെടുന്നതും നാം തിരിച്ചറിയുക. ഉമര്‍ ഖാലിദ് തന്റെ ആശയവിതരണം വര്‍ധിപ്പിക്കാന്‍ ശക്തരായ ആളുകളെ ഉപയോഗിച്ചുവെന്നാണ് ഡല്‍ഹി കോടതിയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞത്. അതായത് കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി, നടന്മാരായ പൂജാ ഭട്ട്, സ്വര ഭാസ്‌കര്‍, സീഷന്‍ അയൂബ്, സുശാന്ത് സിംഗ്, രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ് എന്നീ 'ശക്തരായ' ആളുകള്‍ക്ക് ഖാലിദ് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നതാണ് ജാമ്യനിഷേധത്തിനുള്ള 'ഭീകര' പ്രവര്‍ത്തനം. ദി വയര്‍, ആള്‍ട്ട് ന്യൂസ് എന്നീ വാര്‍ത്താ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പ്രസാദ് കോടതിയില്‍ വിളിച്ചുപറയുന്നു. അതായത് മാധ്യമ ബന്ധം പോലും ഒരു പൗരന് നിഷിദ്ധമാണെന്ന് അധീശത്വത്തിന്റെ ഭീഷണമായ ശബ്ദത്തില്‍ കോടതിക്കു മുമ്പില്‍ അലറിപ്പറയുന്നു.
ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കാന്‍ മറ്റൊരു പ്രധാന കാരണമായി പറയുന്നത് അദ്ദേഹത്തിന്റെ പിതാവ് 'സുപ്രീംകോടതിയില്‍ വിശ്വാസമില്ല' എന്ന് പറഞ്ഞു എന്നാണ്. ഒന്നാമതായി, സുപ്രീംകോടതിയില്‍ വിശ്വാസമില്ല എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ പിതാവാണ്. മറ്റൊന്ന് തന്റെ മകന് നിരന്തരം നീതി നിഷേധിക്കപ്പെടുമ്പോള്‍ ഹൃദയം തകര്‍ന്ന പിതാവിന് വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ ആരെയും ഭയക്കേണ്ട കാര്യമില്ല.
ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കാന്‍ വേഗത്തിലുള്ള ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സുപ്രീം കോടതി ഉള്ള രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് വര്‍ഷവും ഏഴു മാസവും കഴിഞ്ഞിട്ടും രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകനായ ഉമര്‍ ഖാലിദ് ജാമ്യമോ വിചാരണയോ കൂടാതെ തടവിലാക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഏഴ് മാസത്തിനിടെ 10 തവണ ലിസ്റ്റ് ചെയ്തിട്ടും വാദം കേള്‍ക്കാതെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ രാജ്യത്തെ പരമോന്നത കോടതിയിലെ വിവിധ ജഡ്ജിമാര്‍ക്കിടയില്‍ നിശ്ചലമായി കിടന്നു. സ്വന്തം മകന് നീതി കിട്ടാതാകുമ്പോള്‍ ഏതൊരു പിതാവും ക്ഷോഭിതനാകും. ജനാധിപത്യം മരവിപ്പിച്ച ഡല്‍ഹി പൊലീസിന് അത് മനസ്സിലാകില്ല. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന ഒരു മകന്റെ അച്ഛനില്‍ നിന്ന് പുറത്തുവരുന്ന ഭാഷ തീര്‍ച്ചയായും സംഘര്‍ഷത്തിന്റെയും ക്രോധത്തിന്റെയും നൈരാശ്യത്തിന്റെയും ആയിരിക്കും.
ഉമര്‍ ഖാലിദിന്റെ വ്യാജനിര്‍മിത കേസില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം കുറ്റക്കാരനാണെന്ന് ഭരണകൂടവും അതിന്റെ അസഭ്യരൂപമായ ചില വാര്‍ത്താ മാധ്യമങ്ങളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിനു നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ഒരു ഹിന്ദി ദിനപത്രത്തിന്റെ തലക്കെട്ട്, 'ഖാലിദ് നെ കഹാ ഥാ ഭാഷണ്‍ സേ കാം നഹി ചലേഗാ, ഖൂന്‍ ബഹാന പടേഗാ' (ഖാലിദ് പറയുന്നു, പ്രസംഗം പോരാ, രക്തം ഒഴുകണം) എന്നായിരുന്നു. പ്രധാന റിപ്പോര്‍ട്ട് തലക്കെട്ടില്‍ ഉന്നയിക്കപ്പെട്ട ഈ മഹത്തായ അവകാശവാദത്തെ സാധൂകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇത് തെളിയിക്കപ്പെടാത്ത ആരോപണവുമാണ്. കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണെന്ന ഒരു കേവലമായ പരിഗണന നല്‍കാന്‍ പോലും ആ പത്രം ശ്രദ്ധിച്ചില്ല. ഉദ്ധരണി ചിഹ്നം ഉപയോഗിച്ചിട്ടില്ല, ഒരു ചോദ്യചിഹ്നം പോലുമില്ല! രണ്ട് ദിവസത്തിന് ശേഷം, അതേ പത്രം മുമ്പത്തേതിനേക്കാള്‍ സെന്‍സേഷണല്‍ തലക്കെട്ടുമായി വന്നു,
'ഖാലിദ് ചാഹ്താ താ മുസല്‍മാന്‍ കേ ലിയേ അലഗ് ദേശ്' ('ഖാലിദിന്റെ ലക്ഷ്യം മുസ്‌ലിംകക്ക് പ്രത്യേക രാജ്യം വേണമെന്നത്'). അവര്‍ സൂചിപ്പിച്ചത് ന്യൂ ഡല്‍ഹിയിലെ ട്രാന്‍സ്-യമുന പ്രദേശത്ത് നടന്ന കലാപമാണ്, അതില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിംകള്‍ തന്നെയായിരുന്നു. ഇത്തരം ദുരന്ത-ഹാസ്യമാണ് മാധ്യമങ്ങള്‍ തൊടുത്തുവിടുന്നത്. എല്ലാ ദിവസവും ഈ ഫാസിസ്റ്റ് മാധ്യമ വിഷം കഴിക്കുന്നവരെ താന്‍ എങ്ങനെ ബോധ്യപ്പെടുത്തും എന്നാണ് ഉമര്‍ ഖാലിദ് രാജ്യത്തോട് ചോദിക്കുന്നത്.
മറ്റൊരു ഹിന്ദി ദിനപത്രം ഡല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദ് തന്റെ പങ്കിനെക്കുറിച്ചും ഇടപെടലിനെകുറിച്ചും ഡല്‍ഹി പൊലീസിനോട് 'ഏറ്റുപറഞ്ഞു' എന്ന് അവകാശപ്പെട്ടു. എന്നാല്‍, പൊലീസ് കസ്റ്റഡിയില്‍ മൊഴിയെടുക്കുകയോ പേപ്പറില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് രണ്ട് തവണ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപ്പോള്‍ എന്താണ് 'വാര്‍ത്ത'യുടെ ഉറവിടം?
ന്യൂസ് ലൗണ്ട്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കശ്മീര്‍ വാല, ദ വയര്‍ തുടങ്ങി ഭയരഹിതമായി ഈ ഭരണകൂടത്തെ തുറന്നു കാണിക്കുന്ന വിവിധ മാധ്യമ സ്ഥാപനങ്ങളെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രവര്‍ത്തന രഹിതമാക്കുകയോ കീഴ്‌പ്പെടുത്തുവാനോ ശ്രമിക്കുകയോ ആണ് കേന്ദ്ര ഭരണകൂടം.
ഒരു വാര്‍ത്താ റിപ്പോര്‍ട്ട് (വീണ്ടും ഒരു പ്രമുഖ ഹിന്ദി ദിനപത്രത്തില്‍) കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് - 2020 ഫെബ്രുവരി 16-ന് സാക്കിര്‍ നഗറില്‍ (ന്യൂഡല്‍ഹി) ഷര്‍ജീല്‍ ഇമാമിനെ ഉമര്‍ ഖാലിദ് രഹസ്യമായി കണ്ടു എന്നായിരുന്നു. വാസ്തവത്തില്‍, പൊലീസ് പോലും സാക്ഷ്യപ്പെടുത്തുന്ന വസ്തുത 2020 ഫെബ്രുവരി 16-ന് രാത്രി ഡല്‍ഹിയില്‍ നിന്ന് 1136 കിലോമീറ്റര്‍ അകലെ മഹാരാഷ്ട്രയിലെ അമരാവതിയിലായിരുന്നു ഉമര്‍ ഖാലിദ് എന്നാണ്. അന്നു രാത്രി ഷര്‍ജീല്‍ ഇമാം - ഇതും ആര്‍ക്കും തര്‍ക്കിക്കാന്‍ കഴിയില്ല - തിഹാര്‍ ജയിലില്‍ ആയിരുന്നു, കാരണം, 20 ദിവസം മുമ്പ് മറ്റൊരു കേസില്‍ ഇമാം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതെല്ലാം ആസൂത്രണം ചെയ്ത ബഹുമാനപ്പെട്ട പത്രപ്രവര്‍ത്തകന്‍ ഏറ്റവും അടിസ്ഥാനപരമായ വസ്തുതകള്‍ പോലും പരിശോധിക്കാന്‍ ശ്രമിച്ചിട്ടില്ല.
അങ്ങനെ ഫാസിസ്റ്റ് ഭരണകൂടവും അതില്‍ നിന്ന് കിട്ടുന്ന നാണയ ലാഭത്തിനു വേണ്ടി ഭരണവര്‍ഗ പ്രാര്‍ഥന നടത്തുന്ന, വാര്‍ത്തകളുടെ അപരാധം നിര്‍മിക്കുന്ന ചില മാധ്യമങ്ങളും ചേര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ ചിന്തകരെ വേട്ടയാടി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു.
ന്യൂസ് ലൗണ്ട്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കശ്മീര്‍ വാല, ദ വയര്‍ തുടങ്ങി ഭയരഹിതമായി ഈ ഭരണകൂടത്തെ തുറന്നു കാണിക്കുന്ന വിവിധ മാധ്യമ സ്ഥാപനങ്ങളെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രവര്‍ത്തന രഹിതമാക്കുകയോ കീഴ്‌പ്പെടുത്തുവാനോ ശ്രമിക്കുകയോ ആണ് കേന്ദ്ര ഭരണകൂടം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും കീഴില്‍ തഴച്ചുവളര്‍ന്ന സ്വേച്ഛാധിപത്യത്തിനും ഭൂരിപക്ഷവാദത്തിനുമെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമെന്ന നിലയില്‍ ഉമര്‍ ഖാലിദ് ജനാധിപത്യ വാദികള്‍ക്കിടയില്‍ ഉയര്‍ന്നു തന്നെ നില്‍ക്കും. ചരിത്രമറിയാത്ത മോദിയും സംഘപരിവാറും മനസ്സിലാക്കേണ്ടത് രണധീരരായ പോരാളികള്‍ വെന്തെരിഞ്ഞ മണ്ണിലാണ് ഉമര്‍ ഖാലിദുമാര്‍ ചവിട്ടി നില്‍ക്കുന്നത്. അതുകൊണ്ട് അവരുടെ രക്തം നിങ്ങള്‍ എത്ര കുടിച്ചു വറ്റിച്ചാലും അവര്‍ പ്രക്ഷേപിക്കുന്ന രാഷ്ട്രീയം, അതിന്റെ അടിത്തറ ഇളക്കാന്‍ കഴിയില്ല..
.