Quantcast
MediaOne Logo

എആര്‍എം: അജയന്റെ മൂന്നാമത്തെ മോഷണം!

എആര്‍എം-അജയന്റെ രണ്ടാം മോഷണം സിനിമയുടെ ആസ്വാദനം.

എആര്‍എം: അജയന്റെ മൂന്നാമത്തെ മോഷണം!
X

'' നിങ്ങള്‍ പരാതിപ്പെടേണ്ട,'' ഉര്‍സുല ഭര്‍ത്താവിനോട് പറഞ്ഞു, ''അച്ഛനമ്മമാരുടെ ഭ്രാന്ത് കുട്ടികള്‍ക്ക് കിട്ടും.'' (ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ - ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്)

ഇത്തവണ ഓണ സമ്മാനമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ വന്ന സിനിമകളിലൊന്നാണ് ARM-അജയന്റെ രണ്ടാം മോഷണം. ഒരു മുത്തശ്ശിക്കഥയില്‍ത്തുടങ്ങി ചരിത്രത്തിലൂടെയും ഗ്രാമീണതയിലൂടെയും വികസിച്ചു വരുന്ന കഥ. ത്രീഡീ ദൃശ്യവിരുന്നിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫ്രെയിമുകള്‍. കളരിയുടെയും തെയ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഒഴുകി നടക്കുന്ന മുത്തശ്ശിപ്പാട്ട്. ഇങ്ങനെ നീണ്ടുപോകുന്നു Arm ന്റെ വിശേഷങ്ങള്‍.

ഹരിപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പണ്ട്, ഹരിപ്പുറത്ത് വന്നു വീണൊരു ഉല്‍ക്കയില്‍ നിന്ന് അതീവ ശ്രേഷ്ഠവും ദിവ്യവുമായ ഒരു വിളക്കുണ്ടാക്കുന്നു. യുദ്ധങ്ങള്‍ ആ വിളക്കിനെ ഇടക്കല്‍ രാജവംശത്തെത്തിക്കുന്നു. പിന്നീട്, ഇടക്കല്‍ രാജാവിനെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുന്ന കുഞ്ഞിക്കേളു എന്ന യോദ്ധാവ് ഈ വിളക്കും ഒപ്പം വിളക്കിന്റെ ഐശര്യവും തന്റെ നാട്ടിലേക്ക് തിരിച്ചു കൊണ്ട് പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. ആ ആഗ്രഹം സാധിക്കുമെങ്കിലും ഗ്രാമത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനം വിളക്കിനെ ഒരു വിഭാഗക്കാരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. വിളക്ക് കട്ടുവെന്നാരോപിച്ചു നാട്ടുകാര്‍ കള്ളന്‍ മണിയനെ ആക്രമിക്കുന്നു. നാട്ടില്‍ പ്ലംബര്‍ മെക്കാനിക്കല്‍ പണിയിലൂടെയും കുട്ടികള്‍ക്ക് ട്യൂഷനെടുത്തും ജീവിക്കാന്‍ ശ്രമിക്കുന്ന അജയനെ പെരുങ്കളളന്‍ മണിയന്റെ കൊച്ചു മോനെന്ന ശാപം വിടാതെ പിന്തുടരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള അജയന്റെ പരിശ്രമമാണ് സിനിമ. ധീര യോദ്ധാവായ കുഞ്ഞിക്കേളു, പെരുങ്കളളന്‍ മണിയന്‍, അജയന്‍ എന്നീ വേഷങ്ങളിലെത്തുന്നത് ടോവിനോ ആണ്. ഓരോ കഥാപാത്രത്തെയും തന്‍മയത്വത്തോടെയും ഭാവപ്പകര്‍ച്ചകളോടെയും അവതരിപ്പിക്കുമ്പോള്‍ ഒരിടത്ത് പോലും പ്രേക്ഷകന് ആശയക്കുഴപ്പമുണ്ടായില്ലെന്നുള്ളത് ടോവിനോ തോമസ് എന്ന നടന്റെ കഴിവ് തന്നെയാണ്. മൂന്ന് തലമുറകളില്‍ നടക്കുന്ന കഥയുടെ നോണ്‍ ലീനിയര്‍ നരേഷന്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. വളരെ പതുക്കെയാണ് കഥ നമുക്ക് മുന്നില്‍ ചുരുളഴിയുന്നത്.

''ഞാന്‍ കാറ്റായും മഴയായും നിന്നെത്തേടിയെത്തും..'' അജയന്‍ തന്റെ പ്രണയിനിയായ ലക്ഷ്മിയോട് പറയുന്ന വാക്കുകളാണിത്. അതാത് കാലഘട്ടത്തിനനുസരിച്ച് ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ പ്രണയം സിനിമയെ ആകര്‍ഷണീയമാക്കുന്നു. അജയന്റെ പ്രണയിനിയായി കൃതി ഷെട്ടിയും കുഞ്ഞിക്കേളുവിന്റെ പ്രണയിനിയായി ഐശ്വര്യ രാജേഷും മണിയന്റെ ഭാര്യയായ മാണിക്യം എന്ന കഥാപാത്രത്തെ സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്നു. അജയന്റെ ട്രാം സംഭാഷണങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന ഉപകരണങ്ങളും കഥാപാത്രത്തിന് ആഴം കൂട്ടുന്നു.

അപ്രതീക്ഷിതമായി കടന്നു വരുന്ന അപകടങ്ങള്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പുയര്‍ത്തുന്നു. നൂതന സാങ്കേതിക വിദ്യയെ കയ്യില്‍ നിഷ്പ്രയാസം അമ്മാനമാടുന്ന അജയന്‍ പില്‍ക്കാലത്ത് മറ്റൊരു പസില്‍ പുഷ്പം പോലെ പരിഹരിക്കുമ്പോള്‍ ഈ കഥാപാത്രത്തിന്റെ കഴിവില്‍ പ്രേക്ഷകര്‍ക്ക് തെല്ലും സംശയിക്കാനില്ല.

പ്രേക്ഷകരുടെ ചുറ്റും പറന്നു നടക്കുന്ന മിന്നാമിനുങ്ങ്, പൊടുന്നനെ ചീറിപ്പാഞ്ഞു വരുന്ന വാള്‍, തീ, വെള്ളത്തുള്ളികള്‍ എന്നിവ ത്രീഡി എഫെക്റ്റിന് വേണ്ടി സൃഷ്ടിച്ച മായാക്കാഴ്ചകളാണ്. എങ്കിലും അവ ഒരിക്കലും പ്രേക്ഷകരെ കഥയില്‍ നിന്ന് പറിച്ചു പുറത്തിടുന്നില്ലതാനും. ഗ്രാമത്തില്‍ എല്ലാവരും പേടിക്കുന്ന കള്ളനാണ് മണിയന്‍. മെയ്‌വഴക്കവും ചില സൂത്രങ്ങളും കാണിച്ചു നാട്ടുകാരെ മുഴുവന്‍ തോല്‍പ്പിക്കുന്ന കഥാപാത്രം. നാട്ടില്‍ ശത്രുക്കളും അസൂയക്കാരുമുണ്ടാവുക സ്വാഭാവികം. മറ്റുള്ളവരെ കരിവാരിത്തേക്കാനുള്ള സമൂഹത്തിന്റെ താല്‍പര്യം ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കഥാതന്തുവില്‍ നിന്ന് ഒട്ടും തെന്നി മാറാതെത്തന്നെ സിനിമയില്‍ ഇക്കാര്യം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. മണിയന്റെ ഭാവങ്ങള്‍, അംഗവിക്ഷേപങ്ങള്‍, ചിന്തകള്‍, സംഭാഷണങ്ങള്‍ - എല്ലാം ചടുലവും ഉചിതവുമാണ്. ഈ സൂത്ര വിദ്യകള്‍ തന്നെയാണ് മണിയനേയും കൊച്ചു മകനായ അജയനെയും ബന്ധിപ്പിക്കുന്നത്. എന്നാല്‍, രണ്ടു പേരുടെ വ്യക്തിത്വം അജഗജാന്തരമാണ്.

കളരിപ്പയറ്റില്‍ നിപുണനായ അജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നായകന്‍ ടോവിനോ തോമസ് എടുത്ത പരിശ്രമത്തെ കണ്ടില്ലെന്നു വെക്കാനാകില്ല. കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ വളരെ ഭംഗിയായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രാചീന സാങ്കേതിക വിദ്യകളുപയോഗിച്ച് തളച്ചിടുന്ന 'നിധി'യെ കേവലമൊരു പസില്‍ പരിഹരിക്കുന്ന ലാഘവത്തോടെയാണ് മണിയന്‍ നേരിടുന്നത്. കുട്ടികളുടെ ഗെയിമിലെ ഓബികള്‍ പോലെ അപകടം നിറഞ്ഞ ഈ ഒബ്സ്റ്റക്കിള്‍ കോഴ്‌സുകള്‍ ശ്വാസം പിടിച്ചിരുന്നേ കാണാന്‍ പറ്റൂ. അപ്രതീക്ഷിതമായി കടന്നു വരുന്ന അപകടങ്ങള്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പുയര്‍ത്തുന്നു. നൂതന സാങ്കേതിക വിദ്യയെ കയ്യില്‍ നിഷ്പ്രയാസം അമ്മാനമാടുന്ന അജയന്‍ പില്‍ക്കാലത്ത് മറ്റൊരു പസില്‍ പുഷ്പം പോലെ പരിഹരിക്കുമ്പോള്‍ ഈ കഥാപാത്രത്തിന്റെ കഴിവില്‍ പ്രേക്ഷകര്‍ക്ക് തെല്ലും സംശയിക്കാനില്ല.


മാജിക്കല്‍ റിയലിസത്തിലൂടെ വികസിക്കുന്ന കഥയില്‍ അതിശയോക്തി വിടര്‍ത്തുന്ന അനവധി സന്ദര്‍ഭങ്ങളുണ്ടെങ്കിലും ആദ്യം മുതല്‍ അവസാനം വരെ സിനിമയില്‍ ലയിച്ചിരിക്കുന്ന പ്രേക്ഷകന്‍ കഥയില്‍ ചോദ്യമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നത് പോലെത്തോന്നും. അജയന് മുന്‍പില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മണിയനെപ്പോലും അവര്‍ കയ്യടിയോടെ സ്വീകരിക്കാന്‍ തയ്യാറാണ്. ബേസില്‍ ജോസഫും മണിയനും സാന്ദര്‍ഭിക നര്‍മത്തെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ജഗദീഷ്, രോഹിണി, അജു വര്‍ഗീസ്, നിസ്താര്‍ സെയിദ് എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു.

സിനിമയിയുടെ പാതിയോടെ അവതരിപ്പിക്കുന്ന പ്രശ്‌നങ്ങളെ മുന്‍പു നടന്ന കാര്യങ്ങളുമായി കോര്‍ത്തിണക്കിയിരിക്കുന്നതില്‍ കഥാകൃത്തായ സുജിത് നമ്പ്യാരുടെ കഴിവ് സ്തുത്യര്‍ഹം തന്നെ. അവസാന ഭാഗത്ത് ചെറുതായൊന്ന് ഡ്രാഗ് ചെയ്‌തെങ്കിലും സിനിമയെ രണ്ടര മണിക്കൂറിനുള്ളില്‍ പിടിച്ചു നിര്‍ത്തി പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയതില്‍ ഷമീര്‍ മുഹമ്മദും സംവിധായകന്‍ ജിതിന്‍ ലാലും അഭിനന്ദനമര്‍ഹിക്കുന്നു. മലയാളത്തില്‍ വളരെ ചുരുങ്ങിയ ചിലവില്‍ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ഇത്തരമൊരു സിനിമ വന്‍ വിജയമാക്കിയെടുക്കാന്‍ കൃത്യമായ പ്ലാനിങും ആശയങ്ങളും കൂടിയേ തീരൂ.


| തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരും സംവിധായകന്‍ ജിതിന്‍ലാലും

അജയന്റെ കുട്ടിക്കാലത്ത് നടക്കുന്ന ഒരു സംഭവത്തെ അജയന്റെ ഒന്നാം മോഷണമെന്നും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളെ അജയന്റെ രണ്ടാം മോഷണമെന്നും വേര്‍തിരിക്കാമെങ്കില്‍ ഈ ഓണനാളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന അജയന്‍ മൂന്നാമതൊരു മോഷണം കൂടി നടത്തിയിരിക്കുന്നു! മികച്ച കഥ, തിരക്കഥ, ദൃശ്യാവിഷ്‌കാരം, കാസ്റ്റിങ്, കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കളെടുത്ത കഠിനാധ്വാനം, പശ്ചാത്തലസംഗീതം, എഡിറ്റിങ്-മലയാള സിനിമ എത്തിനില്‍ക്കുന്ന ഉയരങ്ങളെയോര്‍ത്ത് ഓരോ മലയാളികള്‍ക്കും അഭിമാനിക്കാം.


TAGS :