മഹാമാരി കാലത്തെ വിദ്യാഭ്യാസ ചിന്തകൾ
സാമൂഹിക വികാസത്തിനായുള്ള പൊതുനിക്ഷേപം എന്നത് വലിയ സാമ്പത്തിക ബാധ്യതയായി കാണുന്നു ഒരു കാലത്താണ് സർക്കാർ ഇടപെടൽ വലിയതോതിൽ ആവശ്യം വരുന്ന മഹാമാരി ഉണ്ടാകുന്നത്.
കോവിഡ് കാലത്തെ രേഖപ്പെടുത്തുക അതുണ്ടാക്കിയ ദുരന്തങ്ങളുടെ ആഴവും പരപ്പുംകൊണ്ട് മാത്രമായിരിക്കില്ല, അതോടൊപ്പം ഭരണകൂടത്തിന് എത്രത്തോളം വ്യക്തികളെയും സ്ഥാപനങ്ങളേയും നിയന്ത്രിക്കാൻ കഴിയും എന്ന് തെളിയിച്ചു എന്നത് കൊണ്ട് കൂടിയാകും. കോവിഡ് മഹാമാരി ഉണ്ടായത്, ഭരണകൂടങ്ങൾ അപ്രസക്തമാകുകയും പൗരൻ സ്വതന്ത്രനും എന്നാൽ ദുർബലയും ആകുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് എന്നത് നമ്മൾ പലപ്പോഴും വിസ്മരിച്ചുപോകുന്നു.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ സർക്കാർ ആഖ്യാനങ്ങൾക്കപ്പുറം മനസിലാക്കാൻ കഴിയാതെ പോകുന്നതും ഗൗരമായി തന്നെ കാണണം. തൊഴിൽ നഷ്ടടം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നം പോലും അതിന്റെ ഗൗരവത്തിൽ മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിയുന്ന ഒരു വൈജ്ഞാനിക തലം രൂപപ്പെടുത്താൻ നമ്മുടെ സർവകലാശാലകൾക്ക്പോലും ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നത് അക്കാദമിക് മേഖല കടന്നുപോകുന്ന പ്രതിസന്ധികൂടി സൂചിപ്പിക്കുന്നുണ്ട്. അസിം പ്രേംജി സർവകലാശായാണ് ഇക്കാര്യത്തിൽ കുറഞ്ഞ പക്ഷം മഹാമാരിയുണ്ടാക്കിയ തൊഴിൽ പ്രതിസന്ധികളെ കുറച്ചെങ്കിലും രേഖപ്പെടുത്താൻ ശ്രമിച്ചത്. സ്വകാര്യ സർവകലാശാല എന്നനിലക്ക് അവർക്ക് കഴിഞ്ഞത് പോലും നമ്മുടെ കേന്ദ്ര സർവകലാശാലകൾക്ക് കഴിഞിട്ടില്ല.
ഇന്ത്യ മഹാരാജ്യത്തെ ഭൂപരിപക്ഷം സർവകലാശാലകളും സ്കൂളുകളും നടത്തികൊണ്ട് പോകുന്നത് സർക്കാർ തന്നെയാണ്. അത്കൊണ്ട് കൂടിയാണ് ഒരു വലിയവിഭാഗത്തിന് ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടുന്നത്. അടച്ചുപൂട്ടൽ കൂടുതൽ ആഘാതം സൃഷ്ടിച്ചതും സര്ക്കാർ ഉടമസ്ഥതിയിൽ ഉള്ള വിദ്യഭ്യാസ സ്ഥാപങ്ങളിലാണ്. ഓൺലൈൻ ക്ലാസിൽ താൻ ഒറ്റപ്പെട്ടുപോകുമോ എന്നഭയത്തിൽ ഒരു കുട്ടി ആത്മഹത്യ ചെയ്യണ്ടിവന്ന കേരളത്തിൽ പോലും നമ്മുടെ സമൂഹം ആ പ്രശ്നത്തിന്റെ സാമൂഹിക പശ്ചാത്തലം മനസിലാക്കിയില്ല. പ്രബുദ്ധകേരളം അതിനെ ടി.വി ഇല്ലാതത്തിന്റെ പ്രശ്നമാക്കി തീർത്തു. ഇടതു യുവജന സംഘടനകൾ വ്യപകമായി ടി.വി വിതരണവും മൊബൈൽ ഫോൺ വിതരണവും നടത്തി 'പ്രശനം പരിഹരിച്ചു'. രാജ്യം മുഴുവൻ ഈ രീതിയിൽ തന്നെയാണ് സ്വീകരിച്ചത്. കോർപറേറ്റ് സ്ഥാപനങ്ങൾവരെ ഈ ശ്രമത്തിൽ അണിചേർന്നു.
ഓൺലൈൻ പഠനത്തിനനുകൂലമായി പാഠ്യപദ്ധതിയിൽ കാര്യമായ കുറവ് വരുത്തേണ്ടിവന്നു. അതിന് കാരണമായി ചൂണ്ടിക്കാണിച്ച കാര്യം വിദ്യാർഥികളുടെ സ്ക്രീൻ സമയം കുറക്കുക എന്നതായിരുന്നു. സ്ക്രീൻ സമയം കുറക്കുന്നതോടെ പാഠ്യപദ്ധതിയിൽ ഉണ്ടാകുന്ന പ്രധാനമാറ്റം എന്നത് അധ്യാപകർ അപ്രസക്തമാകുകയും പഠിതാവ് സ്വയം പരിവർത്തനം ചെയ്യപ്പെടേണ്ട ഒന്നായി തീരുന്നു എന്നതുമാണ്. കൂടാതെ പഠിക്കുക എന്നത് സ്വയം നിർണയിക്കേണ്ട ഒന്നായി തീരുന്നു. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് പോലും മഹാമാരിക്കിടയിലാണ് എന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്വകാര്യ സർവകലാശാലകൾക്ക് പ്രാധ്യാനം കൊടുത്തുകൊണ്ടുളള പുതിയ വിദ്യാഭ്യാസനയം രാജ്യത്തെ ഗ്രാമീണ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും തന്നെ വിസ്മരിക്കുന്നു എന്നത് ഗൗരവമായി തന്നെ കാണേണ്ടതാണ്.
അറുപത് ശതമാനത്തോളം കോളജുകളും എൺപത്തിനാല് ശതമാനത്തോളം സ്കൂളുകളും ഗ്രാമീണ മേഖലയിലാണ്. ഏറ്റവും അടുത്തകാലത്തെ ഒരു സർവേ സൂചിപ്പിക്കുന്നത് ഗ്രാമീണ മേഖലയിൽ മുപ്പത്തിയേഴ് ശതമാനം കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല എന്നാണ്. അടിസ്ഥാന വികസനത്തിൽ മാത്രമല്ല ബോധന രീതിയിലും വലിയ അന്തരം നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യത്തിലേക്കാണ് ഒാൺലൈൻ രീതി നടപ്പിലാക്കേണ്ടി വന്നത്. യു.ജി.സി മറ്റ് വിദ്യഭ്യസ സ്ഥാപനങ്ങളും എല്ലാം തന്നെ പാഠ്യവിഷയങ്ങളിൽ കുറവ് വരുത്താൻ ആവശ്യപ്പെട്ടിരിന്നു കൂടാതെ നാൽപതു ശതമാനത്തോളം പാഠഭാഗങ്ങൾ നേരിട്ടുള്ള അധ്യാപനത്തിൽ നിന്നും ഒഴിവാക്കി പകരം രീതികൾ അവലംബിക്കാൻ അവശ്യപെട്ടിരുന്നു. ഇത്തരം മാറ്റങ്ങൾ എല്ലാവരെയും ഒരുപോലെ ബാധിക്കുന്നതല്ല. നിലവിലെ അസമത്വങ്ങൾ നമ്മുടെ പഠനരീതിയെ വലിയതോതിൽ ബാധിക്കുന്നുണ്ട്.
പുതിയ വിദ്യാഭ്യാസ നയം നിലവിലെ സാമൂഹിക സാമ്പത്തിക അന്തരങ്ങളെ പരിഗണിക്കനോ അതിന് മറികടക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാനോ ശ്രമിക്കുന്നില്ല എന്നത് വർത്തമാനകാലത്തേ നവ-ഉദാരവൽക്കരണ നയത്തിന്റെ സ്വഭാവം കൂടിയാണ്. അത് കൊണ്ട് തന്നെ മറ്റെല്ലാ മേഖലയിലും ഉള്ളത് പോലെ തന്നെ വിദാഭ്യസ രംഗത്തും സ്വയം ഉത്തരവാദിത്യം ഏറ്റെടുക്കേണ്ട ബാധ്യത പൗരനിൽ അടിച്ചേൽപ്പിക്കുക എന്ന വലിയ സാമ്പത്തിക ഉത്തരവാദിത്വമാണ് പുതിയ വിദ്യഭ്യാസ നയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
എന്നാൽ, മറ്റെല്ലാ മേഖലയിലെയും പോലെ എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒന്നല്ല വിദ്യഭ്യസമേഖലയിലെ നയങ്ങൾ. കാരണം നിലവിലെ അസമത്വ്യങ്ങളും ഗ്രാമീണ മേഖലയിലെ വിദ്യാഭ്യസ ആവശ്യങ്ങളും പരിഗണിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾക്ക് എളുപ്പത്തിൽ കൈയൊഴിയാവുന്ന ഒന്നല്ല വിദ്യാഭ്യാസ രംഗം. കോവിഡ് കാലമാണ് സർക്കാർ നയങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഗ്രാമീണ-നഗര മേഖലകളിലെ സർക്കാർ വിദ്യാഭ്യസ സ്ഥാനപങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികൾ എത്തുന്നു എന്ന് Annual Status of Education Report ൽ ചൂണ്ടിക്കാണിച്ചിരുന്നു. വേണമെങ്കിൽ സർക്കാർ സംവിധാനത്തിന്റെ മേന്മയായി പരിഗണിക്കാവുന്നതാണ് ഈ മാറ്റം. അത്തരം അവകാശവാദത്തിന് സർക്കാർ തയ്യാറാക്കുന്നില്ല. കാരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നാണ് ഇൗ വർധനവ് ഉണ്ടാകുന്നത്. അതായാത്, ഒരു വലിയ വിഭാഗത്തിന് സർക്കാർ വിദ്യാഭ്യസ സ്ഥാപനങ്ങളാണ് ആശ്രയം. മഹാമാരികാലത്തെ സാമ്പത്തിക പ്രതിസന്ധി ഒരു സമൂഹത്തെ കൂടുതൽ സർക്കാർ ആശ്രിതരാക്കി.
പുതിയ വിദാഭ്യസ നയത്തെ പ്രായോഗികവൽകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിലുള്ള പ്രധാന കടമ്പ ഈ സമൂഹം തന്നെയാണ്. അതിനർഥം സർക്കാർ സംവിധാനങ്ങൾ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾക്ക് തയ്യാറാകും എന്നല്ല. ഈ മാറ്റമില്ലായ്മയാണ് നമ്മുടെ മുന്നിലുള്ള സാമൂഹിക-രാഷ്ട്രീയ പ്രശ്നവും.
പുതിയ വിദ്യഭ്യസ നയത്തിന്റെ അടിസ്ഥാനമെന്നത് ബോധനരീതിയിൽ വരുത്തുന്ന കാലികമായ മാറ്റം കൂടിയാണ്, പ്രത്യേകിച്ചും പുതിയ കാലത്തിന്റെ ഉദാരനയങ്ങളും, ഭരണകൂട-ദേശരാഷ്ട്ര സങ്കൽപങ്ങളും ഒക്കെ തന്നെ പുനർനിർണയിക്കുന്നതാണ് പുതിയ കാലത്തെ വിദ്യഭ്യാസ നയം. മഹാമാരിയുടെ കാലത്തെ പൗരസമൂഹത്തിന് ഭരണകൂടത്തെ ആശ്രയിക്കാതെ നിലനിൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം ആശ്രയത്തെ നമ്മുടെ സർക്കാരുകൾ ഭയക്കുന്നു എന്നതാണ് വസ്തുത. ഭയം എന്നത് സാമ്പത്തികവും രാഷ്ട്രീയവും കൂടിയാണ്. വിദ്യാഭ്യാസ നയം തന്നെ ഉദാഹരണമാണ്. സാമൂഹിക വികാസത്തിനായുള്ള പൊതുനിക്ഷേപം എന്നത് വലിയ സാമ്പത്തിക ബാധ്യതയായി കാണുന്നു ഒരു കാലത്താണ് സർക്കാർ ഇടപെടൽ വലിയതോതിൽ ആവശ്യം വരുന്ന മഹാമാരി ഉണ്ടാകുന്നത്.
പൊതു വിദ്യാഭാസത്തിന് കിട്ടുന്ന സാമൂഹിക അംഗീകാരാവും ആശ്രയവും പുതിയ വിദ്യാഭ്യസ നയത്തെ നടപ്പിൽ വരുത്തുന്നതിന് തടസങ്ങൾ സൃഷ്ട്ടിക്കുന്നുണ്ട്. പൗരൻ സർക്കാരിനെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വിജ്ഞാനം, തൊഴിൽ, സാമൂഹിക സുരക്ഷ എന്നിവയിലെല്ലാം ആശ്രയിക്കേണ്ടിവരുന്നതിനെയാണ് ദാരിദ്ര്യം എന്നുകൂടി പറയുന്നത്. അറിവിനും അതുമൂലം ഉണ്ടാകുന്ന സാമൂഹിക പുരോഗതിക്കും വേണ്ടി സർക്കാരിനെ ജനാധിപത്യത്തിൽ പൗരൻ ആശ്രയിക്കുമ്പോൾ അത്തരം ആശ്രയങ്ങൾ സമൂഹത്തിൽ പ്രധിസന്ധികളും അസമത്വങ്ങളും ഉണ്ടാകുന്നത് ആകരുത്.
വിദ്യാഭ്യാസത്തിനായി സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെടുമ്പോൾ തന്നെ വിദ്യാഭ്യാസ രംഗത്തെ വികലമാക്കുന്ന സർക്കാർ നയങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്. അക്കാദമിക് സ്വാതന്ത്ര്യം, നൂതനമായ, എന്നാൽ വിപണിക്ക് ആവശ്യമുള്ള കോഴ്സുകൾ തുടങ്ങാനുള്ള സ്വതന്ത്ര അവകാശവും കോർപറേറ് സ്ഥാപനങ്ങൾക്ക് സർവകലാശാലകൾ തുടങ്ങാനുള്ള അവകാശങ്ങളമൊക്കെ ഉറപ്പുവരുത്തുന്നു. പുതിയ വിദ്യാഭ്യസനയം പ്രതിസന്ധിയിലാക്കുന്നത് നേരത്ത സൂചിപ്പിച്ച സർക്കാരിനെ ആശ്രയിക്കേണ്ടി വരുന്ന ഒരു സമൂഹത്തെയാണ്. തിരുത്തപ്പെടേണ്ട നയങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടേ സർക്കാർ ഇനിയുള്ള കാലം മുന്നോട്ട് പോകുകയുള്ള എന്നത് വസ്തുതയാണ്. മഹാമാരി ഉണ്ടാക്കിയ അരക്ഷിതാവസ്ഥയെ പ്രയോജനപ്പെടുത്തികൊണ്ടാണ് സർക്കാർ പുതിയ വിദ്യാഭ്യസ രേഖ തന്നെ അവതരിപ്പിക്കുന്നത്, തിരുത്തലുകളെക്കാൾ പ്രാധാന്യം കിട്ടുന്നത് തുടർച്ചകൾക്കാണ്.
നവ-ഉദാര വൽകരണത്തെ പിന്തുണക്കുന്ന വിദ്യാഭ്യസവും സർക്കാർ മുന്നോട്ട് വയ്ക്കുന്ന പിന്തിരിപ്പൻ രാഷ്ട്രീയത്തെ ന്യയീകരിക്കുന്ന ഒരു നയവും ഫലത്തിൽ വിദ്യാഭ്യാസം ആവശ്യപ്പെടുന്ന വിമർശനാത്മക ചിന്തയെ ഇല്ലാതാക്കുന്നു എന്നതാണ് വസ്തുത.