ജാതി വിവേചനങ്ങൾ മറച്ചുവെക്കുമ്പോൾ
പാഠപുസ്തകത്തിൽ നിന്നും മായ്ചുകളയുന്ന ചരിത്രം - ഭാഗം 3
ജാതി വ്യവസ്ഥ
ആറാം ക്ലാസിലെ ചരിത്ര പാഠ പുസ്തകത്തിലെ ( 'അവർ പാസ്റ്റ് – I' ) വർണ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഭാഗം പകുതിയായി കുറച്ചു. വർണങ്ങളുടെ പാരമ്പര്യ സ്വഭാവത്തെക്കുറിച്ചുള്ള വാക്യങ്ങൾ, ആളുകളെ തൊട്ടുകൂടാത്തവരായി തരംതിരിക്കുക, വർണ സമ്പ്രദായത്തെ നിരസിക്കുക എന്നിവ 'കിംഗ്ഡം, കിംഗ്സ് ആൻഡ് ആൻ ഏർലി റിപ്പബ്ലിക്' എന്ന അധ്യായത്തിൽ നിന്ന് ഒഴിവാക്കി.
ഒഴിവാക്കിയ ഭാഗം ഇപ്രകാരമാണ്: "ഈ വിഭാഗങ്ങളെ ജനനത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്നും പുരോഹിതന്മാർ പറഞ്ഞു. ഉദാഹരണത്തിന്, ഒരാളുടെ അച്ഛനും അമ്മയും ബ്രാഹ്മണരാണെങ്കിൽ ഒരാൾ സ്വാഭാവികമായി ഒരു ബ്രാഹ്മണനാകും. പിന്നീട്, അവർ ചില ആളുകളെ തൊട്ടുകൂടാത്തവരായി തരംതിരിച്ചു. ചില കരകൗശല പണി ചെയ്യുന്നവർ, വേട്ടക്കാർ, ശ്മാശാനങ്ങളിൽ പണി എടുക്കുന്നവർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഈ വിഭാഗങ്ങളുമായുള്ള സമ്പർക്കം അശുദ്ധരാക്കുമെന്ന് പുരോഹിതന്മാർ പറഞ്ഞു. പലരും ബ്രാഹ്മണന്മാർ മുന്നോട്ടു വെച്ച വർണ വ്യവസ്ഥ സ്വീകരിച്ചില്ല "
സ്ത്രീകളെയും ശൂദ്രന്മാരെയും പുരാതന ഇന്ത്യയിലെ വേദങ്ങളെക്കുറിച്ച് പഠിക്കാൻ അനുവദിക്കാത്തതിനെ കുറിച്ചുള്ള പരാമർശം ആറാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 'ബില്ഡിങ്സ്, പെയ്ന്റിങ്സ് ആൻഡ് ബുക്സ് " എന്ന അധ്യായത്തിലെ "പുരാണങ്ങൾ" എന്ന ഭാഗത്തിൽ നിന്ന് ഒഴിവാക്കി. യഥാർത്ഥ വാചകം ഇപ്രകാരമായിരുന്നു: "പുരാണങ്ങൾ ലളിതമായ സംസ്കൃത വാക്യത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. വേദങ്ങളെക്കുറിച്ച് പഠിക്കാൻ അനുവാദമില്ലാത്ത സ്ത്രീകളും ശൂദ്രന്മാരും ഉൾപ്പെടെ എല്ലാവരും കേൾക്കാൻ ഉദ്ദേശിച്ചുള്ളതാണ്."
ആറാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം ( 'സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ ലൈഫ് – ഭാഗം I' ) ലെ 'വൈവിധ്യവും വിവേചനവും' എന്ന അധ്യായത്തിലെ വിവേചനത്തെക്കുറിച്ചുള്ള വിഭാഗത്തിന്റെ ഒരു വലിയ ഭാഗം ഒഴിവാക്കി. ഒഴിവാക്കിയ ഭാഗം ഇപ്രകാരമാണ്: "... "ജാതി നിയമങ്ങൾ പ്രകാരം "തൊട്ടുകൂടാത്തവർ" എന്ന് വിളിക്കപ്പെടുന്നവർ അവർ ചെയ്യാൻ ബാധ്യസ്ഥരായ ജോലി അല്ലാതെ വേറെ ജോലി എടുക്കാൻ അനുവദിച്ചില്ല. ഉദാഹരണത്തിന്, ചില വിഭാഗങ്ങൾ മാലിന്യങ്ങളും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഗ്രാമത്തിൽ നിന്ന് നീക്കംചെയ്യാൻ നിർബന്ധിതരായി. എന്നാൽ, ഉയർന്ന ജാതിക്കാരുടെ വീടുകളിൽ പ്രവേശിക്കാനോ ഗ്രാമത്തിൽ നിന്ന് വെള്ളം എടുക്കാനോ ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ അവരെ അനുവദിച്ചില്ല. അവരുടെ കുട്ടികൾക്ക് സ്കൂളിലെ മറ്റ് കാസ്റ്റുകളുടെ മക്കളുടെ അരികിൽ ഇരിക്കാൻ കഴിഞ്ഞില്ല ... "
"ജാതി - അടിസ്ഥാനമാക്കിയുള്ള വിവേചനം ചില സാമ്പത്തിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് ദലിതരെ തടയുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല , മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനവും അന്തസ്സും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു." - ഒഴിവാക്കപ്പെട്ട മറ്റൊരു പാഠഭാഗത്തിൽ പറയുന്നു.
പന്ത്രണ്ടാം ക്ലാസ്സിലെ സോഷ്യോളജി പാഠപുസ്തകമായ 'ഇന്ത്യൻ സൊസൈറ്റി'യിലെ "സാമൂഹിക അസമത്വവും ഒഴിവാക്കലും" എന്ന അധ്യായത്തിൽ നിന്ന് "തൊട്ടുകൂടായ്മ" എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ നാല് ഉദാഹരണങ്ങൾ ഒഴിവാക്കി.
അതിൽ ഇവ ഉൾപ്പെടുന്നു:
1 ) "കാർഷിക അധ്വാനം, തോട്ടിപ്പണി , മൃഗങ്ങളുടെ തോലുരിക്കൽ പോലുള്ള പരമ്പരാഗത തൊഴിലുകൾ മാത്രമാണ് ദലിതർക്ക് ചെയ്യാൻ അനുവാദമുണ്ടായത്. ഉയർന്ന വരുമാനമുള്ള വൈറ്റ് കോളർ അല്ലെങ്കിൽ പ്രൊഫഷണൽ ജോലി നേടാൻ സാധ്യത കുറവാണ് . "
2 ) "അതേസമയം, ഒരു മതപരമായ പരിപാടിയിൽ ഡ്രംസ് കളിക്കാൻ നിർബന്ധിതരാകുന്നത് പോലുള്ള ഒരു അടിമ ജോലിക്ക് നിര്ബന്ധിക്കുന്നതും തൊട്ടുകൂടായ്മയാണ്. ( സ്വയം ) അപമാനിതരാവുന്നതും കീഴ്‌വഴങ്ങുന്നതുമായ പ്രവർത്തനങ്ങൾ ചെയ്യിക്കൽ തൊട്ടുകൂടായ്മയുടെ ഒരു രീതിയാണ്. ശിരോവസ്ത്രം അടിച്ചേൽപ്പിക്കുക, കയ്യിൽ പാദരക്ഷകൾ ചുമക്കുക, തല കുനിഞ്ഞു നിൽക്കുക, വൃത്തിയുള്ളതോ തിളങ്ങുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക തുടങ്ങിയവ അതിന്റെ ഭാഗമാണ്.
3 ) ഒരു ദലിത് തോട്ടിപ്പണിക്കാരന്റെ അനുഭവങ്ങൾ വിവരിക്കുന്ന സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദറിന്റെ ' അൻഹെഡ് വോയിസസ് : സ്റ്റോറീസ് ഓഫ് ഫോർഗോട്ടണ് ലൈവ്സ് ' എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. അത് ഇപ്രകാരമാണ് : "….മലം ഓരോ സീറ്റിലും കൂമ്പാരമായി ഇരിക്കുന്നുണ്ടാകും, അല്ലെങ്കിൽ തുറന്ന അഴുക്കുചാലുകളിലേക്ക് ഒഴുകുന്നു. തന്റെ ചൂല് ഉപയോഗിച്ച് പരന്ന ടിൻ പ്ലേറ്റിലേക്ക് ശേഖരിച്ച് തന്റെ കൊട്ടയിലേക്ക് മാറ്റുക എന്നത് നാരായണമ്മയുടെ ജോലിയാണ്. കൊട്ട നിറയുമ്പോൾ അവർ അത് അര കിലോമീറ്റർ അകലെ പാർക്ക് ചെയ്തിരിക്കുന്ന ഒരു ട്രാക്ടറിലേക്ക് തലയിൽ കൊണ്ടു പോയി ഇടുന്നു . എന്നിട്ട് അവർ തിരിച്ചെത്തി, ടോയ്ലറ്റിൽ നിന്നുള്ള അടുത്ത വിളിക്കായി കാത്തിരിക്കുന്നു ... "
സാമൂഹിക പ്രസ്ഥാനങ്ങളിലൂടെ ദലിതരുടെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളോടുള്ള മേൽ ജാതിക്കാരുടെ പ്രതികരണം പ്രതിപാദിക്കുന്ന 'ഇന്ത്യയിലെ സാമൂഹിക മാറ്റവും വികസനവും' എന്ന പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്തകത്തിന്റെ അവസാന അധ്യായത്തിൽ നിന്ന് ഒരു ഭാഗം ഒഴിവാക്കി. "തങ്ങൾ സംഖ്യാപരമായി കുറവായതിനാൽ തങ്ങൾക്ക് ഭരണകൂടത്തിൽ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന" മേൽജാതിയിൽ പെട്ട ചിലരുടെ പരാതിയാണ് ഇതിലുള്ളത്.
ആധുനിക ഇന്ത്യയുടെ ജീവനുള്ള യാഥാർത്ഥ്യമായി ജാതിയെ നേരത്തെ ഉയർന്ന ജാതി തലമുറ കരുതിയിരുന്നില്ലെന്ന സതീഷ് ദേശ്പാണ്ഡെയുടെ 'സമകാലിക ഇന്ത്യ: ഒരു സാമൂഹ്യശാസ്ത്ര കാഴ്ച' എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയും ഈ ഒഴിവാക്കിയ ഭാഗത്ത് ഉണ്ടായിരുന്നു. ഡൽഹി സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസറാണ് ദേശ്പാണ്ഡെ.
അതേ പാഠപുസ്തകത്തിൽ തന്നെ, ദലിത് സ്ത്രീകൾ അവരുടെ മേൽജാതിയിൽപ്പെട്ട എതിരാളികളേക്കാൾ വലിയ ഭീഷണികൾ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിൽ നിന്നുള്ള ഒരു ഭാഗം "സാമൂഹിക പ്രസ്ഥാനങ്ങളെ" കുറിച്ചുള്ള അവസാന അധ്യായത്തിൽ നിന്ന് നീക്കംചെയ് തു.
ഏഴാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ('സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ ലൈഫ് – ഭാഗം II') "സമത്വം" എന്ന അധ്യായത്തിൽ നിന്നുള്ള നാല് സാങ്കൽപ്പിക വിവരണങ്ങൾ നീക്കംചെയ്തു. വിവേചനങ്ങൾക്ക് ഇരകളായ ഗാർഹിക സഹായി, ദലിത് എഴുത്തുകാരൻ, മുസ്ലീം ദമ്പതികൾ എന്നിവരെ ഈ അധ്യായത്തിൽ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നുണ്ട്.
(തുടരും )