Quantcast
MediaOne Logo

മേലധ്യക്ഷന്‍മാരുടെ കാര്‍ട്ടല്‍ പൊളിറ്റിക്‌സ്

നവ ലിബറല്‍ കാലത്തെ ഒരു സര്‍ക്കാരിനെ രാഷ്ട്രീയമായി എങ്ങനെ നേരിടാം എന്ന് ചൂണ്ടിക്കാണിച്ചതാണ് കര്‍ഷക സമരം. എന്നാല്‍, വിലകൂട്ടിയാല്‍ വോട്ടു തരാം എന്നത് നവ-ഉദാരവത്കരണത്തിന്റെ സാധ്യതയാണ് മുന്നോട്ട് വച്ചത്. റബറിന് നല്ല വിലനില്‍കിയാല്‍ വോട്ടുതരാം എന്ന് പറയുമ്പോള്‍ ഫലത്തില്‍ പൗരന് ഉപഭോക്താവായി മാറി എന്ന് കൂടി പറയേണ്ടിവരും. |InDepth

എന്താണ് കാര്‍ട്ടല്‍ പൊളിറ്റിക്‌സ്
X

കാര്‍ട്ടല്‍ പൊളിറ്റിക്‌സ് (പ്രത്യേക ആശയത്തിനും വ്യക്തികള്‍ക്കും വേണ്ട രാഷ്ട്രീയം) എന്നൊരാശയം ആര്‍.എസ് കാറ്റ്‌സ്, പി. മേയര്‍ എന്നീ ഗവേഷകര്‍ 1995ല്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജനാധിപത്യത്തില്‍ ഇത്തരം കാര്‍ട്ടല്‍ പാര്‍ട്ടികള്‍ക്ക് ഇടമുണ്ട് എന്നതാണ് വര്‍ത്തമാന കാല പ്രത്യേകത. ജനാധിപത്യത്തില്‍ ഇത്തരം പ്രവണതകള്‍ക്ക് ഇടമില്ല എന്നൊക്ക സൈദ്ധാന്തികമായി പറയാമെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിലും ഇത്തരം കാര്‍ട്ടല്‍ രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം കിട്ടുന്നുണ്ട്.

ഒരു പ്രത്യേക സാമ്പത്തിക ശക്തിക്ക് വേണ്ടി സര്‍ക്കാര്‍ ഇടപെടുക, ഒരു വിഭാഗത്തിന്റെ മാത്രം സംസ്‌കാരിക ജീവിതത്തോട് സര്‍ക്കാര്‍ ചേര്‍ന്ന് നില്‍ക്കുക തുടങ്ങിയവ ഇതിനുദാഹരണമാണ്. കാര്‍ട്ടല്‍ രാഷ്ട്രീയത്തിന്റെ പ്രത്യകത പൗരന്‍ ഇല്ലാതാകുകയും പകരം ഉപഭോക്താവ് ആ സ്ഥാനത്തു പ്രതിഷ്ട്ഠിക്കപ്പെടുകയും ചെയ്യും എന്നതാണ്. കാര്‍ട്ടല്‍ രാഷ്ട്രീയം ജനാധിപത്യത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കില്ല എന്ന് കരുതിയിരുന്നു. എന്നാല്‍, ജനാധിപത്യത്തില്‍ വലിയ തോതില്‍ ഈ കാര്‍ട്ടല്‍ രാഷ്ട്രീയം കടന്നുവരുന്നുണ്ട്. തിരഞ്ഞെടുപ്പ് ബോണ്ട് ഇതിനുദാരഹരണമാണ്. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം കാര്‍ട്ടല്‍ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ഇതിന് കേരളത്തില്‍ നിന്നും ഇപ്പോള്‍ ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണം, റബറിന് വില മൂന്നുറു രൂപ ആക്കിയാല്‍ തങ്ങളുടെ വോട്ട് ബി.ജെ.പിക്ക് നല്‍കും എന്ന പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനം കാര്‍ട്ടല്‍ രാഷ്ട്രീയത്തിന്റെ വിജയമാണ്.

പഞ്ചാബിലെ സിഖ്-ജാട്ട് സമുദായങ്ങളോളം രാഷ്ട്രീയ വിലപേശല്‍ ശക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കും അവകാശപ്പെടാനില്ല, എന്നിട്ടും സമര മാര്‍ഗം സ്വീകരിച്ചത്, നയപരമായും രാഷ്ട്രീയമായും ഉള്ള പരിഹാരം വേണം എന്നത് കൊണ്ട് കൂടിയാണ്.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കേണ്ടത് ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്ത് സര്‍ക്കാര്‍ നടപ്പാക്കേണ്ട ഒരു നയമാണ്. അതിന് പകരം കര്‍ഷക നിയമം പോലെയുള്ള വിപണി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനോട് ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍കൊണ്ടുള്ള ഒരു ഇടപെടല്‍ അസാധ്യമാണ്. അതുകൊണ്ട് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിക്ക് അനുകൂലമായ നിലപാടെടുത്താല്‍ നേട്ടം ഉണ്ടാക്കാം എന്ന ആശയം രൂപപ്പെടുന്നത് തന്നെ കാര്‍ട്ടല്‍ രാഷ്ട്രീയത്തിന്റെ ദൃഷ്ടാന്തമാണ്.

കാര്‍ട്ടല്‍ താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ വിലപേശല്‍ സ്വാഭാവികമാണ്. ഒരു ഉല്‍പന്നത്തെ മുന്‍നിര്‍ത്തിയുള്ള വിലപേശല്‍ ജനാധിപത്യ വിരുദ്ധമാണ്. അതുവഴി ഉണ്ടാകുന്ന നേട്ടം കേവലം സാമ്പത്തികം മാത്രമാകില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തുറന്ന വിലപേശല്‍. ഈ വിലപേശല്‍ മുന്നോട്ട് വച്ച ആശയം ജനാധിപത്യം എന്നത് സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല എന്നതാണ്, പകരം ഇത്തരം വിലപേശലുകളിലൂടെ നിലനിര്‍ത്തേണ്ടതാണ് എന്ന ഒരു കാഴ്ചപ്പാട് ഇതിന് പിന്നില്‍ ഉണ്ട്.


ഈ വിലപേശല്‍ എന്ത്‌കൊണ്ട് രണ്ടു വര്‍ഷം നീണ്ട കാര്‍ഷിക സമരത്തില്‍ കണ്ടില്ല എന്നത് ഗൗരവമായ വിഷയമാണ്. ഒരു പക്ഷെ, ഏറ്റവും വലിയ വിലപേശല്‍ നടത്താന്‍ കഴിയുമായിരുന്ന കര്‍ഷകര്‍ സമരമാണ് മാര്‍ഗമായി സ്വീകരിച്ചത്. പഞ്ചാബിലെ സിഖ്-ജാട്ട് സമുദായങ്ങളോളം രാഷ്ട്രീയ വിലപേശല്‍ ശക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കും അവകാശപ്പെടാനില്ല, എന്നിട്ടും സമര മാര്‍ഗം സ്വീകരിച്ചത്, നയപരമായും രാഷ്ട്രീയമായും ഉള്ള പരിഹാരം വേണം എന്നത് കൊണ്ട് കൂടിയാണ്. മാത്രവുമല്ല ഒരു വ്യക്തിയെ തിരഞെടുത്തുകൊണ്ട് പരിഹരിക്കാവുന്നതല്ല കാര്‍ഷിക പ്രശ്‌നമെന്ന തിരിച്ചറിവ് കൂടിയാണ് നീണ്ട നാളത്തെ സമരത്തിലേക്ക് പോകാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്.

നവ ലിബറല്‍ കാലത്തെ ഒരു സര്‍ക്കാരിനെ രാഷ്ട്രീയമായി എങ്ങനെ നേരിടാം എന്ന് ചൂണ്ടിക്കാണിച്ചതാണ് കര്‍ഷക സമരം. എന്നാല്‍, വിലകൂട്ടിയാല്‍ വോട്ടു തരാം എന്നത് നവ-ഉദാരവത്കരണത്തിന്റെ സാധ്യതയാണ് മുന്നോട്ട് വച്ചത്. റബറിന് നല്ല വിലനില്‍കിയാല്‍ വോട്ടുതരാം എന്ന് പറയുമ്പോള്‍ ഫലത്തില്‍ പൗരന് ഉപഭോക്താവായി മാറി എന്ന് കൂടി പറയേണ്ടിവരും. അതായത് ഒരു ഉപഭോക്താവിന് എങ്ങനെയാണ് ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ കഴിയുന്നത്, അതിന് സമാനമായി നേട്ടം ഉണ്ടെങ്കില്‍ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒന്നായി ജനാധിപത്യം പരിണമിക്കപ്പെടണം. നവ-ഉദാരവത്കരണ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണ് ഈ വിലപേശല്‍. ഈ അവസരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു പോലെ പ്രയോഗിക്കാന്‍ കഴിയില്ല എന്നതും വസ്തുതയാണ്. ആര്‍ക്കാണ് ഇത്തരം കാര്‍ട്ടല്‍ രാഷ്ട്രീയത്തിന്റെ നേട്ടം?


വോട്ട് കിട്ടുമെങ്കില്‍ റബറിന് വിലകൂട്ടിയേക്കാം എന്ന് സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയുമോ എന്നതാണ് മര്‍മ പ്രധാനമായ ചോദ്യം. നയപരമായി ഇത് സാധ്യമാണ്. എന്നാല്‍, ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത, നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെ അത്തരം നയരൂപീകാരണത്തില്‍ നിന്നും വിട്ടു നില്‍ക്കാനേ പ്രേരിപ്പിക്കുകയുള്ളൂ. റബറിന് വിലയിടിയുന്നതിന് കാരണം വിപണിവത്കരണവും മത്സരവുമാണ്, അതാണ് സര്‍ക്കാര്‍ നയവും. സര്‍ക്കാരിന്റെ കാര്‍ഷിക നയം മാറ്റിയാല്‍, പ്രത്യേകിച്ചും വര്‍ത്തമാന കാലത്തെ വിപണി നയം മാറ്റിയാല്‍ ഞങ്ങള്‍ വോട്ട് ചെയാം എന്ന് പറയുന്നതാണ് ജനാധിപത്യം. എന്നാല്‍ ഞങ്ങളുടെ വിളകള്‍ക്ക് മാത്രം വിലകൂട്ടി തന്നാല്‍ വോട്ടു ചെയ്യാം എന്നത് കാര്‍ട്ടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

മുസ്‌ലിം ലീഗിന് ഒരു കാര്‍ട്ടല്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും, ഒരു പ്രത്യേക വിളയിലോ, പ്രദേശത്തോ, സ്ഥാപങ്ങളിലോ കേന്ദ്രീകരിച്ചല്ല മുസ്‌ലിംകളുടെ സാമ്പത്തിക ജീവിതം എന്നത് ലീഗിന് പൂര്‍ണ്ണമായും ഒരു കാര്‍ട്ടല്‍ പാര്‍ട്ടിയാകാന്‍ തടസ്സമാണ്.

കേരളത്തിലെ നെല്ല്, നാളികേരം, മറ്റ് കാര്‍ഷിക വിളകള്‍ എല്ലാം തന്നെ വിലയിടിവ് നേരിടുന്നുണ്ട്. എന്നാല്‍, അവര്‍ക്കില്ലാത്ത സംഘടിത ശക്തി തോട്ടംവിള കര്‍ഷകര്‍ക്ക് ഉണ്ടായത് അവരുടെ മൂലധന ശേഷികൊണ്ടും അതോടൊപ്പം വര്‍ഷങ്ങളായി കേരളത്തിലെ രാഷ്ട്രീയം തോട്ടവിള കര്‍ഷകരുടെ താല്‍പര്യത്തിന് വേണ്ടി നിലകൊണ്ടു എന്നതുകൊണ്ട് കൂടിയാണ്. ബ്രിട്ടിഷ് കൊളോണിയല്‍ കാലംമുതല്‍ തുടങ്ങിയതാണ് കേരളത്തില്‍ തോട്ടം വിളയും അതിന് പിന്നിലെ മൂലധന സംരക്ഷണവും. ആര്‍. സുനില്‍ തന്റെ 'ഹാരിസണ്‍: രേഖയില്ലാത്ത ജന്മി' എന്ന പുസ്തകത്തില്‍ ചൂണ്ടികാട്ടിയ പോലെ, ഇന്നും കേരളത്തില്‍ വിദേശതോട്ടങ്ങള്‍ നിലനില്‍ക്കുന്നതും സംരക്ഷിക്കപ്പെടുന്നതും കാര്‍ട്ടല്‍ രാഷ്ട്രീയത്തിന് കേരള രാഷ്ട്രീയത്തില്‍ ഉള്ള സ്വാധീനം കൊണ്ട് കൂടിയാണ്. ഭൂപരിഷ്‌കരണ നിയമത്തെ പോലും അട്ടിമറിച്ച ഒരു സാമ്പത്തിക ശക്തിക്ക് വിലപേശല്‍ എന്നത് അപ്രായോഗികമായ ഒന്നല്ല. മാത്രവുമല്ല, കേരളത്തില്‍ ആദിവാസി സമൂഹത്തിന്റെ ഭൂമി എന്ന ജനാധിപത്യാവകാശത്തെ എക്കാലവും എതിര്‍ത്തിരുന്നതും, അതിന് വേണ്ടി രാഷ്ട്ട്രീയ ഇടപെടലുകള്‍ നടത്തിയിരുന്നതും തോട്ടവിള ലോബിയായിരുന്നു.

തോട്ടം വിളകളുടെ കാര്യത്തില്‍ കേരളത്തിലെ ഇടത്-കോണ്‍ഗ്രസ് മുന്നണികള്‍ ഭൂപരിഷ്‌കരണ കാലം മുതല്‍ സ്വീകരിച്ച കാര്‍ട്ടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഈ പുതിയ വിലപേശലും. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിതന്നെയാണ് കേരളത്തിലെ കാര്‍ട്ടല്‍ പാര്‍ട്ടിക്ക് ഏറ്റവും വലിയ ഉദാഹരണം എന്ന് പറയാന്‍ കഴിയും. കാരണം, തുടക്കംമുതല്‍ മറ്റൊരു അജണ്ട ഈ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വച്ചിട്ടില്ല. കേരളത്തിലെ തോട്ടവിള ഇതര കൃഷികള്‍ അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നില്ല. അതിന്റെ ആവശ്യം ഇല്ലാ എന്നതാണ് വസ്തുത.


കേരളത്തിലെ ഇടത്-കോണ്‍ഗ്രസ് മുന്നണി രാഷ്ട്രീയം ഇത്തരം അജണ്ടകളെ സംരക്ഷിച്ചു പോന്നിട്ടുമുണ്ട്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇത്തരം സാധ്യതകള്‍ ഇല്ല. മുസ്‌ലിം ലീഗിന് ഒരു കാര്‍ട്ടല്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും, ഒരു പ്രത്യേക വിളയിലോ, പ്രദേശത്തോ, സ്ഥാപങ്ങളിലോ കേന്ദ്രീകരിച്ചല്ല മുസ്‌ലിംകളുടെ സാമ്പത്തിക ജീവിതം എന്നത് ലീഗിന് പൂര്‍ണ്ണമായും ഒരു കാര്‍ട്ടല്‍ പാര്‍ട്ടിയാകാന്‍ തടസ്സമാണ്. ഇടതുപക്ഷത്തിന് തൊഴിലാളി രാഷ്ട്രീയം തുറന്നു പറയാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണ് ഇത്തരം സംഘടിത വിലപേശല്‍ നടക്കുന്നത് എന്നത് ഗൗരമായി കാണണം.

റബ്ബറിന് വിലകൂട്ടി വോട്ട് നേടുക എന്നത് പ്രായോഗികമല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്, പകരം സര്‍ക്കാര്‍ സംവിധാനത്തില്‍ തങ്ങളുടെ ഇടം കണ്ടെത്തുക എന്നതാണ്. ഇത്തരം ഉപാധികള്‍ അടിസ്ഥാനമാക്കിയ ജനാധിപത്യം, ജനാധിപത്യം എന്ന ആശയത്തോടുള്ള വെല്ലുവിളികൂടിയാണ്.

കേരള കോണ്‍ഗ്രസ്സ്, വിലപേശല്‍ രാഷ്ട്രീയം, മുസ്‌ലിം ലീഗ്, റബര്‍ വില, കാര്‍ട്ടല്‍ പൊളിറ്റിക്‌സ്

TAGS :