Quantcast
MediaOne Logo

ബഷീര്‍ തൃപ്പനച്ചി

Published: 2 Nov 2023 8:45 AM GMT

ഫലസ്തീനില്‍ ജൂത രാഷ്ട്രം; നവംബര്‍ 2: ആഗോള ചതിയുടെ പ്രഖ്യാപന ദിനം

ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീനില്‍ അധിനിവേശം നടത്തി ജനതയെ കൊന്നെടുക്കാനും കാരണമായ ബാല്‍ഫര്‍ പ്രഖ്യാപനം നടന്നത് നവംബര്‍ 02 നായിരുന്നു.

ബാല്‍ഫര്‍ പ്രഖ്യാപനം
X

Foreign Office

November 2nd, 1917

Dear Lord Rothschild,

I have much pleasure in conveying to you, on behalf of His Majesty's Government, the following declaration of sympathy with Jewish Zionist aspirations which has been submitted to, and approved by, the Cabinet: His Majesty's Government view with favour the establishment in Palestine of a national home for the Jewish people, and will use their best endeavours to facilitate the achievement of this object, it being clearly understood that nothing shall be done which may prejudice the civil and religious rights of existing non Jewish communities in Palestine, or the rights and political status enjoyed by Jews in any other country.

I should be grateful if you

'മന്ത്രിസഭക്ക് സമര്‍പ്പിച്ച ജൂത സയണിസ്റ്റ് അഭിലാഷങ്ങളെ അംഗീകരിച്ചതായി ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടി അനുഭാവം അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തുഷ്ടിയുണ്ട്. ജൂത ജനതക്ക് ഫലസ്തീനില്‍ ദേശീയഭവനം സ്ഥാപിക്കുന്നതിനോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂലിക്കുന്നു. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്. എന്നാല്‍, ഫലസ്തീനില്‍ നിലവിലുള്ള ജൂതയിതര സമുദായങ്ങളുടെ മതപരവും പൗരത്വപരവുമായ അവകാശങ്ങള്‍ക്ക് ഹാനികരമാവാത്ത വിധത്തിലും മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന യഹൂദവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കും രാഷ്ട്രീയ പദവിക്കും എതിരാവാത്ത വിധത്തിലുമായിരിക്കുമത്.''

1917 നവംബര്‍ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ആര്‍തര്‍ ബാല്‍ഫര്‍ സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് അയര്‍ലന്റ് എന്ന യഹൂദ സംഘടനയുടെ നേതാവ് വാള്‍ട്ടര്‍ റോത് ചൈല്‍ഡിന് അയച്ച കത്താണിത്. പ്രത്യേക രാഷ്ട്രത്തിനായുള്ള ജൂത സമൂഹത്തിന്റെ ശ്രമങ്ങളെ പിന്തുണക്കാനുള്ള ബാധ്യത ബ്രിട്ടനുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രേഖ. ഇതാണ് പിന്നീട് ബാല്‍ഫര്‍ പ്രഖ്യാപനം എന്നപേരില്‍ ചരിത്രം രേഖപ്പെടുത്തിയത്. ഫലസ്തീനില്‍ ജൂത രാഷ്ട്രം ഉണ്ടാക്കാനുളള നിര്‍ണായക സമ്മതിപത്രമായും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വ പ്രകടനമായും പിന്നീട് ജൂത ലോബി ഇതിനെ മാറ്റിയെടുക്കുകയായിരുന്നു. ഈ രേഖയാണ് 1948 ല്‍ ബ്രിട്ടനടങ്ങുന്ന സാമ്രാജ്യ ശക്തികളുടെ പിന്തുണയാല്‍ ഫലസ്തീന്‍ ഭൂപ്രദേശത്ത് ഇസ്രയേല്‍ എന്ന അധിനേവശ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ എത്തിച്ചത്. അന്ന് തുര്‍ക്കി ഖലീഫയുടെ അധീനതയിലുണ്ടായിരുന്ന ഒരു പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് അങ്ങകലെ കിടക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരായിരുന്നുവെന്നത് ചരിത്രത്തിലെ വഞ്ചനകളുടെയും ചതികളുടെയും മികച്ച ഒരു രേഖകൂടിയാണ്.

യുദ്ധത്തില്‍ ജൂതസയണിസ്റ്റുകള്‍ ബ്രിട്ടനൊപ്പം ചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാരും സയണിസ്റ്റുകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഫലസ്തീനില്‍ ജൂതരാഷ്ട്ര സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കാമെന്ന് ബ്രിട്ടന്‍ രേഖാമൂലം സമ്മതിച്ചത്. ഇതാണ് പിന്നീട് 1917 നവംബര്‍ 2 ന് ബാല്‍ഫര്‍ പ്രഖ്യാപനമായി പുറത്തുവന്നത്.

ഒന്നാം ലോകയുദ്ധമായിരുന്നു എല്ലാത്തിന്റെയും തുടക്കം. യുദ്ധത്തില്‍ തങ്ങളുടെ ഭാഗം ചേരാന്‍ ചെറുകക്ഷികളെ ബ്രിട്ടന്‍ സമീപിച്ചു. യുദ്ധം കഴിഞ്ഞാല്‍ അവര്‍ക്ക് പല ഓഫറുകളും വാഗ്ദാനം ചെയ്തു. പലതും രഹസ്യമായ കരാറുകളായിരുന്നു. ഒരു വിഭാഗത്തിന് നല്‍കിയ വാഗ്ദാനം മറ്റൊരു വിഭാഗം അറിഞ്ഞിരുന്നില്ല. അതിനാല്‍തന്നെ ഈ കരാറുകളില്‍ പലതും വഞ്ചനയും ചതിയും നിറഞ്ഞതും വൈരുധ്യങ്ങളാല്‍ പരസ്പരം റദ്ദാവുന്നതുമായിരുന്നു. പക്ഷേ, അതെല്ലാം യുദ്ധം കഴിഞ്ഞ് ശേഷമാണ് ലോകം തിരിച്ചറിഞ്ഞത്. തുര്‍ക്കി ഖിലാഫത്തിന്റെ ഭാഗമായുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കില്ല എന്ന ഓഫര്‍ നല്‍കിയാണ് ഇന്ത്യന്‍ മുസ്‌ലിംകളടക്കമുളളവരെ യുദ്ധത്തിന്റെ ഭാഗമാക്കിയിരുന്നത്. അതേസമയം തന്നെ യുദ്ധം കഴിഞ്ഞാല്‍ ഉസ്മാനിയ ഖിലാഫത്തിന്റെ ഭാഗമായുള്ള പ്രദേശങ്ങളെ വിഭജിച്ചെടുക്കുന്നതില്‍ ഫ്രാന്‍സുമായി ബ്രിട്ടന്‍ ധാരണയാവുകയും ചെയ്തിരുന്നു. ഈ കരാറനുസരിച്ച് ഫലസ്തീന്റെ പല ഭാഗങ്ങളും ബ്രിട്ടന്റെ അധീനതയില്‍ വരുമായിരുന്നു.

യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്നറിയിച്ച സയണിസ്റ്റ് ജൂത ലോബിയുമായും ബ്രിട്ടന്‍ യുദ്ധത്തിന് മുമ്പ് രഹസ്യ കരാറുണ്ടാക്കി. തങ്ങളുടെ താല്‍പര്യങ്ങളെ പിന്തുണക്കുകയാണെങ്കില്‍ ഒന്നാംലോക യുദ്ധത്തില്‍ ബ്രിട്ടനെ പിന്തുണയ്ക്കുമെന്ന് സയണിസ്റ്റുകള്‍ അറിയിച്ചിരുന്നു. അങ്ങനെ യുദ്ധത്തില്‍ ജൂതസയണിസ്റ്റുകള്‍ ബ്രിട്ടനൊപ്പം ചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാരും സയണിസ്റ്റുകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഫലസ്തീനില്‍ ജൂതരാഷ്ട്ര സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കാമെന്ന് ബ്രിട്ടന്‍ രേഖാമൂലം സമ്മതിച്ചത്. ഇതാണ് പിന്നീട് 1917 നവംബര്‍ 2 ന് ബാല്‍ഫര്‍ പ്രഖ്യാപനമായി പുറത്തുവന്നത്.

1918 ല്‍ ലോകയുദ്ധം കഴിഞ്ഞതോടെ ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള ഉസ്മാനിയ ഖിലാഫത്തിന് കീഴിലെ പ്രദേശങ്ങള്‍ സൈക്‌സ് പീകോ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഫ്രഞ്ച് സാമ്രാജ്യങ്ങള്‍ വീതിച്ചെടുത്തു. ചരിത്രപരമായും ഭാഷാപരമായും സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഒരുമയുണ്ടായിരുന്ന മധ്യപൂര്‍വദേശങ്ങളെ വിഭജിച്ച് ഇന്ന് കാണുംവിധം ചെറുതും വലുതുമായ അനേകം രാജ്യങ്ങളാക്കി മാറ്റി. വൈകാതെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഇസ്രായേല്‍ രാഷ്ട്രത്തിന് വെല്ലുവിളിയാവാതിരിക്കാന്‍ ഒരുവിധ അധിനിവേശങ്ങളെയും ചെറുക്കാന്‍ ശേഷിയില്ലാത്ത ദുര്‍ബ്ബല രാജ്യങ്ങളെ സൃഷ്ടിക്കുക കൂടിയായിരുന്നു ബ്രിട്ടന്‍ ഇതുവഴി ചെയ്തത്.


TAGS :