Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 7 April 2023 2:08 AM GMT

കണ്ടറിയണം, അനില്‍ ആന്റണിയുടെ ഭാവി

ബി.ജെ.പിയില്‍ ചേര്‍ന്ന വടക്കന്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. എ.ഐ.സി.സിയുടെ ആപ്പീസ് അഡ്മിനിസ്ട്രേഷന്‍ മേല്‍നോട്ടം വഹിച്ചിരുന്ന വടക്കനെ കൊണ്ട് ബി.ജെ.പിക്ക് ആ ഒരു ദിവസത്തെ വാര്‍ത്താ പ്രാധാന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ഓര്‍ക്കുന്നത് അനിലിന് നല്ലതാണ്.

അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു
X

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് റബ്ബറിന് വില മുന്നൂറ് ആക്കിത്തരണം എന്നു പറഞ്ഞതിന് പിന്നാലെ ബി.ജെ.പി നേതാക്കളും റബ്ബര്‍ ബോര്‍ഡ് മെമ്പര്‍മാരും ബിഷപ്പിനെ കാണാന്‍ എത്തി. പക്ഷെ, അതുകൊണ്ട് റബ്ബറിന് വില കൂട്ടിയോ, അതില്ല. എന്തിന് കൂടുതല്‍ പറയുന്നു, ബിഷപ്പിന്റെ അതിരൂപതയുടെ കീഴിലുള്ള രണ്ട് കര്‍ണ്ണാടക മണ്ഡലങ്ങളില്‍ ബി.ജെ.പി എം.പിമാരുള്ളത് അവിടെ റബ്ബറിന് മുന്നൂറ് ആയത് കൊണ്ടല്ല എന്നും അദ്ദേഹം ഓര്‍ത്തില്ല.

ഇത് ഇപ്പോള്‍ പറയാന്‍ കാരണം, ഇന്നലെ അനില്‍ കെ. ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കണ്ടതു കൊണ്ടാണ്. കോണ്‍ഗ്രസ്സിലെ കുടുംബവാഴ്ചയെ കുറ്റം പറഞ്ഞു പുറത്തേക്ക് നടന്ന അനില്‍ ഓര്‍ത്തില്ല, ആന്റണിയാണ് അയാളുടെ വിലാസം എന്ന്. ആന്റണി എന്ന് ഡല്‍ഹി വിട്ടോ, അന്ന് തീര്‍ന്നു അനിലിന്റെ വിലയും. കാലാകാലം കെ.പി.സി.സി തന്നെ പൊക്കിപ്പിടിച്ചു കൊണ്ടു നടക്കും എന്നു കരുതിയത് അനിലിന് വിനയായി. ആ നിരാശയില്‍ നിന്നാണ് അനില്‍ ബി.ബി.സി ഡോക്യൂമെന്ററിയെ കാരണമാക്കി കോണ്‍ഗ്രസ്സില്‍ നിന്നും പടിയിറങ്ങിയത്. ബിഷപ്പിനെ കാണാന്‍ ആള് കൂടിയ പോലെ അനിലിനെ സ്വീകരിക്കാനും ആളുണ്ടായി, പക്ഷെ ഇന്ന് കഴുത്തില്‍ അണിഞ്ഞു കിട്ടിയ ആ ഷാളില്‍ കൂടുതലൊന്നും അനില്‍ പ്രതീക്ഷിക്കേണ്ട. ബിഷപ്പിന് വേണ്ടി റബറിന്റെ വില കൂട്ടിയില്ല, പിന്നെയല്ലേ അനിലിന്റെ!


അനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തു കേരളത്തില്‍ വന്ന് സോഷ്യല്‍ മീഡിയ ക്ളാസ് എടുക്കുകയും പ്രചാരണതിന് നേതൃത്വം കൊടുക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍, ഉത്തരേന്ത്യന്‍ തന്ത്രങ്ങള്‍ പോലെ ബി.ജെ.പിയുടെ നുണകളെ നേരിടേണ്ട ആവശ്യമൊന്നും ഇവിടെയുണ്ടായില്ല. മലയാളികള്‍ രാഷ്ട്രീയമായി വേറിട്ട് ചിന്തിക്കുന്നവരാണെന്നു അനിലിന് അറിയാവുന്ന കാര്യമാണ്. അനിലിനെക്കാള്‍ നന്നായി ഭാഷയും രാഷ്ട്രീയവും കൈകാര്യം ചെയ്യാന്‍ ഇവിടത്തെ യുവ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അറിയുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ മേല്‍വിലാസം നഷ്ടപ്പെട്ട പ്രത്യേക കഴിവുകള്‍ ഇല്ലാത്ത അനിലിന് ഇവിടെ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാകും.

ഡല്‍ഹിയില്‍ നിന്നു അച്ഛന്‍ പോന്നതില്‍ പിന്നെ അവിടെയും വലിയ പിടിപാടൊന്നും അനിലിന് ഇല്ലാതായി. മാത്രമല്ല, കോണ്‍ഗ്രസ്സിന്റെ മീഡിയ സെല്‍ ബി.ജെ.പിയെ കാര്യമായി നേരിടാന്‍ ഒരു ഹിന്ദി കേന്ദ്രീകൃത, വാക്ചാതുര്യമുള്ള, പ്രായോഗിക രാഷ്ട്രീയ പരിചയമുള്ള നേതൃത്വത്തിന്റെ കൈയിലേക്ക് മാറിയതോടെ പണിയും ഇല്ലാതായി. അനിലിന് ഉണ്ടായിരുന്നതായി പറഞ്ഞിരുന്ന ടെക്നോളജി അഡ്വാന്റേജ് ഒരു വ്യക്തിയുടെയും കുത്തകയല്ല എന്നതും തിരിച്ചടിയായി. ഇത്തരുണത്തില്‍ പിന്നീട് അനില്‍ ഇറക്കിയത് അവസാന അടവായിരുന്നു, ബി.ബി.സി വിഷയത്തില്‍ നടത്തിയ പ്രസ്താവന. അതുവഴി കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്ന് ഭയപ്പെടുത്താം എന്നു മാത്രമാണ് ആന്റണിയുടെ മകന്‍ കരുതിയത്. പക്ഷെ, പ്രതികരണം അതിരൂക്ഷമായിരുന്നു എന്നു മാത്രമല്ല, കോണ്‍ഗ്രസ് പ്ലാറ്റ്‌ഫോമില്‍ ഇനി കേരളത്തില്‍ പോലും നിന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മനസ്സിലായതോടെ പ്രതികാരബുദ്ധിയോടെ എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ ബി.ജെ.പി പ്രവേശനത്തില്‍ എത്തി നില്‍ക്കുന്നത്.

സഭാധ്യക്ഷന്‍മാരെ കിട്ടുന്ന പോലെ കുഞ്ഞാടുകളെ കൂട്ടം കൂട്ടാന്‍ സാധിച്ചിരുന്നുമില്ല എന്ന പരാതി കേന്ദ്ര നേതാക്കള്‍ക്ക് എന്നും ഉണ്ടായിരുന്നു. അതുകൊണ്ട് ഏത് വടക്കനായാലും, ആന്റണിയായാലും കിട്ടുന്നവരെ കൂടെ കൂട്ടുക എന്നതാണ് പദ്ധതി.

ബി.ജെ.പിയില്‍ ചേര്‍ന്ന വടക്കന്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. എ.ഐ.സി.സിയുടെ ആപ്പീസ് അഡ്മിനിസ്ട്രേഷന്‍ മേല്‍നോട്ടം വഹിച്ചിരുന്ന വടക്കനെ കൊണ്ട് ബി.ജെ.പിക്ക് ആ ഒരു ദിവസത്തെ വാര്‍ത്താപ്രാധാന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ഓര്‍ക്കുന്നത് അനിലിന് നല്ലതാണ്. കോണ്‍ഗ്രസ്സിലെ ഒന്നാം നമ്പര്‍ കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ആന്റണിയുടെ മകനെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചു രാഹുലിനെയും കൂട്ടരെയും നാണം കെടുത്താന്‍ ശ്രമിക്കുക എന്നതില്‍ കവിഞ്ഞൊരു നേട്ടവും ബി.ജെ.പി പ്രതീക്ഷിക്കുന്നുമില്ല. അനിലിന് അതിനപ്പുറം എന്തൊക്കെയോ ചെയ്തു കളയാം എന്നൊരു ഭാവമുണ്ടെകിലും അത് വെറുതെയാവുകയെയുള്ളൂ. ഇന്നിപ്പോള്‍ മാധ്യമങ്ങള്‍ പുറകെ നടന്നു എടുക്കുന്ന ബൈറ്റുകള്‍ക്ക് അപ്പുറത്തേക്ക് ഒരു പ്രാധാന്യവും അനില്‍ പ്രതീക്ഷിക്കേണ്ട. ഇനി ചാനലുകളില്‍ ചെന്നിരുന്നു തന്റെ സിംഗിള്‍ പോയിന്റ് അജണ്ടയായ കോണ്‍ഗ്രസ്സ് ഒരു കുടുംബത്തിന്റെ താല്‍പര്യം മാത്രം ശ്രദ്ധിക്കുന്നു എന്നു പറയാനാണ് ഭാവമെങ്കില്‍, അനില്‍ കുറച്ചു വിയര്‍ക്കേണ്ടി വരും. ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളോട് തര്‍ക്കിച്ചും, കൊണ്ടും, കൊടുത്തും വളര്‍ന്നു വന്നിട്ടുള്ള യുവ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആന്റണിയുടെ മകനാണ് എന്ന പരിഗണനയൊന്നും നല്‍കിയെന്ന് വരില്ല, എടുത്തു കുടഞ്ഞു കളയും. അല്ലേലും ആളുകളെ പിടിച്ചിരുത്താന്‍ വേണ്ട ഒരു വാക്ചാതുര്യമോ, ഇമേജോ അനിലിനില്ല എന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങളില്‍ കണ്ടതാണ്.


ബി.ജെ.പിയെ സംബന്ധിച്ചു കുറഞ്ഞു വരുന്ന വോട്ടര്‍ ബേസ് വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ക്രിസ്തീയ സഭകളെ നോട്ടമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷെ, സഭാധ്യക്ഷന്‍മാരെ കിട്ടുന്ന പോലെ കുഞ്ഞാടുകളെ കൂട്ടം കൂട്ടാന്‍ സാധിച്ചിരുന്നുമില്ല എന്ന പരാതി കേന്ദ്ര നേതാക്കള്‍ക്ക് എന്നും ഉണ്ടായിരുന്നു. അതുകൊണ്ട് ഏത് വടക്കനായാലും, ആന്റണിയായാലും കിട്ടുന്നവരെ കൂടെ കൂട്ടുക എന്നതാണ് പദ്ധതി. പക്ഷെ, അനില്‍ വന്നിട്ട് രാഷ്ട്രീയമായി ഒരു നേട്ടവും കിട്ടാന്‍ പോകുന്നില്ല എന്നു മാത്രമല്ല, അണികള്‍ക്കിടയില്‍ അതും ഒരു തമാശയായി മാറുമെന്ന പേടിയിലാകും സുരേന്ദ്രനും കൂട്ടരും. ഇനി അനിലിനെ കേരളത്തിന് പുറത്ത്, മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാം എന്നു കരുതിയാല്‍, ഇവിടത്തേക്കാള്‍ ദയനീയമാകും അനില്‍ അവിടെ എന്നതാണ് സത്യം. അതുകൊണ്ട് കിട്ടിയ ഷാള്‍ പുതച്ചു രണ്ടു ദിവസം അനില്‍ നന്നായി ഉറങ്ങിക്കോളൂ. വരും ദിവസങ്ങളില്‍ താനെടുത്ത തെറ്റായ തീരുമാനങ്ങളെ ഓര്‍ത്തു ഉറക്കം നഷ്ടപ്പെടും എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.



TAGS :