Quantcast
MediaOne Logo

എൻ.പി ചെക്കുട്ടി

Published: 2 May 2022 7:48 AM GMT

അരുണ്‍ ഷൂരിയാണോ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃക?

അടിയന്തിരാവസ്ഥ കാലത്തു ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് നയ്യാരും പത്രാധിപസ്ഥാനത്തു നിന്ന് പുറത്തായ ബി.ജി വര്‍ഗീസുമൊക്കെ നമ്മുടെ ദേശീയ മാധ്യമചരിത്രത്തില്‍ മഹനീയസ്ഥാനം വഹിക്കുന്നുണ്ട്. എന്നാല്‍, അരുണ്‍ ഷൂരിയെ അതേ നിലയില്‍ കാണാനാവില്ല. അവരൊക്കെ രാഷ്ട്രീയത്തില്‍ ഇടപെട്ട പത്രാധിപന്മാരായിരുന്നു; ഷൂരിയാകട്ടെ, പത്രാധിപക്കസേരയില്‍ ഇരുന്ന രാഷ്ട്രീയക്കാരനും.

അരുണ്‍ ഷൂരിയാണോ  മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃക?
X
Listen to this Article

അരുണ്‍ ഷൂരി ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന കാലത്തു പത്രത്തിന്റെ ഹൈദരാബാദ് എഡിഷനില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന പാര്‍സാ വെങ്കടേശ്വര്‍ റാവു ജൂനിയര്‍ ഈയിടെ ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് മാധ്യമവൃത്തങ്ങളില്‍ വലിയ ചര്‍ച്ച ഉയര്‍ത്തിവിട്ടു. അരുണ്‍ ഷൂരിയാണോ രാജ്യത്തെ പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു മാതൃകയാകേണ്ടത് എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഷൂരിയെപ്പോലെ ഇന്ത്യന്‍ മാധ്യമരംഗത്തു കുലപതിപ്പട്ടം അലങ്കരിക്കുന്ന ഒരാളെ വിമര്‍ശിക്കുന്നത് വലിയ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തും എന്ന് തുറന്നുപറഞ്ഞു കൊണ്ടുതന്നെയാണ് ഇന്ന് ദല്‍ഹിയില്‍ ദേശീയ-അന്തര്‍ദേശിയ മാധ്യമങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്റെ ദീര്‍ഘകാല സുഹൃത്ത് ചില വിഷയങ്ങള്‍ മുന്നോട്ടുവെച്ചത്. അവ അത്യന്തം ഗൗരവമുള്ളതാണ് എന്ന് ഞാനും കരുതുന്നു.

എണ്‍പതുകളിലാണ് അരുണ്‍ ഷൂരി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലപ്പത്തു വന്നത്. അക്കാലത്തു അവിടെ പ്രവര്‍ത്തിച്ച മിക്കയാളുകള്‍ക്കും അരുണ്‍ ഷൂരിയുടെ പത്രപ്രവര്‍ത്തന രീതി സംബന്ധിച്ച കൃത്യമായ ഓര്‍മകളുണ്ട്. എന്നാല്‍, അദ്ദേഹം നടത്തിയ മാധ്യമപ്രവര്‍ത്തനത്തിന്റെ അപകടകരമായ ഏകപക്ഷീയത സംബന്ധിച്ച ഓര്‍മകള്‍ ഇന്ന് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നില്ല. പകരം അദ്ദേഹത്തെ മാതൃകാ മാധ്യമപ്രവര്‍ത്തകനായും പത്രാധിപരായും കൊണ്ടാടുന്ന അവസ്ഥയുണ്ട്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന ചരിത്രം അരുണ്‍ ഷൂരിയ്ക്കു മുമ്പും പിമ്പും എന്ന മട്ടിലാണ് ഇപ്പോള്‍ വര്‍ണിക്കപ്പെടുന്നത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആചാര്യന്‍, അധികാരകേന്ദ്രങ്ങളെ നിഷ്‌ക്കരുണം ചോദ്യംചെയ്യുകയും പൊളിച്ചുകാണിക്കുകയും ചെയ്ത ധീരനായ പത്രാധിപര്‍ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. അതിനാല്‍, ഷൂരി പ്രതിനിധാനം ചെയ്ത ഏകപക്ഷീയവും വ്യക്തിഹത്യയില്‍ അധിഷ്ഠിതവും മലീമസവുമായ മാധ്യമപ്രവര്‍ത്തന രീതി ഒരിക്കലും വേണ്ടവിധം വിമര്‍ശനവിധേയമായില്ല.


അതിന്റെ ഒരു ദുരന്തഫലം ഇന്ന് ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ക്കു വേണ്ടി മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന മാരകവും ഭീഷണവുമായ മാധ്യമപ്രവര്‍ത്തനരീതി തൊണ്ട തൊടാതെ വിഴുങ്ങാന്‍ പൊതുസമൂഹം തയ്യാറാവുന്നു എന്നതാണ്. റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് ഗോസ്വാമിയും ദി ഹിന്ദുവിന്റെ പ്രവീണ്‍ സ്വാമിയുമൊക്കെ പില്‍ക്കാലത്തു പ്രയോഗവല്‍ക്കരിച്ച മാധ്യമ പ്രവര്‍ത്തനരീതി യഥാര്‍ഥത്തില്‍ അരുണ്‍ ഷൂരിയുടെ സംഭാവനയാണ്. എണ്‍പതുകളില്‍ അദ്ദേഹം വെട്ടിത്തെളിയിച്ച പാതയിലൂടെയാണ് ഇക്കൂട്ടര്‍ മുന്നേറിയത്. അത് ഇന്ത്യന്‍ പൊതുസമൂഹത്തെയും രാഷ്ട്രീയത്തെയും എങ്ങനെയാണ് ബാധിച്ചത്? ഇന്ത്യയില്‍ വലതുപക്ഷ രാഷ്ട്രീയവും അതിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങളും മുന്‍വിധികളും ചോദ്യംചെയ്യപ്പെടാത്ത വിധം മേധാവിത്വം സ്ഥാപിച്ചു. ന്യൂനപക്ഷങ്ങളും ദലിതരും അടക്കമുള്ള കീഴാള വിഭാഗങ്ങള്‍ ഈ വരേണ്യര്‍ക്കു എപ്പോള്‍ വേണമെങ്കിലും കേറി ആക്രമിക്കാവുന്ന ഇരകളായി. ഇരകള്‍ക്കു വേണ്ടി സംസാരിക്കുന്നവര്‍ രാജ്യവിരുദ്ധരായി. അവരെ ദേശദ്രോഹികള്‍ എന്ന മുദ്രചാര്‍ത്തി എപ്പോള്‍ വേണമെങ്കിലും അഴിക്കുള്ളില്‍ ആക്കാമെന്ന സ്ഥിതി വന്നു. അങ്ങനെ കൊല്ലങ്ങളായി അഴിക്കുള്ളില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരെപ്പോലും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു മുന്നോട്ടുപോകാവുന്ന അവസ്ഥയായി. മാധ്യമപ്രവര്‍ത്തനം പൊലീസ് മുറയില്‍ സ്റ്റുഡിയോ റൂമില്‍ നിന്നുള്ള അട്ടഹാസങ്ങളും ചോദ്യംചെയ്യലുകളും മാത്രമാണ് എന്ന രീതി പ്രയോഗത്തില്‍ വന്നു. അതിനെ എതിര്‍ക്കുന്നവരും ചോദ്യം ചെയ്യുന്നവരും സ്ഥാപനങ്ങളില്‍ നിന്ന് പുറത്തായി. വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന പത്രങ്ങളെയും മറ്റു മാധ്യമസ്ഥാപനങ്ങളെയും പല തരത്തിലുള്ള ഭരണകൂട ഭീഷണികള്‍ പ്രയോഗിച്ചു ഒതുക്കാമെന്ന നിലവന്നു. അതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ നീണ്ടു കിടക്കുകയാണ്; അതിനാല്‍ അതൊന്നും വിശദീകരിക്കണ്ട കാര്യവുമില്ല.

എന്നാല്‍, എന്തുകൊണ്ട് നമ്മുടെ ഭരണസംവിധാനത്തിലും അധികാരകേന്ദ്രങ്ങളിലും ഇങ്ങനെ ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ രീതികള്‍ പടര്‍ന്നുകേറി? ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാതിരുന്ന അതിക്രമങ്ങളും പീഡനങ്ങളും എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇന്ന് നേരിടുന്നു? എന്തുകൊണ്ട് അത്തരം സംഭവവികാസങ്ങള്‍ ഒരു ഞെട്ടല്‍ പോലുമില്ലാതെ നമ്മുടെ പൊതുസമൂഹം കണ്ടുനില്‍ക്കുന്നു? എന്താണ് ഇന്ത്യയുടെ ആത്മാവിനു സംഭവിച്ചത്?

അതേക്കുറിച്ചു ആലോചിക്കുമ്പോഴാണ് അരുണ്‍ ഷൂരിയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ഇന്ത്യന്‍ മാധ്യമസമൂഹത്തെയും പൊതുസമൂഹത്തെയും എത്രമാത്രം ആഴത്തില്‍, എത്ര മാരകമായ വിധം അപമാനവീകരിച്ചിരിക്കുന്നു എന്ന കാര്യം നമ്മള്‍ തിരിച്ചറിയുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഏകപക്ഷീയവും കക്ഷിതാല്‍പര്യ നിക്ഷിപ്തവും വസ്തുതാവിരുദ്ധവുമായ മാധ്യമപ്രവര്‍ത്തന രീതിയെ ഒരു അംഗീകൃത രീതിയാക്കി മാറ്റിയെടുത്തു എന്നതാണ് ഷൂരിയുടെ മുഖ്യസംഭാവന. അദ്ദേഹം അതു ഫലപ്രദമായി നടപ്പിലാക്കി. കര്‍ണാടകയിലെ മുഖ്യമന്ത്രി ഗുണ്ടുറാവു മുതല്‍ ഹരിയാനയിലെ ദേവിലാല്‍ വരെയും പ്രധാനമന്ത്രി രാജീവ് ഗാന്ധി മുതല്‍ വി.പി സിങ് വരെയുമുള്ള നിരവധി പേരുടെ അധികാരത്തല കൊയ്‌തെടുത്തു ഖ്യാതി നേടി. അങ്ങനെ ഇന്ത്യന്‍ മാധ്യമരംഗത്തു ഒരു അതികായന്റെ പ്രതിച്ഛായ അദ്ദേഹം നേടിയെടുത്തു. തുടര്‍ന്ന് അതൊരു വിജയകരമായ മാതൃകയും അനുകരണീയമായ കച്ചവടതന്ത്രവുമായി.


ഇന്ത്യയില്‍ ഇന്ന് വ്യാപകമായ ദൂഷിത മാധ്യമസംസ്‌കാരത്തിനു സാമൂഹികമായ മാന്യതയും അംഗീകാരവും നേടിക്കൊടുത്തതിനുള്ള പ്രധാന ഉത്തരവാദിത്വം അരുണ്‍ ഷൂരിക്കുള്ളതാണ് എന്ന് എണ്‍പതുകളിലെ ഇന്ത്യന്‍ മാധ്യമരംഗം നിരീക്ഷിച്ചവര്‍ക്കറിയാം. പാര്‍സയെപ്പോലെ അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പ്രവര്‍ത്തിച്ച പലരും അന്നത്തെ അന്തരീക്ഷത്തെ ആ നിലയില്‍ത്തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. ഇന്ദിരയുടെ വധത്തിനു ശേഷം അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി സര്‍ക്കാരിനെയും പിന്നീട് വി.പി സിങ് സര്‍ക്കാറിനെയും അസ്ഥിരീകരിക്കുന്നതിനായി അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ കഥകള്‍ അദ്ദേഹത്തിന്റെ പത്രത്തില്‍ ഒന്നാം പേജില്‍ നിറഞ്ഞൊഴുകി. സെന്റ് കിറ്റ്‌സ് ദ്വീപിലെ അത്ഭുത നിക്ഷേപങ്ങളും എച്ച്.ഡി ഡബ്ലിയു മുങ്ങിക്കപ്പല്‍ കഥകളും സര്‍വോപരി ബൊഫോഴ്‌സ് തോക്ക് കുംഭകോണകഥകളും ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ മാത്രമല്ല, വിവിധ ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അവയില്‍ സത്യമെന്ത്, കല്‍പിത കഥയെന്ത് എന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്ത്യന്‍ സമൂഹത്തിനു വ്യക്തമായിട്ടില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്: പിന്നീട് അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാരിന് അരങ്ങൊരുക്കിയ സ്‌നാപക യോഹന്നാന്റെ പണിയാണ് ഷൂരി നിറവേറ്റിയത്. വാജ്‌പേയി അദ്ദേഹത്തിനു നന്ദിപൂര്‍വം സ്വന്തം സര്‍ക്കാരില്‍ പൊതുമേഖലയുടെ വിറ്റഴിക്കല്‍ വകുപ്പിന്റെ ചുമതലയും നല്‍കി.


യഥാര്‍ഥത്തില്‍ അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പല കഥകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ശക്തരായ ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മില്‍ നടന്ന കിടമത്സരമാണെന്നു അന്നത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നവര്‍ക്കറിയാം. രാജീവ് ഗാന്ധിക്കെതിരെയുള്ള കുരിശുയുദ്ധം തുടങ്ങിയത് വിമല്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ പുതുതായി തുണി മേഖലയിലേക്കു കടന്ന ധിരുഭായ് അംബാനിയും ബോംബേ ഡൈയിങ് മുതലാളി നുസ്ലി വാഡിയയും തമ്മിലുള്ള അടി കലശലായതോടെയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളെ വെല്ലുവിളിച്ചു പുതുതായി ബിസിനസ്സ് & പൊളിറ്റിക്കല്‍ ഒബ്‌സര്‍വര്‍ എന്നൊരു പത്രം തുടങ്ങിയ അംബാനിയുടെ കരുത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള പിടിയായിരുന്നു. മറുവശത്തു വാഡിയ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ മുതലാളി രാംനാഥ് ഗോയങ്കയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് അരുണ്‍ ഷൂരി, അരുണ്‍ ജെയ്റ്റ്‌ലി, എസ് ഗുരുമൂര്‍ത്തി സഖ്യം ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ അംബാനിക്കെതിരെ ആക്രമണം തുടങ്ങിയത്. പിന്നീട് അതൊരു തുറന്ന രാഷ്ട്രീയയുദ്ധമായി. ഒരു ഭാഗത്തു കോണ്‍ഗ്രസ്സ്, മറുഭാഗത്തു ബി.ജെ.പി. ഒരവസരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചു. അരുണ്‍ ഷൂരി ഡല്‍ഹി സര്‍വകലാശാലയിലെ എ.ബി.വി.പി വിദ്യാര്‍ഥികളുമായി ഓഫിസിലേക്കു മാര്‍ച്ച് ചെയ്തു ഉപരോധം ഭേദിച്ച് പത്രം പുറത്തിറക്കി.

അഴിമതിക്കെതിരെ കുരിശുയുദ്ധം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഈ മാധ്യമയുദ്ധങ്ങളില്‍ കൃത്യമായ ഒരു വലതുപക്ഷ അജണ്ട ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും എന്ന് വി.പി സിങ് പ്രഖ്യാപിച്ചതോടെ അത് പരസ്യമായി വെളിയില്‍ വന്നു. ഷൂരിയുടെ പത്രവും ഇന്ത്യാ ടുഡേ അടക്കമുള്ള മറ്റു മാധ്യമങ്ങളും അതിനിശിതമായ ഒരു കടന്നാക്രമണമാണ് മണ്ഡലിനെതിരെ നടത്തിയത്. കഴിവുകെട്ടവര്‍ അധികാരസ്ഥാനങ്ങള്‍ കയ്യടക്കും, യോഗ്യതയുള്ളവര്‍ തഴയപ്പെടും എന്നൊക്കെയാണ് അവര്‍ പ്രചരിപ്പിച്ചത്. പിന്നാക്ക സംവരണത്തെ എതിര്‍ക്കുന്ന വാര്‍ത്തകള്‍ക്കും നിലപാടുകള്‍ക്കും ദേശീയതലത്തില്‍ പ്രചാരണം നല്‍കുന്നതില്‍ ഷൂരി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

ഇതേ തരത്തിലുള്ള സ്ഥാപിതതാല്‍പര്യങ്ങളും പിന്നാക്ക-ന്യൂനപക്ഷ വിരുദ്ധ മുന്‍വിധികളുമാണ് അരുണ്‍ ഷൂരി എഴുതിക്കൂട്ടിയ നിരവധി പുസ്തകങ്ങളിലും കാണാന്‍ കഴിയുക. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി അദ്ദേഹം പുറത്തിറക്കിയ ചില പ്രധാന കൃതികള്‍ നോക്കുക: ദി വേള്‍ഡ് ഓഫ് ഫത്‌വാസ് (ഫത്‌വകളുടെ ലോകം), വര്‍ഷിപ്പിങ് ഫാള്‍സ് ഗോഡ്‌സ് (കള്ളദൈവങ്ങളെ ആരാധിക്കുന്നവര്‍), ഹാര്‍വെസ്റ്റിംഗ് ഔര്‍ സോള്‍സ് (ആത്മാവുകളുടെ വിളവെടുക്കല്‍), ദി ഒണ്‍ലി ഫാദര്‍ലാന്‍ഡ്: കമ്മ്യൂണിസ്റ്റ്‌സ്, ക്വിറ്റ് ഇന്ത്യ ആന്‍ഡ് ദി സോവിയറ്റ് യൂണിയന്‍ (ഒരേയൊരു പിതൃഭൂമി: കമ്മ്യൂണിസ്റ്റുകളും ക്വിറ്റ് ഇന്ത്യയും സോവിയറ്റ് യൂണിയനും), എമിനെന്റ് ഹിസ്റ്റോറിയന്‍സ് (ശ്രേഷ്ട ചരിത്രകാരന്മാര്‍) തുടങ്ങിയവയൊക്കെ അക്കാലത്തെ രചനകളാണ്. ആദ്യപുസ്തകം മുസ്‌ലിംകളെയും രണ്ടാമത്തേത് ദലിതരെയും മൂന്നാമത്തേത് ക്രിസ്ത്യാനികളെയും നാലാമത്തേത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെയും അവസാനത്തേത് റോമിലാ ഥാപ്പര്‍ അടക്കമുള്ള ഇന്ത്യന്‍ മതേതര ചരിത്രകാരന്മാരെയും കടന്നാക്രമിക്കുന്നു. ആരെയും വിമര്‍ശിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. പക്ഷേ, ഷൂരിയുടെ വിമര്‍ശനം സത്യസന്ധമായിരുന്നില്ല; മറിച്ചു ഒരു വലതുപക്ഷ തീവ്രചിന്താഗതിക്കാരന്റെ വാദമുഖങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ഈ കൃതികളില്‍ ചെയ്യുന്നത്. ഒരുപക്ഷേ ഇന്ത്യയിലെ തീവ്രവലതുപക്ഷ ഹിന്ദുത്വശക്തികളുടെ ഏറ്റവും ശക്തനും സമര്‍ഥനുമായ പ്രചാരകനെയാണ് ഷൂരിയില്‍ നമ്മള്‍ കാണുന്നത്. വസ്തുതകളെ വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും അദ്ദേഹം പില്‍കാലത്തു രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു നീക്കിയ ഒരു പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കു പറ്റിയ അന്തരീക്ഷമൊരുക്കി. അത് ഇന്ത്യയെ എവിടെയാണ് എത്തിച്ചത് എന്ന് നരേന്ദമോദിയുടെയും അമിത് ഷായുടെയും അധികാരാരോഹണത്തിനു ശേഷം രാജ്യം അനുഭവിച്ചു വരികയാണ്.


അരുണ്‍ ഷൂരി ഇപ്പോള്‍ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിമര്‍ശകരില്‍ ഒരാളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, മോദിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് കളമൊരുക്കാന്‍ കിണഞ്ഞു ശ്രമിച്ച ബുദ്ധിജീവിസംഘത്തിലും ഷൂരി തന്നെയായിരുന്നു പ്രധാനി. അദ്ദേഹം അതിനായി ഇന്ത്യന്‍ കോര്‍പ്പറേറ്റ് പ്രമാണിമാരുമായി തോളോടുതോള്‍ ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍, മോദിക്കു ഷൂരിയെ വിശ്വാസമുണ്ടായിരുന്നില്ല. അതിനാല്‍ ഷൂരിയുടെ പഴയകാല സഹപ്രവര്‍ത്തകന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ മോദി സുപ്രധാന ചുമതലകളില്‍ പ്രതിഷ്ഠിച്ചു. അരുണ്‍ ഷൂരിയെ തഴഞ്ഞു. അതോടെ അദ്ദേഹം കടുത്ത മോദി വിരുദ്ധനുമായി.


ഇപ്പോള്‍ ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പല സര്‍ക്കാര്‍ നീക്കങ്ങളെയും ചെറുക്കുന്നതില്‍ അരുണ്‍ ഷൂരി മുന്നിലുണ്ട്. പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ മുന്നിലുള്ള സുപ്രധാനമായ കേസില്‍ അദ്ദേഹവും ഒരു കക്ഷിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തു മമതാബാനര്‍ജി ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പൊതുമുന്നണി രൂപീകരിക്കാനായി കൊല്‍ക്കത്തയില്‍ പ്രതിപക്ഷ നേതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ അദ്ദേഹവും മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു മുതിര്‍ന്ന തലമുറയുടെ പ്രതിനിധിയെന്ന നിലയില്‍ അരുണ്‍ ഷൂരിയെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകളുടെയും പ്രവര്‍ത്തനത്തിന്റെയും വിനാശകരമായ പരിണതികളെക്കുറിച്ചു കൂടി നമ്മള്‍ ബോധവാന്മാരാകണം. അടിയന്തിരാവസ്ഥ കാലത്തു ജയിലില്‍ കഴിഞ്ഞ കുല്‍ദീപ് നയ്യാരും പത്രാധിപസ്ഥാനത്തു നിന്ന് പുറത്തായ ബി.ജി വര്‍ഗീസുമൊക്കെ നമ്മുടെ ദേശീയ മാധ്യമചരിത്രത്തില്‍ മഹനീയസ്ഥാനം വഹിക്കുന്നുണ്ട്. എന്നാല്‍, അരുണ്‍ ഷൂരിയെ അതേ നിലയില്‍ കാണാനാവില്ല. അവരൊക്കെ രാഷ്ട്രീയത്തില്‍ ഇടപെട്ട പത്രാധിപന്മാരായിരുന്നു; ഷൂരിയാകട്ടെ, പത്രാധിപക്കസേരയില്‍ ഇരുന്ന രാഷ്ട്രീയക്കാരനും. വ്യക്തിപൂജ കളംനിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്തു ഈ വ്യതിരിക്തത ഓര്‍മിക്കപ്പെടുക തന്നെ വേണം.

TAGS :