Quantcast
MediaOne Logo

Web Desk

Published: 8 April 2022 3:01 PM GMT

മതത്തിനുള്ള അവകാശം മതപരമായ ആചാരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം കൂടിയാണ്

ഹിജാബ് വിലക്ക് രാഷ്ട്രീയ വർത്തമാനങ്ങൾ; ചർച്ച അവസാന ഭാഗം

മതത്തിനുള്ള അവകാശം മതപരമായ ആചാരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം കൂടിയാണ്
X
Listen to this Article

കരണ്‍ ഥാപ്പര്‍ / ദുഷ്യന്ത് ദവെ

കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഹിജാബ് വിലക്ക് വിധിയിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറും സുപ്രീം കോടതി അഭിഭാഷകനും മുന്‍ സുപ്രീകോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെയും ചേര്‍ന്ന് ദി വയറിനു വേണ്ടി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

ദൈവശാസ്ത്രജ്ഞ വിദഗ്ധരല്ലാത്തവരും പ്രത്യേകിച്ചും അവരുടെ മുന്നില്‍ വരുന്ന മതത്തില്‍ വിദഗ്ധര്‍ അല്ലാത്തവരുമായ വിധികര്‍ത്താക്കള്‍ ഒരു മതത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ആചാരങ്ങളും വിശ്വാസങ്ങളും നിര്‍ണയിക്കുന്നതിനുള്ള ചുമതല സ്വയം ഏറ്റെടുക്കേണ്ടതുണ്ടോ?

കരണ്‍ ഥാപ്പര്‍: ദവെ, നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ 1954 ല്‍ ശിരൂര്‍ മഠ് വിധിയിലൂടെ സുപ്രീം കോടതി സ്ഥാപിച്ച Religious essential testല്‍ നിന്ന് തുടങ്ങാം. പ്രശ്‌നം ഇതാണ്; ദൈവശാസ്ത്രജ്ഞവിദഗ്ധരല്ലാത്തവരും ചോദ്യം ചെയ്യപ്പെടുന്ന മതത്തില്‍ വിദഗ്ധര്‍ അല്ലാത്തവരുമായ ജഡ്ജിമാര്‍ ഏതൊക്കെ ആചാരങ്ങളാണ് മതത്തിലും വിശ്വാസത്തിലും അവിഭാജ്യമായത് - അല്ലാത്തത് എന്നുള്ളത് സ്വയം നിര്‍ണയിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടതുണ്ടോ?

ദുഷ്യന്ത് ദവെ: ആ ചോദ്യത്തിനുള്ള ഉത്തരമായി ഞാന്‍ കരുതുന്നത്, നിങ്ങള്‍ ഒരു പ്രത്യേക ചോദ്യത്തിലേക്ക് പോകാന്‍ ജഡ്ജിമാരോട് ആവശ്യപ്പെടുകയാണെങ്കില്‍ ജഡ്ജിമാര്‍ ആ ചോദ്യത്തിലേക്ക് പോയി അതിന് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്. എനിക്ക് മറ്റൊരു രീതിയിലാണ്പറയാനുള്ളത്.കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ന്യായമായിരുന്നുവോ ഇല്ലയോ എന്നത് പരിശോധിക്കാനായിരുന്നു കര്‍ണാടകയിലെ ജഡ്ജിമാരുടെ മുന്നില്‍ വന്ന ആവശ്യം. അങ്ങനെ ഒരു ആവശ്യം ജഡ്ജിമാരുടെ മുമ്പാകെ ഉന്നയിക്കുമ്പോള്‍ അതിലേക്ക് പോകേണ്ട ബാധ്യത ജഡ്ജിമാര്‍ക്ക് ഉണ്ടായിരുന്നു. ജഡ്ജിമാര്‍ ഉപയോഗിക്കേണ്ട മാനദണ്ഡം (test) ഏതാണ് എന്നതാണ് ചോദ്യം. ആ പരിശോധന രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. സമുദായത്തിന്റെ ധര്‍മബോധവും മതത്തിന്റെ തത്വങ്ങളും. ഈ രണ്ടു പരിശോധനകളിലൂടെ മാത്രമേ ജഡ്ജിക്ക് അവരുടെ മുമ്പിലുള്ള തെളിവുകള്‍ പരിശോധിച്ച് ആ പ്രത്യേക ആചാരം ഒരു മതപരമായ ആചാരം ആണോ അല്ലയോ അതു മതത്തിന്റെ ഭാഗം ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുള്ളത്. അങ്ങനെയാണ് ജഡ്ജിമാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ജഡ്ജിമാര്‍ അതിനെ അങ്ങനെ നോക്കിയിട്ടുണ്ടോ എന്നതാണ് ഇവിടത്തെ ചോദ്യം. ഞാന്‍ ഒരു ഇസ്‌ലാമിക പണ്ഡിതനല്ല. പക്ഷേ, എനിക്ക് വിധിയില്‍ നിന്നും മനസ്സിലാവുന്നത് ന്യായാധിപന്മാര്‍ വലിയ രീതിയില്‍ നിയമത്തെ തെറ്റായി പ്രയോഗിച്ചു എന്നാണ്.


കരണ്‍ ഥാപ്പര്‍: നിങ്ങള്‍ പറഞ്ഞ കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്, പക്ഷേ, അതിനു മുന്‍പ് അടിസ്ഥാനപരമായഒരു ചോദ്യം. നിങ്ങള്‍ പറഞ്ഞു: ജഡ്ജിമാരോട് ഒരു വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ജഡ്ജിമാര്‍ അതിലേക്ക് കടക്കാന്‍ ബാധ്യസ്ഥരാണെന്ന്.ഇത് തങ്ങള്‍ക്ക് കീഴില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് അതീതമാണെന്ന് ജഡ്ജിമാര്‍ക്ക് പറയാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഞങ്ങള്‍ ഒരു വിശ്വാസത്തിലും വിദഗ്ധരല്ല. ഞങ്ങള്‍ ദൈവശാസ്ത്രത്തില്‍ വിദഗ്ധരല്ല. അതിനാല്‍ ഞങ്ങള്‍ക്ക് ആധികാരികമായി ഇതില്‍ വിധി പറയാന്‍ അധികാരമില്ലെന്ന് എന്തുകൊണ്ട് പറയാന്‍ കഴിയുന്നില്ല? അതാവില്ലേ സത്യസന്ധമായ പ്രതികരണം?

ദുഷ്യന്ത് ദവെ: ഇല്ല, ഞാന്‍ അതിനോട് യോജിക്കുന്നില്ല. കാരണം ഹരജിക്കാര്‍ കര്‍ണാടക സംസ്ഥാനം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നത് സംസാര സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം അടക്കമുള്ള അവരുടെ മതം അനുഷ്ഠിക്കാനുള്ള മൗലികാവകാശത്തെ ഇത് ബാധിക്കുമെന്ന കാരണത്താലാണ്.അതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രവര്‍ത്തനം ന്യായമായിരുന്നോ എന്ന് പരിശോധിക്കണമെങ്കില്‍ ജഡ്ജിമാര്‍ ചെയ്യേണ്ടത് ആ വിഷയത്തിലേക്ക് കടക്കുകയാണ്. ജഡ്ജിമാര്‍ അതിലേക്ക് കടക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് ഞാന്‍ കരുതുന്നത്.

നിങ്ങള്‍ പറഞ്ഞ രണ്ടാമത്തെ കാര്യത്തിലേക്ക് പോകാം. അതിലേക്ക് കടക്കുമ്പോള്‍ ജഡ്ജിമാര്‍ സമുദായത്തിന്റെ ധര്‍മബോധവും മതപരമായ തത്വങ്ങളും പരിഗണിക്കണമെന്ന് നിങ്ങള്‍ പറയുന്നു. നമുക്ക് ആദ്യം വിശ്വാസത്തിന്റെ തത്വങ്ങള്‍ എടുക്കാം. സമുദായത്തിന്റെ ധര്‍മത്തെക്കുറിച്ച് നമുക്ക് ഇതിനുശേഷം ചര്‍ച്ച ചെയ്യാം. ഓരോ ആചാരങ്ങളും വിശ്വാസത്തിന്റെ ഭാഗമാണോ അല്ലയോ എന്ന് ജഡ്ജിമാര്‍ വിധി കല്‍പ്പിക്കുമ്പോള്‍, അത് സ്വന്തമായി ചെയ്യാന്‍ അവര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതിനാല്‍ അവര്‍ വിദഗ്ധരെയാണ് ആശ്രയിക്കുന്നത്.

കരണ്‍ ഥാപ്പര്‍: ഇവിടെ കര്‍ണാടക ഹൈക്കോടതി അബ്ദുള്ള യൂസഫ് അലിയുടെയും സാറാ സ്ലിന്‍ഡിംഗന്റെയും ആശ്രയിക്കുന്നതായി കാണാം. പക്ഷേ, പ്രശ്‌നം, വിദഗ്ധര്‍ക്ക് അവരുടേതായ വ്യക്തിഗത വീക്ഷണങ്ങളുണ്ട്. രണ്ടാമതായി വിദഗ്ധര്‍ പലപ്പോഴും പരസ്പരം വ്യത്യസ്തരാണ്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരാണ് ശരി ആരാണ് തെറ്റ് എന്ന് അറിയാന്‍ ഉള്ള ശേഷി ജഡ്ജിമാര്‍ക്ക് ഇല്ലെന്നിരിക്കെ, പല വിദഗ്ധര്‍ വ്യത്യസ്തമായ കാര്യങ്ങള്‍ പറയുമ്പോള്‍ ന്യായാധിപന്മാര്‍ എങ്ങനെ അവര്‍ക്കിടയില്‍ തീരുമാനമുണ്ടാക്കും?

ദുഷ്യന്ത് ദവെ:നിങ്ങള്‍ പറയുന്നത് തികച്ചും ശരിയാണ്. ഇത് ജഡ്ജിമാര്‍ക്ക് ഉത്തരം നല്‍കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ആണെന്ന് ഞാന്‍ പറയും. പക്ഷേ, ഉത്തരം ഇതിലുണ്ട്; ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ ജനിച്ചതുമുതല്‍ മരിക്കുന്നത് വരെ ഓരോ ദിവസവും ചെയ്യുന്ന ഓരോ പ്രവൃത്തിയും സ്മൃതികള്‍ പ്രകാരം മതപരമായ സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞിരുന്നു. ഹിന്ദു മതത്തിന്റെ കാര്യം വരുമ്പോള്‍ ജഡ്ജിമാര്‍ സ്വീകരിച്ചിട്ടുള്ള വിശാലമായി നിര്‍വചനം ഇത്തരത്തില്‍ ആണെന്നിരിക്കെ, മതത്തിന്റെ വിഷയത്തില്‍ ഒരു ജഡ്ജി മതേതര തത്വമാണ് പ്രയോഗിക്കേണ്ടത് എന്നതിനാലും വളരെ കാലമായി ഇസ്‌ലാമില്‍ പിന്തുടരുന്ന ആചാരം, അത് മതഗ്രന്ഥങ്ങല്‍ ഉള്ളതായാലും അല്ലാത്തതായാലും, അതൊരു ആചാരമായ നിമിഷം തൊട്ട് ജഡ്ജിമാര്‍ക്ക്ഇത് പിന്‍തുടരാന്‍ കഴിയില്ലെന്ന് പറയാനാവില്ല. കാരണം, മതത്തിനുള്ള അവകാശംമതത്തിന്റെ ആന്തരികവശം നിര്‍വഹിക്കാനുള്ള അവകാശം മാത്രമല്ല, മതപരമായ ആചാരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം കൂടിയാണ്. ഇത് ഭക്ഷണത്തിനുള്ള അവകാശവും വസ്ത്രധാരണത്തിലുള്ള അവകാശവുമൊക്കെ ഉള്‍ക്കൊള്ളുന്നു.

എതൊരു ന്യായാധിപനും വ്യക്തമായി മനസിലാക്കാവുന്ന ഒരു കാര്യമാണ് നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്നുണ്ട് എന്നത്. നാഗ സന്യാസിമാരുടെ കാര്യം നമുക്ക് ഒരു ഉദാഹരണമായി എടുക്കാം. നൂറ്റാണ്ടുകളായി പൂര്‍ണ നഗ്‌നരായി കൊണ്ടാണ് അവര്‍ അവരുടെ ആരാധനകളും ജീവീതവും മുന്നോട്ടു കൊണ്ടു പോകുന്നത്. ഇക്കാരണത്താല്‍ ആര്‍ക്കെങ്കിലും അവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് വിലക്കണമെന്ന് പറയാന്‍ സാധിക്കുമോ

കരണ്‍ ഥാപ്പര്‍: വളരെ മൗലികമായ ഒരു വസ്തുതയാണ് താങ്കള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അങ്ങ് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചത് പ്രകാരം, ഒരു വിശ്വാസി, അഥവാ ഒരു വിശ്വാസി സമൂഹം, തങ്ങളുടെ മത വിശ്വാസത്തിന്റെ ഭാഗമായി വിശ്വസിച്ച് ആചരിക്കുന്നതെന്തും വിശ്വാസത്തിന്റെ ഭാഗമാണെന്നാണ്. പ്രസ്തുത നിര്‍വചന പ്രകാരം എല്ലാ മതാവിഷ്‌ക്കാരങ്ങളും മതത്തിന്റെ ഭാഗവും സുപ്രധാനവുമാണ്. ഈ ഒരു സിദ്ധാന്തം ഇസ്‌ലാമിന് ബാധമാക്കിയാല്‍, ഹിജാബ് ധരിക്കുക എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ ഒരു വിശ്വാസി പിന്തുടരുന്ന ഒരു ആചാരവും മതവിശ്വാസത്തിന്റെ അനിവാര്യ നിയമമാണൊ അല്ലയോ എന്ന് പരിശോധിക്കേണ്ട കാര്യം ന്യായാധിപര്‍ക്കില്ല എന്നതാണ്.

ദുഷ്യന്ത് ദവെ: നമ്മുടെ ഭരണഘടനാ ശില്‍പികള്‍ മതം എന്ന വാക്കിനെ, സങ്കല്‍പത്തെ നിര്‍വചിച്ചിട്ടില്ല, കാരണം മതത്തെ നിര്‍വചിക്കാന്‍ സാധിക്കില്ല. പക്ഷേ, മതം ഇന്ത്യയില്‍ എത്രമാത്രം പ്രധാനം ആണെന് അവര്‍ക്ക് അറിയാമായിരുന്നു. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഉദയ്പൂരിനടുത്തുള്ള നത്തദ്വാരാ ശ്രീനാത്ജി ക്ഷേത്രം, അത് ഒരു വൈഷണവ ക്ഷേത്രമാണ്. പ്രസ്തുത ക്ഷേത്രം എല്ലാ ദിവസവും ഒരു ഡസനിലേറെ തവണ അടച്ചിടുന്നു. എന്നാല്‍, ക്ഷേത്രം എപ്പോള്‍ അടക്കണം, എപ്പോള്‍ തുറക്കണം എന്നത് എവിടെയും എഴുതിവെച്ചിട്ടില്ല. എന്നാല്‍, നൂറ്റാണ്ടുകളായി ആ ക്ഷേത്രം തുടര്‍ന്നുവരുന്ന ഒരു ആചാരമണാത്. അവിടെ എതു തരത്തിലുള്ള ഭക്ഷണങ്ങളാണ് നിവേദ്യമായും പ്രസാദമായും നല്‍കേണ്ടത് എന്ന് എവിടെയും നിഷക്കര്‍ഷിച്ചിട്ടില്ല. പക്ഷേ, അതിനെ സംബന്ധിച്ച ആചാരങ്ങള്‍ നൂറ്റാണ്ടുകളായിനിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് അത് വിശ്വാസത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ വളരെ വിശാലമായിട്ടാണ് മതാവിഷ്‌ക്കാരങ്ങളെ സംബന്ധിച്ച വിഷയം സുപ്രീം കോടതി കൈകാര്യം ചെയ്തിട്ടുള്ളത്.


കരണ്‍ ഥാപ്പര്‍: ഒരു ആചാരം ഒരു മതവിശ്വാസത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഘടകം ആണൊ അല്ലയോ എന്ന് പ്രസ്തുത ദൈവശാസ്ത്രത്തില്‍ വിദഗ്ദരായവരുടെ നിലപാടുകള്‍ പരിഗണിച്ചു കൊണ്ടു മാത്രമേ നിര്‍ണയിക്കാര്‍ സാധിക്കുകയുള്ളു. മാത്രമല്ല, വിദഗ്ധര്‍ക്കിടയില്‍ വലിയ അഭിപ്രായ വിത്യാസങ്ങളും ഉണ്ട്. അതിനാല്‍ എതു വിദഗ്ധാഭിപ്രായത്തെ സ്വീകരിക്കണം എന്ന വിഷയത്തില്‍ ന്യായധിപര്‍ പ്രതിസന്ധി നേരിടുന്നുണ്ട് എന്ന എന്റെ വാദത്തെ താങ്കളും പിന്തുണക്കുന്നു. ഇവിടെ മറ്റൊരു വിഷയം കൂടി താങ്കളുമായി ചര്‍ച്ച ചെയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മതവിശ്വാസങ്ങളും വ്യത്യസ്ത ലിംഗവിഭാഗങ്ങളെ കൂടി ഉള്‍കൊള്ളുന്നതാണ്. വ്യത്യസ്ത ലിംഗ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളും വ്യത്യസ്തമായ നിബന്ധനകളും ആണ് ഉള്ളത്. ഇതില്‍ തന്നെ വിത്യസ്ത ലിംഗ വിഭാഗങ്ങള്‍, വൈവിധ്യമാര്‍ന്നതും വൈരുദ്ധ്യമാര്‍ന്നതുമായ സങ്കല്‍പനങ്ങളാണ് എത് നിയമമാണ് നിര്‍ബന്ധമായത്, എതു നിയമമാണ് ഐഛികമായത് എന്ന വിഷയത്തില്‍ സ്വീകരിക്കുന്നത്. അവിടെ എങ്ങനെയാണ് ന്യായാധിപര്‍ എതു നിയമവും മതരീതിയുമാണ് മതത്തിന്റെ അവിഭാജ്യവും ദൈവശാസ്ത്രപരമായി ശരിയായതും എന്ന് നിര്‍ണയിക്കുക, അത് വളരെ സങ്കീര്‍ണമായ ഒരു വിഷയമാണല്ലൊ?

ദുഷ്യന്ത് ദവെ: തീര്‍ച്ചയായും. ഇന്ത്യന്‍ ഭരണഘടനയുടെ 25 ാം അനുച്ഛേദം നിങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും നൈതിക-മനഃസാക്ഷി സങ്കല്‍പത്തെയും സുരക്ഷിക്കുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും ആരാധിക്കുവാനും ഭരണഘടന അനുവാദം നല്‍കുന്നു. ഇവിടെ എന്താണ് ആരാധന, മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരു വ്യക്തി തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നതും സ്വമനസ്സാലെ നിര്‍വഹിക്കുന്നതുമായ എത് കര്‍മ്മവും, ആചാരവും വിശ്വാസത്തിന്റെ ഭാഗവും ആരാധന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതും ആണ്. അതോടെ ആ വിഷയം അവസാനിക്കുന്നു, അതെല്ലാതെ ഒരു ദൈവശാസ്ത്രപരമായ വിഷയത്തില്‍ വലിയ അക്കാദമിക്ക് ചര്‍ച്ചയിലേക്കൊ നിയമ ചര്‍ച്ചയിലെക്കൊ പോകേണ്ട കാര്യമില്ല.

എതൊരു ന്യായാധിപനും വ്യക്തമായി മനസിലാക്കാവുന്ന ഒരു കാര്യമാണ് നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്നുണ്ട് എന്നത്. നാഗ സന്യാസിമാരുടെ കാര്യം നമുക്ക് ഒരു ഉദാഹരണമായി എടുക്കാം. നൂറ്റാണ്ടുകളായി പൂര്‍ണ നഗ്‌നരായി കൊണ്ടാണ് അവര്‍ അവരുടെ ആരാധനകളും ജീവീതവും മുന്നോട്ടു കൊണ്ടു പോകുന്നത്. ഇക്കാരണത്താല്‍ ആര്‍ക്കെങ്കിലും അവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് വിലക്കണമെന്ന് പറയാന്‍ സാധിക്കുമോ, സാധിക്കില്ല. നിങ്ങള്‍ ദിഗംമ്പര്‍ ജൈനരെ ഉദാഹരണമായി എടുക്കൂ, അവര്‍ സമ്പൂര്‍ണ നഗ്‌നരായാണ് നടക്കുന്നത്. അത്തരം ഒരു ജീവിതരീതി ആധുനിക ധാര്‍മികതക്ക് യോജിച്ചതല്ല എന്ന് നിങ്ങള്‍ക്ക് വാദിക്കാം. പക്ഷേ, അതുകൊണ്ട് അവരെ പൊതുസമൂഹത്തില്‍ നിന്ന് നിയമ പ്രകാരം അകറ്റി നിര്‍ത്തണമെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ, പറ്റില്ല എന്നാണ് ഭരണഘടന പറയുന്നത്. ഇതെല്ലാം നൂറ്റാണ്ടുകളായി പിന്തുടരപ്പെടുന്ന ജീവിത രീതികള്‍ ആണ്, അവരുടെ അവകാശത്തെ ആദരിക്കേണ്ടതുണ്ട്.

കരണ്‍ ഥാപ്പര്‍: ഇതിനോടനുബന്ധിച്ച് ഇവിടെ മറ്റൊരു പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യെപ്പടേണ്ടതായുണ്ട്. കാരണം, ഈ വിഷയം കര്‍ണാടക ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ടതാണ്. ഹിജാബ് ധരിക്കുക എന്നത് ഇസ്‌ലാമില്‍ അനിവാര്യമായ ഒരു നിബന്ധനയാണോ എന്ന് പരിശോധിക്കാന്‍ കോടതി സ്വീകരിച്ച മാര്‍ഗങ്ങളില്‍ ഒന്ന്, എത്ര പേര്‍, അഥവാ എത്ര മാത്രം വ്യാപകമായി മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നുണ്ട് എന്ന് പരിശോധിക്കുക എന്നതായിരുന്നു. ഒരു ന്യൂനപക്ഷ വിഭാഗം മാത്രമേ ഹിജാബ് ധരിക്കുന്നുള്ളു എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം. അതുകൊണ്ടു തന്നെ ഹിജാബ് ധരിക്കുക എന്നത് ഇസ്‌ലാമികമായി ഒരു അനിവാര്യതയല്ല. കാരണം, അനിവാര്യമായിരുന്നെങ്കില്‍ ബഹുഭൂരിപക്ഷം സ്ത്രീകളും ഹിജാബ് ധരിക്കുമായിരുന്നു എന്നായിരുന്നു കോടതി നടത്തിയ നിരീക്ഷണം. എന്നാല്‍, ഈ നിരീക്ഷണം തെറ്റായ ഒരു വിശകലന രീതിയാണെന്നാണ് ഞാന്‍ കരുതുന്നത്, ഒരു ഉദാഹരണം പറയാം: കൃപാണ്‍ (സിഖുക്കാര്‍ അവരുടെ മത വിശ്വാസത്തിന്റെ ഭാഗമായി കൈയില്‍ കരുതുന്ന കത്തി) കൈയില്‍ കരുതുക എന്നത് സിഖ് മതത്തിന്റെ അനിവാര്യമായ ഭാഗമാണ് എന്ന കാര്യം സുവ്യക്തമാണ്. എന്നാല്‍, സിഖുകാരില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് കൃപാണ്‍ ധരിക്കുന്നത്, ബഹുഭൂരിപക്ഷം സിഖുകാരും കൃപാണ്‍ ധരിക്കുന്നില്ല എന്ന കാരണം കൊണ്ട് കൃപാണ്‍ ധരിക്കുക എന്നത് സിഖ് മതത്തിന്റെ അനിവാര്യമായ നിബന്ധനയല്ല എന്ന് വിധിക്കാന്‍ സാധിക്കില്ല. നിര്‍ഭാഗ്യവശാല്‍, അങ്ങനെയാണ് ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ബഹുഭൂരിപക്ഷം മുസ്‌ലിം സ്ത്രീകളും ഹിജാബ് ധരിക്കുന്നവരായിരിക്കില്ല, ഒരുപക്ഷേ ഹിജാബ് ഒരു അനിവാര്യതയായി അവര്‍ കാണുന്നുണ്ടായിരിക്കില്ല. എന്നാല്‍, ഹിജാബ് ധരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുക എന്നത് അവരുടെ മത വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അനിവാര്യമായ ഘടകം ആണ്. ഇവിടെ ഹിജാബ് ധരിക്കുന്നവര്‍ അതിനെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. അല്ലാതെ ഭൂരിപക്ഷം എങ്ങനെ ഹിജാബിനെ നോക്കി കാണുന്നു എന്നതല്ല. ഈ വിശയത്തെ താങ്കള്‍ എങ്ങനെയാണ് നോക്കി കാണുന്നത്?

ഒരു വ്യക്തി തന്റെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നതും സ്വമനസ്സാലെ നിര്‍വഹിക്കുന്നതുമായ എത് കര്‍മ്മവും, ആചാരവും വിശ്വാസത്തിന്റെ ഭാഗവും ആരാധന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതും ആണ്. അതോടെ ആ വിഷയം അവസാനിക്കുന്നു, അതെല്ലാതെ ഒരു ദൈവശാസ്ത്രപരമായ വിഷയത്തില്‍ വലിയ അക്കാദമിക്ക് ചര്‍ച്ചയിലേക്കൊ നിയമ ചര്‍ച്ചയിലെക്കൊ പോകേണ്ട കാര്യമില്ല.

ദുഷ്യന്ത് ദവെ: ഞാന്‍ താങ്കളുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. ഒരു മതാചാരം, ഒരു സമുദായത്തിലെ ചില വിഭാഗങ്ങള്‍ ആചരിക്കുകയും മറ്റു ചില വിഭാഗങ്ങള്‍ ആചരിക്കാതിരിക്കുകയും ചെയുക എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാല്‍, ചില വിഭാഗങ്ങള്‍ എതെങ്കിലും മതാചാരത്തെ പിന്തുടരുന്നില്ല അഥവാ ആചരിക്കുന്നില്ല എന്നതുകൊണ്ട് മാത്രം പ്രസ്തുത ആചാരം ഒരു മതത്തിന്റെ ഭാഗമാവാതിരിക്കുകയോ അപ്രധാനമാവുകയോ ചെയ്യില്ല എന്ന് സുപ്രീം കോടതി ഒരു വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവിടെ, മേല്‍ സൂചിപ്പിച്ച സുപ്രീം കോടതിയുടെ നിരീക്ഷണം അടിസ്ഥാനപ്പെടുത്തി നമ്മള്‍ ഹിജാബ് വിധിയെ പരിശോധിക്കുമ്പോള്‍, കര്‍ണാടക ഹൈക്കോടതി അവലംബിച്ച മാര്‍ഗം പൂര്‍ണമായും തെറ്റാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. 70 വര്‍ഷങ്ങള്‍ക്കു മുമ്പ് സുപ്രീകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ സുപ്രധാനമായ ഒരു വിധിന്യായത്തിന്റെ ഒരു ഭാഗം ഞാന്‍ വായിക്കാം, കാരണം പ്രസ്തുത ഭാഗം ഈ വിഷയത്തില്‍ കൂടുതല്‍ തെളിച്ചങ്ങള്‍ നല്‍കും എന്ന് ഞാന്‍ കരുതുന്നു.

പ്രസ്തുത വിധിന്യായത്തില്‍ വളരെ മനോഹരമായി വിശ്വാസം, ആരാധനാ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ കുറിച്ച് നിരീക്ഷച്ചത് ഇപ്രകാരമാണ്: 'പല മതങ്ങളും ഉള്‍ചേര്‍ന്നതാണ് ഇന്ത്യന്‍ സമൂഹം. തീര്‍ച്ചയായും ഒരു മതത്തിന്റെ അടിസ്ഥാനം എന്നു പറയുന്നത് വിശ്വാസങ്ങളും പ്രമാണങ്ങളും ആണ്. പ്രസ്തുത വിശ്വാസങ്ങളെയും പ്രമാണങ്ങളെയും വിശ്വാസികള്‍ പ്രാധാന്യമുള്ളതായും അവരുടെ ആത്മീയ ഉണര്‍വിനും സംതൃപ്തിക്കും അത്യന്താപേക്ഷിതമായ അനിവാര്യതയായി കാണുന്നു. മതം എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളും പ്രമാണങ്ങളും മാത്രമാണെന്ന് നിരീക്ഷിക്കുന്നത് ഒരു തെറ്റായ നിരീക്ഷണമായിരിക്കും. കാരണം ഒരു മതം, ധാര്‍മികതയെ സംബന്ധിച്ച ചില സങ്കല്‍പനങ്ങളും നിയമങ്ങളും മാത്രമല്ല വിശ്വാസികള്‍ക്ക് നല്‍കുന്നത്. മറിച്ച് അത് ആരാധനകളെ സംബന്ധിച്ചും ആരാധനാക്രമങ്ങളെ സംബന്ധിച്ചും അനുഷ്ഠാനങ്ങളെ സംബന്ധിച്ചും ചടങ്ങുകളെ സംബന്ധിച്ചും ജീവിത രീതികളെ സംബന്ധിച്ചും നിയമങ്ങളും സങ്കല്‍പന്നങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവയും മതത്തിന്റെ അവിഭാജ്യഘടങ്ങളാണ്, മാത്രമല്ല മേല്‍ പ്രസ്താവിച്ച കാര്യങ്ങളില്‍ വിശ്വാസികളുടെ ഭക്ഷണത്തെയും വസ്ത്രത്തെയും സംബന്ധിച്ച നിയമങ്ങളും ആചാരങ്ങളും ഉള്‍പെടുന്നുണ്ട്'. ഇവിടെ നമ്മള്‍ ശബരിമല ക്ഷേത്രത്തിലെക്ക് നോക്കൂ, ക്ഷേത്രം സന്ദര്‍ശിക്കുന്ന മുഴുവന്‍ ഭക്തരും കറുപ്പു വസ്ത്രം ധരിച്ചാണ് ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നത്, അത് ഒരു ആചാരമാണ്, ആര്‍ക്കും അത് തടയാന്‍ അധികാരമില്ല. ഞാന്‍ പറയുന്ന ഒരു കാര്യം, ന്യായാധിപര്‍ ഒരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തെയും പ്രായോഗികതയെയും പരിഗണിക്കേണ്ടതുണ്ട് എന്നതാണ്.

കരണ്‍ ഥാപ്പര്‍: താങ്കള്‍ പറഞ്ഞ കാര്യങ്ങളും ഉദാഹരണങ്ങളും വ്യക്തമാണ്. പക്ഷേ, പ്രേക്ഷകര്‍ക്ക് കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിനായി എതു കേസില്‍, എതു വര്‍ഷത്തിലാണ് സുപ്രീം കോടതി താങ്കള്‍ സൂചിപ്പിച്ച നിരീക്ഷണങ്ങള്‍ നടത്തിയത് എന്ന് വ്യക്തമാക്കാമോ?

ദുഷ്യന്ത് ദവെ: 1954ല്‍ ആണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് Commissioner of hindu religious endownments V. Lakshmi thirtha swaminathan എന്ന കേസില്‍ ഞാന്‍ മുന്‍പ് സൂചിപ്പിച്ച, വളരെ പ്രസക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്.


കരണ്‍ ഥാപ്പര്‍: ശരി, ഈ കേസില്‍ ആണ് ഒരു ആചാരം ഒരു മതത്തിന്റെ അനിവാര്യമായ ഭാഗമാണൊ അല്ലയോ എന്ന് നിര്‍ണയിക്കുന്നതിനായുള്ള മാനദണ്ഡങ്ങള്‍ സുപ്രിം കോടതി പുറപ്പെടുവിച്ചത്. പക്ഷേ, ശ്രദ്ദേയമായ കാര്യം, ഈ വിധിയില്‍ മതത്തെയും മതാചാരത്തെയും വളരെ വിശാലമായാണ് കോടതി നിര്‍വചിക്കുന്നത് എന്നതാണ്. എന്ന് മാത്രമല്ല ഭക്ഷ്യ- വസ്ത്ര സങ്കല്‍പനങ്ങളെ പോലും കോടതി മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായി പരിഗണിക്കുന്നുണ്ട്. ഇവിടെ ഹിജാബ് എന്നത് തീര്‍ച്ചയായും മതവിശ്വാസത്തിനകത്തെ വസ്ത്ര നിയമങ്ങളുമായും സങ്കല്‍പനങ്ങളുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്. അങ്ങനെ വരുമ്പോള്‍, താങ്കള്‍ നേരത്തെ സൂചിപ്പിച്ച 1954 ലെ സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ ഹിജാബ് വിഷയത്തെ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന വസ്തുത ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ മതവിശ്വാസ പ്രകാരം അനിവാര്യം ആണ് എന്ന് വിശ്വാസികള്‍ കരുതുന്നുണ്ടെങ്കില്‍, അത് അനിവാര്യമായി തന്നെ പരിഗണിക്കണം എന്നാണ് കോടതി പറഞ്ഞത്. അല്ലെ?

ദുഷ്യന്ത് ദവെ: തീര്‍ച്ചയായും. മാത്രമല്ല, എന്റെ ഓര്‍മ ശരിയാണെങ്കില്‍ 1909 ല്‍ ജസ്റ്റിസ് ദാബര്‍, പാര്‍സി വിഭാഗവുമായി ബന്ധപ്പെട്ട കേസില്‍ നടത്തുന്ന ഒരു നിരീക്ഷണം ഇവിടെ ഈ കേസില്‍ പ്രസക്തമാണ്. 'ഒരു വിഭാഗം, അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഒരു കാര്യം ചെയുന്നത് അല്ലെങ്കില്‍ ചെയ്യാതിരിക്കുന്നത് എന്ന് വ്യക്തമാക്കുകയാണെങ്കില്‍, ഒരു മതേതരനായ ന്യായാധിപന്‍ അത് അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. അവിടെ ഒരു വിശ്വാസിയുടെ വിശ്വാസത്തിലോ ധാര്‍മിക സങ്കല്‍പനങ്ങളിലോ ഇടെപടേണ്ട കാര്യം ഒരു ന്യായാധിപനില്ല. തന്റെ ആത്മീയ ജീവിതത്തിന്റെ ഉന്നമനത്തിനു വേണ്ടി അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മത വിശ്വാസം പിന്തുടരാം ' എന്നാണ് ജസ്റ്റിസ് ദാബര്‍ പറഞ്ഞത്.ഈ വിധിന്യായം, വിശ്വാസപരമായ കാരണങ്ങളാല്‍ തങ്ങള്‍ക്ക് ദേശീയ ഗാനം ആലപിക്കാന്‍ സാധിക്കില്ല എന്ന് യഹോവ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ വിഭാഗത്തിലെ ചില വിദ്യാര്‍ഥികള്‍ കോടതി മുമ്പാകെ വ്യക്തമാക്കിയപ്പോള്‍, ജസ്റ്റിസ് ചിന്നപ്പ റെഢി അംഗീകരിക്കുകയുണ്ടായി.

കരണ്‍ ഥാപ്പര്‍: താങ്കള്‍ ഇപ്പോള്‍ സൂചിപ്പിച്ചത് യഹോവ സാക്ഷികളുമായി ബന്ധപ്പെട്ട കേസാണ്. വളരെ പ്രധാനപ്പെട്ട ഒരു ഒരു വസ്തുതയാണ് താങ്കള്‍ സൂചിപ്പിച്ചത്. പക്ഷേ, താങ്കള്‍ മുന്‍പ് സൂചിപ്പിച്ചത് പ്രകാരം 1954 ലെ വിധി തന്നെ മതത്തിനെ വളരെ വിശാലമായിട്ടാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. പ്രസ്തുത വിധിയില്‍ ഒരാചാരം ഒരു മതത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഘടകം ആണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി നമ്മള്‍ പരിശോധിക്കുമ്പോള്‍ ഇസ്‌ലാം മത വിശ്വാസികള്‍ ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ മതവിശ്വാസത്തിന്റെ അനിവാര്യഘടകമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഒരു മതത്തിന്റെ അനിവാര്യഘടകമായി പരിഗണിക്കണം എന്നാണ് കോടതി വ്യക്തമാക്കിയത്. പക്ഷേ, താങ്കള്‍ നേരത്തെ സൂചിപ്പിച്ച 1954 ലെ വിധി തന്നെ അവലംബിച്ചാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ധരിക്കുക എന്നത് മതപരമായ അനിവാര്യതയല്ലെന്ന് വിധിക്കുകയും ചെയ്തത്. അതിന്റെ അര്‍ഥം കര്‍ണാടക ഹൈക്കോടതി പ്രസ്തുത സുപ്രീംകോടതി വിധിയെ ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ്. കാരണം, താങ്കള്‍ സൂചിപ്പിച്ച 1954ലെ വിധിയില്‍ മതത്തെ വളരെ വിശാലമായാണ് ആണ് നിര്‍വചിച്ചിട്ടുള്ളത്.

സുപ്രീംകോടതി വിധി പ്രകാരം മത വിശ്വാസം, ആരാധനാ സ്വാതന്ത്ര്യം എന്നിവയെല്ലാം വളരെ വിശാലമായ അര്‍ഥങ്ങള്‍ ഉള്‍കൊള്ളുന്ന ഭരണഘടന സങ്കല്പങ്ങള്‍ ആയിട്ടാണ് കോടതി വ്യാഖ്യാനിച്ചത്. തീര്‍ച്ചയായും പ്രസ്തുത അവകാശങ്ങളുടെ നിര്‍വചനത്തില്‍ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു. ഇവിടെ താങ്കള്‍ സൂചിപ്പിച്ച മറ്റൊരു വസ്തുത 1954-ലെ വിധി പ്രകാരം ഒരു വ്യക്തി ആത്മാര്‍ഥമായി ഒരു ആചാരം തന്റെ മത വിശ്വാസത്തിൻറെ അഭിവാജ്യ ഘടകം ആണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് പിന്തുടരാനുള്ള അവകാശം അവര്‍ക്കുണ്ട്, അത് ആരാധനാ സ്വാതന്ത്ര്യത്തിന്റെ പരിധിയല്‍ വരും എന്നാണ് സുപ്രീംകോടതി പറഞ്ഞത്. താങ്കള്‍ ഉദ്ധരിച്ച സുപ്രീം കോടതി നടത്തിയ വിധിന്യായത്തിലെ പ്രസക്ത ഭാഗങ്ങള്‍ അത് വ്യക്തമാക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ മത വിശ്വാസത്തിന്റെ അഭിവാജ്യ ഘടകം ആണെന്ന്, തങ്ങളുടെ വിശ്വാസത്തിന്റെ അനിവാര്യമായ നിബന്ധന ആണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഹിജാബ് ധരിക്കാനുള്ള ഉള്ള അവരുടെ അവകാശത്തെ നിഷേധിക്കാന്‍ സാധിക്കില്ല. അതിനാല്‍ കര്‍ണാടക ഹൈക്കോടതി ഈ വിധിന്യായം ഉദ്ധരിച്ചു കൊണ്ട് തന്നെ ഹിജാബ് ധരിക്കുക എന്നത് ഇസ്‌ലാം മതവിശ്വാസ പ്രകാരം അനിവാര്യമായ ഒരു ആചാരം അല്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ കര്‍ണാടക ഹൈക്കോടതി സുപ്രീംകോടതിയുടെ 1954-ലെ വിധിയെയും മതം എന്ന വാക്കിനെയും പൂര്‍ണ്ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് നിങ്ങള്‍ പറയുന്നത്

ദുഷ്യന്ത് ദവെ: ഇവിടെ കര്‍ണാടക ഹൈക്കോടതി സുപ്രീംകോടതിയുടെ വിധിയെ തെറ്റായി മനസ്സിലാക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ാം വകുപ്പിന്റെ വ്യാപ്തിയെ ഉള്‍കൊള്ളുന്നതിലും കര്‍ണാടക ഹൈക്കോടതി പരാജയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ാം വകുപ്പ് 'പ്രാക്ടീസ് 'എന്ന പദം ഉപയോഗിക്കുമ്പോള്‍ അതിനു പരിധികളും പരിമിതികളും ഇല്ല. അതിനര്‍ഥം ഒരു മത വിഭാഗം മതാചാരത്തിന്റെ ഭാഗമായി ആചരിക്കുന്നത് എന്തും അംഗീകരിക്കേണ്ടതായി ഉണ്ട് എന്നതാണ്. ഒരു ആചാരം മതവിശ്വാസ പ്രകാരം അനിവാര്യമാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നതിനെ സംബന്ധിച്ച പ്രധാനപ്പെട്ട നിരീക്ഷണം 1943 ല്‍ ഓസ്‌ട്രേലിയന്‍ ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ലെതം മുന്നോട്ടുവെക്കുന്നുണ്ട്. പിന്നീട് ഇന്ത്യയിലെ സുപ്രീംകോടതിയും ജസ്റ്റിസിന്റെ നിരീക്ഷണത്തെ പിന്തുണച്ചിരുന്നു.പ്രസ്തുത നിരീക്ഷണ പ്രകാരം ഒരു വിഭാഗം അവരുടെ മതാചാരത്തിന്റെ ഭാഗമായി ആചരിക്കുന്നത് എന്തും അവരുടെ ആരുടെ മതത്തിന്റെ ഭാഗമാണ്.


കരണ്‍ ഥാപ്പര്‍: ചില ആളുകള്‍ പറയുന്നത് ഈ കേസ് ആര്‍ട്ടിക്കിള്‍ 25 ന്റെ ഭാഗമായോ അനിവാര്യമായ മതാചാരം ആണോ എന്ന രീതിയിലേ ആയിരുന്നില്ല പരിഗണിക്കെപ്പടേണ്ടിയിരുന്നത്, മറിച്ച് ആര്‍ട്ടിക്കിള്‍ 19 അഥവാ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസ് ആയിട്ടായിരുന്നു ഇത് പരിഗണിക്കേണ്ടിയിരുന്നത് എന്നാണ്.ഇത്തരത്തില്‍ ഒരു നിലപാടാണ് താങ്കളും മുന്‍പ് എടുത്തിട്ട് ഉണ്ടായിരുന്നത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.താങ്കള്‍ ഇപ്പോഴും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?

ദുഷ്യന്ത് ദവെ: യഥാര്‍ഥത്തില്‍ഞാന്‍ മറ്റൊരു കാര്യമാണ് സൂചിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 25, 19 1അ, 21 എന്നീ വകുപ്പുകള്‍ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാളുടെ മത വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുജനാരോഗ്യം, പൊതുസമൂഹത്തിന്റെ സുരക്ഷ, വ്യക്തികളുടെ മൗലീകാവകാശങ്ങള്‍ ലംഘികപ്പെടുക എന്നിങ്ങനെയുള്ള കാരണങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമില്ല. ഇവിടെ ഈ കേസില്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ആണ് എന്ന് പ്രസ്താവിച്ചിട്ടുള്ളത് കൊണ്ടല്ല പ്രസ്തുത അവകാശങ്ങള്‍ മൗലികാവകാശമായിരിക്കുന്നത്. മറിച്ച്, അവ മനുഷ്യന്റെ പ്രാഥമികമായ അവകാശങ്ങളാണ്.അത് നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും ആണ്.ഭരണഘടനാ നിര്‍മാണ ഘട്ടത്തില്‍ നമ്മുടെ ഭരണഘടനാ ശില്‍പികളുടെ മുമ്പില്‍ വന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന്, എങ്ങനെ ഈ അവകാശങ്ങള്‍ സംരക്ഷിക്കാം, പ്രസ്തുത അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കാം എന്നതാണ്. അതിനുള്ള ഉത്തരം എന്ന അര്‍ഥത്തിലാണ് പ്രസ്തുത അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ എന്ന നിലയില്‍ ഭരണഘടനയില്‍ സ്ഥാനം പിടിക്കുകയും പ്രസ്തുത അവകാശങ്ങളെ ഭരണകൂടം നിഷേധിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശവും പ്രസ്തുത ഭരണകൂട നടപടിയെ തിരുത്താന്‍ കോടതികള്‍ക്ക് അധികാരവും ഭരണഘടന നല്‍കിയത്. എന്നു മാത്രമല്ല,മൗലികാവകാശങ്ങളുടെ ഭാഗമായ ഏത് അവകാശത്തെയും സാധ്യമാകുന്നത്ര വിശാലമായിട്ടാണ് വ്യാഖ്യാനിക്കേണ്ടത്.

കരണ്‍ ഥാപ്പര്‍: ഇവിടെ ഹിജാബുമായി ബന്ധപ്പെട്ട കേസ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കേസ് ആയിട്ടായിരുന്നു പരിഗണിച്ചിരുന്നത് എങ്കില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് വ്യത്യസ്തമായ ആയ ഒരു വിധി വരുമായിരുന്നു?

ദുഷ്യന്ത് ദവെ: നോക്കൂ ഞാന്‍ പറയുന്നത് ന്യായാധിപർക്ക് ഇന്ത്യന്‍ ഭരണഘടനയുടെ വ്യാപ്തിയെ സംബന്ധിച്ച് വ്യക്തത വേണം എന്നാണ്. അതിനാല്‍ ഇത്തരം ഒരു കേസ് കോടതിയുടെ മൂന്നംഗ ബെഞ്ചിന് മുമ്പാകെ വരുമ്പോള്‍, നിയമ പണ്ഡിതന്മാരായ ന്യായാധിപര്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച വകുപ്പുകളെയും അവയുടെ അര്‍ഥ വിശാലതയും ഉള്‍കൊളെണ്ടതുണ്ട്,അവയെ ഉയര്‍ത്തിപ്പിടിക്കേണ്ടതായുണ്ട്. അതുപ്രകാരംആദ്യം എല്ലാവരും തുല്യരായി പരിഗണിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കോടതിക്കുണ്ട്. രണ്ടാമതായി ആരും തന്നെ മതവിശ്വാസത്തിന്റെ പേരില്‍ വിവേചനത്തിന് ഇരയാക്കപ്പെടുന്നില്ല എന്ന് കോടതി ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല,ആരും തന്നെ ഒരാളുടെ മത വിശ്വാസത്തിന്റെ പേരില്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നില്ല എന്നും ഒരാളും അയാളുടെ മത വിശ്വാസത്തിന്റെ പേരില്‍ ഭരണകൂട വിവേചനത്തിന് ഇരയാക്കപ്പെടുന്നില്ല എന്നും കോടതി ഉറപ്പു വരുത്തേണ്ടതുണ്ട്. കാരണം ഇന്ത്യന്‍ ഭരണഘടന പ്രകാരം എല്ലാവര്‍ക്കും തങ്ങളുടെ മതവിശ്വാസം സംരക്ഷിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രകടിപ്പിക്കാനും ആവിഷ്‌കരിക്കാനുംഉള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പ്രസ്തുത അവകാശങ്ങളില്‍ ഒരാള്‍ക്ക് അയാളുടെ മതവിശ്വാസത്തെ മുന്‍ നിര്‍ത്തിയുള്ള വസ്ത്രരീതി അവലംബിക്കാവുന്നതാണ്. പൊതു സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കാത്ത തരത്തില്‍ അത് ചെയ്യണം എന്നേയുള്ളൂ. ഇവിടെ യൂണിഫോമിനൊപ്പം ഒരു ഹിജാബ് ധരിക്കുന്നു എന്നേയുള്ളൂ. ഈ കേസില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ാം വകുപ്പിനെ മുന്‍നിര്‍ത്തി ആയാലും ആര്‍ട്ടിക്കിള്‍ 19 മുന്‍നിര്‍ത്തി ആയാലും ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്, അത് മൗലീകാവകാശത്തിന്റെ പരിധിയില്‍ വരുന്നതുമാണ്.


വിവർത്തനം : സിബഹത്തുള്ള സാഖിബ്

TAGS :