Quantcast
MediaOne Logo

ഡോ. ദിലീഷ് കെ.

Published: 19 Oct 2023 4:30 AM GMT

ഡയറ്റ്: പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുതന്ത്രം മെനഞ്ഞ് അധ്യാപകര്‍; കുടപിടിക്കാന്‍ സര്‍ക്കാര്‍

അനധികൃത നിയമനങ്ങളില്‍ സംവരണതത്വങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതിനാല്‍ അരികുവത്കരിക്കപ്പെട്ട ജനതക്ക് നീതി എന്നത് ഒരു വിദൂര സ്വപ്നമായി അവശേഷിക്കും. നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്നതിനെക്കാള്‍ ഭീതിജനകമാണ് ഇത്തരം കാപട്യക്കാര്‍ നാളത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ചുക്കാന്‍ പിടിക്കും എന്നുള്ളത്.

ഡയറ്റ്: പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുതന്ത്രം മെനഞ്ഞ് അധ്യാപകര്‍; കുടപിടിക്കാന്‍ സര്‍ക്കാര്‍
X

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സൃഷ്ടിപരമായ നേതൃത്വം നല്‍കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനമാണ് ഡയറ്റ്. പുതുകാലത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശേഷിയുള്ള അധ്യാപകര്‍ ഡയറ്റില്‍ നിയമിതരാവേണ്ടത് അനിവാര്യതയാണെന്നിരിക്കേ, അതിന് വേണ്ടിയുള്ള പി.എസ്.സി പരീക്ഷകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേടിയ ഉത്തരവുമായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറ്റ് ലക്ചററായി ജോലിചെയ്യുന്നവര്‍ പിന്‍വാതില്‍ നിയമനത്തിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാരിനോട് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട്, കഴിഞ്ഞ ആഗസ്റ്റ് 18നുണ്ടായ ട്രിബ്യൂണല്‍ വിധിയെ മുന്‍നിര്‍ത്തിയാണ് അനധികൃത നിയമന ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. 2011ന് മുന്‍പ് ഡെപ്യൂട്ടഷനില്‍ നിയമിക്കപ്പെട്ടവര്‍ക്ക് മാത്രമേ സ്ഥിര നിയമനത്തിന് അര്‍ഹതയുള്ളൂവെന്ന സര്‍ക്കാര്‍ ഉത്തരവ് ട്രിബ്യൂണലിനെ അറിയിക്കാതെയാണ് ഈ കള്ളക്കളി.

താല്‍കാലിക ക്രമീകരണത്തിന്റെ ഭാഗമായി KSR റൂള്‍ 140, 144 പ്രകാരം നിയമിതരായ ഭരണപക്ഷ അനുകൂല സംഘടനയിലെ നേതാക്കളാണ് പി.എസ്.സി നിയമനത്തെ അട്ടിമറിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നത്. നിയമനം ഒരു വര്‍ഷ കാലാവധി തീരുന്നതുവരെയോ, വിശേഷാല്‍ ചട്ടപ്രകാരമുള്ള സ്ഥിരനിയമനം നടത്തുന്നതുവരെയോ ആണ് എന്ന് 2018 ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 2019 ല്‍ കാലാവധി ദീര്‍ഘിപ്പിച്ചപ്പോഴും ഇതേ വ്യവസ്ഥകള്‍ ആവര്‍ത്തിച്ചു. പിന്നീട് 2021 ല്‍ KS & SSR ചട്ടം 9 (B) പ്രകാരം സേവന കാലയളവ് ദീര്‍ഘിപ്പിച്ചുനല്‍കിക്കൊണ്ട് സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണുണ്ടായത്. നിലവിലുള്ള ഒഴിവുകള്‍ പി.എസ.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തിയും, വിശേഷാല്‍ ചട്ടം സ്പഷ്ടീകരണത്തിനുശേഷം പ്രാബല്യത്തില്‍ വരുന്നത് പരമാവധി വൈകിപ്പിച്ചും അധ്യാപക സംഘടനാനേതാക്കള്‍ കരുത്ത് പ്രകടിപ്പിച്ചു. സഹപ്രവര്‍ത്തകരെ കബളിപ്പിച്ചും, ഉന്നത ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളോട് കൊഞ്ഞനം കുത്തിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ പുതിയ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണ്.


2008 ല്‍ ഡയറ്റില്‍ നിയമിക്കപ്പെട്ട 75 ലക്ചറര്‍, 70 സീനിയര്‍ ലക്ചറര്‍, ഏഴ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരെ കഴിഞ്ഞ വര്‍ഷം സ്ഥിരപ്പെടുത്തിയിരുന്നു. 2011 ലെ സ്‌പെഷ്യല്‍ റൂളിന് ശേഷം ഈ പോസ്റ്റില്‍ തുടരുന്ന മറ്റുള്ളവര്‍ക്ക് സ്ഥിര നിയമനത്തിനുള്ള യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ ഒരു ഉത്തരവിലൂടെ വ്യക്തമാക്കിയതാണ്. ഡെപ്യൂട്ടേഷനിലുള്ളവരെ സ്ഥിരപ്പെടുത്താന്‍ വ്യവസ്ഥയില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒരു ഘട്ടത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. സര്‍ക്കാരിനോട് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട്, കഴിഞ്ഞ ആഗസ്റ്റ് 18നുണ്ടായ ട്രിബ്യൂണല്‍ വിധിയെ മുന്‍നിര്‍ത്തിയാണ് അനധികൃത നിയമന ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. 2011ന് മുന്‍പ് ഡെപ്യൂട്ടഷനില്‍ നിയമിക്കപ്പെട്ടവര്‍ക്ക് മാത്രമേ സ്ഥിര നിയമനത്തിന് അര്‍ഹതയുള്ളൂവെന്ന സര്‍ക്കാര്‍ ഉത്തരവ് ട്രിബ്യൂണലിനെ അറിയിക്കാതെയാണ് ഈ കള്ളക്കളി.

പാര്‍ട്ടിവിധേയത്വത്തിന്റെ പേരില്‍ നിയമനം നേടുന്നത് കേരളത്തില്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു. പ്രതിഷേധങ്ങള്‍ പത്രസമ്മേളനങ്ങളില്‍ ഒതുങ്ങുകയോ, ജലപീരങ്കിയില്‍ കുതിര്‍ന്നുപോവുകയോ ചെയ്യുന്നതുകൊണ്ടാവാം ഇതു തുടരുന്നത്. പൊതുസമൂഹം ഇതിന്റെ വരുംവരായ്കകളെ കുറിച്ച് ഇനിയും ബോധമുള്ളവരായിട്ടില്ല. ഇത്തരം അനധികൃത നിയമനങ്ങളിലൂടെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാര്യക്ഷമതയില്ലാത്തവയായിത്തീരും. സത്യസന്ധമോ, നീതിയുക്തമോ ആയ തീരുമാനങ്ങള്‍ക്കല്ല, പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കനുസരിച്ച ഇടപെടലുകള്‍ക്കും, തീരുമാനങ്ങള്‍ക്കുമായിരിക്കും മുന്‍തൂക്കം. ഇത്തരം അനധികൃത നിയമനങ്ങളില്‍ സംവരണതത്വങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതിനാല്‍ അരികുവത്കരിക്കപ്പെട്ട ജനതക്ക് നീതി എന്നത് ഒരു വിദൂര സ്വപ്നമായി അവശേഷിക്കും. നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്നതിനെക്കാള്‍ ഭീതിജനകമാണ് ഇത്തരം കാപട്യക്കാര്‍ നാളത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ചുക്കാന്‍ പിടിക്കും എന്നുള്ളത്.



TAGS :