ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ പ്രശ്‌നത്തെ നേരിടാന്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല. ചേകന്നൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ-സാംസ്‌കാരിക പൊതു വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ പരിശോധിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 06)
ഒന്ന്
2024 ജൂണ്‍ 12ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം' പ്രകാശനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍, വി. മുരളീധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആത്മകഥയുടെ കോപ്പി പുറത്തുവന്ന് ഏറെ താമസിയാതെ ഒരു വിവാദവും പൊട്ടിപ്പുറപ്പെട്ടു. ചേകന്നൂര്‍ മൗലവിയുമായി ബന്ധപ്പെട്ട പുസ്തകത്തിലെ ഒരു പരാമര്‍ശമാണ് പുതിയ വിവാദത്തിന് കാരണമായത്.
കമാല്‍പാഷക്കെതിരേ കാന്തപുരം: ചേകന്നൂര്‍ തിരോധാനക്കേസ് പരിഗണിച്ചിരുന്ന അന്നത്തെ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജ് കമാല്‍ പാഷ, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് പുസ്തകം ആരോപിച്ചത്: ''സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായി കമാല്‍ പാഷ നിയമിതനായ ശേഷമായിരുന്നു കേസില്‍ പ്രതിചേര്‍ക്കുന്നത്. വിചാരണ തുടങ്ങിയ കേസിലെ അത്യപൂര്‍വ നീക്കമായിട്ടാണ് അന്നുതന്നെ എല്ലാവരും വിലയിരുത്തിയിരുന്നത്. പിന്നീടാണ് ഗൂഢാലോചന തെളിഞ്ഞത്. മര്‍ക്കസിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളജ് തട്ടിയെടുക്കാന്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ വ്യാജ രേഖകള്‍ ഉണ്ടാക്കി. മര്‍ക്കസിന്റെ കീഴിലെ ഇമാം റാസി എജ്യുക്കേഷണല്‍ ട്രസ്റ്റിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. മുസ്‌ലിംലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും വി.വി അബൂബക്കര്‍ ഹാജി ചാവക്കാട് സെക്രട്ടറിയായുമാണ് വ്യാജരേഖ ഉണ്ടാക്കിയത്. ഈ ട്രസ്റ്റില്‍ കമാല്‍ പാഷയും അംഗമായിരുന്നു,''.... (ഫോര്‍ത്ത് ന്യൂസ് ജൂണ്‍ 13, 2024, ഉദ്ധരിച്ചത്)
പുസ്തകം തുടരുന്നു: ''സി.ബി.ഐ സ്പെഷ്യല്‍ കോര്‍ട്ട് വിധിക്കെതിരേ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്റെ ഹരജി അനുവദിച്ചുകൊണ്ട് കമാല്‍ പാഷയുടെ വിധിയെ ഹൈക്കോടതി റദ്ദാക്കി. ആ വിധിന്യായത്തില്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞ കാര്യങ്ങള്‍ മേല്‍ ഉന്നയിച്ച എല്ലാ സംശയങ്ങളെയും ബലപ്പെടുത്തുന്നതായിരുന്നു. പ്രോസിക്യൂഷന്‍ കേസ് പ്രകാരം ഗൂഢാലോചനക്കുറ്റത്തില്‍ എനിക്ക് പങ്കില്ല. മറ്റെന്തെങ്കിലും ഗൂഢാലോചന തെളിഞ്ഞിട്ടുമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുള്ള രേഖകള്‍ പ്രകാരം അതിനു തെളിവുമില്ല. എന്നിരിക്കെ, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പ്രതിയാക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന ചോദ്യം. തെളിവെന്ന പേരില്‍ അന്യായക്കാര്‍ ഹാജരാക്കിയ പത്ത് ഓഡിയോ കാസറ്റുകള്‍ പരിശോധിക്കുക പോലും ചെയ്യാതെ നിഗമനങ്ങളിലേക്ക് എത്തിച്ചേര്‍ന്ന കമാല്‍ പാഷയുടെ നടപടിയെയും ഹൈക്കോടതി കുറ്റപ്പെടുത്തി. അവ്യക്തമായ സംശയങ്ങളുടെ പുറത്ത് ക്രിമിനല്‍ നടപടി ചട്ടത്തിലെ 319ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം വിനിയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, ഇതു സംബന്ധിച്ച സി.ബി.ഐ കോടതി ജഡ്ജിയുടെ നടപടികളില്‍ അപാകതയുണ്ടെന്ന എന്റെ വിമര്‍ശനം വെറുതേയുള്ളതല്ലെന്നും വിധിയില്‍ വ്യക്തമാക്കി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാല്‍ കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ നേരത്തെത്തന്നെ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജി നിയമപ്രക്രിയയെ കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്ന് കമാല്‍ പാഷയെ ഓര്‍മപ്പെടുത്തുകകൂടി ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ വിധി വന്നത്'' (വിശ്വാസപൂര്‍വം, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേജ് 233, 234).
കേസിന്റെ പേരില്‍ പതിറ്റാണ്ടിലധികമാണ് എ.പി അബൂബക്കര്‍ മുസ്‌ലിയാരെയും പ്രസ്ഥാനത്തെയും വേട്ടയാടിയതെന്നും ഇപ്പോഴും ചേകന്നൂര്‍ കേസ് പറയുമ്പോള്‍ ചിലര്‍ക്ക് അദ്ദേഹത്തിന്റെ പേര് കൂടി ചേര്‍ത്ത് പറയണമെന്ന വാശിയാണെന്നും അദ്ദേഹത്തെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കാനുള്ള പരിശ്രമം നടന്നുവെന്നുംകൂടി കാന്തപുരം ആരോപിച്ചു (ജൂണ്‍ 13, 2024, ഫോര്‍ത്ത് ന്യൂസ്).
മുന്‍ ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞത്: ചേകന്നൂര്‍ മൗലവി കേസില്‍ ഗൂഢാലോചന നടത്തേണ്ട ആവശ്യം തനിക്കില്ലെന്ന്, അടുത്ത ദിവസം തന്നെ സമീപിച്ച മാധ്യമങ്ങളോട് കമാല്‍ പാഷ വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. ചേകന്നൂര്‍ മൗലവിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാന്തപുരത്തിനെ പ്രതിചേര്‍ത്ത് ഉത്തരവിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു: ''സി.ബി.ഐ ജഡ്ജായിരുന്ന സമയത്താണ് ചേകന്നൂര്‍ മൗലവി വധക്കേസ് വരുന്നത്. ഒന്നാം സാക്ഷിയായി വിസ്തരിച്ച ചേകന്നൂരിന്റെ ഭാര്യ, അവര്‍ ധാരാളം ആരോപണങ്ങള്‍ കാന്തപുരത്തെക്കുറിച്ച് പറഞ്ഞു. ആ സമയത്ത് ഞാന്‍ കരുതിയത് അദ്ദേഹം ഈ കേസില്‍ പ്രതിയാണെന്നാണ്. എനിക്ക് ഇദ്ദേഹവുമായി പരിചയമില്ല. കുറേ തലേക്കെട്ടുകാര്‍ നില്‍ക്കുന്നുണ്ട്. ഇതിലാരാണ് കാന്തപുരമെന്ന് ഞാന്‍ ചോദിച്ചു. പ്രതിയല്ലാത്ത ഒരാളെക്കുറിച്ചാണോ ഇത്രയും പറയുന്നതെന്ന് പറഞ്ഞു. മറ്റൊരു സാക്ഷിയെ വിസ്തരിച്ചപ്പോഴും ഇതുതന്നെ പറയുന്നു. അങ്ങനെ 319ാം വകുപ്പനുസരിച്ച് അദ്ദേഹത്തെ പ്രതിയാക്കി. അത് ശരിയായ ഉത്തരവായിരുന്നു. നിയമാനുസൃതം ശരിയായിരുന്നു. അതദ്ദേഹം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. എന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി ശരിയല്ല. പിന്നീട് സുപ്രിംകോടതി തത്തുല്യമായ കേസില്‍ ഞാന്‍ എഴുതിയതുപോലുള്ള വിധിയെ ശരിവച്ചു. വിസ്തരിച്ച ശേഷമേ പ്രതിയാക്കാവൂ എന്നത് നിയമപരമായി ശരിയല്ലെന്നാണ് സുപ്രീംകോടതി ആ കേസില്‍ വിധിച്ചത്.''
കേസ് പരിഗണിക്കുന്ന സമയത്തുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു: '' ഈ കേസ് ഏറ്റെടുത്ത ശേഷം വലിയ ശല്യമായിരുന്നു. കാന്തപുരത്തിന്റെ മകന്‍ വാദിയായി കമാലിയാ ട്രസ്റ്റിലെ ആളുകളെ പ്രതിയാക്കി കേസ് കൊടുത്തു. പേരില്‍ ഒരു സാമ്യമുണ്ടല്ലോ. ഞാന്‍ ജനിക്കുന്നതിനു മുമ്പേയുണ്ടായ ട്രസ്റ്റാണ്. അതുമായി എനിക്ക് ബന്ധമുണ്ടെന്നും ഞാന്‍ ഇയാളുടെയൊക്കെ പണം വാങ്ങിയിട്ടുണ്ടെന്നുമൊക്കെ പറഞ്ഞാണ് കേസ് കൊടുത്തത്. ഇതിന്റെ പുറകെ നടക്കാന്‍ സമയമില്ല. ട്രസ്റ്റില്‍ ഞാന്‍ അംഗമാണെന്നുപറഞ്ഞാണ് പരാതി വന്നത്. ട്രസ്റ്റിന്റെ ഒരു മിനിറ്റ്‌സ് ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ ട്രസ്റ്റ് യോഗത്തില്‍ പങ്കെടുത്തുവെന്നാണ്. എന്റെ ഭാഗ്യത്തിന് ആ ദിവസം ഞാന്‍ ഭോപ്പാലില്‍ ജുഡീഷ്യല്‍ അക്കാദമിയിലാണ്. അതും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനൊപ്പം. അതുകൊണ്ട് എനിക്ക് വേറെ സാക്ഷികള്‍ വേണ്ട. എന്റെ വിശദീകരണം ഞാന്‍ ഹൈക്കോടതിയില്‍ നല്‍കി. ഞാന്‍ പണപ്പിരിവ് നടത്തുന്നുവെന്നായിരുന്നു ആരോപണം. എന്തായാലും കള്ളരേഖ ചമച്ചതിന് അവരുടെ പേരില്‍ കേസെടുത്തു. അതെന്തായെന്ന് അറിയില്ല. പിന്നീട് ഞാന്‍ ഈ കേസ് മാറ്റാന്‍ എഴുതിക്കൊടുത്തു. അതോടെ രക്ഷപ്പെട്ടു.'' (ജൂണ്‍ 13, 2024, റിപോര്‍ട്ടര്‍ ടി.വി)
പ്രതിചേര്‍ത്തുവെന്നതിനര്‍ഥം അദ്ദേഹത്തെ ശിക്ഷിക്കാനുള്ള തെളിവുണ്ടെന്നല്ലെന്നും കമാല്‍പാഷ ഊന്നിപ്പറഞ്ഞു: ''അദ്ദേഹത്തെ പ്രതിചേര്‍ത്തു എന്നതിനര്‍ഥം ശിക്ഷിക്കാനുള്ള തെളിവുണ്ടെന്നല്ല. ആരോപണമുണ്ടെന്നു മാത്രമേയുള്ളൂ. ചേകന്നൂരിന്റെ ഭാര്യയും വേറെയൊരു സാക്ഷിയുടെ മൊഴിയും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് അറിയേണ്ട സ്റ്റേജ് അതല്ല. പ്രതിചേര്‍ത്തു കഴിഞ്ഞ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച് നടക്കുന്ന ട്രയലിലേ തീരുമാനിക്കാന്‍ പറ്റൂ, നിരപരാധിയാണോ ശിക്ഷിക്കപ്പെടേണ്ട ആളാണോ എന്നറിയുകയുള്ളൂ. അല്ലാതെ അദ്ദേഹത്തിനെതിരേ വേറെ തെളിവൊന്നുമില്ല. ആരോപണങ്ങളേയുള്ളൂ. വ്യക്തമായ ആരോപണങ്ങളാണെങ്കില്‍ 319ാം വകുപ്പനുസരിച്ച് ഒരാളെ പ്രതിചേര്‍ക്കാം, ചേര്‍ക്കണം. എന്നെക്കുറിച്ച് ആരോപണമായാലും പ്രതിചേര്‍ക്കാം. അതില്‍ പ്രശ്നമൊന്നുമില്ല. ലീഗല്‍ എവിഡന്‍സ് ഉണ്ടായലേ ഒരാളെ ശിക്ഷിക്കാനാവൂ. ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുണ്ടോയെന്ന് എനിക്കറിയില്ല. അത് ട്രയലിനകത്ത് പിന്നെ വരേണ്ടതാണ്. ബാക്കിയുള്ള സാക്ഷികളെയൊന്നും വിസ്തരിച്ചില്ലല്ലോ. അതുകൊണ്ട് അതൊന്നും അറിയാന്‍ പറ്റുന്നില്ല. (ജൂണ്‍ 13, 2024, റിപോര്‍ട്ടര്‍ ടി.വി)''
എം.എന്‍ കാരശ്ശേരിയുടെ നിലപാട്
ആത്മകഥില്‍ പരാമര്‍ശിക്കപ്പെട്ട മറ്റൊരാള്‍ എം.എന്‍ കാരശ്ശേരിയാണ്. ചേകന്നൂര്‍ കേസില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചയാളായാണ് കാരശ്ശേരിയെ ആത്മകഥയില്‍ പരാമര്‍ശിച്ചത്. എന്നാല്‍, താന്‍ ഒരിക്കല്‍പ്പോലും കാന്തപുരമാണ് പ്രതിയെന്ന് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരശ്ശേരി പറഞ്ഞു: മത കര്‍മശാസ്ത്രത്തില്‍ യാഥാസ്ഥിതികന്മാരുമായി ചേകന്നൂര്‍ മൗലവിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 1993 ജൂലൈ 29ന് അദ്ദേഹത്തെ അവര്‍ തട്ടിക്കൊണ്ടുപോയി. മൗലവിയുടെ തിരോധാനം എന്നായിരുന്നു വാര്‍ത്ത വന്നത്. മൊയ്തു മൗലവി 17 ദിവസം കഴിഞ്ഞ് പരാതി നല്‍കി. ചേകന്നൂര്‍ മൗലവിയുടെ ആദ്യ ഭാര്യ മൊയ്തുമൗലവിയുടെ ബന്ധുവാണ്. മൊയ്തുമൗലവി സ്വാതന്ത്ര്യസമര സേനാനിയാണ്. അദ്ദേഹമാണത് തുടങ്ങുന്നത്. ഞാനല്ല. പക്ഷേ, അന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. പിന്നീട് ഇ. മൊയ്തുമൗലവി മരിച്ചുപോയി. അതിന്റെ (ചേകന്നൂര്‍ കേസിന്റെ) ഭാഗമായി ഞാനും ധാരാളം ജോലി ചെയ്തിട്ടുണ്ട്.
ചേകന്നൂര്‍ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. ആ കേസ് 17 കൊല്ലം നടന്നു. അതിന്റെ പ്രധാന പ്രവര്‍ത്തകന്‍ ഞാന്‍ തന്നെയായിരുന്നു. ഭാഷാപോഷിണിയിലടക്കം ലേഖനങ്ങള്‍ എഴുതിയത് ഞാനാണ്. അതിലൊരിക്കലും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ പ്രതിയാക്കണമെന്ന് പറയുകയോ ഭാവിക്കുകയോ ചെയ്തിട്ടില്ല. കാരണം, പ്രതികളാരാണെന്ന് അറിഞ്ഞുകൂട എന്നാണ് പറഞ്ഞത്. ഒരു ഘട്ടത്തില്‍ സി.ബി.ഐ എന്നെ വിചാരണ ചെയ്തിരുന്നു. ആ ആളെ കാണമെന്നാണ് പറഞ്ഞത്. അതിലെ പ്രതികളെ പിടികൂടാന്‍ വേണ്ടി ധാരാളം പണി ചെയ്തുവെന്ന് പറഞ്ഞത് ശരിയാണ്. ഞാന്‍ കൂടുതല്‍ ചെയ്ത ജോലിയും അതാണ്. മതത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരാള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നു വന്നാല്‍ അത്തരം ആശയങ്ങളും ആദര്‍ശങ്ങളും ഇല്ലാതായിപ്പോവും. മരിച്ചുപോയ ചേകന്നൂരിന്റെ നീതിക്കുവേണ്ടിയാണ് പൊരുതിയത്. ചേകന്നൂരിന്റെ സുഹൃത്തായിരുന്നു ഞാന്‍. അല്ലാതെ അനുയായിയല്ല. ഞാന്‍ മതം അനുഷ്ഠിക്കുന്ന ആളുമല്ല. ചേകന്നൂര്‍ മതമനുഷ്ഠിച്ചിരുന്നു. മരിച്ചുപോയ ആള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു ജനാധിപത്യ അവകാശമാണ്. ഞാനതിനെ ഒരു പൗരാവകാശപ്രശ്നമായാണ് കണ്ടത്. എനിക്ക് കാന്തപുരത്തോട് അന്നും ഇന്നും വിരോധമൊന്നുമില്ല. പരിചയപ്പെട്ടിട്ടുണ്ടെങ്കിലും നല്ലതും ചീത്തയുമായ ബന്ധമില്ല. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 12 പേര്‍ അദ്ദേഹത്തിന്റെ മര്‍ക്കസുമായി കൂടിയോ കുറഞ്ഞോ അളവിലുള്ള ബന്ധമുള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല.
കേസില്‍ 34 സാക്ഷികളുണ്ടായിരുന്നു. അതില്‍ രണ്ട് പേരൊഴിച്ച് എല്ലാവരും കാലുമാറി. സാക്ഷി കൂറുമാറിയാല്‍ കേസില്‍ ശിക്ഷിക്കാന്‍ കഴിയില്ല. എന്നിട്ടും ഒരാളെ ശിക്ഷിച്ചു. ഇരട്ട ജീവപര്യന്തത്തിന്. അതുതന്നെ 2018ലാണ്. നമുക്ക് ചെയ്യാനുള്ളത് ചെയ്തു.... അക്കാലത്തെ ലേഖനങ്ങള്‍ ഞാന്‍ സമാഹരിച്ചിട്ടുണ്ട്. 'ചേകന്നൂരിന്റെ രക്തം' എന്ന പുസ്തകം. രണ്ട് വട്ടം സി.ബി.ഐ കാന്തപുരത്തെ ചോദ്യം ചെയ്തു. അതു പറഞ്ഞതല്ലാതെ കാന്തപുരത്തിന്റെ പേര് ആ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടല്ല. ഒരു പ്രസംഗത്തിലേ കാന്തപുരത്തെ പരാമര്‍ശിച്ച് സംസാരിച്ചിട്ടുള്ളൂ. അദ്ദേഹം പ്രതിയാണോയെന്ന് അറിയില്ല. ആരാണ് ചെയ്തതെന്ന് അറിയില്ല. ഏഴ് കൊല്ലം കഴിഞ്ഞാണ് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതുതന്നെ. കേസ് തേച്ചുമാച്ചുകളയാന്‍ പലരും സഹായിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയില്‍നിന്നും ആത്മാര്‍ഥമായ പിന്തുണ ലഭിച്ചിട്ടില്ല. നേതാക്കന്മാര്‍ പ്രസംഗിക്കാന്‍ വിളിച്ചാല്‍ വരും അത്രയേയുള്ളൂ. നിയസഭയില്‍ അതൊരിക്കലും ഉന്നയിച്ചിട്ടില്ല, ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തിട്ടില്ല. കേരളത്തിന്റെ പൗരാവകാശ ചരിത്രത്തില്‍ നാണക്കേടാണ് അത്. ചേകന്നൂര്‍ മതയാഥാസ്ഥിതികതയുടെ, മതമൗലികവാദത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങളെ വെല്ലുവിളിച്ച ആളാണ്. നബിചര്യയെന്ന മതപ്രമാണമേയില്ലെന്ന് പറഞ്ഞയാളാണ് ചേകന്നൂര്‍. ഒന്നാമത്തെ പ്രമാണം ഖുര്‍ആനാണെങ്കില്‍ രണ്ടാമത്തേത് നബിചര്യയായ ഹദീസാണ്. ചേകന്നൂര്‍ അത് അംഗീകരിച്ചിരുന്നില്ല. മറ്റൊന്നും അംഗീകരിക്കില്ല. നിസ്‌കാരം മൂന്നു നേരമാണെന്നു പറഞ്ഞു. അങ്ങനെ ഒരുപിടി കാര്യങ്ങള്‍. അതൊക്കെ പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം. (ജൂണ്‍ 13, 2024, റിപോര്‍ട്ടര്‍ ടി.വി)
രണ്ട്
ചേകന്നൂര്‍ മൗലവിയുടെ ആശയ ലോകം
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വൈദഗ്ധ്യം നേടിയ മൗലവി ആദ്യ കാലത്ത് ജമാഅത്തെ ഇസ്ലാമിയോടും കേരള നദ്‌വത്തുല്‍ മുജാഹിദിനോടും സഹകരിച്ചിരുന്നു. പിന്നീടു അദ്ദേഹം മുസ്‌ലിം ഭൂരിപക്ഷ നിലപാടുകളോടു ഇടയുന്ന നിരവധി വീക്ഷണങ്ങള്‍ പുലര്‍ത്തി സ്വതന്ത്ര അന്വേഷണങ്ങള്‍ വികസിപ്പിച്ചു (ഇ. പി ഷെഫീഖ് പുറ്റെക്കാട്. 2018 ചേകന്നൂരിന്റെ രക്തവും മറവിയുടെ രാഷ്ട്രീയവും. ഡൂള്‍ ന്യൂസ്). അതിലേറ്റവും പ്രധാനപ്പെട്ടത് ഇതാണ്: ദൈവിക വചനമായ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്ലിംകള്‍ പ്രമാണമായി കാണുന്ന പ്രവാചക വചനങ്ങളെ (ഹദീസ്) തളളിക്കളഞ്ഞതിനാലാണ് മൗലവി മുസ്‌ലിം പരിഷ്‌ക രണവാദികളുടെ പോലും വിമര്‍ശനത്തിനിരയായത് (ഒ. അബ്ദുറഹ്മാന്‍, ജോസഫ് ഇടമറുക്, യു. കലാനാഥന്‍, ചേകന്നൂര്‍, പി ഗോവിന്ദപ്പിള്ള: ഒരു പത്രാധിപര്‍ സംവാദ സ്മരണകള്‍ എഴുതുന്നു. മാധ്യമം വാര്‍ഷിക പതിപ്പ്, 2022).
പ്രവാചകന്‍ മുഹമ്മദിന്റെ വചനങ്ങളെ തള്ളിക്കളയുന്നതു പ്രവാചകനിഷേധത്തിനു തുല്യമാണെന്നാണ് കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകളുടെയും നിലപാട്. പ്രവാചക വചനങ്ങളിലൂടെയേ പ്രവാചക ജീവിതത്തിലേക്ക് എത്താന്‍ കഴിയൂ. പ്രവാചക വചന നിഷേധം ഇസ്‌ലാമിക ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംവാദ മേഖലയാണ്. ഇതാവട്ടെ ചേകന്നൂര്‍ പ്രത്യേകം കണ്ടെത്തിയ വാദവുമല്ല. പക്ഷെ, പുതിയ കാലത്ത് ആ വാദം അദ്ദേഹം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്നതാണ് കൂടുതല്‍ ചര്‍ച്ചക്ക് കാരണമായത് (ഇ.പി ഷെഫീഖ് പുറ്റെക്കാട്. 2018 ചേകന്നൂരിന്റെ രക്തവും മറവിയുടെ രാഷ്ട്രീയവും. ഡൂള്‍ ന്യൂസ്).
റോളണ്ട് മില്ലറുടെ മാപ്പിള മുസ്‌ലിംസ് ഓഫ് കേരള: എ സ്റ്റഡി ഇന്‍ ഇസ്‌ലാമിക് ട്രെന്‍ഡ് (1992, ഓറിയന്റ് ലോംഗ്മാന്‍) എന്ന പുസ്തകം പരിഷ്‌കരണവാദിയായൊരു മത പണ്ഡിതനായാണ് മൗലവിയെ പരിചയപ്പെടുത്തുന്നത്. 1970കള്‍ മുതല്‍ ചേകന്നൂര്‍ സഹകരിച്ചിരുന്ന മുസ്‌ലിം മോഡേണ്‍ ഏജ് സൊസൈറ്റിയില്‍ നിന്നും പിന്നീടു അദ്ദേഹം പിന്‍വാങ്ങി. പില്‍ക്കാലത്ത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന പ്രസ്ഥാനവുമായി രംഗത്തുവന്നു. ഒ. അബ്ദുറഹ്മാന്‍ പറയുന്നു: 'ആ സംഘടനയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അദ്ദേഹം ദാരുണമായി വധിക്കപ്പെട്ടത് '(അതേ ലേഖനം). 1993 ജൂലൈ 29-നാണ് ചേകന്നൂര്‍ മൗലവി എന്നറിയപ്പെടുന്ന പി.കെ അബൂല്‍ ഹസന്‍ മൗലവിയെ കാണാതാവുന്നത്.
നിയമം, തെളിവ്, തിരോധാനം, മനുഷ്യാവകാശം
ഇന്ത്യയിലെ നിയമ വ്യവഹാരങ്ങള്‍ ചേകന്നൂരിന്റെ വധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാരണം, കോടതിയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ചേകന്നൂര്‍ വധം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. 'വധിക്കപ്പെട്ടു' എന്നതിനു നിയമപരമായ തെളിവില്ല. അതിനാലാണ് 'തിരോധാനം 'എന്ന രീതിയില്‍ നിയമം അതിനെ വേറിട്ടു കാണുന്നത് (ദി ഹിന്ദു 16 ഒക്ടോബര്‍ 2018). ചേകന്നൂരിനൊപ്പം അവസാനം കണ്ടവരെ ('ലാസ്റ്റ് സീന്‍') മാത്രമാണ് സാക്ഷികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പറഞ്ഞാണ് സി.ബി.ഐ കോടതി ശിക്ഷിച്ച ഏക പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് (മാധ്യമം, 15 ഒക്ടോബര്‍ 2018). ഏറെ ഗൗരവുമുള്ള ഒരു മനുഷ്യാവകാശ പ്രശ്‌നമാണ് ചേകന്നൂര്‍ മൗലവിയുടേത്.
മൗലവിയുടെ കാര്യത്തില്‍ ആശങ്കയറിയിച്ചുകൊണ്ട് ഇരുപതു ദിവസം കഴിഞ്ഞപ്പോള്‍ 1993 ആഗസ്റ്റ് 18ന് മാധ്യമം ദിനപത്രം എഡിറ്റോറിയല്‍ എഴുതി. 2018-ല്‍ മാധ്യമം ദിനപത്രം ചേകനൂര്‍ കേസിന്റെ (17 ഒക്ടോബര്‍ 2018) നാള്‍വഴികളെക്കുറിച്ചെഴുതിയ മുഖപ്രസംഗവും സൂചിപ്പിക്കുന്നത് മുസ്ലിം രാഷ്ട്രീയ വ്യവഹാരങ്ങള്‍ ചേകന്നൂര്‍ തിരോധാനത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി കാണുന്നുവെന്നാണ്. ജമാഅത്തെ ഇസ്ലാമിയുടെ വക്താവായ ഒ. അബ്ദുറഹ്മാന്‍ തന്റെ സംവാദ അനുഭവങ്ങളുടെ ചരിത്രത്തിന്റെ ഭാഗമായി ചേകന്നൂരിനെക്കുറിച്ച് 2020-ല്‍ എഴുതിയതിന്റെ കാരണവും അതായിരിക്കും.
ചന്ദ്രിക പത്രാധിപരായിരുന്ന റഹീം മേച്ചേരി (ചന്ദ്രിക ദിനപത്രം 26 ഡിസംബര്‍ 2000) ചേകന്നൂരിന്റെ വധത്തിനു പിന്നിലെ വ്യക്തികളെ അന്വേഷിച്ചു കാണ്ടെത്തി വിചാരണ ചെയ്യാന്‍ കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മാറിവന്ന മന്ത്രിസഭകള്‍ക്കും നിയമ പരിപാലന സ്ഥാപനങ്ങള്‍ക്കും ഇല്ലാത്ത ഉത്തരവാദിത്തം മുസ്ലിംകളുടെ മേല്‍ ആരോപിക്കുന്നത് നീതിയല്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
കേരള നിയമസഭയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും - കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിമര്‍ശകര്‍ അടക്കം - ഇത് ചര്‍ച്ചയാക്കിയില്ല. തിരോധാനം അന്വേഷിച്ചു ചേകന്നൂരിനു സംഭവിച്ചതെന്തെന്നു കണ്ടെത്താന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന മതേതര ജനപ്രതിനിധികള്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍, ഈ മതേതര ഘടകം തുല്യ പ്രാധാന്യത്തോടെ പൊതുഭാവനയില്‍ ഇല്ല. മാത്രമല്ല, നേരത്തെ സൂചിപ്പിച്ച റിപോര്‍ട്ടര്‍ ടി.വി അഭിമുഖത്തില്‍ കാരശ്ശേരിയും ചേകന്നൂരിനെ മതയാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും ഇരയായാണ് കണക്കാക്കുന്നത്.
കേരളത്തില്‍ തേവലക്കര അലികുഞ്ഞി മൗലവി (1984), കാട്ടൂര്‍ അലി മൗലവി (1990), മുതല്‍ കാസര്‍ഗോഡ് ചൂരിയയില്‍ അധ്യാപകനായിരുന്ന റിയാസ് മൗലവി (2019) വരെ നിരവധി മുസ്ലിം പണ്ഡിതന്‍മാര്‍ സംഘ്പരിവാറിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വിഷയത്തില്‍ എന്ന പോലെ ഏതു കൊലപാതകത്തിന്റെ കാര്യത്തിലും നിയമപരമായ രീതിയില്‍ അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്തുന്നതിനോടു യാതൊരു തടസ്സവും തത്വത്തില്‍ കേരളത്തില്‍ മുസ്ലിം സാമൂഹിക/രാഷ്ട്രീയപക്ഷത്തു നിന്നുണ്ടായിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നുതാനും. മുസ്ലിംകളെ നിര്‍വചിക്കാനുള്ള തെളിവുകള്‍ തിരയുന്ന ആഖ്യാനത്തിന് അതാവശ്യമാണ്.
മതേതര ഇടപെടലും മതമൗലികവാദ നിര്‍മിതിയും
എന്നാല്‍, ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിനു പിന്നില്‍ ഇസ്‌ലാമിക മതമൗലികവാദം എന്ന നിര്‍മിതി നിലനിര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ തന്നെ ഇസ്‌ലാമിക മതമൗലികവാദത്തിന്റെ ഇരയായാണ് ചേകന്നൂര്‍ മൗലവി വിശേഷിപ്പിക്കപ്പെടുന്നത് (പേജ് 34 - 35, ഗിര്‍ജ കുമാര്‍, ദ ബുക് ഓണ്‍ ട്രയല്‍: ഫണ്ടമെന്റെലിസം ആന്‍ഡ് സെന്‍സര്‍ഷിപ് ഇന്‍ ഇന്ത്യ, 1997, ഹര്‍ - ആനന്ദ് പബ്ലിക്കേഷന്‍). പില്‍ക്കാലത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടികളില്‍വരെ നിത്യസാന്നിധ്യമായ, അന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വക്താവായ ജാമിത പറയുന്നത് കേള്‍ക്കുക: 'ഹദീസുകള്‍ ഖുര്‍ആനിന് എതിരാണ്. മതത്തില്‍നിന്ന് മാറിപ്പോകുമോ എന്ന പേടികൊണ്ടാണ് മൂന്നു വയസ്സു മുതല്‍ കുട്ടികളെ മതം പഠിപ്പിക്കുന്നത്. ഞങ്ങളുടെ ആശയങ്ങളിലൂടെ യഥാര്‍ഥ സത്യം എന്താണ് എന്ന് സമുദായാംഗങ്ങള്‍ പഠിക്കും എന്നതുകൊണ്ടാണ് എന്നെയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയേയും ഇവര്‍ എതിര്‍ക്കുന്നത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടാന്‍ ജമാഅത്തെ ഇസ്‌ലാമിക്കോ സുന്നി പണ്ഡിതര്‍ക്കോ മുജാഹിദുകള്‍ക്കോ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 24 വര്‍ഷങ്ങള്‍ക്കുശേഷവും ആ സമുദായത്തില്‍നിന്ന് അതേ ആശയങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വീണ്ടും അസഹിഷ്ണുതയാണ്.' (സ്വര്‍ഗം കിട്ടാന്‍ വേണ്ടി കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍; മതഭ്രാന്തിനു ചികിത്സയില്ല: ജാമിത, അഭിമുഖം: രേഖാ ചന്ദ്ര, 24 ജനുവരി 2018, സമകാലിക മലയാളം)
മുസ്‌ലിം ആരോപണ സ്ഥലം
മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ഹിംസകള്‍ അരങ്ങേറുമ്പോള്‍ കേസന്വേഷണവും നിയമപരമായ വിചാരണയും പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഇസ്ലാമിക മൗലികവാദം/തീവ്രവാദം എന്ന നിര്‍മിതിയുമായി രംഗത്തു വരുന്നത് പതിവാണ്. ചേകന്നൂര്‍ മൗലവി വധത്തിനു പിന്നില്‍ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ആരോപണം നേരിട്ട സംഘടന മിക്ക പ്രശ്‌നങ്ങളിലും ഇടതുപക്ഷത്തോടൊപ്പം നിലനിന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ അറിയപ്പെടുന്ന മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യ (മര്‍കസ്) സ്ഥാപനവുമായി ബന്ധപെപ്പട്ടാണ്. അവിടുത്തെ ചില ജീവനക്കാരും പ്രതികളായി ആരോപണം നേരിട്ടു. കാന്തപുരത്തെ പത്താം പ്രതിയാക്കി സി.ബി.ഐ പ്രത്യേക ജഡ്ജി ബി. കമാല്‍പാഷ ഉത്തരവിട്ടിരുന്നു. എന്നാല്‍, വ്യക്തമായ തെളിവുകളുടെ അഭാവത്താല്‍ പിന്നീട് അദ്ദേഹം ഒഴിവാക്കപ്പെട്ടു (24 ജൂലൈ 2016 , ദി ഹിന്ദു). ഇതാണ് ഈ വിഷയത്തിലെ ആരോപണ വിധേയമായ ഏക മുസ്ലിം ഘടകം. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് ഈ ആരോപണം ഉന്നയിക്കപ്പെട്ടത്.
മനുഷ്യാവകാശവും മതേതര നിലപാടും
ചേകന്നൂരിന്റെ തിരോധാനം ഒരു മനുഷ്യാവകാശപ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന എം.എന്‍ കാരശ്ശേരി (മതം, വര്‍ഗീയത, ഫാസിസം; കെ.ഇ.എന്നും എം.എന്‍ കാരശ്ശേരിയും നേര്‍ക്കുനേര്‍. 15 സെപ്തംബര്‍ 2018, ദേശാഭിമാനി ഡോട്ട് കോം) ഈ വിഷയത്തില്‍ മുഖ്യധാരാ മതേതര ഇടതുപക്ഷ നിലപാടിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്. '19 കൊല്ലമാണ് ചേകന്നൂര്‍ കേസ് നടന്നത്. കേരള നിയമസഭയില്‍ ആരെങ്കിലും ഈ പ്രശ്നം ഉന്നയിച്ചിട്ടുണ്ടോ?.. ചേകന്നൂര്‍ മൗലവി എവിടെയെന്ന് ആരെങ്കിലും ചോദിച്ചോ? ഇടതുപക്ഷമുണ്ടായിട്ടും എന്തുകൊണ്ട് ഈ പ്രശ്നം സഭയില്‍ വന്നില്ല. ആര്‍ക്കും ഒരു പ്രശ്നമുണ്ടായില്ല എന്നതാണ് ഖേദകരം.'
ഇക്കാര്യം ആത്മകഥ പുറത്തിറക്കിയ ശേഷം ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തിലും കാരശ്ശേരി ആവര്‍ത്തിച്ചു: ''പ്രവര്‍ത്തിക്കാന്‍ കാര്യമായി രാഷ്ട്രീയക്കാരുണ്ടായിരുന്നില്ല. നിയമസഭയില്‍ ഒരിക്കലും ആ പ്രശ്നം വന്നിട്ടില്ല. 20 കൊല്ലത്തിനിടയില്‍ ഒരാള്‍ പോലും നിയമസഭയില്‍ ഒരു ചോദ്യവുമുന്നയിച്ചില്ല. വോട്ട് ബാങ്കിനെ പേടിച്ചിട്ടായിരുന്നു അത്. ഞാന്‍ അന്ന് 100 കത്തെഴുതി, ആദ്യത്തേത് ഇ.എം.എസ്സിനാണ്. വി.എസ്സ് അച്യുതാനന്ദന് കത്തെഴുതി. ഇ.ടി മുഹമ്മദ് ബഷീനും എഴുതി.. മറുപടി അയച്ചത് രണ്ട് പേര്‍ മാത്രം, ഇ.എം.എസ്സും ഇ.ടി മുഹമ്മദ് ബഷീറും. മൗലവിയുടെ പ്രശ്നം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ഇ.എം.എസ്സിന്റെ മറുപടി. അന്ന് മുഖ്യമന്ത്രി കെ. കരുണാകരനാണ്. പക്ഷേ, ഇതേ കുറിച്ച് ഇ.എം.എസ്സ് ഒരു ലേഖനം പോലും എഴുതിയിട്ടില്ല. പ്രസംഗത്തിലും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ സമരത്തിനുണ്ടായില്ല'' (ജൂണ്‍ 13, 2024, റിപോര്‍ട്ടര്‍ ടി.വി).
കേരള നിയമസഭയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും - കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിമര്‍ശകര്‍ അടക്കം - ഇത് ചര്‍ച്ചയാക്കിയില്ല. തിരോധാനം അന്വേഷിച്ചു ചേകന്നൂരിനു സംഭവിച്ചതെന്തെന്നു കണ്ടെത്താന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന മതേതര ജനപ്രതിനിധികള്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍, ഈ മതേതര ഘടകം തുല്യ പ്രാധാന്യത്തോടെ പൊതുഭാവനയില്‍ ഇല്ല. മാത്രമല്ല, നേരത്തെ സൂചിപ്പിച്ച റിപോര്‍ട്ടര്‍ ടി.വി അഭിമുഖത്തില്‍ കാരശ്ശേരിയും ചേകന്നൂരിനെ മതയാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും ഇരയായാണ് കണക്കാക്കുന്നത്.
സംഘ്പരിവാര്‍ നിലപാട്
ഇസ്‌ലാമിക മതമൗലികവാദികളെ എതിര്‍ക്കുന്ന സംഘ്പരിവാര്‍ നിലപാട് ഏറെ കൗതുകകരമാണ്. ചേകന്നൂര്‍ മൗലവി പ്രശ്‌നം തുടക്കത്തില്‍ സജീവമായി ഉയര്‍ത്തി പിടിച്ച ബി.ജെ.പി അതില്‍ നിന്ന് പിന്‍മാറിയതു മറ്റൊരു വസ്തുതതയാണ് (ചന്ദ്രിക ദിനപത്രം, 26 ഡിസംബര്‍ 2000). റഹീം മേച്ചേരി പറഞ്ഞതു പോലെ പ്രധാനമന്ത്രിയായ എ.ബി വാജ്‌പേയി കേരളം സന്ദര്‍ശിച്ചപ്പോള്‍ ചേകന്നൂര്‍ പ്രശ്‌നം ഉന്നയിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ബി.ജെ.പിക്കാര്‍ അനുവാദം നല്‍കിയില്ല (ചന്ദ്രിക ദിനപത്രം, 26 ഡിസംബര്‍ 2000). ഇതേ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ചില ഭാരവാഹികള്‍ക്ക് ബി.ജെ.പിയുമായി പിന്നീടു സഹകരിക്കാന്‍ കഴിയുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കെ. ജാമിത ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം ഉണ്ടാവൂ (സംഘ്പരിവാര്‍ സ്വരത്തില്‍ ജാമിത ടീച്ചര്‍, 11 ഫെബ്രുവരി 2018 സമകാലിക മലയാളം) എന്നു പ്രസ്താവിച്ചത് ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു. മതഭേദമില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാവുന്ന സംഘടനയാണ് ബി.ജെ.പിയും ആര്‍.എസ്.എസും എന്നവര്‍ അഭിപ്രായപ്പെടുന്നു. അതുപോലെയല്ല മുസ്‌ലിം സംഘടനകളെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏറ്റവുമൊടുവില്‍ 2024 ജൂണ്‍ 12ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം' പ്രകാശനം നടത്തി പ്രഭാഷണം നടത്തിയത് ബി.ജെ.പി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ വി. മുരളീധരനായിരുന്നു.
മത/മതേതര പ്രശ്‌നം
ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ചേര്‍ന്നാണ് ഒരു വധത്തിന്റെ നിയമപരമായ സാധുത തീരുമാനിക്കേണ്ടത്. ചേകന്നൂരിന്റെ തിരോധാനം നിയമപരമായി തെളിയിക്കപ്പെട്ടിട്ടും വധം ഇപ്പോഴും തെളിയിക്കാന്‍ കഴിയാത്ത ഒരു നിയമപ്രശ്‌നമായി തുടരുന്നു. മൗലവി ചേകന്നൂര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഡോ. എ അബ്ദുല്‍ ജലീല്‍ എഴുതിയ (മൗലവി ചേകന്നൂര്‍: രക്തസാക്ഷിത്വത്തിന്റെ പതിനെട്ട് വര്‍ഷങ്ങള്‍) ലേഖനത്തില്‍ ജുഡീഷ്യറി ഒത്തുകളിച്ചാണ് കേസ് കോടതിയില്‍ തള്ളിപ്പോയതെന്നു കുറ്റപ്പെടുത്തുന്നു. മാത്രമല്ല, നിര്‍ണായകമായ ഒരു ഡയറിക്കുറിപ്പ് സി.ബി.ഐ തന്നെ പൂഴ്ത്തിയെന്നും ആ ലേഖനം ആരോപിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുതല്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വരെയുള്ള മുസ്‌ലിം മതസംഘടനകളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഡോ. എ അബ്ദുല്‍ ജലീല്‍ എഴുതിയ ലേഖനം പൊതുവ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായി വിവിധ നിര്‍വാഹകരുള്ള (ഏജന്റ്‌സ്) ഒരു വ്യക്തി അവകാശപ്രശ്‌നമായി ചേകന്നൂരിന്റെ തിരോധാനത്തെ കാണുന്നു.
ഇസ്‌ലാമോഫോബിയയുടെ പ്രത്യേകത
ചേകന്നൂര്‍ തിരോധനത്തിനു പിന്നില്‍ എന്താണെന്ന വസ്തുത പുറത്തുവരാന്‍ മത-മതേതര ശക്തികളുടെ പങ്കിനെ വേറിട്ടുതന്നെ പരിശോധിക്കണം. എന്നാല്‍, മതേതരകര്‍തൃത്വത്തെ മതത്തിന്റെ മേല്‍ ആരോപിച്ചാണ് ഈ പ്രശ്‌നത്തിലും ഇസ്ലാമോഫോബിക് പൊതുവ്യവഹാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം മതസംഘടനകളുടെ സമ്മര്‍ദത്തിനു മതേതരരാഷ്ട്രീയം വഴങ്ങി എന്ന നരേറ്റീവില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. രാഷ്ട്രീയ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന മുസ്ലിം സംഘടനകള്‍ക്ക് ചേകന്നൂര്‍ വധത്തിന്റെ കാര്യത്തില്‍ മാത്രം മതേതര വ്യവഹാരങ്ങള്‍ ഒരു വിട്ടുവീഴ്ച ചെയ്യുന്നുവെന്ന അയുക്തിയാണത്. ഒരു മനുഷ്യാവകാശ പ്രശ്‌നമായി ചേകന്നൂര്‍ തിരോധാനം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ വിചിത്രയുക്തി പൊതുവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നത്. ഭരണഘടനാ ജനാധിപത്യ ക്രമത്തില്‍ ജുഡീഷ്യറി, എക്‌സിക്യൂട്ടിവ്, മതേതര രാഷ്ട്രീയ സംഘടനകള്‍, ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ തുടങ്ങിയ മത - മതേതര അധികാരത്തിന്റെ പ്രശ്‌നങ്ങളുള്ള ഒരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ് ചേകന്നൂര്‍ തിരോധാനം. അതിനെ ഇസ്‌ലാമിക മതമൗലികവാദമാക്കി ഏകപക്ഷീയമായി ചിത്രീകരിക്കുന്നത് അവകാശ രാഷ്ട്രീയത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠ സമീപനത്തിന്റെ ഭാഗമല്ല. വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശപ്രശ്‌നത്തെ നേരിടാന്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല.
ഒപ്പം മറ്റൊന്നുകൂടിയുണ്ട്. നിയമദൃഷ്ട്യാ ചേകന്നൂര്‍ മൗലവിയുടേത് തിരോധാനമാണെങ്കിലും അതിന്റെ സമസ്യകള്‍ അഴിച്ചെടുക്കുന്നതില്‍ ചുരുക്കം ചില വ്യക്തികള്‍ ഒഴിച്ച്, ഭരണകൂടത്തിനും മുസ്‌ലിം സമൂഹത്തെ ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതേതരവാദികള്‍ക്കും വലിയ താല്‍പര്യമില്ലെന്ന് നാം കണ്ടു. ഉത്തരമില്ലാത്ത സമസ്യയായി ഇത് തുടരുന്നതുവഴി ആരോപണം നേരിടുന്നവരെയും മുസ്‌ലിം സമൂഹത്തെ മൊത്തത്തിലും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും നിയന്ത്രിക്കാനും അവര്‍ക്ക് കഴിയുന്നു. ഇക്കാര്യത്തില്‍ മതേതര കക്ഷികളുടെയും രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റെയും പങ്ക് നിര്‍ണായകമാണ്.
കോടതിയുടെ നിഗമനം എന്തായിരുന്നാലും ചേകന്നൂര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നത്. അത്തരം അസംഖ്യം എഴുത്തുകളും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടുവെന്നതുതന്നെ സംശയാസ്പദമായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കൊലപാതകികളെക്കൂടി മാധ്യമങ്ങളും പൊതുസമൂഹവും 'കണ്ടെത്തി'യിരിക്കുന്നത്. ചേകന്നൂരിനെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് 'മുസ്‌ലിം മതമൗലികവാദി'കളായിരിക്കുമെന്നാണ് എത്തിച്ചേര്‍ന്ന തീര്‍പ്പ്. എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഒരു മുസ്‌ലിം സ്ഥാപനത്തിന്റെ മേല്‍ കുറ്റമാരോപിക്കാന്‍ തെളിവുകളൊന്നും വേണ്ടെന്നാണ് മിക്കവരും കരുതുന്നത്.
പ്രത്യയശാസ്ത്രവും മൗലികവാദവും
കോടതിയുടെ നിഗമനം മാറ്റിവച്ച് ചേകന്നൂരിനെ കൊലപ്പെടുത്തിയത് പിന്നില്‍ പ്രത്യയശാസ്ത്രശാഠ്യക്കാരായ ഒരു മുസ്‌ലിമാണെന്നുവന്നാല്‍ത്തന്നെ അതിന്റെ ഉത്തരവാദിത്തം മുസ്‌ലിം സമൂഹത്തിനുമുകളില്‍ ചാര്‍ത്തുന്നതിലും ശരികേടുണ്ട്. പ്രത്യയശാസ്ത്രശാഠ്യമെന്നത് മതപരമായ സവിശേഷതയല്ല. മതവിശ്വാസികളും മതേതരരും ഒരു പോലെ ഇത്തരം ശാഠ്യങ്ങള്‍വച്ചുപുലര്‍ത്തുന്നു. മതേതരമായ ശാഠ്യങ്ങള്‍ക്ക് 'കടുംപിടുത്തം', 'നിര്‍ബന്ധബുദ്ധി' പോലുള്ള വാക്കുകളാണ് നാം ഉപയോഗിക്കുന്നത്. അതുവഴി ശാഠ്യങ്ങള്‍ ഒറ്റപ്പെട്ട വ്യക്തികളുടെയോ ചെറിയൊരു കൂട്ടത്തിന്റെയോ മാത്രം സവിശേഷതയായി മനസ്സിലാക്കുന്നു.
ഒരു മുസ്ലിം ചെയ്ത കുറ്റത്തിന് എല്ലാ മുസ്ലിംകള്‍ക്കും ബാധ്യതയുണ്ടെന്ന് പൊതുസമൂഹം കരുതുന്നു. അതുകൊണ്ട് അവര്‍ വ്യക്തിപരമായി ക്ഷമാപണത്തോടെയായിരിക്കണം സംസാരിക്കേണ്ടതെന്നാണ് ഇസ് ലാമോഫോബിക് സമൂഹങ്ങളുടെ പ്രതീക്ഷ. പ്രസ്തുത ക്ഷമാപണം നിരന്തരം പരിശോധിക്കപ്പെടുകയും ചെയ്യും. അത് ഓരോതവണയും പുതുക്കേണ്ടതുമുണ്ട്.ചെയ്ത കുറ്റത്തിന് എല്ലാ മുസ്ലിംകള്‍ക്കും ബാധ്യതയുണ്ടെന്ന് പൊതുസമൂഹം കരുതുന്നു. അതുകൊണ്ട് അവര്‍ വ്യക്തിപരമായി ക്ഷമാപണത്തോടെയായിരിക്കണം സംസാരിക്കേണ്ടതെന്നാണ് ഇസ് ലാമോഫോബിക് സമൂഹങ്ങളുടെ പ്രതീക്ഷ. പ്രസ്തുത ക്ഷമാപണം നിരന്തരം പരിശോധിക്കപ്പെടുകയും ചെയ്യും. അത് ഓരോതവണയും പുതുക്കേണ്ടതുമുണ്ട്.
ഇതില്‍നിന്ന് വ്യത്യസ്തമായി മതപരമായ ശാഠ്യങ്ങള്‍ക്കെതിരേ 'മൗലികവാദ' ചാപ്പകുത്തലാണ് നമ്മുടെ ശീലം. 'മൗലികവാദം' ഒറ്റപ്പെട്ട വ്യക്തിയുടെ വെറും കടുംപിടുത്തമല്ല, ഒരു സമൂഹത്തിന്റെ പൊതുസ്വഭാവമായാണ് കണക്കാക്കുന്നത്. മതത്തെ ആരോപണസ്ഥലമാക്കി നിലനിര്‍ത്തുന്നതിനുള്ള ഉപാധിയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റ് മൗലികവാദം, ജനാധിപത്യ മൗലികവാദം, ലിബറല്‍ മൗലികവാദം, ഗാന്ധിയന്‍ മൗലികവാദം പോലുള്ള വാക്കുകള്‍ ഇല്ലാതിരിക്കുന്നതും അതുകൊണ്ടാണ്. അതേസമയം അധീശവ്യവസ്ഥയ്ക്കു പുറത്തുള്ള, കുറഞ്ഞ അധികാരമുള്ള സങ്കല്‍പ്പങ്ങളെ വിവരിക്കാന്‍ ഈ വാക്ക് ഉപയോഗിക്കാറുമുണ്ട്. ഉദാഹരണം പരിസ്ഥിതി മൗലികവാദം (പരിസ്ഥിതി മൗലികവാദം അഥവാ ഇക്കോ ഫാസിസം, ദേശാഭിമാനി മുഖപ്രസംഗം, 2 ഏപ്രില്‍ 2018). ചെറിയ പ്രസ്ഥാനങ്ങളോ വ്യക്തികളോ ആണല്ലോ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ളത്. ഈ വാക്ക് ഉപയോഗിക്കുന്നതിലെ സങ്കീര്‍ണതയാണ് ഇത് വെളിവാക്കുന്നത്. ഈ സാഹചര്യത്തില്‍ 'ചേകന്നൂര്‍വധം' പോലുള്ള സംഭവങ്ങള്‍ ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തിനു മുകളില്‍ മതമൗലികവാദ ആരോപണം ചാര്‍ത്തുന്നത് ലളിതമായി പറഞ്ഞാല്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമല്ലാതെ മറ്റൊന്നുമല്ല. ആദ്യം നിര്‍വചനം, പിന്നെ തെളിവ് എന്ന ആഖ്യാനത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട സംഭവമാണ് ചേകന്നൂര്‍ മൗലവിയുടെ തിരോധാനം.
ചേകന്നൂര്‍, സന്ദീപാനന്ദഗിരി, അമൃതാനന്ദമയി
ഇസ്‌ലാമോഫോബിയ കേരള സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂക്ഷ്മാംശങ്ങള്‍ മനസ്സിലാക്കാന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ തീവയ്പ്പും മാതാ അമൃതാനന്ദമയീ മഠത്തിലെ സത്‌നം സിങിന്റെ ദുരൂഹമരണവും ചേകന്നൂര്‍ മൗലവി തിരോധാനവുമായി താരതമ്യം ചെയ്യുന്നതു സഹായകരമാവും. മതം എന്ന സൂചകത്തിന് കീഴെ വരുന്ന പൊതുചര്‍ച്ചകളുടെ പ്രത്യേക സ്വഭാവങ്ങള്‍ മനസ്സിലാകാന്‍ ഇതുപകരിക്കും.
സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപകനും ആത്മീയ നേതാവുമായ സ്വാമി സന്ദീപാനന്ദഗിരി പൊതുവേ, ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ്. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ വിമര്‍ശകനുമാണ് അദ്ദേഹം. സ്വാമി ചിന്മയാനന്ദന്റെ അനുയായി ആയിരുന്ന അദ്ദേഹത്തെ ആര്‍.എസ്.എസ്സുകാര്‍ ഒരു സ്വാമിയായിപ്പോലും കാണുന്നില്ല; കപട സ്വാമി എന്നാണ് വിളിക്കുന്നത് തന്നെ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അവരില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു ('സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണം'; മുഖ്യസൂത്രധാരന്‍ ബി.ജെ.പി കൗണ്‍സിലര്‍, മാതൃഭൂമി, 3 മെയ് 2023). 2018 ഒക്ടോബര്‍ 27-നു അദ്ദേഹത്തിന്റെ ആശ്രമത്തിനു നേരേ നടന്ന തീവയ്പ്പില്‍ ഇതും സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ ചേകന്നൂര്‍ മൗലവി കേസില്‍ മുസ്‌ലിം സമുദായത്തെയൊന്നാകെ പ്രതിസ്ഥാനത്ത് നിറുത്തുന്ന പോലെയുള്ള പ്രയോഗങ്ങള്‍ 'ഹൈന്ദവ വിശ്വാസികളെ' യാഥാസ്ഥികരെന്നോ മൗലികവാദികളെന്നോ പൊതുവായി വ്യവഹരിക്കുന്ന വിധത്തില്‍ മാധ്യമ ചര്‍ച്ചകളുമൊന്നും കേരളത്തില്‍ വികസിച്ചുവന്നില്ല. ബി.ജെ.പിയും ഹൈന്ദവതയും തമ്മിലുള്ള ബന്ധം വിഭജിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
മറ്റൊരു വസ്തുത, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ക്രിമിനല്‍ ഹിംസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ഈ വിഷയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പൊതുസമൂഹത്തില്‍ പൊതുവായ 'മുസ്‌ലിം സൂചന'കളോടെ നേരിട്ടും അല്ലാതെയും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതാണ്. പക്ഷേ, സന്ദീപാനന്ദഗിരിയെ ആക്രമിച്ച ഹിന്ദുത്വാശയക്കാര്‍ നിരന്തരം ആക്രമണങ്ങളിലും കൊലകളിലുമൊക്കെ പ്രതികളാക്കപ്പെടുന്നുണ്ടെങ്കിലും അതിനൊന്നും ഹിന്ദു സമൂഹം മൊത്തത്തില്‍ മറുപടി പറയേണ്ടി വരുന്നുമില്ല. പൊതുവേ ഇതൊക്കെ ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ചെയ്തികളായി തള്ളിക്കളയുകയാണ്. സംവാദങ്ങള്‍ അങ്ങനെ വസ്തുതാവിരുദ്ധമായി വികസിക്കാന്‍ പാടുള്ളതുമല്ല. എന്നാല്‍, ഈ 'ആനുകൂല്യം' മുസ്‌ലിംകള്‍ക്ക് അനുവദിച്ചു തരാന്‍ തയ്യാറാകുന്നില്ല എന്നിടത്ത് ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്.
മറ്റൊന്ന്, മാതാ അമൃതാനന്ദമയിയുടെ മഠവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. 2012 ആഗസ്റ്റ് 4 നു നടന്ന സത്‌നം സിങിന്റെ ദുരൂഹമരണമടക്കമുള്ള വിഷയങ്ങളില്‍ അമൃതാനന്ദമയി ആശ്രമം സംശയത്തിന്റെ നിഴലിലാണ്. ഈ സ്ഥാപനത്തിനെതിരായ ആരോപണങ്ങളുടെ 'ബാധ്യത' ഹൈന്ദവ സമൂഹം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകുന്നുമില്ല.
മേല്‍ സൂചിപ്പിച്ച വിഷയങ്ങളൊക്കെത്തന്നെ സങ്കീര്‍ണമായ മത, രാഷ്ട്രീയ, ജാതി, സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ഇഴപിരിക്കാനാകാത്തവിധം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പരിഷ്‌കരണത്തിനായി മതത്തിനുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അവയെ പ്രതിരോധിക്കാന്‍ മുഖ്യധാരാ മത വ്യാഖ്യാതാക്കള്‍ എടുക്കുന്ന നിലപാടുകള്‍, മതേതര രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍, രാജ്യത്തെ കുറ്റാന്വേഷണ നീതിന്യായ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ തുടങ്ങിയവ ഈ സംഭവങ്ങളില്‍ കാണാം. എന്നാല്‍, മുസ്‌ലിം അടയാളങ്ങളുള്ള ഹിംസകളില്‍ പൊതുചര്‍ച്ച 'മുസ്‌ലിം സൂചന'കളോടെ നേരിട്ടും അല്ലാതെയും ചര്‍ച്ച ചെയ്യപ്പെടുകയും ഭാഷയുടെ തരംതിരിവുകള്‍ ഉപയോഗിച്ചു ഇസ്‌ലാമോഫോബിയ ശക്തമാവുകയും ചെയ്യുന്നു.
മൂന്ന്
പിണറായിയും തരൂരും: ഭീകരതയും മതനിരപേക്ഷതയും
ഒരു മുസ്ലിം ചെയ്ത കുറ്റത്തിന് എല്ലാ മുസ്ലിംകള്‍ക്കും ബാധ്യതയുണ്ടെന്ന് പൊതുസമൂഹം കരുതുന്നു. അതുകൊണ്ട് അവര്‍ വ്യക്തിപരമായി ക്ഷമാപണത്തോടെയായിരിക്കണം സംസാരിക്കേണ്ടതെന്നാണ് ഇസ് ലാമോഫോബിക് സമൂഹങ്ങളുടെ പ്രതീക്ഷ. പ്രസ്തുത ക്ഷമാപണം നിരന്തരം പരിശോധിക്കപ്പെടുകയും ചെയ്യും. അത് ഓരോതവണയും പുതുക്കേണ്ടതുമുണ്ട്. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ളവരുണ്ടെങ്കില്‍ അതിനെ അപലപിക്കേണ്ടത് ഓരോ ഇന്ത്യന്‍ മുസ്ലിമിന്റെയും ബാധ്യതയാണെന്നും പലരും കരുതുന്നു. താലിബാന്‍, ഐ.എസ്, ബൊക്കൊ ഹറാം, ഡാനിഷ് കാര്‍ട്ടൂണുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങള്‍... ഇവയോടൊക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ മറുപടി പറയണമെന്നും നിലപാടെടുക്കണമെന്നും അവ അപ്പപ്പോള്‍ തള്ളിപ്പറയണമെന്നും കരുതുന്നു.
ന്യൂനപക്ഷ സമുദായക്കാര്‍ക്ക് ദേശസ്നേഹം തെളിയിക്കണമെങ്കില്‍ അവര്‍ സ്വന്തം സമുദായത്തിലെ 'തീവ്രവാദി'കളെ ചൂണ്ടിക്കാട്ടിക്കൊടുക്കണമെന്നാണ് മതേതരസമൂഹം വിശ്വസിക്കുന്നത് - കൂട്ടായ ബാധ്യതയെന്ന സങ്കല്‍പ്പത്തിന്റെ പരിണതിയാണ് ഇത്. അത് രാഷ്ട്രീയവും മതപരവുമായ ബാധ്യതയാണ്. തീവ്രവാദിപ്പട്ടമാകട്ടെ നിരന്തരം പുനര്‍നിര്‍വചിക്കപ്പെടുന്ന സങ്കല്‍പ്പമാണ്. ഇന്ന് തീവ്രവാദപ്പട്ടം ലഭിക്കാത്തവര്‍ക്ക് നാളെ അത് ലഭിച്ചേക്കാം.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ 2024 ജൂണ്‍ 12ാംതിയ്യതി നടന്ന കാന്തപുരത്തിന്റെ ആത്മകഥ പ്രകാശനത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പ്രസംഗം ശ്രദ്ധേമായിരുന്നു. കാന്തപുരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ച കൂട്ടത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്ത ഒരു സംഭവം, ഐസിസുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പ്രസ്താവനയാണ്. അദ്ദേഹം പറഞ്ഞു: 2014ല്‍ ഐസിസ് ലോകത്ത് ഭീകരവാദി പ്രവര്‍ത്തനത്തിലൂടെ എല്ലാവരെയും പേടിപ്പെടുത്തുന്ന സമയത്ത് സമാധാനത്തിനു വേണ്ടിയുള്ള ആദ്യ മുസ് ലിംസ്വരം ഉസ്താദിന്റെയായിരുന്നു. ഐസിസിനെതിരേ ഫത്‌വ പുറപ്പെടുവിച്ച വ്യക്തിയുമാണ്. അതൊന്നും മറക്കാന്‍ പറ്റില്ല. അദ്ദേഹം ശക്തമായി എടുത്ത നിലപാടാണ് ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നത്. (ശശി തരൂര്‍, ജൂണ്‍ 12, 2024, മീഡിയവണ്‍). 'സ്വസമുദായത്തിലെ ഒരു ഭീകരവാദപ്രവര്‍ത്തി'യെ തള്ളിപ്പറയുന്നതിലൂടെയാണ് കാന്തപുരം സമാധാനവാദിയെന്നും മതേതരവാദിയെന്നുമുള്ള പട്ടത്തിന് അര്‍ഹമാകുന്നത്.
കാന്തപുരത്തോട് പല വിയോജിപ്പുകളും നിലനില്‍ക്കെത്തന്നെ മതനിരപേക്ഷതയോടുള്ള ആഭിമുഖ്യം എല്ലാ കാലത്തും കാത്തുസൂക്ഷിക്കാന്‍ കാന്തപുരം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രസക്തവും അര്‍ത്ഥപൂര്‍ണവുമാകുന്നുണ്ടെന്ന് പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു (ജൂണ്‍ 12, 2024, മീഡിയാവണ്‍). ഒരു മുസ്ലിമിന്റെ മതേതരപ്പട്ടത്തെക്കുറിച്ചുള്ള ആശങ്കകള്‍ വെളിവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
കാന്തപുരം വിമര്‍ശനവും ഇസ്‌ലാമോഫോബിയയും
കാന്തപുരത്തിന്റെ ആത്മകഥക്ക് ആമുഖക്കുറിപ്പെഴുതിയ നുഐമാന്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇസ്ലാം/മുസ്‌ലിം വിമര്‍ശനം കേരളത്തില്‍ അതിസൂക്ഷ്മമായി പ്രവര്‍ത്തിക്കുന്നത് കാന്തപുരം വിമര്‍ശനത്തിലൂടെയാണെന്ന് അദ്ദേഹം എഴുതുന്നു: ''നമ്മുടെ ചരിത്രകാരന്മാരുടെ, സാമൂഹിക ശാസ്ത്രജ്ഞരുടെ, സാംസ്‌കാരിക വിമര്‍ശകരുടെ ഉദാസീനതയുടെ സൃഷ്ടികൂടിയാണ് ഈ സമൂഹത്തില്‍ നിരന്തരം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത. മുസ്ലിം സമുദായത്തിനും പുറംസമൂഹങ്ങള്‍ക്കും ഇടയിലുള്ള അജ്ഞതയുടെ ആ മൂടുപടം നീക്കാനുള്ള ഒരു മുസ്ലിം പണ്ഡിതന്റെ എളിയ പരിശ്രമം കൂടിയായി വേണം ഈ ആത്മകഥയെ വായിച്ചെടുക്കാന്‍. ആ അര്‍ഥത്തില്‍ മലയാളി മുസ്ലിംകളുടെ ദൈനംദിന ജീവിതത്തിന്റെ സാമൂഹിക ചരിത്രത്തിലേക്കുള്ള ഒരു കിളിവാതില്‍ കൂടിയാണ് ഈ ആത്മകഥ.
ഒരുപക്ഷേ കേരളത്തിലെ ഏറ്റവും അധികം സാമൂഹിക വിമര്‍ശനം ഏറ്റുവാങ്ങിയ മുസ്ലിം സാമുദായിക നേതാവായിരിക്കും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. അതിന് അനുഗുണമായ സാംസ്‌കാരിക മാധ്യമ പരിസരമാണ് മലയാളത്തിന്റെത്. മുസ്ലിംകള്‍ക്കിടയിലെ ആധുനികവത്കരണത്തിനും പരിഷ്‌കാരത്തിനും ഇടങ്കോല്‍ ഇടുന്ന ഒരാള്‍ എന്നതാണ് അദ്ദേഹത്തെക്കുറിച്ച് മലയാളി പൊതുബോധത്തില്‍ മേല്‍ക്കൈ നേടിയ ഒരു ചിത്രണം. ഇസ്ലാം ഭീതിയുടെ സാധുതകളൊന്നും അദ്ദേഹത്തിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് സമുദായത്തിനകത്ത് നിന്ന് പോലും ലഭിക്കാറില്ല. ഒരര്‍ഥത്തില്‍ ഇസ്ലാം വിമര്‍ശനം കേരളത്തില്‍ അതിസൂക്ഷ്മമായി പ്രവര്‍ത്തിക്കുന്നതുതന്നെ കാന്തപുരം വിമര്‍ശനത്തിലൂടെയാണ് എന്ന് വേണം മനസ്സിലാക്കാന്‍''(ആത്മകഥയിലേക്കുള്ള ഒരു മുസ്ലിയാരുടെ യാത്രകള്‍, നുഐമാന്‍, ട്രൂകോപി തിങ്ക്, 13 ജൂണ്‍ 2024).
ജിമ്മി ജെയിംസിന്റെ പോയിന്റ് ബ്ലാങ്ക്
കാന്തപുരത്തെക്കുറിച്ചുള്ള പൊതുബോധ നിര്‍മിതി വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ നുഐമാന്‍ പറഞ്ഞുവയ്ക്കുംപോലെ നമ്മുടെ മാധ്യമങ്ങളില്‍ കാണാനാവും. കാന്തപുരവുമായി ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ ഒരു അഭിമുഖം അതിന്റെ തെളിവാണ്: കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരോട് ഏഷ്യാനെറ്റ് ചാനലിലെ ജിമ്മി ജെയിംസ് പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയുടെ ഭാഗമായി 2015 ഒക്ടോബര്‍ 19ന് ഒരു അഭിമുഖം നടത്തി. അതിലെ ഒരു ചോദ്യം ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെക്കുറിച്ചായിരുന്നു. കാന്തപുരം അതിനെ അപലപിച്ചപ്പോള്‍ അഭിമുഖകാരന്‍ ചോദിച്ചു, 'ഈ അസഹിഷ്ണുത ഇന്ത്യയില്‍ മാത്രമല്ല, നിങ്ങളൊക്കെ ആവേശം കൊള്ളുന്ന സൗദി അറേബ്യയിലും അങ്ങനെയാണല്ലോ'യെന്ന്. തുടര്‍ന്ന് സൗദി അറേബ്യയിലെ വിവിധ കാര്യങ്ങള്‍ അദ്ദേഹം എടുത്തുചോദിച്ചു: നോമ്പിന്റെ സമയത്ത് ആ മതത്തില്‍പെടാത്ത ആളുകള്‍ക്കുപോലും ഭക്ഷണം കഴിക്കാനാവില്ല, പ്രശ്നമാണ്. ഹറാമായ പന്നിമാംസം കഴിച്ചാല്‍ പിന്നെ പറയേണ്ടല്ലോ. ഇത് ഇന്ത്യയിലെ മാത്രം പ്രശ്നമല്ല പല രാജ്യങ്ങളും അസഹിഷ്ണുത പുലര്‍ത്തുന്ന രീതിയുണ്ട്. അത് അംഗീകരിക്കുന്നുണ്ടോ തുടങ്ങി ഉള്ളതും ഇല്ലാത്തതും കേട്ടുകേള്‍വിയുമൊക്കെ അദ്ദേഹം ആധികാരികമായി ഉന്നയിക്കുന്നു. മുസ്‌ലിം രാജ്യങ്ങളിലെ അസഹിഷ്ണുതയ്ക്ക് ഇന്ത്യന്‍ മുസ്ലിമായ കാന്തപുരം മറുപടി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുസ്ലിം രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ പ്രശ്നങ്ങളില്‍ കാന്തപുരത്തിന്റെ നിലപാടെന്താണ്? ഇന്ത്യയില്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും ഹിന്ദുവിന് എതിരായ ഗോഹത്യപോലുളളവ പാടില്ലെന്നാണ് ആര്‍.എസ്.എസ് പറയുന്നതെന്നും അതുവച്ചുകൊണ്ട് സൗദിയിലെ കാര്യങ്ങളില്‍ കാന്തപുരത്തിന്റെ വിശദീകരണമാണ് താന്‍ തേടുന്നതെന്നും അദ്ദേഹം തുടരുന്നു. അത്തരം കാര്യങ്ങള്‍ ആ രാജ്യത്തുള്ളവരല്ലെ തീരുമാനിക്കുന്നതെന്ന് കാന്തപുരം മറുപടി പറഞ്ഞെങ്കിലും തന്റെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ലെന്ന് പറഞ്ഞ് അഭിമുഖകാരന്‍ വിരമിക്കുന്നു.
തീര്‍ച്ചയായും മുസ്ലിംകള്‍ക്കിടയില്‍ ആഗോളതലത്തില്‍ ഒരു സാഹോദര്യമുണ്ട്. അതൊരു യാഥാര്‍ഥ്യവും അത്രതന്നെ യുക്തിപരവുമാണ്. അതേസമയം മുസ്ലിംകള്‍ക്കിടില്‍ നിരവധി വൈവിധ്യങ്ങളുമുണ്ട്. അവയെ നിഷേധിക്കുന്നത് വംശീയതയാണ്. വംശീയതയാണ് ഇസ്ലാമോഫോബിയയുടെ വലിയൊരു ഘടകം.
രസകരമെന്ന് പറയട്ടെ ഈ അഭിമുഖം കഴിഞ്ഞ് ഏകദേശം അഞ്ച് കൊല്ലത്തിനുശേഷം ഇതേ ജിമ്മി ജെയിംസ് ചേകന്നൂര്‍ മൗലവിയെക്കുറിച്ച് മറ്റൊരു വീഡിയോ ടെലികാസ്റ്റ് ചെയ്തു. ചേകന്നൂര്‍ മൗലവിയുട തിരോധാനം നടന്ന് 25 വര്‍ഷം പൂര്‍ത്തിയാവുന്ന സമയത്ത് തയ്യാറാക്കിയ ഈ പ്രത്യേക വിഡിയോയില്‍ 1993 ജൂലൈ 29ലെ ചേകന്നൂരിന്റെ തിരോധാനത്തെ അതും കഴിഞ്ഞ് രണ്ടും മൂന്നും കൊല്ലത്തിനുശേഷം നടന്ന സിനിമാ തിയ്യറ്ററുകളും കള്ളുഷാപ്പുകളും കത്തിയതുമായി ബന്ധപ്പെടുത്തി. കടലുണ്ടിപ്പുഴയിലെ പൈപ്പ് ബോംബ് സംഭവമാണ് ബന്ധിപ്പിച്ച മറ്റൊന്ന്. മലപ്പുറത്ത് മതതീവ്രവാദം രൂക്ഷമായ കാലത്താണ് ചേകന്നൂരിന്റെ തിരോധാനം സംഭവിച്ചതെന്നും സുന്നി ടൈഗര്‍ ഫോഴ്സ് എന്ന സംഘടനയാണ് വധത്തിനു പിന്നിലെന്നും പറയുന്നു. കൂട്ടത്തില്‍ കാന്തപുരത്തെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും പറഞ്ഞുവച്ചു- (നവംബര്‍ 7 20200, ഏഷ്യാനെറ്റ്)
പോസ്റ്റ് - സ്‌ക്രിപ്റ്റ്: ദൃശ്യം സിനിമയും പുതിയ വ്യാഖ്യാനവും
2024 മെയ് 30ാം തിയ്യതി എ.ബി.സി മലയാളം ചേകന്നൂരിനെക്കുറിച്ച് ഒരു വീഡിയോ പുറത്തുവിട്ടു. വീഡിയോ കാര്‍ഡില്‍ 'എക്‌സ്‌ക്ലൂസീവ്', 'ഷോക്കിങ്' എന്നിങ്ങനെ വലിയ അക്ഷരങ്ങളില്‍ എഴുതിയിരുന്നു. ചേകന്നൂരിന്റെ ജഡം എവിടെയാണെന്നതിനെക്കുറിച്ചായിരുന്നു വടയാര്‍ സുനിലും എ.പി അഹ്മദും ചര്‍ച്ച ചെയ്തത്. എ.പി അഹ്മദ് നടത്തിയ ചില 'വെളിപ്പെടുത്തലുകള്‍' ഇങ്ങനെ: ചേകന്നൂരിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് ഊഹങ്ങളേയുള്ളൂ. കേസില്‍ ചിലരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ മോചിപ്പിച്ചു. കൊന്നതാരാണെന്നും കൊല്ലിച്ചതാരാണെന്നും എല്ലാ മലയാളികള്‍ക്കും അറിയാം. പക്ഷേ, അവരിലേക്ക് അന്വേഷണംഎത്തിയില്ല... ഒരു സംഘം ചേകന്നൂരിനെ കൊലപ്പെടുത്തി ചുവന്നകുന്നില്‍ മറവുചെയ്തുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊരു സംഘം മറവുചെയ്ത സ്ഥലത്തുനിന്ന് മൃതദേഹം ചൂടാറും മുമ്പ് പുറത്തെടുത്ത് മറ്റെവിയെയോ നിക്ഷേപിച്ചു. ചേകന്നൂര്‍ സംഭവത്തിലെ ചില ആന്തരിക രഹസ്യങ്ങള്‍ അറിയാവുന്ന, ചേകന്നൂരിനോട് ഉള്ളുകൊണ്ട് അനുഭാവമുണ്ടായിരുന്ന, എന്നാല്‍ പുറത്തുപറയാന്‍ ധൈര്യമില്ലാത്ത ചുവന്നകുന്ന് ഭാഗത്തെ ഒരു മനുഷ്യന്‍ ദൃശ്യം സിനിമ വന്നപ്പോള്‍ എന്നോട് പറഞ്ഞത് ചേകന്നൂരിന്റെ കഥയുടെ മുന്നില്‍ ഇതൊന്നുമല്ലെന്നാണ്. ഒരുപക്ഷേ, ചേകന്നൂരിനെ കൊന്ന ഏതെങ്കിലും ഉസ്താദുമാരായിരിക്കണം ഈ കഥ പറഞ്ഞുകൊടുത്തത്. അദ്ദേഹം ഊഹിക്കുന്നത് (ആ ഊഹം തെറ്റാന്‍ സാധ്യതയില്ല) ചേകന്നൂരിനെ വീട്ടില്‍നിന്നു കൊണ്ടുപോയ നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പിലെ സംഘത്തിന് കൊളപ്പുറത്ത് കാറിലെത്തുന്ന സംഘത്തിന് അദ്ദേഹത്തെ കൈമാറണമെന്നല്ലാതെ മറ്റൊന്നുമറിയില്ല. കാറിലുള്ളവരെ പരിചയവുമില്ല. ഈ കാറില്‍വച്ച് കൃത്യം നടത്തി ചുവന്ന കുന്നില്‍ റെഡിയാക്കി വച്ച കുഴിയില്‍ മൃതദേഹം മറവ് ചെയ്യണം എന്നല്ലാതെ ബാക്കി ആ സംഘത്തിനുമറിഞ്ഞുകൂടാ. ചുവന്ന കുന്നില്‍ അക്കാലത്ത് കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി മണ്ണെടുക്കുന്നുണ്ട്. ആ കോണ്‍ട്രാക്റ്റര്‍മാരില്‍ പലരും പല മൗലാനമാര്‍ക്കും വേണ്ടപ്പെട്ടവരാണ്. അത്തരക്കാരുടേതാണ് ആ കുന്ന്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് മണ്ണുമായി പോയ ടിപ്പര്‍ ലോറിയിലെവിടെയോ ഈ മഹാപണ്ഡിതന്റെ ജഡമുണ്ടായിരിക്കണം. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേക്കടിയിലാണ് ആ ജഡമുള്ളതെങ്കില്‍ ലോകാവസാനം വരെ ആര്‍ക്കും ഇത് കണ്ടെത്താനാവില്ല. (ചേകന്നൂരിന്റെ ജഡം കരിപ്പൂരിലുണ്ട്, എ.ബി.സി മലയാളം ചാനല്‍, മെയ് 30, 2024)
(റിസര്‍ച്ച് ഇന്‍പുറ്റ്സ്: കെ കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)