Quantcast
MediaOne Logo

ജെ. രഘു

Published: 2 Sep 2022 1:26 AM GMT

ഒടുങ്ങാത്ത ജാതി അപമാനം

'നമ്പൂതിരിയരങ്ങും കമ്മ്യൂണിസ്റ്റ് ചാക്യാര്‍മാരും' എന്ന തലക്കെട്ടില്‍ ജെ. രഘു മീഡിയാവണ്‍ ഷെല്‍ഫ് ഓണ്‍ലൈന്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ലേഖകന്റെ നമ്പൂതിരി സുഹൃത്ത് എഴുതിയ കുറിപ്പിനോടുള്ള പ്രതികരണം.

ഒടുങ്ങാത്ത ജാതി അപമാനം
X

ജാതി-വംശീയാപമാനം ഏല്‍പ്പിക്കുന്ന അഗാധമാനസികാഘാത (trauma) ത്തിന്റെ ചതയ്ക്കുന്ന അനുഭവം, സവര്‍ണര്‍ക്ക് മനസിലാവില്ല. സമര്‍ത്ഥനായ ദലിത് ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് നോക്കുക: ''ഇവിടെ മനുഷ്യന്റെ മൂല്യം അവന്റെ ജാതി ഐഡന്റിറ്റിയായി ചുരുങ്ങിയിരിക്കുന്നു''

രോഹിത് വെമുലയെ ആത്മഹത്യയിലേക്കു നയിച്ച ഇതേ ട്രോമാറ്റിക് അനുഭവം ഈയടുത്ത ദിവസങ്ങളില്‍ എനിക്കും നേരിടേണ്ടിവന്നു. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള എന്റെ സൈദ്ധാന്തിക പഠനങ്ങളും ഗവേഷണ രചനകളും തനിക്ക് അയിത്തമാണെന്ന് എന്റെ ഒരു പ്രശസ്തനമ്പൂതിരി സുഹൃത്ത് പറഞ്ഞപ്പോള്‍, രോഹിത് വെമൂലയ്ക്കുണ്ടായ അതേ ട്രോമയിലേക്കാണ് ഞാനും എറിയപ്പെട്ടത്. ജാതിയേയും ജാതി വിവേചനത്തെയും കുറിച്ച് മര്‍ദിതജാതി ബുദ്ധിജീവികള്‍ നടത്തുന്ന താത്വിക വ്യവഹാരങ്ങള്‍ സവര്‍ണ സാംസ്‌കാരിക പ്രഭുക്കള്‍ക്ക് അറപ്പുളവാക്കുന്നതാണെന്ന കാര്യം പുതിയതല്ല. എന്റെ അസ്തിത്വത്തിന്റെ കാതല്‍ 'ജാതിക്കുശുമ്പ്' (caste envy) ആണെന്നാണ് നമ്പൂതിരി സുഹൃത്തിന്റെ കണ്ടെത്തല്‍! ഇത് എന്നെ അത്യധികം വേദനിപ്പിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്തു. ഫ്രാന്‍സ് ഫാനനെയും അബ്ദക്കറെയും പിന്തുടര്‍ന്നുകൊണ്ട്, ജാതി-വംശീയാപമാനത്തെയും വിവേചനത്തെയും കുറിച്ച് സൈദ്ധാന്തികാന്വേഷണം നടത്തുമ്പോള്‍, ഇത്തരമൊരു അനുഭവമുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഏതു ധിഷണാ പ്രവര്‍ത്തനവും നമ്മുടെ സവര്‍ണ പ്രഭുക്കളെ സംബന്ധിച്ചിടത്തോളം അശുദ്ധമായ പാഴ് വസ്തുമാത്രമാണെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു.


സുഹൃത്തുക്കളുടെ സഹായത്തോടെ ഈ ട്രോമയില്‍ നിന്നു പുറത്തു വരാനും ഇതേക്കുറിച്ച് തുറന്നെഴുതാനും എനിക്ക് ദിവസങ്ങള്‍ വേണ്ടി വന്നു. ഇതിന്റെ പശ്ചാത്തലം ആദ്യം വ്യക്തമാക്കട്ടെ:

കേരളത്തിലെ ജാതിവിവേചനത്തിന്റെ സൂക്ഷ്മവും നിസ്തുലവുമായ പ്രയോഗ രൂപങ്ങളെക്കുറിച്ചും അതിന്റെ തുടര്‍ച്ചയെക്കുറിച്ചുമുള്ള ഗവേഷണ പഠനങ്ങളാണ് ഞാന്‍ നടത്തുന്നത്. കേരളത്തിന്റെ പൊതു മണ്ഡലം ഇന്നും ഒരു സവര്‍ണ രംഗവേദിയായി തുടരുന്നത് എന്തുകൊണ്ട് എന്നത് എന്റെ ഗവേഷണ പ്രമേയങ്ങളില്‍ പ്രധാനമാണ്. സാധാരണ ബ്രാഹ്മണര്‍ക്കുപോലും അദൃശ്യരും അപ്രാപ്യരുമായ 'തമ്പ്രാക്കള്‍' എന്നറിയപ്പെടുന്ന ഏതാനും വൈദിക ബ്രാഹ്മണകുലങ്ങളാണ് കേരളീയ ജാതിശ്രേണിയുടെ മേല്‍ത്തട്ടിലുണ്ടായിരുന്നത്. നമ്പൂതിരിപ്പാട്, ഭട്ടതിരിപ്പാട് തുടങ്ങിയ ബ്രാഹ്മണ ഉപജാതികളുടെ സ്ഥാനം അവര്‍ക്കു താഴെയാണ്.

അയിത്തപ്പെടാത്തത്ര സുരക്ഷിതമായ അകലത്തില്‍ നിന്നുകൊണ്ട് നമ്പൂതിരിമാര്‍ക്ക് പുളച്ചനുഭവിക്കാവുന്ന തരത്തിലാണ് കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂമിക രൂപകല്പന ചെയ്യപ്പെട്ടത്. ജാതിക്രമത്തിന്റെ നീര്‍വാഹകരും കാവലാളുകളും എന്ന നിലയ്ക്ക് ദൃശ്യ ഗോചരമായിരുന്നത് നായരാണ്. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചിരുന്നതുപോലെ, കേരളത്തിലെ നമ്പൂതിരിയരങ്ങുകളില്‍ നായന്മാര്‍ അയിത്തക്കാരായിരുന്നു. നമ്പൂതിരിമാരുടെ ലൈംഗിക ചൂഷണത്തിനും പരിഹാസത്തിനും ഏറ്റവുമധികം വിധേയമായിരുന്നത് ഇവരാണ്. കേരളത്തിലെ മര്‍ദിത ഭൂരിപക്ഷത്തിനുമേലുള്ള നമ്പൂതിരി മേധാവിത്വത്തിന്റെ ചട്ടുകം നയന്മാരായിരുന്നു ഇവര്‍. നായരുടെ പദവിയേയും അധികാരത്തെയും നിര്‍ണയിച്ചത് ഈ 'ചട്ടുകസ്ഥാന'മാണ്. മര്‍ദിത ജാതികളുടെ അയിത്തമേല്‍ക്കാത്ത അകലത്തില്‍ നിന്നുകൊണ്ട്, നമ്പൂതിരമാര്‍ അവരെ അടിച്ചമര്‍ത്തിയത് നായര്‍ ശരീരങ്ങളെ ഉപയോഗിച്ചുകൊണ്ടാണ്. കാന്‍ഷിറാമിന്റെ ഒരു പ്രയോഗം കടമെടുത്താല്‍, മ്ലേച്ചമെന്നു കരുതിയ വസ്തുക്കളെ കോരിക്കളയാന്‍ നമ്പൂതിരിമാര്‍ ഉപയോഗിച്ച 'സ്പൂണുകളാ'യിരുന്നു നായന്മാര്‍. നമ്പൂതിരിമാരുടെ കരണ്ടികളാകാന്‍ കിട്ടിയ അവസരമാണ്, ആധുനിക ജനാധിപത്യസ്ഥാപനങ്ങളുടെ നിയന്ത്രണമേറ്റെടുക്കാന്‍ നായരെ പ്രാപ്തരാക്കിയത്. ഇന്നും സിനിമ, സാഹിത്യം, രാഷ്ട്രീയം, എന്നീ മണ്ഡലങ്ങളുടെ പ്രവര്‍ത്തനം പഴയ നമ്പൂതിരിയരങ്ങിന്റെ സ്വഭാവത്തെ പിന്തുടരുന്നു. മലയാള സിനിമയിലെ മിക്കവാറുമെല്ലാ 'താര'ങ്ങളും നായരാണ്, മമ്മൂട്ടിമാത്രമാണ് ഒരപവാദം. സംഗീത-സാഹിത്യ വിപണിയിലെ കുത്തകത്തരകന്മാരും നായന്മാര്‍ തന്നെ.

സമൂഹത്തിലെ സര്‍വരെയും ശരിയായ പേരുകള്‍ കൊണ്ടോ ജാതി പേരുകള്‍ കൊണ്ടോ നാമകരണം ചെയ്യാനുള്ള അധികാരം ഇന്നും നിക്ഷിപ്തമായിരിക്കുന്നത് സവര്‍ണരിലാണ്, പ്രത്യേകിച്ചും ബ്രാഹ്മണരില്‍. ഈ ജാതി നാമകരണത്തിനും അതുണ്ടാക്കുന്ന മരവിപ്പിനുമെതിരെ എനിക്ക് സഹജ പ്രതിരോധങ്ങളൊന്നുമില്ല. ജാതി ഒരാളുടെ സൈക്കിയിലുണ്ടാകുന്ന ജാലവിദ്യകളെന്തെന്ന് ഇതെന്നെ പഠിപ്പിച്ചു.

ഈ നമ്പൂതിരിയരങ്ങിന്റെ തുടര്‍ച്ചയെക്കുറിച്ച് 23.08.2022ന് മീഡിയാവണ്‍ ഷെല്‍ഫ് ഓണ്‍ലൈന്‍ ജേര്‍ണലില്‍ (https://www.mediaoneonline.com/mediaone-shelf/analysis/political-satire-on-cpim-kerala-188684) ഞാനെഴുതി ഒരു ലേഖനത്തെക്കുറിച്ച് എന്റെ നമ്പൂതിരി സുഹൃത്ത് എനിക്കെഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു:


'ഞാന്‍ മുഴുവന്‍ വായിച്ചില്ല. കുറച്ചേ വായിച്ചുള്ളു.... ഈ തരം എഴുത്തുകളും ഞാന്‍ ജീവിക്കുന്ന വര്‍ത്തമാനകാലത്ത് ഇരുന്നുകൊണ്ട് ഈ കാലത്തിന്റെ യുക്തിയും ആശയസംഹിതകളും വച്ചുകൊണ്ട്, ഒരുതരം പകയും വിദ്വേഷവും വൈരാഗ്യവും പ്രസരിപ്പിക്കുന്ന ചരിത്രവ്യാഖ്യാനങ്ങള്‍ എന്റെ വായനക്കും ബുദ്ധിക്കും പ്രചോദനം നല്‍കാത്തത്. അതുകൊണ്ട് ജാതികുശുമ്പുകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്നെ അനുവദിക്കുക.

സ്‌നേഹത്തോടെ.....''

'ഞാന്‍ മുഴുവന്‍ വായിച്ചില്ല', അത് എന്നെ അസ്വസ്ഥമാക്കുമെന്നതുകൊണ്ടല്ല, മറിച്ച്, അത്തരം അയിത്ത വ്യവഹാരങ്ങളുടെ അശുദ്ധ സ്പര്‍ശമേല്‍ക്കാതെയാണ് ഈ നമ്പൂതിരി സുഹൃത്ത് വളര്‍ന്നത്, എന്നു ഞാന്‍ മനസിലാക്കണം! അതിനാല്‍, എന്റെ 'അയിത്ത' രചനകള്‍ ഈ സുഹൃത്തിന്റെ 'വായനയേയും ബുദ്ധി'യേയും ഒരു തരത്തിലും പ്രചോദിപ്പിക്കുന്നതല്ല. ഇത് സമര്‍ഥിച്ചതിനുശേഷം സുഹൃത്ത് എനിക്കെതിരെ നടത്തുന്ന മാരകചാട്ടുളിപ്രഹരം നോക്കുക: 'അതുകൊണ്ട് ജാതി കുശുമ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നെ അനുവദിക്കുക'യെന്ന അപേക്ഷ!

ഈ അപേക്ഷയില്‍ ഒരു പരിഹാസമുണ്ട്, 'പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യം' എന്നു പറയുന്നതുപോലെ, നമ്പൂതിരിയരങ്ങില്‍ അയിത്തക്കാരനെന്തുകാര്യം!

ഈ ട്രോമയില്‍ നിന്ന് ഒരു തരത്തില്‍ പുറത്തുവന്ന എനിക്ക്, സ്വതന്ത്രവും സമത്വപൂര്‍ണവുമായ ഒരു സാമൂഹ്യക്രമത്തെ സ്വപ്നം കാണുന്ന ഒരു ബുദ്ധിജീവിയെന്ന നിലയ്ക്കുള്ള എന്റെ ജീവിതം എനിക്കു മുമ്പില്‍ പല ചോദ്യങ്ങളും ഉയര്‍ത്തി. ഈ സംഭവം എന്നെ പലതും പഠിപ്പിച്ചു. സമൂഹത്തിലെ സര്‍വരെയും ശരിയായ പേരുകള്‍ കൊണ്ടോ ജാതി പേരുകള്‍ കൊണ്ടോ നാമകരണം ചെയ്യാനുള്ള അധികാരം ഇന്നും നിക്ഷിപ്തമായിരിക്കുന്നത് സവര്‍ണരിലാണ്, പ്രത്യേകിച്ചും ബ്രാഹ്മണരില്‍. ഈ ജാതി നാമകരണത്തിനും അതുണ്ടാക്കുന്ന മരവിപ്പിനുമെതിരെ എനിക്ക് സഹജ പ്രതിരോധങ്ങളൊന്നുമില്ല. ജാതി ഒരാളുടെ സൈക്കിയിലുണ്ടാകുന്ന ജാലവിദ്യകളെന്തെന്ന് ഇതെന്നെ പഠിപ്പിച്ചു.

ജാതി അധിക്ഷേപത്തിനുവിധേയമാകുന്ന ആദ്യത്തെയും അവസാനത്തെയും ബുദ്ധിജീവിയല്ല ഞാന്‍. സഹോദരന്‍ അയ്യപ്പന്‍, മഹാത്മ ഫൂലെ, ഡോ. അംബേദ്കര്‍ തുടങ്ങി എത്രയോപേര്‍ നടത്തിയ ജാതി - വിരുദ്ധ ആശയ സമരം സവര്‍ണരോടുള്ള ജാതിക്കുശുമ്പിന്റെ ഉല്‍പ്പന്നമാണെന്ന് പരിഹസിക്കപ്പെട്ടുണ്ട്.

''കുശുമ്പ്'' എന്ന വാക്കിന് അര്‍ഥമല്ല, ശക്തിയാണുള്ളതെന്നും എനിക്കു മനസ്സിലായി. ആരെങ്കിലും നമ്മെ 'കുശുമ്പന്‍' എന്നു കുറ്റപ്പെടുത്തുമ്പോള്‍, വലിയ നാണക്കേട് നമുക്കനുഭവപ്പെടും. ജാതിക്കുശുമ്പ് എന്ന ചെളി കഴുകിക്കളഞ്ഞാലെ, നാണക്കേടിന്റെ അനുഭവത്തില്‍ നിന്നു മുക്തനാകാനാവു. ''അയല്‍ക്കാരന്റെ കുശുമ്പ്, ഉടമസ്ഥന്റെ അഭിമാനം'' (neighbour's envy, owner's pride) എന്ന ടെലിവിഷനെക്കുറിച്ചുള്ള പരസ്യത്തിനു പിന്നിലെ യുക്തിയും ഇതാണ്. അയല്‍ക്കാരനിലുണ്ടാവുന്ന നാണക്കേട് മാറ്റാന്‍, അതേ ടെലിവിഷന്‍ വാങ്ങാന്‍ നിര്‍ബന്ധിതനാകുന്നു. 'നാണക്കേടി'നെ ഉപഭോക്തൃ മുതലാളിത്തം ഉപയോഗിക്കുന്നതിങ്ങനെയാണ്. ജാതി പ്രവര്‍ത്തിക്കുന്നതും ഇങ്ങനെ തന്നെ. നാണക്കേടിനു വിധേയരാകുന്നവര്‍, 'വംശീയവല്‍കൃതമായ ആത്മീയമുതലാളിത്ത'ത്തിന്റെ ഉപഭോക്താക്കളാകാന്‍ നിര്‍ബന്ധിതമാകുന്നു. എന്നെ 'കുശുമ്പന്‍' എന്നു കുറ്റപ്പെടുത്തിയ നമ്പൂതിരി നിയന്ത്രിക്കുന്ന അമ്പലപ്പറമ്പുകളിലെ ഉപഭോക്താക്കളാകുന്നു സാധാരണ ജനങ്ങള്‍. ഇതിലൊരു കെണിയുമുണ്ട്. 'കുശുമ്പ്' എന്ന കുറ്റപത്രികയില്‍ നിന്ന് 'കുറ്റമുക്ത'നാകണമെങ്കില്‍, നാണക്കേട് കഴുകിക്കളയണമെങ്കില്‍, നിങ്ങള്‍ നമ്പൂതിരിയരങ്ങിനു കീഴ്‌പ്പെടുകയും 'മുന്‍ അയിത്തക്കാര'ന് അനുവദിച്ചിട്ടുള്ള വേഷം കെട്ടുകയും വേണം. അതാണ് ഈ കുറ്റാരോപണത്തിലെ കെണി.




ജെ. രഘു

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ഒരു സെമിനാറില്‍ ഞാന്‍ പങ്കെടുത്തിരുന്നു. 'Critical Philosophy of Race' ന്റെ അന്താരാഷ്ട്ര പ്രശസ്ത വിദഗ്ധനായ റോബര്‍ട്ട് ബര്‍ണസ്‌ക്കോണിയും ഒരു പങ്കാളിയായിരുന്നു. 'ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജാതി സുസ്ഥിരത ഉറപ്പുവരുന്നത് എങ്ങനെ' എന്നായിരുന്നു എന്റെ പ്രബന്ധവിഷയം. ചോദ്യോത്തരവേളയില്‍, ഒരു പണ്ഡിത എന്നോടു ചോദിച്ചു; ''നമ്മുടെ ചില പ്രാമാണിക ഗ്രന്ഥങ്ങളില്‍, താഴ്ന്ന ജാതിക്കാര്‍ക്കും ബ്രാഹ്മണത്വം ആര്‍ജിക്കാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ചില ദലിതര്‍പോലും, (നിന്ദാ സൂചകമെന്നു ഞാന്‍ കരുതുന്ന മറ്റൊരു സംജ്ഞയായിരുന്നു ഉപയോഗിച്ചത്), ബ്രാഹ്മണ - ഋഷി പദവി നേടിയിട്ടുണ്ടല്ലോ''. Neighbour's envy, Owners pr-ide! എന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഒരു ബ്രാഹ്മണനു പോലും സദ്കര്‍മങ്ങളിലൂടെ ദലിതത്വം നേടാമെന്ന് ഈ വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നും എഴുതാതിരുന്നത് എന്തുകൊണ്ടാണ്?''

ജാതി അധിക്ഷേപത്തിനുവിധേയമാകുന്ന ആദ്യത്തെയും അവസാനത്തെയും ബുദ്ധിജീവിയല്ല ഞാന്‍. സഹോദരന്‍ അയ്യപ്പന്‍, മഹാത്മ ഫൂലെ, ഡോ. അംബേദ്കര്‍ തുടങ്ങി എത്രയോപേര്‍ നടത്തിയ ജാതി - വിരുദ്ധ ആശയ സമരം സവര്‍ണരോടുള്ള ജാതിക്കുശുമ്പിന്റെ ഉല്‍പ്പന്നമാണെന്ന് പരിഹസിക്കപ്പെട്ടുണ്ട്. അമേരിക്കയിലെ വംശിയതാ വിരുദ്ധ ചിന്തകരും പ്രവര്‍ത്തകരും ഇതേ ആരോപണം നേരിടുന്നുണ്ട്. 'വംശക്കുശുമ്പ്' (race envy). മര്‍ദിത ജാതി - വംശീയവിരുദ്ധ ചിന്തകരായ മാല്‍ക്കം എക്‌സ്, ഡോ. അംബേദ്കര്‍, പെരിയാല്‍ എന്നിവരെ നയിക്കുന്നത് കുശുമ്പാണ്! അതിനാല്‍ അവര്‍ നാണക്കേട് അനുഭവിക്കണം!


കേരളത്തിലെ സാംസ്‌കാരിക - പൊതു മണ്ഡലത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണ തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും 'Black lives Matter'' അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍, ഇന്ത്യയിലാരും ജാതീയ - വംശീയാഭിമാനം പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യപ്പെടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ, സവര്‍ണാഭിമാനപ്രദര്‍ശനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വര്‍ണ-ജാതി വ്യവസ്ഥയുടെ ആധുനിക രൂപമായ ഹിന്ദുയിസം ഇന്നും അഹന്തയോടെ സ്വയം സ്ഥാപിച്ചുറപ്പിക്കുന്നു എന്നാണിതിനര്‍ഥം. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തോട് പ്രതിബന്ധതയുള്ള ഏതൊരാളെയും ഇത് ഉത്കണ്ഠപ്പെടുത്തേണ്ടതാണ്.


'നമ്പൂതിരിയരങ്ങും കമ്മ്യൂണിസ്റ്റ് ചാക്യാര്‍മാരും' ലേഖനത്തിന്റെ ലിങ്ക്: https://www.mediaoneonline.com/mediaone-shelf/analysis/political-satire-on-cpim-kerala-188684

TAGS :