Quantcast
MediaOne Logo

ശ്യാം സോര്‍ബ

Published: 19 Jun 2023 3:08 AM GMT

വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ

ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനു വേണ്ടി ശരീരം ആയുധമാക്കി സമരം നടത്തിയ ഒരു ജനതയുടെ പടത്തലവനാണ് മഹാത്മാ അയ്യങ്കാളി. പുലയരാജ എന്ന് ഗാന്ധി വിശേഷിപ്പിച്ചത് അയ്യങ്കാളിയെ ആണ്. പറഞ്ഞ വാക്കുകള്‍ക്ക് ഓരോന്നിനും ഉരുക്കിനേക്കാള്‍ കാഠിന്യവും കത്തിയേക്കാള്‍ മൂര്‍ച്ചയും ഉണ്ടായിരുന്നു. വാക്കുകള്‍ വ്യക്തതയുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു.

ഏങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങടെ പാടത്ത് മുട്ടിപുല്ല് മുളപ്പിക്കും
X

അധികാര വഴികളില്‍ വില്ലുവണ്ടി കുലച്ചുക്കൊണ്ട് പഞ്ചമിയുടെ കൈ പിടിച്ചൊരു മനുഷ്യന്‍ സവര്‍ണ്ണ മേലാളന്മാരുടെ നെഞ്ചില്‍ ചവിട്ടി പള്ളിക്കൂട മുറ്റത്തേക്ക് കാലെടുത്തു വെച്ചു. 'ഏങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങടെ പാടത്ത് മുട്ടിപുല്ല് മുളപ്പിക്കും' എന്ന് അവരുടെ മുഖത്ത് നോക്കി വെല്ലു വിളിച്ചു. കേരളചരിത്രത്തില്‍ ആദ്യത്തെ പണിമുടക്ക് സമരം, കര്‍ഷക സമരം, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരം.. കീഴാളര്‍ വില്ലുവണ്ടി വാങ്ങുന്നത് പോലും അപരാധം ആയി കണ്ടൊരു കാലത്ത് മേല്‍ജാതി തമ്പ്രാക്കന്മാരുടെ നെഞ്ചിലൂടെ വില്ലുവണ്ടി ഓടിച്ചൊരു മനുഷ്യന്‍ അയിത്തം കല്‍പ്പിച്ചു ആട്ടിയോടിക്കപ്പെട്ടൊരു ജനതയ്ക്ക് നേതാവായി.

യജമാന്‍ എന്നും മഹാത്മാ എന്നുമൊക്കെ വാഴ്ത്തപ്പെട്ടപ്പോഴും അവരോട് തോളോട് തോള്‍ ചേര്‍ന്നാ മനുഷ്യന്‍ പോരടിച്ചു. കല്ലുമാല സമരം ഉള്‍പ്പെടെ കേരളത്തിലെ സവര്‍ണ്ണ തമ്പ്രാക്കന്മാരുടെ നെഞ്ചില്‍ തുരുതുരെ ആണികള്‍ ആഞ്ഞടിച്ചു. ആധുനിക കമ്യൂണിസവും റഷ്യന്‍ വിപ്ലവവും ഒക്കെ നടക്കും മുന്‍പ് കര്‍ഷക തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് ഒരു വിപ്ലവകാരി ഉടലെടുത്തു. കല്ലായാ ദൈവത്തിനു കാണിക്ക വെക്കാതെ നിന്റെ കുഞ്ഞിന് ആഹാരം വാങ്ങി കൊടുക്കാന്‍ ആഹ്വാനം ചെയ്തു. വില്ലുവണ്ടിയുടെ കുളമ്പടി ശബ്ദം കൊണ്ട് ബ്രഹ്മണ്യത്തിന്റെ കല്‍പനകള്‍ കേള്‍ക്കാതെ ആക്കിമാറ്റി.

'നാങ്കളെ കൊല്ലുമ്പോ നാങ്കള്‍ക്ക് ഇല്ലാത്ത തൈവം നാങ്കള്‍ക്ക് എന്തിനാടാ പുല്ലേ' എന്ന് ഗര്‍ജ്ജനം മുഴക്കി... പുലയ രാജ എന്ന് ഗാന്ധിജി അയാളെ വിളിച്ചു. കാലത്തെയും നീതികേടുകളെയും വെല്ലുവിളിച്ചുകൊണ്ട് അടിയാളരുടെ 'യജമാനന്‍' ആയി. ആ പേര്... മഹാത്മാ അയ്യങ്കാളി. കാലത്തോട് പോര്‍വിളിച്ച ക്രാന്ത ദര്‍ശിയായ വിപ്ലവകാരി.

'അയ്യങ്കാളി'

1863 ആഗസ്റ്റ് മാസം 28 ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗം ആയ തിരുവിതാംകൂര്‍ വേങ്ങാന്നൂരില്‍ അയ്യന്റെയും മാലയുടെയും മകനായി പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയില്‍ അയ്യങ്കാളി ജനിച്ചു. കുട്ടിക്കാലത്ത് കാളി എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം പിന്നീട് ഒരു ജനവിഭാഗത്തിന് മുഴുവന്‍ അയ്യങ്കാളി ആയി. ഒരു കാലഘട്ടത്തില്‍ സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ സമൂഹം മനുഷ്യനായി പോലും സങ്കല്‍പ്പിച്ചിട്ടില്ലായിരുന്ന പറയ പുലയ സമുദായങ്ങളുടെ സ്വന്തം അയ്യങ്കാളി ആയി മാറിയത് ഒരു നിമിഷം കൊണ്ടായിരുന്നില്ല. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളില്‍ അയ്യങ്കാളി നടത്തിയ ധീരമായ ഇടപെടലുകള്‍ തന്നെയായിരുന്നു മഹാത്മാ ആയും യജമാന്‍ ആയും ഒക്കേ ആളുകള്‍ വാഴ്ത്തിയത്.

കുട്ടികളെ പഠിപ്പിക്കുന്ന ചരിത്ര പുസ്തകങ്ങളില്‍ ഒരു പേര് മാത്രമായി ഇന്നിന്റെ ഇന്ത്യയില്‍ അയ്യങ്കാളി എന്ന പേരും മാറിപോകുമ്പോള്‍ വിസ്മരിക്കാന്‍ ആകാത്ത, പഠിക്കേണ്ട, അറിയേണ്ട ഒരു ചരിത്രം തന്നെ ആ പേരിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സാമൂഹിക നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു രാമചന്ദ്രന്റെ വാക്കുകള്‍ കടമെടുത്താല്‍ 'പി.എസ്.സി പരീക്ഷകളില്‍ നവോത്ഥാന നായകരുടെ പേരുകളില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ പഠിക്കാന്‍ മാത്രം ഉള്ള പേരായി മാറിയിരിക്കുന്നു മഹാത്മാ അയ്യങ്കാളിയുടെ പേരും'.


എങ്കളുടെ മക്കളെ പള്ളിക്കൂടത്തില്‍ കയറ്റിയില്ല എങ്കില്‍ നിങ്ങളുടെ പാടം കൊയ്യില്ല എന്ന് നായര്‍ പ്രമാണിത്വത്തെ വെല്ലുവിളിച്ച, കല്ലുമാല പറിച്ചെറിഞ്ഞ കല്ലുമാല സമര കഥ, വഴിനടക്കാന്‍ പോലും കീഴ്ജാതിക്കാരന് വിലക്ക് ഏര്‍പ്പെടുത്തിയ കാലത്ത് മണി കെട്ടിയ വില്ലുവണ്ടി കൊണ്ട് നായര്‍പ്രമാണിമാരുടെ നെഞ്ച് പിളര്‍ന്നു വില്ലുവണ്ടി യാത്ര നടത്തിയ കഥ.. ഇങ്ങനെ പോകുന്നു മഹാത്മാ അയ്യങ്കാളി കേരള നവോത്ഥാനത്തിനു നല്‍കിയ സംഭാവനകള്‍. കേട്ട് പഴകിയ കഥകള്‍ കെട്ട് കഥകളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നവോത്ഥാനവും ജനാധിപത്യവും പാഠപുസ്തകത്തിനു പുറത്ത് ആക്കപ്പെടുന്ന കാലത്ത് നെഞ്ചോട് ചേര്‍ത്ത് അറിഞ്ഞു വെക്കേണ്ട വലിയ ഒരു ചരിത്രം ഉണ്ട് ഈ മഹാനായ മനുഷ്യന്റെ പേരിനൊപ്പം.

കേരളത്തില്‍ രൂപപ്പെട്ട മേലാള ചരിത്ര നിര്‍മിതികള്‍ക്ക് മേല്‍ അയ്യങ്കാളിയുടെ ജീവിതം ഒരു പുസ്തകം ആയി ആളുകളിലേക്ക് എത്തുന്നത് പോലും അദ്ദേഹം മരിച്ചു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എന്നതാണ് സത്യം. ചെന്താരാശ്ശേരിയുടെ അയ്യങ്കാളി എന്ന പുസ്തകം ആണ് ഈ പേരിനെ കേരള ലിഖിത ചരിത്രങ്ങളിലേക്ക് വീണ്ടും കൊണ്ട് വരുന്നതും ആളുകള്‍ വായിച്ചു തുടങ്ങുന്നതും. പിന്നീട് അങ്ങോട്ട് നിരവധി ഗ്രന്ഥങ്ങളില്‍ ഈ പേര് പരാമര്‍ശിക്കപ്പെടുന്നു. ശ്രദ്ധേയമായ ജീവ ചരിത്രങ്ങള്‍ എഴുതപ്പെടുന്നു. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പോലും അയ്യങ്കാളിക്ക് ഒരു ജീവചരിത്ര പുസ്തകം പിറക്കുന്നത് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു നാല് പതിറ്റാണ്ടുകള്‍ക്ക് അപ്പുറമാണ്.


ഹിന്ദു രാഷ്ട്രം എന്ന് ഇന്നത്തെ ഇന്ത്യയെ ഒരു കൂട്ടം ആളുകള്‍ വാഴ്ത്തിപാടുന്നതിനും കാലങ്ങള്‍ക്ക് മുന്‍പ് ഒരു സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രം നിലനിന്നിരുന്നു. പഴയ കേരളത്തിലെ തിരുവിതാംകൂര്‍ ദേശം. ബ്രാഹ്മണനെ സേവിക്കല്‍ ആണ് ഏറ്റവും മഹത്തായ കാര്യം എന്നും, പറയനും പുലയനും പടിക്ക് പുറത്ത് എന്നും കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ആണ് അയ്യങ്കാളിയുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്. സ്വഭാവികമായും ബ്രാഹ്മണ-നായര്‍ സമുദായങ്ങളെ ചൊടിപ്പിച്ചുകൊണ്ട് കീഴ്ജാതിക്കാരന്‍ ആയ അയ്യന്റെ മകള്‍ കാളി ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു തുടങ്ങി. 'ഒരു തുണ്ട് ഭൂമിയിലെ കാട്ടാളസംതൃപ്തി' എന്ന മാര്‍ക്‌സിന്റെ വരികള്‍ ഇവിടെ ചേര്‍ത്ത് വായിക്കപ്പെടേണ്ടതുണ്ട്.

അയ്യങ്കാളി നടത്തിയ ധീരമായ പ്രവര്‍ത്തികളില്‍ ഇന്നും എന്നും ആഘോഷിക്കപ്പെടുന്ന, അല്ലെങ്കില്‍ ഓര്‍ത്തിരിക്കുന്ന ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് 1893 ല്‍ അദ്ദേഹം നടത്തിയ വില്ലുവണ്ടി സമരം തന്നെയാണ്. അയ്യങ്കാളിയുടെ മെയ്കരുത്തിന്റെ ഒരു 'heroism' കഥ ആയിട്ട് തന്നെയാണ് ഈ വില്ലുവണ്ടി സമരം അത്രമേല്‍ ആഘോഷിക്കപ്പെടുന്നത്. തമിഴ്‌നാടില്‍ നിന്ന് മണി കെട്ടിയ വില്ലുവണ്ടി വാങ്ങി, കീഴ്ജാതിക്കാര്‍ക്ക് നടക്കാന്‍ പോലും അനുവാദം ഇല്ലാത്ത വഴികളിലൂടെ വില്ലുവണ്ടി ഓടിച്ചു വന്ന അയ്യങ്കാളി, വഴി മദ്ധ്യേ തടഞ്ഞ മല്ലന്മാര്‍ ആയ നായര്‍ ഗുണ്ടകളെ വിരട്ടി ഓടിച്ച ഒരു നായകന്റെ കഥ. ഇന്നത്തെ ഒരു സിനിമ കഥ പോലെ 'നായകന്‍ വീണ്ടും വരാര്‍' എന്ന പിന്നണിസംഗീതം നല്‍കി ആഘോഷം ആക്കപ്പെടുന്ന കഥ. അത് വെറും ഒരു കഥയല്ല, ചരിത്രം ആണ്. ബ്രാഹ്മണ നായര്‍ പ്രമാണിമാരുടെ നെഞ്ചിലേക്ക് അയ്യങ്കാളി വെച്ച ആദ്യ ചവിട്ട്.


ഇന്ത്യ വലിയൊരു കര്‍ഷക സമരത്തിന് ഈ അടുത്ത് സാക്ഷ്യം വഹിച്ചു. കേരളം കണ്ട ആദ്യ കര്‍ഷക സമരം, പണിമുടക്ക് എന്തിന് വേണ്ടി ആയിരുന്നു എന്ന് ചോദിച്ചാല്‍ അത് കര്‍ഷകരുടെ നീതിക്ക് വേണ്ടി എന്നല്ല, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആയിരുന്നു എന്ന് ഇനിയും കുട്ടികളെ പഠിപ്പിക്കാന്‍ വിസ്മരിക്കരുത്. പുലയ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറത്ത് നില്‍ക്കേണ്ട ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെ ഒരു സമയത്ത് ആണ് 1904 ല്‍ അയ്യങ്കാളി ഒരു പള്ളിക്കൂടം നിര്‍മിക്കുന്നതും പുലയ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ അധ്യാപകരെ കൊണ്ട് വരുന്നതും. പക്ഷെ, അക്ഷമരായ മേല്‍ജാതിക്കാര്‍ അന്ന് രാത്രി തന്നെ ആ പള്ളികൂടം തീയിന് ഇരയാക്കുന്നു. നിരന്തരമായ ഈ ആക്രമണം സഹിക്കാവയ്യാതെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിളംബരം അയ്യങ്കാളി പുറപ്പെടുവിക്കുന്നു. തന്റെ കൂട്ടാളികളെ മുഴുവന്‍ വിളിച്ചു വരുത്തി ഇനി നമ്മള്‍ അവരുടെ പാടത്തു ഇറങ്ങുന്നില്ല എന്ന് തീരുമാനിക്കുന്നത് അങ്ങനെ ആണ്. കാണുന്ന പാടത്തു മുഴുവന്‍ ഇനി മുട്ടിപുല്ല് മുളപ്പിക്കും എന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. ഒരുപക്ഷെ ഇന്ത്യ കണ്ട ആദ്യത്തെ ഏറ്റവും ശക്തമായ പ്രതിഷേധ പണിമുടക്ക് സമരം ആ ഭരണസിരാകേന്ദ്രത്തെ തന്നെ പിടിച്ചുലച്ചു.

അയ്യങ്കാളിയെ സ്മരിക്കുമ്പോള്‍ കടന്ന് വരുന്ന ഒന്ന് പഞ്ചമി എന്ന പെണ്‍കുട്ടിയെ കുറിച്ചായിരിക്കും. 1914 ല്‍ അയ്യങ്കാളി പഞ്ചമി എന്ന പുലയപെണ്‍കുട്ടിയുടെ കൈ പിടിച്ചു ഊരൂട്ടമ്പലം സ്‌കൂളിന്റെ പടി കയറുന്നു. അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പിന്നീട് ഒരു വര്‍ഷം നീണ്ടു നിന്ന ഊരൂട്ടമ്പലം ലഹള പൊട്ടിപുറപ്പെടുന്നു. പിന്നീട് കല്ലുമാല സമരം ഉള്‍പ്പെടെ കേരളം കണ്ടത് വലിയ പ്രക്ഷോഭങ്ങള്‍ ആയിരുന്നു. നിലനില്‍പ്പിനും ജീവിക്കാനും വേണ്ടി സാധുജനങ്ങളെ ഒന്നാകെ ചേര്‍ത്ത് അണിനിരത്തിയ മഹാന്‍ ആയിരുന്നു മഹാത്മാ അയ്യങ്കാളി.

1941 ജൂണ്‍ 18 ന് തന്റെ അവസാന നാള്‍ വരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ അവിസ്മരണീയ കഥകള്‍ കുട്ടികള്‍ അറിയേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്. മത്സര പരീക്ഷകളില്‍ ജയിക്കാനുള്ള ക്യാപ്‌സുള്‍ ആയി മാറാതെ അയ്യങ്കാളി ഒരു ചരിത്രം ആയി പഠിക്കേണ്ടതുണ്ട്. ഒപ്പം ചേര്‍ത്ത് വായിക്കേണ്ട, പഠിക്കേണ്ട മറ്റനേകം പേരുകളും. ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനു വേണ്ടി ശരീരം ആയുധമാക്കി സമരം നടത്തിയ ഒരു ജനതയുടെ പടത്തലവന്‍ ആണ്. പുലയരാജ എന്ന് ഗാന്ധി വിശേഷിപ്പിച്ചത് അയാളെ ആണ്. പറഞ്ഞ വാക്കുകള്‍ക്ക് ഓരോന്നിനും ഉരുക്കിനെക്കാള്‍ കാഠിന്യവും കത്തിയേക്കാള്‍ മൂര്‍ച്ചയും ഉണ്ടായിരുന്നു. ഓരോ വാക്കുകളും വ്യക്തതയുള്ള രാഷ്ട്രീയ നിലപാടുകളായിരുന്നു.

മഹാത്മാ അയ്യങ്കാളിയുടെ 82-ാം ഓര്‍മദിനം കടന്നുപോകുമ്പോള്‍ അനുസ്മരിക്കാം, പഠിക്കാം, ഓര്‍ക്കാം ആ വീരകഥകള്‍. ചരിത്രം മാറ്റി എഴുതുന്ന കാലത്ത് പൊളിഞ്ഞു പോകാത്ത ചരിത്ര കഥകള്‍ പഠിപ്പിച്ചു കൊടുക്കാം. അയ്യങ്കാളി എന്നത് ഒരു പേര് മാത്രം ആയിരുന്നില്ല എന്നും, മഹാത്മാ എന്ന പേരിനൊപ്പം ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ ധീരമായ ചരിത്രം ഉണ്ടെന്നും തലമുറകള്‍ പഠിക്കണം.

TAGS :