Quantcast
MediaOne Logo

ഡോ. പി.കെ പോക്കര്‍

Published: 15 March 2024 10:26 AM GMT

പൗരത്വവും വിചാരധാരയും തമ്മില്‍ എന്ത്?

വിചാരധാരയില്‍ ശാഖയെന്ന കളി സ്ഥലത്തെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ശത്രുവിനെയാണ് എപ്പോഴും മുന്നില്‍ സങ്കല്‍പ്പിക്കുന്നത്. അപര വിദ്വേഷത്തെ ഭയമായും രോഗാവസ്ഥയായും പരിവര്‍ത്തിപ്പിക്കാന്‍ ഇതുമൂലം സാധിക്കുന്നു.

പൗരത്വവും വിചാരധാരയും തമ്മില്‍ എന്ത്?
X

മനുകാലം പുനഃസൃഷ്ടിക്കുമ്പോള്‍ സംഭവിക്കുന്നത് എന്തെല്ലാമായിരിക്കും. അതിന്റെ ഗുണഭോക്താക്കള്‍ ആരെല്ലാമാകും? ആരെല്ലാം അതിന്റെ ഇരകളായി അടിമ ജീവിതത്തിലേക്ക് നയിക്കപ്പെടും. ഈ ചോദ്യങ്ങള്‍ പൗരത്വവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വരുന്ന സംവാദങ്ങളില്‍ അനിവാര്യമാണ്. കാരണം, ശക്തമായ പ്രതിരോധങ്ങള്‍ക്ക് കൃത്യമായ രോഗനിര്‍ണയം ആവശ്യമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ബഹുജനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണ്. സംസ്‌കാരത്തില്‍ മാത്രമല്ല സാമ്പത്തിക നയത്തിലും സ്വജന പക്ഷപാത സങ്കുചിതത്വം അരങ്ങ് തകര്‍ക്കുകയാണ്. ഇതൊന്നും വൃഥാ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളക്കുന്നതല്ല. ഇപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്ന രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും എഴുത്തുകാരും കണ്ടു കൊണ്ട് പകല്‍ വെളിച്ചത്തില്‍ കബഡി കളിച്ചും പാട്ട് പാടിയും പടുത്തുയര്‍ത്തിയ ഒരു കൃത്രിമ ദേശ രാഷ്ട്രത്തിലേക്കാണ് നമ്മള്‍ ഇപ്പോള്‍ പ്രവേശിക്കുന്നത്.

മനു മുന്നോട്ട് വെച്ച നിയമ സംഹിതയില്‍ ജന്മം കൊണ്ട് മനുഷ്യര്‍ വേറിട്ട ശ്രേണികളിലാണ് ജീവിക്കേണ്ടത്. ശുദ്ധിയുടെയും അശുദ്ധിയുടെയും മാനദണ്ഡം ജന്മസിദ്ധമായി ബ്രാഹ്മണ കൃതികള്‍ സിദ്ധാന്തിക്കുന്നു. ഉത്തമം-അധമം, ശുദ്ധി-അശുദ്ധി എന്നീ രണ്ടു ദ്വന്ദമാണ് പെറുക്കികളും തെണ്ടികളുമാക്കി കീഴാളരെ മുദ്ര കുത്താന്‍ ഉപയോഗിച്ചത്. ഇന്നും ഉപയോഗിക്കുന്നതും.

ആധുനിക മാനവിക മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും തിരസ്‌കരിച്ചുകൊണ്ടാണ് വിചാരധാരയിലെ ദേശ സങ്കല്‍പം രാജ്യത്തിന് മേല്‍ കെട്ടി വെക്കുന്നത്. പ്രാചീന വൈദീക സങ്കല്‍പങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയെ പുനഃസൃഷ്ടിക്കുകയാണ് വിചാരധാര ലക്ഷ്യമിടുന്നത്. ആര്‍.എസ്.എസ് സ്ഥാപിച്ചതു മുതല്‍ ഇന്ത്യന്‍ പ്രാകൃത സംസ്‌കാരത്തെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഹെഗ്‌ഡേവാര്‍ ഇതിന് വേണ്ടി നേതൃത്വപരമായ പങ്ക് വഹിച്ചതും വിചാരധാരയില്‍ തുടക്കത്തിലേ പറഞ്ഞു വെക്കുന്നുണ്ട്. എങ്ങിനെയാണ് ഭാരതീയ സാംസ്‌കാരിക ദേശീയതയില്‍ അധിഷ്ടിതമായ ഒരിന്ത്യ സാധ്യമാവുക. എന്താണ് ഭാരതീയ സാംസ്‌കാരിക ദേശീയത. വിചാര ധാരയുടെ ആദ്യ അധ്യായത്തില്‍ തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സ്വഭാവം ഹിന്ദുമതവും മനുകേന്ദ്രീതാവുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലോകം മുഴുവന്‍ ആയിരത്താണ്ടുകളായി വ്യാപിച്ച് കിടക്കുന്ന ഹിന്ദു ദേശ സംസ്‌കാരത്തെ അടയാളപ്പെടുത്താന്‍ ഫിലിപ്പൈന്‍സില്‍ സ്ഥാപിച്ച മാര്‍ബിളില്‍ കൊത്തിയ മനുവിന്റെ പ്രതിമയെക്കുറിച്ചാണ് പറയുന്നത്. 'മനുഷ്യരാശിയുടെ ആദ്യത്തേതും, ഏറ്റവും മഹാനും, ഏറ്റവും ജ്ഞാനിയുമായ നിയമ നിര്‍മാതാവ്' എന്നാണ് ആ പ്രതിമയില്‍ എഴുതി വെച്ചതെന്നും വിചാരധാര പറയുന്നു. അതായത്, വിചാരധാര ലക്ഷ്യമിടുന്ന ഭാവിജീവിതം പുരാതനമായ മനുവാദ കാലവും ജീവിതവുമാണെന്ന് വ്യക്തം. അതിനാല്‍ പൗരത്വ നിയമ നിര്‍മാണങ്ങള്‍ വരാന്‍ പോകുന്ന മനുവാദ ഇന്ത്യയുടെ ഒരു ഭാഗം മാത്രമാണെന്ന് ആദ്യമായി തിരിച്ചറിയണം.

ആധുനിക സ്വതന്ത്ര ഇന്ത്യ പോലും മനുവാദത്തെ എപ്പോഴും പിന്തുടരുന്ന ഒരു ആഴ ഘടനയോട് (deep structure) കൂടിയ ദേശമാണ്. 2014നു ശേഷം ആ ആഴഘടന കൂടുതല്‍ കൂടുതല്‍ ഉപരിതലത്തിലേക്ക് പ്രകടമായിക്കൊണ്ടിരിക്കയാണ്. നൂറു വര്‍ഷങ്ങളായി ബ്രഹ്മണ്യകേന്ദ്രീത ദേശരാഷ്ട്ര പുനര്‍നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് സാംസ്‌കാരിക ദേശീയതയില്‍ അധിഷ്ഠിതമായ രാഷ്ട്ര നിര്‍മിതി. ഇന്ത്യയുടെ മുക്കിലും മൂലയിലും ഇതിനു വേണ്ട പ്രവര്‍ത്തനം നടക്കുന്നതിനെക്കുറിച്ച് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും അറിവുള്ള കാര്യമായിരുന്നു. എങ്കിലും പ്രാകൃതവും ജനാധിപത്യ വിരുദ്ധവും അപര വിദ്വേഷ കേന്ദ്രീതവും വര്‍ണ ജാതി ബദ്ധവുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ സാംസ്‌കാരികമായോ രാഷ്ട്രീയമായോ നമുക്ക് കഴിയാതെ പോയി എന്നത് ഒരു യാഥാര്‍ഥ്യമാണ്. വിചാരധാരയില്‍ ശാഖയെന്ന കളി സ്ഥലത്തെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ശത്രുവിനെയാണ് എപ്പോഴും മുന്നില്‍ സങ്കല്‍പ്പിക്കുന്നത്. അപര വിദ്വേഷത്തെ ഭയമായും രോഗാവസ്ഥയായും പരിവര്‍ത്തിപ്പിക്കാന്‍ ഇതുമൂലം സാധിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയും ആധുനിക ജനാധിപത്യ നിര്‍മിതിയായതിനാല്‍ പൗരാണിക വര്‍ണ ജാതി വിവേചനത്തെ മറികടന്നുകൊണ്ടു ജനിച്ചു വീഴുന്ന മനുഷ്യര്‍ക്ക് എല്ലാം ജനനത്തിലൂടെ പൗരത്വവും അതിലൂടെ തുല്യ അവകാശത്തിനുള്ള നിയമ പരിരക്ഷയും നല്‍കിയിട്ടുണ്ട്. മനുസ്മൃതി 1925 ഡിസംബര്‍ 25ന് പരസ്യമായി ആയിരങ്ങളെ സാക്ഷി നിര്‍ത്തി കത്തിച്ച ശേഷമാണ് രാജ്യത്തു ആധുനിക ഭരണ ഘടനക്ക് അംബേദ്കര്‍ പ്രാരംഭം കുറിച്ചത്. ഇന്ത്യയില്‍ ബ്രാഹ്മണ്യ സംരക്ഷണത്തിന് ആര്‍. എസ്.എസ് രൂപീകരിച്ചതും 1925 ലാണെന്ന് ഓര്‍ക്കണം.

ശ്രേണീ ബദ്ധ ജാതിവ്യവസ്ഥ ബ്രഹ്മണ്യത്തിന്റെ ആശയാടിത്തറയാണ്. കേരളത്തില്‍ ജാതി എങ്ങനെ എത്രമാത്രം ക്രൂരമായി പ്രവര്‍ത്തിച്ചു എന്നു കൃത്യമായി അടയാളപ്പെടുത്തിയ പോത്തേരി കുഞ്ഞമ്പുവിന്റെ നോവല്‍ ഇക്കാലമത്രയും സാംസ്‌കാരിക കേരളം ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. കെ.കെ കൊച്ചിനെ പോലുള്ളവര്‍ സാംസ്‌കാരിക സ്ഥലിയിലേക്ക് കടന്നു വന്നപ്പോള്‍ മാത്രമാണു ചെറുതായൊന്ന് ആ ആഖ്യാനത്തിന് ഇവിടെ ഇടം ലഭിച്ചതു. ഇരകളാക്കപ്പെടുന്ന സമൂഹങ്ങള്‍ക്ക് അവരുടെ ചരിത്രമോ യഥാര്‍ത്ഥ വസ്തുതകളോ അറിയാത്ത അവസ്ഥ സൃഷ്ടിക്കേണ്ടത് ബ്രാഹ്മണ്യത്തിന് നിലനില്‍ക്കാന്‍ അനുപേക്ഷണീയമാണ്. അതിനാലാണ് ദീര്‍ഘകാലം കീഴാള സമുദായങ്ങള്‍ക്ക് ഇവിടെ അറിവ് നിഷേധിച്ചത്. മനു മുന്നോട്ട് വെച്ച നിയമ സംഹിതയില്‍ ജന്മം കൊണ്ട് മനുഷ്യര്‍ വേറിട്ട ശ്രേണികളിലാണ് ജീവിക്കേണ്ടത്. ശുദ്ധിയുടെയും അശുദ്ധിയുടെയും മാനദണ്ഡം ജന്മസിദ്ധമായി ബ്രാഹ്മണ കൃതികള്‍ സിദ്ധാന്തിക്കുന്നു. ഉത്തമം-അധമം, ശുദ്ധി-അശുദ്ധി എന്നീ രണ്ടു ദ്വന്ദമാണ് പെറുക്കികളും തെണ്ടികളുമാക്കി കീഴാളരെ മുദ്ര കുത്താന്‍ ഉപയോഗിച്ചത്. ഇന്നും ഉപയോഗിക്കുന്നതും.

ജാതി വ്യവസ്ഥയില്‍ ആധുനിക പൗരത്വമില്ല. പൗരത്വം ഒരു ദേശത്തിനകത്ത് തുല്യമായ അവകാശങ്ങള്‍ക്ക് അര്‍ഹത നല്‍കുന്ന പ്രക്രിയ ആണ്. ആധുനിക ദേശരാഷ്ട്രങ്ങളില്‍ രണ്ടു തരത്തിലാണ് പൗരത്വം ലഭിക്കുന്നത്. ഒന്ന്, ജന്മം കൊണ്ടാണ്. ഒരു നിശ്ചിത ദേശത്തു ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെല്ലാം അവിടെ പൗരന്‍/പൗര ആയി മാറുന്നു. രണ്ടാമത്തേത്, തദ്ദേശവാസത്തിലൂടെ (Naturalization) ആര്‍ജിക്കുന്നതാണ്. രണ്ടു രീതിയിലും മതമോ ജാതിയോ പരിഗണിച്ചല്ല ഒരു വ്യക്തി പൗരയാകുന്നത്. ഒരാള്‍ പൗരനാകുന്നതിലൂടെ ആ ദേശത്തിലെ അവകാശങ്ങള്‍ക്കും കടമകള്‍ക്കും ബാധ്യസ്ഥരാവുകയാണ്. അങ്ങനെ ഭരണകൂടങ്ങളുടെ ഭാഗമാകാനും, സമ്മതിദാനാവകാശം ഉപയോഗിക്കാനും എല്ലാ മനുഷ്യരും അതിലൂടെ തുല്യ അവകാശം രൂപപരമായും (formal) സാങ്കേതികമായും (technical) നേടുന്നു. ഇന്ത്യന്‍ ഭരണഘടനയും ആധുനിക ജനാധിപത്യ നിര്‍മിതിയായതിനാല്‍ പൗരാണിക വര്‍ണ ജാതി വിവേചനത്തെ മറികടന്നുകൊണ്ടു ജനിച്ചു വീഴുന്ന മനുഷ്യര്‍ക്ക് എല്ലാം ജനനത്തിലൂടെ പൗരത്വവും അതിലൂടെ തുല്യ അവകാശത്തിനുള്ള നിയമ പരിരക്ഷയും നല്‍കിയിട്ടുണ്ട്. മനുസ്മൃതി 1925 ഡിസംബര്‍ 25ന് പരസ്യമായി ആയിരങ്ങളെ സാക്ഷി നിര്‍ത്തി കത്തിച്ച ശേഷമാണ് രാജ്യത്തു ആധുനിക ഭരണ ഘടനക്ക് അംബേദ്കര്‍ പ്രാരംഭം കുറിച്ചത്. ഇന്ത്യയില്‍ ബ്രാഹ്മണ്യ സംരക്ഷണത്തിന് ആര്‍. എസ്.എസ് രൂപീകരിച്ചതും 1925 ലാണെന്ന് ഓര്‍ക്കണം.


പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീവിജയത്തില്‍ വടക്കേ മലബാറിലെ ഒരു ദലിതന്‍ പാട്ട് പാടിയതില്‍ കുപിതനായ കുബേരന്‍ നമ്പൂതിരി പറയുന്നത്, കീഴാളര്‍ക്ക് പാടാനോ പഠിക്കാനോ അധികാരമില്ലെന്നാണ്. അങ്ങിനെയാണ് കാര്യസ്ഥാനെ അയച്ചു പാട്ട് പാടിയ മരത്തന്റെ വീട് ഒഴിപ്പിക്കുന്നതിന്നും, അവനെ അടിച്ചോടിക്കാനും ആളെ അയക്കുന്നത്. ഇന്ത്യ മുഴുവന്‍ നിലനിന്ന ഒരു സാമൂഹിക അവസ്ഥയാണ് പോത്തേരി കുഞ്ഞമ്പു സരസ്വതീവിജയത്തില്‍ 1892-ല്‍ വര്‍ണിച്ചത്. പഠിക്കാനോ വഴിനടക്കാനോ അവകാശമില്ലാത്ത സമുദായങ്ങള്‍ നിശ്ചിതായ അകലം സൂക്ഷിച്ചും ശുദ്ധി അശുദ്ധി മാനദണ്ഡം പാലിച്ചും ജീവിക്കുന്ന വ്യവസ്ഥ ഞങ്ങളുടെ മത നിയമമാണെന്ന് മനുസ്മൃതി ഉദ്ധരിച്ചുകൊണ്ട് കുബേരന്‍ നമ്പൂതിരി വാദിക്കുന്ന പല സന്ദര്‍ഭങ്ങളും പോത്തേരിയുടെ നോവലില്‍ ഉണ്ട്. അതായത്, സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് മുന്‍പ് രാജ്യത്തുടനീളം നിലനിന്ന വര്‍ണ ജാതി അസമത്വം ബ്രഹ്മണ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യ സമരവും ആധുനിക വിദ്യാഭ്യാസവും കൊളോനിയല്‍ നിയമ നിര്‍മാണങ്ങളും ജാതിവിരുദ്ധ മുന്നേറ്റങ്ങളും ഇരുപതാം നൂറ്റാണ്ടിനെ രാജ്യത്തു മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇസ്‌ലാം-ക്രിസ്ത്യന്‍ മതങ്ങളും ഉത്തരേന്ത്യയില്‍ സിക്ക് മതവും വര്‍ണ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ രാജ്യത്തു ബഹുജനങ്ങള്‍ക്ക് കരുത്ത് നല്‍കി. മത പരിവര്‍ത്തനം രാജ്യത്തിന്റെ പല ഭാഗത്തും സംവാദ വിഷയമായി. ഈ സാഹചര്യത്തിലാണ് ചിത്പാവന്‍ ബ്രാഹ്മണര്‍ പ്രത്യേകം സംഘടിച്ചു ഹിന്ദുരാഷ്ട്ര പുനര്‍നിര്‍മിതിയെന്ന ആശയത്തിനും പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയത്. ബ്രാഹ്മണ മതത്തില്‍ നിന്നും അസ്പൃശ്യര്‍ക്ക് നീതി കിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് അംബേദ്കര്‍ ബുദ്ധ മതം സ്വീകരിച്ചത്.


സ്വതന്ത്ര ഇന്ത്യ മനുസ്മൃതിക്ക് പകരം ആധുനിക ഭരണഘടന രാജ്യത്തിന്റെ നിയമ സംഹിതയായി സ്വീകരിച്ചത് ബഹുവിധ അന്വേഷണങ്ങളും പഠനങ്ങളും അപഗ്രഥനങ്ങളും നടത്തിയ ശേഷമാണ്. വിചാര ധാരയില്‍ ഉടനീളം വൈദേശികം സമം ശത്രു എന്ന സമീപനമാണ് വികസിപ്പിക്കുന്നത്. നാസി പ്രത്യയ ശാസ്ത്രം രൂപപ്പെടുന്നതിന് മുന്‍പ് തന്നെ രക്ത ശുദ്ധി സങ്കല്‍പ്പം മനുസ്മൃതിയെ പിന്തുടര്‍ന്ന് ഗോള്‍വാള്‍ക്കര്‍ വികസിപ്പിക്കുന്നുണ്ട്. അടഞ്ഞ വര്‍ണ ജാതി വ്യവസ്ഥയില്‍ മാത്രമേ രക്ത ശുദ്ധിക്ക് പ്രസക്തിയുണ്ടാവൂ. അവിടെയും കുറിയേടത്ത് താത്രിമാര്‍ ഉണ്ടായതും കറുത്ത ഭട്ടതിരിമാര്‍ വീടുകള്‍ കയറിയതും ചരിത്രത്തിന്റെ ഭാഗമാണ്.

സംഘ്പരിവാര്‍ ഭരണം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടുകൂടി ഇന്ത്യന്‍ ഭരണഘടനയെ നീര്‍വീര്യമാക്കും വിധത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ എല്ലാ തലങ്ങളിലും നടപ്പാക്കുവാന്‍ ആരംഭിച്ചിരിക്കയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ആഴ ഘടനയായി ഒളിഞ്ഞു നിന്ന ബ്രാഹ്മണ്യവും അപര വിദ്വേഷവും ഉപരിതലത്തിലേക്ക് നിയമ സാധുതയോട് കൂടി പൊങ്ങി വരികയാണ്. പുതിയ വിദ്യാഭ്യാസ നയവും സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ആ ദിശയില്‍ നീങ്ങി തുടങ്ങി. അപര വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടും വംശഹത്യകളെ പിന്തുണച്ചും അധികാരത്തില്‍ വരുമ്പോള്‍ ഇതില്‍ കവിഞ്ഞു എന്തു നീതിയാണ് പ്രതീക്ഷിക്കേണ്ടത്. ബുദ്ധനു ശേഷവും രണ്ടായിരം വര്‍ഷമെങ്കിലും വര്‍ണ ജാതി വ്യവസ്ഥയില്‍ കൊരുത്ത് അടിമ ജീവിതം സാധ്യമാക്കാന്‍ മനുവിന് സാധിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ വിചാര ധാരയില്‍ മനു ഏറ്റവും മഹാന്‍ എന്നു വിശേഷിപ്പിക്കുന്നത് ബ്രാഹ്മണ്യത്തെ സംബന്ധിച്ചു ശരിയുമാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഈ കേരളത്തിലാണല്ലോ നാരായണ ഗുരു 'നമുക്ക് സന്യാസം തന്നത് അവരല്ലേ?' എന്നു യൂറോപ്യന്‍മാരെ ചൂണ്ടി പറഞ്ഞത്. ആത്മീയവും ഭൗതീകവുമായ അടിമത്തം ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ അടിത്തറയാണ്.


ബ്രാഹ്മണ്യത്തെ പിന്തുടരാത്ത സമുദായങ്ങളെയും അവരുടെ ദര്‍ശനങ്ങളെയും ഉന്മൂലനം ചെയ്‌തോ ദുര്‍ബലമാക്കിയോ മാത്രമേ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ മതകീയ ഔന്നത്യം ഇവിടെ വീണ്ടെടുക്കാന്‍ കഴിയൂ എന്നത് വിചാരധാര കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ശത്രുക്കള്‍, മുഖ്യമായി മുസ്‌ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സമുദായങ്ങളുമാണ്. കാരണം, ഇവ മൂന്നും വര്‍ണ ജാതി അസമത്വം നിയമമായി സ്വീകരിക്കുന്ന വിഭാഗങ്ങളല്ല. വര്‍ണ ജാതി അസമത്വം നിയമമായി അംഗീകരിക്കാന്‍ ഹിന്ദു മുദ്രണം കിട്ടുന്ന എല്ലാ സമുദായങ്ങളും മതാധികാര വ്യവസ്ഥയില്‍ ബാധ്യസ്ഥരായി തീരും. വി.ടി ഭട്ടതിരിപ്പാടും ഇ.എം.എസ്സും പൊട്ടിച്ചെറിഞ്ഞ പൂണൂല്‍ എന്ന ആത്മീയവും ഭൗതീകവുമായ അധികാരം തിരിച്ചു വരികയാണ്. ഈ തിരിച്ചു വരവ് മണിപ്പൂരില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരില്‍ കാണാന്‍ എനിക്കു സാധിച്ചിരുന്നു. ഇപ്പോള്‍ മണിപ്പൂരിലുണ്ടാവുന്ന ഉന്‍മൂലനങ്ങള്‍ യാദൃച്ഛികമോ, ഗോത്ര സ്പര്‍ദയോ അല്ലെന്ന് തിരിച്ചറിയണം. മണിപ്പൂരിലെ ക്രിസ്ത്യന്‍ വംശഹത്യയും സംഘ്പരിവര്‍ ആഹ്വാനം ചെയ്ത ഘര്‍ വാപ്പസിയും, ലൗജിഹാദുമായി ബന്ധപ്പെട്ട കെട്ടുകഥകളും ഈ പശ്ചാത്തലത്തില്‍ വേണം സമീപിക്കാന്‍.

ജാതി വ്യവസ്ഥയില്‍ അന്തര്‍ലീനമായ അടിമ മനോഭാവം ഉപേക്ഷിച്ചു ആത്മബോധത്തോടെ ബഹുജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പപ്പടം പൊടിയുന്ന പോലെ പൊടിഞ്ഞു പോകുന്നതാണ് ആധുനിക ലോകത്ത് ബ്രാഹ്മണ്യം. കാരണം, കാലത്തോടോ പുതിയ ലോകത്തോടോ പൊരുത്തപ്പെടാന്‍ കഴിയാത്ത കുളത്തിലെ തവളകളാണ് മനുവിന്റെ ഇന്നത്തെ വ്യാഖ്യാതാക്കള്‍. തീര്‍ച്ചയായും വരും കാലം ആത്മ ബോധമുള്ള മനുഷ്യരുടെ ഉയിര്‍പ്പിന്റെറയും പ്രതിരോധത്തിന്റെയും കാലം കൂടിയായിരിക്കും. ബഹുജനങ്ങളുടെ തിരിച്ചറിവും പ്രതിരോധവും ഏത് അപരിഷ്‌കൃത നിയമത്തെയും കാറ്റില്‍ പറത്താന്‍ പര്യാപ്തമാണ്.

ബ്രാഹ്മണ്യ ശുദ്ധി/അശുദ്ധി അംഗീകരിക്കുന്ന ഒരു കീഴാള സമൂഹ ഘടനക്കുമേല്‍ വര്‍ണ വരേണ്യ ന്യൂനപക്ഷങ്ങളുടെ അധികാര വ്യവവസ്ഥ പുനസ്ഥാപിക്കുകയാണ് ആര്‍.എസ്.എസ് പൗരത്വ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ദേശവിരുദ്ധ ശത്രുക്കളായി മുദ്രകുത്തപ്പെട്ട് തടവിലിട്ടും കൂട്ടക്കൊലകള്‍ നടത്തിയും നീര്‍വീര്യമാക്കിയാല്‍ അവശേഷിക്കുക പഴയ വര്‍ണ ജാതിവ്യവസ്ഥയും അടിമ ഉടമ ബന്ധവും ആയിരിക്കും. ചോദ്യം ചെയ്യപ്പെടാത്ത ഹത്രാസുകളായി ഇന്ത്യന്‍ ഗ്രാമങ്ങളെ പരിവര്‍ത്തിപ്പിക്കമെന്ന വ്യാമോഹമാണ് ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. ഫലത്തില്‍ ഒരു സമ്പൂര്‍ണ തിരിച്ചു പൊക്കാണ് ലക്ഷ്യമിടുന്നതെങ്കിലും ചരിത്രം നമ്മോടു മറ്റ് ചിലത് പറയുന്നുണ്ട്. ഇതിനേക്കാള്‍ നിഷ്ഠൂരമായ ഇരുണ്ട കാലത്തും മനുഷ്യര്‍ ചെറുത്തു നില്‍പ്പ് വികസിപ്പിച്ചിട്ടുണ്ട്. ജാതി വ്യവസ്ഥയില്‍ അന്തര്‍ലീനമായ അടിമ മനോഭാവം ഉപേക്ഷിച്ചു ആത്മബോധത്തോടെ ബഹുജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പപ്പടം പൊടിയുന്ന പോലെ പൊടിഞ്ഞു പോകുന്നതാണ് ആധുനിക ലോകത്ത് ബ്രാഹ്മണ്യം. കാരണം, കാലത്തോടോ പുതിയ ലോകത്തോടോ പൊരുത്തപ്പെടാന്‍ കഴിയാത്ത കുളത്തിലെ തവളകളാണ് മനുവിന്റെ ഇന്നത്തെ വ്യാഖ്യാതാക്കള്‍. തീര്‍ച്ചയായും വരും കാലം ആത്മ ബോധമുള്ള മനുഷ്യരുടെ ഉയിര്‍പ്പിന്റെറയും പ്രതിരോധത്തിന്റെയും കാലം കൂടിയായിരിക്കും. ബഹുജനങ്ങളുടെ തിരിച്ചറിവും പ്രതിരോധവും ഏത് അപരിഷ്‌കൃത നിയമത്തെയും കാറ്റില്‍ പറത്താന്‍ പര്യാപ്തമാണ്.



TAGS :