Quantcast
MediaOne Logo

ശരണ്യ എം ചാരു

Published: 11 Aug 2022 12:15 PM GMT

ഭീമ കൊറേഗാവ് യുദ്ധം; വിവേചനത്തിനെതിരെ ദലിതുകള്‍ നേടിയ ഐതിഹാസിക വിജയം

മറാത്ത രാജാവ് പേര്‍ഷ്വാ ബാജിറാവുവിന്റെ സൈന്യം ഭീമ-കൊറേഗാവ് തദ്ദേശവാസികളായ ദലിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ അനുവദിച്ചില്ല. ജാതിയില്‍ താഴ്ന്നവരായ മഹര്‍ സമുദായക്കാര്‍ക്ക് യുദ്ധം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു പേര്‍ഷ്വാ സൈന്യത്തിന്റെ വാദം. അതുകൊണ്ട് തന്നെ ദലിതുകളായ മഹര്‍ പോരാളികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഭീമ കൊറേഗാവ് യുദ്ധം; വിവേചനത്തിനെതിരെ ദലിതുകള്‍ നേടിയ ഐതിഹാസിക വിജയം
X
Listen to this Article

എന്തായിരുന്നു ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ചരിത്രം? യുദ്ധത്തിന്റെ 200 ആം വാര്‍ഷികാഘോഷത്തിന് ശേഷം ഇന്ത്യ വീണ്ടും സജീവമായി കൊറേഗാവ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചത് എങ്ങനെയാണ്? എന്തിനാണ് ഭരണകൂടം യുദ്ധത്തിന്റെ ഓര്‍മ ദിവസത്തില്‍ പങ്കെടുക്കാനെത്തിയ ആളുകളെ നിരന്തരം വേട്ടയാടുന്നത്? ഏറ്റവും ഒടുവില്‍ വരവര റാവുവിന്റെ ജാമ്യത്തിന് പിന്നാലെ കൊറേഗാവ് യുദ്ധചരിത്രവും സമീപകാലത്ത് നടന്ന സംഭവം വികസങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്.


1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനി പിടിച്ചെടുത്ത ഭീമ നദിയുടെ കരയിലുള്ള കൊറേഗാവ് എന്ന ഗ്രാമത്തിന് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയും പേര്‍ഷ്വാ രാജാവിന്റെ സൈന്യവും തമ്മില്‍ യുദ്ധം നടക്കുന്നത്. ഈ യുദ്ധമാണ് പിന്നീട് ഭീമ കൊറേഗാവ് യുദ്ധമെന്ന പേരില്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഏറ്റവും വലിയ ദലിത് വിജയങ്ങളില്‍ ഒന്നായി മാറിയത്. യുദ്ധത്തില്‍ വിജയിച്ചത് ബ്രിട്ടീഷ് സൈന്യം തന്നെ ആയിരുന്നു എന്ന് പറയുന്നതിനേക്കാള്‍ ബ്രിട്ടീഷ് സൈന്യത്തില്‍ നിറഞ്ഞു നിന്നിരുന്ന ദലിത് പ്രാതിനിധ്യത്തിന്റെ തിളക്കമാര്‍ന്ന വിജയമായിരുന്നു കൊറേഗാവ് യുദ്ധമെന്ന് പറയുന്നതാകും ശരി. എന്തെന്നാല്‍ ദലിതര്‍ക്കിടയില്‍ നിന്ന് ഒരു കാലത്തും യുദ്ധ പോരാളികളോ, പട്ടാളക്കാരോ ഉണ്ടായിരുന്നില്ലെന്ന സംഘപരിവാറിന്റെ പൊള്ളയായ അസത്യത്തെ തുറന്ന് കാണിക്കുന്നതായിരുന്നു ദലിത് പട്ടാളക്കാരും പോരാളികളും ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിക്ക് നേടിക്കൊടുത്ത കൊറേഗാവ് യുദ്ധത്തിന്റെ ചരിത്ര വിജയം. അംബേദ്കറിന്റെ ഒരു ലേഖനത്തില്‍ ഭീമ കൊറേഗാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ട പത്തില്‍ ഒമ്പത് രക്തസാക്ഷികളും മഹറുകളില്‍ നിന്നുള്ളവരായിരുന്നു എന്ന പരാമര്‍ശവുമുണ്ട്. ഇത് യുദ്ധത്തിലെ ദലിത് പ്രാതിനിധ്യത്തിന്റെ തെളിവാളെങ്കിലും ഒരു കാലത്തും ഇതിനെ അംഗീകരിക്കാന്‍ സംഘ്പരിവാര്‍ തയ്യാറായിരുന്നില്ല.

പേര്‍ഷ്വാ ഭരണാധികാരിയുടെ കാലത്തെ ദലിതുകളുടെ ജീവിതം ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ ദലിത് ജീവിത സാഹചര്യമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. നടന്ന് പോകുന്ന മണ്ണില്‍ ദലിതന്‍ ചവിട്ടിയാല്‍ അവിടം അശുദ്ധമാകുമെന്നും, ദലിതന്‍ മണ്ണില്‍ തുപ്പാന്‍ പോലും പാടില്ലെന്നും സവര്‍ണ്ണന്‍ തീരുമാനിച്ച കാലം. നടന്ന് പോകുന്ന വഴി അടിച്ചു വാരിക്കൊണ്ട് നടക്കാന്‍ അരയില്‍ ചൂല് കെട്ടിയിടുകയും, മണ്ണില്‍ തുപ്പാതിരിക്കാന്‍ കഴുത്തില്‍ പാത്രം കെട്ടി തൂക്കിയിട്ട് പോവുകയും ചെയ്യുന്നൊരു ജനതയെ നമുക്കിന്ന് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? അതായിരുന്നു അക്ഷരാര്‍ഥത്തില്‍ പേര്‍ഷ്വാ കാലത്തെ ദലിത് ജീവിതം.

എന്നാല്‍, 1720 മുതല്‍ ഈ അവസ്ഥയില്‍ നിന്ന് നേരിയ തോതിലെങ്കിലും ദലിതുകള്‍ മുന്നോട്ട് നടന്നു എന്നതിന് തെളിവുകളുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിലും മറ്റും ദലിത് സാന്നിധ്യം കണ്ടെത്തുന്നത് ഈ ഘട്ടം മുതലാണ്. ഇതിന്റെ തെളിവുകള്‍ ഇപ്പോഴും ബ്രിട്ടീഷ് ആര്‍ക്കെവില്‍ ലഭ്യമാണ്. സുബൈദാര്‍ തൊട്ട് ശിപ്പായി വരെയുള്ള, സേനയിലെ വിവിധ പദവികളില്‍ ദലിതുകള്‍ കൂടി ഭാഗമാകാന്‍ തുടങ്ങുന്നത് അങ്ങനെയാണ്. തൊട്ടുകൂടായ്മ വ്യാപകമായി നിലനിന്നിരുന്നതിനാല്‍ തന്നെയും സവര്‍ണ്ണ ജാതിക്കാര്‍ ഈ പദവികളിലേക്ക് വന്നതുമില്ല.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പക്ഷത്ത് 800 ഓളം വരുന്ന പട്ടാളവും, പേര്‍ഷ്വായുടെ പക്ഷത്ത് 2000 ല്‍ കൂടുതല്‍ പട്ടാളക്കാര്‍ ഉള്‍പ്പെടുന്ന സൈന്യവുമാണ് ഉണ്ടായിരുന്നതെന്നാണ് മിക്കവാറും ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ചിലയിടങ്ങളില്‍ ഈ കണക്കില്‍ വ്യത്യാസങ്ങള്‍ കാണാം. എന്നിരുന്നാലും എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടീഷ്-മഹര്‍ സൈന്യം മറാത്ത സൈന്യത്തെ തോല്‍പ്പിച്ചതോടെയാണ് ചരിത്രം മറ്റൊന്നായി മാറുന്നത്

1818 ജനുവരി 1 ന് മഹാരാഷ്ട്രയുടെ ചരിത്രത്തിന്റെ ഭാഗമായ കൊറേഗാവ് യുദ്ധം നടന്നപ്പോള്‍ മറാത്ത രാജാവ് പേര്‍ഷ്വാ ബാജിറാവുവിന്റെ സൈന്യം ഭീമ-കൊറേഗാവ് തദ്ദേശവാസികളായ ദലിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ അനുവദിച്ചില്ല. ജാതിയില്‍ താഴ്ന്നവരായ മഹര്‍ സമുദായകാര്‍ക്ക് യുദ്ധം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു പേര്‍ഷ്വാ സൈന്യത്തിന്റെ വാദം. അതുകൊണ്ട് തന്നെ ദലിതുകളായ മഹര്‍ പോരാളികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പക്ഷത്ത് 800 ഓളം വരുന്ന പട്ടാളവും, പേര്‍ഷ്വായുടെ പക്ഷത്ത് 2000 ല്‍ കൂടുതല്‍ പട്ടാളക്കാര്‍ ഉള്‍പ്പെടുന്ന സൈന്യവുമാണ് ഉണ്ടായിരുന്നതെന്നാണ് മിക്കവാറും ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ചിലയിടങ്ങളില്‍ ഈ കണക്കില്‍ വ്യത്യാസങ്ങള്‍ കാണാം. എന്നിരുന്നാലും എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടീഷ്-മഹര്‍ സൈന്യം മറാത്ത സൈന്യത്തെ തോല്‍പ്പിച്ചതോടെയാണ് ചരിത്രം മറ്റൊന്നായി മാറുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. സൈനികമായ വിജയം എന്നതിലുപരി ജാതീയമായി മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം മാറ്റി നിര്‍ത്തിയ സവര്‍ണ്ണ വിഭാഗത്തിനെതിരെ നേടിയ, വിവേചനത്തിന് എതിരെയുള്ള വിജയമായാണ് മഹര്‍ സമുദായം കൊറേഗാവ് യുദ്ധ വിജയത്തെ കണക്കാക്കിയത്. ഇതേ തുടര്‍ന്ന് മാറാത്ത, മഹര്‍ സമുദായങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിച്ചതായും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.


തുടര്‍ന്നാണ് പോരാട്ടത്തില്‍ കൊല്ലപ്പെട്ട ദലിത് പട്ടാളക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭീമ-കൊറെഗാവില്‍ ഒരു യുദ്ധ സ്മാരകം പണിയുന്നത്. മഹര്‍ സമുദായം ഇന്നും തങ്ങളുടെ വിജയത്തിന്റെ സ്മാരകമായി അതിനെ സംരക്ഷിച്ചു വരുന്നുത് ചരിത്രപരമായ അതിന്റെ സവിശേഷതകള്‍ കൊണ്ടാണ്. ദലിത് പോരാളികള്‍ നേടിയ ചരിത്ര വിജയത്തിന്റെ പ്രതീകമായ ഈ സ്തൂഭത്തിന് സമീപം മഹര്‍ കാലഘട്ടത്തിലും, അംബേദ്കര്‍ കാലഘട്ടത്തിലും, ഇപ്പോഴും പുതുവര്‍ഷാരംഭത്തില്‍, ജനുവരി ഒന്നാം തീയതി ഒരാചാരം പോലെ ദലിതുകള്‍ ഒത്തു കൂടുന്നത് പതിവായിരുന്നു.

2018 എന്നത് ഭീമ-കൊറെഗാവ് യുദ്ധ വിജയത്തിന്റെ 200 ആം വാര്‍ഷികമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ ദിവസം വിപുലമായി ആഘോഷിക്കാന്‍ ദലിത് സംഘടനകള്‍ തീരുമാനിക്കുന്നതും. എല്ലാവരും പ്രതീക്ഷിച്ചിരുന്നതിനുമപ്പുറം വിജയമായിരുന്നു 200 ആം വാര്‍ഷിക ദിനത്തിലെ ജന പങ്കാളിത്തം. ഏകദേശം നാല് ലക്ഷം ആളുകളായിരുന്നു ആഘോഷ പരിപാടിക്കായി ഭീമ-കൊറേഗാവിലേക്ക് എത്തിയത്. ഇതില്‍ കടുത്ത ബി.ജെ.പി, സവര്‍ണ ഹിന്ദുത്വ വിരുദ്ധരായ ജിഗ്‌നേഷ് മേവാനി എം.എല്‍.എയും, ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദും, ഹൈദരബാദ് സര്‍വകലാശാലയില്‍ ദലിത് പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും വിവിധ മനുഷ്യാവകാശ, സാമൂഹ്യ പ്രവര്‍ത്തകരും, അഭിഭാഷകരും അധ്യാപകരുമെല്ലാം ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ ബി.ജെ.പി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ നിലപാടുകളില്‍ പ്രത്യക്ഷമായി പ്രതികരിക്കുന്ന ആളുകള്‍ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എല്ലാ കാലത്തും ദലിതുകളെ എതിര്‍ക്കുകയും, അംഗീകരിക്കാന്‍ മടിക്കുകയും തരം കിട്ടുമ്പോഴെല്ലാം ജാതീയമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത, ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് പക്ഷെ ഈ ദലിത് മുന്നേറ്റത്തെ, ഐക്യത്തെ അംഗീകരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ 2018 ലെ കൊറേഗാവ് ഒത്തുകൂടല്‍ സ്വതന്ത്ര ഇന്ത്യ കണ്ട മറ്റൊരു ജാതി അതിക്രമത്തിന്റെ വേദിയായി മാറ്റാന്‍ ശ്രമങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200 വാര്‍ഷിക ദിനത്തിന് ശേഷം നടന്ന അക്രമങ്ങള്‍ക്ക് എല്ലാം പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ആണെന്ന ആരോപണമാണ് ആദ്യം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യമേ തന്നെ ബി.ജെ.പിയുടെ ശത്രു ലിസ്റ്റില്‍ ഉണ്ടായിരുന്ന വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരൈര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കി.


ഏകദേശം നാല് ലക്ഷത്തോളം വരുന്ന ആളുകള്‍ പങ്കെടുത്ത ഭീമ-കൊറെഗാവ് യുദ്ധ സ്മാരക റാലിയില്ലേക്ക് കുറച്ചാളുകള്‍ കാവിക്കൊടിയുമായി എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെയെല്ലാം തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ദലിതുകളും ഹിന്ദുത്വ തീവ്രവാദികളും തമ്മില്‍ നടന്ന ഉന്തും തള്ളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് വഴി മാറി. ഇതിനിടയില്‍ 17 വയസ്സുള്ളൊരു ദലിത് യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ദലിത് ബഹുജന്‍ സംഗമാഘോഷം അട്ടിമറിക്കാന്‍ സംഘ്പരിവാര്‍ മനപ്പൂര്‍വ്വം ശ്രമിച്ചതാണെന്നാരോപിച്ച് ദലിത് പാര്‍ട്ടികള്‍ അവരുടെ പ്രതിഷേധ പ്രക്ഷോഭം മുംബൈ നഗരത്തിലേക്ക് കൂടി നീട്ടിയതോടെ പലയിടങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി തുടങ്ങി.

ദലിത് സംഘടനകളും ഹിന്ദുത്വ അനുഭാവികളും തമ്മില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടിയതോടെ 31 ജില്ലകളിലായി 187 സര്‍ക്കാര്‍ ബസ്സുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും രാഹുല്‍ ഫതാംഗ്‌ലേ എന്ന 28 വയസ്സുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നിട്ടും പ്രക്ഷോഭം അവസാനിക്കാതെ വന്നതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതും വാദി പ്രതിയാകുന്ന തരത്തിലേക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കേസുകള്‍ ഉണ്ടാകുന്നതും.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200 വാര്‍ഷിക ദിനത്തിന് ശേഷം നടന്ന അക്രമങ്ങള്‍ക്ക് എല്ലാം പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ആണെന്ന ആരോപണമാണ് ആദ്യം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യമേ തന്നെ ബി.ജെ.പിയുടെ ശത്രു ലിസ്റ്റില്‍ ഉണ്ടായിരുന്ന വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരൈര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കി. ഇതിന് പിന്നാലെ ചിലരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. മാവോവാദികളുമായി ബന്ധമുള്ളവരാണെന്നും കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നുമാണ് ഇവരുടെ അറസ്റ്റിന് കാരണമായി പൂനെ പൊലീസ് ആരോപിക്കുന്നത്. 2020 ജനുവരിയില്‍ കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയതോടെ വിഷയം കുറെ കൂടി ഗൗരവമുള്ളതായി മാറി.


കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണ സംഘം ഇതിനോടകം അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, അധ്യാപകര്‍ തുടങ്ങി 12 ഓളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗത്, അരുണ്‍ ഫെരൈര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, വി. വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലഖ എന്നിവരാണ് കേസില്‍ അറസ്റ്റിലായ ആളുകള്‍. ഇവരില്‍ പലരും നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നിരന്തര നിയമ പോരാട്ടത്തിന് ശേഷം ജയില്‍ മോചിതരായിട്ടുണ്ട്. അതിലുമെത്രയോ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തിട്ടുമുണ്ടെന്നാണ് വിവരം. യാതൊരു വിധ തെളിവുകളും ഇല്ലാതിരുന്നിട്ട് പോലും അധ്യാപകരെ അടക്കം നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. യു.എ.പി.എ ആക്ട് പ്രകാരമുള്ള അറസ്റ്റുകള്‍ ആയതിനാല്‍ തന്നെ കൂടെ നില്‍ക്കുന്ന ആളുകള്‍ക്ക് ഇവരെ പുറത്തെറിക്കുക എന്നത് തന്നെ ശ്രമകരമായ വിഷയമായി മാറി.


പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും തെലുങ്കു കവിയുമായ വരവര റാവു അറസ്റ്റിലാകുന്നത്. 2018 ജൂണില്‍ തീവ്ര ഇടതുപക്ഷക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായുളള വിവരം മഹാരാഷ്ട്ര പൊലീസിന് ലഭിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വരവര റാവുവിന് ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട സംഘര്‍ഷ കേസിലെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.പിയുടെ പ്രവര്‍ത്തകന്‍ മലയാളിയായ റോണ വില്‍സണ്‍, ദലിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ്‌ലെ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവര്‍ അര്‍ബന്‍ നക്സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നുമായിരുന്നു 2018 ല്‍ പൊലിസ് അവകാശപ്പെട്ടിരുന്നത്.

വരവര റാവുവിന്റെ അറസ്റ്റിന് ശേഷം 2020 ഒക്ടോബറില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സമയത്തായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ക്രൈസ്തവ പുരോഹിതനും 84 കാരനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ കടുത്ത രോഗങ്ങള്‍ അലട്ടിയിരുന്ന സ്വാമി മതിയായ ചികിത്സ ലഭിക്കാതെ തുറങ്കില്‍ കിടന്ന് മരിച്ചത് ഈ ജനാധിപത്യ ഇന്ത്യയില്‍ ആണെന്നത് ഓര്‍ക്കണം. അസുഖം കൂടുതലായതിനാല്‍ തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ കഴിയുന്നില്ലെന്നും, ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയ കോടതി ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനായിരുന്നു ഉത്തരവിട്ടത്.

'2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത ശേഷം മരണപ്പെടുന്നതുവരെ സ്വാമിയെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടില്ല എന്നും, അവര്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍, കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാമായിരുന്നല്ലോ, അങ്ങനെ ചെയ്യാതിരുന്നതിന്റെ അര്‍ഥം അദ്ദേഹത്തോട് ചോദിക്കാന്‍ അവര്‍ക്ക് ഒന്നുമില്ലായിരുന്നു എന്നല്ലേ എന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യല്‍ ഉണ്ടായിരുന്നുവെങ്കില്‍, പിന്നീട് ഒന്നും ചോദിക്കാതെ വെറുതെ അദ്ദേഹത്തെ തടവിലിടുകയായിരുന്നു എന്നും, യു.എ.പി.എ ചുമത്തി, 'അപകടകാരിയായ വ്യക്തി' ആണെന്ന് മുദ്രകുത്തി സ്വാമിയുടെ ജാമ്യത്തെ ദേശീയ അന്വേഷണ ഏജന്‍സി നിരന്തരം എതിര്‍ക്കുകയായിരുന്നു എന്നും, അദ്ദേഹം അക്രമങ്ങളുടെ സൂത്രധാരനാണെന്ന് അവര്‍ പറഞ്ഞു കൊണ്ടിരുന്നതെന്നും, ആരോഗ്യനില മോശമായതിനാല്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോ വേണമെന്ന ആവശ്യത്തെ പോലും എന്‍.ഐ.എ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു എന്നുമുള്ള അഡ്വ. ദേശായിയുടെ വെളിപ്പെടുത്തലുകളെ നിസ്സാരമായി കേട്ട് പോകാന്‍ സാധിക്കില്ല. ഈ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലിന്റെ ക്രൂരതകള്‍ അത്രയുമാണ്.


വിയോജിപ്പുകള്‍ തടയുന്നതിനും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി എന്തും ചെയ്യാന്‍ സംഘ്പരിവാറുകാര്‍ തയ്യാറാകുമെന്നതിന് തെളിവാണ് കൊറേഗാവ് കേസിലെ അറസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നേരിട്ട ക്രൂരതകളും. വ്യാജ തെളിവുകളും, രേഖകളുമുണ്ടാക്കി എതിരാളികളെ നിയമം വഴി ഇല്ലാതാക്കുന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ മറ്റൊരുദാഹരണമായി വേണം കൊറേഗാവ് കേസുകളെ നിരീക്ഷിക്കാന്‍. വിവേചനത്തിനെതിരെ അധഃസ്ഥിത ജനത നേടിയ വിജയത്തിന്റെ പ്രതീകം കൊണ്ട് തന്നെ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന ന്യൂനപക്ഷ ജനതയെ അടിച്ചമര്‍ത്താന്‍ സംഘപരിവാരം ശ്രമിക്കുന്നു എന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമാണെന്ന് കാലം തെളിയിക്കട്ടെ.

TAGS :