Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 4 Nov 2023 4:59 AM GMT

ജനാധിപത്യമെന്നാല്‍ കേവലം തിരഞ്ഞെടുപ്പല്ല - പരകാല പ്രഭാകര്‍

വ്യക്തികളുടെ മതത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് രാജ്യത്ത് പൗരത്വം പോലും നിര്‍ണ്ണയിക്കപ്പെടുന്നത്.

ജനാധിപത്യമെന്നാല്‍ കേവലം തെരഞ്ഞെടുപ്പല്ല
X

പാര്‍ലമെന്റില്‍പ്പോലും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളല്ല ഇന്ന് നടക്കുന്നത്. ഭൂരിപക്ഷ ജനവിഭാഗവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് കഴിയുന്ന ഒരു രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മെനക്കെടാത്ത കേന്ദ്ര സര്‍ക്കാരാണ് ഇവിടെയുള്ളത്. നവ ഇന്ത്യയിലെ ജനാധിപത്യം അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ജനാധിപത്യമെന്നാല്‍ കേവലം തിരഞ്ഞെടുപ്പല്ലെന്ന് എല്ലാവരും മനസ്സിലാക്കണം.

തൊഴിലില്ലായ്മ അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. തൊഴിലില്ലായ്മയില്‍ ലെബനന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. നമ്മുടെ അയല്‍രാജ്യങ്ങള്‍ പോലും മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്. ഇന്ത്യയില്‍ പ്രതിവര്‍ഷം കോടീശ്വരന്മാരുടെ പട്ടിക നീളുമ്പോള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന ജനതയുടെ എണ്ണം വര്‍ധിക്കുകയാണ്. ദരിദ്രര്‍ അതിദരിദ്രരാകുന്നു, ഇടത്തരക്കാര്‍ ദരിദ്രരാകുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഇന്ത്യയില്‍ എല്ലാം നല്ല അവസ്ഥയിലാണ്. ജനങ്ങളും അതുതന്നെ ചിന്തിക്കണമെന്നാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കരുതുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമെന്ന പേരില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ച അതേ വേളയിലാണ് ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ 2022 ആഗസ്റ്റ് 15 ന് മോചിപ്പിക്കുന്നത്. ജനാധിപത്യത്തെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിന് നേരെ ഭരണപക്ഷ പാര്‍ട്ടിയുടെ വക്താക്കള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയണ്. വംശഹത്യയ്ക്കായി ആഹ്വാനം ചെയ്യുന്ന അവര്‍ ന്യൂനപക്ഷങ്ങളെ കയ്യേറ്റം ചെയ്യുന്നതും കിരാത നിയമങ്ങളുടെ ചുവടുപിടിച്ച് ആക്രമിക്കുന്നതും ഇന്നത്തെ ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതാണ് രാജ്യത്തെ സാമൂഹിക ഘടനയോട് നവ ഇന്ത്യയുടെ നിലപാട്. വ്യക്തികളുടെ മതത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് രാജ്യത്ത് പൗരത്വം പോലും നിര്‍ണ്ണയിക്കപ്പെടുന്നത്.

മതനിരപേക്ഷത, പുരോഗമനവാദം, ജനാധിപത്യം, നാനാത്വം എന്നീ സവിശേഷതകള്‍ ഒരുമിക്കുന്ന രാജ്യം എന്നതില്‍ നിന്നും ഭൂരിപക്ഷത്തിന്റെ ആഖ്യാനത്തിലേക്ക് മാത്രമായി കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. 'മേക് ഇന്‍ ഇന്ത്യ', 'സ്‌കില്‍ ഇന്ത്യ', 'ഖേലോ ഇന്ത്യ' എന്നിവയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പാര്‍ട്ടി 'ഷട്ട് അപ്പ് ഇന്ത്യ' എന്ന പ്രയോഗത്തിലേക്ക് എത്തി. പദ്ധതികള്‍ കൊട്ടിഘോഷിക്കുന്നതല്ലാതെ എത്രത്തോളം വിജയം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന ചോദ്യം ജനങ്ങള്‍ ചോദിക്കണം. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിക്കായി വകയിരുത്തിയതില്‍ 79 ശതമാനത്തിലേറെ പരസ്യത്തിനായാണ് ചെലവഴിച്ചത്.


രാജ്യത്ത് ഇന്ന് നടക്കുന്ന അതിക്രമങ്ങളും വംശഹത്യകളും ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല. മണിപ്പൂരില്‍ രാജ്യത്തെ നടുക്കുന്നവിധം അസമത്വവും അടിച്ചമര്‍ത്തലുകളും നടക്കുമ്പോള്‍ പ്രദേശം സന്ദര്‍ശിക്കാന്‍ പോലും സമയമില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമെന്ന പേരില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ച അതേ വേളയിലാണ് ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ 2022 ആഗസ്റ്റ് 15 ന് മോചിപ്പിക്കുന്നത്. ജനാധിപത്യത്തെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍.

വായനയുടെ മഹോത്സവമായ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കാനുള്ള കേരള നിയമസഭയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു. രാജ്യത്ത് വേറൊരിടത്തും ഒരു നിയമനിര്‍മ്മാണ സഭയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നില്ല. നിയമനിര്‍മാണ സഭാ പരിസരത്തേക്ക് എഴുത്തുകാരെ എത്തിച്ച് അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ വേദി നല്‍കിയത് എടുത്ത് പറയേണ്ടതാണ്.

(കേരള നിയമസഭ പുസ്തകോത്സവത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗം.)

TAGS :