ബംഗ്ലാദേശ്: ഹസീനയുടേത് വിളിച്ചുവരുത്തിയ പതനം
താത്കാലികമായി സൈന്യം ഭരണം ഏറ്റെടുക്കുമ്പോള്‍ രാഷ്ടീയമായി എന്നും അസ്ഥിരമായ ബംഗ്ലാദേശിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം.
ബംഗ്ലാദേശില്‍ 1990 ആവര്‍ത്തിക്കുകയാണ്. അന്ന് ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിന്റെ രാജിയോടേ ബംഗ്ലാദേശില്‍ സ്വേഛാധിപത്യം അവസാനിച്ചുവെന്ന് കരുതിയതാണ്. പിന്നെയും ജനാധിപത്യത്തിന്റെ വേഷമണിഞ്ഞ് പ്രമാണിഭരണം തിരിച്ചെത്തി. ഇപ്പോഴിതാ ജനാധിപത്യപരമായ മാര്‍ഗത്തില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥി-ബഹുജന പ്രസ്ഥാനം പ്രധാനമന്ത്രി ശൈഖ് ഹസീനയെ അട്ടിമറിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശകമായി അവാമി ലീഗിനു കീഴില്‍ ഭരണചക്രം നയിച്ച പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ സ്വേഛാധിപത്യ ഭരണകൂടത്തെയാണ് പ്രക്ഷോഭങ്ങളിലൂടെ വിദ്യാര്‍ഥികള്‍ തൂത്തെറിഞ്ഞത്. സ്ഥാനഭ്രഷ്ടയായ ഹസീന രാജിവച്ച് അരമണിക്കൂറിനുള്ളില്‍ രാജ്യം വിട്ടു. രക്ഷപ്പെട്ടോടിയത് ഇന്ത്യയിലേക്കാണെങ്കിലും ബ്രിട്ടീഷ് ഭരണകൂടത്തിന്റ അഭയാര്‍ഥി വിസ ലഭിക്കുന്ന മുറയില്‍ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരങ്ങള്‍. നീതിയും സ്വാതന്ത്ര്യവും തേടുന്ന ഒരു സമൂഹത്തെ ഒരുപാട് കാലം അടിച്ചമര്‍ത്താനാവില്ലെന്നും ഒരു ജനതയുടെ കൂട്ടായ ഇഛാശക്തിയെ അനിശ്ചിതമായി തടയാന്‍ ഒരു സ്വേഛാധിപതിക്കും സാധ്യമല്ലെന്നും ബംഗ്ലാദേശ് തെളിയിക്കുകയാണ്. അങ്ങനെ മുഹമ്മദ് ഇര്‍ഷാദിന്റെ വഴിയില്‍ ശൈഖ് ഹസീനയേയും അവരുടെ ക്രൂരതകളുടെ പേരില്‍ ചരിത്രം അടയാളപ്പെടുത്തും.
പ്രക്ഷോഭങ്ങളുടെ തുടക്കം
സ്വാതന്ത്ര്യ സമര സേനാനികളുടെ കൊച്ചുമക്കള്‍ക്ക് 30% സിവില്‍ സര്‍വീസ് മേഖലയില്‍ ജോലി സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള പരിഷ്‌കാരമാണ് സമാധാന പൂര്‍ണ്ണമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിപക്ഷത്തു നിന്നും ആയിരക്കണക്കിന് ആളുകള്‍ വിദ്യാര്‍ഥി സമരത്തോടൊപ്പം ചേര്‍ന്നു. സമരത്തെ നേരിടാന്‍ ഭരണപക്ഷമായ അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ബംഗ്ലാദേശ് ഛാത്ര ലീഗ് ലീഗിനെ (ബി.സി.എല്‍) ഇറക്കി കളിച്ചതോടെ പ്രക്ഷോഭം ഏറ്റുമുട്ടലിലെത്തി. തുടര്‍ന്ന് പൊലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ബോര്‍ഡ് ഗ്വാര്‍ഡ് ഓഫ് ബംഗ്ലാദേശ് തുടങ്ങി നിയമപാലക വിഭാഗങ്ങളെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തി. പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികളേയും പ്രതിപക്ഷത്തുള്ളവരേയും വ്യാപകമായി അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കകം തൊഴില്‍ സംവരണപ്രശ്നം സര്‍ക്കാര്‍ കോടതി ഉത്തരവിലൂടെ പരിഹരിച്ചെങ്കിലും പ്രക്ഷോഭക്കാര്‍ ഒമ്പത് പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടര്‍ന്നു. വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ വിവിധതുറകളിലുള്ളവര്‍ക്കൊപ്പം വന്‍തോതില്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സര്‍ക്കാരിന്റെ നിയമപാലക വിഭാഗങ്ങള്‍ നേരിട്ടു. അവസാനം വിദ്യാര്‍ഥികളുടെ ആവശ്യം അവാമി ലീഗ് സര്‍ക്കാരിന്റെ രാജി മാത്രമായി മാറി.
ബംഗ്ലാദേശില്‍ വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ കോപാഗ്‌നിയായിരുന്നു പ്രക്ഷോഭമായി പരിണമിച്ചത്. ഭരണകൂടവിരുദ്ധ വികാരം വിയോജിപ്പിന്റെ പ്രവാഹമായി ആളിക്കത്തി. വെറും ചെറിയൊരു വിദ്യാര്‍ഥി പ്രക്ഷോഭത്തിനു ദശകങ്ങളുടെ വേരുപടര്‍ന്ന ഭരണകൂടത്തെ തൂത്തെറിയാന്‍ കെല്‍പ്പുണ്ടെന്ന് ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭം കാണിച്ച് തന്നു.
കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിന് ആളുകള്‍ ദിനംപ്രതി തെരുവിലിറങ്ങി. പ്രക്ഷോഭക്കാര്‍ക്ക് നേരെ നിറയൊഴിച്ചതിലൂടെ മൂന്നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങളില്‍ അവാമി ലീഗിന്റെ മുന്നണികളുടെയും വിവിധ നിയമപാലക വിഭാഗങ്ങളുടെയും ആക്രമണങ്ങളില്‍ വിദ്യാര്‍ഥി പ്രതിഷേധക്കാരും സാധാരണ പൗരന്മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. 6000 ത്തില്‍ അധികം പേരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ പീഢിപ്പിച്ചു. തുടര്‍ന്ന് ആഗസ്റ്റ്-5 നു പ്രക്ഷോഭക്കാര്‍ ധാക്കയിലേക്ക് ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ലോംഗ് മാര്‍ച്ചിനായി ജനങ്ങള്‍ കുതിച്ചെത്തി. മാര്‍ച്ചില്‍ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്ന ഭീതി രാജ്യത്തുടനീളമുണ്ടായിരുന്നു. പ്രതിഷേധക്കാരും നിയമപാലകരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നതിനിടെയാണ് കരസേന മേധാവി ജനറല്‍ വക്കര്‍ ഉസ്മാന്റെ പ്രസംഗമുണ്ടാകുന്നത്. സ്ഥാനഭ്രഷ്ടയായ പ്രധാനമന്തി രാജിവെച്ചെന്നും രാജ്യം വിട്ടെന്നും അവര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ നടന്ന എല്ലാ കൊലപാതകങ്ങളുടെയും വിചാരണയെക്കുറിച്ച് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രസിഡണ്ടുമായി കൂടിയാലോചിച്ച് ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാഗ്ദാനവും പ്രസംഗത്തില്‍ അദ്ദേഹം നല്‍കി. വിവരമറിഞ്ഞ പ്രക്ഷോഭകര്‍ നൃത്തം ചെയ്തും കൈ കൊട്ടി പാടിയും ഹസീനയുടെ രാജി ആഘോഷിച്ചാണ് ധാക്ക വിടുന്നത്.
വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആവശ്യപ്പെട്ടത്
ബംഗ്ലാദേശില്‍ വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ കോപാഗ്‌നിയായിരുന്നു പ്രക്ഷോഭമായി പരിണമിച്ചത്. ഭരണകൂട വിരുദ്ധവികാരം വിയോജിപ്പിന്റെ പ്രവാഹമായി ആളിക്കത്തി. വെറും ചെറിയൊരു വിദ്യാര്‍ഥി പ്രക്ഷോഭത്തിനു ദശകങ്ങളുടെ വേരുപടര്‍ന്ന ഭരണകൂടത്തെ തൂത്തെറിയാന്‍ കെല്‍പ്പുണ്ടെന്ന് ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭം കാണിച്ച് തന്നു. പുതുതലമുറ വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നവരാണ്. നീതിയും സ്വാതന്ത്ര്യവും തുല്യാവകാശവും ഭരണകൂടം ഉറപ്പുവരുത്തണമെന്നും സ്വജന പക്ഷപാതം തടയണമെന്നും വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളുടെ ലക്ഷ്യങ്ങളായി ഉയര്‍ത്തിക്കാട്ടി.
കേവലം സാമ്പത്തിക അഭിവൃദ്ധിയല്ല രാജ്യത്തിനാവശ്യമെന്നും ഭരണകൂടം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നും രാജ്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് അര്‍ഹമായ ബഹുമാനം ലംഘിക്കപ്പെടാന്‍ പാടില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭങ്ങളിലൂടെ ആവശ്യപ്പെട്ടത്. ഭരണകൂടം നിരന്തരമായി ഇത്തരം സംഗതികളില്‍ പരാജയപ്പെടുകയാണ്. സ്വജന പക്ഷപാതത്തിനു വേണ്ടി നിയമ നിര്‍മാണം ആരംഭിക്കുക കൂടിയായപ്പോള്‍ ജനങ്ങള്‍ തെരുവിലിറങ്ങാതെ തരമില്ലെന്നായി. 30% സംവരണ അനുപാതത്തിനെതിരെ ജൂലൈ ആദ്യവാരം സമാധാനപൂര്‍ണ്ണമായ സമരമാണ് വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ചത്. എന്നാല്‍, സമരത്തെ പ്രധാനമന്ത്രിയുള്‍പ്പെടെ ഭരണകൂടം പ്രമാണി ഭരണത്തിന്റെ സ്ഥിരം കോമ്പല്ലുകള്‍ കാട്ടി പരിഹസിക്കുകയും ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെ അടിച്ചമര്‍ത്തുകയുമായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഭരണകൂടം വിദ്യാര്‍ഥികളെ വിശ്വാസത്തിലെടുക്കാതിരുന്നത് പ്രശ്‌നങ്ങളെ ഏറെ വഷളാക്കി. ഇതിലൂടെ വിശ്വാസം എന്ന സ്ഥാപന സംസ്‌കാരം കൂടിയാണ് പുതിയ വിദ്യാര്‍ഥി പ്രക്ഷോഭം ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ പരാജയപ്പെട്ടത്
വിദ്യാര്‍ഥി രാഷ്ടീയത്തെ മനസ്സിലാക്കുന്നതില്‍ പറ്റിയ വീഴ്ച്ചയാണ് സര്‍ക്കാരിനെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയത്. വിയോജിപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം അമ്പേ പരാജയപ്പെടുകയായിരുന്നു. വിദ്യാര്‍ഥി വിഷയങ്ങള്‍ സാമ്പ്രദായിക രീതികളിലൂടെ അടിച്ചമര്‍ത്തുക സാധ്യമല്ലെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിനു സാധിച്ചില്ല. അക്രമ രാഷ്ടീയത്തിന്റെ കാലം കഴിഞ്ഞു എന്നാണ് വിദ്യാര്‍ഥി നേതാക്കള്‍ പറയുന്നത്. അനാദരവിന്റെ സംസ്‌കാരവുമായി ഒത്തുപോകാന്‍ പുതുതലമുറ വിദ്യാര്‍ഥികള്‍ ഒരുക്കമല്ലെന്നും ക്രിയാത്മക ചര്‍ച്ചകളുടെ സാധ്യതകളുമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വെക്കുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ബംഗ്ലാദേശ്. അവരുടെ ആളോഹരി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഹസീനയുടെ പങ്ക് സുവ്യക്തമാണ്. അതേസമയം ഭരണകൂടം സ്വേച്ചാധിപത്യത്തിന്റെ സകല ലക്ഷണങ്ങളും കാണിച്ച് ജനങ്ങളെ അടിച്ചൊതുക്കി. സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്താന്‍ സാധിച്ചില്ല. അഴിമതിയും സ്വജനപക്ഷപാതവും എമ്പാടും വളര്‍ന്നു. സാമ്പത്തിക ക്രമക്കേടുകള്‍ വ്യാപകമായി. അനധികൃത മൂലധന പ്രവാഹം സമ്പദ്വ്യവസ്ഥയെ ഗ്രസിച്ചു. നിരവധി ആളുകളെ നിയമവിരുദ്ധമായി കൊന്നൊടൂക്കിയതും ജനവികാരം ശക്തമാവാന്‍ കാരണമായി.
പ്രക്ഷോഭവും ജമാഅത്തെ ഇസ്‌ലാമിയും
കൊലപാതങ്ങള്‍ ന്യായീകരിക്കാന്‍ വേണ്ടി അവാമി ലീഗ് ഭരണകൂടം ജമാഅത്തെ ഇസ്‌ലാമിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും ആ ശ്രമത്തെ ജനങ്ങള്‍ തെളിവുകള്‍ സഹിതം പരാജയപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ അപ്പപ്പോള്‍ പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഭരണകൂടത്തിനെതിരെ വന്നതോടെയാണ് ഇന്റര്‍നെറ്റ് വിഛേദിക്കുകയും ചിലയിടങ്ങളില്‍ പരിമിതപ്പെടുത്തുകയും ചെയ്തത്. അതിനിടെ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍മാര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമാണെന്ന പ്രചാരവുമുണ്ടായിരുന്നു. എന്നാല്‍, വിവിധ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കക്ഷി രഹിത വിദ്യാര്‍ഥി സംഘടനയാണ് പ്രതിഷേധങ്ങള്‍ നയിച്ചത് എന്ന് സുവ്യക്തമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹസീന ഭരണകൂടം ഐ.സി.ടി ട്രിബ്യൂണലിലൂടെ എല്ലാ ഇസ്‌ലാമിസ്റ്റുകളെയും തേടിപ്പിടിച്ച് ജയിലിലടച്ചിരുന്നു. അബ്ദുല്‍ ഖാദര്‍ മുല്ല ഉള്‍പ്പെടെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖരായ നേതാക്കന്മാരെ തുറുങ്കിലിലടക്കുയും നിഷ്‌കരുണം വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ആംനസ്റ്റി ഉള്‍പ്പെടെയുള്ള ലോകോത്തര ഏജന്‍സികളും വിവിധ ലോക രാജ്യങ്ങളും അന്നത് അന്യായമെന്ന് വിലയിരുത്തുകയുമുണ്ടായി.
ഇപ്പോള്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനു ഇക്കഴിഞ്ഞ ദിവസമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്രശിബിരിനെ നിരോധിച്ചത്. എന്നാല്‍, നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള അവാമി ലീഗിന്റെ കഠിന പ്രയത്‌നം ചില ഇന്ത്യന്‍ മാധ്യമങ്ങളും അപ്പടി പകര്‍ത്തി എഴുതുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി പാക്കിസ്താന്‍ ഐ.എസ്.ഐയുമായി ചേര്‍ന്നാണ് പ്രതിഷേധങ്ങള്‍ നയിച്ചത് എന്നുവരെയും ഈ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. ബംഗ്ലാദേശില്‍ പോലുമില്ലാത്ത വിചിത്രമായ വാദങ്ങള്‍ക്ക് ഇന്ത്യയില്‍ വായനക്കാരുണ്ടല്ലൊ. ഹസീനയേയും മോദിയേയും ഒന്നിപ്പിക്കുന്ന ആശയധാര ഹസീനയുടെ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരായ കൊടിയ ക്രൂരതകളാണ് എന്ന് ഇതൊടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്.
താത്കാലികമായി സൈന്യം ഭരണം ഏറ്റെടുക്കുമ്പോള്‍ രാഷ്ടീയമായി എന്നും അസ്ഥിരമായ ബംഗ്ലാദേശിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. തുടര്‍ന്ന് ഭരണം ആരേറ്റുടുത്താലും ജനങ്ങളുടെ സ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തലാകട്ടെ പുതിയ സര്‍ക്കാരിന്റെ പ്രഥമ ദൗത്യം. എല്ലാത്തരം അഴിമതികള്‍ക്കെതിരെയും പോരാടാന്‍ കഴിയുന്ന, സാമ്പത്തിക ക്രമക്കേടുകള്‍, സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കിയ അനധികൃത മൂലധന പ്രവാഹം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, അവകാശ ലംഘനങ്ങള്‍, അങ്ങനെ ദേശത്ത് സംഭവിച്ച എല്ലാ നീചമായ വിഷയങ്ങളിലും വിശ്വസനീയമായ അന്വേഷണം നടത്താന്‍ ഭരണകൂടം മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം.