ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും - ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഈ രംഗത്തേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢ ഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 10)
മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ഡോ. ടി.എസ് ശ്യാംകുമാറിന്റെ ലേഖനപരമ്പരയാണ് രാമായണ സ്വരങ്ങള്‍. പ്രസിദ്ധീകരിച്ച് ഏറെ കഴിയുംമുമ്പ് ഈ പംക്തിക്കെതിരേ ഹിന്ദുത്വശക്തികള്‍ രംഗത്തുവന്നു. ലേഖനപരമ്പര ഹിന്ദുവിരുദ്ധമാണെന്നായിരുന്നു അവരുടെ ആരോപണം. ഹിന്ദുക്കളെയും ആരാധനാമൂര്‍ത്തിയായ രാമനെയും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, ഉപാധ്യക്ഷന്‍ ആര്‍.വി ബാബു, ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഗോപാലകൃഷ്ണന്റെ ഭീഷണി. (ജൂലൈ 21, 2024, ഫോര്‍ത്ത് ന്യൂസ്). രാമായണം വിമര്‍ശനത്തിനതീതമല്ലെന്നും എന്നാല്‍, രാമായണമാസം തന്നെ അത് വേണമോയെന്നാണ് കെ.പി ശശികലയുടെ ചോദ്യം. റമദാന്‍ മാസം ഖുര്‍ആനെ വിമര്‍ശിക്കാനും ആളെക്കിട്ടുമെന്ന ഭീഷണിയും അവരുടെ കുറിപ്പിലുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള പത്രം മനപൂര്‍വം ഹിന്ദുക്കളെ അവഹേളിക്കുന്നതിനായി ശ്യാംകുമാറിനെ വിലക്കെടുത്തിരിക്കുകയാണെന്ന് ആര്‍.വി ബാബു ആരോപിക്കുന്നു. (ജൂലൈ 21, 2024, ഫോര്‍ത്ത് ന്യൂസ്).
പംക്തി ഭഗവാന്‍ ശ്രീരാമചന്ദ്രനെയും ആദികവി വാത്മീകിയെയും ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനെയും അധിക്ഷേപിക്കുന്നതാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ഉടമസ്ഥതയിലുള്ള ദിനപത്രം രാമായണ പംക്തിയിലൂടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും കലാപത്തിന് അവസരം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദിക്ക് പരാതിയുണ്ട്. പംക്തി പിന്‍വലിച്ച് മാധ്യമം ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. പത്രത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്ന ഭീഷണിയും ഹിന്ദു ഐക്യവേദി ഉയര്‍ത്തിയിട്ടുണ്ട്. (ജനം ടി.വി, ജൂലൈ 22, 2024).
എല്ലാ ആരോപണങ്ങളെയും ശ്യാംകുമാര്‍ നിഷേധിച്ചു. അംബേദ്ക്കറെ പിന്തുടരുകയാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം: ''ഹിന്ദുക്കളെയും രാമനെയും അവഹേളിക്കുന്നു എന്ന് മാത്രമാണ് വിമര്‍ശകര്‍ പറയുന്നത്. കൃത്യമായി വാല്മീകി രാമായണത്തിലെയും എഴുത്തച്ഛന്‍ രാമായണത്തിലെയും ഭാഗങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് എഴുതിയ ലേഖന പരമ്പരയെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. വിമര്‍ശനം ഉന്നയിക്കുന്നവരാരും താന്‍ ഉദ്ധരിച്ച വരികളോ ശ്ലോകങ്ങളോ തെറ്റാണെന്നോ അതിനെ അങ്ങനെയല്ല വ്യാഖ്യാനിക്കേണ്ടത് എന്നോ പറഞ്ഞിട്ടില്ല.'' ശ്യാംകുമാര്‍ പറയുന്നു. (ജൂലൈ 21, 2024, ഫോര്‍ത്ത് ന്യൂസ്).
ശ്യാം കുമാറിനെതിരേ നടന്ന ആക്രമണത്തില്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. ഒരു വിഭാഗം അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചു. അതിനേക്കാള്‍ കൂടുതല്‍ മാധ്യമത്തെ ആക്രമിച്ചു. ഒരു ഘട്ടത്തില്‍ ആക്രമണകാരികള്‍ ലക്ഷ്യമിട്ടത് മാധ്യമത്തിനെതിരേയാണെന്നുപോലും തോന്നി. സംഘ്പരിവാര്‍ ശക്തികളാണ് ഈ നിലപാട് വച്ചുപുലര്‍ത്തിയത്.
മറ്റൊരു വിഭാഗം ശ്യാം കുമാറിന് ഒപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്തവരാണ്. അവരില്‍ത്തന്നെ വിവിധ വിഭാഗങ്ങളുണ്ട്. ചിലര്‍ ശ്യാംകുമാറിന് നിരുപാധിക പിന്തുണ നല്‍കി. പക്ഷേ, മാധ്യമത്തിനു നേരെ നടന്ന ആക്രമണത്തെ പ്രതിരോധിച്ചില്ലെന്നു മാത്രമല്ല, കണ്ടതായി പോലും നടിച്ചില്ല. മറ്റു ചിലര്‍ ശ്യാംകുമാറിനെ പിന്തുണച്ചു മാധ്യമത്തെ കുത്തിത്തിരുപ്പുകാരായി കുറ്റപ്പെടുത്തി. വേറെയും ചിലര്‍ ശ്യാംകുമാറിനെ പിന്തുണച്ചെങ്കിലും അദ്ദേഹത്തെ മുസ്‌ലിം പത്രത്തിന്റെ കെണിയില്‍ വീണയാളായി ശിശുവത്കരിച്ചു. പൊതുവെ മതേതര-ഇടതുപക്ഷ വിഭാഗങ്ങള്‍ ഈ വിഭാഗക്കാരായിരുന്നു. യുക്തിവാദികളായ ചിലരാകട്ടെ ശ്യാംകുമാറിനു പിന്തുണപ്രഖ്യാപിക്കുമ്പോഴും മാധ്യമത്തില്‍ എഴുതുന്നത് ലക്ഷ്യത്തിന് ഉപകാരപ്പെടുകയില്ലെന്ന് അഭിപ്രായപ്പെട്ടു.
മറ്റൊരു വിഭാഗം ശ്യാംകുമാറിനൊപ്പം നില്‍ക്കുകയും മാധ്യമത്തെ പിന്തുണയ്ക്കുകയും ചെയ്തവരാണ്. അവരില്‍ത്തന്നെ വിവിധ വിഭാഗക്കാരുണ്ട്. ഒരു വിഭാഗം ശ്യാംകുമാറിന് എഴുതാനും മാധ്യമത്തിന് പ്രിസിദ്ധീകരിക്കാനും അവകാശമുണ്ടെന്ന പക്ഷത്തായിരുന്നു. അവരുടേത് നിരുപാധിക പിന്തുണയായിരുന്നു. മറ്റൊരു വിഭാഗം ഒരേസമയം ശ്യാംകുമാറിനെയും മാധ്യമത്തെയും പിന്തുണയ്ക്കുമ്പോഴും മാധ്യമം ഈ ലേഖനം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന അഭിപ്രായക്കാരായിരുന്നു. കീഴാള-മുസ്‌ലിംപക്ഷത്തുനിന്നുള്ളവരോ ഇസ്‌ലാമോഫോബിക് ബലതന്ത്രങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തുന്നവരോ ആയിരുന്നു ഈ വിഭാഗത്തിലുള്ളവര്‍. ഓരോ വിഭാഗത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെങ്കില്‍ മുസ് ലിംവിരുദ്ധ വംശീയതയില്‍ അധിഷ്ഠിതമായ ഇസ്ലാമോഫോബിയയുടെ വൈവിധ്യങ്ങള്‍ ദൃശ്യമാകും.
സംഘ്പരിവാര്‍ വംശീയത:
ഖുര്‍ആനെ വിമര്‍ശിക്കുമ്പോള്‍ മോങ്ങരുത്: മാധ്യമം, മാധ്യമ ധര്‍മം മറക്കുന്നുവോ? എന്ന ചോദ്യത്തോടെയാണ് ശശികല ടീച്ചര്‍ പ്രതികരിച്ചത്. ഖുര്‍ആനെ വിമര്‍ശിക്കുമ്പോള്‍ മോങ്ങരുതെന്നും അവര്‍ മുന്നറിയിപ്പുനല്‍കി: രാമായണം വിമര്‍ശനാതീതമല്ല. നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷേ, ഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം രാമായണം പാരായണം ചെയ്യുന്ന രാമായണമാസമായ കര്‍ക്കടകത്തില്‍ തന്നെ അതു വേണോ? റംസാന്‍ മാസത്തില്‍ ഖുറാന്‍ വിമര്‍ശിക്കാന്‍ എഴുത്തുകാരെ എല്ലാവര്‍ക്കും കിട്ടും. അപ്പോ കിടന്നു മോങ്ങരുത്. മര്യാദ വണ്‍വേയല്ല എന്ന് ജമായത്തേ ഇസ്‌ലാമി മനസ്സിലാക്കിയാല്‍ നന്ന്. (എഫ്.ബി, ജൂലൈ 20, 2024)
ശ്യാംകുമാര്‍ വ്യാജന്‍, മാധ്യമം തീവ്രവാദിപത്രം: ആര്‍.വി ബാബു:
ശ്യാംകുമാറിനെതിരേ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടു തുടങ്ങിയ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ അധിക്ഷേപം മാധ്യമത്തെ പ്രതിക്കൂട്ടിലാക്കിയാണ് അവസാനിപ്പിച്ചത്. ശ്യാംകുമാര്‍ വ്യാജനാണ്, മാധ്യമം എന്ന തീവ്രമുസ്‌ലിംപത്രം അദ്ദേഹത്തെ വിലക്കെടുത്തു തുടങ്ങിയ ആക്ഷേപങ്ങളാണ് അദ്ദേഹം അഴിച്ചുവിട്ടത്:
''ജമാഅത്തെ ഇസ്ലാമി എന്ന തീവ്ര മുസ്ലിം പക്ഷപത്രമായ മാധ്യമത്തില്‍ രാമായണ മാസത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളാണിത്. ശ്രീരാമനേയും വാല്‍മീകിയേയും എഴുത്തച്ഛനേയും അതിനിശിതമായി നിന്ദിക്കുന്ന ലേഖന പരമ്പരയാണിത്. മുസ്ലിം തീവ്രവാദികള്‍ വിലക്കെടുത്ത് ഹിന്ദു വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്ന, ദലിത് ചിന്തകനെന്ന, ഒരു വ്യാജനായ ശ്യാംകുമാറിനെ ഉപയോഗിച്ചാണ് ഹിന്ദുക്കള്‍ പുണ്യമാസമായി ആചരിക്കുന്ന രാമായണ മാസത്തില്‍ ഈ മതവിദ്വേഷ പ്രചരണം നടത്തുന്നത്. വസ്തുതാപരമായി പോലും തെറ്റും അബദ്ധജഡിലവുമാണ് ഈ ലേഖനങ്ങള്‍. ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കാന്‍ മുസ്‌ലിം തീവ്രവാദികള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമമാണിത്. റംസാന്‍ മാസത്തില്‍ ഖുറാനെയും മുഹമ്മദിനേയും അപഹസിച്ച് (ഖുറാനിലുള്ള പോലെ) ആരെങ്കിലും പ്രസിദ്ധീകരിച്ചാല്‍ എന്തായിരിക്കും ഇവരുടെ പ്രതികരണം? സാംസ്‌കാരിക നായകര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.(എഫ്.ബി ജൂലൈ 20, 2024)
മാധ്യമത്തിനെതിരേ പ്രതിഷേധമാര്‍ച്ച്:
ശ്യാംകുമാര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മാധ്യമം ഹിന്ദുക്കളോട് മാപ്പു പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ശ്യാംകുമാറിന് പിന്തുണ, മാധ്യമത്തിന് പിന്തുണയില്ല:
പ്രശ്നം ഗൗരവമായതോടെ ഇടതുസംഘടനയായ പുരോഗമന കലാസാഹിത്യസംഘം പ്രസ്താവനയിറക്കി. ശ്യാംകുമാറിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഉപാധികളില്ലാതെ അവര്‍ പിന്തുണച്ചെങ്കിലും മാധ്യമം പത്രത്തെക്കുറിച്ച് മൗനം പാലിച്ചു. വ്യത്യസ്തമായ സാഹചര്യത്തില്‍ എം.എം ബഷീറിനെതിരേയുണ്ടായ ആക്രമണത്തെ ഇതുമായി സമീകരിക്കുകയും ചെയ്തു: രാമായണത്തെക്കുറിച്ച് തന്റെ നിഗമനങ്ങള്‍ എഴുതിയതിന്റെ പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. ഡോ. ബി.ആര്‍ അംബേദ്കര്‍ അടക്കമുള്ളവരുടെ രാമായണ പഠനങ്ങളെ അധികരിച്ചാണ് ശ്യാംകുമാര്‍ എഴുതുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു രാമായണമാസത്തില്‍ ഡോ. എം.എം ബഷീര്‍ എഴുതിയ ലേഖനപരമ്പരക്കുനേരെയും ഇത്തരത്തില്‍ ആക്രമണമുണ്ടായത് ഓര്‍ക്കുന്നു. എം.എം ബഷീറിന് രാമായണത്തെക്കുറിച്ച് എഴുതാന്‍ എന്താണ് അവകാശമെന്നാണ് ആര്‍.എസ്.എസ് അനുയായികള്‍ അന്നു ചോദിച്ചത്. ശ്യാംകുമാറിന്റെ നിഗമനങ്ങളെ വിമര്‍ശിക്കാനും വസ്തുതകള്‍ അവതരിപ്പിച്ച് എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ആ രീതി അവലംബിക്കാനുള്ള ശേഷിയോ സന്നദ്ധതയോ ഒരു ഘട്ടത്തിലും സംഘ്പരിവാര്‍ പ്രകടിപ്പിച്ചിട്ടില്ല. ചിന്തയേയും ആവിഷ്‌കാരത്തെയും ഭീഷണിപ്പെടുത്തിയും കൂവിവിളിച്ചും തോല്‍പ്പിക്കാമെന്ന് അവര്‍ കരുതരുത്. (ജൂലൈ 24, 2024).
ശ്യാംകുമാറിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തെ മതപ്രചാരകരുടെ കെണിയില്‍ വീണയാളായി ചിത്രീകരിച്ചവരില്‍ പ്രധാനി എഴുത്തുകാരനായ എന്‍.ഇ സുധീറാണ്. ഡോ. ശ്യാംകുമാറിന്റെ സ്വാതന്ത്ര്യത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു വിലയും കൊടുക്കാത്ത മാധ്യമം പത്രമാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്തതെന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ശ്യാംകുമാര്‍ പെട്ടത് ഒരു കെണിയില്‍:
ശ്യാംകുമാറിനെ പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തെ മതപ്രചാരകരുടെ കെണിയില്‍ വീണയാളായി ചിത്രീകരിച്ചവരില്‍ പ്രധാനി എഴുത്തുകാരനായ എന്‍.ഇ സുധീറാണ്. ഡോ. ശ്യാംകുമാറിന്റെ സ്വാതന്ത്ര്യത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു വിലയും കൊടുക്കാത്ത മാധ്യമം പത്രമാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്തതെന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു: രാമായണത്തെ വിമര്‍ശിക്കാനുള്ള ഡോ. ശ്യാംകുമാറിന്റെ സ്വാതന്ത്ര്യത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു വിലയും കൊടുക്കാത്ത മാധ്യമം പത്രമാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് എന്നത് ഖേദകരമാണ്. മാധ്യമം പത്രം രാമായണ വിമര്‍ശനത്തെ സ്വീകരിച്ചത് അവരുടെ ഹിന്ദു വിരുദ്ധതയുടെ പേരിലാണ് എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതായിരുന്നു. അല്ലാതെ, മതഗ്രന്ഥങ്ങളെ വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്ന പത്രമായതുകൊണ്ടല്ല. ഒരു മതത്തിന്റെ പ്രവാചകരുടെ ഇഷ്ടത്തിന് വിധേയമായി മറ്റൊരു മതത്തിന്റെ ഗ്രന്ഥത്തെ വിമര്‍ശിക്കുക എന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല. എന്തിനേറെ, മതഗ്രന്ഥവിമര്‍ശനം പോയിട്ട്, കേവലമായ സാഹിത്യത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പോലും മാധ്യമം അംഗീകരിക്കുന്നില്ല എന്നോര്‍ക്കണം. സല്‍മാന്‍ റുഷ്ദിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നം അവര്‍ കണ്ടതായിപ്പോലും നടിക്കില്ല. ജോസഫ് മാഷിന്റെ ജീവന്‍ അവര്‍ക്കു വിലയുള്ളതാവില്ല.
ഏതെങ്കിലും ഒരു വര്‍ഗീയ ചിന്താഗതിക്കാരുടെ, വര്‍ഗീയ ഭ്രാന്തരുടെ ഔദാര്യത്തില്‍ നടത്തേണ്ട ഒന്നല്ല, മതഗ്രന്ഥ വിമര്‍ശനം. ഇത് തിരിച്ചറിയുന്നതിലാണ് ഡോ. ശ്യാംകുമാര്‍ പരാജയപ്പെട്ടത്. അതൊരു കെണിയാണ്. ആ കെണിയിലകപ്പെടുകയും തുടര്‍ന്ന് അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ഒട്ടുമിക്കവാറും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളും. മറ്റ് അവസരങ്ങളില്ല എന്നത് തെറ്റായ ഒന്നിനോട് ചേര്‍ന്നു നില്‍ക്കാനുള്ള ന്യായമല്ല. അതൊരു നിലപാടില്ലായ്മയാണ്. സത്യസന്ധതയില്ലായ്മയാണ്. കേരളത്തെ വര്‍ഗീയവത്കരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി പരോക്ഷമായി സന്ധിയാവലാണ്. (എഫ്.ബി, ജൂലൈ 24, 2024)
ശ്യാംകുമാറിനൊപ്പം, മാധ്യമം തീവ്രവാദപത്രം:
ശ്യാംകുമാറിന് മാധ്യമത്തില്‍ എഴുതുന്നതിനുള്ള അവകാശം ഇ.എ ജബ്ബാര്‍ നിഷേധിക്കുന്നില്ല. അതിന് അദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ, മാധ്യമം ഐ.എസ്സിന്റെയും താലിബാന്റെയും ആശയം പ്രചരിപ്പിക്കുന്ന സംഘടനയുടെ പത്രമാണെന്ന് മറക്കേണ്ടെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്: കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനായ ഒരാള്‍ ഒരു പത്രത്തില്‍ രാമായണത്തെ വിമര്‍ശിച്ചുകൊണ്ട് ലേഖനമെഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ വലിയ സൈബര്‍ ആക്രമണങ്ങളും നിയമനടപടികളും ഭീഷണികളുമൊക്കെ വരുന്നതായി സോഷ്യല്‍മീഡിയയിലൂടെ അറിഞ്ഞതാണ്. ശ്യാംകുമാറിനും അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ച പത്രത്തിനും ജനാധിപത്യവാദിയെന്ന നിലയിലും സ്വതന്ത്രചിന്തകനെന്ന നിലയിലും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. ഏത് മതത്തിന്റെയും ഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇവിടെ എല്ലാവര്‍ക്കുമുണ്ട്. അത് പ്രസിദ്ധപ്പെടുത്താനുള്ള നമ്മുടെ ഭരണഘടനതന്നെ പത്രങ്ങള്‍ക്കുതന്നെ മറ്റിതര മാധ്യമങ്ങള്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്. മതവിമര്‍ശനത്തിന്റെ പേരിലോ മതപുരാണങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ വ്യക്തികളെയോ പത്രങ്ങളെയോ അധിക്ഷേപിക്കുന്നതും അവര്‍ക്കെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും ജനാധിപത്യവിരുദ്ധമാണ്, പ്രതിഷേധാര്‍ഹമാണ്.
ജന്മഭൂമിയും മാധ്യമവും സമാനമാണ്:
ജബ്ബാര്‍ മറ്റൊരു കാര്യവും പറഞ്ഞു: കേരളത്തില്‍ യുക്തിവാദികള്‍ക്ക് ആശ്രയിക്കാവുന്ന രണ്ട് പത്രങ്ങളും ചാനലുകളുമാണുള്ളത്. യുക്തിവാദപരമായ, മതവിമര്‍ശനപരമായ ഉള്ളടക്കമുള്ള ലേഖനങ്ങള്‍ കൊടുത്താല്‍ അത് പച്ചയ്ക്ക് പ്രസിദ്ധീകരിക്കുന്ന രണ്ട് മാധ്യമസംഘങ്ങളാണുള്ളത്. ഒന്ന് ജന്മഭൂമി പത്രവും അവരുടെ ചാനലായ ടി.വി ചാനലുമാണ്. മറ്റൊന്ന് മാധ്യമം പത്രവും അവരുടെ ചാനലായ മീഡിയവണും. മതവിശ്വാസവുമായും അന്ധവിശ്വാസവുമായും ബന്ധപ്പെട്ട് എഴുതുന്ന സൃഷ്ടികള്‍ ഈ പത്രങ്ങളിലേക്ക് അയക്കാവുന്നതാണ്. ഒരെഡിറ്റിങ്ങുമില്ലാതെ അത് പ്രസിദ്ധീകരിക്കും. രണ്ട് കൂട്ടര്‍ക്കും ചെറിയ നിബന്ധനയുണ്ട്. ജന്മഭൂമിയുടെ നിബന്ധന ഹിന്ദുമതത്തെ ഒഴിച്ചുള്ളതായിരിക്കണം വിമര്‍ശനം. മറ്റേത് അന്ധവിശ്വസത്തെക്കുറിച്ചും വിമര്‍ശിച്ച് എഴുതാം. ഇപ്പുറത്ത് മാധ്യമത്തിനും ഒരു ചെറിയ നിബന്ധനയുണ്ട്. ഇസ്‌ലാമിനെയോ ജമാഅത്തെ ഇസ്‌ലാമിയെയോ നെഗറ്റീവായി സ്പര്‍ശിക്കുന്നതായിരിക്കരുത്. മാതൃഭൂമിയിലോ മനോരമയിലോ മതങ്ങളെ വിമര്‍ശിക്കുന്ന ലേഖനം അയച്ചാല്‍ അവരത് കൊട്ടയിലിടുകയേയുള്ളൂ. പ്രസിദ്ധീകരിക്കില്ല. കാരണം, നമ്മുടെ പൊതുബോധമനുസരിച്ച് അത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അപകടകരമാണ് (ഇ.എ ജബ്ബാര്‍, ജന്മഭൂമിയില്‍ കുര്‍ആന്‍ വിമര്‍ശനവും മാധ്യമത്തില്‍ രാമായണവിമര്‍ശനവും വേണോ?, ജൂലൈ 23, 2024).
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഇന്ധനം പകരുന്നു:
ജബ്ബാര്‍ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചു: മാധ്യമമാണ് ഡോ. ശ്യാംകുമാറിന്റെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഇത് നല്ലൊരു അവസരമാണ് കിട്ടിയതെന്ന മട്ടില്‍ മാധ്യമത്തിനെതിരായും സംഘ്പരിവാറിനെതിരായും ഉറഞ്ഞുതുളളുന്നത്. കേരളത്തിലെ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുകയെന്നതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന് ഇന്ധനം പകരുന്ന എന്തു അവസരം ലഭിച്ചാലും ഉചിതമായ സമയത്ത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ അവര്‍ രംഗത്തുവരും (ഇ.എ ജബ്ബാര്‍, ജന്മഭൂമിയില്‍ കുര്‍ആന്‍ വിമര്‍ശനവും മാധ്യമത്തില്‍ രാമായണവിമര്‍ശനവും വേണോ?, ജൂലൈ 23, 2024).
മാധ്യമം കപടനാട്യക്കാര്‍:
ജബ്ബാര്‍ തുടരുന്നു: ഷാബാനു കേസിന്റെ വിധി വരുന്ന സമയത്ത് ഇ.എം.എസ് ചില പരാമര്‍ശങ്ങള്‍ നടത്തി. അതുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ മുസ്‌ലിംരാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും തമ്മില്‍ ഇടയലുണ്ടാവുന്നത്. ആ അവസരം പരമാവധി മുതലെടുക്കാന്‍ ശ്രമിച്ചിട്ടുള്ള മുസ്‌ലിംവര്‍ഗീയവാദികളുടെ കൂട്ടത്തില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചവരാണ് ജമാഅത്തെ ഇസ്ലാമി, ആ വര്‍ഗീയ സംഘടന. വര്‍ഗീയ സംഘടനയെന്നു പറഞ്ഞാല്‍ പോര, അവര്‍ സാധാരണ വര്‍ഗീയസംഘടനയെക്കാള്‍ അപകടം പിടിച്ച സാധനമാണ്. ചന്ദ്രികയെന്ന മുസ്‌ലിംലീഗിന്റെ പത്രം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ചന്ദ്രിക മാത്രം പോര മറ്റൊരു പൊതുപത്രം വേണമെന്ന് ചിന്തിക്കുകയും പത്രം തുടങ്ങുകയും ചെയ്തത്.
ജമാഅത്തെ ഇസ്‌ലാമിയെന്ന പത്രം എല്ലാ കപടമുഖങ്ങളും ആട്ടിന്‍തോലും അണിഞ്ഞുകൊണ്ട് പൊതു മതേതര സമൂഹത്തെ പൊതുലിബറല്‍ കബളിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ ഒക്കെ ചെയ്തുതുടങ്ങിയത് ആ കാലത്താണ്. ഇത്രയും മുഖംമൂടികളുള്ള മറ്റൊരു പ്രസ്ഥാനവും ഈ പ്രപഞ്ചത്തിലില്ല. മൗദൂദി രാഷ്ട്രീയം പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിക്കാനുള്ള ഏറ്റവും വലിയ തടസം ഇവിടെ നിലനിന്നിരുന്ന മതേതര ജനാധിപത്യ പൊതുബോധമാണ്. മൗദൂദിസം ഇവിടെ വില്‍ക്കണമെങ്കില്‍ ഇവിടെ മതേതര പൊതുസമൂഹത്തെ കബളിപ്പിക്കണം. അതിനുള്ള തന്ത്രങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടത്തുന്നത്. അതിനുള്ള തന്ത്രമായിരുന്നു തങ്ങളും മതേതര ജനാധിപത്യമാധ്യമമാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് മാധ്യമം പത്രം തുടങ്ങുന്നത്.
പത്രം തുടങ്ങുന്ന സമയത്ത് അവര്‍ പത്രാധിപരായി ഇരിക്കാന്‍ എന്‍.വി കൃഷ്ണവാര്യരെയും സുകുമാര്‍ അഴീക്കോടിനെയും പോലുള്ള നിരവധി ബുദ്ധിജീവികളെ സമീപിച്ചു. അവരൊന്നും തയ്യാറായില്ല. അവരുടെ കൂട്ടത്തില്‍ നിന്ന് ഒരാളെ കിട്ടി, പി.കെ ബാലകൃഷ്ണനെ. പി.കെ ബാലകൃഷ്ണന്‍ ഇവരുടെ കെണിയില്‍ വീണു. ചീഫ് എഡിറ്ററായി. പി.കെ ബാലകൃഷ്ണനെപ്പോലെ മുസ്‌ലിംപേരില്ലാത്ത ഒരാളെ പത്രാധിപസ്ഥാനത്തിരുത്തിയാല്‍ മാതൃഭൂമി പോലെയോ മനോരമ പോലെയോ പൊതുപത്രമായി കേരളീയ സമൂഹം തെറ്റിദ്ധരിക്കും. അതുതന്നെയായിരുന്നു അവരുടെ ഉദ്ദേശ്യം. അന്നവരുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ ഹമീദ് കാരശ്ശേരിയെപ്പോലുള്ള ചിലര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
മറ്റ് മാധ്യമങ്ങളില്‍ ഇടം ലഭിക്കാതിരുന്ന തീവ്രഇടതുപക്ഷക്കാര്‍ക്കും മറ്റിതര ബുദ്ധിജീവികള്‍ക്കും അവര്‍ മാധ്യമത്തില്‍ ഇടം നല്‍കി പ്രോല്‍സാഹിപ്പിച്ചു. യുക്തിവാദികളും മതേതര ബുദ്ധിജീവികളും മാധ്യമത്തില്‍ ലേഖനമെഴുതി. യുക്തിവാദി നേതാവ് പവനന്‍ മാധ്യമത്തില്‍ പംക്തി എഴുതിയിരുന്നു. പവനനോട് ജമാഅത്തെ ഇസ്‌ലാമിയുടെ പത്രമാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടില്ല. ഇസ്ലാമിനെ വിമര്‍ശിച്ച് എഴുതിയാല്‍ കാര്യം മനസ്സിലാവുമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം മൃഗബലിയെ കുറിച്ച് എഴുതിയയച്ചു. അത് പ്രസിദ്ധീകരിച്ചില്ല. അത് തങ്ങളുടെ പോളിസിക്കെതിരാണെന്ന് അവര്‍ പറഞ്ഞു. അതോടെ ആ പംക്തി നിന്നു.
ജന്മഭൂമിയും ജനം ടി.വിയും എന്നെ പലതിനും വിളിച്ചിട്ടുണ്ട്. എനിക്ക് പറയാനുളളത് പൊതുസമൂഹത്തോടും മുസ്‌ലിംസമൂഹത്തോടുമാണെന്ന് പറഞ്ഞുകൊണ്ട് ഞാനത് നിരസിച്ചു. വ്യക്തിപരമായ നേട്ടത്തില്‍ എനിക്ക് താല്‍പര്യമില്ല. സാമൂഹ്യലക്ഷ്യമുണ്ട്.
എഴുത്തുകാരന്‍ പത്രത്തിന്റെ ലക്ഷ്യം പരിഗണിക്കണം: പക്ഷേ, അതില്‍ ഔചിത്യമില്ല. കാരണം, ശ്യാംകുമാറിന്റെ ലക്ഷ്യവും മാധ്യമത്തിന്റെ ലക്ഷ്യവും യോജിക്കുകയില്ല: ആര്‍ക്കും എവിടെയും എഴുതാം. പക്ഷേ, ലക്ഷ്യവുമായി പൊരുത്തപ്പെടാത്തതുകൊണ്ട് ഞാനതില്‍ അനൗചിത്യംകാണുന്നു. ജമാഅത്തെ ഇസ് ലാമി മുസ്‌ലിംകള്‍ക്കിടയിലെ ഏറ്റവും വര്‍ഗീയ-മതമൗലികവാദ സംഘടനയാണെന്നും അവരാണ് ഇന്ന് ലോകത്ത് അക്രമം നടത്തിക്കൊണ്ടിരിക്കുന്ന താലിബാന്‍, ഐ.സ്.ഐ.എസ് തുടങ്ങിയ ഭീകരവാദികള്‍ക്കടക്കം താത്വികമായ അടിത്തറ നല്‍കുന്ന താത്വികവ്യാഖ്യാനം നടത്തിയ ആളാണ് മൗദൂദിയെന്നും ആ മൗദൂദിയുടെ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും തിരിച്ചറിഞ്ഞ കുറച്ചാളുകള്‍ മാത്രമേയുള്ളൂ. മുസ് ലിംസമൂഹത്തിനകത്തെ പലതും പൊതുസമൂഹത്തിനറിയില്ല. ആ നന്മയെ ചൂഷണം ചെയ്യുന്നവരാണ് മുസ്‌ലിംസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന മതഭീകരവാദസംഘടനകള്‍. അതില്‍ കുറുക്കന്റെ ബുദ്ധികാണിക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍. പിന്നെ പോപുലര്‍ഫ്രണ്ട് പോലുള്ളവരുണ്ട്.
ജന്മഭൂമിയും മാധ്യമവും മതരാഷ്ട്രീയവും തങ്ങളുടെ സങ്കുചിതമായ വര്‍ഗീയരാഷ്ട്രീയവും വേരുപിടിപ്പിക്കുന്നതിനു വേണ്ടി കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരാണ്. ഈ രണ്ടുകൂട്ടരെയും പ്രത്യക്ഷമായോ പരോക്ഷമായോ പ്രോല്‍സാഹിപ്പിക്കുന്നത് ശരിയല്ല. വേണ്ടവര്‍ക്ക് അവരെ ഉപയോഗപ്പെടുത്താം. അതില്‍ തെറ്റില്ല. ഔചിത്യമില്ലെന്നു മാത്രം. അവ വേറെവേറെ വിഷയങ്ങളാണ്. ഇത്തരം പത്രങ്ങളില്‍ എഴുതിയാല്‍ നാം ലക്ഷ്യം വയ്ക്കുന്ന സമൂഹത്തിലേക്ക് എത്തില്ല. പകരം നമ്മുടെ ആശയങ്ങളുപയോഗിച്ച് വര്‍ഗീയസംഘര്‍ഷമുണ്ടാക്കുന്നവരിലേക്കാണ് അതെത്തുന്നത്. (ഇ.എ ജബ്ബാര്‍, ജന്മഭൂമിയില്‍ കുര്‍ആന്‍ വിമര്‍ശനവും മാധ്യമത്തില്‍ രാമായണവിമര്‍ശനവും വേണോ?, ജൂലൈ 23, 2024)
മാധ്യമത്തിനെതിരായ മറ്റൊരു വിമര്‍ശനം ഖുര്‍ആന് എതിരായി ലേഖനം പ്രസിദ്ധീകരിച്ച അവരുടെ തല കാണില്ലെന്നാണ്. സോഷ്യല്‍മീഡിയയില്‍ 24 മണിക്കൂറും ഖുര്‍ആന്‍ വിമര്‍ശനവും ഇസ്ലാം വിമര്‍ശനവും നടത്തുന്നവരാണ് ഇത് ചോദിക്കുന്നത്. 70 ശതമാനം മുസ്‌ലിംകളുള്ള മലപ്പുറം ജില്ലയിലാണ് ഇ.എ ജബ്ബാര്‍ ജീവിക്കുന്നത്. തന്റെ പതിനെട്ടാം വയസ്സില്‍ തുടങ്ങിയതാണ് ഖുര്‍ആന്‍ വിമര്‍ശനവും പ്രവാചകവിമര്‍ശനവുമൊക്കെ. ആനക്കയം സെയ്ദുമുഹമ്മദ് എന്നയാള്‍ ജന്മഭൂമി പത്രത്തില്‍ ഖുര്‍ആനെതിരായും മറ്റും നിരന്തരമായി ലേഖനമെഴുതിയിരുന്നു. അദ്ദേഹവും മലപ്പുറം ജില്ലയിലാണ് താമസിച്ചത്.
മാധ്യമത്തിനൊപ്പം ശ്യാംകുമാറിനൊപ്പം:
ഔചിത്യക്കുറവുണ്ട്, പക്ഷേ, മാധ്യമത്തിനെതിരേ നടക്കുന്നത് വേട്ട:
ശ്യാംകുമാറിനും മാധ്യമത്തിനും ലേഖനം എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അവകാശം അംഗീകരിക്കുന്നതോടൊപ്പം അതു വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് മാധ്യമപ്രവര്‍ത്തകനും പി.ആര്‍.ഡി ഉദ്യോഗസ്ഥനുമായിരുന്ന കാദര്‍ പാലാഴിയുടേത് (രാമായണം: 'മാധ്യമം' വെറുപ്പും തലപോകല്‍ പേടിയും എന്ന ഉഡായ്പ്പ്, പ്രസ് കോണ്‍ഫ്രന്‍സ്, ജൂലൈ 25. 2024). അതുപക്ഷേ, ഇ.എ ജബ്ബാറിന്റെ നിലപാടില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. സൈദ്ധാന്തികമെന്നതിനേക്കാള്‍ പ്രായോഗികമായിരുന്നു ആ സമീപനം: നിശിതമായ രാമായണ വിമര്‍ശനത്തെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. രാമായണമാസം ഹിന്ദുസമൂഹം ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന സമയാണ്. ഈ മാസത്തില്‍ നടന്ന വിമര്‍ശനം ഉചിതമായില്ലെന്നാണ് തോന്നിയത്. പക്ഷേ, ചര്‍ച്ച അതിന്റെ ഔചിത്യത്തെക്കുറിച്ചല്ല, ശ്യാംകുമാര്‍ മാധ്യമത്തില്‍ അതെഴുതിയെന്നതിനെക്കുറിച്ചാണ്. സി.പി.എം ബുദ്ധിജീവികളാണ് പ്രധാനമായും വിമര്‍ശനമുന്നയിക്കുന്നത്. പിന്നെ സംഘ്പരിവാറുകാരും അവരുടെ അടുത്ത കൂട്ടാളികളായ നവനാസ്തികരും.
പത്രമാനേജ്മെന്റിന്റെ നയം:
അവരുടെ ചോദ്യം, മാധ്യമം ഖുര്‍ആന്‍ വിമര്‍ശനം നടത്തിയാല്‍ പ്രസിദ്ധീകരിക്കുമോയെന്നാണ്. അതൊരു ചോദ്യമാണ്. പക്ഷേ, അതുപോലയുള്ള മറ്റു ചോദ്യങ്ങളുമുണ്ട്. ഓരോ പത്രവും നടത്തുന്നത് ഓരോരോ നിലപാടില്‍നിന്നാണ്. രാഷ്ട്രീയനിലപാടുണ്ടാവും മതപരമായ നിലപാടുണ്ടാവും. അതനുസരിച്ചാണ് അവരുടെ പോളിസികള്‍ തീരുമാനിക്കുന്നത്. ദേശാഭിമാനിയില്‍ മാര്‍ക്സിസം ലെനിനിസം അപ്രസക്തമാണ് എന്നു പറയുന്ന ലേഖനം പ്രസിദ്ധീകരിക്കില്ല. ജന്മഭൂമിയിലും കേസരിയിലും ആര്‍.എസ്.എസ്സിന്റെ ഐഡിയോളജിയെ വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിക്കില്ല. നിഷ്പക്ഷ മുഖംമൂടി അണിഞ്ഞ മാതൃഭൂമിയും മനോരമയും. അവര്‍ക്കുപോലും രാഷ്ട്രീയനിലപാടുകളും മതനിലപാടുകളുമുണ്ട്. അവരും ശ്യാംകുമാര്‍ എഴുതിയപോലുള്ള വിമര്‍ശനങ്ങള്‍ എഴുതുകയില്ല. പത്രത്തിന്റെ നിലപാടുകളാണ് ലേഖനമായി വരുക (രാമായണം: 'മാധ്യമം' വെറുപ്പും തലപോകല്‍ പേടിയും എന്ന ഉഡായ്പ്പ്, പ്രസ് കോണ്‍ഫ്രന്‍സ്, ജൂലൈ 25. 2024).
വിമര്‍ശിച്ചാല്‍ തലകാണുമോ:
മറ്റൊരു വിമര്‍ശനം ഖുര്‍ആന് എതിരായി ലേഖനം പ്രസിദ്ധീകരിച്ച അവരുടെ തല കാണില്ലെന്നാണ്. സോഷ്യല്‍മീഡിയയില്‍ 24 മണിക്കൂറും ഖുര്‍ആന്‍ വിമര്‍ശനവും ഇസ്ലാം വിമര്‍ശനവും നടത്തുന്നവരാണ് ഇത് ചോദിക്കുന്നത്. 70 ശതമാനം മുസ്‌ലിംകളുള്ള മലപ്പുറം ജില്ലയിലാണ് ഇ.എ ജബ്ബാര്‍ ജീവിക്കുന്നത്. തന്റെ പതിനെട്ടാം വയസ്സില്‍ തുടങ്ങിയതാണ് ഖുര്‍ആന്‍ വിമര്‍ശനവും പ്രവാചകവിമര്‍ശനവുമൊക്കെ. ആനക്കയം സെയ്ദുമുഹമ്മദ് എന്നയാള്‍ ജന്മഭൂമി പത്രത്തില്‍ ഖുര്‍ആനെതിരായും മറ്റും നിരന്തരമായി ലേഖനമെഴുതിയിരുന്നു. അദ്ദേഹവും മലപ്പുറം ജില്ലയിലാണ് താമസിച്ചത്. സനല്‍ ഇടമറുക് ഖുര്‍ആനെതിരേ കൃതി എഴുതിയിട്ടുണ്ട്. കേരളത്തിലെത്തി നിരവധി തവണ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കല്ലേറുപോലും ഉണ്ടായില്ല. അദ്ദേഹം തന്റെ പഠനത്തിന് ആശ്രയിച്ചത് ഡെഡ് ഹാന്‍ഡ് ഓഫ് ഇസ്‌ലാം എന്ന കൃതിയാണ്. അത് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത് ആര്‍.എസ്.എസ്സിന്റെ വോയ്സ് ഓഫ് ഇന്ത്യയാണ്. 1985ല്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. അതുമായി ബന്ധപ്പെട്ട് ഒരു പുസ്തകം പുറത്തിറങ്ങി, ദി കല്‍ക്കട്ട ഖുര്‍ആന്‍ പെറ്റീഷന്‍ എന്ന പേരില്‍, രചിച്ചത് സീതാറാം നോയല്‍, ചാന്ദ് ബെല്‍ ചോപ്ര എന്ന രണ്ട് പേര്‍ ചേര്‍ന്നാണ്. അതും പ്രസിദ്ധീകരിച്ചത് വോയ്സ് ഓഫ് ഇന്ത്യതന്നെ. അത് കേരളത്തില്‍ പ്രസിദ്ധീകരിച്ചത് യുക്തിവാദികളാണ്. ഇവരുടെയാരും തല ഇതുവരെ പോയിട്ടില്ല. മുസ്‌ലിംകളാണ് ക്രിസ്തുമത വിമര്‍ശനം തുടങ്ങിവച്ചതെന്നു പറയുന്നതും ശരിയല്ല. അതിനും എത്രയോ മുമ്പ് ക്രൈസ്തവ മിഷിനറിമാര്‍ ഇത്തരം വിമര്‍ശനം നടത്തുക മാത്രമല്ല, പുസ്തകങ്ങളും രചിച്ചു. ഇടതുപക്ഷം ജമാഅത്തെ ഇസ് ലാമിയെ വിമര്‍ശിക്കാന്‍ തുടങ്ങിയത് 2019മുതല്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയ ശേഷമാണ്. അതിനുശേഷമാണ് അവര്‍ മതരാഷ്ട്രവാദികളായത് (രാമായണം: 'മാധ്യമം' വെറുപ്പും തലപോകല്‍ പേടിയും എന്ന ഉഡായ്പ്പ്, പ്രസ് കോണ്‍ഫ്രന്‍സ്, ജൂലൈ 25. 2024)
സംഘി-മാധ്യമ സമീകരണം തെറ്റ്:
സംഘ്പരിവാറിനെയും മാധ്യമത്തെയും സമീകരിക്കുന്നതിലെ തെറ്റുചൂണ്ടിക്കാട്ടിയയാളാണ് പ്രതീഷ് ബി: പി.കെ ബാലകൃഷ്ണനും ടി.എസ് ശ്യാംകുമാറും സ്വന്തമായി ചിന്തിച്ചു തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ് എന്ന് പറയാതെ പറയുന്നുണ്ട് പലരും. ഇസ്ലാംമത വിമര്‍ശന ലേഖനം പ്രസിദ്ധപ്പെടുത്താതിരിക്കാനുള്ള അവകാശം മാധ്യമം മാനേജ്മെന്റിനുണ്ട്. ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തില്ല അതുകൊണ്ട് നിങ്ങളും പ്രസിദ്ധപ്പെടുത്തരുതെന്ന് മാധ്യമം പറഞ്ഞിട്ടില്ല. എന്നാല്‍, രാമായണ വിമര്‍ശനം ഞങ്ങള്‍ നടത്തില്ല അതുകൊണ്ട് നിങ്ങളും നടത്താന്‍ പാടില്ലെന്നാണ് സംഘികള്‍ പറയുന്നത്. അതുകൊണ്ട് രണ്ടും ഒന്നാണ് എന്ന സമീകരണം അയുക്തികവും സാമൂഹിക വിരുദ്ധവുമാണ്.(എഫ്.ബി ജൂലൈ 25, 2024).
സംഘ്പരിവാറിന്റെ ഇരട്ടദൗത്യം:
ഒരേസമയം കീഴാള എഴുത്തുകാരെ നിശ്ശബ്ദരാക്കുകയും മുസ്‌ലിംമാധ്യമത്തെ ആക്രമിക്കുകയുമെന്ന ഇരട്ട ദൗത്യമാണ് സംഘ്പരിവാറിന്റേതെന്ന് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ സുദേഷ് എം.രഘു ഫേസ്ബുക്കില്‍ കുറിച്ചു: സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക-സാഹിത്യ മണ്ഡലങ്ങളിലെ സവര്‍ണതയെ പ്രശ്നവത്കരിക്കുന്ന ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ എഴുത്തുകാര്‍ക്ക് പ്രിന്റ് മീഡിയയില്‍ എവിടെയാണ് അവസരം? കേരളകൗമുദിയോ ദേശാഭിമാനിയോ പോലും അവസരം നല്‍കില്ല. മാതൃഭൂമി, മനോരമ പോലുള്ള പത്രങ്ങളുടെ കാര്യം പറയുകയേ വേണ്ട. അവര്‍ക്ക് അവസരം നല്‍കുന്ന മാധ്യമം പോലുള്ള പത്രങ്ങളെ 'മൗദൂദി പത്രം', 'അജണ്ഡ' എന്നെല്ലാം പറഞ്ഞ് ഭീകരവത്കരിക്കുന്ന പണി സംഘികളേക്കാള്‍ ശക്തമായി നടത്തുന്ന ഏറ്റവും വലിയ ഇസ്‌ലാമോഫോബുകളാണ് കേരളത്തിലെ ഇടതുപക്ഷ സവര്‍ണര്‍. ഒരേസമയം രണ്ടു ലക്ഷ്യമാണ് അവര്‍ക്കുള്ളത്: മാധ്യമരംഗത്തെ മുസ്‌ലിം ദൃശ്യതയെ നശിപ്പിക്കുക. കീഴാള എഴുത്തുകാരെ നിശ്ശബ്ദരാക്കുക. (എഫ്.ബി, ജൂലൈ 21, 2024)
കേവലം മതവിമര്‍ശനമല്ല-സണ്ണി എം. കപിക്കാട്:
ഡോ. ടി.എസ് ശ്യാംകുമാറിനെതിരെയുള്ള ബി.ജെ.പി-സംഘ്പരിവാര്‍ ഭീഷണി എന്ത് വിലനല്‍കിയും ദലിത്-ബഹുജനങ്ങള്‍ പ്രതിരോധിക്കുമെന്ന് ദലിത് സമുദായ മുന്നണി പ്രഖ്യാപിച്ചു. ഹിന്ദുത്വ ശക്തികള്‍ പറയുന്ന ന്യായം ഹിന്ദുക്കളെ അപമാനിക്കാന്‍ ബോധപൂര്‍വം ഒരു മുസ്‌ലിം മാനേജ്‌മെന്റ് പത്രം മുന്‍കൈയെടുത്ത് ശ്യാംകുമാറിനെ കൊണ്ട് എഴുതിക്കുന്നു എന്നാണ്. ഏത് പത്രത്തില്‍ എഴുതി, എഴുതിയില്ല എന്നതല്ല വിഷയം; എന്ത് എഴുതി എന്നതാണ്. ഡോ. ശ്യാം ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി ഉണ്ടെങ്കില്‍ അതാണ് ഹിന്ദുത്വ ശക്തികള്‍ സൂചിപ്പിക്കേണ്ടതെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു:
ഈ വിമര്‍ശനം കേവലം ഒരു മതത്തോടുള്ള വിമര്‍ശനം അല്ലെന്നും അത് ഇന്ത്യയുടെ തന്നെ ശാപമായിരിക്കുന്ന ഒരു മൂല്യസംവിധാനത്തെ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളിലുംപെട്ട, പ്രദേശങ്ങളിലുംപെട്ട മനുഷ്യര്‍ കൈയൊഴിയേണ്ട മനുഷ്യത്വവിരുദ്ധമായ മൂല്യ സംവിധാനമാണ് എന്നാണ് ശ്യാംകുമാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ ഇന്ത്യയെ തന്നെ ജനാധിപത്യവത്കരിക്കാനുള്ള മുന്നുപാധിയാണ് ശ്യാംകുമാറിന്റെ വിമര്‍ശനം. ശ്യാംകുമാറിനെതിരെ വാളോങ്ങുന്നവര്‍ ഇന്ത്യ ഒരു കാലത്തും ജനാധിപത്യത്തിലേക്ക് സഞ്ചരിക്കരുതെന്നും എല്ലാകാലത്തും വര്‍ണാശ്രമ ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നും മനുസ്മൃതിയില്‍ അധിഷ്ഠിതമായിരിക്കണം എന്നും വാശിപിടിക്കുന്നവരാണ്. ഇരട്ട മുഖവുമായാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്യാമിനെതിരെ ആക്രമണത്തിന് എത്തുന്നത്. ഒന്ന്, ഹിന്ദുത്വവിരുദ്ധ ശക്തിക്കെതിരെയുള്ള യുക്തിഭദ്രമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കുക. രണ്ട്, മുസ്‌ലിംകള്‍ക്കെതിരെ ഒരു ആക്രമണം അഴിച്ചുവിടുക. സംഘ്പരിവാര്‍ പണ്ഡിതന്മാര്‍ പരാജയപ്പെട്ടിടത്ത് ആള്‍ക്കൂട്ട അക്രമണത്തിലൂടെ കാര്യം സാധിക്കാവുന്ന സംഘ്പരിവാര്‍ ശക്തികളുടെ മനസ്സിലിരിപ്പാണ് പുറത്തു വന്നിരിക്കുന്നത്.
മൗദൂദി കുത്തിക്കഴപ്പും പുരോഗമനപക്ഷത്തിന്റെ പാപ്പരത്വവും:
ശ്യാംകുമാറിന് പിന്തുണ പ്രഖ്യാപിച്ച മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് ശ്യാമിനെക്കൊണ്ട് ലേഖനം എഴുതിക്കുന്നത് മൗദൂദികളുടെ കുത്തിക്കഴപ്പാണെന്ന അഭിപ്രായക്കാരനായിരുന്നു. ഈ അഭിപ്രായത്തിനെതിരേ എഴുത്തുകാരനായ കെ. സന്തേഷ് കുമാര്‍ രംഗത്തുവന്നു. ഈ വിഷയത്തില്‍ സംഘ്പരിവാറിന്റെ ലക്ഷ്യം മുസ്‌ലിംമാധ്യമമായ മാധ്യമമാണെന്നും അദ്ദേഹം വ്യക്തതയോടെ കുറിച്ചു: എത്ര ബാലിശമായ വാദമാണ് കെ.ജെ ജേക്കബും ചില ഇടതുപക്ഷ പ്രൊഫൈലുകളും പ്രചരിപ്പിക്കുന്നത്. മാധ്യമം പത്രത്തില്‍ രാമായണ വിമര്‍ശനം എഴുതിയതിനാണ് 'മൗദൂദി കുത്തിക്കഴപ്പ്' എന്നൊക്കെ വിപ്ലവീകരിക്കുന്നത്! ഏത് പത്രത്തില്‍ എഴുതി എന്നുള്ളതല്ല, എന്തെഴുതി എന്നുള്ളതാണ് പ്രധാനം. ഇന്ത്യയില്‍ ബ്രാഹ്മണ്യത്തിനെതിരെ, ഹിന്ദുത്വത്തിനെതിരെ, ജാതീയതക്കെതിരെ ഏറ്റവും ആധികാരികമായി എഴുതിയിട്ടുള്ളത് ഡോ. ബി.ആര്‍ അംബേദ്കര്‍ ആണ്. ആ അംബേദ്കറിന്റെ ആശയ അടിസ്ഥാനത്തില്‍ അക്കാദമികമായി ഇടപെടുന്ന വ്യക്തിയാണ് ഡോ. ടി.എസ് ശ്യാംകുമാര്‍. നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതുന്നുണ്ട്. 'ഹിന്ദുത്വ ഇന്ത്യ: ചരിത്ര സംസ്‌കാര പഠനങ്ങള്‍' എന്നൊരു ഗ്രന്ഥം ഹിന്ദുത്വ ആശയ സംഹിതക്കെതിരെ ഡോ. ശ്യാം എഴുതിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ മാധ്യമത്തില്‍ മാത്രം എഴുതുമ്പോള്‍ പുരോഗമനകാരികള്‍ക്ക് അത് മൗദൂദി അജണ്ടയായാണ് അനുഭവപ്പെടുന്നത്. എന്നുപറഞ്ഞാല്‍ ദലിത് സ്‌കോളേഴ്‌സിനും എഴുത്തുകാര്‍ക്കും ചിന്താശേഷി ഇല്ലെന്നും അവര്‍ ആരുടെയോ അജണ്ടക്ക് ഒപ്പം നീങ്ങുന്ന ബുദ്ധിശൂന്യര്‍ ആണെന്നുമുള്ള വരേണ്യവാദം തന്നെയല്ലേ ഇവിടെ കെ.ജെ ജേക്കബ് ഒക്കെ മുന്നോട്ട് വെക്കുന്നത്. കെ.ജെ ജേക്കബ് ഉള്‍പ്പെടെയുള്ള പുരോഗമനകാരികള്‍ മനസ്സിലാക്കേണ്ടത്, ശ്യാംകുമാറിനെ മാധ്യമം അല്ല രൂപപ്പെടുത്തിയത്, മറിച്ച് പണ്ഡിതനായ മാറിയ ഡോ. ശ്യാംകുമാറിന്റെ ബൗദ്ധികതയെ സാമൂഹിക നീതിക്കും സമത്വത്തിനും എതിരായ ഒരു തത്വശാസ്ത്രത്തിനു എതിരായി മാധ്യമധര്‍മം നിറവേറ്റുകയാണ് മാധ്യമം പത്രം ചെയ്യുന്നത് എന്നാണ്. ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും ഡോ. ശ്യാംകുമാറിന് എതിരെ എന്നതിനേക്കാള്‍ കൂടുതല്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് മുസ്‌ലിം മാനേജ്‌മെന്റ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മാധ്യമത്തിനെതിരെയാണ്. കാരണം, മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടാനുള്ള ഒരു സാധ്യതയായി ഈ വിഷയത്തെ സംഘ്പരിവാറും ഹിന്ദുത്വ ശക്തികളും കാണുന്നു. സമാനമായി കേരളത്തിലെ പുരോഗമനകാരികളും വിപ്ലവകാരികളും മുസ്‌ലിംകളെ ആക്രമിക്കാന്‍ പാകത്തില്‍ ഡോ. ശ്യാമിനോട് ഐക്യപ്പെടുകയും 'മൗദൂദി കുത്തിക്കഴപ്പ്' വ്യാഖാനത്തിലൂടെ മുസ്‌ലിം അപരവത്കരണത്തിന് ആക്കം കൂട്ടുക വഴി സംഘിന് മുന്നില്‍ തുറന്നിടുകയും ചെയ്യുന്നു. (എഫ്.ബി, ജൂലൈ 21, 2024)
ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും ന്യൂനപക്ഷവും:
ഫാസിസ്റ്റ് വിരുദ്ധകാലത്തെ മാറിയ ധാരണകളുടെ സങ്കീര്‍ണതകളിലേക്ക് വെളിച്ചംവീശുന്ന കുറിപ്പായിരുന്നു ആസാദിന്റേത്: ആരെഴുതുമ്പോഴാണ് മാധ്യമം മത തീവ്രവാദികളുടേതോ മതരാഷ്ട്രവാദികളുടേതോ ആകുന്നത്? ആരെഴുതുമ്പോഴാണ് മാധ്യമം കൊള്ളരുതാത്തതോ പുറംതള്ളപ്പെടേണ്ടതോ ആവുന്നത്? മാധ്യമത്തില്‍ എഴുതാത്ത രാഷ്ട്രീയപക്ഷക്കാര്‍ ആരുണ്ട്? അവരെഴുതുമ്പോള്‍ ഇല്ലാത്ത എന്ത് അസ്പൃശ്യതയാണ് ഡോ. ടി.എസ് ശ്യാംകുമാറിനുള്ളത്? മാധ്യമം ഒരു ജനാധിപത്യ രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന ആനുകാലിക പത്രവും വാരികയുമാണ്. എല്ലാ വിഭാഗക്കാരും തൊഴിലെടുക്കുന്ന സ്ഥാപനമാണ്. മൂലധനം മുടക്കുന്നവരുടെ രാഷ്ട്രീയം ഇസ്‌ലാമിക രാഷ്ട്രീയം തന്നെ. ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്‌കാരിക ഇടപെടല്‍ എന്നു പറയാം. അത് നിരോധിക്കപ്പെട്ടതല്ല. എന്നാല്‍, ഏതു നിമിഷവും നിരോധനം വരാം. അധീശ ഹിന്ദുത്വ പ്രസിദ്ധീകരണങ്ങളോട് കാണിക്കാത്ത അയിത്തം മാധ്യമത്തോടു കാണിക്കുന്നതിന്റെ യുക്തി എന്താണ്?
ഫാഷിസം ഹിംസാത്മകമായി നേരിടുന്ന ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ ഇപ്പോഴത്തെ താല്‍പര്യം മതരാഷ്ട്രമല്ല. ജീവിച്ചിരിക്കലാണ്. അതിജീവനമാണ്. മരണമുനമ്പില്‍ അവര്‍ ഇന്ത്യന്‍ മതേതര വാദികളോടും ജനാധിപത്യ സമരോത്സുക സമൂഹത്തോടും ഐക്യപ്പെടുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. 1992നോ 2002നോ മുമ്പുള്ള ഇന്ത്യനവസ്ഥയില്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് ഇന്ത്യന്‍ ജനാധിപത്യ ജീവിതം. ഇന്ത്യന്‍ ഫാഷിസം വിഴുങ്ങാനടുക്കുമ്പോള്‍ അതിന്റെ വായില്‍ നിന്ന് ന്യൂനപക്ഷത്തെ രക്ഷിക്കേണ്ടവര്‍ അവര്‍ മതതീവ്രവാദികളാണ് നശിക്കട്ടെ എന്ന് നിശ്ചയിക്കാമോ? ഇന്ത്യന്‍ ദലിത് ചിന്തയും ഇന്ത്യന്‍ നിരീശ്വരവാദവും ആഴത്തില്‍ വേരുകളുള്ള ചിന്താപദ്ധതികളാണ്. ആ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രാമായണം വായിക്കാനുള്ള ധൈഷണിക ശ്രമമാണ് ശ്യാംകുമാര്‍ നടത്തുന്നത്. എല്ലാ ഭൂതസന്ധികളിലും ചെയ്തതുപോലെ ആ ചിന്താപദ്ധതിയെ നശിപ്പിച്ചുകളയാം എന്നു കരുതി ചാടിവീഴാന്‍ ഇന്ത്യന്‍ സവര്‍ണമനുവാദികള്‍ ധൈര്യം കാണിക്കുന്നത് ഇന്ത്യന്‍ ഫാഷിസത്തിന്റെ പിന്‍ബലത്തിലാണ്. രാമായണം ഇളയിടം വായിക്കുമ്പോള്‍ ഇളകിയിട്ടില്ലാത്ത ക്രോധം ശ്യാംകുമാറിനു നേരെ ചാടി വീഴുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തം. ദളിതരോടു പൊറുക്കാന്‍ ഇന്ത്യന്‍ മനുവാദികള്‍ തയ്യാറല്ല. വലത് ഇടത് ലിബറല്‍ ബുദ്ധിജീവികളെ, അവരുടെ ബുദ്ധിയിലുറച്ചുപോയ 'ഏത് വര്‍ഗീയതയും തുല്യമാണ്' എന്ന കാലംതെറ്റിയ ധാരണയെ കുത്തിയുണര്‍ത്തി പോരടിപ്പിക്കാന്‍ വിടുകയാണ് ഇപ്പോള്‍ ഹിന്ദുത്വ ഫാഷിസം ചെയ്യുന്നത്. അത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല കടമ മറക്കലാണ്. ഒരു മതരാഷ്ട്രവാദത്തോടും യോജിപ്പില്ല. അത് വിളിച്ചുപറയേണ്ട ഘട്ടത്തില്‍ ഉറക്കെ വിളിച്ചു പറയുകയും ചെയ്യും. എന്നാല്‍, ഫാഷിസത്തിന്റെ കാലത്ത് ന്യൂനപക്ഷ സമുദായങ്ങളും പ്രാന്തീയ വിഭാഗങ്ങളും ഉന്മൂലനഭീഷണിയാണ് നേരിടുന്നത് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. (എഫ് ബി ജൂലൈ 25, 2024)
സമീപകരണയുക്തിക്കെതിരേ:
ചര്‍ച്ചകളിലെ സമീപകരണയുക്തിയിലേക്ക് പ്രകാശം പരത്തുന്നതായിരുന്നു എന്‍.കെ ഭൂപേഷിന്റെ നിലപാട്: മാധ്യമത്തിനും ഐക്യദാര്‍ഢ്യം: ഇപ്പോഴത്തെ അവസ്ഥയില്‍ ടി.എസ് ശ്യാംകുമാറിന് മാത്രമല്ല, അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമം പത്രത്തിനും ഐക്യദാര്‍ഢ്യം പറയണം. അത്രമേല്‍ അരോചകവും അപകടകരവുമാണ് ചില സമീകരണങ്ങള്‍. (എഫ്.ബി, ജൂലൈ 22, 2024).
ഹിന്ദു ഐക്യവേദിയുടെ പരാതി സത്യവിരുദ്ധം:
'രാമായണ സ്വരങ്ങള്‍' എന്ന ലേഖനം മതസ്പര്‍ധ വളര്‍ത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിത ശ്രമമാണെന്ന ഹിന്ദു ഐക്യവേദിയുടെ പരാതി സത്യവിരുദ്ധമാണെന്ന നിലപാടായിരുന്നു ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റിന്റേത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനെ പരസ്പരം അപരവത്കരിക്കുന്ന വര്‍ണാശ്രമ-അധര്‍മമാണ് രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തി കലാപം സൃഷ്ടിക്കുന്നത്. എല്ലാ മനുഷ്യരും ഒരു ജാതിയില്‍പെടുന്ന സഹോദരരാണെന്ന കാലാതീത സത്യം പഠിപ്പിക്കുന്ന ശ്രീനാരായണ മാനവധര്‍മത്തിന് കടകവിരുദ്ധമാണ് വര്‍ണാശ്രമ-അധര്‍മം. വര്‍ണാശ്രമ-അധര്‍മം സംരക്ഷിച്ച് നിലനിര്‍ത്തുന്ന ഹിന്ദു ഐക്യവേദി പോലുള്ള സവര്‍ണ സംഘടനകളാണ് നാട്ടില്‍ ആസൂത്രിതമായി മതസ്പര്‍ധ വളര്‍ത്തുന്നത്. ഡോ. ടി.എസ് ശ്യാംകുമാറിന്റെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികനീതിക്കുവേണ്ടി ശബ്ദിക്കുന്ന മറ്റ് അവര്‍ണപക്ഷ എഴുത്തുകാരുടെയും വായ് മൂടിക്കെട്ടി വര്‍ണാശ്രമ-അധര്‍മം സംരക്ഷിച്ച് സാമൂഹിക-സാമ്പത്തിക അനീതി നിലനിര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. (25 ജൂലൈ, 2024, മാധ്യമം ഓണ്‍ലൈന്‍)
മാധ്യമത്തിനും ശ്യാംകുമാറിനുമൊപ്പം:
ഡോ. ടി.എസ് ശ്യാംകുമാറിനെതിരായ സംഘ്പരിവാര്‍ ഭീഷണിയില്‍ പൊലീസിനെതിരെ ദലിത് സമുദായ മുന്നണി. പൊലീസ് നിലപാട് പക്ഷപാതിത്വപരമെന്ന് മുന്നണി ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ആരോപിച്ചു. ഭീഷണിയില്‍ കേസെടുക്കാത്ത പൊലീസ് ലേഖനം പ്രസിദ്ധീകരിച്ച മാധ്യമത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്ക് വളംവെച്ചുകൊടുക്കുന്നതാണ് പൊലീസ് സമീപനമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.
ശ്യാംകുമാറിനൊപ്പം നില്‍ക്കുമ്പോഴും മാധ്യമത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മറ്റൊരു വിഭാഗം പൊതു ഇടതു മതേതര പക്ഷത്തുനിന്നുള്ളവരാണ്. ശ്യാംകുമാറിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ അവര്‍ അംഗീകരിക്കുന്നു. ചില വിയോജിപ്പുകളുണ്ടെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മാധ്യമത്തിന് രഹസ്യമായ ചില അജണ്ടകളുണ്ടെന്നാണ് അവര്‍ കരുതുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മതപരതയെയും സാമുദായികതയെയും ദേശീയതയെയും ചേര്‍ത്തുവച്ച് നടത്തുന്ന വിശകലനങ്ങളാണ് ഇത്തരം സംഭവങ്ങളിലും ആഖ്യാനങ്ങളിലും ഇസ്‌ലാമോഫോബിയയുടെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.
ഇസ്‌ലാമോഫോബിയയുടെ വൈവിധ്യങ്ങള്‍:
ഈ കുറിപ്പില്‍ ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ മാത്രമാണ് വംശീയത ലക്ഷ്യംവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെങ്കിലും മാധ്യമം ദിനപത്രത്തെ പ്രതിപക്ഷത്തുനിര്‍ത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതും ഇസ്‌ലാമോഫോബിക് വംശീയതയുടെ മറ്റൊരു മുഖമാണ്. രാമായണ സ്വരങ്ങള്‍ ലേഖനത്തിന്റെ പേരില്‍ വിവാദം അഴിച്ചുവിട്ടവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു മുന്നില്‍ രണ്ട് ശത്രുക്കളാണ് ഉള്ളത്. ഒന്ന് ശ്യാംകുമാറും മറ്റൊന്ന് മാധ്യമവും. എന്നാല്‍, വിവാദം അഴിച്ചുവിട്ട ശശികലടീച്ചറുടെ ഫേസ് ബുക്ക് പേജ് പരിശോധിച്ചാല്‍ ശ്യാംകുമാറിനൊപ്പമോ മിക്കവാറും അതില്‍ കൂടുതലോ അവര്‍ ലക്ഷ്യം വച്ചത് മാധ്യമം പത്രത്തെയാണെന്ന് കാണാം. സംഘ്പരിവാര ശക്തികളില്‍നിന്ന് അത് പ്രതീക്ഷിക്കാവുന്നതാണ്. ലക്ഷണമൊത്ത വംശീയ പ്രചാരകരുമാണ് അവര്‍.
എന്നാല്‍, ശ്യാംകുമാറിനൊപ്പം നില്‍ക്കുമ്പോഴും മാധ്യമത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മറ്റൊരു വിഭാഗം പൊതു ഇടതു മതേതര പക്ഷത്തുനിന്നുള്ളവരാണ്. ശ്യാംകുമാറിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ അവര്‍ അംഗീകരിക്കുന്നു. ചില വിയോജിപ്പുകളുണ്ടെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മാധ്യമത്തിന് രഹസ്യമായ ചില അജണ്ടകളുണ്ടെന്നാണ് അവര്‍ കരുതുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മതപരതയെയും സാമുദായികതയെയും ദേശീയതയെയും ചേര്‍ത്തുവച്ച് നടത്തുന്ന വിശകലനങ്ങളാണ് ഇത്തരം സംഭവങ്ങളിലും ആഖ്യാനങ്ങളിലും ഇസ്‌ലാമോഫോബിയയുടെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. മതപരത ഹിംസയുടെയും സങ്കുചിതത്വത്തിന്റെയും വിധ്വംസകതയുടെയും ഭാഷയിലൂടെ വിശകലനം ചെയ്യുന്നതുവഴി ഒഴിവാക്കപ്പെടേണ്ട ഒരു തിന്മയായി അത് മാറുന്നു. മതേതരത്വത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്.
ഇസ്‌ലാമികതീവ്രവാദം:
ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനത്തിനൊരാമുഖം എന്ന തന്റെ കൃതിക്ക് എഴുതിയ മുഖവുരയില്‍ ഇടത് സൈദ്ധാന്തികനും മുന്‍ നക്‌സലൈറ്റുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നതുകാണുക: ''ആര്‍.എസ്.എസ്സിനെപ്പോലെ ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രവാദത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മറച്ചുപിടിച്ചാണ് മനുഷ്യാവകാശത്തിന്റെയും പരിസ്ഥിതിസ്‌നേഹത്തിന്റെയും മുഖംമൂടിയണിഞ്ഞവര്‍ പൊതുസമൂഹത്തില്‍ ഇടം നേടാന്‍ ശ്രമിക്കുന്നത്.'' മുസ്‌ലിംകള്‍ പുറംശക്തികളാണെന്നും ദേശീയതയുടെ അപരമാണെന്നുമുളള നിഗൂഢമായ ധാരണയാണ് ഇത്തരം സങ്കല്‍പ്പങ്ങളുടെ കേന്ദ്രം. ഇരട്ടമുഖം സൂക്ഷിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള ഇത്തരം വിമര്‍ശനങ്ങളാണ് ശ്യാംകുമാറിനെ പിന്തുണയ്ക്കുമ്പോഴും മാധ്യമം പത്രത്തെ പുറത്തുനിര്‍ത്തുന്നത്. ഇസ്‌ലാമോഫോബിയയുടെ മതേതര വകഭേദമാണ് ഇത്.
മാധ്യമം വിമര്‍ശനത്തിന്റെ രാഷ്ട്രീയം:
ശ്യാംകുമാറിന്റെ ലേഖനത്തിനെതിരേയാണ് പ്രതിഷേധമെങ്കിലും കൂടുതല്‍ ആക്രമണത്തിന് വിധേയമായത് അത് പ്രസിദ്ധീകരിച്ച മാധ്യമം പത്രമാണ്. ഇതൊരു പുതിയ കാര്യമല്ല. എല്ലാ കാലത്തും ഉയര്‍ന്നുവന്ന അതേ ആരോപണങ്ങളും വിദ്വേഷപ്രചാരണങ്ങളുമാണ് ഇപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്.
കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഈ രംഗത്തേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢ ഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. മാധ്യമം പത്രത്തിന്റെ രഹസ്യ അജണ്ട, മതരാഷ്ട്രനിര്‍മിതിക്കുവേണ്ടി ഒഴുക്കുന്ന രഹസ്യഫണ്ട്, അതുപയോഗിച്ച് വിലക്കെടുക്കപ്പെടുന്ന സാഹിത്യനായകര്‍... ഇങ്ങനെ നിരവധി വാര്‍പ്പുമാതൃകകള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ഗൂഢതന്ത്രമുണ്ടെന്ന ആരോപണത്തിന്റെ തുടര്‍ച്ചയിലാണ് മുസ്‌ലിംമാനേജ്മെന്റ് പത്രമായ മാധ്യമം പത്രത്തിനും ഈ ലേബല്‍ ലഭിക്കുന്നത്. ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് യോജിച്ച ഉദാഹണങ്ങളും സംഭവങ്ങളും വിവാദങ്ങളും എതിരാളികള്‍ കണ്ടെടുക്കുന്നു. ഇരട്ടമുഖം പോലുള്ള രൂപകങ്ങളിലൂടെയാണ് ഇതു പലപ്പോഴും ആവിഷ്‌കരിക്കപ്പെടുന്നത്.
മുസ്‌ലിംപത്രങ്ങള്‍ മതേതര ബുദ്ധിജീവികളെ വിലക്കെടുത്ത് പത്രാധിപരാക്കുന്നുവെന്ന ആരോപണവും ഇതിന്റെ ഭാഗമായി ഉയരാറുണ്ട്. മതേതരമുഖംമൂടി ലഭിക്കുന്നതിനുളള മാര്‍ഗമാണത്രെ ഇത്. മാധ്യമത്തിന്റെ പത്രാധിപരായ പി.കെ ബാലകൃഷ്ണന്‍ മുതലുളളവര്‍ക്കെതിരേ ഈ ആരോപണം ഉന്നയിക്കപ്പെട്ടു. ശ്യാംകുമാറിന്റെ ലേഖനത്തിനെതിരേ നടന്ന ക്യാമ്പയിനിലും പലരും ഈ ആരോപണം ഉയര്‍ത്തിയതായി കാണാം. അതേസമയം സ്വദേശാഭിമാനി പത്രത്തിനെതിരേ ഈ ആരോപണം ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാമകൃഷ്ണപ്പിള്ള സവര്‍ണ ഹിന്ദുവും പത്രമുതലാളിയായ വക്കം മൗലവി മുസ്‌ലിമുമായിരുന്നല്ലോ.
മുസ്‌ലിംകളുടെ രാഷ്ട്രീയത്തോട് അനുതാപം പ്രകടിപ്പിക്കുന്ന അമുസ്‌ലിംകളെയും ഇത്തരം മാധ്യമങ്ങളില്‍ എഴുതുന്ന എഴുത്തുകാരെയും പണത്തിനോ പദവിക്കോ വേണ്ടിയാണ് അത് ചെയ്യുന്നതെന്ന ആരോപണവും വ്യാപകമായി കേള്‍ക്കാറുണ്ട്. 2015ല്‍ കെ.പി രാമനുണ്ണിയുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍ പങ്കെടുത്തുകൊണ്ട് എം.എന്‍ കാരശ്ശേരി മാതൃഭൂമിയില്‍ എഴുതി: (പലപ്പോഴും) ചിലരുടെ വര്‍ഗീയത മതേതരത്വമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഈ ഇടപാട് കുറച്ചായി നടന്നുവരുന്നു. ഈ കച്ചവടത്തില്‍ ചില സാഹിത്യകാരന്മാര്‍ക്കൊപ്പം ചില മുന്‍ നക്‌സലൈറ്റുകളുണ്ട്, ചരിത്രകാരന്മാരുണ്ട്, ഗവേഷകന്മാരുണ്ട്, അധ്യാപകരുണ്ട്, പൗരാവകാശപ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, സ്ത്രീവാദികളുണ്ട്... പതുക്കെപ്പതുക്കെ രൂപംകൊണ്ടുവരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ ഈ ആയുധപ്പുര തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളും സമ്മാനങ്ങളും സൗജന്യങ്ങളും ശ്രദ്ധിച്ചാല്‍മതി. (ഏതാണ് ഇസ്‌ലാം; കാരശ്ശേരിയുടെ മറുപടി, മേയ് 5, 2015)
ജമാഅത്തെ ഇസ്ലാമിയെയും മാധ്യമം പത്രത്തെയും കുറിച്ച് എളമരം കരീം ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രീയം-എന്ന ദേശാഭിമാനി ലേഖനത്തില്‍ (മെയ് 17, 2021) എഴുതുന്നതുനോക്കൂ: ''കേരളത്തിലെ മുസ്‌ലിംകളില്‍ നന്നെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ജമാഅത്തെ ഇസ്‌ലാമിക്ക് ഉള്ളൂ. മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്നതില്‍ അംഗബലത്തിലും കര്‍മബലത്തിനും ശക്തമായ മറ്റു സാന്നിധ്യങ്ങള്‍ നിലവിലുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു പൊതുവേദി പ്രച്ഛന്ന വേഷങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി ആര്‍ജിച്ചിട്ടുണ്ട്. മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രച്ഛന്നവേഷങ്ങള്‍ ഇല്ല. മാധ്യമം ദിനപത്രം, വാരിക, മീഡിയവണ്‍ ചാനല്‍ എന്നിവ പ്രച്ഛന്ന രൂപങ്ങളായിരുന്നു. അതേസമയം തങ്ങളുടെ ആശയാടിത്തറ വിശദീകരിക്കാന്‍ 'പ്രബോധനം' നിലനിര്‍ത്തി. ഭൂസമരങ്ങളിലേക്കും ദലത് മുന്നേറ്റ സമരങ്ങളിലേക്കും പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കും ജമാഅത്തെ ഇസ്‌ലാമിക്ക് വഴിവെട്ടിയത് മേല്‍പ്പറഞ്ഞ മാധ്യമങ്ങളാണ്'' ഇരട്ടമുഖങ്ങളെക്കുറിച്ചുള്ള മതേതര ആശങ്കയാണ് സി.പി.എം നേതാവായ എളമരം കരീമിന്റെ വാക്കുകളിലുള്ളത്.
താലിബാനിസം വിസ്മയമോ? എന്ന പേരില്‍ ബി.ജെ.പി കോഴിക്കോട് ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട് ഹമീദ് ചേന്ദമംഗലൂര്‍ മാധ്യമവുമായും ജമാഅത്തെ ഇസ് ലാമി സ്ഥാപനങ്ങളുമായും സഹകരിക്കുന്നവരെക്കുറിച്ച് പറഞ്ഞു: ''കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണ്്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയാറാവുന്നില്ല. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍. കല്‍ബുര്‍ഗിയും പന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോള്‍ രംഗത്തു വന്നവര്‍ താലിബാന്‍കാര്‍ ഹാസ്യനടനെ അടിച്ചു കൊന്നപ്പോഴും നാടോടി ഗായകനെ വെടിവെച്ചുകൊന്നപ്പോഴും പ്രതികരിക്കുന്നില്ല. 1993 ല്‍ ചേകന്നൂര്‍ മൗലവിയെ കൊലചെയ്തപ്പോഴും കോയമ്പത്തൂരില്‍ എച്ച്. ഫറൂഖിനെ വധിച്ചപ്പോഴും മലാലാ യൂസഫ് എന്ന പെണ്‍കുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇവര്‍ നിശ്ശബ്ദരായിരുന്നു. (ഏഷ്യാനെറ്റ് ന്യൂസ്, സെപ്തംബര്‍ 2, 2021). മുസ്‌ലിംകള്‍ക്ക് ഇരട്ടമുഖമാണെന്ന് വിശ്വസിക്കുന്ന നിരവധി പേരെ പലയിടങ്ങളിലും നമുക്ക് കണ്ടെത്താനാവും. പരസ്യമായും രഹസ്യമായും അതാവര്‍ത്തിക്കപ്പെടുന്നു.
അനുബന്ധം: ഇന്റലക്ച്വല്‍ ജിഹാദ്, മാധ്യമം
2006 -ല്‍ തുടങ്ങിയ ലൗജിഹാദ് എന്ന വംശീയ പ്രചാരണത്തിന് ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടു. സംഘ്പരിവാര്‍ പണിശാലയിലാണ് ലൗജിഹാദ് ആരോപണം രൂപപ്പെട്ടത്. എന്നാല്‍, പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ വിരുദ്ധരായ മതേതരവാദികളുടെ മുന്‍കൈയിലാണ് ഇന്റലക്ച്വല്‍ ജിഹാദ് എന്ന ആരോപണം തയ്യാറാക്കപ്പെട്ടത്. ലിബറല്‍-സെക്കുലര്‍ ഇസ്ലാമോഫോബിയയുടെ ഭാഗമായി മാധ്യമത്തിനെതിരെ വികസിച്ച വംശീയ പ്രയോഗമാണ് ഇന്റലക്ച്വല്‍ ജിഹാദ്.
ഹമീദ് ചേന്ദമംഗല്ലൂര്‍ 2010 മെയ് 16-22 നു മാതഭ്രൂമി ആഴ്ചപതിപ്പില്‍ (പേജ് 8-19) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരളത്തില്‍ ഇന്റലക്ച്വല്‍ ജിഹാദ് അഥവാ ബൗദ്ധിക ജിഹാദ് എന്ന ആരോപണം ഉന്നയിക്കുന്നത്. എന്നാലത് പിന്നീടു ഒരു പൊതുനിലപാടായി നിരവധി മതേതരവാദികള്‍ ഉയര്‍ത്തി പിടിച്ചു. 'ദ ക്യു'വില്‍ 'വാഗ് വിചാരം' എന്ന അഭിമുഖ പരമ്പര ചെയ്യുന്ന എന്‍.ഇ സുധീറിനു എ.എം ഷിനാസ് നല്‍കിയ യൂട്യൂബ് അഭിമുഖത്തിന്റെ തലക്കെട്ട് തന്നെ 'ബൗദ്ധിക ജിഹാദില്‍ കുരുങ്ങിപോയ ബുദ്ധിജീവികള്‍' (ദി ക്യൂ,5 സെപ്തംബര്‍ 2021) എന്നായിരുന്നു.
യഥാര്‍ഥത്തില്‍ ലൗജിഹാദിനെ എതിര്‍ക്കുന്ന ഒരു മതേതര സമീപനമായാണ് ഇന്റലക്ച്വല്‍ ജിഹാദ് അഥവാ ബൗദ്ധിക ജിഹാദ് എന്ന ആരോപണം ഹമീദ് ചേന്ദമംഗല്ലൂര്‍ വികസിപ്പിച്ചത്. സംഘ്പരിവാര്‍ ഉന്നയിക്കുന്ന ലൗജിഹാദ് ആരോപണം ശരിയല്ലെന്നും എന്നാല്‍, ശരിക്കും കേരളത്തിലുള്ളത് ഇന്റലക്ച്വല്‍ ജിഹാദ് അഥവാ ബൗദ്ധിക ജിഹാദ് ആണെന്നും ലേഖനം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.
'നടന്നിട്ടില്ലാത്ത ലൗജിഹാദിനെ പറ്റി ഇവിടെ കഴിഞ്ഞ വര്‍ഷം ധാരാളം ഒച്ചപ്പാടുണ്ടായി. എന്നാല്‍, രണ്ടു ദശാബ്ദത്തിലേറെയായി, നവയാഥാസ്തികതത്വത്തില്‍ അധിഷ്ഠിതമായ ഒരു മതമൗലിക പ്രസ്ഥാനം സമ്മതിനിര്‍മാണത്തിന്റെ ഭാഗമായി സമര്‍ഥമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുന്ന ബൗദ്ധിക ജിഹാദ്, അന്യഥാ ഉദ്ബുദ്ധരായ നിരീക്ഷകരുടെ പോലും ശ്രദ്ധയില്‍ തടഞ്ഞില്ല (പേജ് 10).'ജമാഅത്തെ ഇസ് ലാമിയുടെ മുന്‍കൈയില്‍ രൂപപ്പെട്ട മാധ്യമം അടക്കമുള്ള പത്ര-മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ലേഖനം പക്ഷെ മാധ്യമ വിമര്‍ശനത്തിന്റെ മറവില്‍ ബൗദ്ധിക ജിഹാദ് എന്ന ഇസ്ലാമോഫോബിക്ക് സംജ്ഞയെ പൊതുചര്‍ച്ചകളിലേക്കു കടത്തിവിടുകയാണുണ്ടായത്.
ബൗദ്ധിക ജിഹാദ് എന്ന സംജ്ഞ ഒഴിവാക്കിയാലും നിലനില്‍ക്കുന്ന ഒരു ലേഖനമായിരുന്നു അത്. എന്നാല്‍, ലേഖകനോ പോകട്ടെ, കമല്‍ റാം സജീവ് അടക്കം പ്രവര്‍ത്തിച്ച ജാഗ്രതയുള്ള ഒരു പത്രാധിപ സമിതിക്കു പോലും അത്തരമൊരു വിവേകം ഉണ്ടായില്ല. പകരം, തൊട്ടടുത്ത പേജില്‍ 'ജിഹാദ് ഈസ് ദ ഹൈയെസ്റ്റ് പോയിന്റ് ഇന്‍ ഇസ്ലാം' എന്ന പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പേരിലുള്ള ഫോട്ടോ ആഴ്ചപതിപ്പിന്റെ പത്രാധിപ സമിതി തന്നെ ചേര്‍ത്തിട്ടുണ്ട്. ജിഹാദ് എന്നതു ഇസ്ലാമിന്റെ അടിസ്ഥാനമാന്നെന്നതു പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മാത്രം ഒരവകാശവാദമല്ലല്ലോ. ഖുര്‍ആന്‍ തന്നെ പറയുന്ന കാര്യമാണ്. ഇത്തരമൊരു പ്രയോഗം തിരുത്താതെ വിട്ടതു പോകട്ടെ, ഫോട്ടോയിലൂടെ പത്രാധിപ സമിതി അതിനൊരു പിന്തുണ നല്‍കിയതു എത്രത്തോളം ഇസ്ലാമോഫോബിയ നമ്മുടെ ന്യൂസ് റൂമുകളെ ഭരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)