Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 27 May 2023 8:37 AM GMT

അസ്മിയയുടെ മരണം: എ.പി.സി.ആര്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്

ബാലരാമപുരം അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അസ്മിയയുടെ മരണം സംബന്ധിച്ച് എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ നത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.

അസ്മിയയുടെ മരണം, അസ്മിയയുടെ ആത്മഹത്യ
X

ആമുഖം:

കൗമാര ആത്മഹത്യകള്‍ സമൂഹത്തില്‍ എന്നും വലിയ ചര്‍ച്ചയാകുന്ന വിഷയമാണ്. കൗമാരപ്രായക്കാരിലെ മാനസിക പ്രശ്‌നങ്ങളും കുടുംബ പശ്ചാത്തലങ്ങളും സാമൂഹികമായ കാരണങ്ങളും ഇതിന് പലപ്പോഴും വഴിയൊരുക്കാറുണ്ട്. ആഗോളതലത്തില്‍ പ്രതിവര്‍ഷം 71,000 കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നാഷണഷല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (NCRB) യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്ന 100 പേരില്‍ ഏതാണ്ട് 34 പേരും 15 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ എന്‍.സി.ആര്‍.ബി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ല്‍ അധികം വിദ്യാര്‍ഥികള്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കുന്നു.

വിവിധ മത സമൂഹങ്ങളുടെ നേതൃത്വത്തില്‍ മത പഠനശാലകള്‍ വ്യാപകമായി നടത്തപ്പെടുന്ന ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ ഭരണഘടനയുടെ 29,30 അനുച്ഛേദങ്ങള്‍ പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിനും തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. കുട്ടികളുടെ അവകാശമായ മികച്ച ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കാത്ത വിധം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാകണം മതപഠനം എന്ന കാര്യത്തില്‍ സംശയമില്ല. നിയമത്തിന്റെ പരിധിയില്‍ വരുന്നതും കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചും ആയിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

ബാലരാമപുരം ഇടമനക്കുഴി ഖദീജത്തുല്‍ കുബ്‌റ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോള്‍ കോളജിലെ ലൈബ്രറി ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആത്മഹത്യയുടെ കാരണത്തെ സംബന്ധിച്ച വിവിധ ആരോപണങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) കേരള ചാപ്റ്റര്‍ പ്രസ്തുത സംഭവത്തിന്റെ ശരിയായ വസ്തുത പുറത്ത് കൊണ്ടുവരുന്നതിന് സഹായകരമാകുന്ന രൂപത്തില്‍ ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

മതസ്ഥാപനങ്ങളെക്കുറിച്ച് -വിശേഷിച്ചും മുസ്‌ലിം മത പാഠശാലകള്‍ ആയ മദ്രസകളെ ലക്ഷ്യം വച്ച് - നിരോധനത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് കേരളത്തിലെ ഒരു മുസ്‌ലിം മതസ്ഥാപനത്തെ കുറിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വസ്തുതയാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

വസ്തുതാന്വേഷണ സംഘം

അഡ്വക്കേറ്റ് പി.എ പൗരന്‍, മാഗ്ലിന്‍ ഫിലോമിന, അഡ്വക്കേറ്റ് കെ.എം അനില്‍കുമാര്‍, സി.എ നൗഷാദ്, അബ്ദുല്‍ മജീദ് നദ്വി, ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

സ്ഥാപന അധികാരികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ കുടുംബം എന്നിവരെ നേരില്‍ കണ്ടാണ് സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

എ.പി.സി.ആര്‍

ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 2006-ല്‍ സ്ഥാപിതമായ സര്‍ക്കാരിതര പൗരാവകാശ സംഘടനയാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍).


സ്ഥാപനം:

2014 ലെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത (Reg No. 57/14) ബാലരാമപുരം അല്‍ അമാന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ 2017 മുതല്‍ പെണ്‍കുട്ടികള്‍ക്കുള്ള മതപഠനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ഖദീജത്തുല്‍കുബ്‌റ വനിത അറബിക് കോളജ്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി തര്‍ബിയ്യ (സംസ്‌കരണം), ആലിമത്ത്( പാണ്ഠിത്യം) എന്നിങ്ങനെ രണ്ട് വിദ്യാഭ്യാസ കോഴ്‌സുകള്‍ ആണ് ഈ സ്ഥാപനത്തില്‍ നടക്കുന്നത്. 2020ലെ കോവിഡ് കാലത്ത് താല്‍ക്കാലികമായി ഹോസ്റ്റല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥാപനം 2022 ലാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കളില്‍ നിന്ന് വാങ്ങുന്ന ഫീസ് ആണ് സ്ഥാപനത്തിന്റെ പ്രധാന വരുമാന മാര്‍ഗം.

2020 ല്‍ 90 കുട്ടികളോളം പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 35 കുട്ടികളാണ് ഹോസ്റ്റല്‍ സൗകര്യത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഓപ്പണ്‍ സ്‌കൂളിംഗ് സംവിധാനമായ NIOS, സംസ്ഥാന സര്‍ക്കാരിന്റെ SCOLE Kerala എന്നീ പ്രോജക്ടുകളിലൂടെ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മദ്രസ പഠനവും നടത്തുന്നതാണ് ഇവിടുത്തെ പഠനരീതി. മതപഠനത്തിനായി രണ്ട് അധ്യാപികമാരും ഔപചാരിക പഠനത്തിനായി ഒരു അധ്യാപികയും ആണ് ഇവിടെ ഉള്ളത്.

മുസ്‌ലിം സംസ്‌കാരം അനുസരിച്ചുള്ള പ്രഭാത പ്രാര്‍ഥനയോടുകൂടി ആരംഭിക്കുന്നതും രാത്രി പ്രാര്‍ഥനയോടുകൂടി അവസാനിക്കുന്ന രീതിയിലും ആണ് പഠനം. പ്രഭാത ഭക്ഷണത്തിന് മുന്‍പായും ഉച്ച പ്രാര്‍ഥനയ്ക്ക് ശേഷവും വൈകീട്ടുമുള്ള മൂന്ന് ഇടവേളകളാണ് ഇതിനിടയില്‍ ഉള്ളത്. വൈകിട്ടുള്ള ഇടവേളകളില്‍ ശാരീരിക വ്യായാമങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെടാനുള്ള അവസരം അനുവദിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച ദിവസം അവധി ദിനമാണ്. വെള്ളി, ശനി ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കുന്നതിനുള്ള അവസരവും ഉണ്ട്. വെള്ളിയാഴ്ച ദിനത്തില്‍ കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളെ സ്ഥാപനത്തിന്റെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്. അഞ്ചുമിനിറ്റാണ് ഒരു കുട്ടിക്ക് അനുവദിക്കുന്ന സമയം. ഒഴിവുസമയങ്ങളില്‍ വിവിധ ഗ്രൂപ്പുകളായി കുട്ടികള്‍ ക്ലീനിങ്, ഗാര്‍ഡനിങ് എന്നീ ജോലികള്‍ നിര്‍വഹിക്കുന്നതോടൊപ്പം പാചകത്തിലും സഹായിക്കുന്നു.

2022-23 അധ്യായന വര്‍ഷത്തില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്‌സിനോടൊപ്പം മതപഠനം നടത്തുന്നതിനായി മരണപ്പെട്ട അസ്മിയ മോളുടേത് ഉള്‍പ്പെടെ അഞ്ച് അഡ്മിഷനുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തിനിടയില്‍ തന്നെ പഠനം അവസാനിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞു.

സംഭവങ്ങളുടെ ഘടന:

2023 മെയ് ഒന്നിനാണ് റംസാന്‍ അവധിക്കുശേഷം കോളജ് പുനരാരംഭിക്കുന്നത്. മെയ് രണ്ടാം തീയതി അസ്മിയ മോള്‍ രക്ഷിതാക്കളോടൊപ്പം കോളജില്‍ എത്തി. വെള്ളിയാഴ്ച ദിവസങ്ങളില്‍ രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ അനുവാദം ഉണ്ട്. മെയ് അഞ്ച് വെള്ളി മാതാവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. മെയ് 12 വെള്ളിയാഴ്ച സ്ഥാപനത്തിലെ മൊബൈല്‍ ഫോണ്‍ തകരാറിലായതിനാല്‍ മെയ് 13 ശനിയാഴ്ചയാണ് കുട്ടികള്‍ക്ക് രക്ഷിതാക്കളെ ഫോണ്‍ വിളിക്കാന്‍ പിന്നീട് അവസരം ലഭിച്ചത്.

മെയ് 13 ശനി രാവിലെ മുതല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം മറ്റു കുട്ടികളില്‍ നിന്ന് മാറി സ്ഥാപനത്തിലെ മെഡിക്കല്‍ റൂമിലായിരുന്നു അസ്മിയ കഴിച്ചുകൂട്ടിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ഉമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു.

5.20 ന് അസ്മിയയുടെ മാതാവും മാതാവിന്റെ ഉമ്മയും ചേര്‍ന്ന് സ്ഥാപനത്തില്‍ എത്തുകയും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് വന്നിരിക്കുന്നത് എന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അസ്മിയ മോളെ കണ്ടെത്താന്‍ കഴിയാതാവുകയും സ്ഥാപനത്തിലെ ലൈബ്രറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി മറ്റു വിദ്യാര്‍ഥികള്‍ കാണുകയും ചെയ്തു. കുട്ടികളും അധ്യാപികയും വാതിലില്‍ മുട്ടിയിട്ടും തുറക്കാത്ത സാഹചര്യത്തില്‍ സ്ഥലത്തുണ്ടായിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ഹുദവിയെ വാര്‍ഡന്‍ ചുമതലയില്‍ ഉണ്ടായിരുന്ന സഫീല ടീച്ചര്‍ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി. ലൈബ്രറിയുടെ ജനല്‍ പാളി തുറക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്ന സാഹചര്യത്തില്‍ ജനല്‍ചില്ല് തകര്‍ത്തു നോക്കുകയും അസ്മിയയെ കണ്ടതോടെ ഉടന്‍തന്നെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയും ചെയ്തു. മരണാസന്നയായ അസ്മിയയെ അനസ് ഹുദവിയും സ്ഥാപനത്തിലെ മറ്റൊരു ജോലിക്കാരനായ സഫീല ടീച്ചറുടെ ഭര്‍ത്താവ് അനസ് ഹമീദും ചേര്‍ന്ന് താഴെ ഇറക്കി. തുടര്‍ന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനായി അസ്മിയയുടെ മാതാവും മാതാവിന്റെ ഉമ്മയും ചേര്‍ന്ന് അവരോടൊപ്പം വന്ന ബന്ധുവിന്റെ ഓട്ടോറിക്ഷയില്‍ പരിക്കേറ്റ അസ്മിയയുമായി യാത്ര തിരിക്കുകയും സ്ഥാപനത്തിലെ അധ്യാപകന്‍ അനസ് ഹുദവി മറ്റൊരു ഓട്ടോയില്‍ അവരുടെ പിന്നാലെ പോവുകയുമാണ് ഉണ്ടായത്. ബാലരാമപുരത്ത് ഒരു പ്രൈവറ്റ് ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ഉടന്‍ മികച്ച മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനാണ് അവര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും അവിടെവച്ച് മരണം സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്. ഹോസ്പിറ്റലില്‍ വച്ച് ഉണ്ടായ തര്‍ക്കത്തില്‍ നാട്ടുകാരില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ഹുദവിക്ക് മര്‍ദനമേറ്റതായും പറയപ്പെടുന്നു.

അനുഭവസാക്ഷ്യങ്ങള്‍:

സഫീല(സല്‍ സബീല): അധ്യാപിക

ഈ അറബിക് കോളജില്‍ നിന്ന് 2019 ല്‍ ആറുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ സഫീല 2023 ഏപ്രില്‍ മുതലാണ് അധ്യാപികയായി ചുമതലയേല്‍ക്കുന്നത്. സഫീലയുടെ സഹോദരി ഇതേ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയുമാണ്. അടുത്ത കാലത്ത് മാത്രം സ്ഥാപനത്തില്‍ അധ്യാപനത്തിന്ന് എത്തിയ വ്യക്തിയായതുകൊണ്ട് അസ്മിയയെ വ്യക്തിപരമായി വേണ്ടത്ര അറിയില്ല എന്നാണ് ടീച്ചര്‍ അറിയിച്ചത്.

മെയ് രണ്ടിന് കോളജ് ആരംഭിച്ചതിനുശേഷം അസ്മിയ വളരെ ക്ഷീണിതയായാണ് കാണപ്പെട്ടതെന്നും എപ്പോഴും ഉറക്കം തൂങ്ങുകയും ഒറ്റയ്ക്ക് ഇരിക്കുകയും ചെയ്യുന്നത് കണ്ടതായി അധ്യാപികമാര്‍ അറിയിച്ചതായും സഫീല ടീച്ചര്‍ പറഞ്ഞു. പലപ്പോഴും ക്ലാസില്‍ കയറാതെ ഒറ്റപ്പെട്ടു ഇരിക്കുന്നുണ്ടായിരുന്നു. മെയ് 13ന് വാര്‍ഡന്‍ സൈനബ് അവധിയായിരുന്നതിനാല്‍ സഫീല ടീച്ചറിന് ആയിരുന്നു ചുമതല.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഉമ്മയോട് സംസാരിക്കാന്‍ ടീച്ചര്‍ തന്നെയാണ് കുട്ടികള്‍ക്കും അസ്മിയക്കും കോള്‍ ചെയ്ത് നല്‍കിയത്. അഞ്ചു മിനിറ്റ് സമയമാണ് കുട്ടികള്‍ക്ക് ഫോണ്‍ വിളിക്കാനുള്ള സമയം. അഞ്ചുമിനിറ്റ് നേരത്തേക്ക് മാത്രമായി ഫോണ്‍ സെറ്റ് ചെയ്താണ് നല്‍കാറുള്ളത്. ഉമ്മയോടുള്ള സംസാരത്തിനുശേഷം കരഞ്ഞു കൊണ്ടാണ് അസ്മിയ ഫോണ്‍ തിരിച്ച് നല്‍കിയത് എന്ന് ടീച്ചര്‍ പറയുന്നത്.

ടീച്ചര്‍മാരില്‍ അവസാനമായി അസ്മിയയെ കണ്ടത് സഫീല ടീച്ചറാണ്. വൈകിട്ട് 4.45 നാണ് ലൈബ്രറി തുറക്കാറുള്ളത്. ആ സമയത്ത് ലൈബ്രറി ചുമതലയുള്ള വിദ്യാര്‍ഥിനി ബുക്ക് എടുക്കാനായി ലൈബ്രറിയുടെ വാതിലില്‍ താക്കോല്‍ വച്ച് പുറത്തേക്ക് പോയപ്പോഴാണ് അസ്മിയ ലൈബ്രറിയില്‍ കയറിയത്. തിരിച്ചുവരുമ്പോള്‍ താക്കോല്‍ കാണാനില്ലെന്ന് ചുമതലയുള്ള വിദ്യാര്‍ഥിനി അറിയിക്കുകയുമാണ് ഉണ്ടായത്. അസ്മിയയുടെ രക്ഷിതാക്കള്‍ ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താക്കോല്‍ ലൈബ്രറിയുടെ വാതില്‍പഴുതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കാണുന്നതായി വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. പുറത്ത് നിന്ന് വാതിലില്‍ തട്ടി ഉമ്മ കൊണ്ടുപോകാന്‍ വന്നിരിക്കുന്നതായി പറഞ്ഞ് നോക്കിയെങ്കിലും പ്രതികരണം ഒന്നുമില്ലാത്തതിനാല്‍ ഓഫീസിലേക്ക് അറിയിക്കുകയും തുടര്‍ന്ന് അനസ് ഹുദവി ഉസ്താദ് ഹോസ്റ്റലിന് അകത്തേക്ക് വരികയുമാണ് ഉണ്ടായത് - സഫീല പറയുന്നു.

സുജാത: അധ്യാപിക

2023 ജനുവരിയിലാണ് സുജാത ടീച്ചര്‍ ഈ സ്ഥാപനത്തില്‍ ജോലിക്ക് എത്തുന്നത്. അസ്മിയ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പ്ലസ് വണ്‍ പരീക്ഷയ്ക്ക് തയ്യാറാക്കുക എന്നതായിരുന്നു ടീച്ചറുടെ ചുമതല. തിരുവനന്തപുരം മണക്കാട് വലിയ പള്ളിക്കടുത്ത് മുസ്‌ലിംകള്‍ ധാരാളമുള്ള പ്രദേശത്താണ് സുജാത ടീച്ചറുടെ താമസമെന്നതുകൊണ്ട് മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തെ അറിവുള്ള ടീച്ചറിന് ഹോസ്റ്റലില്‍ താമസിച്ചു പെണ്‍കുട്ടികള്‍ മദ്രസ പഠനം നടത്തുന്നത് പുതിയ അനുഭവമായിരുന്നു.

അഞ്ചു കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന ഒരു ക്ലാസായിരുന്നതുകൊണ്ടും പുറമേ നിന്നു വരുന്ന ഏക അധ്യാപികയായിരുന്നതുകൊണ്ടും കുട്ടികള്‍ക്ക് സുജാത ടീച്ചറോട് കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നു എന്നാണ് ടീച്ചര്‍ പറയുന്നത്.നല്ല സന്തോഷവതിയായ വിദ്യാര്‍ഥി ആയിരുന്നു അസ്മിയ. അവളുടെ കയ്യില്‍ എല്ലാ വിഷയത്തിന്റെയും നോട്ടുകള്‍ വളരെ കൃത്യമായി ഉണ്ടായിരുന്നു. അത്എങ്ങനെയാണെന്ന് അസ്മിയോട് ചോദിച്ചപ്പോള്‍ താന്‍ 2021 ല്‍ പ്ലസ് വണ്‍ നാട്ടിലെ സ്‌കൂളില്‍ പഠിച്ചതിനുശേഷം പഠനം നിര്‍ത്തിയാണ് 2022ല്‍ സ്ഥാപനത്തില്‍ ചേര്‍ന്നതെന്ന് അസ്മിയ പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയിലെ അവസാനത്തെ ദിവസത്തെ ഇംഗ്ലീഷ് പരീക്ഷക്ക് മുമ്പായി അസ്മിയ തന്റെ അടുത്തുവന്ന് അവധി കഴിഞ്ഞാല്‍ ഞാന്‍ ഇങ്ങോട്ട് തിരിച്ചു വരില്ല എന്നും വീട്ടില്‍ താമസിച്ച് സ്വതന്ത്രമായി പഠിക്കാനാണ് താല്‍പര്യമെന്നും ഹോസ്റ്റല്‍ പഠനം ഇഷ്ടമല്ലാത്തതുകൊണ്ടാണ് നിര്‍ത്തുന്നതെന്നും പറഞ്ഞതായി ടീച്ചര്‍ സൂചിപ്പിച്ചു.പഠനം നിര്‍ത്തുന്നതായതുകൊണ്ട് അസ്മിയക്കു മാത്രം ടീച്ചര്‍ തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു.

കോളജിലെ കുട്ടികളെല്ലാവരും വളരെ സന്തോഷത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. കുട്ടികളോട് കഠിനമായ ശിക്ഷണ രീതികള്‍ സ്വീകരിച്ചിരുന്നതായോ അതുകൊണ്ടുള്ളമാനസികാസ്വസ്ഥത അവര്‍ക്കുള്ളതായോ ടീച്ചറിന്റെ അനുഭവത്തില്‍ കണ്ടിട്ടില്ല എന്നും സുജാത ടീച്ചര്‍ സാക്ഷ്യപെടുത്തുന്നു.

'സ്ഥാപനത്തില്‍ നടന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന പല പീഡന വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ എനിക്ക് അതിശയമാണ് തോന്നുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്ന സജീര്‍ ഉസ്താദ് ക്ലാസില്‍ കയറുന്നതിനു മുമ്പേ വാതിലില്‍ തട്ടി ക്ലാസ്സിലുള്ള വിദ്യാര്‍ഥിനികള്‍ അവരുടെ മക്കന ഉള്‍പ്പെടെയുള്ള വസ്ത്രം ശരിയായി ധരിച്ച് അലക്ഷ്യമായല്ലഇരിക്കുന്നതെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ. അതെനിക്കൊരു അത്ഭുതമായിരുന്നു. കുട്ടികള്‍ക്ക് എന്നോട് വലിയ അടുപ്പമുണ്ടായിരുന്നു.എന്തെങ്കിലും പീഡനം അനുഭവിക്കുകയോ മോശം അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിരുന്നെങ്കില്‍ കുട്ടികളില്‍ ഒരാളെങ്കിലും തീര്‍ച്ചയായും എന്നോടത് പറയുമായിരുന്നു. അവരുടെ ശാരീരികമായ ബുദ്ധിമുട്ടുകളും ആര്‍ത്തവകാലത്ത് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളുമൊക്കെ എന്നോടവര്‍ ഷെയര്‍ ചെയ്തിരുന്നതാണ്.' - സുജാത ടീച്ചര്‍ പറയുന്നു.

മരണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് 11 വ്യാഴാഴ്ചകോളജില്‍നിന്ന് പിരിഞ്ഞു പോകുന്നതിന്റെ ഭാഗമായി കുട്ടികളോട് യാത്ര പറയുന്നതിന് സുജാത ടീച്ചര്‍ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ അസ്മിയെയോട് നീ ലീവ് കഴിഞ്ഞ് തിരിച്ചു വരില്ലെന്ന് പറഞ്ഞിട്ട് പിന്നെ എന്താണ് വന്നത് എന്ന് ചോദിച്ചിരുന്നു. അതുകേട്ട അസ്മിയ ചിരിച്ചു എന്നും ടീച്ചര്‍ പറയുന്നു.ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അസ്മിയയുടെ മരണത്തെക്കുറിച്ച് ടീച്ചര്‍ അറിയുന്നത്.

ഹസ്‌ന, തൗഫിറ (വിദ്യാര്‍ഥികള്‍)

ഹസ്‌നയും തൗഫിറയും ഇതേ സ്ഥാപനത്തിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥികളാണ്. അസ്മിയയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നവരായിരുന്നു ഇരുവരും. സ്ഥാപനത്തിലെ അധ്യാപികയായ സഫീലയുടെ സഹോദരിയാണ് ഹസ്‌ന. അടുത്ത ബന്ധുവാണ് തൗഫിറ.

അസ്മിയ സ്ഥാപനത്തിലെ ഏറ്റവുംസന്തോഷവതിയായ നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു. ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികളോട് നല്ല രീതിയില്‍ പെരുമാറുകയും പരോപകാരിയുമായിരുന്നു എന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. അസ്മിയയുടെ രണ്ട് സുഹൃത്തുക്കള്‍ പഠനം ഇടയില്‍ വച്ച് അവസാനിപ്പിച്ചത് കൊണ്ട് ഹസ്‌നയും തൗഫിറയും ആയിരുന്നു അടുത്ത സുഹൃത്തുക്കള്‍. ഒരു ജേഷ്ഠത്തിയുടെ സ്ഥാനത്തായിരുന്നു അസ്മിയ അവര്‍ക്ക്. മരണദിവസം അവസാനമായി ഈ കുട്ടികളോടൊപ്പം ആണ് അസ്മിയ വൈകീട്ടത്തെ ചായ കുടിച്ചത്.

പ്ലസ് വണ്‍ പരീക്ഷ കഴിയുമ്പോള്‍ തന്നെ അടുത്ത വര്‍ഷം മുതല്‍ കോളജിലേക്ക് പഠിക്കാന്‍ വരുന്നില്ല എന്ന് അസ്മിയയും അടുത്ത സുഹൃത്തും തീരുമാനിച്ചിരുന്നു. സുഹൃത്ത് കോളജ് തുറന്നപ്പോള്‍ വരാതിരിക്കുകയും ഒരു വര്‍ഷം കൂടിയല്ലേ ഉള്ളൂ അതുകൂടി പഠിച്ചിട്ട് പോകാം എന്ന ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ അസ്മിയ മാത്രം തിരിച്ചെത്തുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.

കോളജില്‍ മതപഠനത്തിന് എത്തിയിരുന്ന ഒരു അധ്യാപിക അസ്മിയയോട് പരുഷമായി പെരുമാറുകയും അത് അസ്മിയക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നതായി വിദ്യാര്‍ഥികള്‍ സൂചിപ്പിക്കുന്നുണ്ട്. അവധിക്ക് ശേഷം സ്ഥാപനത്തിലേക്ക് വരാന്‍ അസ്മിയ ആഗ്രഹിക്കാതിരുന്നതിന് ഇതും ഒരു കാരണമായി കുട്ടികള്‍ പറയുന്നുണ്ട്.

ബീമാപള്ളി സ്വദേശിനിയായ ആയ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു ആയയുടെ മകള്‍ അസ്മിയയുടെ സഹപാഠിയായിരുന്നു. സഹപാഠിയായ ആയയുടെ മകളുമായി അസ്മിയക്കുണ്ടായ പ്രശ്‌നത്തില്‍ ആയയും സ്ഥാപനത്തിലെ ഉസ്താദുമാരും സ്ഥാപനത്തിലെ ജോലിക്കാരിയുടെ മകള്‍ എന്ന തരത്തില്‍ സഹപാഠിയെ പിന്തുണച്ചതും അസ്മിയക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതായി ഈ വിദ്യാര്‍ഥികള്‍ പറയുന്നു.

അധ്യാപകരുടെ ഇത്തരം സമീപനം അസ്മിയയും സുഹൃത്തും പ്ലസ് വണ്‍ പരീക്ഷയോടെ സ്ഥാപനത്തിലെ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

2022 നവംബറില്‍ പ്ലസ് വണ്‍ പഠനത്തിനിടയില്‍ ഫീസ് നല്‍കാന്‍ കഴിയാത്തതിന് തുടര്‍ന്ന് അസ്മിയയുടെ ഒരു സുഹൃത്ത് പഠനം അവസാനിപ്പിച്ചിരുന്നു. 2023 മെയ് ഒന്നിന് സ്ഥാപനം തുറക്കുമ്പോള്‍ നേരത്തെ തീരുമാനിച്ചതനുസരിച്ച് രണ്ടാമത്തെ സുഹൃത്തും പഠനം അവസാനിപ്പിക്കുകയും തനിക്ക് ഉമ്മയുടെ ആഗ്രഹം സാധിക്കാനായി സ്ഥാപനത്തിലേക്ക് തിരിച്ചെത്തേണ്ടി വരികയും ചെയ്തതില്‍ അസ്മിയ ദുഃഖിതയായിരുന്നു. എങ്കിലും പത്തുമാസം കൂടി ഇവിടെ പഠിച്ച് ഉമ്മയ്ക്ക് കൊടുത്ത വാക്ക് ഞാന്‍ പാലിക്കും എന്ന് അസ്മിയ പറഞ്ഞിരുന്നു.

നാട്ടില്‍ പ്ലസ് വണ്ണിന് പഠിച്ചുകൊണ്ടിരുന്ന കാലത്ത് 2021 ഡിസംബറില്‍ അസ്മിയക്ക് ഒരു പ്രണയമുണ്ടായിരുന്നതായും ആ പ്രണയം ഉമ്മ അംഗീകരിക്കാതിരുന്നതിനാല്‍ ആണ് ഹോസ്റ്റല്‍ പഠനത്തിലേക്ക് മാറ്റിയതെന്നും അസ്മിയ പറഞ്ഞതായി ഈ കുട്ടികള്‍ പറയുന്നു. ആ സമയത്തെ മാനസിക സമ്മര്‍ദ്ദം കാരണം 2022 ജനുവരിയില്‍ അസ്മിയ ആത്മഹത്യാശ്രമം നടത്തിയതായും കുട്ടികള്‍ പറയുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പലപ്പോഴും ഉറക്കം തൂങ്ങുകയും ക്ലാസ്സില്‍ കയറാതിരിക്കുകയും ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു. ക്ലാസ് സമയത്ത് ക്ലാസില്‍ നിന്ന് പുറത്തിറങ്ങി ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ പോയി കിടന്നുറങ്ങുന്ന പ്രകൃതം ഉണ്ടായിരുന്നതായും ഇതിന്റെ പേരില്‍ അധ്യാപികമാര്‍ അസ്മിയയെ വഴക്കു പറഞ്ഞിരുന്നതായും കുട്ടികള്‍ പറയുന്നു.

മെയ് 12ന് വെള്ളിയാഴ്ച ഫോണ്‍ കേടായിരുന്നതിനാല്‍ വീട്ടിലേക്ക് വിളിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അസ്മിയ അസ്വസ്ഥയായിരുന്നതായും അതിനു ശേഷം ശാരീരികമായ ബുദ്ധിമുട്ടുകളുടെ പേരില്‍ മറ്റ് ജോലികളില്‍ നിന്ന് വിട്ടുനിന്നതായും കുട്ടികള്‍ ശ്രദ്ധിച്ചിരുന്നു.

മെയ് 13ന് ഉച്ചയ്ക്ക് ഉമ്മയോട് ഫോണില്‍ സംസാരിച്ചതിനു ശേഷം അസ്മിയ വിഷമിച്ചു കൊണ്ടാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകണം എന്ന് ഉമ്മയോട് പറഞ്ഞപ്പോള്‍ നീ അവിടെ തന്നെ നില്‍ക്കണം എന്ന് ഉമ്മ നിര്‍ബന്ധിച്ചതായും 'എങ്കില്‍ഇനി എന്നെ നിങ്ങള്‍ കാണില്ല' എന്ന് ഉമ്മയോട് പറഞ്ഞതായും അസ്മിയ ഈ കുട്ടികളോട് പറഞ്ഞിരുന്നു.

അതിനുശേഷം അസ്മിയ പല കുട്ടികളോടും 'സ്റ്റൂള്‍' എവിടെയെന്ന് അന്വേഷിച്ചതായും എന്നാല്‍, കുട്ടികളാരും അത് കാര്യമാക്കിയിരുന്നില്ലെന്നും പറയുന്നു. വൈകീട്ട് അസ്മിയയുടെ ഉമ്മ വന്നതായി ഉസ്താദ് ഹോസ്റ്റലില്‍ അറിയിച്ച സമയത്ത് അസ്മിയയെ കാണാനില്ല എന്നും ലൈബ്രറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടുവെന്നും ഈ കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു.

അനസ്, റിയാസ് (രക്ഷിതാക്കള്‍)

മൂന്നുവര്‍ഷമായി സ്ഥാപനത്തില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്ഥാപനത്തിലെ ശിക്ഷണരീതിയെക്കുറിച്ചും പഠനരീതികളെക്കുറിച്ചും അധ്യാപികമാരെ കുറിച്ചും ഇവര്‍ മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. റിയാസിന്റെ സഹോദരിയും ഇതേ സ്ഥാപനത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥിനിയായിരുന്നു. 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് നാട്ടുകാര്‍ കൂടിയായ ഇവര്‍ക്ക് മോശം അനുഭവങ്ങള്‍ ഒന്നും പറയാനില്ല.

അസ്മിയയുടെ ഉമ്മ

അസ്മിയയുടെ പിതാവ് മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയായിരുന്നു. ആറുവര്‍ഷമായി അദ്ദേഹത്തെ കാണാതായിട്ട്. അരി വറുത്തു പൊടിച്ച് വില്‍പ്പന നടത്തിയാണ് ഉമ്മ രണ്ട് പെണ്‍മക്കളെ പോറ്റുന്നത്. മൂത്ത മകള്‍ നെടുമങ്ങാട് ഉള്ള മതസ്ഥാപനത്തില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതാണ്. ഇളയ മകളാണ് അസ്മിയ. ചെറിയൊരു കുടിലില്‍ കഴിഞ്ഞിരുന്ന അവര്‍ ഇപ്പോള്‍ ബന്ധുവിന്റെ കൂടെയാണ് താമസിക്കുന്നത്.

'ഞങ്ങള്‍ സി.പി.എം പ്രവര്‍ത്തകരാണ്.കുറ്റവാളികളെ ശിക്ഷിക്കുമെന്ന് നേതാക്കള്‍ ഞങ്ങള്‍ക്ക് ഉറപ്പു തന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും ആരോടും സംസാരിക്കേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം.' എന്നാണ് കുടുംബം ആദ്യം പ്രതികരിച്ചത്.

മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടതായ ഒരു ബുദ്ധിമുട്ടും കുടുംബത്തില്‍നിന്ന് ഉണ്ടായിട്ടില്ല എന്നും അവധി കഴിഞ്ഞ് ക്ലാസിലേക്ക് പോകാന്‍ മകള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല എന്നും ഉമ്മ പറയുന്നു. അതിനു കാരണം അവിടെ പുതുതായി എത്തിയ ഒരു അധ്യാപികയുടെ മോശം പെരുമാറ്റമായിരുന്നു എന്നും ആ അധ്യാപിക ഉസ്താദിന്റെ ഭാര്യയും കൂടിയാണ് എന്നും അവര്‍ സൂചിപ്പിച്ചു. ഈ അധ്യാപിക അസ്മിയയോട് മോശമായി സംസാരിച്ചതായും അവരുടെ മോശം പെരുമാറ്റത്തെ കുറിച്ച് മകള്‍ക്കുള്ള പരാതി കേള്‍ക്കാന്‍ പോലും ഉസ്താദ് തയ്യാറായിട്ടില്ല എന്നും ഉമ്മ പറഞ്ഞു. ഉസ്താദിന്റെ ഭാര്യ തന്റെ ചെറിയ കുട്ടിയെ അസ്മിയയെ നിര്‍ബന്ധിപ്പിച്ച് നോക്കാന്‍ ഏല്‍പ്പിക്കുന്ന രീതിയുണ്ട്. അതും അസ്മിയക്ക് മാനസികമായി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

വെള്ളിയാഴ്ച മകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാളെ വിളിച്ചാല്‍ മതി എന്ന് ശബ്ദമുയര്‍ത്തിയുള്ള മറുപടിയാണ് ഓഫീസില്‍ നിന്ന് ലഭിച്ചതെന്ന് ഉമ്മ പറയുന്നു.

എന്താണ് ശനിയാഴ്ച്ച മകളോട് ഫോണില്‍ സംസാരിച്ചത് എന്നതിന്റെ വിശദാംശം പറയാന്‍ ഉമ്മ തയ്യാറായില്ല. എന്നാല്‍, മകള്‍ സംസാരത്തിനിടയില്‍ കരയുകയായിരുന്നു എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. എനിക്ക് വീട്ടിലേക്ക് തിരിച്ചുവരണം എന്നെ വന്നു കൊണ്ടുപോകണം എന്ന് ഫോണില്‍ മകള്‍ ആവശ്യപ്പെട്ടിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്നെ ജീവനോടെ കാണണമെങ്കില്‍ എന്നെ ഇപ്പോള്‍ തന്നെ കൂട്ടിക്കൊണ്ടു പോകണം എന്നവള്‍ പറഞ്ഞതായി ഉമ്മ പറയുന്നു. ഞാന്‍ നാളെ വരാം എന്ന് ഉമ്മ മറുപടി നല്‍കുന്നതിനിടയില്‍ ഫോണ്‍ കട്ടാവുകയും വീണ്ടും വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ കിട്ടാതാവുകയുമാണുണ്ടായത്.

തുടര്‍ന്ന് ഉസ്താദിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ 'നിങ്ങളുടെ മകള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളോടല്ല പറയേണ്ടത് ഞങ്ങളോടാണ്' എന്ന് രൂക്ഷമായ രീതിയില്‍ ഉസ്താദ് സംസാരിച്ചു. അങ്ങനെയാണ് ബന്ധുവിന്റെ ഓട്ടോ വിളിച്ച് ഉമ്മ കോളജിലേക്ക് എത്തുന്നത്. മകളെ വിളിച്ചുകൊണ്ടുപോകാനാണ് വന്നിരിക്കുന്നത് എന്ന് ഓഫീസില്‍ അറിയിച്ചപ്പോള്‍ ഹോസ്റ്റലിലേക്ക് വിളിച്ചറിയിച്ചു കുറെ സമയം കഴിഞ്ഞിട്ടും മകളെ കാണാതായപ്പോള്‍ 'അവള്‍ കുളിക്കുകയാണ്, ഇപ്പോള്‍ വരും' എന്ന് ഉസ്താദ് പറഞ്ഞു. പിന്നീട് ലൈബ്രറിയുടെ ജനല്‍ ചില്ല് പൊട്ടിക്കുന്നതായും അസ്മിയയെ ഉസ്താദുമാര്‍ താങ്ങിയെടുത്തു കൊണ്ടുവരുന്നതുമാണ് കണ്ടത്. അപ്പോഴും അവള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് തനിക്ക് വിശ്വാസമായിരുന്നില്ല എന്നും തലകറങ്ങി വീണതു കൊണ്ട് എടുത്തുകൊണ്ടു വരുന്നതാണ് എന്നാണ് ചിന്തിച്ചതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ ഓട്ടോയില്‍ കയറ്റി അസ്മിയുമായി ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് പോയി. ഞങ്ങള്‍ക്ക് ഇവിടത്തെ ഹോസ്പിറ്റലൊന്നും അറിയില്ല, എവിടെ കൊണ്ടുപോകണം എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഉസ്താദുമാര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങള്‍ കയറിയ ഓട്ടോയുടെ ഡ്രൈവറിന്റെ സീറ്റില്‍ തന്നെ ഉസ്താദിന് വേണമെങ്കില്‍ കയറാമായിരുന്നു, പക്ഷേ കയറിയില്ല. വഴിയില്‍ പലയിടത്തും ചോദിച്ചും വേഗതയില്‍ ഓടിച്ചുമാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് എത്തിയത്.

അസ്മിയയക്ക് മുന്‍പുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പ്രണയത്തെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞത് സ്‌കൂള്‍ പ്രായത്തിലുണ്ടായ ഒരു സൗഹൃദത്തെ പ്രണയമായി ചിത്രീകരിക്കുകയാണെന്നും ആത്മഹത്യാ പ്രവണതയുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതുമാണ് എന്നാണ്.

വസ്തുതാന്വേഷണതതിലൂടെ സംഘം എത്തിച്ചേരുന്ന നിഗമനങ്ങള്‍

I) സ്ഥാപനത്തിനെതിരില്‍ ചില കോണുകളില്‍നിന്ന് ആരോപിക്കപ്പെടുന്നതുപോലെ ബോധപൂര്‍വമായ പീഡനങ്ങള്‍ സ്ഥാപനത്തില്‍ നടക്കുന്നതായോ ആത്മഹത്യാ പ്രേരണ ഉണ്ടായതായോ വിദ്യാര്‍ഥികളുടെയോ രക്ഷിതാക്കളുടെയോ അനുഭവങ്ങളില്‍ നിന്ന് സംഘത്തിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

II) മാനേജ്‌മെന്റുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവിടത്തെ മൂന്ന് അധ്യാപികമാരില്‍ രണ്ടുപേര്‍. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് അവര്‍ പറഞ്ഞിട്ടുള്ളത് എന്ന് കണക്കാക്കാം. എന്നാല്‍, മാനേജ്‌മെന്റുമായി നേരിട്ട് ബന്ധമില്ലാത്തതും മരണപ്പെട്ട കുട്ടിയുമായി അടുത്ത ബന്ധമുള്ളതുമായ സുജാത എന്ന അധ്യാപിക സംഘത്തോട് പങ്കുവെച്ച അനുഭവങ്ങള്‍ പരിഗണനീയമാണ്. വിദ്യാര്‍ഥിനികളോടുള്ള അധ്യാപകരുടെ മാന്യമായ പെരുമാറ്റത്തെ കുറിച്ചും സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ പൊതുവേ സന്തോഷവതികള്‍ ആയിരുന്നു എന്നും ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

III) ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവശ്യം വേണ്ട രേഖകള്‍ സൂക്ഷിക്കുന്നതിലും മതിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിലും യോഗ്യതയുള്ള അധ്യാപകരെ ലഭ്യമാക്കുന്നതിലും ഈ സ്ഥാപനത്തിന് വീഴ്ചയുണ്ടായിട്ടുണ്ട്. കുറഞ്ഞ ഫീസാണ് സ്ഥാപനം വാങ്ങുന്നത് എന്നത് ഇവക്കുള്ള ന്യായമല്ല. ലാഭേഛയോടെയല്ല സ്ഥാപനം നടത്തുന്നത് എങ്കിലും യോഗ്യതയുള്ള അധ്യാപകരുടെ അഭാവം കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന്റെ കൂടി നിഷേധമായതിനാല്‍ കൂടുതല്‍ ഗൗരവതരമാണ്.

(III) കുട്ടികളിലെ മാനസിക അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെട്ട് പരിഹരിക്കുന്നതിനുള്ള കൗണ്‍സിലിങ് സംവിധാനത്തിന്റെ അഭാവം സ്ഥാപനത്തിലുണ്ട്. വീട്ടില്‍ നിന്ന് വിട്ടുനിന്ന് വിദ്യാഭ്യാസം നേടുന്ന കുട്ടികളാണ് എന്നതുകൊണ്ട് രക്ഷിതാക്കളുമായി സുഗമമായി ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങളുടെ കുറവും കുട്ടികളിലെ മാനസിക സമ്മര്‍ദത്തിന് കാരണമായിരിക്കാം.

നിര്‍ദേശങ്ങള്‍:

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

a) റസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക പ്രയാസങ്ങള്‍ക്കിടവരാത്തവിധം മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക.

b) ടീനേജ് പ്രായത്തിലെ പ്രശ്‌നങ്ങളും ശാരീരിക-മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായും സൗഹൃദപരമായും കൈകാര്യം ചെയ്യാന്‍ കഴിയുന്ന അധ്യാപകര്‍/വാര്‍ഡന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

c) കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ കണ്ടാല്‍ സമയോചിതമായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന യോഗ്യരായ കൗണ്‍സിലര്‍ ഉണ്ടാവണം. ഓരോ കുട്ടിയുടെയും സ്വഭാവ സവിശേഷതകള്‍ ശ്രദ്ധിക്കുകയും അസാധാരണ സ്വഭാവ പ്രകടനങ്ങള്‍ ഉണ്ടായാല്‍ ഉടനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന രീതി വികസിപ്പിക്കുകയും വേണം. രക്ഷാകര്‍ത്താക്കള്‍ക്കു വേണ്ടിയും കൗണ്‍സലിങ്, പാരന്റിങ് പോലുള്ള ശാസ്ത്രീയ പരിശോധനകളും പരിശീലന പരിപാടികളും ആസൂത്രണം ചെയ്യണം.

d) വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുന്ന കുട്ടികളില്‍ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണം. കമ്യൂണിക്കേഷന്‍ ഏറെ വികസിതമായ ഇക്കാലത്ത് വീടും രക്ഷാകര്‍ത്താക്കളുമായും ഉള്ള ബന്ധം കൂടുതല്‍ഉദാരമാക്കാന്‍ ശ്രമിക്കണം. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങള്‍ക്കും ആരോഗ്യകരമായ സൗഹൃദങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി അവരുടെ ഗുണകരമായ വളര്‍ച്ച ഉറപ്പ് വരുത്തണം.

e) മതവിവേചനമോ സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ ഇല്ലാതെ സമാന സ്വഭാവമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ ഉണ്ടാവണം.

2. സാമൂഹിക പ്രശ്‌ന പരിഹാരം

a) സോഷ്യല്‍ മീഡിയയിലും മറ്റു മീഡിയകളിലും ദുരുദ്ദേശപരമായി മതസ്ഥാപനങ്ങളെക്കുറിച്ച് ദുരൂഹതകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ മാതൃകാപരമായ നടപടി സ്വീകരിക്കണം.

b) വര്‍ഗീയ വിദ്വേഷത്തോടെയും രാഷ്ട്രീയ ലാഭേഛയോടെയും മദ്രസകളെക്കുറിച്ചും, മുസ്ലിം മതസ്ഥാപനങ്ങളെക്കുറിച്ചും അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്നത് തടയുകയും കുറ്റകരമായവക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

TAGS :