Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 10 Jan 2024 12:35 PM GMT

ബില്‍ക്കീസ് ബാനു വിധി: ധാര്‍ഷ്ട്യത്തിനു കിട്ടിയ അടി

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച കള്ളത്തരത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികള്‍ക്ക് ഒപ്പം നിന്നു എന്നുമാത്രമല്ല, അവരെ ജയില്‍ മോചിതരാക്കാന്‍ വേണ്ട കേന്ദ്ര സര്‍ക്കാരിന്റെ സമ്മതവും നേടിയെടുത്തു എന്ന് ഇപ്പോള്‍ സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്.

ബില്‍ക്കീസ് ബാനു വിധി:    ധാര്‍ഷ്ട്യത്തിനു കിട്ടിയ അടി
X

കഴിഞ്ഞ ദിവസം രാജ്യം ഉറ്റുനോക്കിയ ഒരു വിധിയായിരിന്നു, ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചത്. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വര്‍ഗീയ കലാപത്തില്‍, ബില്‍കീസ് ബാനുവിനെ അതിഭീകരമായി പീഡിപ്പിച്ച 11 കുറ്റവാളികളെ കുറ്റവിമുക്തരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇന്ത്യയിലെ പൊതുസമൂഹത്തിന് വലിയ ആശ്വാസമാണ് ജസ്റ്റിസ് നാഗരത്‌നയും ജസ്റ്റിസ് ഉജല്‍ ഭുയാനും ഒന്നിച്ചെഴുതിയ ഈ വിധി നല്‍കിയത്. അതിലേറെ, കഴിഞ്ഞ 21 വര്‍ഷങ്ങളായി ബില്‍ക്കീസ് ബാനു അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ ശമനമാകുയായും ചെയ്തു. തനിക്കു ഇപ്പഴാണ് പുതുവര്‍ഷം പുലര്‍ന്നത് എന്നാണ് ബാനു പറഞ്ഞത്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും ധൈര്യശാലിയായ വ്യക്തി ആരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ സാധിക്കും അത് ബാനു അല്ലാതെ മറ്റാരുമല്ല എന്ന്. ഈ നീണ്ട നിയമ യുദ്ധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ശോഭ ഗുപ്ത എന്ന വക്കീലും മറ്റ് ഒട്ടനവധി പൊതുപ്രവര്‍ത്തകരും ഉണ്ടായിരുന്നെങ്കിലും, ഇര എന്ന നിലക്ക് ഈ അതികഠിനമായ യാത്രയെ അഭിമുഖീകരിക്കാന്‍ അസാധാരണമായ മനക്കട്ടി വേണ്ടതായി മനസ്സിലാക്കാം. കാരണം, ഈ നിയമ പോരാട്ടത്തില്‍ അവര്‍ തന്നെ ആക്രമിച്ച അതിക്രൂരന്മാരായ ആ 11 പേരെ മാത്രമല്ല നേരിടേണ്ടി വന്നത് എന്നതാണ് യാഥാര്‍ഥ്യം. ഇന്നലെ ജസ്റ്റിസ് നാഗരത്‌ന വായിച്ച വിധി കേട്ടുകൊണ്ടിരുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ തങ്ങളുടെ സംശയങ്ങള്‍ സത്യമാകുന്നത് കാഴ്ചയാണ് കണ്ടത്.

ഒരു പീഡിതയായ സ്ത്രീ ഇരുപത് വര്‍ഷത്തോളം തന്റെ അക്രമികളെ കൂടാതെ, സ്വന്തം സര്‍ക്കാരിന്റെ കൂടി അനീതികളെ നേരിടേണ്ടി വരിക എന്ന് പറയുന്നത് എത്ര ഭയാനകമാണ്. കലാപകാരികളുടെ അതി ക്രൂരമായ ആക്രമണത്തിന് വിധേയയായ സ്ത്രീ എന്ന നിലക്ക് അവര്‍ക്കൊപ്പം നില്‍ക്കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ പക്ഷെ നേര്‍വിപരീതമായി പ്രവര്‍ത്തിച്ചു എന്നാണ് സുപ്രീം കോടതി സുപ്രധാനമായ ഈ വിധിയിലൂടെ പറഞ്ഞത്.

നിയമ വ്യവസ്ഥയെ കബളിപ്പിച്ചു, തങ്ങളുടേതായ രീതിയില്‍ നിയമങ്ങള്‍ വളച്ചൊടിക്കാം എന്ന് കരുതിയ അവര്‍ക്കു കിട്ടിയ മുഖമടച്ച അടിയാണ് ഈ വിധി. ഈ കേസില്‍ ഇത്തരം ഒരു സമീപനം എടുക്കാന്‍ കാരണം ഒരു ബി.ജെ.പി എം.എല്‍.എ പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. അയാള്‍ പറഞ്ഞത്, കുറ്റവാളികള്‍ എല്ലാം ബ്രാഹ്മണരാണ്, അവര്‍ തെറ്റ് ചെയ്യില്ല എന്നാണ്!

കേസിന് ആസ്പദമായ സംഭവം നടന്ന ഗുജറാത്തില്‍ നിന്ന് എന്തുകൊണ്ട് വിചാരണ മഹരാഷ്ട്രയിലേക്ക് മാറ്റേണ്ടി വന്നു എന്നത് വീണ്ടും തെളിയിക്കുന്ന സംഭവമാണ് ഈ കുറ്റവാളികളുടെ വെറുതെ വിടല്‍ എന്നും കോടതി പറഞ്ഞു. ഇവരുടെ കേസ് നടത്തിയത് മഹാരാഷ്ട്രയിലെ കോടതിയില്‍ ആയ സ്ഥിതിക്ക്, ഗുജറാത്ത് സംസ്ഥാനത്തിന് ഈ കേസില്‍ ഇടപെടാന്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഗുജറാത്ത് സര്‍ക്കാരിന് മുന്നില്‍ ഈ കുറ്റവാളികള്‍ അപേക്ഷയുമായി വരുന്നതിനു മുന്‍പ് ഇവര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരുന്നു. അന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയതാണ്, ഇതിനുള്ള അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നിലാണ് സമര്‍പ്പിക്കേണ്ടത് എന്ന്. അതിനു ശേഷം മഹരാഷ്ട്രയില്‍ അപേക്ഷ സമര്‍പ്പിക്കുകയും, അവിടെ സി.ബി.ഐയും, സി.ബി.ഐ കോടതിയും പ്രതികൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ച് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, സുപ്രീം കോടതിയാണ് ഗുജറാത്തിനോട് പരിഗണിക്കാന്‍ പറഞ്ഞത്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഉത്തരവിന്റെ ബലത്തിലാണ് പിന്നീട് കാര്യങ്ങള്‍ക്ക് വേഗത കിട്ടിയത്.


ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ ഹാരമണിഞ്ഞ് വി.എച്ച്.പി ഓഫീസില്‍

ഈ കള്ളത്തരത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികള്‍ക്ക് ഒപ്പം നിന്ന് എന്നുമാത്രമല്ല, അവരെ ജയില്‍ മോചിതരാക്കാന്‍ വേണ്ട കേന്ദ്ര സര്‍ക്കാരിന്റെ സമ്മതവും നേടിയെടുത്തു എന്ന് ഇപ്പോള്‍ സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. ജനാധിപത്യ ഇന്ത്യയുടെ ഭരണകൂടം ബലാത്സംഘികള്‍ക്ക് (!) ഒപ്പമാണ് നിന്നത്. രേഖകള്‍ പ്രകാരം, കുറ്റവാളികളെ വിട്ടയക്കുന്നതില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. അതെല്ലാം തള്ളിക്കൊണ്ട് തീരുമാനം എടുക്കണമെങ്കില്‍, അത് സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ്. നിയമ വ്യവസ്ഥയെ കബളിപ്പിച്ചു, തങ്ങളുടേതായ രീതിയില്‍ നിയമങ്ങള്‍ വളച്ചൊടിക്കാം എന്ന് കരുതിയ അവര്‍ക്കു കിട്ടിയ മുഖമടച്ച അടിയാണ് ഈ വിധി. ഈ കേസില്‍ ഇത്തരം ഒരു സമീപനം എടുക്കാന്‍ കാരണം ഒരു ബി.ജെ.പി എം.എല്‍.എ പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. അയാള്‍ പറഞ്ഞത്, കുറ്റവാളികള്‍ എല്ലാം ബ്രാഹ്മണരാണ്, അവര്‍ തെറ്റ് ചെയ്യില്ല എന്നാണ്!

മതവെറിയുടെ ബലത്തില്‍ രാജ്യം ഭരിക്കാം, ജനതയെ ചവിട്ടി മെതിക്കാം എന്ന ധാര്‍ഷ്ട്യം കൊണ്ട് നടക്കുന്ന അത്തരക്കാര്‍ക്കും അവരുടെ മേലാളന്മാര്‍ക്കും കിട്ടിയ ഈ തിരിച്ചടിക്ക് കാരണക്കാരിയായ ബില്‍ക്കീസ് ബാനുവിന്റെ ധൈര്യത്തെ നമുക്ക് ഒരിക്കല്‍ കൂടി ആദരിക്കാം. എന്നാല്‍, ഇനി ഒരു സഹോദരിക്കും, ഒരു സമൂഹത്തിനും ഇത്തരം ഒരു ഗതി വരുത്തരുതേ എന്ന് പ്രാര്‍ഥിക്കാം. പക്ഷെ, അങ്ങനെയെല്ലാം സംഭവിക്കണമെങ്കില്‍ ബാനു എങ്ങനെയാണോ ഫാസിസ്റ്റുകളെ കഴിഞ്ഞ 20 വര്‍ഷമായി നേരിട്ടത്, അതേ ധൈര്യത്തോടെ നമ്മളും നമ്മുടേതായ രീതിയില്‍ നേരിടണം. വൈകിയാണെങ്കിലും വിജയം സത്യത്തിന് മാത്രം സ്വന്തം എന്ന് കാണിച്ചു തന്ന ബാനുവിന് നമ്മള്‍ നല്‍കുന്ന ആദരം അതായിരിക്കും.

TAGS :