ഉപതിരഞ്ഞെടുപ്പും ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും
2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം- 5
ഒക്ടോബര്‍ മാസം പകുതിയോടെ കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. നവംബര്‍ 13ന് തിരഞ്ഞെടുപ്പും നവംബര്‍ 23ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് പോയത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. (വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; വോട്ടെണ്ണല്‍ നവംബര്‍ 23ന്, മാതൃഭൂമി, ഒക്ടോബര്‍ 15, 2024).
വംശീയപ്രചാരണവുമായി ന്യൂനപക്ഷമോര്‍ച്ച
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ ഇസ്‌ലാമോഫോബിക് ആരോപണങ്ങള്‍ തുടങ്ങിയിരുന്നു. ഇത്തവണ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ മോര്‍ച്ചയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. അവര്‍ ചേലക്കര കാളിയാര്‍ റോഡ് ചര്‍ച്ച് ഇടവകയിലെ ക്രിസ്ത്യന്‍ വീട്ടുകളില്‍ ഒരു ലഘുലേഖ വിതരണം ചെയ്തു. രാഷ്ട്രീയ ഇസ്‍ലാമിനെതിരെ വോട്ട് ചെയ്യണമെന്നാണ് 'കേരള ക്രൈസ്തവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകരുതെ'ന്ന ശീര്‍ഷത്തിലുള്ള ലഘുലേഖ ആഹ്വാനം ചെയ്തത്: ക്രൈസ്തവര്‍ രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കണം. രാഷ്ട്രീയ ഇസ്‍ലാമിന്റെ വളര്‍ച്ചയില്‍ കേരളത്തില്‍ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവര്‍ക്കായിരിക്കും. ഇസ്‍ലാമിക പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന ഇടതു വലതു മുന്നണികളെ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കണം. അന്ധമായ രാഷ്ട്രീയ അടിമത്തങ്ങള്‍ ഉപേക്ഷിച്ച് ഐക്യത്തോടെ നിലനിന്നാല്‍ മാത്രമേ ഇവിടെ ക്രൈസ്തവര്‍ക്ക് അതിജീവനം സാധ്യമാകൂ. രാഷ്ട്രീയത്തിനും സമൂഹത്തിനും ഭീഷണിയായ ഇത്തരം അധിനിവേശ രാഷ്ട്രീയ പ്രവണതകള്‍ക്കെതിരെ സധൈര്യം മുന്നോട്ടുവരണം. മുനമ്പം പ്രശ്‌നവും മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ നിസ്‌കാര മുറി വിവാദവും ലഘുലേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന നിര്‍ദേശം സംഘടന പാലിച്ചിരുന്നില്ല. തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ലഘുലേഖയാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു (ചേലക്കരയില്‍ രാഷ്ട്രീയ ഇസ്‍ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് നോട്ടീസ്, ന്യൂസ് 18, നവംബര്‍ 10, 2024).
ലഘുലേഖക്കെതിരേ കോണ്‍ഗ്രസ് നേതാവ് ടി.എം കൃഷ്ണന്‍ പോലിസില്‍ പരാതി നല്‍കി. ചേലക്കര പോലിസ് ഭാരതീയ ന്യായസസംഹിതയിലെ 192ാം വകുപ്പനുസരിച്ച് ന്യൂനപക്ഷമോര്‍ച്ചക്കെതിരേ കേസെടുത്തു. (രാഷ്ട്രീയ ഇസ് ലാമിനെതിരേ വോട്ട് ചെയ്യണമെന്ന് ആഹ്വാനം വര്‍ഗീയ ലഘുലേഖ: കേസെടുത്ത് പോലിസ്, സിറാജ്, നവംബര്‍ 13, 2024)
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.ഡി.പി.ഐയോ?
തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ ഇടതുമുന്നണി പ്രത്യേകിച്ച് സി.പി.ഐഎം, എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്‍ലാമിയെയും മുന്‍നിര്‍ത്തി ഒരു പ്രചാരണത്തിന് തുടക്കമിട്ടു. ഇരുസംഘടനകളും മതരാഷ്ട്രവാദികളും വര്‍ഗീയവാദികളുമാണെന്നും യു.ഡി.എഫ് ഇവരുടെ വോട്ടുകൊണ്ട് ജയിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. യു.ഡി.എഫാകട്ടെ ഇതിനെ പ്രതിരോധിച്ചില്ലെന്നുമാത്രമല്ല, ഇടതുപക്ഷത്തിന്റെ മുസ് ലിംസംഘടനാവിരുദ്ധ യുക്തിയെ വിമര്‍ശിക്കാതെ വിടുകയും ചെയ്തു.
'ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.ഡി.പി.ഐയെ കൂടെ കൂട്ടിയാണോ പോകേണ്ടത്, അതില്‍ എന്ത് ലോജിക്കാണ് ഉള്ളതെന്ന് വി ഡി സതീശനോട് ചോദിച്ചുകൊണ്ട് സിപിഎം നേതാവ് എ.എ റഹീമാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്: ബി.ജെ.പിയെ നേരിടാന്‍ എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയാണോ പോകേണ്ടത്? ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എസ്.ഡി.പി.ഐയെ കൂടെ കൂട്ടുന്നത് എന്ത് ലോജിക്കാണ്? എത്ര വലിയ രാഷ്ട്രീയവിഡ്ഢിത്തമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മസ്ജിദുകളില്‍ നോട്ടിസുകള്‍ വിതരണം ചെയ്യുന്നു. യു.ഡി.എഫ് വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ 23ാം തിയ്യതി പാലക്കാട് പട്ടണത്തില്‍ കാണേണ്ടിവരുന്ന കാഴ്ചയെന്താണ്. കോണ്‍ഗ്രസ്സിന്റെ കൊടിക്കൊപ്പം എസ്.ഡി.പി.ഐക്കാരുടെ പതാക ഉയര്‍ത്തിപ്പിടിച്ച് എസ്.ഡി.പി.ഐക്കാരുടെ താളമല്ലേ കാണേണ്ടിവരിക? പാലക്കാട് പോലെയൊരു നഗരത്തില്‍ അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യപ്രത്യാഘാതം എന്താണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയെ ഇങ്ങനെ എന്റര്‍ടെയ്ന്‍ ചെയ്യേണ്ട കാര്യമുണ്ടോ. (...) അങ്ങേയറ്റം ആപല്‍കകരമായ വര്‍ഗീയകളിക്കാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്നത്'' ഇതായിരുന്നു റഹീമിന്റെ ചോദ്യങ്ങള്‍ ('ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്.ഡി.പി.ഐയെ കൂടെ കൂട്ടിയാണോ പോകേണ്ടത്, അതില്‍ എന്ത് ലോജിക്കാണ് ഉള്ളത്, വി.ഡി സതീശന്‍ മറുപടി പറയണം'; എ.എ റഹീം, മീഡിയാവണ്‍, നവംബര്‍ 15, 2024)
രണ്ട് ദിവസത്തിനുശേഷം വീണ്ടും അദ്ദേഹം അതാവര്‍ത്തിച്ചു: എസ്.ഡി.പി.ഐയെ മുന്നില്‍ നിര്‍ത്തി അപകടകരമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. കോണ്‍ഗ്രസിന് പരാജയഭീതിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വിഷയം ചര്‍ച്ചയാക്കണം. എസ്.ഡി.പി.ഐയെ മുന്നില്‍ നിര്‍ത്തി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസിന് ഉറപ്പിക്കാന്‍ കഴിയുന്നത് മൂന്ന് വിഭാഗത്തിന്റെ വോട്ടുകളാണ്. അതില്‍ ഒന്ന് എസ്.ഡി.പി.ഐയുടേതാണ്. രണ്ടാമത്തേത് മുസ്ലിം ലീഗിന്റെ വോട്ടുകള്‍. മൂന്നാമത്തേത് ജമാഅത്തെ ഇസ്‍ലാമിയുടെ വോട്ടുകള്‍. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത സഖ്യകക്ഷിയായി എസ്ഡിപിഐ മാറിക്കഴിഞ്ഞു('പാലക്കാട് കോണ്‍ഗ്രസ് ജയിച്ചാല്‍ എസ്.ഡി.പി.ഐയുടെ കൊടികളും പാറും'; എ എ റഹീം റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണില്‍, റിപോര്‍ട്ടര്‍, നവംബര്‍ 17, 2024)
സാദിഖലി തങ്ങള്‍ക്കെതിരേ ഇടതുപക്ഷം
ഒരു ഭാഗത്ത് ജമാഅത്ത് - എസ്.ഡി.പി.ഐ ആക്ഷേപം നടക്കുന്ന സമയത്തുതന്നെ ലീഗിനെതിരേയും സിപിഎം ആക്ഷേമുയര്‍ത്തി. പിണറായി വിജയന്‍ തന്നെയാണ് ഇതിന് നേതൃത്വം കൊടുത്തത്: സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ല. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ്(സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍- മുഖ്യമന്ത്രി, മാതൃഭൂമി, നവംബര്‍ 17, 2024). പാലക്കാട് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഭാവികമായും സാദിഖലി തങ്ങള്‍ക്കെതിരേയുള്ള പ്രതികരണം പ്രതിഷേധമുയര്‍ത്തി. വിമര്‍ശകരെയും മുഖ്യമന്ത്രി വെറുതേവിട്ടില്ല. പ്രതികരിക്കുന്നവരുടേത് തീവ്രവാദികളുടെ ഭാഷയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം: പറഞ്ഞത് മുസ്‍ലിം ലീഗ് അധ്യക്ഷന് എതിരെ ആണ്. സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായതിനുശേഷമാണ് മുസ്‍ലിം ലീഗ് ജമാഅത്ത് ഇസ്‍ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയത്. തീവ്രവാദികളുടെ ഭാഷയും കൊണ്ട് ആരും ഞങ്ങളുടെ അടുത്തേക്ക് വരേണ്ട. ഇപ്പോഴത്തെ പാണക്കാട് തങ്ങളെ കുറിച്ച് ഒരു വാചകം ഞാന്‍ പറഞ്ഞു. ലീഗിന്റെ ചില ആളുകള്‍ എന്തൊരു ഉറഞ്ഞ് തുള്ളലാണ്. പാണക്കാട് തങ്ങളെ കുറിച്ച് പറയാന്‍ പാടില്ല പോലും. പാണക്കാട് കുറേ തങ്ങള്‍മാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് മുസ്‍ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്. സാദിഖലി തങ്ങള്‍ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തില്‍ ജമാഅത്തെ ഇസ്‍ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തെ ഇസ്‍ലാമിയോടും എസ്.ഡി.പി.ഐയോടും ഇതുപോലുള്ള സമീപനം ഏതെങ്കിലും കാലത്ത് സ്വീകരിച്ചിട്ടുണ്ടോ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതില്‍ സാദിഖലി തങ്ങള്‍ക്ക് പങ്കില്ലേ... ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ട കാര്യമാണോ അത് (തീവ്രവാദ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുത്; സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി, മാധ്യമം, നവംബര്‍ 19, 2024). സിപിഎം കൊല്ലം നെടുവത്തൂര്‍ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുസ്‍ലിം ലീഗ് മുസ്‍ലിം സംഘടനകളുടെ ആശയത്തടങ്കലില്‍
സാദിഖലി തങ്ങള്‍ക്കു നേരെ ഉയര്‍ത്തിയ അതേ ആരോപണങ്ങള്‍ ലീഗിനെതിരേ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ഉര്‍ത്തി. മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഒപ്പം വിമര്‍ശനത്തെ മതവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചെന്ന പരാതിയും അദ്ദേഹം പങ്കുവച്ചു: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനമായാണ് ലീഗ് നേതൃത്വം നടത്തുന്നത്. മതപരമായ വികാരം രൂപപ്പെടുത്താന്‍ വേണ്ടിയുള്ള വര്‍ഗീയ അജണ്ട ചില ആളുകള്‍ നടത്തുന്നു. സാദിഖലിയെപ്പറ്റി പറഞ്ഞാല്‍ വിവരം അറിയുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ കോലാഹലമാണ് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാനായി ചിലര്‍ നടത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടേയും ആശയ തടങ്കല്‍പാളയത്തിലാണ് യഥാര്‍ത്ഥത്തില്‍ ലീഗ് ഉള്ളത്. ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം ശരിയായ രീതിയിലുള്ള വിമര്‍ശനമാണ് നടത്തിയത്(മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലിമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലില്‍: എം.വി ഗോവിന്ദന്‍, മീഡിയാവണ്‍, നവംബര്‍ 18, 2024).
പി.എഫ്.ഐവല്‍ക്കരിക്കപ്പെട്ട കോണ്‍ഗ്രസ്
പിണറായി വിജയന്റെയും എ എ റഹീമിന്റെയും ഗോവിന്ദന്‍ മാസ്റ്ററുടെയും വിമര്‍ശനം പിന്നീട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി വി.ഡി സതീശനുണ്ടാക്കിയ ധാരണ പാലക്കാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി വി.ഡി സതീശനുണ്ടാക്കിയ ധാരണ പാലക്കാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് കോണ്‍ഗ്രസ് സഖ്യത്തിനെതിരായ വിധിയെഴുത്താവും പാലക്കാടുണ്ടാവുക. ഒരു വിഭാഗത്തിന്റെ വീട് സമ്പര്‍ക്കത്തിനായി ഗ്രീന്‍ ആര്‍മി എന്ന സംഘം പാലക്കാട് ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ സതീശനും യുഡിഎഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്. ആരാധനാലയങ്ങളില്‍ എസ്.ഡി.പി.ഐക്കാര്‍ വിതരണം ചെയ്യുന്ന നോട്ടിസിനെ കോണ്‍ഗ്രസ് തള്ളിപ്പറയുമോ. പാലക്കാട്ടെ കോണ്‍ഗ്രസ് ഓഫിസില്‍ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. കോണ്‍ഗ്രസ് പൂര്‍ണമായും പി.എഫ്.ഐവല്‍ക്കരിക്കപ്പെട്ടു. വര്‍ഗീയതയുടെ കാര്യത്തില്‍ അവരോട് മല്‍സരിക്കുകയാണ് എല്‍.ഡി.എഫ്(നാല് വോട്ടിനുവേണ്ടി വി ഡി സതീശന്‍ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു- കെ സുരേന്ദ്രന്‍, ജന്മഭൂമി, നവംബര്‍ 18, 2024)
പാണക്കാട് തങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്‍ലാമിസ്റ്റ്
സംഘപരിവാര്‍ സഹയാത്രികനായ സന്ദീപ് വാര്യര്‍ തെരഞ്ഞെടുപ്പിന്റെ ഏതാനും ദിവസം മുമ്പ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇടുതപക്ഷവും മറ്റ് പല വിഭാഗങ്ങളും ഇതിനെ തിരഞ്ഞെടുപ്പ് വിമര്‍ശനത്തിന്റെ ഭാഗമാക്കി. സന്ദീപ് വാര്യര്‍ പാണക്കാട് തങ്ങന്മാരെ സന്ദര്‍ശിച്ചതായിരുന്നു കൂടുതല്‍ ചര്‍ച്ചക്ക് കാരണമായത്. പിണറായി വിജയനും ഗോവിന്ദന്‍ മാസ്റ്ററും അടക്കം പലരും വിഷയം ചര്‍ച്ച ചെയ്തു. അക്കൂട്ടത്തിലൊരാളാണ് പി.സി ജോര്‍ജ്: കോണ്‍ഗ്രസ് മതേതരപാര്‍ട്ടിയാണ്. മുസ്‍ലിം ലീഗിനെപ്പറ്റി പണ്ടങ്ങനെ പറഞ്ഞിരുന്നു. ഇപ്പോഴതില്ല. മതനേതാവെന്ന നിലയിലാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ, സമുദായത്തിന്റെ നേതാവെന്ന നിലയിലാണ് പോയത്. കോണ്‍ഗ്രസ് മതേതര പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ഇന്ത്യയെ നയിച്ച പാര്‍ട്ടിയാണ്. (...) കോണ്‍ഗ്രസ് മുസ്‌ലിം പ്രീണന രാഷ്ട്രീയമാണ് കൊണ്ടുവരുന്നത്. പണ്ട് പാണക്കാട് തങ്ങള്‍ കുടുംബം കേരളത്തിലെ ഏറ്റവും പ്രമുഖരായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തില്‍ ഒരു ഇലപോലും അനങ്ങിയില്ല. കാരണം അന്ന് പാണക്കാട്ടെ ഷിഹാബ് തങ്ങള്‍ ബാബരി മസ്ജിദിന്റെ പേരില്‍ രക്തപ്പുഴ കേരളത്തില്‍ പാടില്ലെന്ന് അഭ്യര്‍ത്ഥന നടത്തി. ആത്മസംയമനം പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. ഇപ്പോഴത്തെ സാദിഖലി തങ്ങള്‍ പൊളിറ്റിക്കല്‍ ഇസ് ലാമിന്റെ ആളാണ്. മതേതരത്വത്തെപ്പറ്റി വിവരമില്ല. കേന്ദ്രം വഖഫ് നിയമം മാറ്റിയെഴുതാന്‍ ബില്ലവതരിപ്പിച്ചപ്പോള്‍ ആ ബില്ലിനെതിരേ പ്രമേയം പാസ്സാക്കാന്‍ നേതൃത്വം നല്‍കിയത് ലീഗും പിണറായി വിജയനുമാണ്. പിണറായി വിജയന്‍ ചെയ്തത് മനസ്സിലാക്കാം. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലൈനാണ്. പക്ഷെ, സാദിഖലി തങ്ങള്‍ എങ്ങനെയാണ് അത് ചെയ്യുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നുവെന്നാല്‍ അത് ഹൈന്ദവ, ക്രൈസ്തവ, പിന്നാക്ക ആദിവാസി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് (പാണക്കാട് തങ്ങള്‍ എങ്ങനെ മതേതരവാദിയാകും? പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആളാണ് അദ്ദേഹം, റിപ്പോര്‍ട്ടര്‍, നവംബര്‍ 18, 2024).
പിണറായിയുടെ കാവിത്തൊലി
പിണറായി വിജയന്റെ സാദിഖലി തങ്ങള്‍ വിമര്‍ശനം ഇടതുപക്ഷചിന്തകര്‍ക്കിടയിലും വിമര്‍ശനത്തിനു കാരണമായി. അവരില്‍ പ്രമുഖരില്‍ ഒരാളാണ് ഡോ. ആസാദ്. സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതില്‍ പിണറായി വിജയന്‍ ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണ് അത്ഭുതമെന്ന് ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു: സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതില്‍ പിണറായി വിജയന്‍ ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണ് അത്ഭുതം... മുസ് ലിം ലീഗിനെ യു.ഡി.എഫില്‍ നിന്ന് ചാടിക്കാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എമ്മിന് ലീഗ് മതേതരവാദി പാര്‍ട്ടിയായിരുന്നു. യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ വര്‍ഗീയതയുടെ നിഴല്‍ വീഴ്ത്തണം. വര്‍ഗീയതയാണ് സി.പി.എമ്മിന് യുദ്ധോപകരണം. മുസ് ലിം സമൂഹത്തിനകത്ത് വിള്ളലുകള്‍ വീഴ്ത്താന്‍ പിണറായി പലമട്ട് ശ്രമിച്ചിട്ടുണ്ട്. അതൊക്കെയും തൃപ്തിപ്പെടുത്തിയത് ബി.ജെ.പിയെയും സംഘ്പരിവാരങ്ങളെയുമാണ്. സി.പി.എമ്മിനെ പിണറായി എവിടെയാണ് എത്തിച്ചിരിക്കുന്നത് എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. സി.പി.എമ്മിനകത്ത് രാഷ്ട്രീയ വിചാരവും വിവേകവും ഉള്ളവര്‍ ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയമാണിത് ('മുസ്‌ലിം സമൂഹത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പിണറായി പലവട്ടം ശ്രമിച്ചിട്ടുണ്ട്'; രൂക്ഷ വിമര്‍ശനവുമായി ഡോ. ആസാദ്, മാധ്യമം, നവംബര്‍ 18, 2024)
സിപിഎമ്മിന്റെ വിവാദ പത്രപരസ്യം
ഉപതിരഞ്ഞെടുപ്പുകാലത്ത് രണ്ട് കാലുമാറ്റങ്ങള്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒന്ന് നേരത്തെ സൂചിപ്പിച്ച സംഘപരിവാര്‍ സഹയാത്രികനായ സന്ദീപ് വാര്യരുടെതുതന്നെ. മറ്റൊന്ന് കോണ്‍ഗ്രസ് നേതാവ് പി സരിന്റെ ഇടതുപക്ഷത്തേക്കുള്ള കാലുമാറ്റം. പി.സരിനായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുവേണ്ടി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. രണ്ടു കാലുമാറ്റങ്ങളും നീണ്ട ചര്‍ച്ചക്ക് വഴിവച്ചു.
ഉപതിരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്‍.ഡി.എഫ് സുപ്രഭാതം, സിറാജ് തുടങ്ങിയ മുസ് ലിംമാനേജ്‌മെന്റ് പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ ഒരോ പരസ്യം നല്‍കി. (നവംബര്‍ 19, 2024, സുപ്രഭാതം, സിറാജ് പത്രങ്ങള്‍). 'സരിന്‍ തരംഗം' എന്നായിരുന്നു ശീര്‍ഷകം. പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. 'ഈ വിഷനാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം', 'കശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ' എന്നീ ഉപശീര്‍ഷകങ്ങളുള്ള പരസ്യത്തില്‍ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്.(സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം വിഷയമാക്കി തെരഞ്ഞെടുപ്പ് തലേന്ന് മുസ്ലിം മാനേജ്മെന്റ് പത്രങ്ങളില്‍ എല്‍ഡിഎഫ് പരസ്യം, മീഡിയവാണ്‍, നവംബര്‍ 19, 2024).
പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലെന്ന് അടുത്ത ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു (സന്ദീപ് വാര്യര്‍ക്കെതിരായ സിപിഎമ്മിന്റെ പരസ്യം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല, ഇടിവി ഭാരത്, നവംബര്‍ 19, 2024). പത്രപരസ്യം വടകര മണ്ഡലത്തില്‍ പൊതുതിരഞ്ഞെടുപ്പു കാലത്ത് ഉപയോഗിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ആവര്‍ത്തനമാണെന്ന് വടകര എം പി ഷാഫി പറമ്പില്‍ ആരോപിച്ചു. സന്ദീപ് വാര്യരെ ഏതാനും ദിവസം മുമ്പ് ക്രിസ്റ്റര്‍ ക്ലിയറാണെന്ന് എ കെ ബാലന്‍ വിശേഷിപ്പിച്ച കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.(പത്രപരസ്യം കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ മോഡിഫൈഡ് രൂപം-ഷാഫി പറമ്പില്‍, മാധ്യമം നവംബര്‍ 20, 2024).
കുറഞ്ഞനിരക്കായതുകൊണ്ട് പരസ്യം നല്‍കിയെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ വിശദീകരണം. കൂട്ടത്തില്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ഷാഫി പറമ്പില്‍ എംപിക്കോ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനോ ധൈര്യമുണ്ടോയെന്നും രാജേഷ് വെല്ലുവിളിച്ചു(കുറഞ്ഞ നിരക്കായതിനാലാണ് പരസ്യം നല്‍കിയത്-എം ബി രാജേഷ്, മാധ്യമം, നവംബര്‍ 20, 2024).
ഖുര്‍ആന്‍ തൊട്ട് സത്യം
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പില്‍ മതവര്‍ഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണെന്നും അദ്ദേഹം വിമര്‍ശിച്ചു ('രാഹുലിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചു': ആരോപണവുമായി സി.പി.എം, ഏഷ്യാനെറ്റ്, നവംബര്‍ 21, 2024).
ജമാഅത്ത് - എസ്.ഡി.പി.ഐ പ്രഭാവം
നവംബര്‍ 23ാം തിയ്യതി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ചേലക്കര മണ്ഡലം നിലനിര്‍ത്തിയെങ്കിലും പാലക്കാട് വിജയിക്കാനായില്ല. തങ്ങളുടെ പരാജയത്തിനു പിന്നിലും എസ്.ഡി.പി.ഐയാണെന്ന് ആരോപിച്ചായിരുന്നു തുടര്‍ന്നുള്ള പ്രചാരണം. എം.വി ഗോവിന്ദനാണ് ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചയാള്‍: ...പാലക്കാട് എസ്.ഡി.പി.ഐയുടേയും ജമാഅത്ത് ഇസ്‌ലാമിയുടേയും പിന്തുണ കോണ്‍ഗ്രസിന് കിട്ടി. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും എല്‍.ഡി.എഫിനെതിരെ യു.ഡി.എഫിന് വേണ്ടി ഒന്നിച്ചു. (രാഹുലിന്റെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും -എം.വി? ഗോവിന്ദന്‍, മാധ്യമം, നവംബര്‍ 23, 2024). എസ്ഡിപിഐയെയും ജമാഅത്തെ ഇസ് ലാമിയെയും കൂടെനിര്‍ത്തിയുണ്ടാക്കിയ രാഷ്ട്രീയധ്രുവീകരണമാണ് യുഡിഎഫിന് ഗുണം ചെയ്തതെന്ന് പിന്നീട് എം ബി രാജേഷും മാധ്യമങ്ങളോട് പറഞ്ഞു. (മീഡിയാവണ്‍, നവംബര്‍ 23, 2024)
മുപ്പതിനായിരത്തോളം വരുന്ന പാലക്കാട്ടെ മുസ്‌ലിംവോട്ടുകളെയും നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐയാണോയെന്ന ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിന് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ നല്‍കിയ മറുപടി ആ രീതിയില്‍ വേണം നമുക്ക് അനുമാനിക്കാനെന്നായിരുന്നു (പാലക്കാട്ടെ മുസ്ലീം വോട്ടര്‍മാരില്‍ അമ്പത് ശതമാനത്തേയും നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐ, ഏഷ്യാനെറ്എറ്, നവംബര്‍ 24, 2024).
റിപോര്‍ട്ടറിനോടുള്ള പ്രതികരണത്തിലും ഇതേ കാര്യം അദ്ദേഹം ആവര്‍ത്തിച്ചു: 'എല്‍.ഡി.എഫും യുഡിഎഫും തമ്മില്‍ 20,000ല്‍ അധികം വോട്ടിന്റെ വ്യത്യാസമാണുള്ളത്. ഇത് എങ്ങനെ വന്നു എന്ന് രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് മനസിലാവും. മതന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണ്. യുഡിഎഫിന്റെ ഘടകകക്ഷികളെക്കാള്‍ അക്ഷീണം പ്രവര്‍ത്തിച്ചതും അവര്‍തന്നെ. മതേതര കേരളത്തില്‍ എസ്.ഡി.പി.ഐയ്ക്ക് വളരാന്‍ കഴിയില്ല. വര്‍ഗീയ വിളവെടുപ്പിന് അവര്‍ക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. എസ്.ഡി.പി.ഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോണ്‍ഗ്രസ് കയറൂരി വിട്ടു. വീടുകള്‍ കയറാനും പള്ളിയില്‍ കയറിനിരങ്ങാനും കോണ്‍ഗ്രസ് അവരെ അനുവദിക്കുന്നു('എസ്.ഡി.പി.ഐസഹായം' ആവര്‍ത്തിച്ച് സരിന്‍; 'യു.ഡി.എഫിന്റെ ഘടകകക്ഷികളേക്കാള്‍ അക്ഷീണം പ്രവര്‍ത്തിച്ചത് എസ്ഡിപിഐ', റിപോര്‍ട്ടര്‍, നവംബര്‍ 24, 2024).
ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ അഭിപ്രായവും വ്യത്യസ്തമായിരുന്നില്ല: വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് പ്രചാരണം നടത്താനും കൃത്യമായി വിനിയോഗിക്കാനും യു.ഡി.എഫിന് സാധിച്ചുവെന്നും വര്‍ഗീയ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് നേടിയ വിജയമാണ് യു.ഡി.എഫിന്റേതെന്നും സുരേന്ദ്രന്‍ ആരോപിച്ചു(പാലക്കാട് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് യുഡിഎഫ് ജയിച്ചു; എന്‍ഡിഎ ആത്മപരിശോധന നടത്തി ജനങ്ങള്‍ക്കൊപ്പം നില്‍ക്കും: കെ സുരേന്ദ്രന്‍, ജനംടിവി, നവംബര്‍ 23, 2024). രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയും വോട്ടുവാങ്ങിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസും പറഞ്ഞു. ('രാഹുലിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി' -സി.പി.എം വാദം ഏറ്റുപിടിച്ച് ബി.ജെ.പിയും, നവംബര്‍ 23, 2024, മാധ്യമം)
എസ്.ഡി.പി.ഐ ബന്ധം നിഷേധിച്ച് കോണ്‍ഗ്രസ്
ഫലപ്രഖ്യാനത്തിനുശേഷം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഒരു ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ആ സമയത്ത് ഇതും വിവാദമായി. യുഡിഎഫ് വിജയാഹ്ലാദം പ്രകടിപ്പിക്കാനുള്ള എസ്.ഡി.പി.ഐയുടെ അവകാശത്തെ അംഗീകരിച്ചില്ലെന്നുമാത്രമല്ല, ഇടതുപക്ഷത്തിന്റെ മുസ്‌ലിം സംഘടനാവിരുദ്ധയുക്തിയെ വിമര്‍ശിക്കാതെ വിടുകയും ചെയ്തു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ മറുപടി അതിനു തെളിവായിരുന്നു: ഏതെങ്കിലും ചില സംഘടനകള്‍ക്ക് ക്രെഡിറ്റ് കൊടുക്കാന്‍ സാധിക്കുന്ന വിജയമല്ല പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടായത്. മണ്ഡലത്തിലെ മതേതര മനസിന്റെ വിജയമാണ് ഇവിടെ ഉണ്ടായത്. എസ്.ഡി.പി.ഐ, ജമാത്തെ ഇസ്‍ലാമി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഒരാള്‍ പോലും വോട്ടുചെയ്യാനില്ലാത്ത പ്രദേശങ്ങളിലും യു.ഡി.എഫിന്റെ വോട്ട് ഉയര്‍ന്നിട്ടുണ്ട്. വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ബി.ജെ.പിക്ക് 500-600 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകളില്‍ പോലും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെയൊന്നും ഒരു സമുദായത്തിന്റെയും സാന്നിധ്യം കാണാന്‍ സാധിക്കില്ല (വിജയത്തിന്റെ ക്രെഡിറ്റ് ഒരു സംഘടനയ്ക്കുമല്ല, പാലക്കാട്ടെ മതേതര മനസുകള്‍ക്കെന്ന് ഷാഫി പറമ്പില്‍, മാതൃഭൂമി, നവംബര്‍ 25, 2024).
ജമാഅത്തെ ഇസ്‍ലാമിയുടെ പ്രതികരണം
ഇടതുനേതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായതോടെ ജമാഅത്ത് അമീര്‍ പത്രസമ്മേളനം വിളിച്ച് മറുപടി പറഞ്ഞു. എന്നുമുതലാണ് ജമാഅത്തെ ഇസ്‍ലാമി ഭീകരന്മാരായി മാറിയതെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചര്‍ച്ച നടത്തി ജമാഅത്ത് പിന്തുണ സിപിഎം തേടിയിട്ടുണ്ടെന്ന് അദ്ദേഹം സിപിഎമ്മിനെ ഓര്‍മിപ്പിച്ചു: എന്നുമുതലാണ് ജമാഅത്തെ ഇസ്‍ലാമി ഭീകരന്മാരായി മാറിയതെന്ന് മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്‍ലാമിയുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും ജമാഅത്തിന്റെ വോട്ടിന്റെ ബലത്തില്‍ ജയിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ആര്‍.എസ്.എസുമായി ഞങ്ങളെ സമീകരിക്കുന്നത്. ജമാഅത്തെ ഇസ്‍ലാമി എന്നു മുതലാണ് ഭീകരപ്രസ്ഥാനമായത്. 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചര്‍ച്ച നടത്തി ജമാഅത്ത് പിന്തുണ സിപിഎം ആര്‍ജിച്ചിട്ടുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ദിണ്ഡിഗലിലും മധുരയിലും രാജസ്ഥാനിലെ സികറിലുമെല്ലാം ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണയോടെയാണ് സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ('ജമാഅത്തെ ഇസ്‍ലാമി യുഡിഎഫിന്റെ കൂടെനിന്ന് ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ സിപിഎമ്മിന്റെ അസ്വസ്ഥത എന്തിന്?'-പി. മുജീബുറഹ്‌മാന്‍, മീഡിയാവണ്‍, നവംബര്‍ 24, 2024). 2024നുശേഷമാണോ ജമാഅത്ത് ഭീകരന്മാരായതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രമേയം ഹിന്ദുത്വയോ അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളോ ആയിരുന്നില്ല, യു.ഡി.എഫ് മുന്നണിക്ക് ജമാഅത്ത് സംഘടനകളും എസ്.ഡി.പി.ഐയും നല്‍കിയ പിന്തുണയായിരുന്നു. യു.ഡി.എഫ് മതരാഷ്ട്രവാദികളായ വര്‍ഗീയവാദികളെ വോട്ടിനുവേണ്ടി പ്രീണിപ്പിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. ഇടതുപക്ഷമാണ് അതുയര്‍ത്തിയത്. ബി.ജെ.പി ഏറ്റുപിടിച്ചു.
യു.ഡി.എഫിന്റെ നിലപാട് കുറച്ചുകൂടി സങ്കീര്‍ണമായിരുന്നു. ഒരേ സമയം ഇടതുപക്ഷത്തിന്റെ ആരോപണം നേരിടുന്ന സംഘടനകളുടെ കൂടെനില്‍ക്കാനോ പ്രതിരോധിക്കാനോ അവര്‍ തയ്യാറായില്ലെന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ തള്ളിപ്പറയുകയും ചെയ്തു. മുസ്‍ലിം സംഘാടനത്തോടുള്ള വിയോജിപ്പ് ഇസ്‍ലാമോഫോബിയയുടെ മുഖ്യലക്ഷണങ്ങളിലൊന്നാണ്. മൂന്ന് പക്ഷത്തുള്ളവരും അത് ഒരേ സമയം ഉപയോഗപ്പെടുത്തിയെന്നത് ഇസ്‍ലാമോഫോബിയയുടെ ആഴം വ്യക്തമാക്കുന്നു.
കെ.കെ നൌഫൽ, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, നിഹാൽ എ, റെൻസൻ വി.എം, മുഹമ്മദ് മുസ്തഫ, അസീം ഷാൻ, സഈദ് റഹ്‍മാൻ, ബാസിൽ ഇസ്‍ലാം, കമാൽ വേങ്ങര, അബ്ദുൽ ബാസിത്