ജനാധിപത്യം, ദേശം, ദേശീയത
സാമ്പത്തിക ജനാധിപത്യം എന്ന അംബേദ്കര്‍ ആശയത്തിന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണ നല്‍കുന്നില്ല. പകരം, ഉദാര വലതുപക്ഷ ആശയങ്ങള്‍ വലിയതോതില്‍ ഇന്ത്യന്‍ സമൂഹത്തെ ഗ്രസിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ഓരോ വീടുകളിലും ദേശീയ പതാക എത്തിക്കുക എന്ന പദ്ധതിവഴി ദേശസ്‌നേഹത്തിന് പുതിയ മാനങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിലപ്പോഴൊക്കെ ഇതൊരു പ്രതീകാത്മക പൗരബോധമായി മാറുന്നുണ്ട്. ജനാധിപത്യവും ദേശസ്‌നേഹവും എല്ലായിപ്പോഴും ഒരു ദിശയില്‍ തന്നെ സഞ്ചരിക്കണം എന്നില്ല, ചിലപ്പോഴെങ്കിലും ഒന്ന് മറ്റൊന്നിനെ ചോദ്യം ചെയ്യാനും തിരുത്താനും സാധ്യതയുണ്ട്. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്നത് പൗരന് നടത്തുന്ന തിരഞ്ഞെടുപ്പ് മാത്രമല്ല, അതോടൊപ്പം രാഷ്ട്രീയ-ഭൂമിശാസ്ത്ര വ്യവസ്ഥിതിയില്‍ തന്റേതായ ഇടം കിട്ടാനും ഉള്ള അവകാശവും കൂടിയാണ് ജനാധിപത്യം (Máiz, 2004).
ജനാധിപത്യത്തെ കുറിച്ചുള്ള അംബേദ്കര്‍ ചിന്തകള്‍ ഉണ്ടാകുന്നത് തന്നെ ഇത്തരം ഒരു ചോദ്യത്തില്‍ നിന്നാണ്. ജനാധിപത്യം ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ രക്തച്ചൊരിച്ചിലില്ലാതെ കൊണ്ടുവരുമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. അതിന് ചില വ്യവസ്ഥകള്‍ അംബേദ്കര്‍ മുന്നോട്ട് വച്ചിരുന്നു, '(1) സമൂഹത്തില്‍ പ്രകടമായ അസമത്വങ്ങള്‍ ഉണ്ടാകരുത്, അതായത്, ഒരു വിഭാഗത്തിന് പ്രത്യേകാവകാശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല; (2) ഒരു പ്രതിപക്ഷത്തിന്റെ അസ്തിത്വം; (3) നിയമത്തിലും ഭരണത്തിലും സമത്വം; (4) ഭരണഘടനാപരമായ ധാര്‍മികത പാലിക്കല്‍; (5) ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം ഇല്ല; (6) സമൂഹത്തിന്റെ ധാര്‍മിക ക്രമം: (7) പൊതു മനസ്സാക്ഷി. ജനാധിപത്യത്തെകുറിച്ചുള്ള വിപുലമായ ഒരു പദ്ധതിയാണ് അംബേദ്കര്‍ മുന്നോട്ട് വച്ചത്. ഗൗരവമായ വസ്തുത ദേശം ദേശീയത എന്നിവയെ അടിസ്ഥാനമാക്കിയല്ല ഇത്തരം വിശാലമായ ഒരു ജനാധിപത്യ സംവിധാനം രൂപപ്പെടുന്നത്.
ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ജനാധിപത്യം നിലനിര്‍ത്താന്‍ ആവശ്യമായ ചില ഉപകരണങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചു: '(I) ഭരണഘടനാ രീതികള്‍: (II) ഒരു മഹാന്റെ കാല്‍ക്കല്‍ സ്വാതന്ത്ര്യം നല്‍കരുത്: (III) രാഷ്ട്രീയ ജനാധിപത്യത്തെ ഒരു സാമൂഹിക ജനാധിപത്യമാക്കുക.' അംബേദ്കര്‍ മുന്നോട്ട് വച്ച ജനാധിപത്യസമീപനത്തില്‍ രാഷ്ട്രീയ പരമാധികാരം മാത്രമല്ല പ്രധാനമായി സംരക്ഷിക്കപ്പെട്ടത്, അതോടൊപ്പം സാമൂഹികവും സാമ്പത്തികവുമുമായി ഒരു ജനാധിപത്യത്തെക്കുറിച്ചുകൂടി വിശദീകരിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം വിജയിക്കില്ലെന്ന് അംബേദ്കര്‍ ഉറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ''ജനാധിപത്യത്തെ റിപ്പബ്ലിക് അല്ലെങ്കില്‍ പാര്‍ലമെന്ററി സര്‍ക്കാരുമായി തുലനം ചെയ്യാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ വേരുകള്‍ ഗവണ്‍മെന്റിന്റെയോ പാര്‍ലമെന്റിന്റെയോ മറ്റോ അല്ല. ജനാധിപത്യം എന്നത് അനുബന്ധ ജീവിതത്തിന്റെ മാതൃകയാണ്. ജനാധിപത്യത്തിന്റെ വേരുകള്‍ അന്വേഷിക്കേണ്ടത് സാമൂഹിക ബന്ധത്തിലാണ്, സമൂഹം രൂപീകരിക്കുന്ന ആളുകള്‍ തമ്മിലുള്ള അനുബന്ധ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ് ജനാതിപത്യം നിലനില്‍ക്കുന്നത്'. ഇത്തരം ഗൗരവമായ ഒരു വീക്ഷണത്തില്‍ വേണം ജനാധിപത്യത്തെയും ദേശീയതയേയും കുറിച്ചുള്ള ഗൗരവമായ അന്വേഷണങ്ങള്‍ നടത്തേണ്ടത്.
ജനാധിപത്യവും ദേശീയതയും
ചരിത്രപരമായി, ജനാധിപത്യം ദേശീയതയുടെ ബോധത്തോടെയാണ് ഉയര്‍ന്നുവന്നത് എന്ന് ഒരു നിരീക്ഷണം പ്രബലമാണ് (Greenfeld 1992: 10). ഇന്ത്യന്‍ സ്വതത്രസമര ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാവുന്ന ഒന്നാണ് ദേശീയതയും ജനാധിപഥ്യവും തമ്മിലുള്ള ബന്ധം. ദേശീയതയെന്നാല്‍ ഏതൊരു രാജ്യവും ഒരിക്കല്‍ കടന്നു പോകേണ്ട ഒരു പ്രതിഭാസമാണെന്നും എന്നാല്‍, എല്ലായിപ്പോഴും തീവ്രമായ, അതോടൊപ്പം ഒറ്റപ്പെട്ട ഒരു അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഒന്നല്ല എന്നും പകരം ചൂഷണത്തിനും അടിച്ചമര്‍ത്തപ്പെടലിനും എതിരായ ഒരു മുന്നേറ്റമായി ദേശീയത മാറും എന്ന് കെ.ആര്‍ നാരായണന്‍ ഒരു ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. നാരായണന്റെ കാഴ്ചപ്പാടില്‍ ദേശീയത എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു നവോത്ഥാന ബോധംകൂടിയാണ്. അംബേദ്കറിന്റെ ആശയത്തോടെ ചേര്‍ത്താണ് നാരായണന്‍ ദേശീയതയെ നിര്‍ണയിക്കുന്ന്. സാമൂഹിക ജനാധിപത്യമാണ് അടിസ്ഥാന ആവശ്യമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത്. എഴുപത്തിയഞ്ചു വര്‍ഷത്തെ ഇന്ത്യന്‍ ജനാധിപത്യത്തെ എങ്ങനെ വിലയിരുത്തണം എന്നതിലേക്കാണ് ഈ ചര്‍ച്ചകള്‍ എത്തുന്നത്.
സാമ്പത്തിക ജനാധിപത്യം എന്ന അംബേദ്കര്‍ ആശയത്തിന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണ നല്‍കുന്നില്ല. പകരം, ഉദാര വലതുപക്ഷ ആശയങ്ങള്‍ വലിയതോതില്‍ ഇന്ത്യന്‍ സമൂഹത്തെ ഗ്രസിക്കുകയും ചെയ്യുന്നു. സല്‍സ്ബോണ്‍ നിരീക്ഷിക്കുന്നത് പോപ്പുലിസ്റ്റ് വലതുപക്ഷ തീവ്രവാദികള്‍ ജനകീയ ഉപകരണങ്ങളും തന്ത്രങ്ങളും വലിയതോതില്‍ ഉപയോഗിക്കുന്നവരാണ് എന്നാണ്. പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അവയെ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട്, പ്രത്യേകിച്ച് സ്റ്റേജ് പരിപാടികളിലൂടെയും വ്യക്തിത്വ ആരാധനയിലൂടെയും സ്ഥാപിതമായ പൊതു വ്യവഹാരങ്ങളിലേക്ക് തിരിയുക എന്ന ലക്ഷ്യത്തോടെ അവര്‍ പൊതുജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നു; ഇവിടെ, അവര്‍ സംവാദത്തിന്റെ നിലവിലെ വിഷയങ്ങള്‍ എടുക്കുകയും ടാര്‍ഗെറ്റുചെയ്ത തര്‍ക്കങ്ങളിലൂടെ ചര്‍ച്ചയെ ധ്രുവീകരിക്കുകയും ചെയ്യുന്നു (Salzborn, 2020). വലതുപക്ഷ ഉദാര വാദത്തിന് കിട്ടുന്ന വലിയ സ്വീകാര്യത ജനാധിപത്യത്തില്‍ അടിസ്ഥാനമായ ഒരു ദേശീയതക്ക് ഭീഷണിയാണ്. പലപ്പോഴും ഉദാര ഭരണകൂടമെന്ന ആശയത്തെയാണ് തീവ്ര വലതുപക്ഷം അപ്രസ്‌കതമാക്കുന്നത്. ഉദാര ഭരണ കൂടം അഥവാ ലിബറല്‍ സ്റ്റേറ്റ് എന്ന ആധുനിക ആശയത്തില്‍ രാഷ്ട്രത്തിന് പരമാധികാരം നല്‍കുന്നതോടൊപ്പം പൗരന്മാരുടെ സമത്വത്തിന് അംഗീകാരവും ഉറപ്പാക്കുന്നുണ്ട് (Máiz, 2004).
മൂലധനത്തിന് കിട്ടുന്ന ഭരണകൂട സംരക്ഷണം സാമ്പത്തിക ജനാധിപത്യത്തെ ഇല്ലാതാക്കുന്നതും പൗരന് മേല്‍ സമാന്തരമായ ഒരു അധികാരം സ്ഥാപിക്കലുമാണ്. ഈ പശ്ചാത്തലത്തില്‍ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യം ഭരിക്കുന്നവര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശത്തിന്റെ ഉള്ളടക്കംതന്നെ ഒരുതരത്തില്‍ അപ്രസ്‌കതമാണ്. പരിമിതമായ ക്ഷേമപദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യവും ഉടമസ്ഥാവകാശവും നേരത്തെ സൂചിപ്പിച്ച ജനാധിപത്യാവകാശങ്ങളുടെ ലംഘനം കൂടിയാണ്. കാരണം, ക്ഷേമ പദ്ധതികള്‍ പൗരന് ഭരണകൂടബാധ്യതയായി തോന്നാന്‍ പാടില്ല. എന്നാല്‍, വലതുപക്ഷ ഉദാരവല്‍ക്കരണം എല്ലാവിധ ജനാധിപത്യ അവകാശങ്ങളെയും പരിമിതപ്പെടുത്തുന്നു. പ്രകടമായ സാമൂഹിക വേര്‍തിരിവുകളും അസമാത്വങ്ങളും പ്രോത്സാഹിപ്പിക്കപ്പടുന്ന ഒരു സാഹചര്യത്തില്‍ അംബേദ്കര്‍ സൂചിപ്പിച്ച പോലെ ജനാധിപത്യം അപ്രസക്തമാവുകയും ഭരണകൂട സംരക്ഷണം പൗരന്റെ ബാധ്യതയായി മാറുകയും ചെയ്യും. എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ചിന്തിക്കേണ്ടതും ഈ വിഷയമാണ്.
Referencse:
Greenfeld, L. (1992) Nationalism. Five Roads to Modernity (Cambridge, MA: Harvard University Press)
Máiz, Ramón. 2004. Nation and deliberation, in Ramón Máiz and Ferran Requejo edited 'Democracy, Nationalism and Multiculturalism'. Routledge, UK
Narayanan, K R.1965.Nationalism and Democracy in India.The Economic Weekly April 10, 1965
Salzborn, Samuel. 2020. The Modern State and Its Enemies: Democracy, Nationalism and Antisemitism. Anthem Press