Quantcast
MediaOne Logo

അഫ്‌സല്‍ ഹുസൈന്‍

Published: 30 Sep 2022 9:29 AM GMT

സിനിമ ബഹിഷ്‌കരണത്തിന്റെ പിന്നാമ്പുറങ്ങള്‍

സിനിമ ബഹിഷ്‌കരണത്തിന്റെ പിന്നാമ്പുറങ്ങള്‍
X

രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പടിക്കു പുറത്തുതന്നെ എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങള്‍ക്കാണ് അടുത്തിടെ സിനിമാലോകം സാക്ഷ്യം വഹിച്ചത്. സിനിമകള്‍ ബഹിഷ്‌കരിക്കപ്പെടുന്നതിന് പ്രധാന കാരണം മതവും രാഷ്ട്രീയവും മാത്രമല്ല, ഇത് രണ്ടിനും അപ്പുറം സിനിമകള്‍ ബഹിഷ്‌കരണ ഭീഷണി നേരിടുന്നതിന് പിന്നില്‍ മറ്റു പല കാരണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം.

ബോളിവുഡില്‍മാത്രം കണ്ടുശീലിച്ച ബഹിഷ്‌കരണഭീഷണിയുടെ അതേരൂപം മലയാളികളും അടുത്തിടെ കണ്ടു. റോഡിലെ കുഴികളെ പരാമര്‍ശിച്ചുള്ള ന്നാ താന്‍ കേസ് കൊട് ചിത്രത്തിന്റെ പരസ്യവാചകമാണ് ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്നും പ്രതിഷേധത്തിനിടയാക്കിയത്. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. എന്നാല്‍, സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റേതടക്കമുള്ള പ്രതികരണം. 1994-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പായ അമീര്‍ ഖാന്‍ ചിത്രം ലാല്‍സിങ് ചദ്ദക്കെതിരെ 'ബോയ്കോട്ട് ലാല്‍സിങ് ചദ്ദ, ബോയ്കോട്ട് ആമിര്‍ഖാന്‍' എന്ന ക്യാമ്പയിനാണ് നടന്നത്. അക്ഷയ് കുമാറിന്റെ 'രക്ഷാബന്ധ'നെതിരേയും സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ബഹിഷ്‌കരാണാഹ്വാനം നടത്തി. ഏറ്റവും പുതിയതായി വിജയ് ദേവരകൊണ്ട നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം ലൈഗറും ബഹിഷ്‌കരണ ഭീഷണി നേരിട്ടു.


വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില സംഘടനകളുടെയും അവരുടെ സൈബര്‍ വിങ്ങിന്റെയും ചില സ്വയം പ്രഖ്യാപിത സൈബര്‍ പോരാളികളുടെയും മനോനിലയെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. വിജയ് ദേവര്‍കോണ്ട ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ ധര്‍മ്മ പ്രൊഡക്ഷന്സിന്റെ ബാനറില്‍ കരണ്‍ ജോഹറും ഉണ്ടെന്നുള്ളതാണ് ലൈഗര്‍ ബഹിഷ്‌കരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്കെതിരെ പരാമര്‍ശം നടത്തിയ കരണ്‍ ജോഹറിനെതിരെ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഷോയുടെ അവതാരകന്‍ കരണ്‍ ജോഹര്‍ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. നയന്‍താര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ 'അവര്‍ എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. ഇതുകൂടാതെ ഒട്ടനവധി ആരോപണങ്ങളും കരണ്‍ ജോഹറിനെതിരെയുണ്ട് എന്നതും ബഹിഷ്‌കരണ ഭീഷണി നേരിടുന്നതിന് പ്രധാന കാരണമാണ്.

വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസ്‌കാരമില്ലായ്മയാണെന്നും പുരോഹിതരോടുള്ള അനാദരവാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.

നിലവില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ബോയ്കോട്ട് ലൈഗര്‍ ഹാഷ്ടാക് ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിജയ് ദേവരകോണ്ട ടീപ്പോയ്ക്കു മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചിരുന്നു. എങ്ങനെ ഒരു പരിപാടിയില്‍ മാന്യമായി ഇരിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ല, അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് ശരിയല്ലായെന്ന് തുടങ്ങിയുള്ള വിമര്‍ശനത്തിനൊപ്പം ലൈഗര്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയരുന്നു. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസ്‌കാരമില്ലായ്മയാണെന്നും പുരോഹിതരോടുള്ള അനാദരവാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഈ കാരണത്താലും സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റുകളും വ്യാപകമാണ്.


ഇനി ബോളിവുഡിലേക്ക് വന്നാല്‍ സിനിമകള്‍ ബഹിഷ്‌കരണ ഭീഷണി നേരിടുന്നതിന് പിന്നില്‍ രാഷ്ട്രീയവും അങ്ങനെ അല്ലാത്തതുമായ നിരവധി കാരണങ്ങളുണ്ടെന്ന് നിസ്സംശയം പറയാം. നടന്‍ സുഷന്ത് സിങ്ങിന്റെ മരണം പോലും ബോളിവുഡ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലിലേ അവസാനിക്കൂ.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതകളെ കുറിച്ച് 2015ല്‍ നടന്‍ അമീര്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ പി.കെ എന്ന ചിത്രത്തിലെ ചില രംഗങ്ങളും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്ന് അമീര്‍ ഖാനെതിരെ അധിക്ഷേപകരമായ പ്രസ്താവനകളും പൊട്ടിപ്പുറപ്പെട്ടുവെന്നത് വസ്തുതയാണ്. സിനിമയിലെ നായികയായ കരീന കപൂറിന്റെ ചില പരാമര്‍ശങ്ങളും ബഹിഷ്‌കരണാഹ്വാനം നേരിടുന്നതിന് കാരണമായി. സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചോദ്യത്തിന് 'സിനിമകള്‍ കാണണമെന്നില്ല, ആരും നിര്‍ബന്ധിക്കുന്നില്ല' എന്ന മറുപടി നല്‍കിയതാണ് കരീന കപൂറിനെതിരായ പ്രതിഷേധങ്ങള്‍ക്കുള്ള കാരണം. ലാല്‍ സിങ് ചദ്ദയ്ക്കെതിരായ ഹാഷ്ടാഗ് ക്യാമ്പയിന്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നാണ് അമീര്‍ ഖാന്‍ പ്രതികരിച്ചത്. എനിക്ക് സങ്കടമുണ്ട്. മാത്രമല്ല ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ബഹിഷ്‌കരണ ആഹ്വാനം നടത്തുന്ന ചിലര്‍ വിശ്വസിക്കുന്നു. പക്ഷേ, അത് അസത്യമാണ്. ചിലര്‍ക്ക് അങ്ങനെ തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക'- അമീര്‍ ഖാന്‍ വികാരാധീതനായി പറഞ്ഞു. ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ അമീറിന്റെ സിനിമ ബഹിഷ്‌കരിക്കണം', 'രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുത്', 'നിങ്ങളുടെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞു, പിന്നെ എന്തിന് നിങ്ങളുടെ സിനിമ ഇവിടെ റിലീസ് ചെയ്യുന്നു' എന്നിങ്ങനെയാണ് അമീറിനെതിരായ വിദ്വേഷ പ്രചാരണം.


ലാല്‍ സിങ്ങ് ചിദ്ദ ആദ്യ ദിവസം നേടിയത് ഏതാണ്ട് 12 കോടിയോളം രൂപയായിരുന്നു. ഒരു ദശാബ്ദത്തിനിടെ അമീര്‍ ഖാന്‍ ചിത്രത്തിന്റെ ഏറ്റവും കുറഞ്ഞ വരുമാനം. പിന്നീടുള്ള ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ കുത്തനെ 7 കോടി, 9 കോടി എന്നീ നിലയില്‍ കുത്തനെ ഇടിയുകയായിരുന്നു. സിനിമാ പ്രേമികളില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാലും ബഹിഷ്‌കരണാഹ്വാനങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചെന്നു തന്നെയാണ് സിനിമാ നിരൂപകനും ഫിലിം ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശിന്റെ അഭിപ്രായം. എന്നാല്‍, ഇതിനോട് വിരുദ്ധാഭിപ്രായമുള്ളവരുമുണ്ട്. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള മെറ്റീരിയലും മാര്‍ക്കറ്റിംഗും നടന്റെ കഴിവുമാണ് ആത്യന്തികമായി ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്നത്, ബഹിഷ്‌കരണാഹ്വാനമൊന്നും സിനിമയുടെ പ്രകടനത്തില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജിയാന്‍ചന്ദാനി അഭിപ്രായപ്പെട്ടത്. എന്നാലും സിനിമകള്‍ക്കെതിരെ നടക്കുന്ന നെഗറ്റീവ് പബ്ലിസിറ്റി സിനിമയുടെ മോശം പ്രകടനത്തിന് കാരണമാകുമെന്ന നിരീക്ഷണമാണ് ഒട്ടുമിക്ക എക്സ്പേര്‍ട്ടുകള്‍ക്കുമുള്ളത്.

സിനിമയുടെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും മറ്റു ആക്രമണങ്ങള്‍ക്കും പിന്നിലെ കാരണങ്ങള്‍ നിസ്സാരവും വിചിത്രവും പ്രതികാരബുദ്ധി നിറഞ്ഞതുമാണ്. രക്ഷാബന്ധന്‍ സിനിമയുടെ തിരക്കഥാകൃത്ത് കനിക ധില്ലന്റെ നാല് വര്‍ഷം പഴക്കമുള്ള ട്വീറ്റ് കുത്തിപ്പൊക്കുകയും അത് ഹിന്ദു ഫോബിക്കാണെന്ന് പ്രഖ്യാപിക്കപ്പെടുകയുമുണ്ടായി. ഇതു സംബന്ധിച്ച സാമൂഹമാധ്യമങ്ങളിലെ പ്രചാരണം സിനിമയെ ദോഷകരമായി തന്നെ ബാധിച്ചു. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്നതിലൂടെ കനിക ഹിന്ദു വിശ്വസങ്ങളെയും മതവികാരങ്ങളെയും വ്രണപ്പെടുത്തിയെന്നാണ് ചില സംഘ്പരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വാദിക്കുന്നത്. ഒരുനാള്‍ ഇന്ത്യയിലെ പശുക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മുടെ മന്ത്രിമാരേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളും സംരക്ഷണവും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ... ബി.ജെ.പിയുടെ പശു രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ട് കനികയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. അച്ചാ ദിന്‍ വന്നിരിക്കുന്നു... ഇന്ത്യ സൂപ്പര്‍ പവറാണ്, ഗോമൂത്രം കുടിച്ചാല്‍ കോവിഡ് ഭേദമാകും എന്നിങ്ങനെയുള്ള പരിഹാസങ്ങളും സംഘപരിവാര്‍ പ്രൊഫൈലുകളെ പ്രകോപിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടയിലേക്ക് തോക്കുമായി വന്ന യുവാവിന്റെ വാര്‍ത്ത പങ്കുവെച്ച മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ കനിക രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്തരം സംഭവങ്ങള്‍ സിനിമയ്ക്ക് കനത്ത വെല്ലുവിളിയായി മാറി. എന്നാലും സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റിക്കെതിരെ ബോളിവുഡ് സിനിമാലോകം നിശബ്ദത പാലിക്കുകയാണ്.


സമാനമായ രീതിയിലുള്ള വെറുപ്പിനെ അതിജീവിച്ച സിനിമകളും ബോളിവുഡിലുണ്ടെന്നതും ശ്രദ്ധേയമാണ്. അത്തരം സിനിമകളില്‍ പ്രധാനപ്പെട്ടതായിരുന്നു സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത്. ചിത്രത്തില്‍ രജപുത് വിഭാഗത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. രജപുത്ര ഭരണാധികാരി മഹാരാവല്‍ രത്തന്‍ സിങ്ങിനെ വിവാഹം കഴിച്ച സുന്ദരിയും രാജ്ഞിയുമായ പത്മാവതിയെ തട്ടിക്കൊണ്ടുപോകാനുള്ള സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ശ്രമത്തെ ചിത്രം വിവരിക്കുന്നുണ്ട്. ഒടുവില്‍ ചിത്രത്തിന്റെ പദ്മാവതി എന്ന പേര് മാറ്റി, പദ്മാവത് എന്നാക്കിയാണ് റിലീസിനെത്തിയത്. പത്മാവതിയായി എത്തിയ നടി ദീപിക പദുക്കോണിനും സംവിധായകനും വധഭീഷണി വരെ ഉണ്ടായി. ഇതേ തുടര്‍ന്ന് ബി.ജെ.പി നേതാവ് സൂരജ് പാല്‍ അമു ദീപികയുടെ തല വെട്ടിയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീ രജ്പുത് കര്‍ണി സേനയിലെ അംഗങ്ങള്‍ സിനിമാ സെറ്റ് നശിപ്പിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. പദ്മാവതിന്റെ രാജ്യവ്യാപകമായ നിരോധനത്തിനുള്ള ആഹ്വാനത്തിനുമെല്ലാം ശേഷം ലോകമെമ്പാടും 570 കോടി കളക്ഷന്‍ നേടി, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി ഇത് മാറി.


അതുപോലെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്‌ലിം തെഹ്‌വാര്‍ കമ്മറ്റി എന്ന സംഘടന രംഗത്തെത്തിയിരുന്നു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഈ ചിത്രം മുസ്‌ലിം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു സംഘടനയുടെ ആരോപണം. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ഉള്‍പ്പെടുത്തി എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രം ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് അന്ന് വിലയിരുത്തുകയുണ്ടായി. തങ്ങളുടെ ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് കൊങ്കണ സെന്‍ ശര്‍മ, രത്ന പതക്, സുശാന്ത് സിംഗ് എന്നിവര്‍ അഭിനയിച്ച 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ' പറയുന്നത്. രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍ ചിത്രം ഗോലിയോം കി രാസ്‌ലീല രാം-ലീല ചിത്രവും ഒന്നിലധികം മതവിഭാഗങ്ങളില്‍ നിന്നും വിമര്‍ശനം നേരിടുകയുണ്ടായി.


കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ മറ്റൊരു ചിത്രമാണ് ഹൈദര്‍. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത സിനിമയില്‍ 'ഈഡിപ്പസ് കോമ്പ്ളെക്സാണ് പലയിടങ്ങളിലായി ആവിഷ്‌കരിച്ചിരിക്കുന്നത്. സിഗ്മണ്ട് ഫ്രോയ്ഡ് കണ്ടെത്തി വികസിപ്പിച്ച ഈ തിയറി പറയുന്നതനുസരിച്ച് കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവര്‍ക്ക് തങ്ങളുടെ മാതാപിതാക്കളില്‍ എതിര്‍ലിംഗ വര്‍ഗത്തില്‍ പെട്ടവരോട് ലൈംഗികമായി ആകര്‍ഷണം തോന്നും, പലരിലും പല അളവില്‍ ആയിരിക്കാം ഇത് കാണപ്പെടുന്നത്. സിനിമയിലെ അമ്മ-മകന്‍ ബന്ധത്തില്‍ പലയിടങ്ങളിലും ഈ തിയറിയുടെ ആവിഷ്‌കാരമുണ്ട്. സാധാരണ അമ്മ-മകന്‍ റിലേഷനുകളുടെ ചിത്രീകരണ രീതിയില്‍ നിന്നും വേറിട്ട ഒരു രീതിയില്‍ ആണ് ഹൈദറും അമ്മ ഖജാലയും ഈ സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഹൈദറുടെ ജീവിതത്തിലെ മുഖ്യമായ പല വഴിത്തിരിവുകളിലും അവന്‍ എത്തിപ്പെടുന്നത് അമ്മയോടുള്ള ഈയൊരു സ്നേഹത്തിന്റെയും ആകര്‍ഷണത്തിന്റെയും പേരില്‍ ആണ്. എന്നാല്‍, ഹൈദര്‍ ഇറങ്ങിയ സമയങ്ങളില്‍ കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടത് അതിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ആയിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെപ്പറ്റിയും തങ്ങളുടെ അതിര്‍ത്തിയാണെന്നു ഇന്ത്യയും പാക്കിസ്ഥാനും അവകാശപ്പെടുന്ന കാശ്മീരില്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും പറയുകയും അഫ്‌സ്പ (THE ARMED FORCES (SPECIAL POWERS) ACT, 1958) യെ ചുത്സ്പ എന്നു പരിഹസിക്കുകയും ചെയ്യുകയാണ് ഹൈദര്‍.


സ്റ്റേറ്റിന്റെ നിയമങ്ങളുടെയും സൈനികരുടെ താന്തോന്നിത്തത്തിന്റെയും വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളുടെയും ഇടയില്‍ ഒരു ജയില്‍ തന്നെയാണ് കശ്മീര്‍ എന്ന് പറഞ്ഞുവെക്കുകയാണ് ചിത്രം. രാഷ്ട്രീയസിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ കാണുന്ന അസ്വസ്ഥതകള്‍ പോലെത്തന്നെ വലതുപക്ഷ ഹിന്ദുത്വവാദികള്‍ ഈ സിനിമ ദേശവിരുദ്ധസിനിമയാണെന്ന പതിവു പല്ലവി പാടി. പാക്കിസ്ഥാനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, സിനിമാനിരൂപകര്‍ ഹൈദറിനെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചതായിട്ടാണ് പരിഗണിക്കുന്നത്. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം ഒട്ടുമിക്കതും നടക്കുന്നത് രാഷ്ട്രീയത്തിന്റേയോ മതത്തിന്റെയോ പേരിലാണെന്നതാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്.

TAGS :