മരിച്ചു കിടക്കുമ്പോള്‍ തിരിച്ചറിയാന്‍ പേരെഴുതി വെച്ച ഗസ്സയിലെ ആ കുരുന്നു ജീവനുകള്‍
ഫലസ്തീന്‍ ഇല്ലാതെ ആവുന്നത് പ്രളയത്തിലോ ഭൂമികുലുക്കത്തിലോ അഗ്നിപര്‍വത സ്‌ഫോടനത്തിലോ അല്ല. ഒരു ജനതയെ കൊന്നൊടുക്കാന്‍ ലോകരാഷ്ട്രീയം കാലങ്ങളായി നടത്തുന്ന ഗൂഢാലോചനയുടെ ഇരകളാണ് അവര്‍.
ഇനിയും...
നമ്മള്‍ എല്ലാ ആഗസ്റ്റ് ആറിനും ഒമ്പതിനും ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ആചരിക്കും. ലിറ്റില്‍ ബോയും ഫാറ്റ്മാനും കൊന്നൊടുക്കിയ ലക്ഷങ്ങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കും. യുദ്ധക്കെടുതികള്‍ക്കെതിരെ ചോരയിറ്റുന്ന വാക്കുകള്‍ ഉതിര്‍ക്കും. അന്ന് പിടഞ്ഞില്ലാതായ കുഞ്ഞുങ്ങളെ കുറിച്ച് നെഞ്ചുകിടുങ്ങുന്നുവെന്ന് എഴുതിവെക്കും.
ഇനിയും...
നമ്മള്‍ 'ദ് ടെറര്‍ ഓഫ് വാര്‍' എന്ന ചിത്രം ഓര്‍ക്കും. 1972 ജൂണ്‍ എട്ടിന്, വിയറ്റ്നാം യുദ്ധത്തില്‍ വര്‍ഷിക്കപ്പെട്ട നപാം ബോംബുകളുടെ മാരകപ്രഹരം സഹിക്കാനാവാത്ത കുഞ്ഞുടലുമായി, നഗ്നയായി ഓടുന്ന കിം ഫുക് എന്ന ഒമ്പതു വയസ്സുകാരിയുടെ പൊള്ളുന്ന ചിത്രം പങ്കു വെച്ച്, ഒരിക്കലുമിനി ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഇന്നലെകളെ കുറിച്ച് കവിതകള്‍ കുറിക്കും.
ഇനിയും...
നമ്മള്‍ ആന്‍ഫ്രാങ്കിനെ ഓര്‍ക്കും. നാസി ഭീകരത ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടാക്കിയ തീനാളങ്ങള്‍ അവളുടെ ഡയറിക്കുറിപ്പുകള്‍ നിവര്‍ത്തി വായിച്ച് നമ്മള്‍ ഉള്ളിലേക്ക് ആവാഹിക്കും. ഒരു ജനതയെ നരകത്തിലേക്ക് വലിച്ചെറിഞ്ഞ ഹിറ്റ്ലറെയും അയാളുടെ പ്രത്യയശാസ്ത്രത്തെയുംകുറിച്ച് ഉള്ളുലയ്ക്കുന്ന ഭാഷയില്‍ നമ്മള്‍ രോഷം കൊള്ളും.
എങ്കിലും...
അപ്പോഴൊക്കെ നമ്മള്‍ ആ കാലമൊന്നും ഇനി മടങ്ങി വരില്ലല്ലോ എന്നാശ്വസിക്കും. ചരിത്രത്തിലേക്ക് നടതള്ളിപ്പോയ ആ കാലമല്ലല്ലോ ഇതെന്ന് സ്വന്തം കുഞ്ഞുങ്ങളുടെ നെറുകയില്‍ തഴുകി ദീര്‍ഘനിശ്വാസം പൊഴിക്കും.
എങ്കിലും....
അപ്പോഴും എന്തിനെന്നറിയാതെ മരണത്തിലേക്കോ, കൊടുംമുറിവുകളിലേക്കോ, ഒരിക്കലുമവസാനിക്കാത്ത വേദനയിലേക്കോ ഒറ്റയടിക്ക് നിലംപതിക്കുന്ന ഫലസ്തീന്‍ കുഞ്ഞ്, അവസാന ശ്വാസത്തിനായി കണ്ണുമിഴിക്കുന്നുണ്ട് എന്ന് നമ്മളോര്‍ക്കില്ല. നെറ്റ്ഫ്ളിക്സിലെ വെബ്സീരീസ് കൊണ്ടോ, ലുലുമാളിലെ വെറും നടത്തങ്ങള്‍ കൊണ്ടോ, നന്നായി കണ്ണെഴുതിയ സെല്‍ഫി കൊണ്ടോ ആ യാഥാര്‍ഥ്യത്തിന്റെ തീ മറച്ചുവെച്ച് നാം നടക്കുമ്പോള്‍, ഇനിയൊരിക്കലും കണ്ണെഴുതാനാവാത്ത വിധം അടഞ്ഞുപോയ കണ്ണുകള്‍ക്കുള്ളില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഒരു വലിയ ഖബര്‍സ്ഥാനായി മാറിയ ഗസയിലെ ചോര കലര്‍ന്ന മണ്ണടരുകള്‍ക്കുള്ളില്‍നിന്ന് നമ്മളെ നോക്കുന്നുണ്ടെന്ന് നാമറിയാനേ ഇടയില്ല.
എങ്കിലും...
നമ്മുടെ കാലത്താണ് ഈ കൊടുംകുരുതി. നമ്മുടെ കണ്‍മുന്നില്‍ വെച്ചാണ് യുദ്ധവിമാനങ്ങള്‍ നിരായുധരായ മനുഷ്യര്‍ക്കു നേരെ, പ്രഹരശേഷി കൂട്ടാനുള്ള ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയാല്‍ മൂര്‍ച്ച കൂട്ടിയ ബോംബുകള്‍ ചൊരിയുന്നത്. നാഗസാക്കിയിലോ വിയറ്റ്നാമിലോ ഒക്കെ ജീവിച്ച മനുഷ്യരെപ്പോലെ ഒരു തെറ്റും ചെയ്യാത്ത ആയിരങ്ങള്‍ വേദനതിന്ന്, ചികിത്സ കിട്ടാതെ, മരിക്കാന്‍ നിര്‍ബന്ധിതമാവുന്നത് പൊളിറ്റിക്കല്‍ കറക്ടനസിന്റെ നൂലിഴ കീറി നമ്മളോരോ വിഷയവും പരിശോധിക്കുന്ന അതേ നേരങ്ങളിലാണ്.
എങ്കിലും...
നമ്മുടെ ഈ മൗനത്തിനെ നാളെ നമ്മള്‍ എന്ത് പേരിട്ട് വിളിക്കും?
നോക്കൂ...
ഒരു രാജ്യത്തിന്റെ, അവിടത്തെ ജനതയുടെ, അവരുടെ സ്വപ്നങ്ങളുടെ എല്ലാം മുകളില്‍ 'ഭൂമി അടിമറിയു'കയാണ്. കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയാണ്. ലോകം നോക്കി നില്‍ക്കേ, ലോകരാഷ്ട്രീയം ഏറ്റവും ലാഭകരമായ തീര്‍പ്പുകള്‍ ആലോചിച്ചു കൂട്ടുന്നതിനിടെ, ഐക്യരാഷ്ട്ര സഭയെന്ന കാവല്‍മാടം 24 മണിക്കൂറും തുറക്കുന്ന യന്ത്രക്കണ്ണുകള്‍ കൊണ്ട് ഉറ്റുനോക്കുന്നതിനിടെ... അന്നേരമാണ് ഗാസ ചോരയിട്ടിളക്കിയ കൂറ്റന്‍ ഇരുമ്പു ചട്ടിയില്‍ വറ്റിവറ്റിയില്ലാതാവുന്നത്.
നോക്കൂ....
ഗാസ ഇനിയുണ്ടാവില്ല എന്ന് ഭീഷണി മുഴക്കിയവര്‍ അവരുടെ ലക്ഷ്യത്തിലേക്ക് അവസാന ചുവടും വെക്കുമ്പോള്‍ നമ്മളില്‍ പലരും ഇപ്പോഴും ഇഴ കീറുകയാണ്, ആരാണ് കുറ്റക്കാര്‍ എന്ന്.
നോക്കൂ...
ശരിയാണ്, ഹതാശരായി നോക്കിനില്‍ക്കുവാനല്ലാതെ ഒന്നും ചെയ്യാനില്ല. പക്ഷെ, ഇക്കാലത്ത് ജീവിച്ചവര്‍ എന്ന നിലയില്‍ നമ്മള്‍ ഉള്ളില്‍ കൊത്തിവെക്കേണ്ട ചിലതുണ്ട്. ഫലസ്തീന്‍ ഇല്ലാതെ ആവുന്നത് പ്രളയത്തിലോ ഭൂമികുലുക്കത്തിലോ അഗ്നിപര്‍വത സ്‌ഫോടനത്തിലോ അല്ല. ഒരു ജനതയെ കൊന്നൊടുക്കാന്‍ ലോകരാഷ്ട്രീയം കാലങ്ങളായി നടത്തുന്ന ഗൂഢാലോചനയുടെ ഇരകളാണ് അവര്‍. വെള്ളവും ഭക്ഷണവും മരുന്നും നിഷേധിച്ചും വെടി വെച്ചും ബോംബ് വര്‍ഷിച്ചും കൊന്നതാണവരെ.
നോക്കൂ....
ആ തിരിച്ചറിവ്, അതെങ്കിലും അര്‍ഹിക്കുന്നുണ്ട്, ചിതറിത്തെറിച്ചു കിടക്കുന്ന, മരിച്ചു കിടക്കുമ്പോള്‍ തിരിച്ചറിയാന്‍ പേരെഴുതി വെച്ച, ആ കുരുന്നു ജീവനുകള്‍.
നോക്കൂ...
വെറുതെ ഓര്‍ക്കാം, ഭാവിയുടെ ജാതകം കുറിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അന്നെഴുതിയ ആ വാചകം. 'അനീതി നടക്കുമ്പോള്‍ മൗനം വരിക്കാന്‍ നാം നിശ്ചയിക്കുന്ന ദിവസമാണ് നമ്മുടെ ജീവിതത്തിന്റെ അവസാനം തുടങ്ങുന്നത്.'