Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 24 May 2024 6:55 AM GMT

നവയാന ബുദ്ധിസത്തിലെ അടിസ്ഥാന പ്രമാണങ്ങള്‍

ബുദ്ധിസത്തിലെ അടിസ്ഥാന പ്രമാണങ്ങലിലൊന്നായ പഞ്ചശീലങ്ങള്‍ പാലിക്കപ്പെടുന്നതോടെ അയാളുടെ വ്യക്തി ജീവിതവും കുടുംബ ജീവിതവും ആനന്ദപൂര്‍ണമാവുന്നു.

എന്താണ് നവയാന ബുദ്ധിസം
X

നവയാന ബുദ്ധിസം സ്വാംശീകരിച്ചിട്ടുള്ള ബുദ്ധിസത്തിലെ അടിസ്ഥാന പ്രമാണങ്ങള്‍ പഞ്ചശീല തത്വങ്ങള്‍, അഷ്ടാംഗമാര്‍ഗം, സദ്ഗുണങ്ങള്‍ എന്നിവയാണ്. മനുഷ്യ മനസ്സിന്റെ വിമലീകരണത്തിലൂടെ നവലോകം സൃഷ്ടിക്കുകയാണല്ലോ ബുദ്ധിസ്റ്റ് ദൗത്യം. മനുഷ്യമനസ്സിനെ നവീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്ന നിലയിലാണ് ബോധിസത്വന്‍ പഞ്ചശീല തത്വങ്ങളും അഷ്ടാംഗമാര്‍ഗങ്ങളും ഉപദേശിച്ചിട്ടുള്ളത്.

1. കൊല്ലുകയോ മുറിവേല്‍പിക്കുകയോ ചെയ്യരുത്.

2. മോഷ്ടിക്കരുത്

3. കള്ളം പറയരുത്

4. അസാന്മാര്‍ഗിക ജീവിതം നയിക്കരുത്

5. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്. ഇവയത്രെ പഞ്ചശീല തത്വങ്ങള്‍.

വ്യക്തിയെ ശാരീരികവും മാനസികമായും (ചിന്താപരമായും) വിശുദ്ധീകരിക്കുകയാണ് പഞ്ചശീല തത്വങ്ങളുടെ ലക്ഷ്യം. വ്യക്തിയുെട ശുദ്ധീകരണത്തിലൂെട മാ്രതെമ സമൂഹത്തിെന്റയും ലോകത്തിന്റെയും ശുദ്ധീകരണം സാധ്യമാവൂ എന്നതിനാലാണിത്. ഒരാള്‍ പഞ്ചശീലങ്ങള്‍ പാലിക്കപ്പെടുന്നതോടെ അയാളുടെ വ്യക്തി ജീവിതവും കുടുംബ ജീവിതവും ആനന്ദപൂര്‍ണമാവുന്നു. അതോടെ സമൂഹത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങന്നു. ഉപാസകരും ഭിക്ഷുക്കളും സുനിശ്ചിതമായും 'പഞ്ചശീലം' പാലിക്കേണ്ടതുണ്ട്.

ഒരിക്കല്‍ ബുദ്ധന്‍ ശിക്ഷ്യന്മാരോട് ഇപ്രകാരം ഉപദേശിച്ചു. 'നമ്മുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവയാണ് ജനങ്ങളെ നല്ലതും തിന്മയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്'. സത്യനിഷ്ഠമായ സംഭാഷണത്തിലൂടെ ശരിയായ പെരുമാറ്റം രൂപം കൊള്ളുന്നു. മറ്റുള്ളവരെ തുല്യതയോടെ കാണുകയും അവരുടെ വികാരങ്ങളെ തന്റെ വികാരമായി അംഗീകരിക്കുകയും ചെയ്യുന്നതോടുകൂടിയാണ് സമൂഹത്തില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ രൂപം കൊള്ളുന്നത്.

മനുഷ്യജീവിതത്തെ ആസക്തിയില്‍ നിന്നും മോചിപ്പിച്ച് സന്തോഷപ്രദക്കാന്‍ ബുദ്ധമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും പിന്തുടരേണ്ട രണ്ടാമത്തെ മാര്‍ഗം അഥവാ ജീവിതചര്യയാണ് അഷ്ടാംഗമാര്‍ഗം. ശരിയായ വീക്ഷണം, ശരിയായ സങ്കല്പം, ശരിയായ സംഭാഷണം, ശരിയായ പെരുമാറ്റം, ശരിയായ ജീവിത രീതി, ശരിയായ പരിശ്രമം, ശരിയായ ചിന്ത, ശരിയായ ഏകാഗ്രത എന്നിവയത്രെ അഷ്ടാംഗമാര്‍ഗങ്ങള്‍. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നുമുള്ള വിമുക്തിയാണ് ശരിയായ വീക്ഷണം. യുക്തി യുടെയും ശാസ്ത്രീയതയുടെയും വെളിച്ചത്തിലായിരിക്കണം ശരിയായ വീക്ഷണം രൂപപ്പെടേണ്ടതെന്ന് നവയാനം നിഷ്‌കര്‍ഷിക്കുന്നു. മനഷ്യ ജീവിതത്തിന്റെ ലക്ഷ്യവും ആഗ്രഹങ്ങളും മഹനീയവത്കരിക്കുകയാണ് ശരിയായ സങ്കല്പത്തിന്റെ അര്‍ഥം. ഒന്നിനോടും ആസക്തി പാടില്ലെന്ന് ബുദ്ധന്‍ നിര്‍ദ്ദേശിച്ചു. നവയാനികള്‍ ശരിയായ സങ്കല്പം വിഭാവനം ചെയ്യുന്നതോടൊപ്പം അവ പ്രാവര്‍ത്തികമാക്കാനും ജീവിതചര്യയാക്കാനും നിരന്തരം പ്രവര്‍ത്തിക്കേണ്ടതുമുണ്ട്. മനുഷ്യബന്ധത്തിന്റെ ശരിയായ മാതൃകയാണ് ശരിയായ സംഭാഷണത്തിലൂടെ രൂപപ്പെടേണ്ടത്. സത്യം മാത്രമേ പറയാവൂ എന്നു ബുദ്ധന്‍ അനുയായികളെ ഉപദേശിച്ചു. ഒരിക്കല്‍ ബുദ്ധന്‍ ശിക്ഷ്യന്മാരോട് ഇപ്രകാരം ഉപദേശിച്ചു. 'നമ്മുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവയാണ് ജനങ്ങളെ നല്ലതും തിന്മയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്'. സത്യനിഷ്ഠമായ സംഭാഷണത്തിലൂടെ ശരിയായ പെരുമാറ്റം രൂപം കൊള്ളുന്നു. മറ്റുള്ളവരെ തുല്യതയോടെ കാണുകയും അവരുടെ വികാരങ്ങളെ തന്റെ വികാരമായി അംഗീകരിക്കുകയും ചെയ്യുന്നതോടുകൂടിയാണ് സമൂഹത്തില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ രൂപം കൊള്ളുന്നത്.

മറ്റുള്ളവരെ ഉപദ്രവിക്കാതെയും ചൂഷണം ചെയ്യാതെയുമുള്ള ജീവിത ശൈലിയാണ് ശരിയായ ജീവിത രീതി. എല്ലാ ജീവജാലങ്ങളുടെയും ജീവിതം അതുല്യവും സുപ്രധാനവുമാണ്. സത്യസന്ധതയും അധ്വാനവുമാണ് ബുദ്ധിസ്റ്റ് ജീവിത രീതിയുടെ മുഖമുദ്രകള്‍. മനുഷ്യന്‍ സന്തുഷ്ടനായി ജീവിക്കുന്നതോടൊപ്പം മറ്റു ജീവജാലങ്ങളെ അവയുടെ സ്വച്ഛതയില്‍ ജീവിക്കാന്‍ അനുവദിക്കുകയും വേണം. അസാന്മാര്‍ഗിക ജീവിതത്തിന് നവയാനത്തില്‍ യാതൊരു സ്ഥാനവുമില്ല. ശരിയായ സങ്കല്പത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള പരിശ്രമമാണ് ശരിയായ പരിശ്രമം. ശരിയായ പരിശ്രമം സമൂഹത്തിന് നന്മ പ്രദാനം ചെയ്യുന്നു. നന്മയുടെ സുഗന്ധം കാറ്റിനെതിരെ സഞ്ചരിക്കുമെന്നതിനാല്‍ നന്മ ചെയ്യാനുള്ള ചെറിയൊരവസരം പോലും പാഴാക്കരുതെന്നു ഭഗവാന്‍ ബുദ്ധന്‍ സാരോപദേശം ചെയ്യുന്നു. സന്തോഷപ്രദമായ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമായ മറ്റൊരു ഘടകം ശരിയായ ചിന്തയാകുന്നു. ശരിയായ ചിന്തയില്‍ നിന്നാണ് എപ്പോഴും ശരിയായ വീക്ഷണം രൂപപ്പെടുന്നത്. നമ്മുടെ ചിന്തകളാണ് നമ്മുടെ ലോകത്തെ സൃഷ്ടിക്കുന്നത് എന്നതിനാലാണ് ശരിയായ ചിന്തയെപ്പറ്റി ബുദ്ധിസം പ്രബോധനം ചെയ്യുന്നത്. ബുദ്ധമാര്‍ഗം പ്രബോധനം ചെയ്യുന്ന നവലോകക്രമത്തിന്റെ നിര്‍മിതിക്കു വേണ്ടിയുള്ള അര്‍പ്പണ മനോഭാവമാണ് ശരിയായ ഏകാഗ്രത അഥവാ സമാധി. ഇതു പാലിയില്‍ സസമാധി എന്നറിയപ്പെടുന്നു.

നൈതികതയുടെയും സന്മാര്‍ഗത്തിന്റെയും ജീവിത ദര്‍ശനമാണ് ബുദ്ധിസം. ബുദ്ധമാര്‍ഗം പിന്തുടരുന്നവര്‍ക്കായി പത്തു സദ്ഗുണങ്ങള്‍ കൂടി ജ്ഞാനമാര്‍ഗി ബുദ്ധന്‍ നിര്‍ദേശിക്കുകയുണ്ടായി. അവ ചുവടെ ചേര്‍ക്കുന്നു:

1. ശീലം

2. നിഷ്‌കാമം

3. ദാനം

4. വീര്യം

5. സഹനം

6. സത്യസന്ധത

7. ദൃഢനിശ്ചയം

8. കരുണ

9. മൈത്രി

10. ഉപേക്ഷ

സദ്ഗുണസമ്പന്നമായ പ്രവര്‍ത്തിയാണ് ശീലം. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി സ്വന്തം ലൗകിക സുഖങ്ങളെ പരിത്യജിക്കലാണ് നിഷ്‌കാമം. രക്തവും ജീവനും ഉള്‍പ്പെടെ എല്ലാം മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി സമര്‍പ്പിക്കുന്നതാണ് ദാനം. പൂര്‍ണമനസ്സോടെ വിജയം വരെ പിന്തിരിയാതെയുള്ള ശരിയായ പ്രയത്‌നമാണ് വീര്യം. തികഞ്ഞ സഹിഷ്ണുതയാണ് സഹനം. സത്യം കണ്ടെത്തുകയും പ്രവര്‍ത്തിക്കുകയും സത്യത്തിനു വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നതാണ് സത്യസന്ധത. ബുദ്ധധത്തിന്റെ മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലെത്തി ചേരാനുള്ള ദൃഢനിശ്ചയമാണ് ഏഴാമത്തെ സദ്ഗുണം. മനുഷ്യകുലത്തോടും ജീവജാലങ്ങളോടും ഒരു ബുദ്ധമാര്‍ഗി പുലര്‍ത്തേണ്ട അപരിമേയമായ ദയയാണ് കരുണ. സര്‍വലൗകിക സ്‌നേഹമത്രെ മൈത്രി. ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് ദൃഢനിശ്ചയത്തോടെ പ്രയത്‌നിക്കുകയും ഫലത്തില്‍ ഉത്കണ്ഠപ്പെടാതിരിക്കുകയും ചെയ്യുന്ന മനസികാവസ്ഥയാണ് ഉപേക്ഷ.

1956ല്‍ ബാബാസാഹേബ് അംബേദ്കര്‍ എഴുതി പൂര്‍ത്തിയാക്കി മഹാപരിനിര്‍വാണാനന്തരം 1957ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബുദ്ധനും ബുദ്ധധവുമാണ് (Buddha and his Dhamma) നവയാനത്തിന്റെ സുവിശേഷം. ബൗദ്ധസാഹിത്യത്തിലെ അമൂല്യരത്‌നമായി കണക്കാക്കപ്പെടുന്ന ഈ ഇതിഹാസ ഗ്രന്ഥത്തിന്റെ മൂലരചന ഇംഗ്ലീഷിലാണെങ്കിലും അതുല്യമായ ഈ ബൃഹദ്ഗ്രന്ഥത്തിന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഭാഷാന്തരീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. നവയാന ബുദ്ധിസ്റ്റുകളുടെ ബൈബിള്‍ എന്ന നിലയില്‍ നവയാന ബുദ്ധിസ്റ്റുകള്‍ നിത്യേന പരായണം ചെയ്യപ്പെടുന്ന ഈ വിശിഷ്ട ഗ്രന്ഥം ധമമാധിഷ്ഠിതമായ ജീവിതത്തിനുള്ള മാര്‍ഗദര്‍ശനമായും നവയാനിയകള്‍ കരുതുന്നു. ബുദ്ധന്റെ ജീവിതത്തെയും തത്വചിന്തയെയും പുനരാഖ്യാനം ചെയ്തു ബുദ്ധദര്‍ശനത്തിന്റെ സാരാംശത്തെ അതിന്റെ സമഗ്ര ഭാവനയോടെ വീണ്ടെടുക്കുന്ന ഈ ബൗദ്ധ രത്‌നസാഗരത്തിന് എട്ട് പുസ്തകങ്ങളും 39 ഭാഗങ്ങളുമാണുള്ളത്. ബുദ്ധന്റെ ജീവിതത്തെയും തഥാഗതന്റെ പ്രബോധനങ്ങളെയും (ധം) വളരെ സരളമായി പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ വിശിഷ്ടഗ്രന്ഥം കല്‍പിത കഥകളില്‍ നിന്നും ഊഹാഭോഗങ്ങളില്‍ നിന്നും ബുദ്ധനെയും തഥാഗതന്റെ തത്വചിന്തയെയും മോചിപ്പിച്ച് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ വെളിച്ചവും മര്‍ഗവുമായാണ് ബാബാസാഹേബ് അംബേദ്കര്‍ പരിചയപ്പെടുത്തുന്നത്. മാത്രമല്ല, കാലപ്പഴക്കം മൂലവും ബ്രാഹ്മണസത്തിന്റെ അതിപ്രസരം മൂലവും ബുദ്ധന്റെ ജീവിതകഥയിലും ബുദ്ധദര്‍ശനത്തിലും കടന്നുകൂടിയിട്ടുള്ള മാലിന്യങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാനും ബാബാസാഹേബ് അംബേദ്കര്‍ ഈ ഗ്രന്ഥത്തിലൂടെ ചുവട്‌വയ്പ് നടത്തിയിരുക്കുന്നു. ഒരു മാര്‍ഗദായകനെന്ന നിലയില്‍ ബുദ്ധനെയും അനന്യമായ തഥാഗതന്റെ പ്രബോധനങ്ങളെയും സംബന്ധിച്ച് സ്വയം അവബോധിതനായി ബോധോദയത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേയ്ക്കും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കടത്തുതോണിയായി ബുദ്ധനും ബുദ്ധധവും എന്ന ഇതിഹാസ രചന നിലകൊള്ളുന്നു.

(ആര്‍. അനിരുദ്ധന്‍ എഴുതി, ബോധി ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച നവയാനം - പഠനത്തിന്റെ ആമുഖ അധ്യായത്തില്‍നിന്ന്)


TAGS :