നമുക്ക് നാമേ പുകക്കുന്ന പുകയും
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തിന് ഇതിനപ്പുറത്തേക്കുള്ള ഒരു ദുരന്ത നിവാരണ നടപടിക്രമങ്ങളും അധികാരികളുടെ പക്കല്‍ ഉണ്ടായിരുന്നില്ലേ? ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തെക്കാള്‍ അപകടകാരികളായ വ്യവസായങ്ങള്‍ എറണാകുളം ജില്ലയുടെ നാലു ഭാഗത്തും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.
കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തിന് ഇതിനപ്പുറത്തേക്കുള്ള ഒരു ദുരന്ത നിവാരണ നടപടിക്രമങ്ങളും അധികാരികളുടെ പക്കല്‍ ഉണ്ടായിരുന്നില്ലേ? ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തെക്കാള്‍ അപകടകാരികളായ വ്യവസായങ്ങള്‍ എറണാകുളം ജില്ലയുടെ നാലു ഭാഗത്തും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.ചെറുപ്പത്തില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് ബ്രഹ്മപുരത്തിനു അടുത്താണ്. ഇന്ന് കേരള ടൂറിസം വകുപ്പിന്റെ പ്രകൃതിരമണീയ ദൃശ്യങ്ങളില്‍ കാണിക്കുന്ന ഒരു കേരളീയ ഗ്രാമത്തിന്റെ എല്ലാ ഭംഗിയും അന്ന് ആ ഗ്രാമത്തിനും ഉണ്ടായിരിന്നു. മരങ്ങള്‍ കൊണ്ട് നിറഞ്ഞ, കൃഷി പ്രധാന വ്യവസായമായിരുന്ന, അടക്കവും ഒതുക്കവുമുള്ള ഒരു കൊച്ചു ഗ്രാമം. എഫ്.എ.സി.റ്റിയും കൊച്ചിന്‍ റിഫൈനറിയും തൊട്ടടുത്ത് തന്നെയുണ്ടായിരുന്നെങ്കിലും, ആ ഗ്രാമത്തിന് ആ തിരക്കുകളില്‍ നിന്ന് വളരെ ദൂരെയുള്ള ഒരു ശാന്തത എന്നും ഉണ്ടായിരിന്നു. ശാന്തമായി ഒഴുകിയിരുന്ന പുഴയിലേക്ക് നീളുന്ന അവിടത്തെ പ്രധാന പാതയിലൂടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ നടന്നും, ഓടിയും സൈക്കിള്‍ ചവിട്ടിയും കളിച്ചു നടന്നത് ഇന്നും ഓര്‍മയിലുണ്ട്.
ആ ഗ്രാമത്തിന് ആദ്യ പ്രഹരം ലഭിക്കുന്നത് അതിനടുത്ത് എഫ്.എ.സി.റ്റിയും റിഫൈനറിയും വന്നപ്പോഴാണ്. അതിനു ശേഷമാണു സര്‍ക്കാര്‍ അവിടെ കൊച്ചി കോര്‍പറേഷന് വേണ്ടി ഖര മാലിന്യ സംസ്‌കരണത്തിനായി സ്ഥലം കണ്ടെത്തുന്നത്. അന്ന് അവിടം വിട്ടൊഴിയാന്‍ മടിച്ച നാട്ടുകാര്‍ക്ക്, മാലിന്യക്കൂമ്പാരം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ജീവിതം ദുസ്സഹമായതോടെ വീടും കുടിയും ഉപേക്ഷിച്ചു നാട് വിടേണ്ടി വന്നു. അതുകൊണ്ടു തന്നെ, ഇന്നിപ്പോള്‍ ബ്രഹ്മപുരത്ത് നിന്നുയരുന്ന പുകയെ പേടിച്ചു കൊച്ചിയിലും കാക്കനാടും ഉള്ളവര്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി താല്‍ക്കാലികമായെങ്കിലും നാട് വിടുമ്പോള്‍, അതൊരു പഴയ അനീതിയുടെ തിരിച്ചടിയായി കാണുന്നവരും ഉണ്ട്.
ഉമ്മറ വാതിലിന് വിലകൂടിയ ഗോദ്റെജ് ലോക്ക് പിടിപ്പിച്ചിട്ട്, പുറത്ത് പോകുമ്പോള്‍ താക്കോല്‍ ചവിട്ടിയുടെ താഴെ വെക്കുന്നത് പോലെയാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യം മുതലേ. കൊച്ചിയും ചുറ്റുവട്ടവും വികസിച്ചു തുടങ്ങിയതോടെ മാലിന്യ നിക്ഷേപത്തിന് ശാസ്ത്രീയമായ ഒരു പദ്ധതി വേണം എന്ന തിരിച്ചറിവില്‍ നിന്നാണ് 1998ല്‍ ബ്രഹ്മപുരത്ത് സ്ഥലം വാങ്ങുന്നതും ആഘോഷപൂര്‍വ്വം പദ്ധതി തുടങ്ങിയതും. പലവിധ തടസ്സങ്ങള്‍ മൂലം പദ്ധതി വൈകിയപ്പോഴും, അവിടെ മാലിന്യം നിക്ഷേപിക്കുന്ന ജോലി നിര്‍ബാധം തുടര്‍ന്ന് പോന്നിരുന്നു. കൊച്ചി കൂടാതെ, സമീപ പ്രദേശങ്ങളിലുള്ള പല മുനിസിപ്പാലിറ്റികളും മാലിന്യ നിക്ഷേപത്തിന് ബ്രഹ്മപുരത്തെ തന്നെ ആശ്രയിച്ചു പോന്നു. 40 ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ പദ്ധതി ഇന്നിപ്പോള്‍ 110 ഏക്കറില്‍ എത്തി നില്‍ക്കുമ്പോഴും, അതൊരു മാലിന്യ നിക്ഷേപമല്ലാതെ സംസ്‌കരണ പദ്ധതിയായി ഒരു കാലത്തും വര്‍ത്തിച്ചില്ല എന്നതാണ് സത്യം.
ബ്രഹ്മപുരത്തെ ആകെയുള്ള മാലിന്യ സംസ്‌കരണ പദ്ധതി, അവിടെ ചവറിന് തീയിടുന്നു എന്നതാണ്. ഉല്‍ഭവസ്ഥാനത്ത് വച്ച് വേര്‍തിരിക്കപ്പെടാതെ കൊണ്ടുവരുന്ന മാലിന്യം വേറെ ഒരു വിധത്തിലും സംസ്‌കരിക്കാന്‍ വഴിയില്ല എന്നതാണ് സത്യം. മാലിന്യം പ്ലാസ്റ്റിക് സഞ്ചികളില്‍ പൊതിഞ്ഞു വഴിയോരങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍, ആ പ്ലാസ്റ്റിക് എങ്ങനെ ഇല്ലാതാകും എന്ന് ജനങ്ങള്‍ ചിന്തിക്കുന്നില്ല. ദിവസവും എറണാകുളം ജില്ലയുടെ നാല് ഭാഗത്ത് നിന്നും വരുന്ന 400 ടണ്‍ മാലിന്യം വേര്‍തിരിക്കാനോ, പരിസ്ഥിതിയെ മലിനപ്പെടുത്താതെ സംസ്‌കാരിക്കാനോ ഉള്ള ഒരു സംവിധാനവും ആ 110 ഏക്കര്‍ പ്രദേശത്ത് ഇല്ല. ഇത് ജനങ്ങള്‍ക്ക് അറിയില്ലായിരുന്നെങ്കിലും, അധികാരികള്‍ക്ക് നല്ല പോലെ അറിയാമായിരുന്നു. ഇതിലെ തമാശ എന്താണെന്നു വച്ചാല്‍, തീ പടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംസ്ഥാന പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കൊച്ചി കോര്‍പറേഷന് മേല്‍ ഒരു പിഴ ചുമത്തി, മാലിന്യം വേണ്ട രീതിയില്‍ സംസ്‌കരിക്കാത്തതിന്. തീ കത്തിയപ്പോഴാണ് അവരുടെ ബുദ്ധി കത്തിയത്. ഇത് കോടതിയില്‍ എത്തിയാല്‍ പഴി കേള്‍ക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട്, ഒരു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതാണ്.
തീ കത്തിപ്പടര്‍ന്ന് ഒരാഴ്ച കഴിഞ്ഞു കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. റോഡിലെ കുഴികള്‍ മാത്രമല്ല, പുകയും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടു എന്ന് ബഹുമാനപ്പെട്ട കോടതി ബോധ്യപ്പെടുത്തിയതിന് നന്ദിയുണ്ട്. അവര്‍ മേയറെയും, കോര്‍പറേഷന്‍ സെക്രട്ടറിയേയും, കലക്ടറേയും, പൊലൂഷന്‍ ബോര്‍ഡിനെയും ശാസിച്ചു വിട്ടിട്ടുണ്ട്. കാര്യം ഈ മാലിന്യ കൂമ്പാരം കിടക്കുന്ന സ്ഥലം കൊച്ചി കോര്‍പറേഷന്‍ പണ്ട് വാങ്ങിയതാണെങ്കിലും, അവിടേക്ക് വരുന്ന മാലിന്യങ്ങളില്‍ പകുതിയും ആലുവ, തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ തുടങ്ങിയ മറ്റ് പട്ടണങ്ങളില്‍ നിന്നുമാണ് എന്നത് ആരും ഓര്‍ത്തില്ല. എറണാകുളം കോര്‍പറേഷനെ പ്രതിസ്ഥാനത്തു നിറുത്തി തീ അണയ്ക്കാന്‍ ഉള്ള ശ്രമമാണ് എല്ലാവരും തുടങ്ങിയത്. പുകയുയര്‍ന്ന ശേഷം എറണാകുളം പട്ടണത്തിലെ മാലിന്യ നീക്കം നിലച്ചു എന്ന വെണ്ടക്ക നിരത്തിയപ്പോള്‍ പോലും പത്രക്കാര്‍ മറ്റ് പട്ടണങ്ങളിലെ കാര്യം അന്വേഷിച്ചില്ല. പറഞ്ഞു വരുന്നത്, ഇത് എറണാകുളം പട്ടണത്തിന്റെ മാത്രമായുള്ള പ്രശ്‌നമല്ല എന്നാണ്.
തങ്ങളുടെ മാലിന്യങ്ങള്‍ വീട്ടുപടിക്കല്‍ നിന്നും പോകുന്നതില്‍ മാത്രം സംതൃപ്തി കണ്ടിരുന്ന ജനങ്ങളെ സംബന്ധിച്ചു, ബ്രഹ്മപുരം എന്ന നാടിനെ കുറിച്ചോ, അവിടെ കൊണ്ടുപോയി തള്ളുന്ന തങ്ങളുടെ മാലിന്യങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നോ ആലോചിക്കാന്‍ സമയമില്ലായിരുന്നു. വഴിയില്‍ ബാക്കിയുണ്ടായിരുന്ന മാലിന്യങ്ങള്‍ കത്തിച്ചു പ്രദേശത്തെ പുകക്കുമ്പോള്‍ അതിലൊരു തെറ്റും അവര്‍ കണ്ടില്ല. കഴിഞ്ഞ പത്ത് ദിവസത്തില്‍ ഏറെയായി ബ്രഹ്മപുരം വിഷയം കത്തി നിന്നപ്പോള്‍ പോലും എറണാകുളം ജില്ലയിലെ വഴിയോരങ്ങളില്‍ പലയിടങ്ങളിലും മാലിന്യ കൂമ്പാരത്തിന് തീയിടുന്ന കാഴ്ച ഞാന്‍ കണ്ടതാണ്. സഹോദരന്‍ അയ്യപ്പന്‍ റോഡിലുള്ള എളംകുളം പാലത്തിന്റെ വശങ്ങളില്‍ സ്ഥിരമായി മാലിന്യത്തിന് തീയിടാറുണ്ട്. വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള റോഡിന്റെ വശങ്ങളില്‍ തുറസ്സായ പറമ്പുകളിലേക്ക് വലിച്ചെറിയുന്ന മാലിന്യ പൊതികള്‍ക്ക് തീയ്യിടുന്ന കാഴ്ച കഴിഞ്ഞ ദിവസം കൂടി കണ്ടതാണ്. അവിടങ്ങളില്‍ പ്ലാസ്റ്റിക് കത്താതിരിക്കാന്‍ യാതൊരു വഴിയുമില്ല. നമ്മള്‍ മലയാളികള്‍ മാലിന്യം വലിച്ചെറിയാന്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് തുടങ്ങിയിട്ട് കാലമേറെയായല്ലോ. ഇവിടെല്ലാം നിന്ന് ഉയരുന്ന പ്രാദേശിക പുക ആരോഗ്യപരമാണെന്നും, കൊതുകിനെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ നല്ലതാണെന്നും വാട്‌സാപ്പില്‍ വായിച്ചത് ഓര്‍ക്കുന്നു!
പദ്ധതികളുടെ ചിലവ് കണക്കാക്കുമ്പോള്‍, അതിന്റെ മൂലധന ചിലവ് മാത്രം നോക്കി ഇറങ്ങിപ്പുറപ്പെടുന്ന പ്രത്യേക തരം ധനകാര്യ നിര്‍വ്വഹണ രീതിയാണ് നമുക്കുള്ളത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബ്രഹ്മപുരത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടന്നത്. സ്ഥലം ഏറ്റെടുക്കാന്‍ ഇത്ര കാശ്, കെട്ടിടത്തിന് ഇത്ര കാശ്, ഉദ്ഘാടനത്തിന് ഇത്ര കാശ്, ബഹുവര്‍ണ്ണ പരസ്യത്തിന് ഇത്ര കാശ് എന്ന് കണക്കാക്കിയപ്പോള്‍, മാലിന്യ സംസ്‌കരണത്തിന് എത്ര കാശ് എന്നാരും ചോദിച്ചില്ല. മാലിന്യം അവിടെ കിടന്നു നശിച്ചു പൊയ്‌ക്കോളും എന്ന അഴകൊഴമ്പന്‍ നിലപാടായിരുന്നു രാഷ്ട്രീയക്കാര്‍ക്ക്. ജനങ്ങള്‍ കാണുന്ന സുഭാഷ് പാര്‍ക്കിലും, മഴവില്‍ പാലത്തിനും, നിറം പൂശിയാലെ പത്രത്താളുകളില്‍ നിറയാന്‍ കഴിയൂ എന്ന് അവര്‍ക്കറിയാം. കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചത് ജനങ്ങളാണ്, ഇത്ര പെട്ടെന്ന് ഇത്രയധികം മാലിന്യം കൊണ്ട് വന്നു ആ പ്രദേശം നിറയ്ക്കും എന്ന് ആരും കരുതിയില്ല.
കേരള സംസ്ഥാനത്തിന്റെ സാമ്പത്തികം ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രണ്ട് മേഖലകളാണ് ഐ.ടിയും ടൂറിസവും. സംസ്ഥാനത്തെ ഐ.ടി വ്യവസായത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖലയായ കാക്കനാട് നിന്നും നടന്നെത്താവുന്ന ദൂരത്താണ് ഇന്നീ ദുരന്തം നടന്നത് എന്നത് അധികാരികളുടെ പിടിപ്പുകേട് തന്നെയാണ്. ടൂറിസം വ്യവസായത്തിന് വരുമാനം ഉണ്ടാക്കി തരുന്ന സഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്ന എറണാകുളം ജില്ലയില്‍ ഇത് സംഭവിക്കുമ്പോള്‍, മൂക്കടച്ചു വീട്ടില്‍ ഇരിക്കാന്‍ പറയുന്ന രക്ഷാപ്രവര്‍ത്തനത്തിന് അപ്പുറത്തേക്ക് ആദ്യ ദിവസങ്ങളില്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല എന്നത് പുരോഗമന സംസ്‌കാരത്തിന് ഒരു തരത്തിലും ചേര്‍ന്നതല്ല. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്തിന് ഇതിനപ്പുറത്തേക്കുള്ള ഒരു ദുരന്ത നിവാരണ നടപടിക്രമങ്ങളും അധികാരികളുടെ പക്കല്‍ ഉണ്ടായിരുന്നില്ലേ? ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തെക്കാള്‍ അപകടകാരികളായ വ്യവസായങ്ങള്‍ എറണാകുളം ജില്ലയുടെ നാലു ഭാഗത്തും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. അതില്‍ ഒരെണ്ണത്തിന് ഇതുപോലൊരു അപകടം ഉണ്ടായെങ്കില്‍, കുറെ ഫയര്‍എന്‍ജിന്‍ കൊണ്ട് വന്നു വെള്ളം ഒഴിക്കുന്നത് മാത്രമാണോ ആകെയുള്ള പോംവഴി?
നമ്മുടെയെല്ലാം ഭാഗ്യം കൊണ്ട് കാറ്റ് വീശിയത് കടലിലേക്കായതു നന്നായി. തിരിച്ചു തെക്കോട്ടായിരിന്നു കാറ്റെങ്കില്‍, ഈ പുക പോയി മലനാടുകളില്‍ തങ്ങി നിന്ന് ഇതിലും വലിയ ദുരന്തമായി മാറിയേനെ. എറണാകുളം പട്ടണത്തിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ ഉള്ളവര്‍ക്ക് ഉണ്ടായതിനേക്കാള്‍ നൂറു മടങ്ങ് പ്രശ്‌നങ്ങള്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉള്ളവര്‍ക്ക് സംഭവിച്ചേനെ. ഇടുക്കി ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍, എറണാകുളം ജില്ല ഇല്ലാതാകും എന്ന് പറയുന്നവരോട് ഇനി പറയാം, ഞങ്ങളെ ഉപദ്രവിക്കാന്‍ ഞങ്ങള്‍ക്ക് വേറെ ജില്ലക്കാരുടെ സഹായം ആവശ്യമില്ലെന്നു.
കേരളത്തിലെ മാലിന്യ സംസ്‌കരണ ചരിത്രം നോക്കിയാല്‍, പട്ടണങ്ങള്‍ തങ്ങളുടെ മാലിന്യം ഗ്രാമങ്ങളില്‍ കൊണ്ട് പോയി തള്ളുന്നത് ആദ്യമായല്ല. ഇതിന്റെ പേരില്‍ ഒട്ടനവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും ഇതിന്റെ പേരില്‍ ശക്തമായ സമരങ്ങള്‍ നടന്നിട്ടുണ്ട്, പല ഗ്രാമങ്ങളും കുടിയൊഴിക്കപ്പെട്ടിട്ടുണ്ട്. മാലിന്യം കൊണ്ട് തള്ളുമ്പോള്‍, അവിടെ അത് സംസ്‌കരിക്കപ്പെടും എന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഒന്നും നടക്കാതെ വരുമ്പോള്‍ ആ നാട്ടുകാര്‍ അവിടുന്ന് പാലായനം ചെയ്തു പോയിട്ടുണ്ട്. മാലിന്യത്തിന് കാരണക്കാരായവര്‍ അന്നും ഇത്തരം മനുഷ്യദുരന്തങ്ങള്‍ക്ക് നേരെ കണ്ണടക്കുയാണ് ചെയ്തിട്ടുള്ളത്.
ഉമ്മറവാതില്‍ക്കല്‍ നിന്ന് മാലിന്യം മാറ്റപ്പെടുന്നതാണ് ശരാശരി മലയാളിയെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ മാലിന്യ സംസ്‌കരണം. കുടുംബശ്രീക്കാര്‍ക്ക് 50 രൂപ കൊടുത്ത് മാലിന്യം നീക്കുന്നതോടെ മലയാളിയുടെ ഇക്കാര്യത്തിലുള്ള കടമ കഴിഞ്ഞു. ഇന്ന് അവരെല്ലാം മാലിന്യ സംസ്‌കരണ വ്യവസായത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. മാലിന്യം സംസ്‌കരിക്കപ്പെടുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ ജനങ്ങളുടെ ചുമതലയാണെന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വീട്ടില്‍ കൊണ്ടുവരുന്ന പാല്‍ പാക്കറ്റുകള്‍ പോലും കഴുകി വൃത്തിയാക്കി പ്രത്യേകമായി മാറ്റി വച്ച് മറ്റ് മാലിന്യങ്ങളുടെ കൂടെ കൂട്ടാതിരിക്കാന്‍ പറ്റില്ലെങ്കില്‍, ഇനിയും പുകയുയരും, ഇനിയും നാമത് ശ്വസിക്കും.