Quantcast
MediaOne Logo

അന്‍വറിന്റെ വെളിപ്പെടുത്തല്‍; അനിവാര്യമാവുന്ന 'ആഭ്യന്തര' വിപ്ലവം

പൊലീസ് സംവിധാനത്തിലെ 'പുഴുക്കുത്തു'കളെ തുറന്നുകാണിക്കാനുള്ള പി.വി അന്‍വര്‍ എംഎല്‍എയുടെ ശ്രമത്തിന് അപ്രതീക്ഷിതമായ പിന്തുണയാണ് ജനങ്ങളില്‍ നിന്നും, ഒടുവിലായി ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നത്.

അന്‍വറിന്റെ വെളിപ്പെടുത്തല്‍; അനിവാര്യമാവുന്ന ആഭ്യന്തര വിപ്ലവം
X

1990 കളില്‍ രാജ്യത്ത് വലതുപക്ഷ വര്‍ഗീയത അതിന്റെ വേര് ആഴ്ത്തികൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി വന്ന ഏറെ നിഗൂഢമെന്ന് തോന്നിപ്പിച്ച വിഷയമായിരുന്നു ഭരണസിരാകേന്ദ്രങ്ങളെ നയിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന അദൃശ്യരും നിശബ്ദരുമായ സമാന്തര ഭരണ കേന്ദ്രം. അതിനെ മാധ്യമലോകം ഡീപ്പ് സ്റ്റേറ്റ് അഥവാ അധോ സംവിധാനം എന്ന് വിളിച്ചു.

ഡീപ് സ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചതും നിരീക്ഷിക്കപ്പെട്ടതും തുര്‍ക്കിയുടെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിലായിരുന്നു. തീര്‍ത്തും അദൃശ്യമായ രഹസ്യവലയങ്ങള്‍, പ്രത്യേകിച്ച് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളുമെല്ലാം പൊതുജനങ്ങളുടെ മേല്‍നോട്ടം ഇല്ലാതെ രാഷ്ട്രീയ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനെയാണ് ഈ പദം സൂചിപ്പിച്ചത്. പിന്നീട് ഈ ആശയം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ രഹസ്യവലയം എന്ന പേരില്‍ വ്യാപകമായി പരിഗണിക്കപ്പെട്ടു. ഏറെ വിവാദമായ 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പോടെ ലോകവ്യാപകമായി തന്നെ ഈ ആശയം വ്യാപിക്കുകയും ചെയ്തു.

ഭരണപക്ഷ നിയമസഭാ സാമാജികനായ പി.വി അന്‍വര്‍ തുറന്നു വിട്ടതും കാണാമറയത്തുള്ള ഡീപ്പ് സ്റ്റേറ്റ് എന്ന ഈ ഭൂതത്തെ തന്നെയാണെന്നാണ് രാഷ്ട്രീയ-മാധ്യമ രംഗത്തെ വിശാരദന്‍മാര്‍ നിരീക്ഷിക്കുന്നത്. ഭരണനിര്‍വഹണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പൊലീസ് സംവിധാനത്തിലെ 'പുഴുക്കുത്തു'കളെ തുറന്നുകാണിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് അപ്രതീക്ഷിതമായ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ഒടുവിലായി ഇടതു രാഷ്ട്രീയ പ്രവര്‍ത്തകരില്‍നനിന്നും ലഭിക്കുന്നത്. ഭരണപക്ഷ സാമാജികന്‍ തന്നെ ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നതും മറ്റുള്ളവരുടെ സമാനാനുഭവങ്ങള്‍ പുറത്തേക്ക് കാണിക്കുന്നതും വിഷയത്തിന്റെ ഗൗരവവും അര്‍ഹിക്കുന്ന തലത്തില്‍ തന്നെ പൊതുജനങ്ങളിലേക്ക് എത്തിപ്പെടാന്‍ കാരണമാകുന്നുണ്ട്.

സര്‍ക്കാരുകളുടെ അമിതാധികാരപ്രയോഗങ്ങളുടെ തേരാളികളായി ബൂട്ടിട്ട് ചവിട്ടുകയും, ലാത്തിവീശുകയും ചെയ്യുന്ന പൊലീസിനെതിരെയുള്ള മാധ്യമങ്ങളുടെയും പുരോഗമന ചിന്താഗതിക്കാരുടെയും വിമര്‍ശനങ്ങള്‍ മാത്രമാണ് നമ്മളിന്നുവരെ കണ്ടിരുന്നതെങ്കില്‍ അതിന്റെ അളവുകോലുകള്‍ക്ക് എത്രയോ അപ്പുറമാണ് ഭരണപക്ഷം സാമാജികന്‍ തുറന്നുവിട്ട പുതിയ ആരോപണങ്ങള്‍. പൊലീസില്‍ സര്‍ക്കാരിന്നതീതമായി തന്നെ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സ്വഭാവമുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് വളരെ നിഗൂഢമായതും ചെറുതും വലുതുമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്നുമാണ് അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ ഉള്ളത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ അതിലുള്‍പ്പെടുന്നു.

കാക്കിയില്‍ കാവി പടരുമ്പോള്‍

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഏറെ വിവാദമായ മാവോയിസ്റ്റ് വേട്ടയും, വ്യാപകമായി യുഎപിഎ ചുമത്തിയുള്ള പോലീസ് കേസുകളുമെല്ലാം ഇടത് നയത്തിന് എതിരായിരുന്നു. ആഭ്യന്തരം കയ്യാളിയ മുഖ്യമന്ത്രി നോക്കുകുത്തിയായതും പൊലീസ് ഭാഷ്യങ്ങളെ അദ്ദേഹം വെള്ളം തൊടാതെ ന്യായീകരിക്കുന്നതും പാര്‍ട്ടിയെ രണ്ടു തട്ടിലാക്കുന്നതിന് പലപ്പോഴും കാരണമായിട്ടുണ്ട്. അതിലേക്കാണ് ഹിന്ദുത്വ വര്‍ഗീയ സംഘങ്ങളുടെ വെറുപ്പ് പരത്താനുള്ള കര്‍മപദ്ധതികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും 'സൂപ്പര്‍ ഡിജിപി' അജിത് കുമാറിന്റൈ നേതൃത്വത്തിലുള്ള പൊലീസ് പ്രവര്‍ത്തിക്കുന്നു എന്നുള്ള മുനയുള്ള ആരോപണവുമായി എംഎല്‍എ എത്തിയിരിക്കുന്നത്. സമീപകാല സംഭവവികാസങ്ങളില്‍ പലതും ഈ ആരോപണത്തില്‍ കാര്യമുണ്ടെന്ന് ചിന്തിക്കാന്‍ കാരണമാകുന്നതായിരുന്നു.

വിദ്വേഷം പ്രചരിപ്പിച്ച മഞ്ഞ മീഡിയക്കെതിരെ നടന്ന അന്വേഷണം:

പി.വി അന്‍വര്‍ എംഎല്‍എയും കുന്നത്തുനാട് എംഎല്‍എ ശ്രീനിജനും വിദ്വേഷം വിളമ്പിയ ഒരു ഓണ്‍ലൈന്‍ മഞ്ഞ മീഡിയക്കെതിരെ ശക്തമായി രംഗത്ത് വന്നത് കേരളത്തില്‍ ചെറുതല്ലാത്ത വാര്‍ത്തയായിരുന്നു. എന്നാല്‍, തിരശ്ശീലക്കു പിന്നിലെ കാക്കിയിട്ട വടംവലിക്കാര്‍ ഈ പോരാട്ടം എങ്ങുമെത്താതിരിക്കാന്‍ അതിയായി പരിശ്രമിച്ചു. ഒത്തുതീര്‍പ്പില്‍ സാമ്പത്തിക ഇടപാടുകളുടെ ആരോപണങ്ങള്‍ പോലും ഉയര്‍ന്നു വന്നെങ്കിലും അതൊന്നും എങ്ങുമെത്തിയില്ല. മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ അപകട മരണങ്ങള്‍ ഏറിവന്ന സന്ദര്‍ഭത്തെ സ്വാഭാവികമെന്നോണം നിഗൂഢമായി നിരീക്ഷിച്ച ഒരു വൈദികനെതിരെ കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്ത പൊലീസ്, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താനായി ഏറെ സ്പഷ്ടമായിത്തന്നെ പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ മഞ്ഞ മീഡിയയെ വിചിത്രമാമെന്നോണം തൊടാതെ പോയി. നിഗൂഢമായതെന്തോ ഉണ്ടെന്ന് ശരിവെക്കും പോലെ ഭരണപക്ഷ എംഎല്‍എമാരുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ അന്ന് കടിഞ്ഞാണിടുകയാണുണ്ടായത്.

സന്ദീപാനന്ദഗിരിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണം:

സിപിഎം സഹയാത്രികന്‍ എന്ന് പൊതുവേ ധരിക്കപ്പെടുന്ന സന്ദീപാനന്ദഗിരി സ്വാമിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും കാര്‍ കത്തിക്കുകയും ചെയ്തത് 2018 ല്‍ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. അന്വേഷണം തുടക്കത്തില്‍ എത്തിച്ചേര്‍ന്നതും പൊലീസിന്റെ അനൗദ്യോഗിക വെളിപ്പെടുത്തലുകളുമെല്ലാം, പ്രതി ഒരു സംഘ്പരിവാറുകാരനാണെന്നായിരുന്നു. പ്രതിയുടെ തന്നെ കുടുംബത്തില്‍പ്പെട്ട ഒരു വ്യക്തി ഇത് പരസ്യമായി തന്നെ ചാനലുകളില്‍ വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് ആ മൊഴി മാറ്റപ്പെടുകയും കേസ് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമാവുകയുമായിരുന്നു.


| സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം

' I want the dead bodies of Muslim bastards!' (എനിക്ക് എല്ലാ തന്തയില്ലാ മുസ്‌ലിംകളുടെയും ശവശരീരം വേണം):

സമൂഹത്തില്‍ ആഴ്ന്നിറങ്ങുന്ന വര്‍ഗീയതകള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം ഉറപ്പുപറഞ്ഞ് അധികാരത്തിലേക്ക് വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ട ആദ്യ വിമര്‍ശനങ്ങളിലൊന്നുതന്നെ പൊലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീനിവാസ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചതായിരുന്നു. പൊലീസ് കാര്യങ്ങളില്‍ ഒരു ഉപദേശകനെ വെക്കുന്നത് അനിവാര്യമായിരിക്കാം. എന്നാല്‍, സമീപകാല ചരിത്രമൊരിക്കലും മാപ്പുനല്‍കാത്ത അത്രയും വിഷലിപ്തമായ ഉത്തരവ് നല്‍കിയ, ' I want the dead bodies of Muslim bastards!' എന്ന് ആക്രോഷിച്ച ഒരു വ്യക്തിയെയായിരുന്നു ആ സ്ഥാനത്തേക്ക് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ചത് എന്നതും ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. 1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നീസയെന്ന 11 വയസ്സുകാരിയെ വെടിവെച്ചു വീഴ്ത്താന്‍ പൊലീസുകാര്‍ക്ക് പ്രചോദനമായത് അന്നത്തെ പാലക്കാട് ഐജി നല്‍കിയ മേല്‍പറഞ്ഞ വയര്‍ലെസ് സന്ദേശമായിരുന്നു. ഇവിടെ എല്ലാം ശാന്തമാണെന്ന് മറുപടി നല്‍കിയ അന്നത്തെ ഷൊര്‍ണൂര്‍ എസ്പി ബി. സന്ധ്യയുടെ വാക്കുകള്‍ക്ക് ശ്രീവാസ്തവയെന്ന ഐജി നല്‍കിയ മറുപടിയായിരുന്നുവത്. പിന്നീട്, അന്ന് ആറാം ക്ലാസില്‍ പഠിച്ചിരുന്ന ആ കൊച്ചു പെണ്‍കുട്ടിയെ ബ്രാഹ്മണരുടെ അഗ്രഹാരം കത്തിക്കാന്‍ വന്ന ഒരു കലാപകാരിയായി ഇതേ പൊലീസ് തന്നെ ചിത്രീകരിച്ചു എന്നതും ചരിത്രത്തിന്റെ ഭാഗം. അതിനെല്ലാം നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ അധികാരത്തിന്റെ തലപ്പത്തേക്ക് കൈപ്പിടിച്ചുകയറ്റിയ സര്‍ക്കാര്‍ സമീപനം അന്ന് ഏറെ വിമശനങ്ങള്‍ക്ക് കാരണമയിരുന്നു. അധികാരമേറ്റ ആദ്യ നാളുകളില്‍ പൊലീസിലെ ആര്‍എസ്എസ് നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളുടെ നേര്‍വിപരീതമായിരുന്നു ആ പ്രവര്‍ത്തനം.


| രമണ്‍ ശ്രീവാസ്തവ

സ്‌ഫോടക വസ്തു കണ്ടെത്തിയിട്ടും കേസെടുക്കാത്ത സംഭവം:

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പായിരുന്നു മേല്‍ സൂചിപ്പിച്ച സംഭവം. ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സഹചര്യമുണ്ടായതും ഇതേ കാലയളവില്‍ തന്നെയായിരുന്നു. എന്നാല്‍, ആ കേസിന് പൊലിസ് നല്‍കിയ പ്രധാന്യത്തിന്റെ ഒരംശം പോലും കണ്ണൂരിലെ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും 770 കിലോയുടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിന് നല്‍കിയില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനം ചോദ്യംചെയ്യപ്പെട്ടെങ്കിലും അതും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായി.

മലപ്പുറത്തെ അധോലോകമാക്കുമ്പോള്‍

അടുത്തിടെ, സ്ഥലം മാറി വന്ന ജില്ലാ പൊലീസ് മേധാവി അടക്കം നിരവധി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയുണ്ടായി. ഏറെ ഗുരുതരമായ ആരോപണങ്ങള്‍ കാരണം ജനരോക്ഷം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാനായിരുന്നു പൊലീസിലെ ഈ ഉന്നതതല അഴിച്ചുപണി. മലപ്പുറം ജില്ലയിലെ പൊലീസിനെതിരെ, പ്രത്യേകിച്ച് അവസാന കുറച്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതി രൂക്ഷമായിട്ടായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. സാക്ഷിമൊഴികളും വെളിപ്പെടുത്തലുകളുമായി അന്‍വര്‍ പുറത്തുവിട്ട വസ്തുതകള്‍ ജില്ലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ വലിയ സമ്മര്‍ദത്തിലാക്കി. മലപ്പുറം ജില്ലയെ രാജ്യത്തെ തന്നെ ഒരു ക്രിമിനല്‍ തലസ്ഥാനമാക്കുക എന്ന അപ്രഖ്യാപിത ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്നും, പ്രത്യക്ഷത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനമായ സംഘ്പരിവാറിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജില്ലാ പൊലീസ് മേധാവിയായിരുന്നെന്നും അതിനുള്ള അകമഴിഞ്ഞ പിന്തുണ സൂപ്പര്‍ ഡിജിപിയില്‍ നിന്നും യഥാക്രമം ലഭിച്ചിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ലഭ്യമായ സമീപചരിത്രത്തിന്റെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ അത് ഒട്ടും തള്ളിക്കളയാവുന്നതല്ലതാനും.

പൊലീസിന്റെ മുന്നിലേക്ക് എത്തുന്ന കേസുകളില്‍ മൂന്നോ നാലോ, അല്ലെങ്കില്‍ അതില്‍ അധികമോ പ്രതികള്‍ ഉണ്ടാവുന്ന കേസുകളില്‍ അത് വ്യത്യസ്ത കേസുകളായി രജിസ്റ്റര്‍ ചെയ്യുകയും, അങ്ങനെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ആയിരുന്നു പൊലീസിന്റെ നടപടിയെന്ന് കണക്കുകളില്‍ നിന്നും പ്രതികളാക്കപ്പെട്ടവരുടെ മൊഴികളില്‍ നിന്നും വ്യക്തമാണ്. 2019ല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി സുജിത് ദാസ് അധികാരമേല്‍ക്കുമ്പോള്‍, പൊലീസ് കണക്കുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം 12,642 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2023 ആയപ്പോഴേക്കും അത് 40,428 എന്ന സംഖ്യയിലേക്ക് ക്രമാതീതമായി വര്‍ധിച്ചതായി കാണാം. ഇത് മലപ്പുറം എന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ലയെ ക്രിമിനല്‍വത്കരിക്കുന്നതിന്റെ ഭാഗമായി, അല്ലെങ്കില്‍ രാജ്യത്താകമാനം അങ്ങനെയൊരു മിഥ്യാധാരണ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘ്പരിവാര്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ കുടിലതന്ത്രത്തിന്റെ ഭാഗമായി പൊലീസ് പ്രവര്‍ത്തിച്ചു എന്നതിന്റെ സ്പഷ്ടമായ ഉദാഹരണമായി മലപ്പുറത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും നിരീക്ഷിക്കുന്നു.

മലപ്പുറം ജില്ലയെ രാജ്യത്തെ ക്രിമിനല്‍ തലസ്ഥനമാക്കി ചിത്രീകരിക്കാനായി കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതായും, അതിനായി പ്രത്യക്ഷത്തില്‍ തന്നെ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവിയായിരുന്ന സുജിത്ത് ദാസെന്നും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിക്കുന്നു. സുജിത് ദാസിനുശേഷം വന്ന ശശിധരനും മലപ്പുറവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തിവരുന്ന ഈ നിഗൂഢമായ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയായി നിയോഗിക്കപ്പെട്ട ശശിധരന്‍ ഐപിഎസിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളും പാനായിക്കുളം കേസില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും അതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊലീസിന് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്ന പാനായിക്കുളം കേസില്‍ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട യുവാക്കളെ നീതിപീഠം വെറുതെ വിടുകയായിരുന്നു. അന്നുമുതല്‍ സംശയത്തിന്റെ നിഴലിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതന്നെ മലപ്പുറം പോലെ മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലയിലെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയോഗിച്ചത് ഏറെ നിഗൂഢമായ വസ്തുതയാണ്. പിവി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ പൊലീസ് മേധാവിയായ ഈ വ്യക്തിയെ സ്ഥലംമാറ്റിയ നടപടി ഏറെ സ്വാഗതാര്‍ഹമാണെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്ത നിലപാട് നിഗൂഢമാണ്. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ സംഘ്പരിവാറിന്റെ വിഭജനാശയങ്ങള്‍ക്കും നിഗൂഢ പദ്ധതികള്‍ക്കും പതാകവാഹകരാവുന്ന പ്രവണത ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ രാഷ്ടീയത്തിന്നതീതമായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

താമിര്‍ ജിഫ്രി കസ്റ്റഡി മരണം: മലപ്പുറത്തെ പൊലിസ് പ്രവര്‍ത്തനത്തെ ചോദ്യമുനയില്‍ നിര്‍ത്തുകയും ഏറെ ജനരോക്ഷമുണ്ടാക്കുകയും ചെയ്ത കേസ് ആയിരുന്നു താമര്‍ ജിഫ്രി കസ്റ്റഡിമരണം. ലഹരിയുമായി ബന്ധപ്പെട്ട് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത് അഞ്ചോളം പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും പിന്നീട് സിബിഐ അന്വേഷിക്കുകയും, ബന്ധപ്പെട്ടതെന്ന് കരുതുന്ന നാല് പൊലീസുകാരെ അറസ്‌റ് ചെയ്യുന്നതിലേക്കും നയിച്ചു. ജിഫ്രിയുടെ മരണം കസ്റ്റഡിയില്‍ ഉണ്ടായ പീഡനത്തിന്റെ ഫലമാണെന്ന് അന്നേ ആരോപണമുണ്ട്. ഇത് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിയതിനൊപ്പം അന്നത്തെ പൊലിസ് മേധാവിയായിരുന്ന സുജിത് ദാസിനെതിരെയുള്ള വലിയ ആരോപണങ്ങള്‍ക്കും കാരണമായി. അതിനെത്തുടര്‍ന്നുണ്ടായി അഴിച്ചുപണിയിലാണ് ഹൈദരാബാദിലെ പ്രത്യേക ട്രെയിനിങ്ങിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇത് പൊലിസ് മേധാവിയെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമായി എന്നും വ്യാഖ്യാനപ്പെട്ടിരുന്നു.

DANSAF:

പൊലീസിലെ അധോലോകമെന്ന് അന്‍വര്‍ വിശേഷിപ്പിച്ച DANSAf - District Anti-Narcotic Special Action Force മയക്കുമരുന്ന് കള്ളക്കടത്ത് കണ്ടെത്താനുള്ള, അതിനെതിരെ നടപടി എടുക്കാനുള്ള പൊലീസിലെ പ്രത്യേക വിഭാഗമാണ്. ഹൈകോടതിയുടെ തന്നെ വിധിയുടെ പശ്ചാത്തലത്തില്‍ നിയമപരമായി സാധുതതന്നെ സംശയിക്കപ്പെടുന്ന ഈ വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ നിഗൂഢമാണ്. ഇത്തരം സംഘങ്ങള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്രിമത്വം കാണിക്കുന്നതിലുപരി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ ഏറെ സങ്കീര്‍ണ്ണമായ രാജ്യദ്രോഹക്കുറ്റങ്ങളിലും, അതിലുപരി കൊലപാതകം പോലും ആസൂത്രിതമായി നടപ്പാക്കി എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പൊലീസിന്റെ വിശ്വാസ്യതയെ തന്നെ മുറിവേല്‍പ്പിക്കുന്നുണ്ട് എന്നതാണ് എംഎല്‍എ തന്നെ പുറത്തുവിട്ട ഇലക്ട്രോണിക്‌സ് എവിഡന്‍സുകളെല്ലാം പുറത്തുവരുമ്പോഴുള്ള വസ്തുത. പ്രത്യേകിച്ച് മലപ്പുറത്തെന്നോണം മറ്റു ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ 2021 ല്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പൊലീസിനുള്ളിലെ ഇത്തരം ഗുണ്ടാസംഘങ്ങളെ സര്‍ക്കാര്‍ എന്താണ് തടയാത്തതെന്നതും കേവലം രാഷ്ട്രീയ ചോദ്യം മാത്രമാവില്ല.

റിദാന്‍ ഫാസില്‍ കൊലപാതകം: മലപ്പുറം ജില്ലയില്‍ തന്നെ നടന്ന റിദാന്‍ ഫാസില്‍ കൊലക്കേസും ഏറെ നിഗൂഢമായിരുന്നു. കേസ് അവസാനിപ്പിക്കാനായി പൊലീസ് വ്യത്യസ്തമായ രീതിയില്‍ കേസിലെ വസ്തുതകളെ വളച്ചൊടിച്ചതും ഏറെ വിവാദമായി. ഈ കേസില്‍ മലപ്പുറത്തെ പൊലീസ് കാണിച്ച സംശയാസ്പദമായ അന്വേഷണരീതി, സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണെന്നും അതില്‍ പൊലീസിന്റെ പങ്കുള്ളതായിരുന്നെന്നും അതിനിടെ സംഭവിച്ച കൊലപാതകം പൊലീസിന് പറ്റിയ കയ്യബദ്ധം ആണെന്നുമുള്ള ആരോപണം ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. സ്വര്‍ണ്ണക്കടത്തു വിഷയത്തില്‍, വലിയ ശതമാനം കമീഷനോ അല്ലെങ്കില്‍ ചില സമയങ്ങളില്‍ മുഴുവനായോ അടിച്ചെടുക്കുന്ന ഒരു കൊള്ളസംഘമായി മലപ്പുറത്തെ പൊലീസ് പ്രവര്‍ത്തിക്കുന്നു എന്ന അതിഗൗരവതരമായ ആരോപണത്തെ ഈ കൊലപാതകം ബന്ധിപ്പിക്കുന്നതായി പല നിരീക്ഷണങ്ങളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഉത്തരം കണ്ടെത്താനാവാതെ പോയ ഒരുപാട് ചോദ്യങ്ങള്‍ ഈ കൊലപാതക കേസില്‍ പൊലീസിന്റെ നടപടികളെ സംശയാസ്പദമായി മാറ്റുന്നതില്‍ ഏറെ പങ്കുവെച്ചിട്ടുണ്ട്. പൊലീസിന്റെ വ്യക്തമായ അനാസ്ഥ കാണുന്ന, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ മാമിയുടെ തിരോധാന കേസും ഇതേ കണ്ണിയുടെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പെരുകുന്ന കള്ളക്കേസുകള്‍: അടുത്തിടെ മലപ്പുറം കാളികാവ് സര്‍ക്കിളിലെ പൊലിസ് മേധാവിക്കെതിരെ സിപിഎം കാളികാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സക്കരിയ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തതായും തന്റെ വാഹനം കള്ളക്കേസില്‍ പെടുത്തിയതായും തിരിച്ചു നല്‍കാനായി 15 ലക്ഷം ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം അത് പൊളിച്ചു വില്‍ക്കുമെന്ന് ഭീഷണിപ്പൈടുത്തിയതായും അദ്ദേഹം പറയുന്നു. തന്റെ ജീവാനോപാധിയായിരുന്ന വാഹനം തിരിച്ചു കിട്ടാനായി അദ്ദേഹമിന്നു കോടതിവഴി നിയമ പോരാട്ടം നടത്തുകയാണ്. ഈ നടപടിയെല്ലാം കേസ് വര്‍ധിപ്പിക്കാനായി പൊലീസ് നടത്തുന്ന തന്ത്രമായും അല്ലെങ്കില്‍ പണം തട്ടാനുള്ള പൊലീസിലെ ചില ശക്തികളുടെ ശ്രമമായും വ്യാഖ്യാനിക്കപ്പെടുന്നു. ഇത്തരം പുറത്തു വരാത്തത്തും, പറയാന്‍ മടിക്കുന്നതുമായ മറ്റനേകം കേസുകള്‍ സംസ്ഥാനത്തുടനീളം സേന ഉണ്ടാക്കിവച്ചിട്ടുണ്ട്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ഭീകരവാദ പ്രദേശങ്ങളായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് രാജ്യത്താകമായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്തുള്ള ബഡ്കല്‍, യുപിയിലെ അസംഘട്ട്, ബോംബെയിലെ മുമ്പ്ര തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇതിന്റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണങ്ങളാണ്. ഈ പട്ടികയിലേക്ക് മലപ്പുറത്തെയും കൂട്ടിച്ചേര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിനുള്ള പിന്നണിയിലെ വടംവലിക്കാരായി പ്രത്യക്ഷത്തില്‍ ആര്‍എസ്എസ് വിരുദ്ധരായ പാര്‍ട്ടിയും, പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അറിയാതെ പാര്‍ട്ടിയുടെ നേതാക്കളും ശ്രമിക്കുന്നുണ്ടോ എന്നത് മാത്രമാണ് വ്യക്തമാകാന്‍ ബാക്കിയുള്ളത്. അങ്ങനെയെങ്കില്‍ പ്രതികരിക്കാനാവാത്ത വിധം പിടിമുറുക്കിയിരിക്കുന്ന സംഘ്പരിവാറിന്റെ ഡീപ്പ് സ്റ്റേറ്റിനെ, അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ കാണാനായി നമ്മളേവരും കാത്തിരിക്കുകയല്ലാതെ മറ്റൊരു വഴിയുമുണ്ടെന്ന് തോന്നുന്നില്ല.

സംസ്ഥാനത്ത് വിരമിച്ച പൊലീസ് സൂപ്രണ്ടുമാര്‍ സര്‍വാധികാരികളായിരിക്കുന്ന ആര്‍എസ്എസ് ക്യാമ്പുകള്‍ നടക്കുന്നതും, അതിലേക്ക് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പോവുന്നതും, സുപ്രധാന കേസുകള്‍ സംശയാസ്പദമായ രീതിയില്‍ അന്വേഷിച്ച ഡെപ്യൂട്ടി സൂപ്രണ്ട്മാര്‍ പോലുള്ളവര്‍ വിരമിച്ചതിന് ശേഷം ആര്‍എസ്എസിന്റെ പതാകവാഹകരാകുന്നതുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പൊലീസിലെ കാവിവത്കരണത്തിനും അധാര്‍മികതക്കും നേരെ സര്‍ക്കാരിന്റെ കുറ്റകരമായ മൗനം തുടരുകയാണെങ്കില്‍, ജന്മി-കുടിയാന്‍ തര്‍ക്കങ്ങളില്‍ ജന്മിയുടെ കൂടെ നില്‍ക്കുന്ന പൊലീസ് ഇനി ഉണ്ടാവില്ലെന്ന് പറയുകയും കാലംകൊണ്ട് അത് തെളിയിക്കുകയും ചെയ്ത ഇഎംഎസ് എന്ന അതികായനിരുന്ന കസേരയുടെ തൂക്കവും വലിപ്പവും തിരിച്ചറിയേണ്ട സമയത്ത് തിരിച്ചറിയാതെ പോവുകയാണ്. അതിന് സംസ്ഥനത്തൊരു 'അഭ്യന്തര' വിപ്ലവത്തിന് തിരികൊളുത്തി ചില ഒറ്റക്കൊമ്പന്‍മാര്‍ ഇറങ്ങുന്നതും ഒരു പോംവഴിയാകാം.


TAGS :