Quantcast
MediaOne Logo

ഭ്രമയുഗം - ഭ്രാന്തിന്റെ യുഗം; പതിനേഴാം നൂറ്റാണ്ടിലെ പശ്ചാത്തലവും ഇന്നിന്റെ ഇന്ത്യന്‍ വര്‍ത്തമാനവും

ചതിയിലൂടെയും അന്ധവിശ്വാസത്തിലൂടെയും കള്ളത്തരത്തിലൂടെയും എല്ലാറ്റിനും മേല്‍ അധികാരം വഹിക്കുന്ന ഒരു ഫാസിസ്റ്റായി കൊടുമണ്‍ പോറ്റിയും ആരെയൊക്കയോ പ്രതിനിധാനം ചെയ്യുന്നുവെന്ന് സിനിമ ധീരമായി പറയുന്നു.

ഭ്രമയുഗം - ഭ്രാന്തിന്റെ യുഗം; പതിനേഴാം നൂറ്റാണ്ടിലെ പശ്ചാത്തലവും ഇന്നിന്റെ ഇന്ത്യന്‍ വര്‍ത്തമാനവും
X

മലയാളത്തിലെ ആദ്യത്തെ ബഹുവര്‍ണ്ണ ചിത്രമായകണ്ടം ബച്ച കോട്ട്(ഞാന്‍ ജനിക്കുന്നതിനും പതിമൂന്ന് വര്‍ഷം മുമ്പ്) 1961-ലാണ് പുറത്തിറങ്ങിയത്.ടി.ആര്‍ സുന്ദരംആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പൂര്‍ണ്ണമായും ഇല്ലാതായത്. 1978 ല്‍പുറത്തിറങ്ങിയ ഹരിഹരന്‍സംവിധാനം ചെയ്ത യാഗാശ്വം. എന്ന സിനിമ പെരുമ്പിലാവ് സൈന ടാക്കീസില്‍ വരുന്നത് 1980 ലാണ്. ഒരു രണ്ടാം ക്ലാസ്സുകാരന്റെ ആദ്യ സിനിമാക്കാഴ്ചയുടെ വിസ്മയം ഇന്നും മനസ്സിലുണ്ട്. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ അഭിനയിച്ചത് പ്രേം നസീര്‍, വിധുബാല,അടൂര്‍ ഭാസി തുടങ്ങിയവരാണെന്ന് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് മനസ്സിലാക്കിയെടുത്ത കാര്യങ്ങള്‍.

അതിനടുത്ത വര്‍ഷം കണ്ട അന്തപ്പുരം എന്ന സിനിമ കളര്‍ച്ചിത്രമായിരുന്നു. ഇപ്പോള്‍ അവസാനം കണ്ട മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ നിറങ്ങളുടെ ഉത്സവമായിരുന്നുവെങ്കില്‍, ഭ്രമയുഗമെന്ന ഏറ്റവും പുതിയ സിനിമ എണ്‍പതുകള്‍ക്ക് മുമ്പുള്ള ആ കറുപ്പും വെള്ളുപ്പും തിരശ്ശീല കാലത്തിലേക്ക് വീണ്ടും നമ്മെ കൊണ്ടു പോകുന്നു. പുതുതലമുറയ്ക്ക് അങ്ങനെയൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പറയാന്‍ ഇല്ല എന്നതിനാല്‍ അവര്‍ക്ക് ഭ്രമയുഗം ഒരു പുതിയ കാഴ്ച പ്രധാനം ചെയ്തിരിക്കാം.


1920 കളിലെ ഹോളിവുഡ് നിശബ്ദ ചലച്ചിത്രങ്ങളിലെ നായകനായിരുന്ന ജോര്‍ജ് വാലന്റ്റിന്റെ ജീവിതത്തിലെ ഉയര്‍ച്ചകളിലൂടെയും, താഴ്ച്ചകളിലൂടെയും പോകുന്ന 'ദി ആര്‍ട്ടിസ്റ്റ്' എന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പഴയ കാല നിശബ്ദ ചിത്രങ്ങളുടെ ഓര്‍മകള്‍ പ്രേക്ഷകനില്‍ ഉണര്‍ത്തുന്നതായിരുന്നു. സിനിമാ മേഖലയുടെ കഴിഞ്ഞു പോയ ഒരു കാലത്തിനുള്ള സ്‌നേഹ സമ്മാനമാണ് 2011 ല്‍ ഇറങ്ങിയ മൈക്കല്‍ ഹസനാവിഷ്യസ് സംവിധാനം ചെയ്ത ഈ ചലച്ചിത്രം പ്രസ്തുത വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുകയും ചെയ്തു. മികച്ച സംവിധായകനുള്ള ഓസ്‌കാറും, നായക നടനായ ജീന്‍ ഡുജാര്‍ഡിന്‍ മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡും കരസ്ഥമാക്കി.

ഭ്രമയുഗക്കാഴ്ചയിലേക്ക്

പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറയുമ്പോഴും ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിനോട് കലഹിക്കാന്‍ കഴിയുന്നുണ്ട് ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ക്ക്. അതുതന്നെയാണ് ഒരു കലാരൂപമെന്ന നിലയില്‍ ഈ സിനിമ മുന്നോട്ടു വെയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദ്വൗത്യവും അതിന്റെ പ്രസക്തിയും. സംഭാഷണങ്ങളുടെ ആഴങ്ങളിലേക്ക് ശ്രദ്ധ തിരിച്ചാല്‍ അധികാര കേന്ദ്രങ്ങളിലേക്കുള്ള സാധാരണ മനുഷ്യന്റെ ചോദ്യങ്ങളായി അവ രൂപാന്തരപ്പെടും. ചോദ്യങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍ അധികാരികള്‍ പല്ല് ഞെരിക്കും.

അധികാര രാഷ്ട്രീയത്തെയും ജാതി വഹിക്കുന്ന പ്രധാന പങ്കിനെയും അഡ്രസ്സ് ചെയ്തു കൊണ്ടാണ് പട്ടേരിയും പാണനും ഒരേസ്ഥാനമെന്നും, ബ്രാഹ്മണനായി ജനിക്കുന്നതല്ല, പ്രവര്‍ത്തി കൊണ്ടാണ് തെളിയിക്കേണ്ടത് എന്നൊക്കെ അധികാരി തന്റെ 'മനസ്സിന്റെ വര്‍ത്തമാനം' പറയുന്നത്. എന്നാല്‍, അയാളുടെ അണപ്പല്ല് പകയാല്‍ ഞെരിഞ്ഞമരുന്നതും, വെളിപ്പെടാത്ത മറ്റൊരു മുഖം മറഞ്ഞിരിക്കുന്നതുമായ അന്തപ്പുര രഹസ്യങ്ങളെ, ഇന്നിന്റെ ഇന്ത്യന്‍ നടപ്പു കാലത്തോട് ചേര്‍ത്ത് വായിച്ചാല്‍ ചിലപ്പോള്‍ മനയെ നമുക്ക് ഇന്ത്യയുടെ ചെറു മാതൃകയായി തോന്നാം. തങ്ങളുടെ ജീവിതത്തിന്മേല്‍ നിയന്ത്രണം നിഷേധിക്കപ്പെട്ട പൊതുജനങ്ങളുടെ പ്രതീകമായി മനയിലെ പാട്ടുകാരനും പാചകക്കാരനും ചിലന്തി വലയ്ക്കുള്ളില്‍ എന്നവിധം പെട്ടുപോകുന്നു.

വാഴ്ത്തുപാട്ടുകളില്‍ അഭിരമിക്കുന്നവരാണ് എക്കാലത്തും അധികാരികള്‍. എതിര്‍ത്തവരെയൊക്കെ മണ്ണുവെട്ടി കുഴിച്ചുമൂടുന്നു. ഗൗരി ലങ്കേഷിനെ പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉദാഹരണം. അധികാര വര്‍ഗ്ഗത്തെ സ്വയം തെരഞ്ഞെടുക്കുന്ന ജനത്തിന്റെ കഴിവില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട് സിനിമയില്‍. ചതിയിലൂടെയും അന്ധവിശ്വാസത്തിലൂടെയും കള്ളത്തരത്തിലൂടെയും എല്ലാറ്റിനും മേല്‍ അധികാരം വഹിക്കുന്ന ഒരു ഫാസിസ്റ്റായി കൊടുമണ്‍ പോറ്റിയും ആരെയൊക്കയോ പ്രതിനിധാനം ചെയ്യുന്നുവെന്ന് സിനിമ ധീരമായി പറയുന്നു. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ചൂഷണം ചെയ്യുന്നത് തുടരുക തന്നെയാണ്. തിന്മകളെ തുടച്ചു നീക്കുമെന്ന് വാഗ്ദാനം ചെയ്യുന്നവരും അധികാരത്തിന്റെ രസത്തില്‍ ഏതു ചാത്തനേയും കൂട്ടുപിടിച്ച് തങ്ങളുടെ സിംഹാസനം ഉറപ്പിക്കും. (അതെല്ലെങ്കില്‍ ഏതു ദൈവത്തേയുമെന്ന മറുവായനയും പ്രസക്തമാണ്)


നാം കേട്ടുമറന്ന കഥകളിലേക്ക്, ആകാംക്ഷയെ ബുദ്ധിപരമായി ഇഴചേര്‍ത്ത് ഭീകരമായൊരു നിഗൂഢതയുടെ തോന്നലിലേക്ക് കാഴ്ചക്കാരെ തളച്ചിടാന്‍ കറുപ്പും വെളുപ്പും നിഴലും തെളിച്ചവും കൂടിക്കലര്‍ന്ന ഒരാഖ്യാനത്തിന്റെ ശൈലി സിനിമ ഉടനീളം നിലനിര്‍ത്തുന്നുണ്ട്.

പതിനേഴാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറിന്റെ തുരുമ്പിച്ച ഭൂപ്രകൃതിയുടെ തമോഗര്‍ത്തത്തിലേക്ക് പ്രേക്ഷകരെ കൂടുതല്‍ ആഴത്തില്‍ തള്ളിയിടുന്ന വിധമുള്ള രാഹുല്‍ സദാശിവന്റെ മികവുറ്റ ക്രാഫ്റ്റിലേക്ക്, പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്റെ സംഭാഷണത്തില്‍, എഴുത്തിന്റെ വൈദഗ്ധ്യം കൂടി കലരുമ്പോള്‍ വാക്കുകള്‍ സംഗീതമാകുന്നു. ചരിത്രപരമായ യാഥാര്‍ഥ്യത്തെ അമാനുഷിക ഭീകരതയിലേക്ക് ലയിപ്പിച്ചുകൊണ്ട്, ഫ്രെയിം റ്റു ഫ്രെയിം കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ ടീം വര്‍ക്ക് വിജയിച്ചിട്ടുണ്ട്.

കൊടുമണ്‍ പോറ്റിയുടെ കാട്ടിലെ ആ പുരാതനമായ മനയ്ക്ക്, പ്രദേശത്തുകൂടി കടന്നുപോകുന്ന എതൊരാളെയും ആകര്‍ഷിക്കുന്ന മാന്ത്രികമായ കഴിവുകളുണ്ടെന്ന് തോന്നാം. ഒരിക്കല്‍ അകത്ത് കടന്ന ആരും തന്നെ പിന്നീട് പുറം ലോകം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആ മാളികയിലെ പല രഹസ്യങ്ങളേയും മറയ്ക്കുന്ന, ഒരു പ്രഹേളിക - രക്ഷാധികാരിയായ പോറ്റി പോലും പറയുന്നുണ്ട് താന്‍ വളരെക്കാലമായി പുറംലോകം കണ്ടിട്ടില്ലെന്ന്.

അമാനുഷിക ഇടപെടലുകളുടെ അനന്തരഫലം മാത്രമല്ല, സ്വേച്ഛാധിപത്യപരവും ജാതീയവുമായ അധികാര വാഴ്ചയുടെ കീഴിലുള്ള തികഞ്ഞ രാഷ്ട്രീയ നിസ്സഹായാവസ്ഥയെ വ്യാഖ്യാനിക്കാന്‍ സിനിമയുടെ പ്രമേയം ശ്രമിക്കുന്നുണ്ട്. പോറ്റിയുടെ വാസസ്ഥലം രാഷ്ട്രീയമായി അധികാരമില്ലാത്തവരുടെ ദുരിതങ്ങളുടെ നരകമാണ്, അവിടെ അവര്‍ക്ക് വ്യക്തിത്വമില്ല. സ്വാതന്ത്ര്യമോ നീതിയോ ഇല്ല. മനയിലെ താമസക്കാര്‍ക്ക് അവര്‍ ഉള്ളില്‍ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചോ മാസങ്ങളെക്കുറിച്ചോ വര്‍ഷങ്ങളെക്കുറിച്ചോ ഉള്ള എല്ലാ ബോധവും നഷ്ടപ്പെടുന്നു.


താരങ്ങളും കഥാപാത്രങ്ങളും

ഈ സിനിമ കാണുമ്പോള്‍ നാം ഭയപ്പെടുക യക്ഷിയെ കണ്ടിട്ടോ, ചാത്തനെ കണ്ടിട്ടോ അല്ല, മറിച്ച് കൊടുമണ്‍ പോറ്റിയായി പരകായ പ്രവേശം നടത്തുന്ന മലയാളത്തിലെ അഭിനയകലയിലെ മാന്ത്രികനായ മമ്മൂട്ടിയുടെ കൊലച്ചിരി കണ്ടിട്ടാണ്. മമ്മൂട്ടി ഒരോ വട്ടം ചിരിക്കുമ്പോഴും കാഴ്ചക്കാരുടെ ഉള്ളില്‍ ഭയത്തിന്റെ തീപ്പൊരി മിന്നും. തന്റെ ശരീരമെന്ന ടൂള്‍ ഉപയോഗിച്ച് ഈ നടന്‍ ഒരിക്കല്‍ കൂടി അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തിരിക്കുന്നു. നടന്‍ തന്റെ ശരീരഭാഷയുടെ ചലനങ്ങളിലും, നോട്ടത്തില്‍ പോലും നിരവധി സാധ്യതകളെ ഒളിപ്പിച്ചുവെച്ച ആട്ടത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടതുണ്ട്.

തമ്പുരാന്‍മാര്‍ക്ക് വേണ്ടി പാട്ടുപാടി ഉപജീവനം നടത്തിയിരുന്നതേവന്‍ പിന്നാക്ക ജാതിയില്‍ പെട്ടയാളാണ്. കൊടുമണ്‍ പോറ്റി, തേവന്റെ പാട്ടില്‍ ആകര്‍ഷനായി അയാളെ വീട്ടില്‍ നിര്‍ത്തുന്നു. പാണന്‍ സമുദായത്തിലെ തേവനെന്ന നായക പ്രാധാന്യമുള്ള കഥാപാത്രമായി (നായകന്‍ തന്നെയാണ്) അര്‍ജുന്‍ അശോകന്റെ സിനിമയിലുടനീളം തന്റെ പ്രകടനം മികവുറ്റതാക്കുന്നു. അദ്ദേഹത്തിന് ശരീരഭാഷ കൊണ്ട് കഥാപാത്രത്തിന്റെ സൂക്ഷ്മമായ ശാരീരിക സൂക്ഷ്മതകളെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നു. അതേ സമയം, ഡയലോഗ് ഡെലിവറിയുടെ മോഡ്‌ലേഷന്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് തോന്നി.

ഒരേ സമയം രണ്ടുതരം ഭാവങ്ങളിലൂടെ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്റെ ബഹുമുഖ പ്രകടനം ശ്രദ്ധേയമാക്കി. കണ്ടുമടുത്ത മുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി സിദ്ധാര്‍ത്ഥിന്റെ ദാസന്‍. കഥാപാത്രത്തിന്റെ വിവിധ മാനങ്ങള്‍ സമര്‍ത്ഥമായി പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സേവകന്റെ നിസ്സംഗതയും അധികാരിയുടെ ധിക്കാരവും സിദ്ധാര്‍ത്ഥന്റെ മുഖത്തില്‍ നിഷ്പ്രയാസം മാറി മാറി വരുന്നത് കാണാം.

തുടക്കത്തില്‍ മാത്രം വരുന്ന മണികണ്ഡന്‍ ആചാരിയും പതിവുപോലെ തന്റെ വേഷം മനോഹരമായി ചെയ്തു. പെണ്‍ കഥാപാത്രം പേരിനു മാത്രമായി ചുരുങ്ങിപ്പോയി. കുറച്ചു കൂടി പ്രാധാന്യം നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. പുതിയതായി ഒന്നും ചെയ്യാന്‍ അവസരം നല്‍കിയില്ല നായികയെന്നൊക്കെ അമാല്‍ഡ ലിസിനെ പരിചയപ്പെടുത്തുമ്പോഴും ഒരു എക്‌സ്ട്രാ നടിയുടെ പരിഗണ പോലും ലഭിക്കുന്നില്ല. പറഞ്ഞു ശീലിച്ച വശീകരണരൂപമായി മാത്രം ഒതുങ്ങുന്നു അവര്‍. സിനിമയില്‍ മുഖം കാണിച്ച്, ഒന്നും ഉച്ചരിക്കാനില്ലാതെ മൗനിയാവുന്ന സ്ത്രീ സാന്നിദ്ധ്യം ഒരു ന്യുനത തന്നെയാണ്.

ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും ജോതിഷ് ശങ്കറിന്റെ വിദഗ്ധമായ കലാസംവിധാനവും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗും ജയദേവന്‍ ചക്കാടത്തിന്റെ സൗണ്ട് ഡിസൈറിംഗും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും കൂടിച്ചേര്‍ന്ന് ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റിലും കളര്‍ഫുള്‍ യുഗത്തിന്റെ പ്രതീതിയുണ്ടാക്കുന്നു.

സിനിമയുടെ ആദ്യ പകുതി ചിലപ്പോഴൊക്കെ ഇഴഞ്ഞു നീങ്ങുന്നുവോ എന്നൊരു തോന്നാല്‍ ഉണ്ടാക്കുന്നുണ്ട്. എന്നാലത് രണ്ടാം പകുതിയില്‍ കാത്തുവെച്ച ട്വിസ്റ്റിലേക്കുള്ള കഥാഗതിയെ മുന്നോട്ട് നയിക്കാനുള്ള വഴി വെട്ടിത്തെളിയിക്കുകയും കഥാപാത്രങ്ങളെ ഒരുക്കിയെടുക്കുകയോ, കാഴ്ചക്കാരെ രണ്ടാം പകുതിയിലേക്ക് മെരുക്കിയെടുക്കുകയോ ചെയ്യുന്നതാണ്. തേവനോട് മന വിട്ടുപോകാന്‍ അനുവാദമില്ലെന്ന് പറയുന്ന പോറ്റിയെ പോലെ, സംവിധായകന്‍ കാഴ്ചക്കാരെ ആദ്യ പകുതി തീരുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം ആകാംക്ഷയില്‍ തളച്ചിടുന്നു.

കണ്ടുമടുത്ത പ്രേത സിനിമകളില്‍ നിന്നും ഭ്രമയുഗം വ്യത്യസ്തമാകുന്നത് അതിന്റെ മേക്കിംഗ് തന്നെയാണ്. ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ ചിലപ്പോള്‍ മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന ഒരു മഴയുടെ നിലയ്ക്കാത്ത ധാരയുണ്ടിതില്‍. ആ മഴയുടെ, കാറ്റിന്റെ താളത്തില്‍, നാടോടിക്കഥകളുടെ ചേലില്‍, പേടിപ്പെടുത്തുന്ന ആകാംക്ഷ സൃഷ്ടിച്ചെടുക്കുന്നു. നാടകത്തോളം പോന്ന അഭിനയചലനങ്ങള്‍, കാഴ്ചക്കാരെ പിടിച്ചിരുത്താന്‍ തക്കതാണ്. ഒട്ടും പാളിപ്പോകാത്ത കഥപറച്ചിലും ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും കൂടിയാവുമ്പോള്‍ ഭ്രമയുഗമൊരു പുതു സിനിമായുഗത്തിന് തുടക്കം കുറിക്കുന്നു.

വര: റാഫി കല്ലൂര്‍

TAGS :