Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 22 May 2024 9:55 AM GMT

ബാങ്കുകള്‍ ലാഭത്തില്‍; മോദി പറഞ്ഞതില്‍ പാതി, പറയാത്തതില്‍ പാതി

Hair Cut, Waivers എന്നീ പേരുകളില്‍ കഴിഞ്ഞ ഒരു ദശകക്കാലം തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് മോദി നല്‍കിയ സൗജന്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റ്.

ബാങ്കുകള്‍ ലാഭത്തില്‍; മോദി പറഞ്ഞതില്‍ പാതി, പറയാത്തതില്‍ പാതി
X

ലജ്ജയുടെ കണിക ഏതുമില്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ട്വീറ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ആദ്യമായി ഇന്ത്യന്‍ ബാങ്കിംഗ് സെക്ടറിന്റെ മൊത്ത ലാഭവിഹിതം മൂന്ന് ലക്ഷം കോടി കവിഞ്ഞു എന്നായിരുന്നു ട്വീറ്റ്. മോദി അധികാരത്തിലെത്തിയ കാലത്ത് ബാങ്കുകള്‍ നഷ്ടത്തിലും ഉയര്‍ന്ന നിഷ്‌ക്രിയാസ്തി(Non Performing Assets)യിലും പെട്ട് ഉഴലുകയായിരുന്നുവെന്നുമാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. അര്‍ധസത്യം മാത്രമായ ഈ പ്രസ്താവന ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതു കൂടിയാണെന്ന് പറയാതെ വയ്യ.

Hair Cut, Waivers എന്നീ പേരുകളില്‍ കഴിഞ്ഞ ഒരു ദശകക്കാലം തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് മോദി നല്‍കിയ സൗജന്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റ് എന്ന് ആദ്യമേ പറയട്ടെ. കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ കടങ്ങള്‍ 10.42 ലക്ഷം കോടിയാണ്. ഈ കാലയളവില്‍ തിരിച്ചുപിടിച്ച കിട്ടാക്കടങ്ങള്‍ കേവലം 1.61 ലക്ഷം കോടി രൂപമാത്രമാണെന്നും അറിയേണ്ടതുണ്ട്. (Write off അഥവാ എഴുതിത്തള്ളുക എന്നത് സാങ്കേതിമായി മാത്രമാണെന്നും നിയമപരമായി ആ കടം നിലനില്‍ക്കുമെന്നും വാദിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള കിട്ടാക്കടങ്ങളില്‍ തിരിച്ചുപിടിച്ചവ സംബന്ധിച്ച കണക്കുകള്‍ നോക്കി കാര്യങ്ങള്‍ ബോധ്യപ്പെടാവുന്നതാണ്.) മോദി ഭരണകാലത്ത് എഴുതിത്തള്ളിയ കടങ്ങളുടെ ശതമാനം മൊത്തം കിട്ടാക്കടങ്ങളുടെ 59% വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ കടങ്ങള്‍ 10.42 ലക്ഷം കോടിയാണ്. ഈ കാലയളവില്‍ തിരിച്ചുപിടിച്ച കിട്ടാക്കടങ്ങള്‍ കേവലം 1.61 ലക്ഷം കോടി രൂപമാത്രമാണ്. മോദി ഭരണകാലത്ത് എഴുതിത്തള്ളിയ കടങ്ങളുടെ ശതമാനം മൊത്തം കിട്ടാക്കടങ്ങളുടെ 59 ശതമാനം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

കോണ്‍ഗ്രസ്സ് ഭരണകാലത്ത് ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി വാനോളം ഉയര്‍ന്നു നില്‍ക്കുകയായിരുന്നു എന്ന് പറയുന്ന മോദി യഥാര്‍ഥത്തില്‍ വാസ്തവ വിരുദ്ധമായ കാര്യമാണ് പറയുന്നത്. ഈ രീതിയിലുള്ള പ്രസ്താവന ഇതിനുമുമ്പ് പാര്‍ലമെന്റിലും മോദി നടത്തുകയുണ്ടായിട്ടുണ്ട്. ബാങ്ക് നല്‍കുന്ന അഡ്വാന്‍സ് തുകകളെ നിഷ്‌ക്രിയാസ്തിയായി കണക്കാക്കിക്കൊണ്ട് യു.പി.എ ഭരണകാലത്തെ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 52 ലക്ഷം കോടിയാണെന്ന് പ്രസ്താവിച്ച ദേഹമാണ് മോദി. (പാര്‍ലമെന്റ് പ്രസംഗം, 2018 ഫെബ്രുവരി 7).

വളരെ സുപ്രധാനമായ മറ്റൊരു കാര്യം കൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് കടങ്ങള്‍ പുനഃസംഘടിപ്പിക്കുക എന്ന വ്യാജേന കടം തിരിച്ചടക്കുന്നതില്‍ അവര്‍ വരുത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക് നിയമപരമായ പിന്തുണ നല്‍കുന്നതിനായി 'ബാഡ് ബാങ്ക്' എന്ന ആശയം കൊണ്ടുവന്നതുതന്നെ മോദി സര്‍ക്കാരാണ് (2022ല്‍). ഇതിനായി നാഷണല്‍ അസറ്റ് റീകണ്‍ഷ്ട്രക്ഷന്‍ കമ്പനി (NRCL) എന്നപേരില്‍ ഒരു സ്ഥാപനം രൂപീകരിക്കുകയും ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതി ആരംഭിച്ചത് ഇത് വഴിയാണ്.

ഇവിടെ മനസ്സിലാക്കേണ്ട സംഗതി, NRCL ഏറ്റെടുക്കുന്ന മോശം കടങ്ങള്‍ക്ക് (bad loan) ഇന്ത്യാ ഗവണ്‍മെന്റ് 85 ശതമാനം ഗ്യാരണ്ടി ഉറപ്പ് നല്‍കുന്നു എന്നതാണ്. ഇതിനര്‍ഥം നിഷ്‌ക്രിയാസ്തി ലാഭകരമായി വില്‍പ്പന ചെയ്യാന്‍ NRCL ന് സാധിച്ചില്ലെങ്കില്‍ കൂടിയും മൊത്തം കടത്തിന്റെ 85 ശതമാനം തുക ഇന്ത്യാ ഗവണ്‍മെന്റ് ഏറ്റെടുക്കും എന്നുതന്നെയാണ്. നാളിതുവരെയായി NRCL 92,500 കോടിയുടെ നിഷ്‌ക്രിയാസ്തിയാണ് വാങ്ങിയിട്ടുള്ളത്. രണ്ട് ലക്ഷം കോടിയുടെ നിഷ്‌ക്രിയാസ്തി ഏറ്റെടുക്കുവാനുള്ള പദ്ധതിയാണ് NRCL സ്വീകരിച്ചിരിക്കുന്നത് എന്നും അറിയുക.


അതായത്, വന്‍കിട കമ്പനികള്‍ (ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് സംഭാവന നല്‍കുന്നവര്‍ തന്നെ) ബോധപൂര്‍വ്വം വരുത്തുന്ന കടങ്ങള്‍ ഏറ്റെടുക്കാനും കമ്പനികളെ കടത്തില്‍ നിന്ന് മുക്തരാക്കാനും വേണ്ടി മോദി സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണ് NRCL എന്നത്. ഇതിനായി രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് മുടക്കുന്ന തുക സംബന്ധിച്ച് യാതൊരു പരാമര്‍ശവും നടത്താതെയാണ് ഇന്ത്യന്‍ ബാങ്കുകളുടെ ലാഭത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശം നടത്തുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.


TAGS :