ദിലീപ്, വിജയ് ബാബു, രാഹുല്‍ ഈശ്വര്‍: അക്രമികളും, അനുകൂലികളുടെ പ്രിവിലേജും
രാഹുല്‍ ഈശ്വറും നടന്‍മാര്‍ ആയ ദിലീപ്, വിജയ് ബാബു എന്നിവരും ചെയ്യുന്ന പ്രവര്‍ത്തികളുടെ ആന്തരിക ഊര്‍ജം ഉണ്ടായിവരുന്നത് ഒരേയിടത്ത് നിന്നാണ്. അതായത് അക്രമിയും, അക്രമിയുടെ ന്യായീകരണ പ്രതിനിധിയും ചെയ്യുന്നത് ഒരേ നിലയിലുള്ള വയലന്‍സ് ആണ്.
സമകാലീന കേരളത്തില്‍ കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കാണ് 'മീറ്റൂ'(Meetoo) എന്നത്. സിസ്-ഹെറ്ററോ പുരുഷന്മാര്‍ തങ്ങളുടെ ആല്‍ഫ മേലിസവും, ടോക്‌സിക്ക് പുരുഷാധിപത്യവും ഉപയോഗപ്പെടുത്തി സ്ത്രീകളോടും മറ്റ് ദുര്‍ബല (Vulnerable) വിഭാഗങ്ങളോടും നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള തുറന്ന് പറച്ചിലുകളും , തുറന്നെഴുതുകളുമാണ് മീറ്റൂ മുന്നേറ്റത്തിലൂടെ സംഭവിക്കുന്നത്. സ്ത്രീകളും മറ്റും നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും, പീഡകനായ/പീഢകയായ വ്യക്തിക്ക് വീണ്ടും സാമൂഹിക ഇടം ലഭിക്കുന്നതുമായ സാംസ്‌കാരികതയാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്തരം അനീതികള്‍ക്കും, നീതിയുക്തമല്ലാത്ത സാമൂഹികവ്യവസ്ഥിതിയ്ക്കും എതിരായിട്ടുള്ള സാംസ്‌കാരിക-സാമൂഹിക വിപ്ലവ പ്രവര്‍ത്തനമായിട്ട് മീറ്റൂ മുന്നേറ്റം മാറിയിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ അടുത്തിടയ്ക്ക് രണ്ട് നടന്മാരെക്കുറിച്ച് മീറ്റൂ വരുന്നത്.
മീറ്റൂ മുന്നേറ്റമെന്നത്, ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമായി തന്നെ വികസിച്ചു വന്ന ഒന്നാണ്. ഫെമിനിസം പാട്രിയാര്‍ക്കിയ്ക്ക് എതിരായുള്ള പോരാട്ടവും, പ്രവര്‍ത്തനവും, പ്രത്യയശാസ്ത്രവുമായിരിക്കെ പുരുഷാധിപത്യ സമൂഹത്തിന്റെ വക്താക്കളായ പുരുഷന്മാരും ഏതാനും മറ്റ് വിഭാഗങ്ങളും മീറ്റൂ അതിജീവിതമാര്‍ക്ക് എതിരായി ആക്രമണം അഴിച്ചുവിടുന്ന കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയകളില്‍ കണ്ടത്. പുരുഷന് എല്ലാവിധ വിശേഷാധികാരവുമുള്ള സമൂഹത്തില്‍ അവനെ ഏതുവിധേനയും ന്യായീകരിക്കണം എന്ന ഉദ്ദേശത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനത്തിന് പിന്നില്‍ പുരുഷാധിപത്യത്തിനോടൊപ്പം ജാതിയുടെ വലിയ പ്രവര്‍ത്തനവും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജാതിയും ലിംഗവിവേചനവും പരസ്പര സഹായികളായിട്ടാണ് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയെ ബ്രാഹ്‌മണിക്കല്‍ മര്‍ദക രൂപമായിട്ട് നിലനിര്‍ത്തുന്നത് എന്ന് ഡോ.ബി ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ടല്ലോ. അതുകൊണ്ടാണ് 'ആര്യ ബ്രാഹ്‌മണ സവര്‍ണ രാഷ്ട്രീയത്തിന്റെ 'വക്താവ് ആയ രാഹുല്‍ ഈശ്വര്‍ വളരെ കൃത്യമായി ഇത്തരം വിഷയങ്ങളില്‍ അനീതിപൂര്‍ണമായ ഇടപെടലുകള്‍ നടത്തുന്നത്.
രാഹുല്‍ ഈശ്വറും നടന്‍മാര്‍ ആയ ദിലീപ്, വിജയ് ബാബു എന്നിവരും ചെയ്യുന്ന പ്രവര്‍ത്തികളുടെ ആന്തരിക ഊര്‍ജം ഉണ്ടായിവരുന്നത് ഒരേയിടത്ത് നിന്നാണ്. അതായത് അക്രമിയും, അക്രമിയുടെ ന്യായീകരണ പ്രതിനിധിയും ചെയ്യുന്നത് ഒരേ നിലയിലുള്ള വയലന്‍സ് ആണ്. അങ്ങനെ വയലന്‍സ് പ്രവര്‍ത്തിക്കാനും ഇത്തരത്തില്‍ പ്രതികരിക്കാനുമുള്ള സാമൂഹിക ധാര്‍ഷ്ട്യം ഉണ്ടായിവരുന്നത് കൃത്യമായും ബ്രാഹ്‌മണിസത്തില്‍ നിന്നുതന്നെയാണ്. കുറച്ചുകൂടി വിശദമായി സമീപിക്കുകയാണെങ്കില്‍ വ്യക്തമാവുമെന്ന് തോന്നുന്നു. അതായത് നമ്മുടെ സമൂഹത്തിന്റെ (അ) സ്വാഭാവിക ചലനം ജാതിയിലും ജന്‍ഡറിലും അധിഷ്ഠിതമായിട്ടാണല്ലോ നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചരിത്രസിദ്ധമായ ഊര്‍ജം (സാംസ്‌കാരികമായി നിര്‍മിച്ചെടുത്ത) സവര്‍ണ്ണസാമൂഹിക വര്‍ഗ്ഗങ്ങളില്‍ പെടുന്ന വ്യക്തികള്‍ക്ക് (പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്) സര്‍ഗാത്മകമായതും, സാമൂഹികമായതുമായ ഒരു അധികാരം നല്‍കുന്നുണ്ട്. ഈ മൂലധനവും (capital) അധികാരവും പേറുന്ന വ്യക്തിശരീരങ്ങള്‍ക്ക് പ്രായോഗികനിലയില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു ചരിത്രാവബോധം (ചരിത്രത്തിലുടനീളം എങ്ങനെ അധികാരം കയ്യാളി എന്ന അറിവ്) കൂടെയുണ്ടാവും. അതിനെ 'ശാരീരം'(habitus) എന്ന് വിളിക്കാം. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ വ്യക്തി നേടിയെടുക്കുന്ന പ്രായോഗിക ബുദ്ധിയാണ് ശാരീരം എന്നാണ് പിയര്‍ ബോര്‍ദ്യു പറയുന്നതെങ്കിലും, ശാരീരം ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യക്തി അവന്റെ ജാതിയില്‍നിന്ന് ആര്‍ജിച്ചെടുക്കുന്ന മൂലധനപ്രയോഗമായി വിലയിരുത്താം. മലയാള സിനിമ എന്ന 'ഒപ്പ്രെസ്സര്‍ കാസ്റ്റ്' ജാതി കോളനിക്ക് ഉള്ളില്‍ ദിലീപിനും, വിജയ് ബാബുവിനും അധികാരരൂപങ്ങളായി നിലനില്‍ക്കാനും സംഘടനയുടെ ഡിസിഷന്‍ മേക്കിങ്ങില്‍ ഇടംപിടിക്കാനും സ്വാധീനിക്കാനും സാധിക്കുന്നതും ഇങ്ങനെയാണ്.
മലയാളസിനിമയിലെ ഈ ജാതി അധികാരരൂപങ്ങളെ കുറിച്ച് മുന്‍പ് മലയാള സിനിമയിലെ തന്നെ നടന്മാരായ തിലകനും, ജഗതിയും പറഞ്ഞത് നമ്മുടെ മുമ്പില്‍ ഉണ്ടല്ലോ. 'ഒരു നായര്‍-സവര്‍ണ്ണ ലോബി തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്' എന്ന് തിലകന്‍ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. അതേപോലെ തന്നെയാണ് പ്രതീകാത്മക ഹിംസ (Symbolic Violence) എന്ന നിലയില്‍ പുരുഷാധിപത്യവും മലയാള സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് വളരെയെളുപ്പത്തില്‍ തന്നെ അതിജീവിതയെ സിനിമയ്ക്കുള്ളില്‍നിന്ന് പുറംതള്ളി, ദിലീപിന് പണ്ടത്തേക്കാള്‍ കരുത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നതും വിജയ് ബാബുവിന് സിനിമ സംഘടനയ്ക്കും മേഖലയ്ക്കും ഇത്രമാത്രം പ്രിയപ്പെട്ടത് ആവുന്നതും.
ഈ പുരുഷാധിപത്യവും ജാതിയും പരസ്പര സഹായികളായിട്ടാണ് നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്നത് എന്ന് പറഞ്ഞല്ലോ. എന്നാല്‍, അത് ചില സമയം ഒന്നായി ചേര്‍ന്നതായും നമുക്ക് കാണാന്‍ സാധിക്കും. അതായത്, സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെ സ്വഭാവം ഒരു ജാതിയുടെ നിലയിലാണ് എന്നാണ് പറഞ്ഞു വരുന്നത്. സ്ത്രീകളെ ഒരു 'താഴ്ന്ന' ജാതിയായിക്കൂടിയാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് ചട്ടമ്പി സ്വാമികള്‍ ബ്രാഹ്‌മണിക്കല്‍ വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ ശൂദ്രര്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കുന്നത്. രണ്ടിനും ഒരേ ജാതീയ സ്ഥാനമാണ് കല്‍പിക്കപ്പെട്ടിരുന്നത്. (ഇതില്‍ ദലിത്-പിന്നോക്ക സ്ത്രീകളും വിഭാഗങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്നത് മറ്റൊരു കാര്യമാണ്). അതേപോലെ, തങ്ങളുടെ കര്‍മങ്ങളില്‍ നിന്ന് സ്ത്രീകളുടെയും കീഴ്ജാതിക്കാരുടെയും വ്യതിചലനം ലോകത്തിന്റെ തന്നെ സമ്പൂര്‍ണ്ണ പതനത്തിന് വഴിവെക്കുമെന്നും, ആ കാലഘട്ടമാണ് കലിയുഗമെന്നുമാണ് ബ്രാഹ്‌മണവീക്ഷണം എന്ന് ചരിത്രകാരി ഉമ ചക്രവര്‍ത്തി പറയുന്നതും സ്ത്രീകളുടെ ജാതീയ സ്ഥാനം കൂടി മനസ്സിലാക്കി തരുന്നതാണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ഒരേസമയം ലിംഗപരവും ജാതിപരവുമാവുന്നത്.
രാഹുല്‍ ഈശ്വര്‍ എന്ന മര്‍ദ്ദക സ്വരൂപം
രാഹുല്‍ ഈശ്വര്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജാതി ശാരീരത്തിന്റെ (Habitus) ഉത്തമ പ്രയോക്താവാണ്. അയാളെന്ന ആര്യ ബ്രാഹ്‌മണന്‍ തന്റെ സാമൂഹിക-സാംസ്‌കാരിക-ലിംഗപരമായ വിശേഷാധികാരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന സ്വീകാര്യത സാമൂഹിക ജനാധിപത്യത്തെയും, ലിംഗനീതിയെയും പിറകോട്ടടിക്കുന്ന സ്വഭാവത്തിലുള്ളവയാണെന്ന് പറയാതിരിക്കാനാവില്ല. ഇത്തരത്തില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ളില്‍ തനിക്ക് ലഭിക്കുന്ന വിശേഷാധികാരവും ഒപ്പം ശാരീരവും ഉപയോഗപ്പെടുത്തി ബ്രാഹ്‌മണിസത്തെ കാലാനുസൃതമായി വ്യാഖ്യാനിക്കുന്ന കര്‍ത്തവ്യമാണ് രാഹുല്‍ മീഡിയകളിലും, ചര്‍ച്ചകളിലും ചെയ്യുന്നത്. ഇങ്ങനെ സാഹചര്യത്തിന് ഇണങ്ങുന്ന തരത്തില്‍ ഉചിതമായി സംസാരിക്കാനും, പ്രയോഗത്തിലെ ശരി തെറ്റുകള്‍ തീരുമാനിക്കാനും പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മിക്കാനുമുള്ള ഒരു ഭാഷാവൈഭവം ശാരീരത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. ഈ ഭാഷാവൈഭവം നോം ചോംസ്‌കി വിവരിക്കുന്ന പോലെ ഭാഷകന്റെ നൈപുണിയല്ല എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. മറിച്ച് ഈ വ്യവസ്ഥയ്ക്കുള്ളില്‍ അയാളുടെ ജാതിപരമായ ഇടമാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടാണ് തരം പോലെ നിലപാടും, സ്വരവും, ശബ്ദവും മാറുമ്പോഴും കേരളസമുഹം രാഹുലിനെ കേള്‍ക്കാന്‍ തയ്യാറാവുന്നത്.
ദിലീപ് വിഷയത്തിന്മേല്‍ രാഹുല്‍ ഈശ്വറും, സാമൂഹികശാസ്ത്ര ഗവേഷകനായ ദിനു വെയിലും തമ്മിലുണ്ടായ മാധ്യമ ചര്‍ച്ച ശ്രദ്ധിക്കുമ്പോള്‍ എപ്രകാരമാണ് രാഹുല്‍ തന്റെ സ്ഥാനം സ്വത്വത്തില്‍നിന്ന് സ്വതമില്ലായ്മയിലേക്കും തിരിച്ചും മാറ്റുന്നത് എന്ന് കാണാം. ദിനു വെയില്‍ താനൊരു 'ദലിത്' ആണെന്ന് പറയുമ്പോള്‍ ജാതി കാര്‍ഡ് ഇറക്കുന്നു എന്ന് രാഹുല്‍ ആക്രോശിക്കുന്നത് ഇപ്രകാരമാണ്. വിഷയത്തിന്‍മേലുള്ള വീക്ഷണത്തിലെ സോഷ്യോളജിക്കല്‍ അപ്പ്രോച്ച് പറയാന്‍ ശ്രമിക്കുന്ന ദിനുവിനുമേല്‍ കടന്നുകയറാന്‍ രാഹുലിന് സാധിക്കുന്നത് അയാളുടെ സാംസ്‌കാരിക മൂലധനം മൂലമാണ്. ഇത് നേരത്തെ പറഞ്ഞ ജാതിയിടത്തിന്റെ വിശേഷാധികാരത്തില്‍പ്പെടുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ സാംസ്‌കാരികമായി ഹിന്ദുത്വത്തില്‍ നിലനില്‍ക്കുന്ന സമൂഹത്തിന് രാഹുല്‍ ശരിയാണെന്ന തോന്നലും ഉടലെടുക്കുന്നു. രാഹുലിന്റെ ആ നാടകീയ പരിശ്രമത്തിന് പിന്നിലുള്ള കാര്യം വളരെ കൃത്യമായും ജാതിയാണ്. രാഹുലിന് സ്വമേധയാ തന്നെ ദിലീപിന്റെയും, വിജയ് ബാബുവിന്റെയും അനുകൂലിയായി വരാന്‍ സാധിക്കുന്നത് സമാന സവര്‍ണ അഭിരുചികളോട് ഉള്ള വര്‍ഗബോധമാണെന്ന് ദിനുവിന്റെ പോയിന്റിലൂടെ തെളിയാതിരിക്കാന്‍ തന്നെയായിരുന്നു ഇദ്ദേഹം ശ്രമിച്ചത്.
രാഹുലിന് ഏത് മനുഷ്യരോടും ഇപ്രകാരം ആക്രോശിക്കാനും കയര്‍ത്തു സംസാരിക്കാനും സാധിക്കുന്നതും, ദിലീപിന് പൊലീസുകാരനെ കൊല്ലുമെന്ന് പറയാന്‍ സാധിക്കുന്നതും, വിജയ് ബാബുവിന് സോഷ്യല്‍ മീഡിയയില്‍ വന്ന് അധികാരസ്വരം ഉയര്‍ത്താന്‍ സാധിക്കുന്നതും മൂന്നുപേര്‍ക്കും ലഭിക്കുന്ന പ്രതീകാത്മക അധികാരത്തിന്റെ (Symbolic Power) ഭാഗമായിട്ടാണെന്ന് പറഞ്ഞല്ലോ. ഇത്തരത്തില്‍ ജാതി ശാരീരം ഇവരില്‍ ഹിംസാത്മകമായ ഒരു കര്‍ത്തൃത്വരൂപീകരണം നടത്തുന്നുണ്ട്. അതായത്, ഇവരൊരുത്തരും വ്യക്തിശരീരങ്ങള്‍ എന്ന നിലയില്‍ പുരുഷനായി നിലനില്‍ക്കുകയും, ഹാബിറ്റസ് ഇവരില്‍ ജാതികേന്ദ്രീകൃത രണ്ടാം വ്യക്തിശരീരമായി രൂപപ്പെടുകയും ചെയ്യുന്നു. ഈ രണ്ടാം ശരീരത്തിനുള്ളിലാവും കുടുംബചരിത്രവും, ജാതിചരിത്രവും ആലേഖനം ചെയ്തിട്ടുണ്ടാവുക. അങ്ങനെയാണ് ഒരു വ്യക്തി എന്ന നിലയില്‍ രാഹുല്‍ ഈശ്വറും, ദിലീപും, വിജയ് ബാബുവും ഒരു ബ്രാഹ്‌മണിക്കല്‍ മര്‍ദക രൂപമായി തന്നെ മാറുന്നത്.
കേരളത്തില്‍ ഇന്ന് ശക്തമായി പ്രവര്‍ത്തിക്കുകയും, രാഷ്ട്രീയമായി വികസിക്കുകയും ചെയ്യുന്ന ഫെമിനിസവും, അംബേദ്കറിസവുമൊക്കെ ഇത്തരം മര്‍ദക രൂപത്തിനോടുള്ള നിരന്തര കലഹമാണ് നടത്തുന്നത്. സാമൂഹിക ജനാധിപത്യവും നീതിയും ഉറപ്പുവരുത്തേണ്ടത് എല്ലാ മനുഷ്യരുടെയും ആവശ്യമാവുന്നതുകൊണ്ട് തന്നെ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ടതും, ആക്രമങ്ങളെ എതിര്‍ക്കേണ്ടതും പൗരധര്‍മവും കൂടിയാണ്. മീറ്റൂ പ്രസ്ഥാനത്തെയും അപ്രകാരമാണ് മനസ്സിലാക്കേണ്ടത്. അനീതികളെയും അക്രമങ്ങളെയും എതിരിടാതെ മറികടക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട് തന്നെ ചോദ്യം ചെയ്യേണ്ടതും തുറന്നുകാട്ടേണ്ടതും അനിവാര്യതയാണ്. വ്യക്തിയും സമൂഹവും പരിണമിക്കേണ്ടതിനാല്‍ മീറ്റൂ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യട്ടെ.