വിദ്യാര്‍ഥികളെ കുരുതി കൊടുക്കുമ്പോള്‍
നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.അര്‍.ബി) പുറത്തുവിട്ട കണക്ക് പ്രകാരം 2019 ല്‍, മണിക്കൂറില്‍ ഒരു വിദ്യാര്‍ഥി ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിരുന്നു. 2020 ല്‍ അത് ഓരോ നാല്‍പത്തി രണ്ടു മിനിറ്റിലും ഒന്ന് എന്ന കണക്കിലേക്ക് എത്തി. അങ്ങിനെയെങ്കില്‍ 2020 ല്‍ മാത്രം ദിവസേന ചുരുങ്ങിയത് 34 വിദ്യാര്‍ഥികള്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്.
'The bravest thing I ever did was continuing my life when I wanted to die'- Juliette Lewis
അമേരിക്കന്‍ അഭിനേത്രിയും ഗായികയുമായ ജൂലിയറ്റ് ലീവിസ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'മരിക്കണം എന്ന് തോന്നിയപ്പോഴും ജീവിക്കാന്‍ തീരുമാനിച്ചതാണ് ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ധീരമായ പ്രവര്‍ത്തി'.
ഇന്നിന്റെ അഭിമാനങ്ങളായ, നാളെയുടെ അവകാശികളായ യൗവനങ്ങളെ അറിഞ്ഞുകൊണ്ട് കുരുതി കൊടുക്കുമ്പോള്‍ ഉയരുന്ന നിരവധി ചോദ്യങ്ങളുണ്ട്. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഉത്തരം പറയാന്‍ ബാധ്യസ്ഥമായ ചോദ്യങ്ങള്‍. വാഴ്ത്ത്പാട്ടുകള്‍ക്കിടയിലും, സ്വന്തം അവകാശങ്ങളും സ്വാതന്ത്ര്യവും, സമൂഹത്തിന്റെ നിര്‍വചനങ്ങള്‍ക്ക് അടിയറവ് വെക്കേണ്ടി വരുന്ന നമ്മുടെ യുവ തലമുറയുടെ ദുര്‍ഗതി ഇനി എന്നാണ് മാറുക? പ്രബുദ്ധ ജനതയുടെ യുവത്വം, അവരുടെ ജീവിതം തന്നെയും തെരുവുകളിലും കാമ്പസുകളിലും ഹോമിച്ചുകൊണ്ടിരിക്കുമ്പോഴും ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ ഒരു വലിയ സമൂഹം സ്വാര്‍ഥബൗദ്ധപരമായി വിഹരിക്കുന്നുണ്ട്. ഈ കാഴ്ച വികസന പരിണാമത്തിന്റെ ഉച്ചസ്ഥായില്‍ എത്തി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ കാണാന്‍ കഴിയുന്നു എന്നത് അപമാനകരമാണ്.
കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ശ്രദ്ധ സതീഷ്, അധ്യാപകരുടെ ഭാഗത്തുനിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മര്‍ദത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത് ഈ കഴിഞ്ഞ ജൂണ്‍ രണ്ടിനാണ്. ശ്രദ്ധയ്ക്ക് വേണ്ടിയും തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയും അവളുടെ സഹപാഠികള്‍ എത്ര പ്രതിഷേധങ്ങള്‍ നടത്തിയിട്ടും യുക്തിപരവും വസ്തുനിഷ്ടവുമായ ഒരു മറുപടി നല്‍കാന്‍ ഏതെങ്കിലും അധികാര കേന്ദ്രങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ?
വിദ്യാര്‍ഥി സമരങ്ങളുടെയും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെയും മൂല്യത്തെ മനസ്സിലാക്കാന്‍ സാധിക്കാത്ത മാതാപിതാക്കളും അധികാരികളും ഇന്നും നമുക്കിടയിലുണ്ട്. ഈ നൂറ്റാണ്ടിലും ഇരുളടഞ് കിടക്കുന്ന ഒരു ജനതയ്ക്ക്, മനുഷ്യന്റെ മൗലിക അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്രത്തെക്കുറിച്ചും ബോധ്യങ്ങള്‍ ഉണ്ടാവാന്‍ ഇനിയും എത്ര ശ്രദ്ധ സതീഷുമാര്‍ മരിക്കണം? ഇടുമുറികള്‍ അല്ല, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒന്നിച്ചിരുന്ന് സംസാരിക്കാനും സന്തോഷിക്കാനും കെല്‍പ്പുള്ള അന്തരീക്ഷമാണ് കാമ്പസുകളില്‍ ഉണ്ടാവേണ്ടത് എന്ന് തിരിച്ചറിയാന്‍ ഇനിയും എത്ര ജിഷ്ണു പ്രണോയ്മാര്‍ ഇവിടെ കൊല്ലപ്പെടണം? വിദ്യാഭ്യാസം ആരുടെയും കുത്തക അല്ലെന്നും, ഓരോ പൗരനും അര്‍ഹമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഭരണകൂടത്തിനും സമൂഹത്തിനും തുല്ല്യ ബാധ്യത ഉണ്ടെന്നും മനസ്സിലാക്കാന്‍ ഇനിയുമെത്ര രജനിമാര്‍ ഈ മണ്ണില്‍ മൃത്യുവരിക്കണം?
വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എഞ്ചിനീയറിങ് പഠനം തുടരാനാകാതെ ഹൗസിങ് ബോര്‍ഡിന്റെ ഏഴ് നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി പത്തനംതിട്ട അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്തത് 2004 ജൂലായ് ഇരുപത്തി രണ്ടിനാണ്. പക്ഷേ, രജനി അന്നുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടുണ്ടോ?
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റലില്‍ ദുരൂഹ സാഹച്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത് 2016 ജനുവരി ആറിനാണ്. മകന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താനും കുറ്റവാളികളെ ശിക്ഷിക്കാനും ജിഷ്ണുവിന്റെ അച്ഛനമ്മമാര്‍ നടത്തിയ നീണ്ട കാല സമരങ്ങള്‍ അര്‍ഥം കണ്ടുവോ?
കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ശ്രദ്ധ സതീഷ്, അധ്യാപകരുടെ ഭാഗത്തുനിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മര്‍ദത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത് ഈ കഴിഞ്ഞ ജൂണ്‍ രണ്ടിനാണ്. ശ്രദ്ധയ്ക്ക് വേണ്ടിയും തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയും അവളുടെ സഹപാഠികള്‍ എത്ര പ്രതിഷേധങ്ങള്‍ നടത്തിയിട്ടും യുക്തിപരവും വസ്തുനിഷ്ടവുമായ ഒരു മറുപടി നല്‍കാന്‍ ഏതെങ്കിലും അധികാര കേന്ദ്രങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ?
രജനിക്കും ജിഷ്ണുവിനും ഇടയിലുള്ള ദൂരം 12 വര്‍ഷമായിരുന്നു എങ്കില്‍, ജിഷ്ണുവിനും ശ്രദ്ധയ്ക്കും ഇടയിലുള്ള ദൂരം വെറും ഏഴ് വര്‍ഷമായി ചുരുങ്ങിട്ടുണ്ട്. നാളെ ഞാനോ നിങ്ങളോ, നമുക്ക് വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമോ അതേസ്ഥാനത്ത് നില്‍ക്കുന്നത് വരെ നമ്മള്‍ മൗനം പാലിക്കുമോ? കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ കേരളം ചര്‍ച്ച ചെയ്ത വിദ്യാര്‍ഥി മരണങ്ങളാണ് ഇവ മൂന്നും. അറിഞ്ഞതും അറിയാത്തതും കൊന്നതും കൊല്ലിച്ചതുമായി ഇനിയുമെത്രയുണ്ടെന്ന് ആര്‍ക്കറിയാം?
1950 കള്‍ക്ക് ശേഷം 15 മുതല്‍ 24 വയസു വരെയുള്ള വ്യക്തികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് മൂന്നിരട്ടിയായി വര്‍ധിച്ചു എന്നാണ് അമേരിക്കന്‍ കോളജ് ഹെല്‍ത്ത് അസോസിയേഷന്‍ (എ.സി.എച്.എ) റിപ്പോര്‍ട്ട്, വ്യക്തമാക്കുന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലെ മരണങ്ങളുടെ കാരണമെടുത്താല്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ആത്മഹത്യ. ജീവിതത്തിലെ ഏറ്റവും മനോഹരമെന്ന് കവികളും കലകാരന്മാരും ഒരേ പോലെ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം ജീവിതത്തെ ചേര്‍ത്ത് പിടിക്കാനുള്ള അറിവും ശക്തിയും നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
2022 ല്‍ ദി വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, കര്‍ഷകരേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ 2020 ല്‍ മാത്രം ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതായി പറയുന്നു. കര്‍ഷക ആത്മഹത്യയെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായി രാജ്യം അഭിമുഖീകരിക്കുന്ന സമയത്ത് അതിലും അധികമായ വിദ്യാര്‍ഥി മരണങ്ങള്‍ കേവലം ഡാറ്റ ബേസുകളിലെ അക്കങ്ങളായി മാത്രം ഒതുങ്ങുന്നത് എന്തുകൊണ്ടാണ്?
നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.അര്‍.ബി) പുറത്തുവിട്ട കണക്ക് പ്രകാരം 2019 ല്‍, മണിക്കൂറില്‍ ഒരു വിദ്യാര്‍ഥി ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിരുന്നു. 2020 ല്‍ അത് ഓരോ നാല്‍പത്തി രണ്ടു മിനിറ്റിലും ഒന്ന് എന്ന കണക്കിലേക്ക് എത്തി. അങ്ങിനെയെങ്കില്‍ 2020 ല്‍ മാത്രം ദിവസേന ചുരുങ്ങിയത് 34 വിദ്യാര്‍ഥികള്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട് എന്ന വാസ്തവത്തെ ആരെങ്കിലും ഗൗരവത്തില്‍ എടുത്തിട്ടുണ്ടോ?
1995 ജനുവരി ഒന്നിനും 2019 ഡിസംബര്‍ 31 നും ഇടയിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരത്തില്‍ അധികം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നും എന്‍.സി.അര്‍.ബി കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ തന്നെ 85,824 ഉം 1995 നും 2008 നും ഇടയിലാണ്. 2021 ലെ എന്‍.സി.ആര്‍.ബിയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നതില്‍ എട്ട് ശതമാനവും വിദ്യാര്‍ഥികളാണ്.
ഇനി കേരളത്തിന്റെ മാത്രം കാര്യം പരിശോധിക്കുകയാണെങ്കില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം അധികം വിദ്യാര്‍ഥികള്‍ 2021 ല്‍ മാത്രം ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണ്ണ് ഉണ്ടായിട്ടും കാണാത്തവരേ, ഈ കുരുതികളുടെ ഉത്തരവാദിത്വത്തില്‍ നിന്നും നിങ്ങള്‍ക്ക് എങ്ങിനെ മാറി നടക്കാന്‍ സാധിക്കും?
'ഞാന്‍ എഴുതിയ എന്റെ സിനിമകളില്‍ എല്ലാം ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കുന്ന, അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങുന്ന ഒരു വിദ്യാര്‍ഥി സമൂഹത്തെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അത് ഞാന്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ പഠിച്ചത് കൊണ്ടോ, പഠന കാലത്ത് വിദ്യാര്‍ഥി സമരങ്ങളില്‍ പങ്കെടുത്തത് കൊണ്ടോ അല്ല. മറിച്ച് രാഷ്ട്രീയം നിരോധിക്കപ്പെട്ട ഒരു കാമ്പസില്‍ പഠിച്ച എന്റെ പ്രതിഷേധമാണ് അത്'. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ വാക്കുകളാണിവ. 'ഞാന്‍ പഠിച്ചതും ശ്രദ്ധ പഠിച്ചതും ഒരേ കോളേജിലാണ്, ഞാന്‍ നേരിട്ടതും ശ്രദ്ധയ്ക്ക് നേരിടേണ്ടി വന്നതും ഒരേ അനുഭവങ്ങളാണ്. ഒരു വ്യത്യാസം മാത്രമേ ഞങ്ങള്‍ തമ്മിലുള്ളൂ. ഞാനിന്ന് ജീവനോടെ ഉണ്ട്..!' ഷാരിസിന്റെ വാക്കുകളിലെ അമര്‍ഷവും വിഷമവും, 'ഓരോ വര്‍ഷവും അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന ജവന്മാരേക്കാളും കൂടുതല്‍ ആളുകള്‍ നമ്മുടെ യൂണിവേഴ്‌സറ്റികളില്‍ കൊല്ലപ്പെടുന്നു. അവിടെ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിന് ഇരയാകുന്നു' എന്ന ആയാളുടെ തിരിച്ചറിവിന്റെതാണ്. ആ തിരിച്ചറിവിലേക്ക് എത്താന്‍ അയാളുടെ സിനിമകളും അതിലെ സംഭാഷണങ്ങളും കണ്ട് കയ്യടിച്ചവര്‍ക്ക് എന്നാണ് കഴിയുക?
ഈ വിദ്യാര്‍ഥികള്‍ ഒന്നും സ്വതവേ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവരല്ല. നെയ്തുകൂട്ടിയ സ്വപ്നങ്ങളും മോഹങ്ങളും വെറുതെ വലിച്ചെറിഞ്ഞവരുമല്ല. ആഗ്രഹിച്ച ജീവിതം ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതല്ലേ? മനോഹരമായ ഒരു ഭാവി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തിയ വിദ്യാലയങ്ങളും അധികാരികളും തന്നെയല്ലേ അവരെ അതിനു നിര്‍ബന്ധിച്ചത്? പഠനവും തൊഴിലും സാമുഹിക-സുഹൃത്ത് ബന്ധങ്ങളും പരുവപ്പെടുത്തേണ്ട പ്രായത്തില്‍, മാതാപിതാക്കളോ സമൂഹമോ നിര്‍വചിക്കുന്ന വലയത്തിനുള്ളില്‍ സ്വയം ബന്ധിയാക്കപ്പെട്ടവരല്ലേ അവര്‍? വിദ്യാര്‍ഥികളും മനുഷ്യരാണെന്നു തിരിച്ചറിയാത്ത, സമരം ചെയ്യുക എന്നതിനെ ഒരു നിന്ദ്യമായ പ്രവൃത്തിയായി മാത്രം കാണുന്ന, സുതാര്യമായ പരാതി പരിഹാര സംവിധാനങ്ങളും വിദ്യാര്‍ഥികളാല്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്‌സ് യൂണിയനും എന്തിനെന്ന് ചോദിക്കുന്ന, മാര്‍ക്കും മെറിട്ടും കോളജിന്റെ റാങ്കിങും മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം അവരെ ബന്ദിയാക്കിയിരിക്കുന്നു.
അച്ചടക്ക വിദ്യാഭ്യാസത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ കുരുതി നല്‍കുന്ന ജീവനുകള്‍ ഒരു പക്ഷെ ഇനിയും ഇവിടെ ഉണ്ടായേക്കാം. മക്കള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോലുമറിയാതെ നീണ്ട കാലത്തെ നിയമ യുദ്ധത്തിന് ഇറങ്ങേണ്ട നിസ്സഹായത മാതാപിതാക്കള്‍ക്കും ഉണ്ടാവാം. സാമുഹിക സാമ്പത്തിക മതില്‍ക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ കെല്‍പ്പില്ലാത്ത യുവതയുടെ ചിറകുകള്‍ ഇനിയും ആരിയപ്പെട്ടെക്കാം. അപ്പോഴെല്ലാം ഇത് ഇന്ത്യയാണെന്നും, ഇവിടം നിയന്ത്രിക്കുന്നത് സ്വന്തന്ത്ര്യത്തിന് ശേഷം എഴുതപ്പെട്ട ഭരണഘടനയോ മാനുഷിക മര്യാദകളില്‍ വിവേകമുള്ള അധികാരികളോ അല്ല; മറിച്ച് സ്വകാര്യ കോര്‍പ്പറേറ്റുകളും മനുഷ്യന്റെ അവകാശങ്ങളെ കച്ചവട വസ്തുവാക്കിയ അധികാരികളുമാണ് എന്ന വസ്തുതയോര്‍ത്ത് പ്രുബുദ്ധ ജനത ഒരുപക്ഷേ ഇനിയും പരിതപിച്ചു കൊണ്ടേയിരിക്കും. അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് നീതിയാണ്. നിങ്ങള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത് നീതി ബോധം ഇല്ലാത്ത ഒരു തലമുറയെയും. പക്ഷേ, എത്ര അടക്കി വച്ചാലും സത്യത്തിന് നിശബ്ദമാകന്‍ സാധിക്കില്ല, നീതിക്ക് അന്യായമാവാനും. നിങ്ങളാണ് കളങ്കം പറ്റുന്നത്. മനുഷ്യന്‍ ഉള്ളിടത്തോളം. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ധര്‍മവും അങ്ങിനെ തന്നെ നിലനില്‍ക്കും. അവ കാലം തെളിയിക്കും.