Quantcast
MediaOne Logo

ഡോ. യു. ഷംല

Published: 28 May 2024 10:34 AM GMT

ബാല്യകാലസഖി: പ്രണയമരത്തിലെ ചെമ്പരത്തിച്ചോപ്പുള്ള ഇലകള്‍

ബഷീര്‍വായനകളില്‍ സങ്കടക്കടല്‍ തീര്‍ത്ത ബാല്യകാലസഖിയിലെ മജീദിന്റെയും സുഹറയുടെയും പ്രണയത്തിന് 80 വയസ്സിന്റെ നിറവ്.

ബാല്യകാലസഖി: പ്രണയമരത്തിലെ ചെമ്പരത്തിച്ചോപ്പുള്ള ഇലകള്‍
X

ബഷീര്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ബഷീറിന്റെ നാട് ബഷീര്‍ താമസിച്ചിരുന്ന ഇന്നത്തെ 'ഫെഡറല്‍ നിലയത്തിന്റെ' മുറ്റത്ത് ഒരുമിച്ചുകൂടി അവരുടെ ജീവിതം ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു. തങ്ങളുടെ ജീവിതത്തോട് ഒരിക്കല്‍ കൂടി ചേര്‍ത്ത് വച്ചു. വക്കില്‍ രക്തം പൊടിഞ്ഞ ആ പ്രണയകഥ രണ്ടു തവണ ചലച്ചിത്രമായി. വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. അനവധി പ്രണയാവിഷ്‌കാരങ്ങളില്‍ നിന്നും വ്യതിരിക്തമായി മജീദും സുഹറയും എന്നും ഉയിരോടെ നില്‍ക്കുന്നത് അതുവരെയുണ്ടായിരുന്ന പ്രണയ സങ്കല്‍പ്പനങ്ങളെ ബഷീര്‍ മാറ്റിപ്പണിതതുകൊണ്ടാണ്. സൗന്ദര്യ സങ്കല്‍പ്പത്തിന് പുതു കാഴ്ചപ്പാട് നല്‍കിയത് കൊണ്ടാണ്. പ്രണയത്തില്‍ സൗഹൃദത്തിന്റെ സുഗന്ധം നിറച്ചത് കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനങ്ങള്‍ സഹിക്കവയ്യാതെ മുന്‍നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ട് എല്ലുകളുന്തി സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന സുഹറയെ പണ്ടത്തെ അതേ പ്രണയത്തോടെ മജീദ് സ്വീകരിക്കുന്നതും. ശരീരത്തിനപ്പുറം പ്രണയം എന്ന ഭാവത്തിനാണ് ഇവിടെ മജീദ് പ്രാധാന്യം നല്‍കുന്നത്. സുഹറയെ സ്വീകരിക്കാന്‍ മറ്റൊന്നും മജീദിന് തടസ്സമാവുന്നില്ല. പ്രണയത്തിന് പുതു പാഠം പകര്‍ന്നതുകൊണ്ട് തന്നെയാണ് ബാല്യകാലസഖി എണ്‍പതിന്റെ നിറവിലും കൂടുതല്‍ ചെറുപ്പമാവുന്നത്.

സുഹറയുടെ നിസ്സഹായത ഉള്‍ക്കൊള്ളാന്‍ ആര്‍ദ്രതയും അലിവും ഉള്ളില്‍ പേറുന്ന മജീദിന് പുനരാലോചനയുടെ ആവശ്യമില്ലായിരുന്നു. മജീദിന്റെ രണ്ടാം യാത്ര തുടങ്ങുന്നത് ലക്ഷ്യബോധത്തോടെയാണ്. സഹോദരിമാരെ വിവാഹം കഴിച്ചയക്കുക, സുഹറയെ വിവാഹം കഴിക്കുക, തകര്‍ന്നുപോയ തന്റെ കുടുംബത്തിന് താങ്ങാവുക തുടങ്ങിയ യാഥാര്‍ഥ്യങ്ങളും പേറിയാണ് മജീദിന്റെ രണ്ടാമത്തെ യാത്ര. എല്ലാ കണക്കുകളും ശരിയാക്കാനുള്ള യാത്ര. എന്നാല്‍, ഇന്ത്യ ഒട്ടാകെയുള്ള അസ്വാതന്ത്ര്യത്തിന്റെ അലയൊലികളില്‍ ജീവിതവും പേറിയുള്ള മജീദിന്റെ യാത്ര ദുരന്തങ്ങളിലേക്കായിരുന്നു.

ബാല്യകാലസഖിയില്‍ യാത്രികനായ ബഷീറിനെ നമുക്ക് കാണാം. രണ്ട് യാത്രകളാണ് നോവലില്‍ മജീദിനുള്ളത്. ബാപ്പയോട് പിണങ്ങി വീടുവിട്ടിറങ്ങി പോകുന്ന മജീദിന്റെ യാത്രയ്ക്ക് പ്രത്യേകിച്ച് ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല. വീട്ടിലെ സമ്പന്നമായ അന്തരീക്ഷത്തില്‍ നിന്നാണ് മജീദ് യാത്ര തുടങ്ങുന്നത്. ഒരുപാട് ചുറ്റി സഞ്ചരിച്ച് വെറുംകയ്യോടെ മടങ്ങിയെത്തുന്ന മജീദാണ് ഒന്നാമത്തെ യാത്രികന്‍. മജീദിന്റെ യാത്ര ബഷീറിന്റെ യാത്ര തന്നെയാകുന്നു. ലോകം കണ്ടു മടങ്ങിയ ബഷീര്‍ തന്നെയാണ് മജീദ്. നിരവധി ലോകാനുഭവങ്ങളും കാഴ്ചകളും ഉള്ളില്‍ പേറിയാണ് മജീദ് തിരികെയെത്തുന്നത്. താന്‍ കണ്ടെത്തിയ ജീവിതങ്ങളും താന്‍ അനുഭവിച്ച യാതനകളും മജീദിനെ കൂടുതല്‍ ആര്‍ദ്രതയുള്ളവനാക്കി. തിരികെ വീട്ടിലെത്തുന്ന മജീദ് കണ്ടെത്തുന്നത് തകര്‍ന്നടിഞ്ഞ തന്റെ കുടുംബത്തെയാണ്. അവിവാഹിതരായ സഹോദരിമാരും പട്ടിണി മാറ്റാന്‍ പാടുപെടുന്ന ഉമ്മയും ബാപ്പയും അടങ്ങിയ തന്റെ കുടുംബം. അവിടേക്കാണ് വൈരൂപ്യത്തോടെ എത്തുന്ന സുഹറയെ നാം വീണ്ടും കണ്ടുമുട്ടുന്നത്.

സുഹറയുടെ നിസ്സഹായത ഉള്‍ക്കൊള്ളാന്‍ ആര്‍ദ്രതയും അലിവും ഉള്ളില്‍ പേറുന്ന മജീദിന് പുനരാലോചനയുടെ ആവശ്യമില്ലായിരുന്നു. മജീദിന്റെ രണ്ടാം യാത്ര തുടങ്ങുന്നത് ലക്ഷ്യബോധത്തോടെയാണ്. സഹോദരിമാരെ വിവാഹം കഴിച്ചയക്കുക, സുഹറയെ വിവാഹം കഴിക്കുക, തകര്‍ന്നുപോയ തന്റെ കുടുംബത്തിന് താങ്ങാവുക തുടങ്ങിയ യാഥാര്‍ഥ്യങ്ങളും പേറിയാണ് മജീദിന്റെ രണ്ടാമത്തെ യാത്ര. എല്ലാ കണക്കുകളും ശരിയാക്കാനുള്ള യാത്ര. എന്നാല്‍, ഇന്ത്യ ഒട്ടാകെയുള്ള അസ്വാതന്ത്ര്യത്തിന്റെ അലയൊലികളില്‍ ജീവിതവും പേറിയുള്ള മജീദിന്റെ യാത്ര ദുരന്തങ്ങളിലേക്കായിരുന്നു.


ബാല്യകാലസഖി ഇംഗ്ലീഷ് അറബ് പതിപ്പുകള്‍

അപകടത്തില്‍ കാലു മുറിച്ചു മാറ്റപ്പെടുന്ന മജീദ്, സുഹറയുടെ മരണ വാര്‍ത്ത അറിഞ്ഞ മജീദ്, എങ്കിലും ജീവിതം തുടരണമെന്ന് തിരിച്ചറിയുന്ന മജീദ്. ജീവിതത്തിന്റെ ദുരന്ത ഭാവങ്ങളെ എത്ര കരളുറപ്പോടെയാണ് ബഷീര്‍ വരച്ചിട്ടത്. ഏതു കഠിനതകളിലും ജീവിതം അനസ്യൂതപ്രവാഹമാണെന്ന് മജീദിന്റെ ജീവിതത്തിലൂടെ ബഷീര്‍ കോറിയിട്ടു. ബഷീര്‍ എന്ന എഴുത്തുകാരനെ സൃഷ്ടിച്ച യാത്രകളുടെ ഒരു നേര്‍രേഖ കൂടിയായി നമുക്ക് ബാല്യകാലസഖിയെ വായിക്കാം.

സൗഹൃദം എന്നാല്‍ പങ്കുവെക്കലാണ്. മാവിന്‍ചുവട്ടിലെ പങ്കുവെക്കലില്‍ നിന്നാണ് മജീദും സുഹറയും സൗഹൃദത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. നീറു കടിയേറ്റ് താന്‍ പറിച്ച മാങ്ങ മജീദ് സുഹറയ്ക്ക് സമ്മാനമായി നല്‍കുന്നു. എന്നും ബഷീറിന്റെ ലോകത്ത് പിണക്കങ്ങള്‍ നൈമിഷികവും ഇണക്കങ്ങള്‍ ശാശ്വതവുമായി മാറുന്നു.

തന്റെ ബാല്യകാലസഖി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ബഷീര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, ഇതൊരു നേര്‍കഥയാണെന്ന് പറയുമ്പോള്‍ ബാല്യകാലസഖി കനലു കത്തുന്ന പുസ്തകമായി മാറുന്നു. 'ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി' മജീദിന്റെ സങ്കടമായി നമുക്ക് ചുറ്റുമുണ്ട്. പ്രണയത്തിന്റെ പുസ്തകം എന്നതുപോലെതന്നെ ഇത് സൗഹൃദത്തിന്റെ പുസ്തകം കൂടിയാണ്. സൗഹൃദവും പ്രണയവും ചേരുമ്പോഴാണ് ഉമ്മിണി വലിയ ജീവിതങ്ങള്‍ ഉണ്ടാവുന്നത് എന്ന് ബഷീര്‍ കാണിച്ചുതരുന്നു. സൗഹൃദം എന്നാല്‍ പങ്കുവെക്കലാണ്. മാവിന്‍ചുവട്ടിലെ പങ്കുവെക്കലില്‍ നിന്നാണ് മജീദും സുഹറയും സൗഹൃദത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. നീറു കടിയേറ്റ് താന്‍ പറിച്ച മാങ്ങ മജീദ് സുഹറയ്ക്ക് സമ്മാനമായി നല്‍കുന്നു. എന്നും ബഷീറിന്റെ ലോകത്ത് പിണക്കങ്ങള്‍ നൈമിഷികവും ഇണക്കങ്ങള്‍ ശാശ്വതവുമായി മാറുന്നു.

(അല്ലെങ്കില്‍ തന്നെ പാലൊഴിച്ചൊരു ചായ ഇട്ടു കൊടുത്താല്‍ തീരാവുന്ന പിണക്കങ്ങളല്ലേ എല്ലാവര്‍ക്കും പാത്തുമ്മയോടും ഉണ്ടായിരുന്നുള്ളൂ!) രാജകുമാരിയുടെ കൈയിലെ നഖങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നത് സ്‌നേഹത്തിന്റെ പേരിലാണ്. മാവിന്റെ മുകളിലേറിയാല്‍ മക്കവും മദീനയും കാണുന്നത്, മാനത്തോളം മുട്ടുന്ന മണിമാളിക പണിയാം എന്ന സ്വപ്നം കാണുന്നത് ഒക്കെ സുഹറക്ക് വേണ്ടിയാണ്. സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക് പടര്‍ന്നുപന്തലിച്ച് മാവ് ഒരു പ്രണയമരമായി മാറുന്നു ബാല്യകാലസഖിയില്‍.


ബാപ്പ മരിച്ച സുഹറയെ തന്റെ കൂടെ ചേര്‍ത്ത് നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നത് ഈ സൗഹൃദം കൊണ്ടാണ്. പഠിക്കാന്‍ ഒരുപാടിഷ്ടമുള്ള സുഹറയെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതും ഈ സൗഹൃദം കൊണ്ടാണ്. സുഹറയുടെ സൗഹൃദമാണ് പള്ളിക്കൂടം മുതല്‍ താന്‍ അനുഭവിക്കുന്ന എല്ലാ വേദനകളിലും മജീദിന് കരുത്തും കരുതലും ആശ്വാസവും ആകുന്നത്. എല്ലാ യാതനകളില്‍ നിന്നും സുഹറയെ മോചിപ്പിക്കണമെന്നും തന്റെ സ്വപ്നലോകത്തിലെ രാജകുമാരി ആക്കണമെന്നും തീരുമാനിക്കുന്നതും ഈ സൗഹൃദം കൊണ്ടാണ്. ഈ സൗഹൃദം ഇല്ലായിരുന്നവെങ്കില്‍ 'മണ്ടശിരോമണി'യായും 'ഉമ്മിണി വലിയ ഒന്നാ'യും പരിഹാസപ്പേരുകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്തവിധം മജീദ് ഒറ്റപ്പെടുമായിരുന്നു.

ഈ സൗഹൃദത്തിന്റെ പേരാണ് ബാല്യകാലസഖിയിലെ പ്രണയം. അതുകൊണ്ടാണ് സുഹറയുടെ വൈരൂപ്യവും പരിമിതികളും ഒന്നും മജീദിന്റെ പ്രണയത്തിന് തടസ്സമാവാത്തത്. ബാല്യകാലസഖി എന്ന നോവല്‍പേര് എത്ര അന്വര്‍ഥമാണ്. സഖിത്വമാണ് ഈ നോവലിനെ ഇത്ര ഹൃദയാവര്‍ജ്ജകമാക്കി നിലനിര്‍ത്തുന്നതും. ഈ സഖിത്വമാണ് ബഷീറിന്റെ എല്ലാ നോവലുകളിലും നമുക്ക് കാണാനാവുക.

സാറാമ്മ ആഗ്രഹിക്കുന്നത് കേശവന്‍ നായര്‍ എന്ന ഭര്‍ത്താവിനെ അല്ല, കേശവന്‍ നായര്‍ എന്ന കൂട്ടുകാരനെയാണ്. നിസ്സാര്‍ അഹമ്മദിന് വേണ്ടതും കരുണാര്‍ദ്രയായ കുഞ്ഞു പാത്തുമ്മയെന്ന കൂട്ടുകാരിയെയാണ്. തന്റെ നല്ല കൂട്ടുകാരന്‍ ആയിരിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ബാപ്പയെ പറ്റിച്ചും എല്ലാവരും മണ്ടന്‍ എന്ന് വിളിച്ച തന്റെ മുത്തപ്പയെ സൈനബ സ്വന്തമാക്കുന്നത്. വിവാഹമെന്നാല്‍ ബഷീറിന് ആധിപത്യമല്ല, പങ്കുവെക്കലാണ്. പ്രണയത്തിന്റെ ഭിന്ന ഭാവങ്ങള്‍ അടയാളപ്പെടുത്തിയതിനാലാണ് ബഷീറിന്റെ പ്രണയലോകം ഇത്രയ്ക്ക് വ്യത്യസ്തമാവുന്നത്.

(കോട്ടയം അടുക്കം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് ആണ് ലേഖിക)

TAGS :