Quantcast
MediaOne Logo

പെരുന്നാള്‍, നോമ്പ്, ശരീഅത്ത്, ജിഹാദ്: ചിഹ്നങ്ങളും അനുഭവങ്ങളും; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്

(കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02)

റഹീമിന്റെ മോചനം, നിമിഷയുടെ മോചനം
X

നോമ്പ്, പെരുന്നാള്‍, ശരീഅത്ത്, ജിഹാദ് തുടങ്ങി മുസ്‌ലിം സാമൂഹിക ചിഹ്നങ്ങളും അനുഭവങ്ങളും മുന്‍നിര്‍ത്തിയുള്ള വംശീയ വിവേചന വ്യവസ്ഥ എന്ന നിലയില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ അതിന്റെ മാരകരൂപം കൈവരിച്ചിരിക്കുന്നുവെന്നാണ് ഏപ്രില്‍ മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഘ്പരിവാര്‍ മുതല്‍ സര്‍വകലാശാലകള്‍ തുടങ്ങി മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും ബ്യൂറോക്രാറ്റുകളും യുക്തിവാദികളും അടക്കം പങ്കെടുക്കുന്ന വംശീയ വിവേചന വ്യവസ്ഥയുടെ ചില ഉദാഹരണങ്ങള്‍ വായിക്കാം.

പെരുന്നാളും ന്യൂനപക്ഷ അവകാശങ്ങളും

കാലിക്കറ്റ് സര്‍വകലാശാല പെരുന്നാള്‍ ദിനത്തോട് അടുത്ത ദിവസങ്ങളില്‍ പരീക്ഷ പ്രഖ്യാപിച്ച വാര്‍ത്ത വന്നത് ഏപ്രില്‍ രണ്ടിനാണ് (മീഡിയാവണ്‍). സ്വാഭാവികമായും ഈ തീരുമാനത്തിനെതിരേ പ്രതിഷേധമുണ്ടായി. മുസ്‌ലിം സംഘടനകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ ആറിലേക്ക് പരീക്ഷ മാറ്റി (മാധ്യമം, ഏപ്രില്‍ 6). നേരത്തെ നടക്കേണ്ട മറ്റൊരു പരീക്ഷ മാറ്റിവെച്ചതും പെരുന്നാളിനോട് അനുബന്ധിച്ച ദിവസങ്ങളിലേക്കാണ്. സര്‍വകലാശാലയിലെ ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഒന്‍പതാം തിയ്യതിയും 12-ാം തിയ്യതിയും നടത്താനാണ് തീരുമാനിച്ചത്. പത്താം തിയ്യതിയോ പതിനൊന്നാം തിയ്യതിയോ ആയിരിക്കും പെരുന്നാള്‍ എന്നറിയാത്തവരല്ല സര്‍വകലാശാലയില്‍ ഇരിക്കുന്നത്. 2021 മുതല്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പരീക്ഷാഭവന്റെ തീരുമാനം വിവാദമാകുന്നത്. (2 ഏപ്രില്‍, മാധ്യമം). പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും പരീക്ഷകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചായിരുന്നു കോഴിക്കോട് സര്‍വകലാശാലയുടെ നടപടി. കേരളത്തിലെ 26 ശതമാനം വരുന്ന മതന്യൂനപക്ഷത്തിന്റെ, വര്‍ഷത്തില്‍ രണ്ടാഘോഷമുള്ളതില്‍ ഒന്നിനെക്കുറിച്ചു കാലിക്കറ്റ് സര്‍വകലാശാല പുലര്‍ത്തിയ അജ്ഞത നിരാശാജനകമാണ്.

കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചു. അതൊക്കെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങള്‍ സ്വന്തം നിലക്കും ആശംസകള്‍ അറിയിച്ചു. പെരുന്നാള്‍ ദിനത്തില്‍ പലരും മുസ്ലിംകള്‍ക്ക് 'റംസാന്‍ ആശംസകളാണ്' നല്‍കിയത്. കേരള കൗമുദി പത്രം ഏപ്രില്‍ 10ന് ഗവര്‍ണറുടെ റംസാന്‍ ആശംസകള്‍ അറിയിച്ചു. കേരള കൗമുദി ദിനപത്രം നല്‍കിയ തലക്കെട്ട് ഇങ്ങനെയായിരുന്നു: റംസാന്‍ ആശംസകളുമായി ഗവര്‍ണര്‍ (ഏപ്രില്‍ 10, 2024). ഈദുല്‍ ഫിത്തര്‍/ചെറിയ പെരുന്നാള്‍ ആശംസകള്‍ നല്‍കേണ്ടിടത്തായിരുന്നു ഈ തെറ്റ് വരുത്തിയത്.

പെരുന്നാള്‍ ദിനത്തില്‍ പരീക്ഷ നടത്താന്‍ മദ്രാസ് സര്‍വകലാശാലയും തീരുമാനിച്ചിരുന്നു. ഇതിനെതിരേയും പരാതി ഉയര്‍ന്നു. കേരളത്തില്‍നിന്ന് വ്യത്യസ്തമായി മുസ്ലിം സംഘടനകള്‍ക്കു പുറമെ എസ്.എഫ്.ഐയും പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, കേരളത്തില്‍ അത്തരമൊരു നീക്കം ഉണ്ടായില്ല. ഓണം, ക്രിസ്തുമസ് തുടങ്ങി ആഘോഷങ്ങള്‍ക്കുള്ള ഗൗരവം പൊതുഭരണ സംവിധാനങ്ങളില്‍ പലപ്പോഴും പെരുന്നാളിനു കിട്ടാത്തത് ഇവ്വിഷയകമായുള്ള വിവേചനമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്.

സംജ്ഞകളും ആശംസകളും

മുസ്ലിംകളുമായി ബന്ധപ്പെട്ട ദൈവശാസ്ത്ര/സാമൂഹിക സാങ്കേതിക സംജ്ഞകളില്‍ അജ്ഞത വളരെ അധികമാണ്. ചിലപ്പോള്‍ വസ്തുതാപരമായ തെറ്റുകളും വരുത്താറുണ്ട്. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയില്‍ 'ബിസ്മി ചൊല്ലുക'യെന്നതിന് നല്‍കിയ അര്‍ഥം 'ആടിനെ അറുക്കുമ്പോള്‍ വേദമന്ത്രം ഉച്ചരിക്കുക'എന്നാണ് (പേജ്: 1329, ശബ്ദതാരാവലി. ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള, പ്രസാധനം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, എന്‍.ബി.എസ്സ്, കോട്ടയം, എഡിഷന്‍ 19, വര്‍ഷം: 1998). 1872ല്‍ പ്രസിദ്ധീകരിച്ച ഗുണ്ടര്‍ട്ട് നിഘണ്ടുവിലും സമാന അര്‍ഥം നല്‍കിയിരിക്കുന്നു (പേജ് 707, ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, സ്വാന്‍ പബ്ലിക്കേഷന്‍, തിരുവനന്തപുരം 1985). ശബ്ദതാരാവലിക്കാരന്‍ അവിടെനിന്ന് പകര്‍ത്തിയതാകാനും മതി.

കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചു. അതൊക്കെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങള്‍ സ്വന്തം നിലക്കും ആശംസകള്‍ അറിയിച്ചു. പെരുന്നാള്‍ ദിനത്തില്‍ പലരും മുസ്ലിംകള്‍ക്ക് 'റംസാന്‍ ആശംസകളാണ്' നല്‍കിയത്. കേരള കൗമുദി പത്രം ഏപ്രില്‍ 10ന് ഗവര്‍ണറുടെ റംസാന്‍ ആശംസകള്‍ അറിയിച്ചു. കേരള കൗമുദി ദിനപത്രം നല്‍കിയ തലക്കെട്ട് ഇങ്ങനെയായിരുന്നു: റംസാന്‍ ആശംസകളുമായി ഗവര്‍ണര്‍ (ഏപ്രില്‍ 10, 2024). ഈദുല്‍ ഫിത്തര്‍/ചെറിയ പെരുന്നാള്‍ ആശംസകള്‍ നല്‍കേണ്ടിടത്തായിരുന്നു ഈ തെറ്റ് വരുത്തിയത്.

ഇതേ കുറിച്ച് എഴുത്തുകാരന്‍ സുദേഷ് എം.രഘുവിന്റെ ഒരു പോസ്റ്റ് ഇങ്ങനെയാണ്: ''റംസാന്‍/റമദാന്‍/റമളാന്‍ ഒരു മാസത്തിന്റെ പേരാണ്. അതു കഴിയുമ്പോള്‍ ഉള്ള ആഘോഷ ദിവസം ആണ് ഈദ്-ഉല്‍ - ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍. ചില ആള്‍ക്കാര്‍ പെരുന്നാളിന്റെ അന്നു രാവിലെ സുഹൃത്തുക്കള്‍ക്ക് 'റംസാന്‍ ആശംസകള്‍' എന്നു പറഞ്ഞു മെസേജ് അയക്കുന്നത് കാണാം. ഇന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പേജിലും കണ്ടു അത്. ഇത്തരം അജ്ഞതകള്‍ മറ്റ് ആഘോഷങ്ങളുടെ കാര്യത്തില്‍ കാണാറില്ല'' (ഏപ്രില്‍ 10, 2024).

നോമ്പും ശാസ്ത്രീയ വംശീയവാദവും

മുഖ്യമന്ത്രിയുടെ 2023ലെ പ്രതിഭാ പുരസ്‌കാരം നേടിയ വിദ്യാര്‍ഥി റാനിയ ഇബ്രാഹിം മാര്‍ച്ച് 26-ാം തിയ്യതി രാവിലെ കോളജില്‍ പോകാനിറങ്ങവെ കുഴഞ്ഞുവീണു മരിച്ചു. റാനിയ ഇബ്രാഹിം കോഴിക്കോട് സര്‍വ്വകലാശാല കാമ്പസ് ഹോസ്റ്റലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശിനിയായ റാനിയ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, മുന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തുടങ്ങിയവരടക്കം നിരവധി പ്രമുഖര്‍ ഇതില്‍ അനുശോചനം രേഖപ്പെടുത്തി. എന്നാല്‍, ഇവരാരും റാനിയയുടെ മരണത്തെ നോമ്പുമായി ബന്ധപ്പെടുത്തിയില്ല.

ആരിഫ് ഹുസൈന്റേത് ഒരു ശരീരശാസ്ത്രപ്രശ്നമല്ല. അതൊരു വംശീയപ്രശ്നമാണ്. യഥാര്‍ഥത്തില്‍ റാനിയ മരിച്ചത് നിര്‍ജ്ജലീകരണം മൂലമാണെങ്കില്‍ത്തന്നെ അതിന് നിരവധി കാരണങ്ങളുണ്ടാകാം. ആ കാരണങ്ങള്‍ നോമ്പുമായി മാത്രം ബന്ധപ്പെട്ടതാവണമെന്നില്ല. നോമ്പെടുക്കാത്ത നിരവധി പേര്‍ കുഴഞ്ഞുവീണ് മരിക്കാറുണ്ട്. അതിനും പല കാരണങ്ങളുണ്ടാവാം. ആരിഫ് ഹുസൈന്‍ അതില്‍നിന്ന് ഒരു കാരണം മാത്രം പെറുക്കിയെടുക്കുകയും അതിനെ വംശീയതയുടെ രൂപകങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

എന്നാല്‍ 'എക്സ് -മുസ്ലിം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരിഫ് ഹുസൈന്‍ തെരുവത്ത് ഏപ്രില്‍ 2-ാം തിയ്യതി ഇതുസംബന്ധിച്ച ഒരു കുറിപ്പ് തന്റെ എഫ്.ബി വാളില്‍ പ്രസിദ്ധീകരിച്ചു. നോമ്പിനെ ഭീകരതയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രതികരണം തുടങ്ങുന്നത്. നോമ്പ് നോറ്റതിന്റെ ഭാഗമായി നിര്‍ജ്ജലീകരണം സംഭവിച്ചാണ് മരണം നടന്നതെന്ന് ആരോപിച്ചു. രാവിലെ കോളജില്‍ പോകാനിറങ്ങിയ സമയത്താണ് മരണം നടന്നത്. നോമ്പ് ആരംഭിച്ച് മുന്നോ നാലോ മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നുണ്ടെന്ന് അദ്ദേഹം നല്‍കിയ ശബ്ദരേഖയില്‍ ഒരാള്‍ പറയുന്നുണ്ട്. രണ്ടാമത്തെ ശബ്ദരേഖ മരണം നടന്ന് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ അയച്ചതാണെന്ന് വ്യക്തം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞിരിക്കാന്‍ സാധ്യതയൊന്നുമില്ല. അതിലും വെള്ളത്തിന്റെ അപര്യാപ്തതയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ രണ്ട് തെളിവുകളും നോമ്പിനെക്കുറിച്ച് നടത്തിയ ചില പഠനങ്ങളുമാണ് അദ്ദേഹം മുന്നോട്ടുവച്ച തെളിവുകള്‍.


റാനിയ ഇബ്രാഹിം

ആരിഫ് ഹുസൈന്റേത് ഒരു ശരീരശാസ്ത്രപ്രശ്നമല്ല. അതൊരു വംശീയപ്രശ്നമാണ്. യഥാര്‍ഥത്തില്‍ റാനിയ മരിച്ചത് നിര്‍ജ്ജലീകരണം മൂലമാണെങ്കില്‍ത്തന്നെ അതിന് നിരവധി കാരണങ്ങളുണ്ടാകാം. ആ കാരണങ്ങള്‍ നോമ്പുമായി മാത്രം ബന്ധപ്പെട്ടതാവണമെന്നില്ല. നോമ്പെടുക്കാത്ത നിരവധി പേര്‍ കുഴഞ്ഞുവീണ് മരിക്കാറുണ്ട്. അതിനും പല കാരണങ്ങളുണ്ടാവാം. ആരിഫ് ഹുസൈന്‍ അതില്‍നിന്ന് ഒരു കാരണം മാത്രം പെറുക്കിയെടുക്കുകയും അതിനെ വംശീയതയുടെ രൂപകങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഏപ്രില്‍ 2 ലെ അദ്ദേഹത്തിന്റെ പോസ്റ്റിലും വീഡിയോയിലും ഉപയോഗിച്ച വാക്കുകള്‍ ഈ വംശീയവത്കരണ അവതരണത്തിന്റെ തെളിവുകളാണ്. 'നോമ്പ് ഭീകരത', 'മദ്രസജീവി', 'നോമ്പ് നോറ്റ് ആത്മഹത്യചെയ്യുക'... പ്രയോഗങ്ങള്‍ അങ്ങനെ പോകുന്നു.

ശരീഅത്ത്, ശിക്ഷാനിയമം, പ്രചാരണം

കഴിഞ്ഞ മാസം നടന്ന പ്രധാന സംഭവങ്ങളില്‍ ഒന്നാണ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഭീമമായ തുക (34 കോടി രൂപ) മലയാളികളുടെ കൂട്ടായ പരിശ്രമം കൊണ്ട് സംഭരിച്ചത്. എന്നാല്‍, അതിനിടയിലും ശരീഅത്തിനെയും ഇസ്‌ലാമിക നിയമങ്ങളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാനും അതുവഴി മുസ്‌ലിം വിരുദ്ധ പ്രചാരണത്തിനും ചിലര്‍ ശ്രമിക്കുകയുണ്ടായി. മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകള്‍ അടക്കം ഉപയോഗിച്ചും ഇത്തരം ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. അബ്ദുല്‍ റഹീം വിഷയത്തില്‍ വന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:

ശശികല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് (14 ഏപ്രില്‍ 2024) കുറച്ചുകൂടെ 'സൈദ്ധാന്തിക'മായിരുന്നു: 'ഇസ്ലാമിക ശരീയത്തിലെ ബ്ലഡ് മണി ഏര്‍പ്പാട് അവസാനിപ്പിക്കുക, ഒരു പാവം ഡ്രൈവറുടെ ജീവന് വിലയായി 34 കോടി രൂപ കൈപ്പറ്റി വധശിക്ഷ ഒഴിവാക്കുന്നത് മഹാകൃതൃമല്ല. ഇസ്ലാമിക ശരീയത്തിന്റെ ബ്ലാക്മെയിലിംങ്ങിന് സമ്മതിച്ച് സൗദി കോടതി മുഖേന ഭീമമായ തുക നല്‍കുന്നത് അനീതിയാണ് അധര്‍മമാണ്. സമ്പന്നരേയും അന്യ രാജ്യക്കാരേയും മറ്റും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന കൊടുംകുറ്റവാളികളും ഭീകരപ്രവര്‍ത്തകരും സൗദി ഇസ്ലാമിക കോടതിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. യഥാര്‍ഥ കേരളാ സ്റ്റോറിയെന്ന ദുര്‍വ്യാഖ്യാനത്തോടെ 34 കോടി സമാഹരിച്ചവരേയും അതാവശ്യപ്പെട്ട സൗദി ശരീയത്ത് കോടതിയേയും പണം കൈപ്പറ്റി കേസ് പിന്‍വലിച്ച അറബിയേയും ഒക്കെ പുകഴ്ത്തുന്നവര്‍ ഒരു മനുഷൃ ജീവന് 34 കോടി രൂപ മനുഷ്യത്വമില്ലാതെ ആവശ്യപ്പെട്ട ഇക്കൂട്ടരെ തള്ളിപ്പറയുകയും ഇവരെ ദയാരഹിതമായി നിര്‍ഭയം നിശിതമായി വിമര്‍ശിക്കുകയും സാമൂഹിക-മാധ്യമ കുറ്റവിചാരണ നടത്തുകയുമാണ് ചെയ്യേണ്ടത്.'' കാടന്‍ ശരീഅത്ത് നിയമം, താലിബാന്‍, ജിഹാദിയടിമ, നര്‍കോട്ടിക് ജിഹാദ്, ലൗ ജിഹാദ് തുടങ്ങി നിരവധി പരാമര്‍ശങ്ങളാല്‍ സമൃദ്ധമായിരുന്നു അവരുടെ പോസ്റ്റ്.

എ.ബി.സി മലയാളം: എ.ബി.സി മലയാളം ചാനലില്‍ എ.പി അഹമ്മദും രാജന്‍ ജോസഫുമായി നടന്ന സംഭാഷണം (14 ഏപ്രില്‍ 2024) കുറച്ചുകൂടെ സ്പെസിഫിക്കായിരുന്നു. ഇത്തരം കോടതിവിധി നടത്തിയ സൗദി കോടതിയുടെയും അതിന്റെ ആളുകളുടെയും ആത്മീയതതന്നെ ചോദ്യം ചെയ്യണമെന്നും കാരുണ്യം സെലക്റ്റീവായിരുന്നുവെന്നും നിമിഷ പ്രിയക്കുപകരം ആയിഷ ആണേല്‍ വിഷയം മാറുമായിരുന്നു എന്നുമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന പോയിന്റ്.

മീഡിയ മലയാളം: മീഡിയ മലയാളം എന്ന യൂട്യൂബ് ചാനല്‍ വാടയാര്‍ സുനിലുമായി നടത്തിയ ഒരു അഭിമുഖത്തില്‍ (14 ഏപ്രില്‍ 2024) അബ്ദുല്‍ റഹീമിന്റെ വിഷയത്തെ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുമായി താരതമ്യം ചെയ്യുന്നതായി കാണാം. അബ്ദുല്‍ റഹീമിന്റെ വിഷയം വന്നപ്പോള്‍ മലയാളികള്‍ മതവും ജാതിയൊന്നും നോക്കാതെ ഒന്നിച്ചെന്നും അതേസമയം നിമിഷ പ്രിയയുടെ വിഷയത്തില്‍ ആ അത്മാര്‍ഥയും ജാഗ്രതയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിരാതമായ യുദ്ധങ്ങളും കൊലപാതകങ്ങളും നടക്കുന്ന ഒരു നാടായാണ് യമനെ ചിത്രീകരിച്ചിരിക്കുന്നത്. ''ആളുകളുടെ പേര് മാത്രം നോക്കി സഹായിക്കുന്നവരാണോ മലയാളികള്‍'' എന്നും ഇതേ അഭിമുഖത്തില്‍ സുനില്‍ ചോദിക്കുന്നു.

നിമിഷ പ്രിയയുടെ അനുഭവം: അബ്ദുല്‍ റഹീമിന്റെ വിഷയത്തെ അറ്റ്ലസ് രാമചന്ദ്രനും നിമിഷ പ്രിയയൂം ജയിലില്‍ കിടക്കുന്നതുമായി ബന്ധപ്പെടുത്തി നടത്തിയ പ്രചാരണങ്ങളെ സുപ്രഭാതം ദിനപത്രം ഫാക്ട് ചെക്ക് വിഭാഗം വിശകലനം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു (18 ഏപ്രില്‍ സുപ്രഭാതം). സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പരാതിയിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നതെന്നും ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ഇടപെട്ടെങ്കിലും ഒടുവില്‍ സ്വത്ത് വില്‍പ്പന നടത്തി പണമടച്ചാണ് മോചിതനായതെന്നും അവര്‍ കണ്ടെത്തി.


അബ്ദുല്‍ റഹീം, നിമിഷ പ്രിയ, അറ്റ്‌ലസ് രാമചന്ദ്രന്‍

നിമിഷ പ്രിയയുടെ കാര്യത്തില്‍ നിയമസഹായം നല്‍കുന്നതിന് 2020ല്‍ 'സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' രൂപീകരിച്ചു. ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ വിവിധ കോണുകളില്‍ നിന്ന് പിന്തുണ തേടി കൗണ്‍സില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിമിഷ പ്രിയയുമായി അവരുടെ അഭിഭാഷകരും മാതാവും സംസാരിക്കുന്നുണ്ട്. ജയിലില്‍ സാമ്പത്തികമായ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ നടത്തി കൊടുക്കാറുണ്ടെന്നും നിമിഷയുടെ മാതാവിന്റെ അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ വ്യവസായി എം.എ യൂസഫലി അടക്കമുള്ളവര്‍ ഇടപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും യുദ്ധം മൂലം ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്ത രാജ്യമായതിനാലാണ് കൂടുതല്‍ ഇടപെടാന്‍ കഴിയാത്തതെന്നുമാണ് മനസ്സിലാക്കുന്നത്.

ശരീഅത്തും ഇസ്‌ലാമോഫോബിയയും: സൗദിയിലെ നിയമത്തിന്റെ പ്രത്യേകതയെന്നതിനേക്കാള്‍ ഇസ്ലാമിക ശരീഅത്തിന്റെ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യാനും പരിഹസിക്കാനുമായിരുന്നു റഹീമിന്റെ പേരിലുള്ള ക്രൗഡ് ഫണ്ടിങ്ങിനെ ഇസ്ലാമോഫോബിക് പ്രചാരകര്‍ ഉപയോഗപ്പെടുത്തിയത്. മുസ്ലിംകളുടെ 'അസഹിഷ്ണുത', 'പിന്തിരിപ്പത്തം', 'വിവേചനം', 'കാടത്തം' തുടങ്ങിയവയായിരുന്നു മറ്റ് തീമുകള്‍. റഹീമിന്റെ വധശിക്ഷ ഒഴിവാക്കുന്നതുമായി കേരളത്തില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് വസ്തുതകളാണ് ശ്രദ്ധേയമായിട്ടുള്ളത്. ഒന്ന് ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് സിവില്‍ സമൂഹത്തിന് ഇടെപടാനുള്ള സാധ്യത. മറ്റൊന്ന് അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനുള്ള പരമാധികാരം.

നിമിഷയുടെ കേസില്‍ ദിയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാവാത്തതാണ് അവരുടെ മോചനത്തിന് തടസ്സം. അവരുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ നടത്തിയ നിയമ ഇടപടെലുകള്‍ക്കുശേഷം കുടുംബത്തെ കാണാന്‍ നിമിഷയുടെ മാതാവിന് സാധിച്ചു. കുടുംബത്തെ മാത്രമല്ല, കുടുംബമുള്‍പ്പെട്ട സമുദായത്തിന്റെ (ഗോത്രത്തിന്റെ) നേതാക്കന്മാരെക്കൂടി അവര്‍ കാണുന്നുണ്ടെന്ന് നേരത്തെ ഉദ്ധരിച്ച സുപ്രഭാതം വാര്‍ത്തയില്‍ പറയുന്നു. അതായത് അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനും സമുദായത്തിനുംകൂടി പങ്കുണ്ട്.

രണ്ടു പരമാധികാര വ്യവസ്ഥകള്‍: ഒരു വ്യക്തിക്കെതിരെ ആധുനിക ഭരണകൂടത്തിനു നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണ് വധശിക്ഷ. മറ്റൊരാളുടെ ജീവനെടുക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഈ ശിക്ഷയില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവസാന തീരുമാനമെടുക്കുന്നത് കുടുംബമാണ് എന്നതാണ് സൗദിയിലെ നിയമത്തിന്റെ ഒരു വ്യത്യസം. ഇസ്‌ലാമിക നിയമത്തിന്റെ സവിശേഷ വ്യാഖ്യാനത്തിലൂടെ പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇതേ രീതി നിലനില്‍ക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വധശിക്ഷയുടെ അധികാരം കുടുംബത്തിനല്ല, മറിച്ച് ഭരണകൂടത്തിനാണ്. ഇന്ത്യയിലേത് രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കുകയാണ്. എന്നാല്‍, സൗദി അറേബ്യയില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവും പ്രതിയും തമ്മിലുള്ള നീക്കുപോക്കിന് (കോടതിയില്‍ കുറ്റം തെളിഞ്ഞാലും) സാധ്യതയുണ്ട്. ഭരണകൂടം ശിക്ഷയുടെ കാര്യത്തില്‍ എല്ലാ സന്ദര്‍ഭങ്ങളിലും പരമാധികാര ശക്തിയായി സൗദിയില്‍ ഇടപെടുന്നില്ല (വിവരങ്ങള്‍ക്ക് കടപ്പാട്: റഹീമിന്റെ കോടതിയിലെ പരിഭാഷകന്‍ അലവിക്കുട്ടി മൗലവിയുമായി റഫീഖ് സലഫി (റഫീഖ് സലഫി യൂടൂബ് ചാനല്‍) നടത്തിയ അഭിമുഖം, 18 ഏപ്രില്‍ 2024).

നിമിഷയുടെ കേസില്‍ ദിയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാവാത്തതാണ് അവരുടെ മോചനത്തിന് തടസ്സം. അവരുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ നടത്തിയ നിയമ ഇടപടെലുകള്‍ക്കുശേഷം കുടുംബത്തെ കാണാന്‍ നിമിഷയുടെ മാതാവിന് സാധിച്ചു. കുടുംബത്തെ മാത്രമല്ല, കുടുംബമുള്‍പ്പെട്ട സമുദായത്തിന്റെ (ഗോത്രത്തിന്റെ) നേതാക്കന്മാരെക്കൂടി അവര്‍ കാണുന്നുണ്ടെന്ന് നേരത്തെ ഉദ്ധരിച്ച സുപ്രഭാതം വാര്‍ത്തയില്‍ പറയുന്നു. അതായത് അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനും സമുദായത്തിനുംകൂടി പങ്കുണ്ട്.

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയായ നളിനിക്ക് മാപ്പ് നല്‍കാന്‍ ഗാന്ധി കുടുംബം തയ്യാറായിരുന്നു. സോണിയാഗാന്ധി നളിനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന കാബിനറ്റ് നടത്തിയ ശുപാര്‍ശകൂടി പരിഗണിച്ചാണ് നളിനിയുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയത്. എന്നാല്‍, സൗദിയില്‍ കൊലചെയ്യപ്പെട്ടയാളുടെ കുടുംബത്തിന് ഈ അവകാശം വ്യവസ്ഥാപിതമായിത്തന്നെ ലഭ്യമാണ്.

മറ്റൊന്ന്, നിയമവ്യവസ്ഥയില്‍ ഇടപെടുന്നതില്‍ സമുദായത്തിനും പൊതുസമൂഹത്തിനും ലഭിക്കുന്ന സാധ്യതയാണ്. റഹീമിന്റെ വധശിക്ഷയില്‍ ഇളവു വരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നത് ഇന്ത്യന്‍ ഭരണകൂടമോ സംസ്ഥാന ഭരണകൂടമോ അല്ല. മറിച്ച്, കേരളത്തിലെ സിവില്‍സമൂഹമാണ്. അവരാണ് പണം ശേഖരിച്ച് മറ്റൊരു രാജ്യത്തെ ജയിലില്‍ തടവില്‍ കഴിയുന്നയാളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

സൗദിയിലെ വധശിക്ഷ: സൗദിയില്‍ വധശിക്ഷക്ക് വിധേയരാവുന്നതില്‍ ബഹുഭൂരിപക്ഷവും തദ്ദേശീയരായ അറബി മുസ്‌ലിംകളാണ്. സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2023 ല്‍ വധശിക്ഷക്കു വിധേയമായവരില്‍ 78 ശതമാനവും സ്വദേശികളായിരുന്നു, അതായത് സൗദി പൗരന്മാര്‍. ആ വര്‍ഷം ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 172 ആയിരുന്നെങ്കില്‍ അതില്‍ ഇന്ത്യക്കാര്‍ നാല് പേര്‍ മാത്രമാണ്. (യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് 2023 കാണുക). വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കെതിരേയും ചുമത്തിയ കുറ്റം സൗദി രാഷ്ട്ര നിയമപ്രകാരമുള്ള രാജ്യദ്രോഹമായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വിവര്‍ത്തന പ്രശ്‌നം: ഇസ്‌ലാമിലെ വലിയൊരു അനീതിയായി അവതരിപ്പിക്കുന്ന ഒന്നാണ് വധശിക്ഷ ഒഴിവാക്കുന്നതിന് പകരം ഈടാക്കുന്ന ബ്ലഡ് മണി അഥവാ അറബിയില്‍ ദിയ എന്നറിയപ്പെടുന്ന നീതിസങ്കല്‍പം. അറബിയില്‍നിന്ന് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുവരുന്നതിനിടയിലാണ് 'ദിയ' എന്ന വാക്കിന് 'ബ്ലഡ് മണി' എന്ന അര്‍ഥം ലഭിച്ചത്. അറബിയില്‍ 'ദിയ' എന്നാല്‍ 'നഷ്ടപരിഹാര'മാണ് (ഇംഗ്ലീഷില്‍ കോംപന്‍സേഷന്‍) എന്നും അര്‍ഥമുണ്ട്. പല ഇംഗ്ലീഷ്-ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഈ രണ്ടു വാക്കുകളും മാറി ഉപയോഗിക്കുന്നു. അറബിയില്‍ 'ദിയ' എന്ന വാക്ക് വികസിച്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് 'ബ്ലഡ് മണി' എന്ന വാക്ക് ഉണ്ടായതുതന്നെ (അവലംബം: ഓക്സ്ഫോര്‍ഡ് നിഘണ്ടു). 1500 കളിലാണ് ഈ വാക്ക് ആദ്യമായി ഇംഗ്ലീഷില്‍ ആധികാരികമായി പ്രത്യക്ഷപ്പെട്ടത്, അതും 'തെറ്റായ വഴിയിലൂടെ നേടുന്ന പണം' എന്ന അര്‍ഥത്തില്‍. അതിനും എത്രയോ നൂറ്റാണ്ടിനുശേഷമാണ് 'ദിയ' എന്ന വാക്കിന് 'ബ്ലഡ് മണി' എന്ന അര്‍ഥം ലഭിക്കുന്നത്. 1649 ലാണ് ഖുര്‍ആന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം വരുന്നത്. അലക്‌സാണ്ടര്‍ റോസ് എന്നയാളാണ് ഫ്രഞ്ചില്‍ നിന്നു ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തിയത് എന്നതും കൂട്ടി വായിക്കുക.

ലൗ ജിഹാദും വംശീയ പ്രചാരണങ്ങളും

2006 ല്‍ ആണ് ലൗജിഹാദ് എന്ന ഫാഷിസ്റ്റ് പ്രചാരണം കേരളത്തില്‍ വ്യവസ്ഥാപിതമായി ആരംഭിച്ചത്. ഇന്നതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരം ആവര്‍ത്തിച്ചതിലൂടെ പൊതുബോധത്തിന്റെ ഭാഗമായ ഒരു വംശീയപ്രചാരണമാണ് അത്. ഇന്നത് പ്രചാരണത്തേക്കാള്‍ 'യാഥാര്‍ഥ്യ'മായാണ് മനസ്സിലാക്കപ്പെടുന്നത്. വംശീയ പ്രചാരണം എന്ന നിലയില്‍ ലൗ ജിഹാദ് ഇന്ന് സ്വാഭാവികമായി മാറിയിരിക്കുന്നു. നോര്‍മലൈസേഷന്‍ എന്നത് വംശീയ പ്രചാരണത്തിന്റെ വിജയിച്ച രൂപമാണ്. വംശീയ പ്രചാരണം സാമൂഹിക ശരീരത്തിന്റെ ഭാഗമായി മാറിയതിന്റെ സൂചന.

2023 ഒക്ടോബര്‍ 29 ന് ആണ് മുന്‍ ഡി.ജി.പി ശ്രീലേഖ ഐ.പി.എസ് തന്റെ യുട്യൂബ് ചാനലിലൂടെ ലൗ ജിഹാദിനെതിരെ ആഞ്ഞടിച്ചത്. കുറച്ചു വിവാദമായേക്കാവുന്ന വിഷയത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണ് അവര്‍ തന്റെ അവതരണം തുടങ്ങിയത്. പക്ഷേ, അവര്‍ പ്രതീക്ഷിച്ചതുപോലെ അവരുടെ യുട്യൂബ് ചാനലിലെ വീഡിയോ വിവാദമായില്ല. അവര്‍ നല്‍കുന്ന 'വസ്തുത'കളില്‍ വിവാദമായേക്കാവുന്ന എന്തെങ്കിലുമുണ്ടെന്ന് ആരും കരുതിയില്ല. പിന്നീട് കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തോടെയാണ് അതിന് ജീവന്‍വച്ചത്. ലൗ ജിഹാദ് ആരോപണം വംശീയവത്കരണത്തിന്റെ എല്ലാ ഘട്ടങ്ങളും പിന്നിട്ട് ഒരു 'യാഥാര്‍ഥ്യ'മായി മാറിക്കഴിഞ്ഞെന്നര്‍ഥം. കഴിഞ്ഞ മാസം ഹമീദ് ചേന്ദമംഗല്ലൂരും തുഷാര്‍ വെള്ളാപ്പള്ളിയും ഈ പ്രചാരണത്തിന് പുതിയ മാനങ്ങല്‍ നല്‍കി.

ഹമീദ് ചേന്ദമംഗല്ലൂരിന്റെ ജിഹാദും ലൗ പൊളിറ്റിക്‌സും: 2024 ഏപ്രില്‍ 22ന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'അത് ലവ് ജിഹാദല്ല ലവ് പൊളിറ്റിക്‌സാണ്' എന്ന ലേഖനം ഒരു ഫാഷിസ്റ്റ് പ്രചാരണത്തിനു പരോക്ഷമായ സാധുത നല്‍കുന്നതായി. ഹമീദ് ചേന്ദമംഗല്ലൂര്‍ ലൗ ജിഹാദ് എന്ന വാക്കിന് എതിരാണ്. പക്ഷേ, ജിഹാദ് എന്ന പദം ഉപയോഗിച്ചുള്ള വംശീയ പ്രചാരണത്തിന് സ്വന്തമായ രീതികള്‍ അദേഹം തന്നെ വികസിപ്പിച്ചിട്ടുണ്ട്. ഹമീദ് ചേന്ദമംഗല്ലൂര്‍ 2010 മെയ് 16 - 22 നു മാതഭ്രൂമി ആഴ്ചപതിപ്പില്‍ (പേജ് 8-19 ) പ്രസിദ്ധീകരിച്ച ലേഖനമാണ് കേരളത്തില്‍ ഇന്റലക്ച്വല്‍ ജിഹാദ് അഥവാ ബൗദ്ധിക ജിഹാദ് എന്ന വാക്കും ആരോപണവും ആദ്യമായി ഉന്നയിക്കുന്നത്. എന്നാലത് പിന്നീടു ഒരു പൊതുനിലപാടായി നിരവധി മതേതരവാദികള്‍ ഉയര്‍ത്തി പിടിച്ചു. 'ദ ക്യു'വില്‍ 'വാഗ് വിചാരം' എന്ന അഭിമുഖ പരമ്പരയില്‍ എന്‍.ഇ സുധീറിന് എ.എം ഷിനാസ് നല്‍കിയ യൂട്യൂബ് അഭിമുഖത്തിന്റെ തലക്കെട്ട് തന്നെ 'ബൗദ്ധിക ജിഹാദില്‍ കുരുങ്ങിപോയ ബുദ്ധിജീവികള്‍ ' (ദി ക്യൂ, 5 സെപ്തംബര്‍ 2021) എന്നായിരുന്നു.


ഒന്നാമതായി, ലേഖകന്‍ (2024 ഏപ്രില്‍ 22, സമകാലിക മലയാളം) 2006 മുതല്‍ കേരളത്തില്‍ സംഘ്പരിവാറും ഒരു വിഭാഗം മതേതര മാധ്യമങ്ങളും തുടങ്ങിവെച്ച ഫാഷിസ്റ്റ് പ്രചാരണമാണ് ലൗജിഹാദ് എന്നതു മറച്ചുവെക്കുന്നു. പകരം മിശ്രവിവാഹത്തിന്റെയും മതയാഥാസ്തികത്വത്തിന്റെയും പ്രശ്നമായി സ്വന്തം വ്യക്തി അനുഭവത്തിലൂടെ പ്രശ്നത്തെ ലഘൂകരിക്കുന്നു. അദ്ദേഹം പറയുന്നു: ''ആറര പതിറ്റാണ്ട് മുന്‍പ് നടന്ന ആ മിശ്രപ്രണയം വിവാഹത്തില്‍ കലാശിച്ചില്ല. മൊയ്തീന്റെ പിതാവും കാഞ്ചനമാലയുടെ പിതാവും ദേശീയവാദികളും മതേതരവാദികളുമൊക്കെയായിരുന്നെങ്കിലും മക്കളുടെ മിശ്രപ്രണയം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവരുടെയുള്ളില്‍ ചുരുണ്ടുകിടന്ന മതയാഥാസ്ഥിതികത്വം പത്തിവിടര്‍ത്തി'' (പേജ് 8)

മതേതരവാദികളും ദേശീയവാദികളുമായ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പിതാക്കന്മാര്‍ക്ക് മിശ്രവിവാഹം ഉള്‍കൊള്ളാന്‍ സാധിക്കാതിരുന്നത് അവര്‍ വിശ്വസിക്കുന്ന മതേതരത്വത്തിന്റെയും ദേശീയതയുടെയും കുഴപ്പമല്ലെന്നും അതവരുടെ മതത്തിന്റെ പ്രശ്നമാണെന്നുമാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഒരേ വ്യക്തി പുരോഗമനപരമായ തീരുമാനങ്ങള്‍ എടുത്താല്‍ അത് 'മതേതര തീരുമാന'വും യാഥാസ്ഥിതികമായ തീരുമാനങ്ങളെടുത്താല്‍ അത് 'മതതീരുമാന'വും ആവുന്ന യുക്തി കേരളം കണ്ട സംഘടിത ഫാഷിസ്റ്റ് പ്രചാരവേലയെ മറച്ചുപിടിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ലേഖനത്തില്‍ ഒരിടത്തും കഴിഞ്ഞ പതിനെട്ടു വര്‍ഷമായി സംഘ്പരിവാറും നായര്‍, ഈഴവ, ക്രൈസ്തവ സമുദായ സംഘടനകളും, സമകാലിക മലയാളം, മലയാള മനോരമ, കേരള കൗമുദി, കലാകൗമുദി തുടങ്ങി മതേതര മാധ്യമങ്ങളും സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ ജോര്‍ജ് തോമസ് അടക്കമുള്ള മതേതര രാഷ്ട്രീയ പ്രവര്‍ത്തകരും നടത്തിയ ലൗ ജിഹാദ് പ്രചാരണത്തിന്റെ മതേതര/സാമുദായിക ഉഭയ സ്വഭാവത്തെ അടയാളപ്പെടുത്തുന്നതേയില്ല. സാമുദായിക മതേതര-ഹിന്ദുത്വ കലര്‍പ്പിലൂടെയാണ് കേരളത്തില്‍ ലൗ ജിഹാദ് പ്രചാരണം തിടംവെച്ചതെന്ന വസ്തുതയും മറച്ചുപിടിക്കുന്നു.

എന്‍.ഐ.എ നേരിട്ട് തന്നെ ഇടപെടുകയും അന്വേഷണം നടത്തുകയും ചെയ്ത ഹാദിയ കേസില്‍ നിര്‍ബന്ധിച്ചു മതം മാറ്റിയതിനോ അല്ലെങ്കില്‍ 'ലൗ ജിഹാദ്' എന്നാരോപിക്കാവുന്ന വിധത്തിലുമുള്ള എന്തെങ്കിലും കാര്യത്തിനോ തെളിവില്ലെന്നു മാത്രമല്ല, ഇക്കാര്യം 2018-ല്‍ സുപ്രീം കോടതിതന്നെ നേരിട്ട് പരിശോധിച്ച് വ്യക്തതവരുത്തുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് അദ്ദേഹം ലൗ ജിഹാദ് ആരോപണങ്ങളുടെ തെളിവുകള്‍ കണ്ടെത്താന്‍ ഹാദിയ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നു: ''ഒരുകാലത്ത് മിശ്രവിവാഹത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് മുസ്‌ലിം സംഘടനകള്‍. അത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരില്‍ ചിലര്‍ അടുത്തകാലത്തായി, ഇതര മതങ്ങളില്‍പ്പെട്ട യുവതികളെ പ്രേമിക്കുകയും കല്യാണം കഴിക്കുകയും അവരെ സ്വമതത്തിലേയ്ക്ക് മാറ്റുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ട്. മിശ്രവിവാഹത്തിനു വിലക്ക് കല്‍പിച്ചുപോന്ന മുസ്‌ലിം സംഘടനകള്‍ അതിന് അനൗദ്യോഗികമായി പിന്തുണ നല്‍കുന്നതായും കാണുന്നു. ഉദാഹരണമാണ് അഖില (ഹാദിയ) - ഷെഫീന്‍ ജഹാന്‍ വിവാഹം. 2016-ല്‍ ആ വിവാഹം കോടതി കയറിയപ്പോള്‍ മിക്ക മുസ്‌ലിം മതരാഷ്ടീയ സംഘടനകളും ആ വിവാഹത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.'' (പേജ് 10)

എന്‍.ഐ.എ നേരിട്ട് തന്നെ ഇടപെടുകയും അന്വേഷണം നടത്തുകയും ചെയ്ത ഹാദിയ കേസില്‍ നിര്‍ബന്ധിച്ചു മതം മാറ്റിയതിനോ അല്ലെങ്കില്‍ 'ലൗ ജിഹാദ്' എന്നാരോപിക്കാവുന്ന വിധത്തിലുമുള്ള എന്തെങ്കിലും കാര്യത്തിനോ തെളിവില്ലെന്നു മാത്രമല്ല, ഇക്കാര്യം 2018-ല്‍ സുപ്രീം കോടതിതന്നെ നേരിട്ട് പരിശോധിച്ച് വ്യക്തതവരുത്തുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്നദ്ദേഹം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മുസ്ലിമെന്ന സംഘ്പരിവാറിന്റെ വംശീയപ്രചാരണ അജണ്ട പുറത്തെടുക്കുന്നു: ''മിശ്രപ്രണയ വിവാഹം സംബന്ധിച്ച ഈ നിലപാട് മാറ്റത്തിനു പിന്നിലുള്ളത് മതസൗഹാര്‍ദ്ദം എന്ന ആശയമല്ല, മറിച്ച് ജനസംഖ്യയുടെ രാഷ്ട്രീയമാണ്. മുസ്‌ലിം പുരുഷന്മാര്‍ അപരമതങ്ങളില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച് മതം മാറ്റുക മാത്രമല്ല ചെയ്യുന്നത്. ആ ദാമ്പത്യത്തില്‍ പിറക്കുന്ന കുട്ടികളെ മുസ്‌ലിംകളായി വളര്‍ത്തുകയും ചെയ്യുന്നു. അതുവഴി രണ്ടു നേട്ടങ്ങളാണ് അവര്‍ ഉന്നമിടുന്നത്. ഒന്ന്, അപര സമുദായങ്ങളിലെ സ്ത്രീകളുടെ എണ്ണം കുറയ്ക്കുക. രണ്ട്, സ്വസമുദായത്തിലെ കുട്ടികളുടെ എണ്ണം കൂട്ടുക. തലയെണ്ണുന്ന പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉഗ്രപോരാളികളായ ചിലര്‍ നടത്തുന്ന മിശ്രണവിവാഹത്തെ ലവ് ജിഹാദ് എന്നല്ല 'ലവ് പൊളിറ്റിക്സ്' (പ്രണയ രാഷ്ട്രീയം) എന്നാണ് വിളിക്കേണ്ടത്.'' ചില മുസ്‌ലിം സംഘടനകള്‍ (ഇസ്‌ലാമിസ്റ്റ്കള്‍ എന്നാണ് അദേഹം പറയുന്നത്) ജനസംഖ്യ കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന സംഘ്പരിവാര്‍ വാദത്തിനു മതേതരമായ ഒരു വ്യാഖ്യാനം (തെളിവും വസ്തുതകളും നല്‍കാതെ) നല്‍കുകയാണ് അദേഹം ചെയ്യുന്നത്.

ശ്രീലേഖ ഐ.പി.എസ്സിന്റെ മുന്നറിയിപ്പ്: ഹമീദിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പിയായി വിരമിച്ച മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ശ്രീലേഖ ഇതേ ലൗ ജിഹാദ് ആരോപണം ഏകദേശം അഞ്ച് മാസം മുമ്പ് തന്റെ 'സസ്നേഹം ശ്രീലേഖ'യെന്ന യുട്യൂബ് ചാനലിലൂടെ ഉയര്‍ത്തിയിരുന്നു. പ്രണയത്തിലും തീവ്രവാദമെന്നായിരുന്നു ഒക്ടോബര്‍ 29, 2023 ന് അപ്ലോഡ് ചെയ്ത ചാനലിലെ 142-ാം എപ്പിസോഡില്‍ അവകാശപ്പെട്ടത്. 2016ല്‍, തന്നെ കാണാനെത്തിയ ബിന്ദു സമ്പത്തിന്റെ അനുഭവകഥയെന്ന നിലയിലാണ് അവര്‍ ഈ ആരോപണം പറഞ്ഞുതുടങ്ങുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ടാര്‍ജറ്റ് ചെയ്യപ്പെടുന്നതെന്നും തീവ്രവാദ സംഘടനകളിലുള്ളവര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവരെ രക്ഷിക്കാനാണ് പെണ്‍കുട്ടികളെ പ്രണയക്കുടുക്കിലാക്കി കൊണ്ടുപോകുന്നതെന്നുമാണ് ആരോപിച്ചത്. പ്രണയക്കുടുക്കുണ്ടാക്കാനായി സലഫികള്‍ 'സുന്ദരന്മാരായ മുസ്ലിം ആണ്‍കുട്ടികളെ' തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. മെഡിക്കല്‍ കോളജുകളിലും എഞ്ചിനീയറിങ് കോളജുകളിലും പഠിക്കാനയക്കുന്നു. മാനേജ്മെന്റ് ഇടപെട്ടാണ് സീറ്റ് ശരിപ്പെടുത്തിക്കൊടുക്കുന്നത്. ആവശ്യത്തിന് പണം ലഭിക്കുന്നുണ്ട്. പഠിക്കാനല്ല അവര്‍ കോളജില്‍ ചേരുന്നത്. പെണ്‍കുട്ടികളെ വളയ്ക്കാനാണ്. ഇതൊക്കെ നേരിട്ട് അറിയാവുന്ന കാര്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

ഏകദേശം അഞ്ച് മാസം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോ ഏപ്രില്‍ മാസത്തില്‍ എറണാകുളം അങ്കമാലി അതിരൂപതക്കാര്‍ (സീറോ മലബാര്‍ സഭ) എന്ന എഫ്.ബി പേജിലും (ഏപ്രില്‍ 12), ഷേക്കിന എന്ന ഓണ്‍ലൈന്‍ ചാനലിലും (ഏപ്രില്‍ 11), കാസയുടെ പേജിലും (ഏപ്രില്‍ 12), തത്വമയി ന്യൂസ് ടി.വിയിലും ആവര്‍ത്തിച്ചു. ഇതിനും പുറമെ അസംഖ്യം ഫേസ്ബുക്ക് പേജുകളിലൂടെ ഈ ആരോപണം ഇപ്പോഴും പടര്‍ന്നുപിടിക്കുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് അഞ്ച് മാസം മുമ്പ് ചെയ്ത ഈ വീഡിയോയെ വീണ്ടും ലൈവാക്കിയത്.

ഗുഡ്നെസ് ടിവി: ഏപ്രില്‍ 15ന് ഗുഡ്നെസ് ടിവി ''ലൗ ജിഹാദ് ഒരു സത്യമാണ്. കേരളത്തിലെ ക്രൈസ്തവരുടെ ധൈര്യത്തെ അഭിനന്ദിച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍'' എന്ന ശീര്‍ഷകത്തോടെ ഒരു വീഡിയോ പുറത്തുവിട്ടു. ലൗജിഹാദ് സത്യമാണെന്നുമാത്രമല്ല, അതിനെതിരേ സംസാരിക്കാന്‍ ക്രൈസ്തവര്‍ ധൈര്യപ്പെട്ടിരിക്കുന്നുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. ഏത് ദിവസം എവിടെവെച്ചാണ് നിര്‍മലാ സീതാരാമന്‍ ഇത് പറഞ്ഞതെന്ന് ഗുഡ്നെസ് ടി.വി വെളിപ്പെടുത്തിയിട്ടില്ല.

തുഷാര്‍ വെള്ളാപ്പള്ളി: കോട്ടയം എന്‍.ഡി.എ സ്ഥാനാര്‍ഥിയും എസ്.എന്‍.ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയും ഈ ആരോപണം ആവര്‍ത്തിച്ചു. ഏപ്രില്‍ 9ന് ജനം ടി.വിക്കും ഏപ്രില്‍ 23ന് 24 ന്യൂസിനും നല്‍കിയ ബൈറ്റില്‍ തുഷാര്‍ ലൗ ജിഹാദ് ഭീതിയെക്കുറിച്ച് സംസാരിച്ചിരുന്നു. അഭിമുഖത്തില്‍ ലൗ ജിഹാദിന്റെ കണക്ക് എല്ലാ ബിഷപ്പുമാരുടെയും കയ്യിലുണ്ടെന്നും മുസ്‌ലിംകളിലെ ഒരു ന്യൂനപക്ഷമാണ് ഇതിന് പിന്നിലെന്നും കൂടി അദ്ദേഹം പറഞ്ഞു.

(തുടരും - ആഖ്യാനവും ഹിംസയും: ഭാഷയുടെ വംശീയ തരംതിരിവുകള്‍ - മൂന്നാം ഭാഗത്തില്‍ വായിക്കാം)

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)

ഒന്നാം ഭാഗം വായിക്കം: Read Alsoതെരഞ്ഞെടുപ്പ് കാലത്തെ ഇസ്ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്



TAGS :