Quantcast
MediaOne Logo

കൊളോണിയല്‍ വര്‍ഗീകരണങ്ങളിലെ വംശീയതയും മതവിവേചനവും

പതിനെട്ടാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ ധൈഷണികര്‍, യൂറോപ്യന്മാരുടെ വംശീയമേല്‍ക്കോയ്മ നിര്‍മിച്ചെടുക്കാനായി വ്യാജശാസ്ത്ര സിദ്ധാന്തങ്ങളെ (Pseudoscience) യാണ് ആശ്രയിച്ചു വന്നിരുന്നത്. കോളനി ജനതയുടെ ശരീരപ്രകൃതം, തലയോട്ടിയുടെ വലിപ്പം, ബുദ്ധിശക്തി എന്നിവയെ ആസ്പദമാക്കി തികച്ചും അശാസ്ത്രീയമായ അതിനിര്‍ണയങ്ങള്‍ നടത്തുന്ന രീതിയായിരുന്നു അത്. 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 05

കൊളോണിയല്‍ വര്‍ഗീകരണങ്ങളിലെ  വംശീയതയും മതവിവേചനവും
X
Listen to this Article

1865, 1872, 1881 കാലത്തെ ജനസംഖ്യാ കണക്കെടുപ്പുകളില്‍ - തരംതിരിക്കലിന്റെ ആദ്യകാല രൂപങ്ങള്‍ - ജാതിയെ സംബന്ധിച്ച ബ്രാഹ്മണ സിദ്ധാന്തത്തെ ആധാരമാക്കി ജനങ്ങളെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നതരത്തിലുള്ള വിഭജനങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഈ തരംതിരിക്കലിന് സംസ്‌കൃത പണ്ഡിതരുടെയും വേദാധിഷ്ഠിത മിത്തുകളില്‍ പരിജ്ഞാനമുള്ളവരുടെയും അംഗീകാരമുണ്ടായിരുന്നെങ്കിലും നാലുതരത്തിലുള്ള വര്‍ണങ്ങളാക്കി തരംതിരിക്കുന്നതിന് ജാതികള്‍ക്കിടയില്‍ നടപ്പിലുണ്ടായിരുന്ന സംസര്‍ഗ്ഗബന്ധവുമായി അതിന് പൊരുത്തമുണ്ടായിരുന്നില്ല. അതുകൊണ്ട് 1891ലെ ജനസംഖ്യാ കണക്കെടുപ്പില്‍ പ്രാഥമികമായും തൊഴിലിനെയാണ് അടിസ്ഥാനമാക്കിയത്.59 അതേസമയം ജാതിയെക്കുറിച്ചുള്ള കൊളോണിയല്‍ ഗവേഷണപഠനങ്ങള്‍ ബ്രാഹ്മണവാദത്തിന് സാമൂഹ്യശാസ്ത്രത്തിന്റെ പിന്‍ബലം നല്‍കുന്ന വിധത്തില്‍ മാരകമായ സൈദ്ധാന്തിക നിഗമനങ്ങള്‍ രൂപവല്‍കരിക്കുകയുണ്ടായി. സെന്‍ട്രല്‍ പ്രൊവിന്‍സിലെ (CP Province) ചീഫ് കമീഷണറും, കര്‍സണ്‍ പ്രഭുവിന്റെ കാലത്ത് വൈസ്രോയി കൗണ്‍സില്‍ അംഗവും പിന്നീട് പഞ്ചാബ് ലെഫ്റ്റനന്റ് ഗവര്‍ണറുമായിരുന്ന ഡെന്‍സില്‍ ഇബ്ബെസ്റ്റണ്‍ (Denzil Ibbenstan) 1881ലെ പഞ്ചാബ് സെന്‍സസിന്റെ മുഖവുരയില്‍ ജാതിയെ സംബന്ധിച്ച് നടത്തിയ പ്രസ്താവങ്ങള്‍ ഇതിനുദാഹരണാണ്. 'ജാതിയെന്നത് ശാശ്വതവും ഇളക്കമില്ലാത്തതും യുഗയുഗാന്തരങ്ങളിലൂടെയുള്ള ഹൈന്ദ ചരിത്രത്തിലൂടെയും മിത്തുകളിലൂടെയും തലമുറകളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ടതും ഒരിക്കലും മാറ്റാന്‍ പറ്റാത്തതുമാണ്. ജാതി ഒരു മതസ്ഥാപനമെന്നതിനെക്കാള്‍ സാമൂഹ്യസ്ഥാപനമാണ്. ഹിന്ദുമതത്തില്‍നിന്നും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് ജാതിയെ ബാധിക്കില്ല.60 എന്നിത്യാദി, ബ്രാഹ്മണവാദത്തെ സുദൃഡീകരിക്കുന്ന നിഗമനങ്ങളിലാണ് ഇബ്ബെസ്റ്റണ്‍ ചെന്നെത്തുന്നത്. ബ്രിട്ടീഷ് ഭരണനിര്‍വഹണ രംഗങ്ങളിലെന്നപോലെ, ധൈഷണിക മണ്ഡലത്തിലും സാമാന്യബോധത്തിലുമെല്ലാം ഇത്തരം ചിന്താഗതികള്‍ക്ക് വലിയതോതില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചു.


പതിനെട്ടാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ ധൈഷണികര്‍, യൂറോപ്യന്മാരുടെ വംശീയമേല്‍ക്കോയ്മ നിര്‍മിച്ചെടുക്കാനായി വ്യാജശാസ്ത്ര സിദ്ധാന്തങ്ങളെ (Pseudoscience) യാണ് ആശ്രയിച്ചു വന്നിരുന്നത്. കോളനി ജനതയുടെ ശരീരപ്രകൃതം, തലയോട്ടിയുടെ വലിപ്പം, ബുദ്ധിശക്തി എന്നിവയെ ആസ്പദമാക്കി തികച്ചും അശാസ്ത്രീയമായ അതിനിര്‍ണയങ്ങള്‍ നടത്തുന്ന രീതിയായിരുന്നു അത്. മസ്തിഷ്‌ക ലക്ഷണശാസ്ത്രത്തിന്റെ (Phrenology) അടിസ്ഥാനത്തില്‍ കോളനി ജനതയുടെ വംശപരമായ അധഃസ്ഥിതാവസ്ഥ നിര്‍ണയിക്കുന്നതില്‍ ബദ്ധശ്രദ്ധാലുക്കളായ ഒരു വിഭാഗം ധൈഷണികര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പില്‍

സജീവമായിരുന്നു. ഫ്രീണോളജിക്കല്‍ സൊസൈറ്റീസ് എന്നപേരില്‍ യൂറോപ്പില്‍ ഇത്തരം പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ജോര്‍ജ് കോംബെ (George Combe) യുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പ്രശസ്തമായ ഒരു മസ്തിഷ്‌ക ലക്ഷണശാസ്ത്ര പഠനകേന്ദ്രം 1819ല്‍ എഡിന്‍ബര്‍ഗില്‍ പ്രവര്‍ത്തിച്ചിരുന്നു. 1822ല്‍ രാജാറാം മോഹന്റായി പന്ത്രണ്ട് ഹിന്ദുതലയോട്ടികള്‍ ഈ കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുയുണ്ടായി. 1833ല്‍ രാജാറാംമോഹന്‍ റായിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ തലയോട്ടിയും ഈ കേന്ദ്രം പഠനവിധേയമാക്കുകയുണ്ടായി. റാംമോഹന്‍ റായിയുടെ തലയോട്ടി, ശരാശരിയിലുമധികം വലിപ്പമുള്ളതാണെന്നും അദ്ദേഹത്തിന്റെ 'ശക്തിയും' സ്വഭാവത്തിലെ മഹത്വവുമാണിത് സൂചിപ്പിക്കുന്നതെന്നുമായിരുന്നു പഠനത്തിന്റെ നിഗമനം. 'റാംമോഹന്‍ റായിയുടെ തലച്ചോറിന് വലിപ്പം കുറവായിരുന്നുവെങ്കില്‍, മസ്തിഷ്‌ക ലക്ഷണശാസ്ത്രം തന്നെ ഇല്ലായ്മ ചെയ്യപ്പെടുമായിരുന്നു എന്ന് കോംമ്പെ സമ്മതിക്കുന്നതും ശ്രദ്ധേയമാണ് 61. റാമോഹന്‍ റായ് എഡിന്‍ബര്‍ഗിലേക്കയച്ച പന്ത്രണ്ട് 'ഹിന്ദു തലയോട്ടി'കളെ കുറിച്ചുള്ള ഗവേഷണ ഫലങ്ങള്‍, ഈ തലയോട്ടികളുടെ ഉടമകള്‍ ദുരാഗ്രഹികളും (Aquisitiveness) നിഗൂഢസ്വഭാവക്കാരും (Secretiveness) ആണെന്നാണ് കണ്ടെത്തിയത്.62 ഇത്തരത്തിലുള്ള വ്യാജശാസ്ത്ര നിര്‍മിതികളുടെ സ്വാധീനത്തില്‍ കൂടുതല്‍ സങ്കീര്‍ണമായ വംശസിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജാതികളെയും ഗോത്രങ്ങളെയും സംബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂട ശാസ്ത്രജ്ഞര്‍ കെട്ടിച്ചമക്കുകയും സവര്‍ണ/അവര്‍ണ വര്‍ഗീകരണത്തെ വംശപരമായ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കുകയും ചെയ്തു തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ മുതലാണ്.


1830 കള്‍ മുതല്‍ തന്നെ മനുഷ്യരുടെ ശരീര പ്രകൃതിയിലുള്ള വ്യത്യാസത്തില്‍ ബ്രാഹ്മണ സിദ്ധാന്തത്തിന്റ പ്രയോഗത്തിന് തുടക്കമിട്ടിരുന്നു. വടക്കെ ഇന്ത്യക്കാരും തെക്കെ ഇന്ത്യക്കാരും തമ്മിലും ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലും വംശപരമായ വ്യത്യാസങ്ങളുണ്ടെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സര്‍. വില്യം ജോണ്‍സ് (Sir William Jones) ആണ്. ബ്രിട്ടീഷ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണ സിദ്ധാന്തങ്ങള്‍ കൂടുതല്‍ സ്വീകാര്യമായിത്തീര്‍ന്നതിനനുസരിച്ച് ഗോത്രവര്‍ഗ ജനതയെ ബ്രാഹ്മണ്യത്തിന്റെ സ്വാഭാവികമായ വിപരീതമായി കാണുന്ന ചിന്താഗതിയും വര്‍ധിച്ചു വന്നു. ഇത്തരത്തില്‍ വംശവ്യത്യാസത്തെകുറിച്ചുള്ള കൊളോണിയല്‍ 'വ്യാജശാസ്ത്ര' നിര്‍മിതികളും സവര്‍ണ ജാതിമേല്‍ക്കോയ്മയും ഒരു പുതിയ സാംസ്‌കാരിക കൂട്ടുകെട്ടായി ഇന്ത്യന്‍ ജനതയെ തരംതിരിച്ചുകാണുന്ന സമീപനം ദേശീയ പ്രസ്ഥാനത്തിലും പ്രതിഫലിക്കപ്പെട്ടിട്ടുണ്ട്. ഭരണകൂടത്തിന് അനഭിഗമ്യമായിരുന്ന, അഥവാ നിയമങ്ങളില്ലാത്ത (Lawlessness) പ്രദേശങ്ങളില്‍ അധിവസിക്കുന്ന ഗോത്രങ്ങളെ നിയന്ത്രണ വിധേയരാക്കാന്‍ ക്രിമിനല്‍ മുദ്രകുത്തുകയും അവര്‍ക്ക്‌നേരെ ബ്രിട്ടീഷ് ഭരണത്തില്‍ ഏറെ കുപ്രസിദ്ധമായിരുന്ന ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് (Criminal Tribes Act - 1871) പോലെയുള്ള നിയമങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നതില്‍ കൊളോണിയല്‍ ഭരണസിദ്ധാന്തവും വര്‍ണജാതി സിദ്ധാന്തവും പരസ്പരം കൈകോര്‍ത്തു നിന്നു. മാപ്പിള ഔട്രേജിയസ് ആക്ടിനെയും ഈ പാശ്ചാത്തലത്തിലാണ് വീക്ഷിക്കേണ്ടത്.

യഥാര്‍ഥത്തില്‍, മാപ്പിളമാര്‍ മറ്റുള്ള ഇന്ത്യാക്കാരില്‍ നിന്നും മറ്റു മുസ്‌ലിംകളില്‍നിന്നും (പോലും) വ്യത്യസ്തരാണ് എന്ന ഗാന്ധിയുടെ പരാമര്‍ശം ഈ കൊളോണിയല്‍ ചട്ടക്കൂട്ടില്‍ നിന്നുത്ഭവിക്കുന്ന ഒരു സാംസ്‌കാരിക ആയുധം കൂടിയാണ്. മാപ്പിളമാരുടെ കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഈ വിവേചനം. ബ്രിട്ടീഷ് ഭരണകൂടം, മറ്റു ഇന്ത്യന്‍ പ്രജകളില്‍ നിന്ന് വ്യത്യസ്തരാക്കി വേര്‍തിരിച്ചു നിര്‍ത്തിയ അതിര്‍ത്തി പ്രദേശങ്ങളിലെയും അതിപിന്നോക്ക പ്രദേശങ്ങളിലെയും ജനവിഭാഗങ്ങളോട് ദേശീയ രാഷ്ട്രീയത്തിലെ അഭ്യസ്തവിദ്യരായ ഹിന്ദു-മുസ്‌ലിം മധ്യവര്‍ഗവും സമാനമായ വിവേചനം വെച്ചു പുലര്‍ത്തിയിരുന്നു.


1925 ഫെബ്രുവരി 3ന് ഇന്ത്യന്‍ ലെജിസ്റ്റേറ്റീവ് അസംബ്ലിയില്‍, ദേശീയ പ്രസ്ഥാന നേതാവും പ്രമുഖ നിയമജ്ഞനുമായിരുന്ന വി.ജെ. പട്ടേല്‍ (V.J. Patel) കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ല് അവതരിപ്പിച്ചപ്പോള്‍ (ബംഗാള്‍, മദ്രാസ്, ബോംബെ സംസ്ഥാനങ്ങളില്‍ 1818, 1819, 1827ലെ State Prisoners Act, 1911ലെ Seditious Meeting Act എന്നിവയുള്‍പ്പെടുന്ന) അതിനെതിരെ ദിവാന്‍ ബഹദൂര്‍ ടി. രംഗചാരിയര്‍ വാദിച്ചത്, ഏത് ഗവണ്‍മെന്റിനും (ബ്രിട്ടീഷ് ഗവണ്‍മെന്റായാലും സ്വരാജിസ്റ്റ് ഗവണ്‍മെന്റായാലും) ജനങ്ങളുടെ ജീവന്റെ സുരക്ഷയുറപ്പാക്കാന്‍ ചില സമയങ്ങളില്‍ അത്തരം നിയമങ്ങള്‍ ആവശ്യമായി വരുമെന്നാണ.് രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി ഒരിക്കലും പിന്‍വലിക്കാന്‍ പാടില്ലാത്ത നിയമമായി രംഗചാരിയര്‍ പ്രത്യേകിച്ചെടുത്ത് പറഞ്ഞ നിയമം ബ്രിട്ടീഷ് ഭരണകൂടത്തിന് ഏറ്റവും പ്രിയപ്പെട്ട ' Murderous outrageous Act ആണ്62. അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച വ്യക്തിയെന്ന നിലക്ക് ആ നിയമം പിന്‍വലിക്കുന്നതിനെ ഒരു കുറ്റകൃത്യമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വരാജിസ്റ്റ് പാര്‍ട്ടിയുടെ (മോത്തിലാല്‍ നെഹ്‌റു, ചിത്തരജ്ഞന്‍ ദാസ് എന്നീ63 കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍ കൈയില്‍ 1923ല്‍ രൂപീകരിച്ച പാര്‍ട്ടി) പ്രതിനിധികളായിട്ടാണ് അക്കാലത്ത് സെന്‍ട്രല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. മദ്രാസ് സിറ്റിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് ടി. രംഗചാരിയാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എത്തിയത്. യാഥാസ്ഥിതിക ബ്രാഹ്മണനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശ്രദ്ധയും പരിഗണനയും പിടിച്ചു പറ്റിയ വ്യക്തിത്വവുമായിരുന്നു അദ്ദേഹം.


കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബില്ല് അവതരിപ്പിച്ച വി.ജെ.പട്ടേലും (സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജേഷ്ഠ സഹോദരന്‍) സ്വരാജിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായിരുന്നു. ഗുജറാത്തിലെ പിന്നാക്ക സമുദായത്തിലുള്‍പ്പെട്ട പട്ടേല്‍ സമുദായക്കാരനായിരുന്നു വി.ജെ. പട്ടേല്‍. രംഗചാരിയര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുഹമ്മദലി ജിന്നയും രംഗത്ത് വരികയുണ്ടായി. Murderous Outrages Act അതിര്‍ത്തി പ്രദേശങ്ങളിലെ ഏതാനും ജില്ലകളെ മാത്രം ബാധിക്കുന്നതും അതിന്റെ പ്രയോഗം 'മതഭ്രാന്ത'രില്‍ മാത്രം പരിമിതമാക്കപ്പെട്ടതുമാണെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിന് ഈ നിയമം ആവശ്യമാണെന്നും ജിന്ന വാദിച്ചു.63 ഇങ്ങിനെയുള്ള സമ്മര്‍ദങ്ങള്‍ കാരണം 'Murderous Outrages Act നെ വി.ജെ പട്ടേലിന് തന്റെ ബില്ലില്‍ നിന്നൊഴിവാക്കേണ്ടി വന്നു. ഇന്ത്യയുടെ സംരക്ഷണം, ബ്രിട്ടീഷ്‌കാരുടെ സംരക്ഷണം എന്നിവക്ക് നിതാന്ത ഭീഷണിയായി 'മറ്റു ഇന്ത്യക്കാരില്‍' നിന്നും വ്യത്യസ്തരായ ജനവിഭാഗങ്ങളെ ഇന്ത്യന്‍ ദേശീയ പ്രസ്ഥനം അടയാളപ്പെടുത്തിയതിന്റെ സാമാന്യരൂപം ഈ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണ്.



59:Crispin Bates:Race, Caste and Tribe in Central India -The early origins of Indian anthropometry (Edinburgh papers in south asian studies,no.3,1995)

60:Crispin Bates,ibid,'Ibbeston summarised the popular and currently recieved theory of caste as follows...the caste is perpetual and immutable,and has been transmitted from generation to generation throughout the ages of Hindu history and myth without the possibility of change.....firstly he argued ,caste was more social than a religious institution and that coversion from Hinduism to Islam has not necessarily the slightest effect upon caste.'

61:Crispin Bates,ibid,P13,footnote 13,'Interestingly,the skull of Rajaram Mohan Roy himself was later studied by Edinburgh phrenologists,following his death in Bristol in 1833.His skull was found to be larger than the average,thus accounting for his 'force' and dignity of character.This was very fortunate,'had the brain of Ram Mohan Roy been diminutive size,the circumstances would have done more to extinguish phrenology than the whole amount of misrepresantation and abuse which it has been doomed to endure'(cited On life, character,opinions and cerebral development of RajaRamMohan Roy, Edinburgh,1834,pp577-603)

62:Crispin Bates,ibid,pp11-12

63:Mark Condos,ibid,pp 511-512.'On Feb 1925,the eminent jurist and nationalist leader,VJ Patel,introduced a bill to the legislative assembly of India for the repeal of laws that were deemed repressive...Diwan Bahadur T.Rangachariar rose to oppose the bill pointing out that it proposed to strip the government off so many executive powers and prerogatives.......were sometimes necessary for a government (whether it be British or Swarajist)to protect the lives of their people and therefore urged Patel to amend his bill so as to omit from repeal those laws and powers which were necessary for the security and 'defence' of India.One law ,in particular,was singled out for exemption from repeal by Rangachariar :the murderous outrages act...Mohamadali Jinnah rose in support of exempting this law from repeal.Although it was against his' ideas of justice',...Jinnah conceded that because murderous outrages act was confined to only few frontier disticts,was so restricted in its application to 'fanatics', and was so necessary for the protection of the British along the frontier....)

TAGS :